ജൂനി റോയ്

‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന്‍ പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്

നല്ല ആരോഗ്യം കഴിക്കുന്ന പാത്രങ്ങളിൽ നിന്നും തുടങ്ങുന്നു എന്നാണ് ജൂനി പറയുന്നത്.

“ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. അന്നൊന്നും അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഭൂമി ഇന്നത്തെ അവസ്ഥയിലെന്ന പോലെ ആയിരുന്നില്ല,” കോഴിക്കോടുനിന്നുള്ള സംരംഭക ജൂനി റോയ് പറയുന്നു.
“കുറച്ചെങ്കിലും പച്ചപ്പുണ്ടായിരുന്നു… ഇന്ന് ഭൂമിയുടെ അവസ്ഥ കണ്ടാൽ സഹിക്കാൻ കഴിയില്ല. ഓരോ കിലോ മീറ്റർ ചുറ്റളവിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടിൽ.

വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

“പലയിടത്തേക്കും യാത്ര പോകുമ്പോൾ അത്തരം കാഴ്ചകൾ മനസ്സിന് അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങി. പിന്നീട് ഭൂമിയുടെ നിലനിൽപിന് ഒരു ചെറിയ കാര്യമെങ്കിലും ചെയ്‌തേ മതിയാകൂ എന്നായി. എവിടെ നിന്ന് തുടങ്ങണം എന്ന സംശയമേ ഉണ്ടായിരുന്നുള്ളു,” ജൂനി റോയ് താൻ വന്ന വഴികളെ കുറിച്ച് ദ് ബെറ്റർ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

ജൂനി റോയ്

കോഴിക്കോട് നടക്കാവ് സ്വദേശിയും ‘ഉർവി ഇക്കോവെയർ’ സംരംഭത്തിന്‍റെ ഉടമയുമാണ് ജൂനി.

പ്രകൃതിയെക്കുറിച്ച് മാത്രമല്ല ആരോഗ്യത്തെക്കുറിച്ചു ഏറെ വേവലാതിപ്പെടുന്ന ഒരാള്‍ കൂടിയാണ് അവര്‍. നല്ല ആരോഗ്യം കഴിക്കുന്ന പാത്രങ്ങളിൽ നിന്നും തുടങ്ങുന്നു എന്നാണ് ജൂനി പറയുന്നത്.
“കല്യാണ സല്കാരത്തിനും കൂട്ടായ്മകള്‍ക്കും പോയാലും അവിടെ ‘ഡിസ്പോസിബിൾ പ്ലേറ്റ്’ എന്ന തളികയിലാണ് ഭക്ഷണം വിളമ്പുക. നല്ല ആവി പറക്കുന്ന ഇറച്ചിക്കറിയും, നെയ്ച്ചോറും, കുത്തരിച്ചോറും സാമ്പാറും എന്തുമായിക്കോട്ടെ, ചൂടോടെ ഈ പ്ലേറ്റുകളിലേക്ക് വിളമ്പും. നമ്മൾ കഴിച്ചു പ്ലേറ്റ് വൃത്തിയായി ദൂരേക്കെറിയും. അത് കത്തിക്കുകയോ കുമിഞ്ഞു കൂടി കിടക്കുകയോ ചെയ്യും.”

എന്നാൽ ഈ പേപ്പർ പ്ലേറ്റുകളില്‍ അധികവും പൂർണമായും പേപ്പര്‍ അല്ല എന്നാണ് അവര്‍‍ ചൂണ്ടിക്കാട്ടുന്നത്. “അതിനു മുകളിലും താഴെയുമായി പ്ലാസ്റ്റിക് കൊണ്ട് ആവരണം ഉണ്ടാകും. ചൂടോടെ ഭക്ഷണ പദാർഥങ്ങൾ അതിലേക്ക് വിളമ്പുന്നത് വഴി പ്ലാസ്റ്റിക്കുമായി കഴിക്കുന്ന ഭക്ഷണത്തിനു ബന്ധം വരുന്നു.”


ഇത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും ഭീഷണിയാണെന്ന് ജൂനി മുന്നറിയിപ്പ് നല്‍കുന്നു.


കരിമ്പിന്‍ പള്‍പ് കൊണ്ടുള്ള പ്ലേറ്റുകള്‍
കൺസ്ട്രക്ഷൻ കമ്പനി നോക്കി നടത്തിയിരുന്ന ജൂനി കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കാനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മക്കളുടെ വിദ്യാഭ്യാസത്തിലും കുടുംബ കാര്യങ്ങളിലും ഒതുങ്ങി. അപ്പോഴും അവരുടെ മനസ്സില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നം അണയാതെ നിന്നു.

“നിർമ്മാണ രംഗത്ത് ബിസിനസ് നടത്തിയത് പാർട്ണർഷിപിൽ ആയിരുന്നു. പിന്നീട് സ്വന്തമായി ഒരു സംരംഭം എന്നത് എന്‍റെ ആഗ്രഹമായിരുന്നു. മക്കളെ ശ്രദ്ധിക്കാനായി കുറച്ചു കാലം തൊഴിൽ മേഖലയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അവർ കുറച്ചു പ്രാപ്തി ആയി കഴിഞ്ഞപ്പോൾ ആണ് അടുത്ത സംരംഭത്തിനായി ഒരുങ്ങുന്നത്.


ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്

“ഇനി എന്ത് ചെയ്യുകയാണെങ്കിലും അത് പ്രകൃതിക്കും സമൂഹത്തിനും ഒരുപോലെ ഉപയോഗപ്പെടുന്നതാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു,” ജൂനി പറയുന്നു.

“ആ സമയത്താണ് പേപ്പർ പ്ലേറ്റ് എന്ന് പരക്കെ അറിയപ്പെടുന്ന പ്ലേറ്റുകൾ പൂർണമായും പേപ്പർ അല്ല എന്ന് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് അതിൽ നിന്ന് തന്നെ തുടങ്ങാമെന്ന് തീരുമാനിക്കുന്നത്.”

ജൂനി റോയ്
പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം എന്തുണ്ട് എന്ന അന്വേഷണമായിരുന്നു പിന്നീട്.
“അങ്ങനെയാണ് കരിമ്പിന്‍ പൾപ്പ് കൊണ്ട് പ്ലേറ്റും ഗ്ലാസും സ്പൂണുകളും ബൗളുകളും കണ്ടയ്നർകളും ഉണ്ടാക്കുന്നതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്. കേട്ടപ്പോൾ തന്നെ  വളരെ താല്പര്യമായി. അതാകുമ്പോള്‍ ആകുമ്പോൾ ഭൂമിയിലേക്ക് ചേരാൻ അധികം കാലതാമസം ഉണ്ടാവുകയുമില്ല. തീർത്തും ഇക്കോ ഫ്രണ്ട്‌ലി. പിന്നെ ഒന്നും ആലോചിച്ചില്ല, ‘ഉർവി ഇക്കോവെയർ’ എന്ന പേരിൽ കരിമ്പിൻ തളികകളുടെയും മറ്റും വിതരണം ഏറ്റെടുത്തു പ്രവർത്തിക്കാൻ തുടങ്ങി,” ജൂനി വിശദമാക്കി.

നീരെടുത്തു ബാക്കി വരുന്ന കരിമ്പിന്‍ ചണ്ടി പൾപ്പ് രൂപത്തിലാക്കി ഉയർന്ന താപനിലയും സമ്മർദ്ദവും നൽകി രൂപപെടുത്തിയെടുക്കുന്നതാണ് ഓരോ പാത്രങ്ങളുമെന്ന് അവര്‍ പറഞ്ഞുതന്നു. നിർമ്മാണ രീതി ലളിതമാണെന്ന് മാത്രമല്ല പ്രകൃതിക്ക് യാതൊരു ദോഷവുമില്ല. രണ്ടു മാസത്തിനുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും.

ഉര്‍വി ഇക്കോവെയേഴ്സിന്‍റെ ഷോറൂം… കരിമ്പിന്‍ ചണ്ടി കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും കാണാം
ഡൽഹിയിൽ നിന്നുമാണ് കരിമ്പിന്‍ പള്‍പ്പ് കൊണ്ടുള്ള ഉല്പന്നങ്ങൾ ഇവിടെയെത്തിച്ചു വിതരണം ചെയ്യുന്നത്. കേരളത്തിലെങ്ങും ഇന്ന് ഉർവി എക്കോവയർ ഉത്പന്നങ്ങൾ കിട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് നേരിട്ട് ഷോറൂമില്‍ നിന്നും വാങ്ങാം. ദൂരെയുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കും.
“എന്ത് സൽക്കരമായാലും ടൺ കണക്കിന് മാലിന്യം ഭൂമിക്ക് ബോണസ് ആയി ഇരിക്കട്ടെ എന്ന ഗതിയിലാണ് കാര്യങ്ങൾ പോകുന്നത്. ആരോഗ്യപ്രശ്നങ്ങൾ വേറെയും. വരുമാന മാർഗം എന്നതിലുപരി ഇതിൽ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്.

“എന്‍റെ വീട്ടിൽ എന്ത് വിശേഷം ഉണ്ടായാലും ഞാൻ കരിമ്പിൻ പാത്രങ്ങൾ തന്നെയാണ് ഉപയോഗിക്കുക. നമ്മൾ ഉപയോഗിച്ചു മറ്റുള്ളവർക്കും പ്രചോദനം ആകുമെങ്കിൽ ആകട്ടെ… അത്രയെങ്കിലും നമ്മുടെ ഭൂമി രക്ഷപ്പെടുമല്ലോ,” ജൂനി പറയുന്നു.

ഉർവിയിൽ കരിമ്പിൻ പാത്രങ്ങൾ മാത്രമല്ല മുള കൊണ്ടുള്ള ഉല്‍പന്നങ്ങളും  മൺപ്രാത്രങ്ങളും ഒക്കെയുണ്ട്.  ആർത്തവകാലം എളുപ്പമാക്കാൻ വിപണിയിൽ എത്തിയ മെൻസ്ട്രൽ കപ്പുകൾ, നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള തുണി കൊണ്ടുള്ള നാപ്കിനുകൾ ഇങ്ങനെ പോകുന്നു ജൂനിയുടെ ഉല്പന്നങ്ങൾ.
കുഞ്ഞുങ്ങള്‍ക്കായുള്ള കോട്ടണ്‍ നാപ്കിനുകള്‍.
“മെൻസ്ട്രൽ കപ്പുകൾക്ക് ആവശ്യക്കാരേറെയാണ് ഇന്ന്. നാപ്കിനുകളാകട്ടെ, നമ്മുടെ പ്രിയപ്പെട്ടവർക്ക് പിഞ്ചോമന ഉണ്ടായാൽ കൊടുക്കാൻ ഉത്തമമാണ്. നല്ല കോട്ടൺ തുണി വാങ്ങി പറഞ്ഞു തൈപ്പിച്ചെടുക്കുന്നതാണ് അവ. കുഞ്ഞിന്‍റെ ആരോഗ്യത്തിനും കോട്ടൺ നാപ്കിനുകളാണ് നല്ലത്. വലിച്ചെറിയപ്പെടുന്ന ഡയപ്പറുകൾ ഒരു പരിധി വരെ ഇതിലൂടെ കുറയ്ക്കുകയും ചെയ്യാം,” എന്ന് ജൂനി.
അധികമാരും കൈവെയ്ക്കാത്ത മേഖലയായതുകൊണ്ടും കേരളത്തില്‍ കരിമ്പിന്‍ പള്‍പ്പുകൊണ്ടുള്ള പാത്രങ്ങള്‍ അത്ര ജനകീയമല്ലാത്തതുമൊക്കെ വെല്ലുവിളിയുണ്ടാക്കുന്നുണ്ടെന്ന് അവര്‍ തുറന്നുപറയുന്നു.
“ഒന്നും എളുപ്പമല്ല. എല്ലാത്തിനും അതിന്‍റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. കൈയിൽ ഉണ്ടായിരുന്ന കുറച്ചു പണവും മുദ്ര ലോണും ചേർത്താണ് ഉർവിയിലേക്ക് ഞാൻ കാലെടുത്തുവെക്കുന്നത്.  തുടക്കക്കാലത്ത് ഒരുപാട് പേർ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്ലാസ്റ്റിക് ഭരിക്കുന്ന ഈ ലോകത്തു പ്രകൃതി സൗഹാർദ്ദ ഉല്‌പന്നങ്ങളുമായി എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് ചോദിച്ചവരുണ്ട്. ഇതിൽ നിന്നും എന്ത് ആദായം കിട്ടാനാണെന്നും പറഞ്ഞവരുണ്ട്. എന്നാൽ ഇതിൽ നിന്നൊന്നും ആദായം പ്രതീക്ഷിച്ചല്ല ഇറങ്ങി തിരിച്ചത്,” എന്ന്  ജൂനി ആവര്‍ത്തിക്കുന്നു.
കരിമ്പിൻ പാത്രങ്ങൾ മറ്റുള്ള പേപ്പർ പത്രങ്ങളേക്കാൾ വില കൂടുതൽ ആണോ എന്നായിരുന്നു എന്‍റെ സംശയം.
“കരിമ്പിൻ പത്രങ്ങൾ വലിപ്പമനുസരിച്ചു രണ്ടര രൂപ മുതൽ ഏഴര രൂപ വരെ വില വരുന്നുണ്ട്. ഇതിന്‍റെ ഗുണങ്ങളെ കുറിച്ചു അറിഞ്ഞു വരുന്നവർ വീണ്ടും ഓർഡർ നല്കുന്നുണ്ടെന്നുള്ളതാണ്  ഏറ്റവും വലിയ പ്രചോദനം,” ജൂനി പറഞ്ഞു.
ആദ്യ കാലങ്ങളിൽ സാമ്പത്തികമായി വെല്ലുവിളി തന്നെയായിരുന്നുവെന്ന് ജൂനി ഓര്‍ക്കുന്നു. വരവും ചെലവും ഒക്കാത്ത അവസ്ഥ. എങ്കിലും അവര്‍ പിന്മാറിയില്ല.
“ഇപ്പോൾ മികച്ച വരുമാനമാർഗ്ഗമായി മാറി കഴിഞ്ഞിരിക്കുന്നു. ഒരു സംരംഭം ആരംഭിക്കുമ്പോൾ തുടക്കം ക്ലേശകരമാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ ഒന്നും തളരാതെ നമ്മുടെ കഴിവിനെ വിശ്വസിച്ചു മുന്നോട്ട് പോയാൽ വിജയം നമ്മെത്തേടി എത്തും എന്ന് തന്നെയാണ് എന്‍റെ അനുഭവം.
ജൂനി റോയിയും കുടുംബവും

കുടുംബത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണ തരുന്ന ഊർജവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് ജൂനി.

“വീട്ടിൽ എല്ലാവരും നല്ല സപ്പോർട്ട് ആണ്. ഭർത്താവ് റോയ് പോലീസ് ഉദ്യോഗസ്ഥനാണ്. രണ്ടു പെൺകുട്ടികളാണ് ഞങ്ങൾക്ക്. ഒരാൾ എംബിബിഎസ്‌ അവസാന വർഷം പഠിക്കുന്നു. ഇളയ മോൾ പത്താം ക്ലാസ്സിലാണ്. വീട്ടിൽ എല്ലാവരും മുതിർന്നവരായത് കൊണ്ട് തന്നെ ഞാൻ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും മറ്റും അവർക്ക് നല്ല ബോധ്യമുണ്ട്. അവർ കട്ടക്ക് കൂടെയുണ്ട് എന്നുള്ളതാണ് എന്‍റെ ബലവും,” ജൂനി പറഞ്ഞു നിർത്തി.


ഇതുകൂടി വായിക്കാം: കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്‌ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം; മുംബൈയിലെ ചേരിയില്‍ സ്‌കൂള്‍, ഉഗാണ്ടയിലും സേവനം


സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം