തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം

ഇനിയും പഠിച്ചാല്‍ വയറു നിറയില്ലെന്നു മനസിലായപ്പോള്‍ മനോഹരന്‍ അഞ്ചാം ക്ലാസ്സില്‍ പഠിപ്പ് നിര‍്ത്തി പണിക്കുപോയിത്തുടങ്ങി. കുരുമുളക് നുള്ളലായിരുന്നു ആദ്യം. പിന്നെ പുരകെട്ടാനും വേലികെട്ടാനുമൊക്കെ പോയി തുടങ്ങി. അന്ന് പഠിച്ച കുട്ടനെയ്ത്ത് പിന്നെ അദ്ദേഹം പ്രകൃതിക്കായി പ്രയോജനപ്പെടുത്തി. 

യരം കൂടുന്തോറും ഗുണം കൂടുന്നത് പരസ്യത്തില്‍ മാത്രമേയുള്ളൂ. മുകളിലിരുന്ന് താഴേക്ക് നോക്കിയാലറിയാം ഭൂമിയുടെ ശരിക്കുള്ള അവസ്ഥ, മനുഷ്യരുടെയും.

ഒരു ദിവസം തെങ്ങിന്‍റെ മണ്ടയില്‍ ഇരിക്കുമ്പോഴാണ് മലപ്പുറം എടപ്പാള്‍ സ്വദേശി നടുവട്ടം കടയംകുളംങ്കര വീട്ടില്‍ മനോഹരന് അങ്ങനെയൊരു തോന്നലുണ്ടായത്. ആ ഉയരത്തിലിരുന്നപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ഭീകരരൂപം അദ്ദേഹം ശരിക്കുമൊന്ന് കണ്ടത്.


ടയര്‍ അപ്സൈക്കിള്‍ ചെയ്തെടുത്ത ലാപ്ടോപ് ബാഗുകള്‍, ബാക്ക്പാക്കുകള്‍. കാണാം: Karnival.com

നിങ്ങള്‍ ഊഹിച്ചതുപോലെ മനോഹരന്‍ ഒരു തേങ്ങാവെട്ടുകാരനാണ്. അയല്‍ക്കാരുടെ പുരയിടങ്ങളില്‍ നിന്ന് തേങ്ങാ പിരിച്ചുകൊടുക്കും; അത് അദ്ദേഹത്തിന്‍റെ ജീവിതമാര്‍ഗ്ഗമാണ്.

മനോഹരന്‍

”ഒരിക്കല്‍ തേങ്ങ പിരിയ്ക്കാന്‍ തെങ്ങിന്‍ മുകളില്‍ കയറിയപ്പോള്‍ താഴേയ്ക്കൊന്നു നോക്കിയ ഞാന്‍ ശരിക്കും ഞെട്ടി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞൊരു ഭൂമി. അപ്പോഴാണ് പ്ലാസ്റ്റിക് ഭൂമിക്കുണ്ടാകുന്ന ദോഷം വളരെ വലുതാണെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. പിന്നെ എങ്ങനെ പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം നടത്താന്‍ കഴിയുമെന്ന് ആലോചിച്ചു. ആ ചിന്തയിലൂടെയാണ് എന്നാല്‍ കഴിയുന്ന ഒരാശയം മനസിലെത്തുന്നത്.

“ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് വള്ളികളും കുപ്പികളും കത്തിച്ചു കളയുന്നതിനു പകരമായി അവ കൊണ്ട് ഉപയോഗപ്രദമായ സാമഗ്രികള്‍ ഞാന്‍ നിര്‍മ്മിച്ചു തുടങ്ങി,” മനോഹരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പ്ലാസ്റ്റിക് ഉപയോഗിച്ച് പൂവട്ടിയും കൊട്ടയും മുറവുമെല്ലാം മനോഹരന്‍ നിര്‍മ്മിക്കുന്നത് ഉപജീവനത്തിനല്ല. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വള്ളികള്‍ ഒഴിവു സമയങ്ങളില്‍ ഉപയോഗിക്കാവുന്ന മനോഹരമായ വസ്തുക്കളാക്കി മാറ്റുകയാണ് അദ്ദേഹം. ടൈല്‍സ്, വലിയ സാധനങ്ങള്‍ എന്നിവ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് വള്ളികള്‍ ശേഖരിച്ച് കുട്ട, മുറം എന്നിവ നിര്‍മ്മിച്ചായിരുന്നു മനോഹരന്‍റെ തുടക്കം.

മോഹനന്‍ പണിപ്പുരയില്‍

”പത്തു പതിനേഴു കൊല്ലം മുന്‍പാണ് ഞാനിങ്ങനെയൊരു പ്രവര്‍ത്തനം ആരംഭിക്കുന്നത്. തെങ്ങിന്‍റെ മുകളില്‍ വെച്ചെനിക്കുണ്ടായ തിരിച്ചറിവ് താഴെയിറങ്ങിയതു മുതല്‍ ഞാന്‍ ചെയ്തുതുടങ്ങി. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. വീടുപണിയൊക്കെ നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് വള്ളികള്‍ കൂട്ടിയിട്ടു കത്തിക്കും. അങ്ങനെ ചെയ്യരുതെന്ന് ആരോടു പറഞ്ഞാലും അവര്‍ കേള്‍ക്കാറില്ല.”

അതിനൊരു പരിഹാരം തേടിയപ്പോഴാണ് കുട്ടയും മുറവുമൊക്കെ ഉണ്ടാക്കാമെന്ന് വെച്ചതെന്ന് അദ്ദേഹം തുടരുന്നു. “നാടുനീളെ നടന്ന് പ്ലാസ്റ്റിക് വള്ളികളും കുപ്പികളും മറ്റും ശേഖരിക്കുകയായിരുന്നു ആദ്യ പടി. അതൊക്കെ വീട്ടില്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കിയെടുക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ഒരു പ്രത്യേക രീതിയില്‍ വള്ളി പോലെ വെട്ടിയെടുക്കും. എന്നിട്ടാണ് പല സാധനങ്ങളും ഉണ്ടാക്കിയെടുക്കുന്നത്.”


ഇതുകൂടി വായിക്കാം: ആക്രിയും മദ്യക്കുപ്പികളും പെറുക്കി ഈ ബി എഡ് വിദ്യാര്‍ത്ഥി നേടുന്നത് മാസം 40,000 രൂപ


മനസ്സിലൊരു ഐഡിയ വെച്ച് ചെയ്തുനോക്കിയും പലതവണ മാറ്റിപ്പണിതുമൊക്കെയാണ് ഇത് ശരിയാക്കിയെടുത്തതെന്ന് അദ്ദേഹം പറയുന്നു. പുതിയ ഡിസൈന്‍ പരീക്ഷിക്കുകയും ചെയ്തു. അങ്ങനെ കുട്ടയും മുറവുമെന്നതില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടതും പ്രയോജനമുള്ളതുമായ ഉല്‍പന്നങ്ങള്‍ മെനഞ്ഞെടുക്കാന്‍ തുടങ്ങി– പായ, പരമ്പ്, വട്ടമുറം, കൊമ്പ് മുറം, തൊപ്പിക്കുട, പൂവട്ട, തൊപ്പി തുടങ്ങി ഒരുപാട് തരം.

പ്ലാസ്റ്റിക് പരമാവധി മാലിന്യമലയില്‍ ചെന്നടിയാതിരിക്കാനാണ് മനോഹരന്‍ ശ്രമിക്കുന്നത്.

“എനിക്കിതാരും പഠിപ്പിച്ചു തന്നതൊന്നുമല്ല. ഒരവസരം വന്നപ്പോള്‍ സ്വയം പഠിച്ചെടുത്തു,” എന്ന് മനോഹരന്‍. ഈ വിദ്യകള്‍ ആര്‍ക്കും സൗജന്യമായി പഠിപ്പിച്ചുകൊടുക്കാനും അദ്ദേഹം എപ്പോഴും റെഡിയുമാണ്.

”അച്ഛനു കൂലിപ്പണിയായിരുന്നു. അഞ്ചു മക്കളായിരുന്നു ഞങ്ങള്‍. വീട്ടില്‍ മിക്കവാറും മുഴുപ്പട്ടിണി. വളരെ കഷ്ടപ്പെട്ട് അഞ്ചാം ക്ലാസ് വരെ പഠിച്ചു. ഇനിയും പഠിച്ചാല്‍ വയറു നിറയില്ലെന്നു മനസിലാക്കിയ ഞാന്‍ ജോലിക്കു പോയി തുടങ്ങി. കാരണം കുടുംബത്തിലെ പ്രാരാബ്ധം അത്രയേറെ ആയിരുന്നു. കുരുമുളക് നുള്ളലായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നെ പുരകെട്ടാനും വേലികെട്ടാനുമൊക്കെ പോയി തുടങ്ങി,”മനോഹരന്‍ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.

അക്കാലത്താണ് കൈതോലയും പനയോലയുമൊക്കെ ഉപയോഗിച്ച് പൂക്കൊട്ടയും വട്ടിയുമൊക്കെ നിര്‍മ്മിക്കാന്‍ പഠിച്ചത്. ഓണക്കാലത്ത് പൂവിറുത്തിടാനുള്ള കുട്ടയൊക്കെ മനോഹരന്‍ തന്നെ നിര്‍മ്മിച്ചിരുന്നു. പിന്നീട് അന്ന് പഠിച്ച കുട്ടനെയ്ത്ത് മനോഹരന് പ്ലാസ്റ്റിക്ക് കൈവേലകളില്‍ സഹായകമായി.

പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് കുട്ട നിര്‍മ്മാണം പരിശീലിപ്പിക്കുന്നു

”ആദ്യമൊക്കെ എടപ്പാളും പരിസരപ്രദേശങ്ങളിലുമൊക്കെ നടന്ന് ഞാന്‍ തന്നെയാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചുകൊണ്ടിരുന്നത്. അതിന് എനിക്ക് യാതൊരു നാണക്കേടും തോന്നിയില്ല. …പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കണമെന്ന് അധികാരികള്‍ എപ്പോഴും പറയുന്നുണ്ടെങ്കിലും ഇതിനു വേണ്ടി പ്രത്യേകിച്ചു മെനക്കെടുന്നവര്‍ കുറവല്ലേ? മാത്രമല്ല ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ശരിക്കും വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.

അപ്‌സൈക്ലിംഗ് യജ്ഞം

ഇതൊരു അഞ്ചാം ക്ലാസുകാരന്‍റെ നാടന്‍ ബുദ്ധിയില്‍ വിരിഞ്ഞ പ്ലാസ്റ്റിക് അപ്‌സൈക്ലിങ് യജ്ഞം.

”പ്ലാസ്റ്റിക്ക് ഉരുക്കുന്നതാണ് പ്രശ്നം. ഓരോ തവണ ഉപയോഗിച്ചു കളയുമ്പോഴും വീണ്ടും വീണ്ടും അത് ഉരുക്കിയെടുക്കും. അത് വലിയ രോഗങ്ങള്‍ക്കൊക്കെ കാരണമാകും. അതിനെതിരായാണ് എന്‍റെ പോരാട്ടം,” മോഹനന്‍ പറയുന്നു.

മനോഹരന്‍റെ നിര്‍മ്മിതികള്‍

”ഞാനീ പ്രവര്‍ത്തനങ്ങളൊക്കെ തുടങ്ങുന്ന കാലത്ത് എന്‍റെ വീട്ടുകാര്‍ക്കൊക്കെ ഒരു നാണക്കേട് തോന്നിയിരുന്നു.നാടു നീളെ നടന്ന് പ്ലാസ്റ്റിക്ക് പെറുക്കിക്കൊണ്ടു വരിക. അന്നെന്‍റെ പ്രവര്‍ത്തനം എന്തിനെതിരേയാണെന്ന് അവര്‍ മനസിലാക്കിയില്ല. നാട്ടുകാര്‍ക്കും സമാനമനോഭാവമായിരുന്നു. തേങ്ങാവെട്ടുകാരന്‍ മനോഹരനിതെന്തിന്‍റെ അസുഖമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നു,” മനോഹരന്‍ ഓര്‍ക്കുന്നു.

പക്ഷേ, മനോഹരന്‍ പിന്‍മാറിയില്ല. ഉള്ളില്‍ വിഷമിച്ചതുമില്ല… കാരണം, “ആളുകള്‍ അങ്ങനെയാണ്; പുതിയതിനെയൊക്കെ ആദ്യമൊന്നു സ്വീകരിക്കാന്‍ മടിക്കും” എന്ന് മനോഹരനറിയാം.

പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിന്ന് വള്ളികള്‍

പ്ലാസ്റ്റിക്ക് വള്ളികളേക്കാള്‍ കൂടുതലാണല്ലോ പ്ലാസ്റ്റിക്ക് കുപ്പികള്‍. അത് വള്ളികളാക്കുന്ന വിദ്യ മനോഹരന്‍ വികസിപ്പിച്ചെടുത്തു.

”മുപ്പത്തി രണ്ട് കൊല്ലം മുന്‍പ് ഞാന്‍ നിര്‍മ്മിച്ച കുട്ടയാണ് ഇപ്പോഴും വീട്ടില്‍ ഉള്ളിയിടാന്‍ ഉപയോഗിക്കുന്നത്. ആദ്യമൊന്നും ഞാനിത് വിലക്കു വില്‍ക്കാറില്ലായിരുന്നു.നാട്ടുകാര്‍ക്കൊക്കെ സൗജന്യമായി നല്‍കും. പിന്നെ ആവശ്യക്കാരേറെ ആയപ്പോള്‍ ചെറിയ പൈസ വാങ്ങി വില്‍ക്കാന്‍ തുടങ്ങി.”

പക്ഷെ വാങ്ങുന്നവരോട് അദ്ദേഹത്തിന് രണ്ട് ഉപാധികളുണ്ട്. അതൊരിക്കലും കത്തിച്ചു കളയുകയോ മണ്ണില്‍ കുഴിച്ചുമൂടുകയോ ചെയ്യരുത്.

“പക്ഷെ ഒന്നുണ്ട് ഞാന്‍ നിര്‍മ്മിച്ച വസ്തുക്കളൊന്നും പെട്ടന്ന് മോശമായി പോയതായി ആരും പറഞ്ഞിട്ടില്ല. പണമില്ലെങ്കിലും ഞാന്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ആളുകള്‍ക്ക് നല്‍കും. അത് പരമാവധി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ പെട്ടെന്നൊന്നും അത് വേസ്റ്റാകില്ല,” മനോഹരന്‍ തുടരുന്നു.

വിറകുപുര പണിപ്പുരയായപ്പോള്‍

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം വീടിന്‍റെ സമീപത്തുള്ള വിറകുപുര വര്‍ക്ക്ഷോപ്പാക്കി മാറ്റി. നാട്ടില്‍ നിന്നു ശേഖരിച്ചു കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് വള്ളികളും കുപ്പികളുമൊക്കെ അവിടെയാണ് സൂക്ഷി്ക്കുന്നത്.

“രാവിലത്തെ ജോലികളെല്ലാം പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാല്‍ ഞാന്‍ വര്‍ക് ഷോപ്പിലേക്ക് പോകും. അവിടെയിരുന്നാണ് പ്ലാസ്റ്റിക്ക് കുട്ടയുടേയും വട്ടിയുടേയുമൊക്കെ നിര്‍മ്മാണം. ചിലപ്പോഴൊക്കെ ആളുകള്‍ കാണാന്‍ വരും. എന്നാല്‍ വിറകുപുര ഇപ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലാണ്.മഴക്കാലത്ത് ചോര്‍ന്നൊലിക്കും.എങ്കിലും എത്ര കഷ്ടപ്പെട്ടും അവിടെയിരുന്നു ജോലിചെയ്യും.”മനോഹരന്‍ തുടരുന്നു.

ഒരു പാട് സ്കൂളുകളില്‍ പ്ലാസ്റ്റിക് അപ്സൈക്ലിങ്ങിനെക്കുറച്ച് ക്ലാസുകള്‍ എടുക്കാന്‍ പോയിട്ടുണ്ട് മനോഹരന്‍

നാടുനീളെ നടന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് വളരെ കഷ്ട്ടപ്പെട്ട് നിര്‍മ്മിച്ചെടുക്കുന്നവ വില്‍ക്കാനായി ഒരു വിപണി കണ്ടെത്താന്‍ മനോഹരന് കഴിഞ്ഞിട്ടില്ല. അതിനൊരു പ്രധാനകാരണം അങ്ങനെയൊരു കച്ചവട മനസ്സ് അദ്ദേഹത്തിനില്ലെന്നതാണ്. അങ്ങനെയൊരു വിപണിയെക്കുറിച്ച് കാര്യമായ അറിവുമില്ല.


ഇതുകൂടി വായിക്കാം: 40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ


”ദിവസവും രണ്ടു മണിക്കൂറെങ്കിലും ഞാന്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനായി മാറ്റിവെക്കാറുണ്ട്. നേരത്തേയൊക്കെ ഞാന്‍ പലയിടങ്ങളില്‍ പോയി ശേഖരിച്ചുകൊണ്ടു വരുന്ന പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ടായിരുന്നു നിര്‍മ്മാണം. പിന്നെ,നാട്ടുകാരൊക്കെ എനിക്ക് പ്ലാസ്റ്റിക് വള്ളികളും കുപ്പികളുമൊക്കെ കൊണ്ടുവന്ന് തരാന്‍ തുടങ്ങി,” അങ്ങനെ നാട്ടുകാരും പതുക്കെയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി.

പക്ഷേ, കുപ്പി ഉപയോഗിച്ചുള്ള നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ എന്ന് മനോഹരന്‍ പറയുന്നു. അതിനൊരു പ്രധാനകാരണം പ്ലാസ്റ്റിക്ക് വിലയ്ക്കെടുക്കുന്നവര്‍ കുടിവെള്ള ബോട്ടിലുകള്‍ കൂടി ഇപ്പോള്‍ എടുക്കുന്നുണ്ട് എന്നതാണ്.

പ്ലാസ്റ്റിക്ക് പ്രകൃതിയ്ക്കു ഭാരമാകാതെ

ഈ ഉല്‍പന്നങ്ങള്‍ ഒരുപാട് വര്‍ഷം കേടുകൂടാതെ ഇരിക്കും. ഉപകാര പ്രദവുമാണ്.
പ്ലാസ്റ്റിക് കത്തിച്ചുകളയുന്നത് പ്രകൃതിക്കും ആരോഗ്യത്തിനും ഹാനികരമാണ്. അപ്സൈക്കിള്‍ ചെയ്ത് ഉപയോഗിച്ചാല്‍ അത് ഭൂമിയോട് ചെയ്യുന്ന വലിയൊരു നല്ല പ്രവൃത്തിയായിരിക്കുമെന്ന് മനോഹരന്‍ പറയുന്നു

”പ്ലാസ്റ്റിക്ക് ഒരുപരിധിവരെയെങ്കിലും ഭൂമിക്ക് ഭാരമാകാതെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. പക്ഷെ എന്‍റേത് ഒരു ഒറ്റയാള്‍ പോരാട്ടമാണ്. (പക്ഷേ) ഒരു വലിയ സംഘടിത പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്ലാസ്റ്റിക്കിനേ നമുക്ക് ഒഴിവാക്കാനാകു. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ചെയ്യാനാകും,” അദ്ദേഹം പറയുന്നു.

“ലക്ഷോപലക്ഷം ജനങ്ങളുള്ള നാട്ടില്‍ എന്നെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ അനേകരുണ്ട്. മാത്രമല്ല അിറയാന്‍ പാടില്ലാത്തവരെ ഇതു പഠിപ്പിക്കാനും ഞാന്‍ ഒരുക്കമാണ്. കുടുംബശ്രീകള്‍ മുഖേനയൊക്കെ ആളുകള്‍ക്ക് ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കണം. മാത്രമല്ല ഇത്തരത്തില്‍ ഒരു ഗ്രൂപ്പിന് പരിശീലനം നല്‍കുന്ന പക്ഷം വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതിനും കഴിയും,” അങ്ങനെയൊരു കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം വലിയൊരു പരിധിവരെ കുറയ്ക്കാനാകുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

നിരവധി സ്‌കൂളുകളിലും സംഘടനകളിലുമൊക്കെ ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം മനോഹരന്‍ നല്‍കിക്കഴിഞ്ഞു. പരിശീലനം നേടാനായി ഒരുപാട് ആളുകള്‍ മനോഹരനെത്തേടിയെത്തുന്നുമുണ്ട്.

”കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് എന്നേ തേടി ധാരാളം ആളുകള്‍ എത്താറുണ്ട്. സംസ്ഥാന ശുചിത്വമിഷനും ജില്ലാ ഭരണകൂടവും എന്‍റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സംതൃപ്തരുമാണ്. പക്ഷെ പല പ്രതിസന്ധികളിലൂടെ കടന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എനിക്ക് പഞ്ചായത്ത് തലത്തില്‍ യാതൊരു തരത്തിലുള്ള സഹായവും ഇതുവരെ കിട്ടിയില്ലെന്നുള്ളത് ഏറെ സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണ്. നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ കഷ്ടപ്പെട്ട് പെറുക്കിയെടുത്തു കൊണ്ട് വരുന്ന പ്ലാസ്റ്റിക് ഒന്നു ശരിയായി സൂക്ഷിക്കാനുള്ള വിറകുപുര തകര്‍ന്ന അവസ്ഥയിലാണ്.

പരിസ്ഥിതിക്കായുള്ള സംഭാവനകള്‍ക്ക് പി വി തമ്പി മെമ്മോറിയല്‍ അവാര്‍ഡ് സുരേഷ് കുറുപ്പില്‍ നിന്ന് ഏറ്റുവാങ്ങുന്നു

“ദിവസേന ഞാന്‍ പോയി കഷ്ടപ്പെട്ട് തൊഴിലെടുത്തു കിട്ടുന്ന മിച്ചം കൊണ്ടാണ് ഞാനിതിനൊക്കെ പണം ചിലവഴിക്കുന്നത്. പക്ഷെ അടുത്തകാലത്തുണ്ടായ നെഞ്ചുവേദന എന്നേ പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിച്ചു. പക്ഷെ ഞാന്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ തുടരാതിരിക്കാന്‍ എനിക്കു കഴിയില്ല. അതുകൊണ്ട്  ഞാനിപ്പോഴും തുടരുകയാണ്. ജീവിതാവസാനം വരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും,” മനോഹരന്‍റെ വാക്കുകളില്‍ നിരാശയുണ്ട്, എന്നാല്‍ അതിലേറെ പ്രതീക്ഷയും ആത്മവിശ്വാസവും.

ഈ ഒറ്റയാള്‍പ്പോരാട്ടത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. നാട്ടിലെ സാംസ്‌ക്കാരിക സംഘനയുടെ അവാര്‍ഡും കൂടാതെ പി വി തമ്പി സ്മാരക പരിസ്ഥിതി എന്‍ഡോവ്മെന്‍റ് പുരസ്‌കാരവും മനോഹരന് കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്


”പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിലൂടെ നമ്മുടെ ഭാവിതലമുറയുടെ സുരക്ഷ ഉറപ്പാക്കാനാണ് എന്‍റെ ശ്രമം. പക്ഷെ ഞാന്‍ അതില്‍ ഒരുപാട് പരിമതികള്‍ നേരിടുന്നു,” സര്‍ക്കാരിന്‍റെയും സംഘടനകളുടേയുമൊക്കെ പിന്തുണയുമുണ്ടെങ്കില്‍ ഇനിയും മുന്നേറാന്‍ കഴിയുമെന്ന് മനോഹരന് ഉറപ്പുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം