വായു മലിനീകരണം തടയാന്‍ 140 രൂപയുടെ ഉപകരണം: വാഹനങ്ങളില്‍ നിന്നുള്ള പുക 40% കുറയ്ക്കാവുന്ന ഫില്‍റ്ററുമായി ശിവകാശിക്കാരന്‍ 

“ശരിയാ, ശിവകാശി പടക്കങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. പടക്കങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം നിഷേധിക്കാനാവില്ല. പക്ഷേ, വാഹനങ്ങള്‍ തന്നെയാണ് വായുമലിനീകരണത്തിലെ പ്രധാനവില്ലന്‍,” രവിശങ്കര്‍ പറയുന്നു.

ശിവകാശി എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരുന്നത് പടക്കങ്ങളാണ്.
ചെന്നൈയില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്താണ് ഇന്‍ഡ്യയിലെ 95% പടക്കങ്ങളും ഉണ്ടാക്കുന്നത്.

അതുകൊണ്ടാണ് ശിവകാശിക്കാരനായ എം രവിശങ്കറിനോട് സംസാരിച്ചപ്പോള്‍ ഞാന്‍ അതിശയിച്ചുപോയതും. വായുമലിനീകരണം കുറയ്ക്കാനുള്ള വഴികളാണ് അദ്ദേഹത്തിന്‍റെ ചിന്തയില്‍. വളരെ ചെലവുകുറഞ്ഞതും വാഹനങ്ങളില്‍‍ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്നതുമായ  ഒരു ചെറിയ ഉപകരണം ഈ 44-കാരന്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

എമിഷന്‍ ഫില്‍റ്റര്‍ ടെസ്റ്റ് ചെയ്യുന്നു

“ശരിയാ, ശിവകാശി പടക്കങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. പടക്കങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം നിഷേധിക്കാനാവില്ല. പക്ഷേ, വാഹനങ്ങള്‍ തന്നെയാണ് വായുമലിനീകരണത്തിലെ പ്രധാനവില്ലന്‍,” രവിശങ്കര്‍ പറയുന്നു.

വാഹനങ്ങളില്‍ നിന്നുള്ള പുകയാണ് അന്തരീക്ഷത്തില്‍ ഹാനികരമായ പി എം 2.5 (PM 2.5/Paticulate matter) ന്‍റെ ഒരു പ്രധാന കാരണം.
ഗ്രീന്‍പീസ് ഇന്‍ഡ്യ 2017-ല്‍ പ്രസിദ്ധീകരിച്ച എയര്‍പോകാലിപ്‌സ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരോ വര്‍ഷവും 12 ലക്ഷം പേരിലധികം പേരാണ് വീടിന് പുറത്തുള്ള വായുമലിനീകരണം മൂലം മരിക്കുന്നത് എന്നാണ്. വായുമലിനീകരണം ഡെല്‍ഹിയുടെ മാത്രം പ്രശ്‌നമല്ല, റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.


ലോകാരോഗ്യസംഘടനയുടെയോ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയോ മാനദണ്ഡങ്ങള്‍ അനുസരിച്ച് വായുമലിനീകരണത്തോത് പരിധിയിലും കുറവായ ഒരിടം പോലും ഇന്‍ഡ്യയിലില്ലെന്നും സംഘടന പറയുന്നു.


പല സംസ്ഥാനങ്ങളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ചിരട്ടക്കരിയും ചകിരിയുമാണ് പ്രധാന ഘടകങ്ങള്‍.

“മാര്‍ക്കെറ്റില്‍ കിട്ടുന്നതും അധികം ചെലവില്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് വായുമലിനീകരണം കുറയ്ക്കാനുള്ള വഴികളാണ് ഞാന്‍ ആലോചിച്ചത്,” രവിശങ്കര്‍ പറയുന്നു.

വാഹനങ്ങളുടെ എക്‌സോസ്റ്റ് പൈപ്പില്‍ ഘടിപ്പിക്കാവുന്ന ഒരു ഫില്‍റ്ററാണ് രവിശങ്കര്‍ രൂപകല്‍പന ചെയ്തത്. ഇതിലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള ദോഷകരമായ വസ്തുക്കളെ ഫില്‍റ്റര്‍ ചെയ്യുന്നു.

ചെറിയ സിലിണ്ടര്‍ രൂപത്തിലുള്ള ഫില്‍റ്റര്‍ സ്റ്റീലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനകത്ത് പല ലെയറുകളിലായി വായുമലിനീകരണം കുറയ്ക്കാനുള്ള വസ്തുക്കള്‍ ഉണ്ട്. ഒരു വയര്‍ മെഷ്, ആക്ടിവേറ്റഡ് ചാര്‍കോള്‍ (ചിരട്ടക്കരി), ചകിരി. വാഹനത്തില്‍ നിന്നുള്ള പുക ഇതിലൂടെ കടന്നുപോകുമ്പോള്‍ വലിയൊരളവുവരെ മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നു.

റൂം എയര്‍ പ്യൂരിഫയര്‍

“പല വസ്തുക്കളും പരീക്ഷിച്ച് അവസാനമാണ് ചിരട്ടക്കരി മാലിന്യങ്ങളെ വളരെ നന്നായി വലിച്ചെടുക്കുമെന്ന് മനസ്സിലായത്,” രവിശങ്കര്‍ തുടരുന്നു.

“ഈ ഫില്‍റ്റര്‍ നാലുമുതല്‍ അഞ്ച് മാസം വരെ ഉപയോഗിക്കാം. ഇതിന് ലൈസന്‍സ് കിട്ടിയാല്‍ 140 രൂപ മുതല്‍ (വാഹനത്തിനനുസരിച്ച്) വില്‍ക്കാനാവും,” അദ്ദേഹം പറഞ്ഞു.

ഈ ഫില്‍റ്റര്‍ കൊണ്ട് എത്രമാത്രം ഗുണമുണ്ടാകുമെന്നറിയാന്‍ രവിശങ്കര്‍ വിരുതുനഗര്‍ ഹിന്ദു നാടാര്‍ സെന്തികുമാര നാടാര്‍ കോളെജിലെ റീസേര്‍ച്ച് ഡീന്‍ എന്‍ ജെയകുമാറിനെ സമീപിച്ചു.  “ടോക്‌സിക് പാര്‍ട്ടികിള്‍സിന്‍റെ നാനോ ഡൈമെന്‍ഷന്‍ ഫില്‍റ്ററിലെ ഘടകങ്ങളുടേതിനേക്കാള്‍ വലുതാണ്. അതുകൊണ്ട് ഈ ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന പുകയില്‍ നിന്ന് ഹാനികരമായ വസ്തുക്കള്‍ 40 മുതല്‍ 70 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും,” ജയകുമാര്‍ പറയുന്നു.

കൊണ്ടുനടക്കാവുന്ന എയര്‍ പ്യൂരിഫയറുമായി രവിശങ്കര്‍

2017 ആഗസ്തിലാണ് രവിശങ്കര്‍ ഈ ഫില്‍റ്റര്‍ നിര്‍മ്മിച്ചത്. പേറ്റന്‍റിനും അപേക്ഷിച്ചിട്ടുണ്ട്. എല്ലാ സാങ്കേതികമായ അനുമതികളും കിട്ടിയാല്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി നേടിയ രവിശങ്കര്‍ പിന്നെ കുടുംബത്തിന്‍റെ സുഗന്ധവ്യജ്ഞന ബിസിനസിലേക്കിറങ്ങി.
“കുടുംബ ബിസിനസ് ഏറ്റെടുക്കുന്നതിന് മുമ്പ് ഞാന്‍ ഏതെങ്കിലും പ്രൊഫഷണല്‍ ഡിഗ്രി എടുക്കണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. മാത്രമല്ല എനിക്ക് കംപ്യൂട്ടറുകള്‍ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഞാനത് തെരഞ്ഞെടുത്തത്,” അദ്ദേഹം വിശദമാക്കുന്നു.

അതിനൊപ്പം ജെംസ്റ്റോണിന്‍റെ ബിസിനസും തുടങ്ങി.

ഇതിനൊക്കെ ഒപ്പം ചില്ലറ പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ഫില്‍റ്റര്‍ പോലെത്തന്നെ വീട്ടില്‍ ഉപയോഗിക്കാവുന്ന എയര്‍ഫില്‍റ്റര്‍, കൊണ്ടുനടക്കാവുന്ന എയര്‍ ഫില്‍റ്റര്‍, ഡെസ്‌ക്ടോപ്പ് എയര്‍ഫില്‍റ്റര്‍ എന്നിവ തയ്യാറാക്കി. ഈ ആഗസ്തിലായിരുന്നു അത്.

എം രവിശങ്കര്‍

ഈ എയര്‍ പ്യൂരിഫയറുകളിലും പ്രകൃതിദത്തമായ വസ്തുക്കള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചകിരി, ചിരട്ടക്കരി, മുളയില, തുളസിയില എന്നിവ പല അടുക്കുകളായി നിരത്തിയാണ് ഫില്‍റ്ററുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു പെട്ടിപോലുള്ള ഈ ഉപകരണത്തിന്‍റെ രണ്ടറ്റത്തും ഫാനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മുറിയിലെ വായു വലിച്ചെടുത്ത് ഫലപ്രദമായി ശുദ്ധീകരിക്കാന്‍ കഴിയുന്ന ഉപകരണമാണിതെന്ന് രവിശങ്കര്‍ പറയുന്നു.

പോര്‍ട്ടബിള്‍ എയര്‍ പ്യൂരിഫയര്‍ മൂക്കിനോടടുപ്പിച്ചുവെച്ച് അതിലൂടെ ശ്വാസംവലിച്ചെടുക്കുന്ന രീതിയാണ്.

ഈ ഉപകരണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

“നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പുതിയ ഉപകരണങ്ങള്‍ ഇനിയും കണ്ടുപിടിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്,” രവിശങ്കര്‍ ആത്മവിശ്വാസത്തോടെ ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം