“അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം

അഞ്ചു പശുക്കളെയും പതിനേഴു ആടുകളെയും കുറെയധികം കോഴികളെയും വളര്‍ത്തി ജീവിത വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടുന്ന മണിക്കുട്ടി

“എനിക്കെന്തു വിഷമം വന്നാലും എന്‍റെ ആടുകളോടും പശുക്കളോടും കോഴികളോടും മിണ്ടിയും പറഞ്ഞും ഇരുന്നാല്‍ എന്‍റെ എല്ലാ ഏനക്കേടും മാറും. ഞാന്‍ നല്ല ഹാപ്പി ആകും. ഈ മിണ്ടാപ്രാണികളാണ് എന്‍റെ ജീവനും ലോകവും,”

കോട്ടയം വൈക്കത്തെ വള്ളൂരില്‍ ചെന്ന് അജീഷിനെ ചോദിച്ചാല്‍ ഒരു പക്ഷേ, ഇന്ന് ആരും അറിയില്ല. പേരൊന്നു മാറ്റിപിടിച്ചു നോക്കൂ. ശ്രേയ എന്നോ മണിക്കുട്ടിയെന്നോ അന്വേഷിച്ചാല്‍ വെള്ളൂര്കാര്‍ സ്‌നേഹത്തോടെ ആ കുഞ്ഞുവീട്ടിലേക്കുള്ള വഴിപറഞ്ഞു തരും.

എല്ലാവരുടെയും മണിക്കുട്ടിയാണിന്ന് ശ്രേയ.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com

അഞ്ചു പശുക്കളെയും പതിനേഴു ആടുകളെയും കുറെയധികം കോഴികളെയും വളര്‍ത്തി ജീവിത വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ട്രാന്‍സ് വനിത.

ശ്രേയ എന്ന മണിക്കുട്ടി

“ഇപ്പോള്‍ നാട്ടില്‍ ശ്രേയ അല്ലെങ്കില്‍ മണിക്കുട്ടി എന്ന് പറഞ്ഞാലേ എല്ലാവരും അറിയൂ. അത്രകണ്ട് നാട്ടുകാരും എന്നെ അംഗീകരിച്ചു കഴിഞ്ഞു. അതാണ് ഏറ്റവും വലിയ സന്തോഷം,” ശ്രേയ എന്ന മണിക്കുട്ടി (29) ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

“ഇതുങ്ങളുടെ പാല്‍ വിറ്റാണ് എന്‍റെ കുടുംബം കഴിയുന്നത്. എന്‍റെ ലോകം തന്നെ അവയാണ്,” പശുക്കളുടെ നെറ്റിയില്‍ അരുമയോടെ തഴുകിക്കൊണ്ട് മണിക്കുട്ടി തുടരുന്നു. “ഒന്നുമല്ലാത്ത അവസ്ഥയില്‍ നിന്നും എന്നെ സ്വന്തം സത്വം വെളിപ്പെടുത്താന്‍ ധൈര്യം തന്നത് പോലും എനിക്ക് തുണയായി ഈ മിണ്ടാപ്രാണികള്‍ ഉണ്ടാകും എന്ന ധൈര്യമാണ്. സ്വന്തം കാലില്‍ നിക്കാന്‍ എന്നെ പ്രാപ്തയാക്കിയത് ഇവരാണ്.” 


ഉള്ളിലെവിടെയോ ചില മാറ്റങ്ങള്‍ വളരെ ചെറുപ്പം മുതലേ ശ്രദ്ധിച്ചിരുന്നു മണിക്കുട്ടി.


പശുക്കളെയും ആടുകളെയും വളര്‍ത്തിയാണ് ശ്രേയ കുടുംബം പോറ്റുന്നത്.

“മൂന്നാം ക്ലാസ് മുതല്‍ക്കേ അയല്‍വക്കത്തെ ചേച്ചിമാരോടൊക്കെയായിരുന്നു കൂട്ട്. പിന്നീട് വളര്‍ന്നപ്പോഴും പെണ്‍കുട്ടികള്‍ തന്നെയായിരുന്നു എന്‍റെ ചങ്ങാതികള്‍. അവരോടൊപ്പം കക്ക കളി, കല്ലുകളി, കഞ്ഞിയും കറിയും വെച്ച് കളി ഒക്കെയായിരുന്നു എന്‍റെ ബാല്യകാല ഓര്‍മ്മകള്‍. ആണ്‍കുട്ടികളോട് മിണ്ടുമെങ്കിലും എന്‍റെ ഉറ്റ സുഹൃത്തുക്കള്‍ പെണ്‍കുട്ടികള്‍ തന്നെയായിരുന്നു,” മണിക്കുട്ടി തുറന്നു പറയുന്നു.

“പിന്നീട് ഒരു ആറാം ക്ലാസ് ആയപ്പോള്‍ എന്‍റെ അമ്മാമ ഒരു പശുക്കിടാവിനെ തന്നു എനിക്ക്. തറവാട്ടില്‍ ഉണ്ടായ കുഞ്ഞു തന്നെയായിരുന്നു അത്. എന്‍റെ അമ്മവീട് ഞാന്‍ ഈ പറമ്പിന്‍റെ മുകളില്‍ തന്നെയാണ്. അങ്ങനെ ആറാം ക്ലാസ് മുതല്‍ എന്‍റെ ശ്രദ്ധ മുഴുവന്‍ ഈ പശുക്കിടാവിലായി. അതിനു തീറ്റ കൊടുക്കുന്നതും പരിപാലിക്കുന്നതുമായി എന്‍റെ സന്തോഷം. സ്‌കൂളില്‍ പഠിക്കാന്‍ പോയി ഇരുന്നാലും മനസ്സ് മുഴുവന്‍ ആ ചിന്തയാകും.

“അങ്ങനെ പഠിപ്പില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ ആയതുകൊണ്ടും പശുപരിപാലനം കഴിഞ്ഞു നേരത്തിനു എത്താന്‍ പറ്റാത്തതിനാലും ഏഴാം ക്ലാസ്സില്‍ ഞാന്‍ പഠിപ്പ് നിര്‍ത്തി. എങ്കിലും അത്യാവശ്യം എഴുതാനും വായിക്കാനും അറിയാം കേട്ടോ,” മണിക്കുട്ടി പതിയെ ചിരിച്ചു.

ഈ മിണ്ടാപ്രാണികളാണ് എന്‍റെ എല്ലാം: ശ്രേയ ആടുകള്‍ക്കും പശുവിനുമൊപ്പം

പഠിപ്പ് നിര്‍ത്തിയതില്‍ മണിക്കുട്ടിക്ക് സങ്കടമൊന്നുമില്ല. കാരണം പശുക്കളുമായും ആടുകളുമായി കൂടുതല്‍ സമയം ചെലവിടുന്നതിലാണ് സന്തോഷം.

“പഠിപ്പ് നിര്‍ത്തി ഞാന്‍ പൂര്‍ണമായും പശു വളര്‍ത്തലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മാത്രമല്ല മുറ്റംതൂക്കലും, അടിച്ചു വാരിത്തുടക്കലും, പാത്രം മോറലും ഒക്കെയായി ഞാന്‍ വീട്ടിലുണ്ടാകും എപ്പോഴും,” മണിക്കുട്ടി പിന്നെയും ചിരിച്ചു.

എന്നാല്‍ ആ ചിരിക്ക് പിന്നില്‍ വിഷാദം നിഴലിച്ചിരുന്നു.

“അമ്മ മനോരോഗിയാണ്. അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഞാനാണ്. അമ്മക്ക് സ്വബോധം പോലും ഇല്ല. അപസ്മാരത്തിന്‍റെ ബുദ്ധിമുട്ടും ഉണ്ട്. ചെറുപ്പത്തിലേ അങ്ങനെയാണ്. അത് മുതലെടുത്ത ആരോ അമ്മക്ക് കൊടുത്തിട്ട് പോയ സമ്മാനമാണ് ഞാനും എന്‍റെ അനിയത്തിയും. അമ്മവീട്ടിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളുടെ അമ്മയുടെ വീട്ടുകാര്‍ നന്നായി നോക്കി വളര്‍ത്തി,” അത് പറയുമ്പോള്‍ മണിക്കുട്ടിയുടെ സ്വരമിടറി.

ഒരു കു‍ഞ്ഞിപ്പശുവില്‍ നിന്നാണ് തുടക്കം. ഇന്ന് നാല് പശുക്കളുണ്ട്, കുറെ ആടുകളും

“പിന്നീട് ഞാന്‍ കുറച്ചു മുതിര്‍ന്നപ്പോള്‍ അമ്മയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് കുടുംബവകയായി മൂന്നു സെന്‍റ് സ്ഥലം തന്നു. അതില്‍ പഞ്ചായത്തില്‍ നിന്നും ഒരു ചെറിയ വീട് വച്ച് തന്നു. മുകളില്‍ ഷീറ്റ് ഇട്ടിട്ടുള്ള കൊച്ചു വീട്. പിന്നീട് വീട്ടിലെ ജോലികളും അമ്മയെ നോക്കലും പശുവിനെയും ആടിനേയും കോഴിയേയും നോക്കലും ഒക്കെ ഞാന്‍ ഒറ്റക്ക് തന്നെ ചെയ്തു.

“പശുവിനു പുല്ല് വെട്ടാനായി ഞാന്‍ അയല്പക്കത്തെ ചേച്ചിമാരുടെ കൂടെ പോകുമായിരുന്നു. അപ്പോഴൊക്കെ ചേച്ചിമാര്‍ എന്നെ ഉപദേശിക്കും. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ പന്ത് കളിക്കാനാ പോവ്വാ, ഇതു പോലെ പുല്ലറുക്കാനായി ഒന്നും പോകില്ല ന്നൊക്കെ.

“അപ്പോള്‍ ഞാന്‍ പറയും: ‘എനിക്കിതൊക്കെ ചെയ്യാനാ ഇഷ്ടം, ആണ്‍കുട്ടികളുടെ കൂടെ കളിക്കണ്ട’ എന്ന്. അപ്പോള്‍ അവര്‍ അമര്‍ത്തി ചിരിക്കും. അങ്ങനെ അമ്മാമ തന്ന കിടാവിനെ വളര്‍ത്തി, അത് പ്രസവിച്ചു അതിന്‍റെ പാല്‍ സൊസൈറ്റിയില്‍ കൊണ്ട് പോയി വിറ്റ് ആണ് കുടുംബച്ചെലവുകള്‍ നോക്കിയിരുന്നത്.”

ഒരു ഫാംഹൗസ് തുടങ്ങണം എന്നാണ് ശ്രേയയുടെ ആഗ്രഹം

അജീഷില്‍ നിന്നും ശ്രേയയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുറച്ചധികം അനുഭവിക്കേണ്ടി വന്നു എന്ന് മണിക്കുട്ടി.

“സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ അധ്യാപകര്‍ പറയുമായിരുന്നു എന്‍റെ രീതികളെല്ലാം പെണ്കുട്ടിയെപോലെ ആണല്ലോ എന്നൊക്കെ. ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. നാട്ടുകാരും എല്ലാം. അഞ്ചാം ക്ലാസ് ഒക്കെ ആയപ്പോള്‍ ഉത്സവങ്ങള്‍ക്ക് പോകുമ്പോഴൊക്കെ ആണ്‍കുട്ടി ആയിരുന്നിട്ടും എന്‍റെ ശ്രദ്ധ പോകുക മാലകളിലും കുപ്പിവളകളിലേക്കുമൊക്കെ ആയിരുന്നു.

“വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ സാരി ഉടുത്തു തലയില്‍ തോര്‍ത്തു കെട്ടി സ്ത്രീവേഷം ആസ്വദിക്കുമായിരുന്നു ഞാന്‍. സ്ത്രീവേഷം കെട്ടി നൃത്തം ചെയ്യുമായിരുന്നു. ബന്ധുക്കളെല്ലാം അതുകണ്ടു കയ്യടിക്കും. അന്നൊക്കെ ആ പ്രായത്തിലെ കുസൃതി ആയേ എല്ലാരും അതിനെ കണ്ടുള്ളു. ക്ലബ്ബിലും അങ്ങനെ നൃത്തം ചെയ്തിട്ട് നാട്ടുകാരും നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമായിരുന്നു,” മണിക്കുട്ടി പറഞ്ഞു.

Image for representation only. Photo: Pixabay.com

“പിന്നീട് മുതിര്‍ന്നപ്പോള്‍ എന്നിലെ മാറ്റം കണ്ടപ്പോള്‍ എനിക്ക് തന്നെ ബോധ്യമായി, ഞാന്‍ ഒരു ആണ്‍കുട്ടി അല്ല പെണ്‍കുട്ടി ആണ് എന്ന്. പക്ഷെ സ്വന്തം കാലില്‍ നിക്കുന്നത് വരെ എനിക്കത് വീട്ടില്‍ പറയാന്‍ ഭയമായിരുന്നു. എന്നെ ഇറക്കി വിടുമോ എന്നൊക്കെ.

“ഇന്ന് ട്രാന്‍സ്‌ജെന്‍ഡേര്‍സ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണ് വീട്ടുകാര്‍ പിന്തുണക്കാതെ ഇറക്കി വിടുന്നതും, തുടര്‍ന്ന് അവര്‍ ജീവിക്കാനായി പല മോശപ്പെട്ട തൊഴിലുകളും ചെയ്യേണ്ടി വരുന്നതും. എനിക്ക് ആ വഴി സഞ്ചരിക്കാന്‍ കഴിയില്ലായിരുന്നു.

“അതുകൊണ്ട് ഞാന്‍ ഉള്ളില്‍ എല്ലാം അടക്കി വെച്ച് ആണ്‍കുട്ട്യായി എല്ലാവരുടെയും മുമ്പില്‍ അഭിനയിച്ചു,” സ്വന്തം വ്യക്തിത്വം പുറത്തു കാണിക്കാതെ ജീവിച്ചുതീര്‍ത്ത അക്കാലമോര്‍ക്കുമ്പോള്‍ മണിക്കുട്ടിയുടെ കണ്ണുകള്‍ പിന്നെയും ഈറനണിയുന്നു.

“പിന്നീട് കുടുംബം നോക്കാന്‍ പ്രാപ്തി ആയപ്പോള്‍ ഞാന്‍ എന്‍റെ സ്വത്വം വെളിപ്പെടുത്തുകയായിരുന്നു. ഞാന്‍ അമ്പലങ്ങളില്‍ സ്ത്രീവേഷം അഭിനയിക്കാന്‍ പോകാറുണ്ടായിരുന്നു. പാര്‍വതിയായും, മോഹിനിയായും, നാഗമായും ഒക്കെ അഭിനയിച്ചപ്പോള്‍ ആളുകള്‍ ഇരുകൈ നീട്ടി സ്വീകരിച്ചു. അങ്ങനെ ഞാന്‍ മുടി നീട്ടി വളര്‍ത്തി, നഖം വളര്‍ത്തി കാതും മൂക്കും കുത്തി സ്ത്രീകളെ പോലെ നടക്കാന്‍ തുടങ്ങി.

അക്കാലം പ്രതിസന്ധികളുടേതായിരുന്നു…. (Image source: Pixabay.com)

“കുടുംബത്തില്‍ നിന്നും നല്ല പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. കാരണം ഇതെന്‍റെ ജീവിതമാണ്, മറ്റുള്ളവര്‍ പറയുന്ന പോലെ അല്ല ഞാന്‍ വിചാരിക്കുന്ന രീതിയിലാണ് ജീവിക്കുക എന്ന് തീരുമാനിച്ചുറപ്പിച്ചു.

“പിന്നീട് ഞാന്‍ ഇഷ്ടപെടുന്ന പോലെ ജീവിക്കാന്‍ തുടങ്ങി. പശുക്കള്‍ ഒന്നില്‍ നിന്നും രണ്ടായി… അങ്ങനെ അഞ്ചു പശുക്കളുണ്ടിപ്പോള്‍. പാല്‍ സൊസൈറ്റിയില്‍ കൊണ്ടുപോയി കൊടുക്കുന്നത് ഞാന്‍ തന്നെ. ആടുകളുമുണ്ട് പതിനേഴ് എണ്ണം. കോഴികളുമുണ്ട്.”


ഇതുകൂടി വായിക്കാം: 27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല


മണിക്കുട്ടിക്ക് എപ്പോഴും തിരക്കാണ്. തൊഴുത്തിലും പറമ്പിലുമായി ഓടിനടന്ന് പണി എടുക്കും. പുല്ലറുക്കുന്നതും തൊഴുത്ത് വെടിപ്പാക്കുന്നതും പശുക്കളെ കുളിപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്ക് തന്നെ.

സമൂഹത്തില്‍ നിന്നും കളിയാക്കലുകള്‍ ഉണ്ടായിട്ടും തോറ്റുകൊടുക്കാതെ സ്വന്തമായി അധ്വാനിച്ചു കുടുംബം പോറ്റുന്ന മണിക്കുട്ടിയെ കണ്ട് ഇന്ന് ഒട്ടേറെ പേര് അവള്‍ക്ക് പിന്തുണയും സ്‌നേഹവുമായുണ്ട്.

“ആദ്യമൊക്കെ ഞാന്‍ കടയില്‍ ഒക്കെ പോകുമ്പോള്‍ എല്ലാവരും എന്നെ കളിയാക്കും. അപ്പോള്‍ ഞാന്‍ പറയും ‘എന്തിനാ എന്നെ കളിയാക്കുന്നെ, നിങ്ങളെപ്പോലെ മനുഷ്യരല്ലേ ഞങ്ങളും, എന്‍റെ ഹോര്‍മോണ്‍ തകരാര്‍ മൂലമാണ് ഞാന്‍ ഇങ്ങനെ ആയത്, എന്‍റെ കുറ്റമല്ല,’ എന്ന്. ഞാന്‍ ശാന്തമായാണ് എല്ലാവരോടും ഇടപഴകാറുള്ളത്. അപ്പോള്‍ അവര്‍ എന്നോട് ക്ഷമ പറയും, പിന്നെ കളിയാക്കില്ല. എന്നെ സംബന്ധിച്ച് ശാന്തമായി പെരുമാറിയാല്‍ സമൂഹം നമുക്കായി വഴി മാറും.

“ഇപ്പോള്‍ എന്നെ പുറത്തു വച്ചു കണ്ടാല്‍ കുട്ടികള്‍ ശ്രേയ ചേച്ചി എന്നാ വിളിക്കുക. മുതിര്‍ന്നവര്‍ ശ്രേയ അല്ലെങ്കില്‍ മണിക്കുട്ടി എന്നും. എനിക്കത് ഒരുപാട് സന്തോഷമാണ്.


ഞാന്‍ എന്‍റെ രീതിയില്‍ ജീവിക്കുന്നു. പണിയെടുത്തു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്.


“ട്രാന്‌സ്‌ജെന്‌ഡേഴ്‌സ് സന്ധ്യക്ക് പുറത്തിറങ്ങിയാല്‍ സമൂഹം മോശമായാണ് ചിത്രീകരിക്കുന്നത്. എല്ലാവരെയും അങ്ങനെ കാണരുത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സന്ധ്യ ആയാല്‍ ഞാന്‍ പുറത്തു പോകാറില്ല. ഇന്ന് എല്ലാവരും എന്നെ മനുഷ്യനായി കാണുന്നു. ആര്‍ക്കും പരാതിയും പരിഭവവുമില്ല,” മണിക്കുട്ടി പറയുന്നു.

മണിക്കുട്ടി പശുക്കളോടും ആടുകളോടും ഇടപഴകുന്നത് കണ്ടിരിക്കാന്‍ തോന്നുന്ന കാഴ്ചയാണ്. വിളിക്കുന്നിടത്തു ഓടിയെത്തുന്ന കുഞ്ഞിപ്പെണ്ണും കറുമ്പിയുമൊക്കെയായി അവിടം ഒരു സ്‌നേഹവലയം തന്നെ തീര്‍ത്തിട്ടുണ്ട് അവള്‍.

“ഇവര്‍ എന്‍റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ പഠനം പോലും എനിക്ക് മതിയായി. ഇതുങ്ങളെ സ്‌നേഹിച്ചു പരിപാലിച്ചു കിട്ടുന്ന ആനന്ദം എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. വീട്ടിലെ പണി കഴിഞ്ഞാല്‍ പകല്‍ മുഴുവന്‍ ഞാന്‍ ഇവരുടെ കൂടെയാണ്. എനിക്ക് വെറുതെ ഇരിക്കുന്നതാണ് ഇഷ്ടമല്ലാത്തത്,” മണിക്കുട്ടി തുടരുന്നു.

സ്ത്രീത്വം എന്ന സ്വപ്നത്തിന്‍റെ പൂര്‍ണതയിലെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ മണിക്കുട്ടി. സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയുടെയും നല്ലവരായ നാട്ടുകാരും കൂടെയുള്ളപ്പോള്‍ അവള്‍ എന്തിന് പേടിക്കണം!?

വര്‍ണ്ണപ്പകിട്ട് എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡ് മന്ത്രി കെ കെ ഷൈലജ ടീച്ചറില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍.

“എന്നെ ഞാന്‍ ഇപ്പോള്‍ സ്ത്രീ ആയിത്തന്നെയാണ് കാണുന്നത്. എന്നാലും എല്ലാ അര്‍ത്ഥത്തിലും എനിക്കത് നേടണം. അതിനായി ലിംഗമാറ്റ ശാസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള ഹോര്‍മോണ്‍ ചികിത്സയാണു ഇപ്പോള്‍ നടക്കുന്നത്. താമസിയാതെ ഞാന്‍ ആ സ്വപ്നവും നേടും. നല്ലവരായ എന്‍റെ കുറെ കൂട്ടുകാരും നാട്ടുകാരും സര്‍ക്കാരും സഹായിച്ചു അത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” മണിക്കുട്ടിയുടെ കണ്ണില്‍ തിളക്കം.

“എന്‍റെ ഈ ജന്മത്തിനു ദൈവത്തോട് ഞാന്‍ നന്ദി പറയാറുണ്ട്. ഒരുപാട് സങ്കടം അനുഭവിച്ചത് കൊണ്ടാകാം ദൈവം ഇപ്പോള്‍ എനിക്ക് നല്ല കാലം തന്നത് എന്ന് തോന്നാറുണ്ട്.

“ഒരു ട്രാന്‍സ് വനിതയായി സമൂഹത്തിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ ഞാന്‍ നേരിടേണ്ടിയിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുക്തി തന്നത് എന്‍റെ ഈ മിണ്ടാപ്രാണികളാണ്. ഇവരാണ് എന്‍റെ എല്ലാം,” ശ്രേയയുടെ വാക്കുകളില്‍ നിറയെ സ്‌നേഹം മാത്രം.

ഇനിയും പശുക്കളെയും ആടുകളെയും കൂടുതല്‍ ഉള്‍പ്പെടുത്തി ‘ശ്രേയ ഫാം ഹൌസ്’ തുടങ്ങണമെന്നാണ് മണിക്കുട്ടിയുടെ ഒരു മോഹം. “വിദൂരതയിലാണെങ്കിലും ഈശ്വരന്‍ സഹായിച്ചു ആ സ്വപ്നവും ഞാന്‍ നേടും,” ആത്മവിശ്വാസത്തോടെ മണിക്കുട്ടി പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘നടക്കുന്ന മരം’, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പാമ്പിനും മീനിനും ഇഷ്ടം പോലെ ജീവിക്കാനുള്ള ഇടം, 15 കുളങ്ങള്‍…ഒപ്പം വര്‍ക്കിയും കുടുംബവും


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം