‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ

“സ്വാദിന് ലിംഗവ്യത്യാസമില്ലല്ലോ…അതോണ്ട് എന്‍റെ അച്ചാറുകള്‍ക്ക് ആവശ്യക്കാരുണ്ട്”

ന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഉള്ളില്‍ ഒരു സ്ത്രീയുടെ മനസുണ്ട് എന്ന് അമൃത തിരിച്ചറിയുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം ഒരു പോരാട്ടമായിരുന്നു.

“ഒരു ആണ്‍ ശരീരത്തിനകത്തെ പെണ്മനസ്സ് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ സ്ത്രീയായിട്ടാണോ പുരുഷനായിട്ടാണോ ജീവിക്കേണ്ടത് എന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ,” അമൃത ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഒടുവില്‍ ഇരുപതാം വയസ്സില്‍ ഞാന്‍ കൃത്യമായ വൈദ്യ പരിശോധന നടത്തി മനസിലാക്കി, ആണിന്‍റെ ശരീരവുമായി ജീവിക്കുന്ന മനസുകൊണ്ട് പെണ്ണായ, പെണ്ണിന്‍റേതായ എല്ലാ ചിന്തകളുമുള്ള ഒരാളാണ് ഞാനെന്ന്.

അമൃത

‘നിലനില്‍പ്പിനായി, ഒരു സ്ത്രീയായി ജീവിക്കുന്നതിനായി അന്ന് തുടങ്ങിയ ഓട്ടമാണ്. തളര്‍ന്ന് വീണപ്പോഴെല്ലാം പിടിച്ചു നിര്‍ത്തിയത് ഞാന്‍ സ്വയം നേടിയെടുത്ത മനക്കരുത്ത് ഒന്ന് മാത്രമായിരുന്നു. ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നു. ഒറ്റപ്പെടുത്തിയവരുടേയും കുറ്റപ്പെടുത്തിയവരുടെയും മുന്നില്‍ സ്വന്തം വരുമാനത്തില്‍ ജീവിച്ചു കാണിക്കുന്നു” അമൃതയുടെ വാക്കുകളില്‍ പതര്‍ച്ചയോ ഒറ്റപ്പെടലിന്‍റെ വേദനയോ ഇല്ല.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com

പരിഹാസങ്ങളും അവഹേളനങ്ങളും കാലങ്ങളായി നേരിട്ടിട്ടും അതിനോട് തെല്ലും മനസ് മടുക്കാതെ ജീവിതത്തെ സധൈര്യം നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ഒരംഗമാണ് അമൃത. സ്വന്തം കാലില്‍ നിന്നും അധ്വാനിച്ച് ജീവിക്കാനുള്ള മനസും സംരംഭകത്വത്തോടുള്ള അഭിനിവേശവുമാണ് അമൃതയുടെ ശക്തി.

ഇരുപതാം വയസ്സില്‍ ശരിക്കുള്ള സ്വത്വം തിരിച്ചറിഞ്ഞ ശേഷം പിന്നീടങ്ങോട്ട് ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. പുരുഷവേഷത്തില്‍ നിന്നും സ്ത്രീ വേഷത്തിലേക്ക് മാറിയതും സ്ത്രീകളെപ്പോലെ ഒരുങ്ങാന്‍ തുടങ്ങിയതുമൊന്നും നാട്ടുകാരില്‍ പലര്‍ക്കും അത്ര ദഹിച്ചില്ല. നാലാള്‍ കൂടുന്നിടത്ത് നിന്നും ഒഴിവാക്കിക്കൊണ്ടായിരുന്നു എതിര്‍പ്പിന്റെ തുടക്കം. പിന്നീട് ആണും പെണ്ണും അല്ലാതെ ജീവിക്കുന്നവന്‍ എന്ന അധിക്ഷേപമായി മാറി. എന്നാല്‍ ഏതവസ്ഥയിലും പിടിച്ചു നില്‍ക്കണം എന്നുള്ളതായിരുന്നു ആഗ്രഹം, അമൃത പറയുന്നു.

അമൃത

വരുമാനമില്ലാത്ത ജീവിക്കാന്‍ കഴിയില്ലലോ, ഒരു ജോലിക്കായി പല വഴികള്‍ നോക്കി. എന്ത് ജോലി വേണമെങ്കിലും ചെയ്യാം എന്ന വ്യവസ്ഥയില്‍ പലരുടേയും കനിവിനായി യാചിച്ചു. എന്നാല്‍ എവിടെയും കൊട്ടിയടച്ച വാതിലുകള്‍ മാത്രമായിരുന്നു അമൃതയെ കാത്തിരുന്നിരുന്നത്. ഇനിയും ജോലിക്കായി കാത്തിരുന്നാല്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരും എന്ന നിമിഷത്തിലാണ് സ്വന്തമായി എന്തെങ്കിലും ചെയ്ത് വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നത്.

”’അമ്മ നല്ല രുചികരമായ അച്ചാറുണ്ടാക്കുമായിരുന്നു. ഒരിക്കല്‍ അമ്മ ഉണ്ടാക്കിയത് കഴിച്ചിട്ടുള്ളവര്‍ എപ്പോള്‍ കണ്ടാലും അമ്മയുടെ പാചകത്തെ പ്രശംസിക്കുമായിരുന്നു. അങ്ങനെയാണ് അച്ചാര്‍ നിര്‍മാണം ചെയ്താലെന്താ എന്ന ചിന്തയുണ്ടാകുന്നത്. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ്, ഏത് വിധേനയും അച്ചാറുണ്ടാക്കാന്‍ എന്നെയും പഠിപ്പിക്കണം എന്ന് അമ്മയോട് പറഞ്ഞു. അമ്മ മറുത്തൊന്നും പറഞ്ഞില്ല. നൊന്ത് പ്രസവിച്ച കൊച്ച് ഏത് വിധേനയും ജീവിക്കാനുള്ള വക കണ്ടെത്തട്ടെ എന്ന തോന്നലിലാവാം അമ്മ എന്നെ പാചകം പരിശീലിപ്പിക്കുന്നത്,” അമൃത പറയുന്നു.


ഇതുകൂടി വായിക്കാം: “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


അമൃത ആദ്യമായുണ്ടാക്കിയത് നാരങ്ങാ അച്ചാറാണ്. അത് വിജയമായിരുന്നു. എങ്കിലും എങ്ങനെ വിപണി പിടിക്കും എന്ന ചിന്ത ബാക്കിയായി. അടുത്തുള്ള വീടുകളിലും കടകളിലും സാമ്പിള്‍ നല്‍കി. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയോടുള്ള അതൃപ്തി മനസ്സില്‍ സൂക്ഷിക്കുന്ന പലരില്‍ നിന്നും നല്ല പ്രതികരണമൊന്നും കിട്ടിയില്ലെങ്കിലും കടകളില്‍ ഏല്‍പ്പിച്ചിരുന്ന കുപ്പികള്‍ക്ക് ആവശ്യക്കാരെത്തി. അങ്ങനെ 2013-ല്‍ മൂന്നോ നാലോ കുപ്പി അച്ചാര്‍ വിറ്റുകൊണ്ടായിരുന്നു തുടക്കം. പിന്നീട് അച്ചാര്‍ നിര്‍മാണം പ്രൊഫഷനായിത്തന്നെയെടുത്തു.

മായമോ പ്രിസര്‍വേറ്റീവോ ചേരാത്ത അച്ചാറുകള്‍ കേരളം മുഴുവന്‍ എത്തിക്കാനാണ് അമൃത ഉദ്ദേശിക്കുന്നത്

കോതമംഗലത്താണ് അമൃതയുടെ കുടുംബ വീട്. കുടുംബ വീടിന്‍റെ ഭാഗമായിരുന്ന സമയത്താണ് അമൃത അച്ചാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നത്. നാരങ്ങയ്ക്ക് പുറമെ, മാങ്ങാ, നെല്ലിക്ക, ചൂര, ബീഫ്, ചെമ്മീന്‍ കൊഴുവ തുടങ്ങിയ അച്ചാറുകളും വിപണിയിലെത്തിച്ചു.

കോതമംഗലത്തെ ചെറിയ കടകള്‍ വഴിയായിരുന്നു ആദ്യകാലങ്ങളില്‍ വില്‍പന. അച്ചാറുകള്‍ ഉണ്ടാക്കി, സീല്‍ ചെയ്ത് ബോട്ടിലുകളിലാക്കി കടകളില്‍ അഞ്ചെണ്ണം വീതം നല്‍കും. ഒരാഴ്ചക്ക് ശേഷം കടകളില്‍ പോയി വിറ്റുപോയതിന്‍റെ കണക്കു നോക്കും. ലാഭത്തിന്‍റെ നിശ്ചിത ശതമാനം കടക്കാര്‍ക്ക് ലഭിക്കും. കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ കൂടുതല്‍ കടകളില്‍ നിന്നും അച്ചാറിന് ആവശ്യക്കാര്‍ എത്തി.

‘ഇപ്പോള്‍ കാക്കനാട്, കോതമംഗലം, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധകടകളില്‍ അച്ചാര്‍ വില്‍ക്കുന്നുണ്ട്. ഹോള്‍സെയില്‍ വിലക്കാണ് അച്ചാര്‍ വില്‍ക്കുന്നത്. എങ്ങനെ നോക്കിയാലും ലാഭമുള്ള ബിസിനസ് ആണിത്,’ അമൃത പറയുന്നു.

എക്സിബിഷനുകളിലൂടെയാണ് അമൃത ഉല്‍പന്നങ്ങള്‍ അധികവും വില്‍ക്കുന്നത്.

അമ്മ എന്നെ രണ്ട് തവണ പ്രസവിച്ചു

”എല്ലാ അമ്മമാരും തന്‍റെ മക്കളെ ഒരു വട്ടം മാത്രമാണ് പ്രസവിക്കുക. എന്നാല്‍ എന്‍റെ ‘അമ്മ എന്നെ രണ്ടു തവണ പ്രസവിച്ചു,’ അമൃത അമ്മയോടുള്ള സ്‌നേഹം മുഴുവന്‍ വാക്കുകളില്‍ ആക്കാന്‍ പണിപ്പെടുന്നു. ‘ഒന്ന് ശരീരം കൊണ്ടും മറ്റൊന്ന് മനസ്സുകൊണ്ടും.

‘ആണ്‍കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തിയ ആ അമ്മ തന്നെയാണ് എന്‍റെ പെണ്‍ശരീരത്തിലേക്കുള്ള യാത്രയില്‍ താങ്ങും തണലുമായത്. അച്ഛനമ്മമാര്‍ക്ക് ഒറ്റ മകളാണ് ഞാന്‍. എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തി. ആണ്‍ശരീരത്തിലെ പെണ്മനസിന്‍റെ വേദനകള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് മനസിലാക്കാന്‍ ശ്രമിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തത് അമ്മയാണ്. അമ്മയില്ലായിരുന്നെങ്കില്‍ ഇന്ന് അമൃതയില്ല.’

പ്രിസര്‍വേറ്റീവുകളോ കൃത്രിമ രാസവസ്തുക്കളോ ചേര്‍ക്കാത്തതുകൊണ്ട് തന്‍റെ അച്ചാറുകള്‍ ഏറെക്കാലം സൂക്ഷിച്ചുവെയ്ക്കാനാവില്ല എന്ന് അമൃത

അമൃതയും അമ്മയും ചേര്‍ന്നാണ് ഇപ്പോള്‍ അച്ചാറെല്ലാം ഉണ്ടാക്കുന്നത്.
‘അമ്മ പലതരം അച്ചാറുകള്‍ ഉണ്ടാക്കും. ഞാന്‍ പ്രധാനമായും മാര്‍ക്കറ്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച വിപണികളിലേക്ക് അമൃത പിക്കിള്‍സിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍,” അമൃതയ്ുടെ വാക്കുകളില്‍ നല്ല ആത്മവിശ്വാസമുണ്ട്.

കൂടെയുള്ളവര്‍ക്ക് ഒരു കൈത്താങ്ങ്

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളുടെ പുനരധിവാസം, ക്ഷേമം എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാര്‍ വരുമാനത്തിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചപ്പോള്‍ കാക്കനാട് കളക്ട്രേറ്റിനുള്ളില്‍ ഒരു ജ്യൂസ് സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള അവസരം 2016-ല്‍ അമൃതയെത്തേടിയെത്തി. അന്ന് മുതല്‍ വ്യത്യസ്തയിനം ജ്യൂസുകള്‍ ന്യായമായ വിലക്ക് ലഭ്യമാക്കുന്ന ഒരു ജ്യൂസ് സെന്‍ററിനും അമൃത നേതൃത്വം വഹിക്കുന്നു.

തന്നെപ്പോലുള്ള മറ്റുള്ളവര്‍ക്കും അതിന്‍റെ ഗുണം ലഭിക്കണം എന്നാണ് അമൃതയുടെ ആഗ്രഹം. അതിനാല്‍ ജ്യൂസ് സെന്‍ററില്‍ സഹായത്തിനായി നിര്‍ത്തിയിരിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളെ തന്നെയാണ്.

എക്‌സിബിഷനുകളിലെ സ്ഥിരം സാന്നിധ്യമാണ് അമൃത. അച്ചാറുകള്‍, ജ്യൂസ് എന്നിവ വിറ്റുപോകുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് അതെന്നാണ് അമൃത പറയുന്നത്. ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ അമൃത സ്വന്തം സംരംഭത്തെ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവ നഗരിയിലും അമൃത ജ്യൂസ് സ്റ്റാള്‍ ഇട്ടിരുന്നു.

”കുടുംബശ്രീക്ക് കീഴില്‍ നടക്കുന്ന എല്ലാ പരിപാടികളിലും ഞാന്‍ സ്റ്റാള്‍ ഇടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്. വൈറ്റില ഹബില്‍ കൃഷി ചെയ്യാന്‍ ഇടം കണ്ടെത്തി ഞങ്ങള്‍ കൃഷിയും ആരംഭിച്ചിട്ടുണ്ട്. ജില്ലാമിഷന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പയര്‍, വേണ്ട, ചീര തുടങ്ങിയവയാണ് ആദ്യഘട്ടം എന്ന നിലക്ക് കൃഷി ചെയ്യുന്നത്. ഇതിന്‍റെ വിജയം വിലയിരുത്തിയശേഷം കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്” അമൃത ഭാവി പദ്ധതികള്‍ വിവരിക്കുന്നു.

ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണ് അമൃതയുടെ പോളിസി. എല്ലുമുറിയെ പണിയെടുത്തിട്ടും വരുമാനം കുറഞ്ഞു പോയാല്‍ അതിന്‍റെ പേരില്‍ ആരെയും പഴി പറയാന്‍ തയ്യാറല്ല. കൂടുതല്‍ ലാഭം കിട്ടുന്നതിനായി ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം കാണിക്കാനും ഒരുക്കമല്ല. ദിവസവും ചുരുങ്ങിയത് 50 ബോട്ടില്‍ അച്ചാര്‍ വില്‍ക്കുന്നുണ്ട്. 80 രൂപ മുതല്‍ മുകളിലേക്കാണ് അച്ചാറിന്‍റെ വില.

”നല്ല സാധനങ്ങള്‍ മാത്രമാണ് ഞാന്‍ അച്ചാര്‍ നിര്‍മാണത്തിനായി വാങ്ങുന്നത്. അച്ചാറില്‍ ചേര്‍ക്കുന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, മസാലകള്‍ തുടങ്ങിയവ വീട്ടില്‍ തന്നെ പൊടിച്ചുണ്ടാക്കുകയാണ് ചെയ്യുന്നത്. മായം കലരാനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനായാണ് ഇത്. നാടന്‍ രീതിയില്‍ നിര്‍മിക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതാണ് എന്‍റെ അച്ചാറിന്‍റെ രുചിയുടെ രഹസ്യം. ഞാന്‍ ഉണ്ടാക്കുന്ന അച്ചാറുകള്‍ അധിക നാള്‍ സൂക്ഷിച്ചു വക്കാന്‍ കഴിയില്ല. പ്രിസര്‍വേറ്റിവുകള്‍ ഒന്നും തന്നെ ചേര്‍ക്കാത്തതിനാലാണ് അത്. വാങ്ങുന്ന പണത്തിന് കൃത്യമായ മൂല്യം തിരിച്ചു നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത,്” അമൃത പറയുന്നു.

താങ്ങും തണലുമായി സുമിത്ത്

അമൃതയും പങ്കാളി സുമിത്തും

ജീവിതത്തില്‍ അമ്മ കഴിഞ്ഞാല്‍ ഏറ്റവും വലിയ കരുത്ത് പങ്കാളിയായ സുമിത്ത് ആണെന്ന് അമൃത. “പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീ ശരീരത്തിലേക്കുള്ള രൂപമാറ്റം ഏറെ മാനസിക സംഘര്ഷങ്ങളുണ്ടാക്കിയ സമയത്ത് ഏക ആശ്രയം സുമിത്തായിരുന്നു. പൂര്‍ണമായും ഒരു സ്ത്രീയാകുന്നതിന്‍റെ രണ്ടാം ഘട്ട ചികിത്സയ്ക്കായി തയ്യാറെടുക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന പിന്തുണ മറക്കാനാവില്ല,” പങ്കാളിയോടുള്ള അളവറ്റ സ്‌നേഹം അമൃത തുറന്നുപറയുന്നു.

ഒരുമികച്ച ബ്രാന്‍ഡ് എന്ന നിലയിലേക്ക് അമൃത പിക്കിള്‍സിനെ വളര്‍ത്തണം. പല രുചികളിലുള്ള അച്ചാറുകള്‍ വിപണിയിലെത്തിക്കണം. കേരളമൊട്ടാകെയുള്ള വിപണികളില്‍ അത് വില്‍പനയ്‌ക്കെത്തിക്കണം. ഒരു സംരംഭക എന്ന നിലയില്‍ അമൃതയ്ക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്.


ഇതുകൂടി വായിക്കാം: വായു മലിനീകരണം തടയാന്‍ 140 രൂപയുടെ ഉപകരണം: വാഹനങ്ങളില്‍ നിന്നുള്ള പുക 40% കുറയ്ക്കാവുന്ന ഫില്‍റ്ററുമായി ശിവകാശിക്കാരന്‍


 

ഫോട്ടോകള്‍ക്ക് കടപ്പാട്: അമൃത, അമൃത നാച്വറല്‍ പിക്കിള്‍സ്/ ഫേസ്ബുക്ക്

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം