Strom R-3 - affordable electric car in India
സ്ട്രോം R-3. (Photo: സ്ട്രോം/Twitter)

ഒറ്റച്ചാര്‍ജ്ജില്‍ 200km, കിലോമീറ്ററിന് 40 പൈസ മാത്രം ചെലവ്: മുംബൈ കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക് കാര്‍

ഏറ്റവും ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 80. മൂന്നര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ്ജ്. ഒറ്റച്ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

ഇലക്ട്രിക് കാറില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത് അതിന്‍റെ രൂപമാണ്. ഒരു മുച്ചക്രവാഹനം തിരിച്ചുവെച്ചതുപോലെയാണ്.

മുന്‍പില്‍ രണ്ട് ചക്രങ്ങള്‍, പുറകില്‍ ഒരൊറ്റ ടയറും. ‘റിവേഴ്‌സ് ട്രൈക്ക് കോണ്‍ഫിഗറേഷന്‍’ എന്ന് പറയും.

മുംബൈ ആസ്ഥാനമായുള്ള സ്‌ട്രോം മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് പുതുമയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ നിര്‍മ്മാതാക്കള്‍.

സ്റ്റാര്‍ട്ടപ്പിന്‍റെ കോ-ഫൗണ്ടര്‍മാരായ പ്രതീക് ഗുപ്ത, ജീന്‍-ലുക് അബാസിയോ എന്നിവരുടെ അഭിപ്രായത്തില്‍ ഈ ‘തലതിരിഞ്ഞ മുച്ചക്ര’ പ്ലാറ്റ് ഫോം തിരക്കുപിടിച്ച ഇന്‍ഡ്യന്‍ നഗരങ്ങള്‍ക്ക് തികച്ചും യോജിച്ചതാണ്. സാധാരണ ഹാച്ച്ബാക്കിന്‍റെ അതേ സ്‌റ്റെബിലിറ്റി തന്നെ ഈ വാഹനവും നല്‍കും. മാത്രമല്ല, ഡിസൈന്‍റെ പ്രത്യേകതകൊണ്ട് സാധാരണ കാറിന്‍റെ ഏതാണ്ട് പകുതി ഭാരം മാത്രമേയുള്ളൂ.

സ്ട്രോം R-3. (Photo: സ്ട്രോം/Facebook)

“നഗരങ്ങളിലോടുന്ന കാറുകളില്‍ ഏതാണ്ട് 95 ശതമാനവും ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ കാണൂ. റിവേഴ്‌സ് ട്രൈക്ക് കോണ്‍ഫിഗറേഷന്‍ ആയതുകൊണ്ട് മറ്റുകാറുകളുടെ അതേ സ്റ്റെബിലിറ്റിയോടൊപ്പം ഈ കാര്‍ വളരെ നല്ല ഡ്രൈവിങ്ങ് അനുഭവം നല്‍കുന്നു. ഭാരം മറ്റുള്ള കാറുകളെ അപേക്ഷിച്ച് 40 ശതമാനം കുറവുമാണ്. അതിനാല്‍ സി എന്‍ ജി ഉപയോഗിക്കുന്ന കാറുകളേക്കാള്‍ അഞ്ച് മടങ്ങും ഡീസല്‍-പെട്രോള്‍ കാറുകളേക്കാള്‍ ഇരുപത് മടങ്ങും ചെലവ് കുറയും,” സ്‌ട്രോം മോട്ടോഴ്‌സ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.

സ്‌ട്രോം R-3

ഏറ്റവും കൂടിയ സ്പീഡ് മണിക്കൂറില്‍ 80 കിലോമീറ്റര്‍. പൂര്‍ണമായും ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഇതിനായി ആകെ ചെലവ് കിലോമീറ്ററിന് 40 പൈസ മാത്രം!


മൂന്ന് മൂന്നര മണിക്കൂറു കൊ്ണ്ട് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. കാറില്‍ തന്നെയുള്ള ചാര്‍ജ്ജറുപയോഗിച്ച് 15 Amp പ്ലഗ് പോയിന്‍റില്‍ എവിടെ നിന്നും ചാര്‍ജ്ജ് ചെയ്യാം.


ലോകത്തെ ഏറ്റവും മികച്ച് മൂന്ന് ബാറ്ററി നിര്‍മ്മാതാക്കളിലൊന്നാണ് സ്‌ട്രോം R-3യിലെ ബാറ്ററി നിര്‍മ്മിക്കുന്നതെന്ന് പാട്രിക് അവകാശപ്പെടുന്നു. “ഈ ബാറ്ററിക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വരെ ആയുസ്സുണ്ട്. എന്നാല്‍ അഡ്വാന്‍സ്ഡ് ബാറ്ററി മാനേജ്‌മെന്‍റ് സിസ്റ്റം ഉള്ളതുകൊണ്ട് രണ്ട് ലക്ഷം കിലോമീറ്റര്‍ വരെ അതിന്‍റെ ആയുസ്സ് നീട്ടാന്‍ കഴിയും,” പാട്രിക് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

സ്ട്രോം R-3. (Photo: സ്ട്രോം/Twitter)

ഇന്‍ഡ്യക്കാര്‍ വര്‍ഷത്തില്‍ ശരാശരി 15,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ്ആ കണക്കുവെച്ചാണെങ്കില്‍ 5 മുതല്‍ 7 വരെ വര്‍ഷം ഈ ബാറ്ററി ഉപയോഗിക്കാനാവും. ആക്‌സെലെറേഷന്‍റെയും ബാറ്ററിയുടെയും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്‍ഡ്യയില്‍ ഇന്ന് വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളോടൊപ്പം നില്‍ക്കുന്നതായിരിക്കും അതെന്ന് പാട്രിക്ക് ഉറപ്പുനല്‍കുന്നു.


ഈ സെഗ്മെന്‍റിലുള്ള മറ്റ് കാറുകളെ അപേക്ഷിച്ച് സ്‌ട്രോം R-3ക്ക് വിലയും കുറവാണ്. നാല് ലക്ഷം രൂപയായിരിക്കും ഈ ഇലക്ട്രിക് കാറിന്‍റെ വില.


പുതുമയുള്ള ഡിസൈന്‍ ആണ് ചെലവും വിലയും കുറയ്ക്കാന്‍ സഹായിച്ചതെന്ന് പാട്രിക്: “വാഹനത്തിന്‍റെ ഭാരം കുറച്ചാല്‍ ഇന്ധനം ഉപയോഗിക്കുന്നതും കുറയ്ക്കാം. അതുകൊണ്ടാണ് ഞങ്ങള്‍ റിവേഴ്‌സ് ട്രൈക്ക് പ്ലാറ്റ്‌ഫോം സ്വീകരിച്ചത്. ഈ കാര്‍ 550 kg (kerb weight) ആണ്. മറ്റുള്ളവയുടെ ഏതാണ് പകുതി മാത്രം ഭാരം. മറ്റ് കാറുകളില്‍ ഉപയോഗിക്കുന്നതിന്‍റെ മൂന്നിലൊന്ന് മാറ്ററി മതി, ചെറിയ മോട്ടോറും. എന്നിട്ടും 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും, ഒറ്റച്ചാര്‍ജ്ജില്‍. എല്ലാം, ആ ഡിസൈന്‍ തീരുമാനം കൊണ്ടാണ് സംഭവിച്ചത്.”

മറ്റൊരു ഫീച്ചര്‍ മികച്ച ടെക്‌നോളജിയാണ്. 4ജി എനബിള്‍ഡ് എന്‍ജിന്‍ ആണ് സ്‌ട്രോം R-3 യുടേത്. ലൊക്കേഷന്‍ ട്രാക്കിങ്, ബാറ്ററി സ്റ്റാറ്റസ് എന്നിവ മാത്രമല്ല, എന്‍ജിന്‍റെയും വണ്ടിയുടെ മൊത്തത്തിലുള്ള ഹെല്‍ത്ത് ചെക്കപ്പ് തന്നെ നടത്തി വിവരങ്ങള്‍ നല്‍കുന്നതാണിത്. മെട്ടോര്‍ മാത്രമല്ല, ബ്രേക്ക് പാഡ്, ടയര്‍ തുടങ്ങി പ്രധാനപ്പെട്ട കോംപോണെന്‍റ്സിന്‍റെ ഒക്കെ വിവരങ്ങള്‍ അറിയാന്‍ കഴിയും.

ഇതിന് പുറമെ ക്ലൗഡ് ഇന്‍റെഗ്രേറ്റഡ് കണെക്റ്റിവിറ്റി സംവിധാനം നഗരറോഡുകളെക്കുറിച്ചുള്ള വിവരങ്ങളും ഡ്രൈവിങ് ടിപ്‌സും നല്‍കും. കുണ്ടും കുഴിയുമുള്ള വഴിയില്‍ പെടാന്‍ സാധ്യതയുള്ള നഗരപാതകളെക്കുറിച്ച് നേരത്തെ തന്നെ വിവരം തരും.

ബാറ്ററി 50% മാത്രമാണ് ചാര്‍ജ്ജുള്ളതെങ്കില്‍ സാധാരണ സിസ്റ്റം പറയുക നിങ്ങള്‍ക്ക് 75 കി.മി വരെ യാത്ര ചെയ്യാം എന്നായിരിക്കും. എന്നാല്‍ മോശം റോഡുകള്‍, ട്രാഫിക്, കുത്തനെയുള്ള കയറ്റങ്ങള്‍ ഇതെല്ലാം ബാറ്ററി റേഞ്ചിനെ ബാധിക്കും. ഇത്തരം ഡാറ്റ കൂടി ശേഖരിച്ച് അനലൈസ് ചെയ്ത് ഡ്രൈവിങ് കൂടുതല്‍ സുഗമമാക്കാനുള്ള വിവരങ്ങളാണ് സ്‌ട്രോമില്‍ ഉള്ളത്.

സ്ട്രോം R-3. (Photo: സ്ട്രോം/Facebook)

“ഞങ്ങളുടെ ഇന്‍റെലിജെന്‍സ് പ്ലാറ്റ്‌ഫോം ബാറ്ററി റേഞ്ചിനെ സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരം നല്‍കും,” പാട്രിക് കൂട്ടിച്ചേര്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും സ്‌ട്രോം R-3യുടെ പ്രത്യേക ഡിസൈന്‍ അംഗീകരിക്കാന്‍ ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ പതിവില്‍ കവിഞ്ഞ സമയമെടുത്തു. എന്തായാലും 2020-ല്‍ ലോഞ്ച് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഈ സ്റ്റാര്‍ട്ട് അപ്.

സ്‌ട്രോം R-3യുടെ മൂന്ന് വേരിയെന്‍റുകളാണ് കമ്പനി നിരത്തിലിറക്കാന്‍ പോകുന്നത്. ഓരോന്നും 120 km, 160 km, 200 km എന്നിങ്ങനെയാണ് ബാറ്ററി റേഞ്ച്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചാണ് ഈ മുന്ന് വേരിയന്‍റുകള്‍ പുറത്തിറക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. എന്തായാലും അടിസ്ഥാന ഘടകങ്ങള്‍ മൂന്ന് മോഡലിലും ഒരുപോലെ ആയിരിക്കും.

“ഇന്‍ഡ്യയിലെ കാര്‍ ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ മാറുകയാണ്. കാറുകളിലെ ശരാശരി യാത്രക്കാരുടെ എണ്ണം 1.6 ആണ്. അതായത്, മിക്കവാറും ഒരാള്‍ മാത്രമേ കാണൂ. കൂടിവന്നാല്‍ രണ്ടുപേര്‍. ഇങ്ങനെയുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചും നിങ്ങള്‍ ഭൂമിയെയും പരിസ്ഥിതിയെയും മാനിക്കുന്ന ആളാണെങ്കില്‍, നിങ്ങള്‍ ഒരു വലിയ, ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്ന കാറില്‍ യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ,” പാട്രിക് പറയുന്നു.


ഇതുകൂടി വായിക്കാം: ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മിച്ചത് എറണാകുളം മുന്‍ കലക്റ്ററുടെ മകന്‍; മൈക്രോവേവ് അവന്‍ അടക്കം പലതും ആദ്യം അവതരിപ്പിച്ച സാഹസികന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം