Punam Farming. Photo: Facebook / Anil Kalyani Peringara

റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി

ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചില കര്‍ഷകര്‍ പരമ്പരാഗത കൃഷി രീതി കൈവിടാതെ സംരക്ഷിച്ചുവന്നു. ഒപ്പം അവര്‍ നാടന്‍ വിത്തിനങ്ങളും സൂക്ഷിച്ചുവെച്ചു.

കവിള കൃഷി രീതികള്‍ വ്യാപകമായപ്പോള്‍ ഏതാണ്ട് പൂര്‍ണമായി മണ്ണടിഞ്ഞുപോയതാണ് കേരളത്തിലെ ഗോത്രജനത പിന്തുടര്‍ന്നുപോന്നിരുന്ന പുനം കൃഷി. പലതരം വിളകള്‍ ഒരുമിച്ച് വിതയ്ക്കുന്ന ഈ കൃഷിരീതി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലയില്‍ തിരിച്ചുവരികയാണ്.

പുനം കൃഷി. ഫോട്ടോ: ഫേസ്ബുക്ക്

ഈ വര്‍ഷം ആദ്യം കണ്ണൂരിലെ നടുവില്‍ പ്രദേശത്ത് നാല് ആദിവാസി സ്ത്രീകള്‍ ചേര്‍ന്ന് ഒരു കുന്നില്‍ ചെരുവ് പുനംകൃഷിക്കായി ഒരുക്കിയെടുത്തു. റബര്‍ മുറിച്ചുമാറ്റിയ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ആ സ്ത്രീകളുടെ കൃഷി. കാടും പടലും വെട്ടിക്കൂട്ടി ചുട്ടെരിച്ചു. പിന്നെ കൃഷിക്കായി മണ്ണൊരുക്കി. അതില്‍ വിത്തുകള്‍ പാകി.


ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചില കര്‍ഷകര്‍ പരമ്പരാഗത കൃഷി രീതി കൈവിടാതെ സംരക്ഷിച്ചുവന്നു.


പാല്‍ക്കയമ എന്ന നാടന്‍ ഇനം നെല്‍വിത്ത് വിതച്ചു, ഒപ്പം മുത്താറി (റാഗി) മത്തനും കുമ്പളവും ചാമയും. എല്ലാം ഒരുമിച്ചു തഴച്ചു.

നടുവില്‍ അടക്കമുള്ള മലയോര പ്രദേശങ്ങളില്‍ പുനം കൃഷി കുറ്റിയറ്റുപോയിരുന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചില കര്‍ഷകര്‍ പരമ്പരാഗത കൃഷി രീതി കൈവിടാതെ സംരക്ഷിച്ചുവന്നു. ഒപ്പം അവര്‍ നാടന്‍ വിത്തിനങ്ങളും സൂക്ഷിച്ചുവെച്ചു.


ഇതുകൂടി വായിക്കാം: കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍


നടുവില്‍ മേഖലയില്‍ ഏഴ് ഗോത്ര കര്‍ഷകര്‍ ചേര്‍ന്ന് 15 സെന്‍റ് സ്ഥലത്ത് പുനം കൃഷിയിറക്കാനുളള തയ്യാറെടുപ്പിലാണ്.

പുനം കൃഷി. ഫോട്ടോ: ഫേസ്ബുക്ക് /സാനു കെ ആര്‍

കേരളത്തില്‍ പലയിടങ്ങളിലും പുനം കൃഷി തിരിച്ചുവരുന്നുവെന്നാണ് വാര്‍ത്തകള്‍. കാസര്‍ഗോഡും കണ്ണൂരും വയനാടും തുടങ്ങി പല ജില്ലകളിലും പലയിടങ്ങളിലായി പുനംകൃഷി തുടരുന്നു.


കേരളത്തില്‍ മാത്രമല്ല ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ ആദിമഗോത്രങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത കൃഷിരീതിയാണിത്


കാസര്‍ഗോഡ് ബേഡടുക്ക പഞ്ചായത്തിലെ മുന്നാട് മരുതുംങ്കയത്തെ രണ്ട് കുടുംബശ്രീകളിൽപ്പെട്ട അഞ്ച് വനിതകളുടെ നേതൃത്വത്തില്‍  പുനം കൃഷി പരീക്ഷിച്ചതിനെക്കുറിച്ച് സാനു കെ ആര്‍ എഴുതുന്നു.

പാട്ടത്തിനെടുത്ത മൂന്നേക്കറോളം മലഞ്ചെരുവിലാണ് കുടുംബശ്രീയിലെ വനിതകള്‍  പുനം കൃഷി നടത്തിയത്.


ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍


തൊണ്ണൂറാൻ എന്നറിയപ്പെടുന്ന നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്…

…കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ പഴയ സാരികൾ ശേഖരിച്ച് വേലി കെട്ടി.  ഇത് വളരെ ഫലപ്രദമായി എന്നാണ് പുനം കൃഷിക്കാരുടെ അനുഭവസാക്ഷ്യം, സാനു കുറിക്കുന്നു.

കേരളത്തില്‍ മാത്രമല്ല ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ ആദിമഗോത്രങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത കൃഷിരീതിയാണിത് എന്ന് കേരളത്തിന്‍റെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ സി കെ സുജിത്കുമാര്‍ വിശദീകരിക്കുന്നു.

പുനം കൃഷി. ഫോട്ടോ: ഫേസ്ബുക്ക്

തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷിയിറക്കാതെ കാട് വളരാന്‍ അനുവദിക്കുകയും മണ്ണിന്‍റെ ഫലപുഷ്ടി വീണ്ടെടുക്കാന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്യുന്ന കൃഷി രീതിയാണിത്.

ഓരോ തവണ കൃഷിയിറക്കിക്കഴിയുമ്പോഴും ഏഴുമുതല്‍ ഇരുപത് വര്‍ഷം വരെ കൃഷിയിടം തരിശിടും.


ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്


ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതയനുസരിച്ചാണത്. ഭൂമിയില്‍ പുല്ലും ചെടികളും മരങ്ങളും വീണ്ടും വളരും. മണ്ണിലാകെ വേരുകള്‍ പടരും. ഇലകള്‍ വീണ് പൊടിഞ്ഞ് മണ്ണാകും.


വിത്തുകളുടെ വൈവിധ്യമാണ് പരമ്പരാഗതമായ പുനം കൃഷിയുടെ പ്രത്യേകത.


വീണ്ടും വിളവിറക്കുമ്പോഴേക്കും ആവശ്യത്തിന് പോഷകങ്ങളെല്ലാം ചേര്‍ന്ന് മണ്ണ് ‘മൂപ്പെ’ത്തിയിരിക്കും. വിളവുകള്‍ക്കിടയിലെ കാലദൈര്‍ഘ്യം കൂടുന്നതനുസരിച്ച് വിളവും വര്‍ദ്ധിക്കുന്നതായാണ് കര്‍ഷകരുടെ സാക്ഷ്യം.

പണ്ടൊക്കെ നെല്ലിനൊപ്പം കടുക്, തുവര, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍, റാഗി, തിന, മുത്താറി, വാഴ, മഞ്ഞള്‍, മുളക്, വിവിധയിനം പച്ചക്കറികള്‍ എന്നിവ ഇടകലര്‍ത്തിയായിരുന്നു കൃഷി.

വിത്തുകളുടെ വൈവിധ്യമാണ് പരമ്പരാഗതമായ പുനം കൃഷിയുടെ പ്രത്യേകത.

ഫോട്ടോ: Placid Fire

അതോടൊപ്പം തന്നെ ജൈവവൈവിധ്യത്തിന്‍റെ ഈറ്റില്ലങ്ങളുമായിരുന്നു പുനം കൃഷിയിടങ്ങള്‍ എന്ന് സുജിത് കുമാര്‍ എഴുതുന്നു.

രണ്ടര ഹെക്ടറില്‍ താഴെമാത്രം വിസ്തൃതിയുള്ള ചെറിയ പുനംകൃഷിയിടത്തില്‍ എട്ടുമുതല്‍ 35 വരെ ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍ ഒരേസമയം കൃഷിചെയ്തുവന്നിരുന്നതായി ഗവേഷകരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

സാധാരണയായി പുനം കര്‍ഷകര്‍ ഭൂമി കിളച്ചുമറിക്കാറില്ല. കാടുനീക്കി, അതെല്ലാം തീയിട്ട്, ആവശ്യമെങ്കില്‍ മണ്ണൊന്ന് നിരത്തിയിട്ട് നേരെ വിത്തുകള്‍ വിതറുകയാണ് ചെയ്യുന്നത്. വിത്തിട്ടതിന് ശേഷം മുകളിലേക്ക് കുറച്ച് മണ്ണ് കോരിയിടും, അത്രമാത്രം. വിത്തുമുളച്ചുവന്നാല്‍ ഇടക്കിടെ കള നീക്കിക്കൊടുക്കണം. കാട്ടുപന്നിയുടെയും ആനയുടെയും മറ്റും ആക്രമണം തടയണം. അത്രയും മതി പുനംകൃഷി നല്ല വിളവുതരാന്‍.

പുനം കൃഷി. ഫോട്ടോ: ഫേസ്ബുക്ക്/ കെ എസ് വിനോദ്

ഉത്തരകേരളത്തില്‍ മാത്രമല്ല, തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ മലയോരപ്രദേശങ്ങളിലെ കാണി വിഭാഗത്തില്‍ പെട്ട ആദിവാസികളും ഇടുക്കിയിലെ മുതവാന്‍മാരും പുനം കൃഷി പിന്തുടര്‍ന്നുപോന്നിരുന്നു. ഇതോടനുബന്ധിച്ച് നിരവധി ആചാരാനുഷ്ഠാനങ്ങളും ആദിവാസി വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു.

പട്ടിണി കിടന്നാലും വിത്തെടുത്തു കുത്തുന്ന പരിപാടി ആദിവാസികള്‍ക്കില്ലായിരുന്നു എന്ന് സുജിത് കുമാര്‍ എഴുതുന്നു.

കൃഷിയുടെയും വിത്തുകളുടെയും നാട്ടറിവുകള്‍ അവര്‍ നാട്ടിപ്പാട്ടുകളുടെ ഈണത്തിലാക്കി മനസ്സില്‍ സൂക്ഷിച്ചു; വിത്തുകള്‍ കൈമാറുന്നതിനൊപ്പം പാട്ടുകളിലൂടെ അറിവുകളും കൈമാറി.

എന്നാല്‍ ഇപ്പോള്‍ പല നാടന്‍ വിത്തിനങ്ങളും കൈമോശം വന്നുപോയി. പുതുതായി പുനം കൃഷിയിറക്കുന്ന ഇടങ്ങളില്‍ വിത്തുകളുടെയും വിളകളുടെയും വൈവിധ്യം തുലോം കുറവാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം