പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം

“വളമിടലും നനയ്ക്കലും നടലും മാത്രമല്ല തെങ്ങിലും കയറുമായിരുന്നു. എങ്ങനെയെന്ന് അത്ഭുതപ്പെടേണ്ട.. ശ്രമിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ..?”

ളരെ  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടിയിലേക്കെത്തിയതാണ് ഇടുക്കി തൊടുപുഴക്കാരന്‍ വി.വി. മാത്യുവും അന്നക്കുട്ടിയും മക്കളും. പിന്നെ ഓരോന്ന് നട്ടും നനച്ചുമൊക്കെയായി കൃഷിയ്ക്കൊപ്പമായിരുന്നു അവരുടെ ജീവിതം.

അവര്‍ക്ക് നാലു മക്കള്‍. ഇരിട്ടിക്കടുത്ത് ഉളിക്കലിലേക്ക് കുടിയേറുമ്പോള്‍ ഇളയവന്‍ ഷാജി മാത്യൂ  കൈകുഞ്ഞായിരുന്നു. ആറാമത്തെ വയസില്‍ ഷാജിയെയും അവന്‍റെ ചേട്ടന്‍മാര്‍ പഠിക്കുന്ന സ്കൂളില്‍ ചേര്‍ത്തു.

ഇരിട്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ഉളിക്കലിലേക്ക്. ഒരു കുന്നിന് മുകളിലാണ് വീട്. ഈ കുന്നിറങ്ങിയും പുഴ കടന്നുമൊക്കെ ചേട്ടന്‍മാരുടെ കൈ പിടിച്ചാണ് ഷാജി ഒന്നാം ക്ലാസിലേക്ക് പോയിരുന്നത്.

പക്ഷേ ആ യാത്രയ്ക്ക് അധികം ആയുസ് ഇല്ലായിരുന്നു. ഷാജിയെ പോളിയോ ബാധിക്കുന്നത് അക്കാലത്താണ്. ആറാമത്തെ വയസില്‍ ചലനശേഷി നഷ്ടപ്പെട്ടു.


വീട്ടില്‍ ജലം പാഴാവുന്നത് 95%  വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. സന്ദര്‍ശിക്കാം. Karnival.com

എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ പിന്നെ ഷാജിയുടെ ജീവിതം വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രമായി. കഴുത്തിന് താഴേക്ക് ശരീരം ചലിപ്പിക്കാനാകില്ലായിരുന്നു.

ഷാജി മാത്യൂ

പിന്നെ ആശുപത്രിയും മരുന്നും ചികിത്സകളുമൊക്കെയായി കുറേക്കാലം. ഒന്നോ രണ്ടോ അല്ല പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ടു ആ ചികിത്സാക്കാലം. പക്ഷേ ഇനിയൊരിക്കലും എഴുന്നേറ്റിരിക്കാന്‍ പോലുമാകില്ലെന്ന വിധിയെ തിരുത്തി ഷാജി ജീവിതത്തിലേക്ക് അല്‍ഭുതകരമായി തിരിച്ചു നടന്നു.

കാലുകള്‍ അല്ല കൈകളാണ് ഷാജിയ്ക്ക് ചുവടുകള്‍ പറഞ്ഞു കൊടുത്തതെന്നു മാത്രം. കാലുകളുടെ ചലനശേഷി തിരികെ കിട്ടിയില്ലെങ്കിലും ഫിസിയോതെറാപ്പിയിലൂടെയും മറ്റ് ചികിത്സയിലൂടെയുമാണ് കിടന്ന കിടപ്പില്‍ നിന്നു മോചനം ലഭിക്കുന്നത്.


കൈകളാണ് ഷാജിയുടെ കാലുകളായത്. നിലത്തിരുന്ന് കൈകള്‍ നിലത്തുക്കുത്തിയാണ് ഷാജി പിന്നീട് നടന്നത്.


വര്‍ഷങ്ങള്‍ക്കിപ്പുറം പരിമിതികളെ തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറുകയാണ് ഷാജി മാത്യു.

അഞ്ചേക്കറില്‍ പച്ചക്കറിയും മത്സ്യവും ഫലവ‍ൃക്ഷങ്ങളും ഔഷധസസ്യങ്ങളും നാണ്യവിളകളുമൊക്കെയായി ഈ കര്‍ഷകന്‍ സ്വന്തമാക്കിയത് സംസ്ഥാന സര്‍ക്കാരിന്‍റെ നാലു കാര്‍ഷിക പുരസ്കാരങ്ങള്‍! മാതാ എന്ന പേരില്‍ രണ്ട് നഴ്സറികളും നടത്തുന്നുണ്ട് ഇദ്ദേഹം.

പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പുമായി ഷാജി

“പോളിയോ ബാധിച്ചു പഠനം പാതിവഴിയില്‍ മുടങ്ങിയെങ്കിലും എഴുതാനും വായിക്കാനുമൊക്കെ അറിയാം,” ഷാജി മാത്യൂ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “കൃഷിക്കാര്യങ്ങളില്‍ അപ്പച്ചനാണ് എന്‍റെ ഗുരു. എന്നാല്‍ എഴുതാനും വായിക്കാനുമൊക്കെ പഠിപ്പിച്ചത് ചേട്ടന്‍മാരാണ്.

“സ്കൂളില്‍ പോകാനൊക്കെ ഇഷ്ടമായിരുന്നു പക്ഷേ. അതിനുള്ള ഭാഗ്യമില്ലായിരുന്നു. സ്കൂളില്‍ പഠിക്കാന്‍ പോകേണ്ട കാലത്ത് ആശുപത്രിയിലാണല്ലോ പോയത്.

“എറണാകുളത്ത് ലിസി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യുമായിരുന്നു. അങ്ങനെ കുറേക്കാലം ഫിസിയോ തെറാപ്പി ചെയ്താണ് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. കാലിന് താഴേക്കുള്ള ചലനശേഷി തിരിച്ചു കിട്ടിയില്ലെങ്കിലും കൈകള്‍ കുത്തി എനിക്ക് നടക്കാനായി.

“അങ്ങനെ ഞാന്‍ നടന്നു തുടങ്ങി. കൃഷി ഇഷ്ടമായിരുന്നു. അപ്പച്ചന്‍റെ കൂടെ കൃഷിത്തോട്ടങ്ങളിലേക്കാണ് നടന്നത്. പിന്നെ മെല്ലെ മെല്ലെ ഓരോന്നു ചെയ്തു തുടങ്ങി.

ഷാജിയുടെ മാതാ നഴ്സറി

“അപ്പച്ചന്‍ നടത്തിയിരുന്ന നഴ്സറിയും നോക്കി നടത്താന്‍ തുടങ്ങി. അതോടെ ബഡ്ഡിങ് പഠിക്കണമെന്നു തോന്നി. ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങുമൊക്കെ വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് പഠിച്ചെടുത്തത്,” ഷാജി പറയുന്നു.

ഇതിനൊക്കെ മുന്‍പ് തേനീച്ച കൃഷിയാണ് അദ്ദേഹം ചെയ്തത് ചെയ്തത്. തേനീച്ച കൃഷി ഇന്നുമുണ്ട്. നേരത്തേ വന്‍ തേനീച്ചകളെ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ ചെറുതേന്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. 80-ലേറെ തേനീച്ചപ്പെട്ടികളുണ്ട് അദ്ദേഹത്തിന്‍റെ പറമ്പില്‍.

“അപ്പച്ചന്‍ തുടക്കമിട്ട കൃഷിയും നഴ്സറിയുമൊക്കെ ഇന്നും പരിചരിക്കുന്നുണ്ട്.  സംയോജിത കൃഷിയിടമാണിവിടം. ഒട്ടുമിക്ക കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. റബര്‍ ഒഴികെ എല്ലാം ഇവിടുണ്ട്,” അദ്ദേഹം വിവരിക്കുന്നു.

പച്ചക്കറികള്‍, തെങ്ങ്, കവുങ്, കൊക്കോ, വാഴ, കശുമാവ്, മാവ്, പ്ലാവ്, കപ്പ, ചേന, കാച്ചില്‍, ചേമ്പ്, ജാതി, കറുവ, ഏലം, ഗ്രാമ്പു, കുരുമുളക്, ഔഷധസസ്യങ്ങള്‍…ഇതിനൊക്കെ പുറമെ മീന്‍വളര്‍ത്തലും.

“ഏതെങ്കിലുമൊരു വിള മാത്രമായി കൃഷി ചെയ്താല്‍ നഷ്ടം വന്നാല്‍ ബുദ്ധിമുട്ടാകില്ലേ. എല്ലാത്തരം കൃഷിയും ചെയ്താലേ മികച്ച വരുമാനം കിട്ടൂ. റബര്‍ ഇവിടങ്ങളില്‍ പലരും കൃഷി ചെയ്യുന്നുണ്ട്.

“അങ്ങനെയുള്ളപ്പോള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണ്ടേയെന്നു തോന്നി. അങ്ങനെയാണ് പച്ചക്കറിയും നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളുമൊക്കെ കൃഷി ചെയ്തു തുടങ്ങുന്നത്.

“കൃഷിപ്പണികളും ഞാന്‍ തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. സഹായത്തിന് പണിക്കാരൊക്കെയുണ്ടായിരുന്നു. പക്ഷേ നിര്‍ദേശങ്ങള്‍ മാത്രം കൊടുക്കാനായി കൃഷിപ്പറമ്പില്‍ നില്‍ക്കാനെനിക്ക് ഇഷ്ടമല്ലായിരുന്നു.

“വളമിടലും നനയ്ക്കലും നടലും മാത്രമല്ല തെങ്ങിലും കയറുമായിരുന്നു. എങ്ങനെയെന്ന് അത്ഭുതപ്പെടേണ്ട.. ശ്രമിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ..” എന്ന് ഷാജി മാത്യു പറഞ്ഞപ്പോള്‍ ‘അതെങ്ങനെ’ എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്.

അതിനു മറുപടി ഒരു മറുചോദ്യമായിരുന്നു.


ഇതുകൂടി വായിക്കാം:ഇതാണ് ഈ ഐ ടി വിദഗ്ധന്‍റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്


“പോളിയോ പിടിച്ച് കിടപ്പായ ഞാന്‍ ഇപ്പോള്‍ അഞ്ചേക്കറില്‍ എല്ലാത്തരും കൃഷിയും ചെയ്യുന്നുണ്ട്, നഴ്സറിയും നടത്തുന്നുണ്ട്, വണ്ടിയും ഓടിക്കാറുണ്ട്. അപ്പോപ്പിന്നെ മരത്തില്‍ കയറാനാണോ ഇത്ര പാട്?” അദ്ദേഹം ചിരിക്കുന്നു.

ഷാജി മാത്യൂ പച്ചക്കറിത്തോട്ടത്തില്‍

“എത്ര വലിയ മരമാണെങ്കിലും ഞാന്‍ കയറും,” ഷാജി മാത്യു തുടരുന്നു.  ” അന്നൊക്കെ ഓടിനടന്നാണ് കൃഷിയൊക്കെ ചെയ്തിരുന്നത്. കിലോമീറ്ററുകളോളം ദൂരം നടന്നുപോകാനും ഒരു പ്രശ്നവുമില്ലായിരുന്നു.

“ബഡ്ഡിങ്ങൊക്കെ പഠിച്ചതു കൊണ്ട് നഴ്സറിയിലേക്കുള്ള തൈകളുണ്ടാക്കുന്നതും ഞാന്‍ തന്നെയാണ്. കവറുകളിലാക്കി തൈ വില്‍ക്കാന്‍ തുടങ്ങും മുന്‍പേ ചകിരി തല്ലിച്ചതച്ചു അതിനുള്ളില്‍ തൈ വച്ചാണാല്ലോ നഴ്സറികളില്‍ വിറ്റിരുന്നത്.

“ആ ജോലിയും ഞാന്‍ ചെയ്യുമായിരുന്നു. എത്ര സമയം വേണമെങ്കിലും കൃഷിപ്പണി ചെയ്യാനും സാധിക്കുമായിരുന്നു. അങ്ങനെ കുറേ കഷ്ടപ്പെട്ടാണ് ഈ കാണുന്ന തരത്തിലാക്കിയെടുത്തത്,” അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

വീല്‍ച്ചെയറിലിരുന്നാണിപ്പോള്‍ കൃഷിപ്പണിയൊക്കെ ചെയ്യുന്നത്

പക്ഷേ ഇപ്പോള്‍ പണ്ടത്തെപ്പോലെ ഒന്നും സാധിക്കാതായെന്ന ചെറിയ സങ്കടവുമുണ്ട്. “52 വയസ് ആയില്ലേ… പ്രായം കൂടുമ്പോള്‍ ചിലതൊക്കെ നമുക്ക് ചെയ്യാന്‍ പറ്റാതെയാകുമല്ലോ. അത്രേയുള്ളൂ. പിന്നെ, കൈകളില്‍ ഭാരം താങ്ങിയല്ലേ നടന്നു കൊണ്ടിരുന്നത്. ഇപ്പോ എനിക്ക് ഭാരവും കൂടിയല്ലോ.”

കൈയ്ക്ക് വേദന വന്നതോടെ നടക്കുന്നത് കുറച്ചു. പഴയ പോലെ എല്ലാ പണികളും ചെയ്യാനാകാതെയായി. ഇപ്പോ വീല്‍ച്ചെയറിലാണ് അദ്ദേഹത്തിന്‍റെ സഞ്ചാരമൊക്കെ. അതിലിരുന്നാണ് കൃഷിയൊക്കെ നോക്കിനടത്തുന്നത്.

“എന്‍റെ ആവശ്യങ്ങളൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. പൂന്തോട്ടം സെറ്റ് ചെയ്തു കൊടുക്കാന്‍ പോകാറുണ്ട്. അതിനു പോകുന്നതും മിക്കപ്പോഴും തനിച്ചാണ്. പണിക്കാരുണ്ടെങ്കില്‍ അവരുമുണ്ടാകും കൂടെ.

“നേരത്തെ ഒമ്നി വാന്‍ ആയിരുന്നു. ഇപ്പോ ഒരു വാഗ്നര്‍ കാറിലാണ് യാത്ര. കൈ വേദന വന്നതോടെയാണ് വാഗ്നര്‍ വാങ്ങിയത്. ഞാന്‍ തന്നെയാണ് വണ്ടിയോടിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഒട്ടുമിക്ക പച്ചക്കറികളും ഷാജിയുടെ പറമ്പിലുണ്ട്. ജൈവവളമിട്ട് കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ആവശ്യക്കാരേറെയുണ്ട്. കണ്ണൂരില്‍ ആദ്യമായി പോളിഹൗസ് കൃഷി ആരംഭിച്ചത് ഇവിടെയാണെന്ന് ഈ കര്‍ഷകന്‍.

പത്ത് സെന്‍റില്‍ ആറു ലക്ഷം രൂപയോളം ചെലവാക്കിയാണ് പോളിഹൗസ് ഒരുക്കിയത്. ഗ്രോബാഗിലും കൃഷി ചെയ്യുന്നുണ്ട്.

നഴ്സറിയില്‍ നിന്നു തൈകളും വിത്തുമൊക്കെ വാങ്ങാന്‍ വരുന്നവരാണ് ജൈവപച്ചക്കറികള്‍ കൂടുതലായും വാങ്ങുന്നത്. വിളവ് കൂടുതല്‍ കിട്ടുന്ന അവസരങ്ങളില്‍ പുറത്ത് കടകളിലും നല്‍കാറുണ്ട്.

“മത്സ്യകൃഷിയുണ്ട്. അലങ്കാര മത്സ്യങ്ങള്‍ ഉള്‍പ്പടെയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ചെറിയ കുളങ്ങളിലാണ് മീനിനെ വളര്‍ത്തുന്നത്. വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ കൊച്ചു കുളങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മീനിനെ വളര്‍ത്തുന്നത്.

“പിന്നെ അല്ലാതെയുള്ള കുളമുണ്ട്. ഗപ്പി പോലുള്ള അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിന് അക്വേറിയങ്ങളുമുണ്ട്. ഇതിലെല്ലാം കൂടി 5,000 മീനുകളുണ്ട്. നട്ടര്‍, ഗിഫ്റ്റ് തിലാപ്പിയ, വാള, നട്ടര്‍ ഇതൊക്കെയാണ് കൃഷി ചെയ്യുന്നത്.  കുറച്ച് അലങ്കാരപക്ഷികളെയും വളര്‍ത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൂക്കം കൂടുതല്‍ കിട്ടുന്ന ജാതിക്കയും ഷാജി വികസിപ്പിച്ചെടുത്തു. വാണിയക്കിഴക്കേല്‍ എന്നാണതിന് പേര് നല്‍കിയിരിക്കുന്നത്.

നൂറു കായ്ക്ക് ഒരു കിലോ കിട്ടുന്ന വാണിയക്കിഴക്കേല്‍ ജാതിയുടെ പത്രിയ്ക്ക് മൂന്നു ഗ്രാം തൂക്കമുണ്ടാകും. അപ്പച്ചന്‍റെ നാട്ടില്‍ നിന്നു കണ്ടെത്തിയതാണ് ഈ ജാതി. ഇതു ബഡ് ചെയ്ത് വില്‍ക്കുന്നുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

“അപ്പച്ചന്‍ തുടക്കമിട്ട നഴ്സറിയാണ് ഉളിക്കലെ വീടിനോട് ചേര്‍ന്നുള്ളത്. ഞാന്‍ കൃഷിയിലേക്കെത്തിയ ശേഷമാണ് കോട്ടപ്പാറയില്‍ നഴ്സറി ആരംഭിച്ചത്. ആ നഴ്സറി  ആരംഭിച്ചിട്ടിപ്പോള്‍ 35 വര്‍ഷമായി. കുന്ന് കയറി വീട്ടിലെ നഴ്സറിയിലേക്ക് ആളെത്താന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ടൗണിലും നഴ്സറി ആരംഭിച്ചത്.

“റബര്‍ തൈകളൊഴികേ എല്ലാത്തരം തൈകളും ഇവിടുണ്ട്. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറി തൈകളും പൂച്ചെടികളും സുഗന്ധവിളകളും നാണ്യവിളകളും മാവും പ്ലാവും തൈകളുമൊക്കെ നഴ്സറിയിലുണ്ട്,” കൃഷി വകുപ്പിന്‍റെ അംഗീകാരമുള്ള നഴ്സറിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

“40 ഇനം മാവുകളുണ്ട്. പ്രിയങ്ക, ധന, കനക തുടങ്ങിയ കശുമാവുകള്‍ ഗ്രാഫ്റ്റ് ചെയ്തും ബഡ് ചെയ്തും വില്‍ക്കാറുണ്ട്.  ബഡ്ഡിങ്ങൊക്കെ പഠിച്ചതു കൊണ്ട് ഞാന്‍ തന്നെയാണ് ഇതൊക്കെ ചെയ്തിരുന്നത്,” അദ്ദേഹം തുടരുന്നു.

ബഡ്ഡിങ്ങും ഗ്രാഫ്റ്റങ്ങുമൊക്കെ ഇപ്പോള്‍ സ്വന്തമായി ചെയ്യാറില്ല. കാരണം കൈവേദന തന്നെ.

“പണിക്കാരുണ്ട്. അവര് ചെയ്തോളും. ഒരു വര്‍ഷം മുന്‍പാണ് കൈ വേദന വന്നു തുടങ്ങിയത്. അതുവരെ എല്ലാ പണിയും ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്.”

ഷാജിയുടെ തോട്ടത്തിലെ പയര്‍ വിളവെടുപ്പ്

“നമ്മുടെ നാട്ടിലുള്ളവര്‍ക്ക് എന്താണ് വേണ്ടതെന്നറിഞ്ഞ് കൃഷി ചെയ്താല്‍ നല്ല ലാഭം കിട്ടും. അല്ലെങ്കില്‍ നഷ്ടമാകും ഫലം,”  കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക്  അദ്ദേഹം അനുഭവത്തില്‍ നിന്നൊരു ഉപദേശം നല്‍കുന്നു.

“വാങ്ങാന്‍ ആളില്ലെങ്കില്‍ പിന്നെ കൃഷി ചെയ്തിട്ട് കാര്യമില്ലല്ലോ. ഇതൊക്കെ ശ്രദ്ധിച്ചാണ് തന്നെയാണ് ഞാന്‍ ഓരോന്ന് ചെയ്യുന്നത്. ടൗണില്‍ ചെയ്യുന്ന കൃഷി തന്നെ നാട്ടുപ്രദേശത്ത് പരീക്ഷിച്ചാല്‍ ലാഭം കിട്ടിയെന്നു വരില്ല. അടുത്ത വര്‍ഷത്തോടു കൂടി മത്സ്യക‍ൃഷി വിപുലമാക്കാനാണ് ആലോചിക്കുന്നത്.

“ഭാര്യയും മക്കളുമൊക്കെ കൃഷിയില്‍ സഹായത്തിനുണ്ട്. പിന്നെ മൂന്നുനാലു പണിക്കാരുണ്ട്. നനയ്ക്കലും വളമിടലും കായ്പറിക്കലുമൊക്കെ തനിച്ച് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്രയും സ്ഥലത്ത് കൃഷിയില്ലേ. സഹായത്തിന് ആള് വേണമല്ലോ,” ഷാജി കൂട്ടിച്ചേര്‍ത്തു.

കൃഷിയിലൂടെ അവാര്‍ഡുകള്‍ കുറേ നേടിയിട്ടുണ്ട് ഷാജി. അക്കൂട്ടത്തിലൊരു അവാര്‍ഡിലൂടെ വിദേശയാത്രയ്ക്കും അവസരം കിട്ടി. നാലു സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

“2010-ലെ കര്‍ഷകതിലകം അവാര്‍ഡ് എനിക്കായിരുന്നു. ആ അവാര്‍ഡ് കിട്ടുന്നവര്‍ക്ക് പ്രോത്സാഹനായി ഒരു വിദേശയാത്രയുണ്ടായിരുന്നു. പ്രവാസിയായ ജോണ്‍സണ്‍ പോള്‍ കുന്നപ്പള്ളിയുടെ ഓഫറായിരുന്നു.

“അങ്ങനെ എനിക്ക് ന്യൂസിലന്‍റില്‍ പോകാനും സാധിച്ചു. അദ്ദേഹമായിരുന്നു യാത്രയുടെ സ്പോണ്‍സര്‍. 15 ദിവസത്തെ യാത്ര. അതൊരു ഭാഗ്യമല്ലേ. എനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളത് ഒരു പ്രശ്നമായി അദ്ദേഹം കണക്കാക്കിയില്ല.

“ഒന്നും കൊണ്ടും പേടിക്കണ്ടെന്നു പറഞ്ഞാണ് ന്യൂസിലന്‍റിലേക്ക് കൊണ്ടുപോകുന്നത്.”


പരിമിതികളൊന്നുമില്ല.. എല്ലാ തടസങ്ങളെയും പരിശ്രമങ്ങളിലൂടെ ആര്‍ക്കും മറികടക്കാം.


ഷാന്‍റിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. ഷെല്‍ഫിയ, ഷിബിന, ഷന്‍. ഷെല്‍ഫി എംഫാം കഴിഞ്ഞ് ജോലി ചെയ്യുന്നു. ദുബായിയിലാണ്. വിവാഹവും കഴിഞ്ഞു. ഷിബിന ഫാഷന്‍ ഡിസൈനിങ്ങ് കഴിഞ്ഞതേയുള്ളൂ. മകന്‍ ഡോണ്‍ബോസ്കോ കോളെജില്‍ ബികോമിന് പഠിക്കുന്നു.

അമ്മച്ചി മരിച്ചു പോയി. അപ്പച്ചന് 94 വയസുണ്ട്. പക്ഷേ ഇപ്പോഴും കൃഷിയിലൊക്കെ സഹായിക്കാറുണ്ടെന്നു ഷാജി മാത്യു.


ഇതുകൂടി വായിക്കാം:കണ്ണൂരിലെ ഈ ഗ്രാമത്തിലെ കു‍ഞ്ഞുചായക്കടയില്‍ ദക്ഷിണേന്‍ഡ്യയിലെ എണ്ണംപറഞ്ഞ എഴുത്തുകാരെത്തുന്നു: വരാന്തയുടെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം