“അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍

ഇന്‍ഡ്യയിലെ ഏറ്റവും വലിയ ദലിത് ഗോത്രങ്ങളിലൊന്നായ സാംബവര്‍ ഉപയോഗിക്കുന്ന രഹസ്യഭാഷ. ഗോത്രത്തിന്‍റെ ഓര്‍മ്മകളില്‍ നിന്നുപോലും ഒഴിഞ്ഞുപോയിക്കൊണ്ടിരുന്ന ആദിദ്രാവിഡ വാമൊഴിക്ക് ലിപി തയ്യാറാക്കിയത് ഈ ഇടുക്കിക്കാരന്‍ വിദ്യാര്‍ത്ഥിയാണ്. 

രാജിനി ദേവി മകന്‍ വിചിത്രകുമാറിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കേട്ടുകൊണ്ടിരുന്ന ആകാശിന് എണ്‍പത്തിയഞ്ചുകാരി മുത്തശ്ശി എന്താണ് അവര്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളമോ തമിഴോ അല്ല, വേറെ ഏതോ ഒരു രസഹ്യഭാഷ.

മൂന്നുവര്‍ഷം മുമ്പാണത്. ആകാശിനന്ന് പതിനാല് വയസ്സുകാണും.

ആദ്യമായാണ് ആകാശ് ആ ഭാഷ കേള്‍ക്കുന്നത്. ഒരു വാക്കുപോലും തിരിഞ്ഞില്ല.

ആകാശ് എ പി

മുത്തശ്ശിയുടെ ഭാഷയെക്കുറിച്ചുള്ള ആന്വേഷണം ആകാശിനെ എത്തിച്ചത് ലോകം മറവിയിലേക്ക് തള്ളിയ ഒരു അപൂര്‍വ്വ വാമൊഴിയിലേക്കും അതിന്‍റെ ചരിത്രത്തിലേക്കുമാണ്.

സാംബവര്‍ എന്നും പറയര്‍ എന്നും അറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ദലിത് ജനവിഭാഗങ്ങളിലൊന്ന് തലമുറകളിലൂടെ കൈമാറിവന്ന സാംബ (ചാമ്പ എന്നും പറയും) ഭാഷ. ആ കൈമാറ്റങ്ങള്‍ക്കിടയില്‍ പലപ്പോഴും ഊര്‍ന്നും തേഞ്ഞും പോയ വാക്കുകള്‍. എങ്കിലും ഗോത്ര മനസ്സുകളില്‍, പഴമക്കാരുടെ കണ്ടുമുട്ടലുകളില്‍, അവരുടേതു മാത്രമായ ഇടങ്ങളില്‍, ഓര്‍മ്മകളില്‍ പലപ്പോഴും ആ ഭാഷക്ക് പലപ്പോഴായി ജീവന്‍ വെച്ചു.


ഇതുകൂടി വായിക്കാം: അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്


അത്തരമൊരു സന്ദര്‍ഭത്തിലാണ് ഇടുക്കി ചെമ്മണ്ണാറിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആകാശ് മുത്തശ്ശിയുടെ രഹസ്യഭാഷ കേള്‍ക്കുന്നത്.

സാംബ ഭാഷ പഠിച്ചെടുക്കണമെന്ന് അന്ന് ആകാശ് തീരുമാനമെടുത്തു. പിന്നീടത് കൂടുതല്‍ ആഗ്രഹങ്ങളിലേക്ക് പടര്‍ന്നു.

മുത്തശ്ശിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ ഭാഷയെ കൈമോശം വരാതെ കാക്കണമെന്നും ആ ഭാഷയ്ക്ക് ഒരു ലിപി ഉണ്ടാക്കണമെന്നും മനസ്സിലുറപ്പിച്ചു. ആകാശിന് കൂട്ടായി ബന്ധുവും കവിയുമായ സ്വാമിനി ശിവാനന്ദനും എത്തിയതോടെ ലിപിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി.

രണ്ടുവര്‍ഷത്തെ കഠിന ശ്രമങ്ങള്‍.

ഒടുവില്‍ അവര്‍ ആ ആദിദ്രാവിഡ വാമൊഴിക്ക് ലിപി ഉണ്ടാക്കിയെടുത്തു.

മെളുന്തിമ ചെമ്പൂകയ്
പൊളുക്കുവ പാകതാമാറയ്‌
കന്യാവേ ചൊന്നിട്ടുനയ്
പേയാടല്‍ താമാര്‍കുപ്പാട്ടെയ്.
(മിഴിയിമ താമരപോലെ
വിടര്‍ത്തി കാണുക
അമ്മേ ഭദ്രകാളിയേ രക്ഷിക്കണേ,

ഭയമെന്നില്‍ നീ ഹനിക്കണേ)

സാംബരുടെ ഈ പ്രാര്‍ത്ഥനാ ഗാനം  സ്വാമിനി ശിവാനന്ദന്‍ ഫോണിലൂടെ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ ഇതിലെ വാക്കുകളുടെ ഒന്നിന്‍റെ പോലും അര്‍ഥം  പിടികിട്ടിയില്ല.


ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു

 ‘പരമ്പരാഗതമായി, തലമുറകളായി കൈമാറി വരുന്ന ഒരു സ്‌തോത്രഗീതമാണിത്. നിങ്ങള്‍ക്കൊരിക്കലും പരിചിതമല്ലാത്ത സാംബാ ഭാഷയില്‍ നിന്നുള്ളതാണ്,” സ്വാമിനി പറയുന്നു.

ലിപികള്‍ കണ്ടെത്തുന്നതുമുതല്‍ അക്ഷരമാല ഉണ്ടാക്കുന്നതുവരെ സ്വാമിനിയുടെ സഹായത്തോടെയായിരുന്നു.

സ്വാമിനി ശിവാനന്ദന്‍

പരമ്പരാഗത ഭാഷയ്ക്ക് ഒരു ലിപിയുണ്ടാക്കിയാലോയെന്ന ആശയം ആകാശ്  ആദ്യമായി പങ്കുവച്ചത് സ്വാമിനിയോടായിരുന്നു. ഭാഷാ സ്‌നേഹിയായ സ്വാമിനി പൂര്‍ണ പിന്തുണനല്‍കി. ലിപികള്‍ കണ്ടെത്തുന്നതുമുതല്‍ അക്ഷരമാല ഉണ്ടാക്കുന്നതുവരെ സ്വാമിനിയുടെ സഹായത്തോടെയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആകാശ് വിശദീകരിക്കുന്നു.

കന്യവേ തേരേലേറ്റോ
പറത്താട്ടി തണുവ മെറ്റിക്കോ
കിണന്‍പിനെ കളപ്പാക്കു പുരാനേ
കേള്‌ക്കോ വളന്‍ച പോണി

 സാംബവരുടെ മറ്റൊരു പ്രാര്‍ത്ഥനാഗീതം സ്വാമിനി പറഞ്ഞുതന്നു, അതിന്‍റെ അര്‍ത്ഥവും.


ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


“ഭദ്രകാളി ആത്മമുക്തി നല്‍കു
കോഴിച്ചോര കുടിച്ചു
കുട്ടിയെ കാത്തുകൊള്ളണമേ
പ്രാര്‍ത്ഥന കേള്‍ക്കണേ സൂര്യ ഭഗവാനെ”

“ഞങ്ങളുടെ സമുദായത്തിന്‍റെയും അന്തസിന്‍റെയും പ്രതീകമാണ് സാംബാ അല്ലെങ്കില്‍ ചാംബാ ഭാഷ”

ആകാശ് സാംബ ഭാഷാ ലിപി പ്രദര്‍ശിപ്പിക്കുന്നു.

എറണാകുളം സ്വദേശിയും അധ്യാപകനുമായ എംഐ മാധവനും ലിപി രൂപീകരിക്കാന്‍ ഏറെ സഹായം നല്‍കി. 25 അക്ഷരങ്ങളടങ്ങുന്നതാണ് ലിപി. ആകാശിന്‍റെ ലിപിക്ക്  ഭാരതീയ ദലിത് സാഹിത്യ അക്കാദമി അംഗീകാരം നല്‍കുകയും യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ചുനടന്ന ചടങ്ങിലാണ് സമ്മാനം ലഭിച്ചത്. സാംബാ ഭാഷയ്ക്കു സ്വന്തമായി വ്യാകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ആകാശും സ്വാമിനിയും.


ഇതുകൂടി വായിക്കാം: ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍


“ഞങ്ങളുടെ സമുദായത്തിന്‍റെയും അന്തസിന്‍റെയും പ്രതീകമാണ് സാംബാ അല്ലെങ്കില്‍ ചാംബാ എന്നപേരില്‍ അറിയപ്പെടുന്ന ഈ ഗോത്രഭാഷ.മുന്‍കാലങ്ങളില്‍ പരസ്യമായി ഈ ഗോത്ര ഭാഷ സംസാരിക്കാന്‍ ഈ സമുദായത്തില്‍പ്പെട്ടവര്‍ മടികാണിച്ചിരുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ സ്വകാര്യമായി തങ്ങളുടെ ആശയങ്ങള്‍ കൈമാറാനുള്ള ഒരു രഹസ്യ ഭാഷയായാണ് ആദ്യകാലങ്ങളില്‍ ഇത് ഉപയോഗിച്ചിരുന്നത്,” സ്വാമിനി പറയുന്നു.

സാംബ ലിപി പ്രകാശനം ചെയ്യുന്നു

“ദ്രാവിഡ കാലഘട്ടത്തില്‍ ഇപ്പോഴത്തെ പിന്നോക്ക വിഭാഗക്കാര്‍ക്കു മതിയായ അന്തസുണ്ടായിരുന്നു. പിന്നീടുണ്ടായ അടിച്ചമര്‍ത്തലുകളാണ് ഞങ്ങളെപ്പോലുള്ളവരെ രണ്ടാംകിടക്കാരാക്കി മാറ്റിയത്. ഇതിനോടുള്ള ചെറുത്തുനില്‍പ്പുകൂടിയാണ് സാംബാ ഭാഷയ്ക്കു ലിപി രൂപീകരിച്ചതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” സ്വാമിനി ശിവാനന്ദന്‍ വ്യക്തമാക്കുന്നു.

അതേസമയം സാംബവ സമുദായത്തില്‍ പെട്ട ഭൂരിഭാഗംപേരും, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെട്ടവര്‍, തങ്ങളുടെ പരമ്പരാഗത ഗോത്രഭാഷയെക്കുറിച്ച് അജ്ഞരാണെന്ന് ആകാശും സ്വാമിനിയും പറയുന്നു.


ഇതുകൂടി വായിക്കാം: പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി


സാംബ ഭാഷയിലെ മറ്റൊരു സ്തുതിഗീതം
മേക്ക് പൊടിതി  ചെന്‍തണുവാ
ചോര്‍പ്പ് പാത്തോ മോളുന്തി മൂത്തു
ചേപ്പ ഇച് കൊട്ടവരെ വട്ടി തന്‍തോ
ഏറ്റമോക്ക് പിന്‍ചി പാലെ പോക്കാവുളേ
(വറപൊടിയും കോഴിച്ചോരയും
കുടിച്ചു നോക്ക് കണ്‍നിറയെ
ഉണങ്ങിയ ഇറച്ചിയും കുട്ടനിറയെ തന്നെ

കയ്യേറ്റു വന്ന് നശിപ്പിക്കണേ ശത്രുക്കളെ )

ദളിത് സമൂഹത്തിന്‍റെ അഭിമാനമെന്ന നിലയിലേക്കു സാംബാ ഭാഷയെ മാറ്റുകയാണെന്‍റെ ലക്ഷ്യം. അതിനായുള്ള പരിശ്രമങ്ങളിലാണു ഞാനിപ്പോള്‍ ആകാശ് പറയുന്നു. അടിച്ചമര്‍ത്തപ്പെട്ട ദലിതരുടെ ശബ്ദമാണ് ഈ ഭാഷ. ഇതിനെ പുനരുജ്ജീവിപ്പിച്ച് ദളിത് സമൂഹത്തിന്റെ സ്വത്വം വീണ്ടെടുക്കാനാണ് ഞങ്ങളുടെ പരിശ്രമം, സ്വാമിനി പറയുന്നു.

ശക്തമായ ചരിത്ര പശ്ചാത്തലമുള്ള സമൂഹമാണ് സാംബവര്‍, സ്വാമിനി പറയുന്നു.

“ഭാഷയുടെ വീണ്ടെടുപ്പിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത് ഞങ്ങളുടെ സമുദായത്തിന് നഷ്ടപ്പെട്ട അസ്തിത്വം തിരിച്ചുപിടിക്കുകയെന്നതു കൂടിയാണ്.”

സാംബ ലിപി കണ്ടുപിടിച്ചതിന്‍റെ ബഹുമാനാര്‍ത്ഥം ഭാരതീയ ദലിത് സാഹിത്യ അക്കാദമി ആകാശിന് നല്‍കിയ അംഗീകാരം

അരിമി പൊട്ടു ഞൊര്‍ണ്ണി
അനിമ്പു മെറ്റി പൊരുള് മിച്ചി
വളന്‍തര്‍ ഏച്ചു കോപ്പ അനിമ്പു
പിക്കനും പേപിടിക്കവേ

(അരിയിട്ട് ചോറുവച്ചു
കള്ളുകുടിച്ചു സാംബവ ഭാഷ പറഞ്ഞു

ഭ്രാന്തായി നടന്നു കള്ളു കുടിയന്‍ പ്രേതം ( ആത്മാവ് ) കേറി)

“ആദ്യമായാണ് ഞാന്‍ ഇത്തരമൊരു അക്ഷരമാല കാണുന്നത്,” മലയാളത്തിനു ക്ലാസിക്കല്‍ ലാംഗ്വേജ് പദവി കിട്ടാനായി ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള പ്രൊഫസര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍


“ഇതൊരു (സാംബ ഭാഷ ) രഹസ്യ ഭാഷയാണെന്നു പറയാം.  സമുദായത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനായി ഉപയോഗിക്കുന്ന രഹസ്യഭാഷയാണത്.

“തങ്ങളുടെ വീടുകളുടെ പരിസരങ്ങളില്‍ ഉന്നതജാതിയില്‍പ്പെട്ടവരെത്തിയാല്‍ അപകട സൂചന നല്‍കാന്‍ എലുമ്പിക്കോ എന്ന വാക്കുപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. കൂടുതലായും കൊല്ലംജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഈ ഭാഷയ്ക്കു കൂടുതല്‍ പ്രചാരമെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്,” പ്രൊഫസര്‍ നടുവട്ടം അഭിപ്രായപ്പെടുന്നു.

ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷകളില്‍ ഒന്നായി ഇതിനെ കണക്കാക്കാനാവും.

കേരളത്തിലെ പ്രാചീന ലിപികളെക്കുറിച്ച് സംസ്ഥാന ആര്‍ക്കൈവ്സ് പ്രസിദ്ധീകരിച്ച പുസ്തം. ഫോട്ടോ: ഫേസ്ബുക്ക്/ ഷിജു അലെക്സ്

“ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷകളില്‍ ഒന്നായി ഇതിനെ കണക്കാക്കാനാവും. ഈ ഭാഷയാകട്ടെ പൂര്‍ണമായും ജാതി അധിഷ്ടിതമായതും ഈ വിഭാഗത്തില്‍പ്പെട്ടവരുടെ സ്വത്വം പ്രകാശിപ്പിക്കുന്നതുമാണ്,” പ്രൊഫസര്‍ നടുവട്ടം കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തിടി പൈത്തേല കയചവര്‍ക്കം
ഏറ്റു പെയേ തേരേലേറ്റി പാക്കം
പറകൊട്ടി പാറേ കൂര്‍മ്പല്‍ മോര്‍ക്കു
കന്യാവ് കത്തിങ്കല്‍ കൊടുങ്കാപ്പു കെട്ടമ്പോ

(ചുണ്ണാമ്പും വെറ്റിലയും അടക്കയും
കയ്യേറ്റു ആത്മ മുക്തി നല്‍കണേ
പറയരുടെ വാദ്യം കൊടുവാള്‍ കൊണ്ടു

ഭദ്രകാളികാത്തു കാവല്‍ കെട്ടണെ)

സാംബാ ഭാഷയ്ക്കു പുതുതായി ലിപി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ദളിത് മുന്നേറ്റത്തിന്റെ പുതിയ ചുവടുവയ്പ്പായി കാണാമെന്ന് ദളിത് ചിന്തകനായ സണ്ണി കപിക്കാട് പറഞ്ഞു. “നിലവില്‍ ഇത്തരത്തില്‍ പുറത്തുവന്ന ലിപി ഞാന്‍ കണ്ടിട്ടില്ല പക്ഷേ ഇത്തരത്തിലുള്ള ശ്രമങ്ങളെ അംഗീകരിക്കാതിരിക്കാനാവില്ല,” അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം: ‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത


നിര്‍മാണത്തൊഴിലാളിയായ ഷാലജന്റെയും മിനിയുടെയും മകനാണ് ആകാശ്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്തുള്ള ചെമ്മണ്ണാറിലാണ് ആകാശ് താമസിക്കുന്നത്. കഴിഞ്ഞമാസം കോതമംഗലത്തു വച്ചു നടന്ന ചടങ്ങില്‍ സാംബാ ഭാഷയുടെ ലിപി ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നു.

സാംബ ഭാഷയ്ക്കു വ്യാകാരണം ഉണ്ടാക്കാനുള്ള പരിശ്രമങ്ങളിലാണിപ്പോള്‍ ഇരുവരും.

ഇടുക്കി മറയൂര്‍ ഗ്രാമത്തിലെ ഒരു പഴയകാല ശിലാലിഖിതം. ഫോട്ടോ: രണ്‍ജിത്ത് (Image for representation)

ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആകാശ് പഠനവും സാംബാ ഭാഷയുടെ വികാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നുണ്ട്.

നിലവില്‍ തങ്ങള്‍ വികസിപ്പിച്ച ഭാഷയ്ക്കു വ്യാകാരണം ഉണ്ടാക്കാനുള്ള പരിശ്രമങ്ങളിലാണിപ്പോള്‍ ഇരുവരും. അതേസമയം അക്ഷരമാല ഉണ്ടാക്കിയതിനേക്കാള്‍ ശ്രമകരമായ ജോലിയാണ് ഭാഷയുടെ വ്യാകരണം ഉണ്ടാക്കുന്നതെന്ന് സ്വാമിനി ശിവാനന്ദന്‍ പറയുന്നു.

അതിനു കൂടുതല്‍ ഗവേഷണവും പരിശ്രമവും ആവശ്യമാണ്. ഓരോ വാചകങ്ങള്‍ക്കും കൃത്യമായ വ്യാകരണം ഉണ്ടാക്കിയാല്‍ മാത്രമേ ഭാഷയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടം മുമ്പോട്ടു പോവുകയുള്ളൂ, അതിനായുള്ള കഠിന പരിശ്രമങ്ങളിലാണ് ആകാശും സ്വാമിനിയും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം