തുണികൊണ്ട് തന്നെ കൊതുകിനെ അകറ്റാം, വെറും 14 രൂപയ്ക്ക്; ദേശീയ ബാല്‍ ശക്തി പുരസ്കാരം നേടിയ 16-കാരിയുടെ കണ്ടുപിടുത്തം

തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് വസ്ത്രങ്ങള്‍ കൊണ്ടുതന്നെ കൊതുകിനെ ചെറുക്കുന്ന വിദ്യയാണ് സുനീത മുന്നോട്ടുവെയ്ക്കുന്നത്. അതും വെറും 14 രൂപ ചെലവില്‍!

നിപയും കൊറോണയുമൊക്കെ വലിയ ഭീതിവിതച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. ഇതിനിടയിലും മറ്റൊരു പകര്‍ച്ചവ്യാധി ഇന്‍ഡ്യയിലിപ്പോഴും എല്ലാ വര്‍ഷവും നിശ്ശബ്ദമായി നാശം വിതച്ചുകൊണ്ടേയിരിക്കുന്നു–ഡെങ്കിപ്പനി.

ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ വെക്റ്റര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍റെ 2019-ലെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെ 67,377 പേര്‍ക്ക് ഡെങ്കി ബാധിച്ചു. അതില്‍ 48 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

ഏറ്റവും കൂടുതല്‍ രോഗബാധ കര്‍ണ്ണാടകയിലായിരുന്നു–12,756 കേസുകള്‍. കേരളത്തില്‍ 3,075 കേസുകള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡെങ്കി ഭീതി മുതലെടുത്ത് രാജ്യത്ത് വിറ്റുപോകുന്ന കൊതുകുതിരികള്‍ക്കും സ്‌പ്രേകള്‍ക്കും കോയിലുകള്‍ക്കും മറ്റും കയ്യും കണക്കുമില്ല.

കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. (Image source: Pixabay.com)

എന്നാല്‍ ഇവ എത്രമാത്രം ഫലപ്രദമാണെന്നത് തര്‍ക്കവിഷയമാണ്.

ഡെങ്കി ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുതന്നെയാണ് സുനീത മൂര്‍ജെ പ്രഭു എന്ന 16-കാരി കൊതുകിനെത്തുരത്താന്‍ പുതിയൊരു വിദ്യയുമായി എത്തിയത് എന്നത് യാദൃച്ഛികമാവാം.

തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് വസ്ത്രങ്ങള്‍ കൊണ്ടുതന്നെ കൊതുകിനെ ചെറുക്കുന്ന വിദ്യയാണ് സുനീത മുന്നോട്ടുവെയ്ക്കുന്നത്. അതും വെറും 14 രൂപ ചെലവില്‍!

ഈ പുതുമയുള്ള കണ്ടുപിടുത്തത്തിന് സുനീതയെ പ്രസിദ്ധമായ ബാല്‍ ശക്തി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തിലായിരുന്നു പുരസ്‌കാര വിതരണം. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് നല്‍കുന്നത്.

മാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന സുനീത വ്യവസായിയായ വിവേകാനന്ദ പ്രഭുവിന്‍റെയും ശന്തള പ്രഭുവിന്‍റെയും മകളാണ്. ഉജിറെയിലെ എസ് ഡി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം ഇപ്പോള്‍ മാംഗ്ലൂരിലെ സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലേണിങ്ങില്‍ പഠിക്കുന്നു.

സുനീത പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

“ഞാനൊരു സയന്‍സ് പ്രേമിയാണ്,” സുനീത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “ശാസ്ത്രത്തിന്‍റെ അല്‍ഭുതങ്ങള്‍ എന്നെ എപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. ഞാന്‍ രാജ്യത്തും വിദേശത്തും ഒരുപാട് സയന്‍സ് എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ”

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ രാജ്യത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സുനീത വായിച്ചറിയുന്നത്. രാജ്യത്ത് ഡെങ്കി ബാധിക്കുന്നവരുടെ എണ്ണം അവളെ വിഷമിപ്പിച്ചു. കൊതുകിനെ നശിപ്പിക്കാന്‍ വിപണിയിലുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചെല്ലാം അവള്‍ പഠിച്ചു.

കൊതുകുതിരികളും കോയിലുകളും സ്‌പ്രേകളുമെല്ലാം കൊതുകുകളെ കുറച്ചു സമയത്തേക്ക് തുരത്തുമെങ്കിലും പരിഹാരം താല്‍ക്കാലികം മാത്രമാണെന്ന് സുനീത മനസ്സിലാക്കി. ഉദാഹരണത്തിന് കൊതുകിനെ പ്രതിരോധിക്കാനുള്ള സ്‌പ്രേകളും ലോഷനുകളും നാലോ അഞ്ചോ മണിക്കൂര്‍ കൂടുമ്പോള്‍ വീണ്ടും ഉപയോഗിക്കണം.

“കൊതുകിനെതിരെ ഇപ്പോള്‍ ഉപയോഗിക്കുന്ന പലതിനുമെതിരെ അവ പ്രതിരോധശേഷി നേടുന്നതുവരെ മാത്രമേ അത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പലപ്പോഴും ഉപകാരമുള്ളൂ. അതുകൊണ്ട് കൂടുതല്‍ ഫലപ്രദവും ചെലവുകുറഞ്ഞതുമായ ഒരു പരിഹാരമാണ് ഞാന്‍ അന്വേഷിച്ചത്,” സുനീത പറയുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുനീതയ്ക്ക് അതിനെപ്പറ്റിയുള്ള ഗവേഷണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. അതിന് സഹായിച്ചത് പൂനെയില്‍ നിന്നുള്ള സഞ്ജീവ് ഹോത്ത ആണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ വെച്ച്  വെച്ചാണ് സഞ്ജീവിനെ പരിചയപ്പെടുന്നത്. അന്നുമുതല്‍ അവര്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.

സുനീത

സഞ്ജീവിന് അവന്‍റെ അച്ഛന്‍ ഒരുദിവസം അവന്‍റെ പേര് പ്രിന്‍റ് ചെയ്ത ഒരു തുണി സമ്മാനിച്ചിരുന്നു. പല തവണ കഴുകിയിട്ടും ആ പ്രിന്‍റ് മാഞ്ഞില്ല എന്നത് സഞ്ജീവിനെ അല്‍ഭുതപ്പെടുത്തി.

“ഞങ്ങള്‍ അതിനെക്കുറിച്ച് പഠിച്ചപ്പോള്‍ ഒരു പ്രത്യേകതരം ഡൈ പരുത്തിത്തുണിയില്‍ ഏറെക്കാലം മായാതെ നില്‍ക്കുമെന്ന് മനസ്സിലായി. അതേ ഡൈ തന്നെ കൊതുകി തുരത്താനുള്ള സൊല്യൂഷനുമായും ചേര്‍ന്നുപോകുമെന്ന് മനസ്സിലായി. അങ്ങനെയാണ് സ്വാഭാവികമായി തന്നെ കൊതുകുകളെ അകറ്റുന്ന തുണികളുണ്ടാക്കാന്‍ ഈ ഡൈ ഉപയോഗിക്കാന്‍ കഴിയുമോയെന്ന അന്വേഷണം ഞങ്ങള്‍ തുടങ്ങുന്നത്,” സുനീത പറഞ്ഞു.


ഇതുകൂടി വായിക്കാം: ആക്രിയും മദ്യക്കുപ്പികളും പെറുക്കി ഈ ബി എഡ് വിദ്യാര്‍ത്ഥി നേടുന്നത് മാസം 40,000 രൂപ


രണ്ടുപേരും ചേര്‍ന്ന് ഒരു സൊല്യൂഷന്‍ വികസിപ്പിക്കുകയും അത് പൂനെയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുകേഷന്‍ ആന്‍റ് റിസേര്‍ച്ചിലും (IISER) പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലാബറട്ടറിയിലും പരിശോധിച്ച് ഫലം ഉറപ്പുവരുത്തുകയും ചെയ്തു.

2018 ഡിസംബറില്‍ സുനീതയും സഞ്ജീവും അവരുടെ ആശയം ഡെല്‍ഹിയില്‍ നടന്ന ഇനിഷ്യേറ്റീവ് ഫോര്‍ റിസേര്‍ച്ച് ആന്‍റ് ഇന്നവേഷന്‍ ദേശീയ എക്‌സിബിഷനില്‍ അവതരിപ്പിച്ചു. ആ മേളയിലെ ഗ്രാന്‍റ് പ്രൈസും നേടി. അത് അവര്‍ക്ക് വലിയ പ്രചോദനമായിരുന്നു. പല വിദഗ്ധരും മെന്‍റേഴ്സും അവരുടെ ആശയം രാജ്യാന്തര തലത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്നതില്‍ പരിശീലനം നല്‍കി.

ഇന്‍ഡ്യയിലും വിദേശത്തും പല സയന്‍സ് മേളകളിലും സുനീതയും സഞ്ജീവും അവരുടെ കണ്ടുപിടുത്തം അവതരിപ്പിച്ചു

അമേരിക്കയില്‍ നടക്കുന്ന വാര്‍ഷിക ഇന്‍റര്‍നാഷണല്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിങ്ങ് ഫെയറില്‍ 2019 മെയില്‍ അവര്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നാഷണല്‍ പ്രീ-കോളെജ് സയന്‍സ് കോംപെറ്റീഷനാണ് അത്.
അപ്പോഴേക്കും അവരുടെ കണ്ടുപിടുത്തം ഏറെ മെച്ചപ്പെടുത്തിയിരുന്നു.

“ആദ്യഘട്ടം ഇത് കൊതുകുകള്‍ക്കെതിരെ എത്രമാത്രം ഫലപ്രദമാണ് എന്ന് തെളിയിക്കുകയെന്നതായിരുന്നു. ഇതിനായി ഗവേഷണാവശ്യങ്ങള്‍ക്കായി കൊതുകുകളെ വളര്‍ത്തുന്ന ഒരു എന്‍റോമോളജിസ്റ്റിനെ ഞങ്ങള്‍ സമീപിച്ചു. അതിന് ശേഷം കൊതുകിനെതിരെയുള്ള പ്രതിരോധ ശേഷി നശിച്ചുപോകാതെ ഈ തുണി എത്ര തവണ കഴുകാന്‍ കഴിയും എന്ന് ഉറപ്പുവരുത്തണമായിരുന്നു. നാല്‍പത് തവണ വരെ കഴുകാം എന്ന് മനസ്സിലായി. ഞങ്ങള്‍ പിന്നീട് ടെക്‌സ്റ്റൈല്‍ മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ടു. അവരുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്ക് വളരെ ആവേശം പകരുന്നതായിരുന്നു. മറ്റ് തരം തുണിത്തരങ്ങളിലും ഇത് പരീക്ഷിച്ചുനോക്കാനുള്ള ധൈര്യം അതു നല്‍കി. ഇപ്പോള്‍ പരുത്തിത്തുണികളില്‍ മാത്രമാണ് ഞങ്ങള്‍ അത് പരീക്ഷിച്ചുവിജയിച്ചത്,” സുനീത വിശദമാക്കുന്നു.

വെറും 14 രൂപ ചെലവില്‍ കൊതുകിനെ ഓടിക്കാനുള്ള ഗുണങ്ങള്‍ പരുത്തിവസ്ത്രങ്ങളില്‍ ചേര്‍ക്കാമെന്ന് സുനീത കൂട്ടിച്ചേര്‍ക്കുന്നു.

പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് ഞങ്ങളിത് ഉണ്ടാക്കിയത്. ഈ കണ്ടുപിടുത്തം പേറ്റന്‍റ് ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. കുറഞ്ഞ ചെലവില്‍ ഈ കൊതുകുനിയന്ത്രണമാര്‍ഗ്ഗം സാധാരണക്കാരിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സര്‍വ്വസാധാരണമായാല്‍ കൊതുകുകള്‍ പരത്തുന്ന രോഗങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങളെ രക്ഷിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

സഞ്ജീവിനും സുനീതയ്ക്കും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കൂടുതല്‍ കണ്ടുപിടുത്തങ്ങളിലേക്ക് ഭാവിയില്‍ വളരാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.


ഇതുകൂടി വായിക്കാം: ലിറ്ററിന് 6 പൈസക്ക് വായുവില്‍ നിന്ന് കുടിവെള്ളം, വിറകടുപ്പില്‍ നിന്ന് വൈദ്യുതി: ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം