‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ

“ഫീസ് തരാനുള്ള കാശ് ഒന്നും ഇവിടെ വരുന്നവരുടെ കൈയില്‍ ഇല്ല. അപ്പോ അവര് എന്ത് ചെയ്യൂന്ന് അറിയോ. പത്ത് കോഴിമുട്ട തരും. അല്ലേല്‍ പത്തോ ഇരുപതോ കുമ്പളങ്ങ തരും. അല്ലെങ്കില്‍ മത്തങ്ങ കൊണ്ട് തരും.”

ലപ്പുറം മഞ്ചേരിയ്ക്ക് സമീപം കാവന്നൂര്‍ പഞ്ചായത്തില്‍ നിന്ന് ഒന്നര മൈല്‍ ദൂരത്തൊരു കൊച്ചുഗ്രാമമുണ്ട്. ഇരുവേറ്റി. ആ നാട്ടിലെ ആദ്യത്തെ എസ് എസ് എല്‍ സിക്കാരനായിരുന്നു ഗോവിന്ദന്‍.

ചാലിയാര്‍ പുഴയില്‍ നിന്നു വെള്ളം കോരിക്കുടിച്ച് സ്കൂളിലേക്ക് പോയവന്‍. അലവിക്കാക്കടെ കൈയില്‍ നിന്നു വലപ്പോഴും ഒരണയ്ക്ക് ചായയും വടയും വാങ്ങിക്കഴിഞ്ഞു വിശപ്പകറ്റിയവന്‍.

ഇരുവേറ്റിക്കാരുടെ ഗോവിന്ദന്‍ അന്നാട്ടിലെ ആദ്യ ഡോക്റ്ററായതിന് പിന്നില്‍ കയ്പും മധുരവും കിനിയുന്ന ഒരുപാട് കഥകളുണ്ട്. ഡോക്റ്ററായപ്പോഴും അദ്ദേഹം നാടിനെയും നാട്ടുകാരെയും മറന്നില്ല, നടന്നുപോയ വഴികളും.

അരികിലെത്തുന്ന രോഗികള്‍ക്ക് മരുന്ന് മാത്രമല്ല പുതപ്പും ഉടുപ്പുകളും ചില നേരങ്ങളില്‍ ഭക്ഷണവും നല്‍കുന്ന വ‍ളാഞ്ചേരിക്കാരുടെ സ്വന്തം ഗോവിന്ദന്‍ ഡോക്റ്റര്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

പാവങ്ങള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നല്‍കി അമ്പാടി എന്ന വീടിന്‍റെ പൂമുഖത്ത് ഡോക്റ്ററുണ്ട്. കൂട്ടിന് അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഓള്‍ ഇന്‍ ഓള്‍ ആയിട്ട്’ ഭാര്യ വസന്തകുമാരിയുമുണ്ട്.

ഡോ.ഗോവിന്ദന്‍

18 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍. ഇതിനിടയില്‍ ആര്‍മിയിലേക്ക്. എന്നാല്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് വളാഞ്ചേരി, മഞ്ചേരി, കുറ്റിപ്പുറത്തൊക്കെയായിരുന്നു.

കാശില്ലെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണം നല്‍കി രോഗികള്‍ക്ക് മരുന്നു വാങ്ങിക്കൊടുത്ത, ഭക്ഷണം നല്‍കിയ, വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയ ഗോവിന്ദന്‍ ഡോക്റ്റര്‍ക്ക് പക്ഷേ ജോലി രാജി വെയ്ക്കേണ്ടി വന്നു.

ആ കഥകളൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി  പങ്കുവെയ്ക്കുന്നു പാവങ്ങളുടെ സ്വന്തം ഗോവിന്ദന്‍ ഡോക്റ്റര്‍.

“എന്‍റെ വീട് ഒരു കുഗ്രാമത്തിലായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. എന്‍റെ അമ്മേം അച്ഛനുമൊക്കെ കൃഷിക്കാരായിരുന്നു. പലരുടെയും സഹായത്തില്‍ കഷ്ടപ്പെട്ടാണ് പഠിച്ചത്.

“വീട്ടില്‍ നിന്ന് 7 കിലോമീറ്റര്‍ നടക്കണം, സ്കൂളിലേക്ക്. മിക്കപ്പോഴും ഒന്നും കഴിക്കാതെ വെറും വയറോടെയാകും സ്കൂളിലേക്ക് പോകുന്നത്.

“ഉച്ച ഭക്ഷണോം ഉണ്ടാകില്ല. ആ നേരമാകുമ്പോ വിശന്നു തുടങ്ങും. സ്കൂളിന് സമീപത്ത് കൂടിയാണ് ചാലിയാര്‍ ഒഴുകുന്നത്. വിശക്കുമ്പോ ചാലിയാറില്‍ നിന്നു വെള്ളം കോരിക്കുടിക്കും.

“ഇന്നത്തെ പോലെയല്ല, അന്നൊക്കെ ചാലിയാറില്‍ നല്ല തെളിഞ്ഞ വെള്ളമായിരുന്നു. ഇന്നിപ്പോ ചെളിയും അഴുക്കുമാണ്. ഇടയ്ക്ക് കൈയില്‍ പൈസയുണ്ടേല്‍–അപൂര്‍വമായി മാത്രമേ പൈസയുണ്ടാകൂ– അലവിക്കാടെ അടുത്ത് പോകും.

“ഒരണ കൊടുത്താല്‍ അലവിക്കാന്‍റെ കടയില്‍ നിന്ന് ചായയും ഒരു വടയും കിട്ടും. അത് വാങ്ങി കഴിക്കും. എന്നും ഒന്നുമല്ല, വല്ലപ്പോഴും മാത്രം. ഏഴാം ക്ലാസ് വരെ ഇങ്ങനെയൊക്കെയായിരുന്നു.

“ഏഴാം ക്ലാസ് കഴിഞ്ഞു, നല്ല മാര്‍ക്കോടെയാണ് ജയിച്ചത്. ഹൈസ്കൂളില്‍ ചേരണമെങ്കില്‍ മഞ്ചേരിയിലെ സ്കൂളില്‍ പോകണം. പക്ഷേ അതിനുള്ള സാഹചര്യമൊന്നും വീട്ടില്‍ ഇല്ല.

“നല്ല മാര്‍ക്കോടെയാണ് ജയിച്ചതെന്ന് അറിഞ്ഞ്, സ്കൂളിലെ മാഷ് വീട്ടിലുള്ളവരോട് സംസാരിച്ചു. കുട്ടിയെ പഠിപ്പിക്കണംന്ന് പറഞ്ഞു. അമ്മയുടെ മൂത്ത ആങ്ങളയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.

“അമ്മാവന്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് അതിനുള്ള കഴിവൊന്നുമില്ല.’ ‘പഠിക്കണ കുട്ടിയല്ലേ, എങ്ങനേലും നന്നാകട്ടെ… സ്കൂളിലാക്കൂ’ന്ന് മാഷ് പറഞ്ഞത് അനുസരിച്ച് മഞ്ചേരി ഹൈസ്കൂളില്‍ ചേര്‍ത്തു. പക്ഷേ മഞ്ചേരിയിലെ സ്കൂളിലേക്ക് 10 മൈല്‍ (ഏകദേശം 17 കിലോമീറ്റര്‍) ദൂരമുണ്ട്.

“വലിയ അമ്മാമ്മയ്ക്ക് (അമ്മയുടെ മൂത്ത സഹോദരന്‍) ഒരു വക്കീല്‍ ഗുമസ്ഥനായ സുഹൃത്തുണ്ടായിരുന്നു. ആ ആളിന്‍റെ വീട്ടില്‍ നിന്നാണ് പിന്നെ പഠിക്കാന്‍ പോയത്. ശനിയും ഞായറും മാത്രം വീട്ടിലേക്ക് വരും.

പൈസയൊന്നും ഇല്ലല്ലോ. വീട്ടിലേക്കുള്ള വരവും പോക്കുമൊക്കെ നടന്നു തന്നെയായിരുന്നു.

ഭാര്യ വസന്തകുമാരിയോടൊപ്പം ഡോ.ഗോവിന്ദന്‍

“പത്താം ക്ലാസുകാര്‍ക്ക് ആറു രൂപ ഫീസ് ഉണ്ടായിരുന്നു. അതൊന്നും അടക്കാനുള്ള കഴിവില്ലല്ലോ. പക്ഷേ അന്നെനിക്ക് സ്റ്റൈഫന്‍റ് കിട്ടി. പഠിക്കാന്‍ മോശമാല്ലാത്ത കൊണ്ട് അങ്ങനെ സാധിച്ചു.

“പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ചു. അങ്ങനെ മാഷ് അമ്മാവനോട് പറഞ്ഞു, ‘പഠിപ്പിക്കണം, നല്ല മാര്‍ക്കുണ്ട്.’ പഠിപ്പിക്കാന്‍ വഴിയില്ലെന്ന് വലിയ അമ്മാമ്മ മാഷിനോട് പറഞ്ഞു. ‘ഇനി കൃഷിപ്പണിക്ക് പോകട്ടെ. അതേ വഴിയുള്ളൂ’ന്ന്.

“മാഷൊക്കെ പറഞ്ഞതു കൊണ്ട് പിന്നെയും പഠിക്കാന്‍ വിട്ടു. അങ്ങനെ പ്രീ യൂനിവേഴ്സിറ്റിക്ക്, അന്നൊന്നും പ്രീഡിഗ്രി അല്ലല്ലോ. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജില്‍ ചേര്‍ന്നു.


16-ാമത്തെ വയസിലാണ് ഞാനാദ്യമായി കടല്‍ കണ്ടതും തീവണ്ടി കണ്ടതും കോഴിക്കോട് കണ്ടതുമെല്ലാം.


“അന്ന് കോഴിക്കോട് സാമൂതിരി രാജാവിന്‍റെ കോവിലകത്ത് നിന്നാണ് പ്രീ യൂനിവേഴ്സിറ്റി പഠിച്ചത്. മെഡിസിന്‍ പഠിക്കണ കാലത്തും കോവിലകത്ത് തന്നെയായിരുന്നു താമസം.

“എന്‍റെ രണ്ടാമത്തെ അമ്മാമ്മ കോവിലകത്തെ കാര്യസ്ഥനായിരുന്നു. കൃഷ്ണന്‍ കുട്ടി അമ്മാമ്മയായിരുന്നു. അങ്ങനെയാണ് താമസം കോവിലകത്ത് ശരിയാകുന്നത്. മൂത്ത അമ്മാമ്മന്‍റെ പേര് രാമന്‍ നായര്‍.

എല്‍ഡര്‍ലി പുരസ്കാരസ്വീകരണത്തിനിടെ

“കോവിലകത്ത് നിന്ന് ഗുരുവായൂരപ്പന്‍ കോളെജിലേക്ക് നടന്നാണ് പോകുന്നത്. 7 കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും നടക്കും. സ്കൂള്‍ കാലത്തെ പോലെ അന്നും ഉച്ച നേരങ്ങളില്‍ ഏറെക്കുറെ പട്ടിണിയാണ്.

“രാവിലെ കോവിലകത്ത് നിന്ന് ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് കോളെജില്‍ പോകുകയല്ലേ. എന്തെങ്കിലും വാങ്ങി കഴിക്കാനൊന്നും കൈയില്‍ പണമുണ്ടാകില്ല. രാത്രി നേരത്തെ അത്താഴവും കോവിലകത്ത് നിന്നു കിട്ടുമായിരുന്നു.

“അന്നൊരു ദിവസം ഉച്ചയ്ക്ക് വിശപ്പ് കാരണം ക്യാന്‍റീന്‍ നടത്തുന്ന മാനെജറോട് സാറേ ഒരു ടിക്കറ്റ് തരോന്ന് ചോദിച്ചിട്ടുണ്ട്. വിശന്നിട്ട് വയ്യ, പൈസ ഇല്ലെന്ന് മാനെജറോട് പറഞ്ഞു.

“ഒരു ടിക്കറ്റിന് 62 പൈസയാണ്. ആ ടിക്കറ്റിനുള്ള പൈസ കൈയില്‍ ഇല്ല. വിശന്നിട്ട് ചോദിക്കുന്നതാണെന്നു മാനെജര്‍ക്ക് മനസിലായി. ആള് എനിക്ക് ടിക്കറ്റ് തന്നു, ഉച്ചഭക്ഷണം കഴിച്ചു,” ഡോക്റ്റര്‍ പറഞ്ഞു.

വീടിനോട് ചേര്‍ന്ന കണ്‍സള്‍ട്ടേഷന്‍ മുറിയില്‍

ഡോക്റ്ററാകാനൊന്നും ആഗ്രഹിച്ചിട്ടേയില്ലെന്ന് ഡോ. ഗോവിന്ദന്‍ തുറന്നുപറയുന്നു. അതിനുള്ള സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

‍അദ്ദേഹം തുടരുന്നു: “ഡോക്റ്ററാകാനൊന്നും എനിക്ക് സാധിക്കില്ലെന്ന് അറിയാം. കര്‍ഷകനാകാണ് ആഗ്രഹിച്ചത്…

“ഗുരുവായൂരപ്പന്‍ കോളെജിലെ ക്ലാസ്മേറ്റ് ആയിരുന്നു ബക്കര്‍ കോയ. നല്ല സാമ്പത്തിക നിലയൊക്കെയുള്ള കുടുംബത്തിലെ ആളാണ് ബക്കര്‍. ബക്കാറാണ് ചോദിക്കുന്നത്, ‘നമുക്ക് മെഡിക്കല്‍ കോളെജില്‍ പോയി ചേര്‍ന്നാലോ’ന്ന്.

“കേട്ടപാടെ ഞാന്‍ അവനോട് പറഞ്ഞു, ‘എടോ എനിക്ക് ഒരു വഴിയും ഇല്ല. അതൊന്നും ആലോചിക്കാനുള്ള സാഹചര്യം പോലുമില്ല’. അതുകേട്ട് അവന്‍ എന്‍റെ കൈ പിടിച്ച് പറഞ്ഞു, ‘നീ വാ ഞാന്‍ നോക്കട്ടേ’ന്ന്. അവന്‍ എന്നെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എന്‍ പിഷാരടി സാറിനെ കണ്ടു. സാറിനോട് കാര്യങ്ങളൊക്കെ പറഞ്ഞു.

“ആ നേരത്തും അവനോട് ഞാന്‍ പറയുന്നുണ്ട്, ‘വേണ്ട എനിക്ക് പഠിക്കണ്ട അതിനുള്ള ശേഷിയൊന്നും ഇല്ല, വെറുതേ എന്തിനാ, നീ അപേക്ഷ അയക്ക്’ എന്നൊക്കെ.

ചികിത്സയ്ക്കിടെ ഡോ.ഗോവിന്ദന്‍

“അവന്‍ രണ്ട് അപേക്ഷ ഫോം വാങ്ങിച്ചു. രണ്ടും അവന്‍ തന്നെ പൂരിപ്പിച്ചു കൊടുത്തു.  രണ്ടാളേം ഇന്‍റര്‍വ്യൂവിന് വിളിച്ചു. ഞാന്‍ വരുന്നില്ലെന്ന് ഒരുപാട് തവണ അവനോട് പറഞ്ഞു. പക്ഷേ ബക്കര്‍ സമ്മതിച്ചില്ല. രണ്ടാളേം ഇന്‍റര്‍വ്യൂവില്‍ സെലക്റ്റ്  ചെയ്തു. ഇതിനൊക്കെ ശേഷമാണ് ഞാന്‍ വീട്ടില്‍ പറയുന്നത്.


കേട്ടപ്പോ തന്നെ വീട്ടുകാര്‍ ചീത്ത പറഞ്ഞു, ‘നീ എന്തിനാ പോയത്, നമ്മളെ കൊണ്ട് പറ്റില്ലെന്ന് അറിഞ്ഞുകൂടേ,’ എന്നൊക്കെ.


“എന്നാല്‍ കാന്‍സല്‍ ചെയ്യാം. വേറെ ആര്‍ക്കേലും കിട്ടിക്കോട്ടെ എന്ന് പറയേണ്ടി വന്നു. അപ്പോഴും ബക്കര്‍ കോയ സമ്മതിച്ചില്ല. ‘നീ വാ എല്ലാം ശരിയാക്കാ’മെന്നു പറഞ്ഞു.

“അവന്‍ പറഞ്ഞിട്ടാണ് സ്റ്റൈഫന്‍റ്  കിട്ടാനുള്ള പരീക്ഷ എഴുതുന്നത്. കോളെജിലെ ഡോ. മാധവന്‍ക്കുട്ടി സാറിന് എന്‍റെ കാര്യങ്ങളൊക്കെ അറിയാമായിരുന്നു. സ്റ്റൈഫന്‍റ് കിട്ടി, ഫീസ് വേണ്ട. പഠിക്കാന്‍ സൗകര്യമായി.

“അന്നും കോവിലകത്താണ് നില്‍ക്കുന്നത്. രാവിലെ മാത്രമേ അന്നും ഭക്ഷണം കഴിക്കൂ. ഉച്ചയ്ക്ക് പട്ടിണി. ബക്കര്‍ കോയയും ഡോക്റ്ററാണ്. കോഴിക്കോടുണ്ട് അവന്‍. ഞങ്ങളിപ്പോഴും കാണാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ക്ക് സൗജന്യമായി നല്‍കാനുള്ള മരുന്നുകള്‍‍

1965-ല്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ഗോവിന്ദന്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ തുടക്കം. പിന്നീട് താലൂക്ക് ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ജില്ല ആശുപത്രികള്‍… ഇതിനിടയിലാണ് ഗോവിന്ദന്‍ പട്ടാളത്തിലേക്ക് പോകുന്നത്.

“സത്യത്തില്‍ പട്ടാളത്തിലേക്ക് ആഗ്രഹിച്ച് പോകുന്നതല്ല.” അക്കാലം ഓര്‍ത്തെടുക്കുകയാണ് ഡോ. ഗോവിന്ദന്‍. “ഇന്‍ഡോ പാക്കിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലമായിരുന്നു. അക്കാലത്ത് എന്നെയും എന്‍റെ ബാച്ചിലെ എല്ലാ ഡോക്റ്റര്‍മാരെയും ആര്‍മിയിലേക്ക് കൊണ്ടുപോയി. ലഖ്നൗവിലേക്കാണ് ഞാന്‍ പോകുന്നത്. അവിടെയാണ് എനിക്കുള്ള ട്രെയ്നിങ്ങ്.

“ഇതിനു ശേഷമാണ് പോസ്റ്റിങ്. പരിശീലനത്തിന് ശേഷം എന്നെ ജലന്ധറിലേക്കാണ് അയച്ചത്. പോസ്റ്റിങ്ങ് അവിടെയായിരുന്നു. പക്ഷേ, അവിടേക്ക് പോകേണ്ടി വന്നില്ല.

“ലഖ്നൗവില്‍ രണ്ടുമാസമുണ്ടായിരുന്നു. ഏപ്രില്‍ മാസമായിരുന്നു. കൊടുംചൂടാണ്. അതെനിക്ക് സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. ജലന്ധറിലേക്ക് പോകാന്‍ തയാറായി ഇരിക്കുമ്പോഴാണ് ഒരു പനി പിടിച്ചത്. മരുന്ന് കഴിച്ചിട്ടും പനി മാറുന്നില്ല.

“ആശുപത്രിയില്‍ അഡ്മിറ്റാക്കേണ്ടി വന്നു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോ എന്‍റെ ഓഫീസര്‍ എന്ന കാണാന്‍ വന്നു. ലഫ്റ്റനന്‍റ് കേണല്‍ വന്നു എന്നെ പരിശോധിച്ചു. കിഡ്നിക്കെ ചെറിയ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടാണ് പനി വിട്ടുമാറാത്തത്. കിഡ്നിയുടെ കാര്യം തിരിച്ചറിയാന്‍ വൈകി.

“ചൂട് സഹിക്കാന്‍ എന്‍റെ ശരീരത്തിനാകില്ല. അപ്പോ നിങ്ങള്‍ നാട്ടിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്ന് കേണല്‍ നിര്‍ദേശിച്ചു. അങ്ങനെ ജലന്ധറിലേക്ക് പോയില്ല. എന്നെ പട്ടാളത്തില്‍ നിന്നു തിരിച്ചയച്ചു. നാട്ടില്‍ മടങ്ങിയെത്തി.

“ചികിത്സയൊക്ക ചെയ്തു. അതിനു ശേഷം ആലപ്പുഴ ചേര്‍ത്തലയില്‍ തൈക്കാട്ടുശ്ശേരി ആശുപത്രിയില്‍ ജോയിന്‍ ചെയ്തു. പട്ടാളത്തില്‍ പോകണമെന്നു ആഗ്രിച്ച് പോയ ആളല്ലല്ലോ ഞാന്‍. പട്ടാളത്തില്‍ പോകാതിരിക്കാന്‍ ശ്രമിച്ചു നോക്കിയിരുന്നു.

“പക്ഷേ ഒരു നിവൃത്തിയും ഇല്ലായിരുന്നു. പോകണമെന്നത് നിര്‍ബന്ധമായിരുന്നു. എന്‍റെ അമ്മയ്ക്ക് ഞാനൊരു മകനേയുള്ളൂ. അമ്മയ്ക്ക് എന്തേലും ആവശ്യം വന്നാല്‍ ഞാനേയുള്ളൂ നോക്കാന്‍. അങ്ങനെയൊരു സെന്‍റിമെന്‍റ്സിലാണ് നാട്ടില്‍ നില്‍ക്കണമെന്നാഗ്രഹിച്ചത്.”

തൈക്കാട്ടുശ്ശേരിയില്‍ നിന്ന് വളാഞ്ചേരി, നിലമ്പൂര്‍, കുറ്റിപ്പുറം ഇവിടങ്ങളിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളാഞ്ചേരിയില്‍ മാത്രം അഞ്ച് വര്‍ഷമുണ്ടായിരുന്നു.

സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയവര്‍

“സാധാരണ ഒരു എംബിബിഎസ് ഡോക്റ്ററാണ് ഞാന്‍. ഒരു സ്പെഷ്യലൈസേഷനും എനിക്കില്ല. പ്രസവക്കേസുകളൊന്നും നല്ല പോലെ വശമില്ലായിരുന്നു. പക്ഷേ, ഞാനത് പഠിച്ചു. അങ്ങനെ വളാഞ്ചേരിക്കാരുടെ പ്രസവ വിദഗ്ധനായി മാറി. വളാഞ്ചേരിയില്‍ വന്ന ശേഷമാണ് ആദ്യമായി പ്രസവം അറ്റന്‍റ് ചെയ്യുന്നത്.

“അതൊരു റൂറല്‍ ഏരിയയാണ്. ഗാതാഗതസൗകര്യം ഒന്നുമില്ലായിരുന്നു. വീടുകളില്‍ പോയി പ്രസവക്കേസുകളും മറ്റു ചികിത്സകളുമൊക്കെ നോക്കേണ്ട സാഹചര്യമായിരുന്നു.

“രാത്രിയും പകലുമെന്നില്ലാതെ വീടുകളില്‍ പോയി ചികിത്സിച്ചിട്ടുണ്ട്. തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി പോലുള്ള ഇടങ്ങളില്‍ പ്രസവക്കേസുകള്‍ക്ക് നോക്കാനാളുണ്ടായിരുന്നു. അല്ലാത്ത സ്ഥലങ്ങളിലൊന്നും ഡോക്റ്റര്‍മാരില്ല.

“പ്രസവമെടുക്കാന്‍ വേറെ ആരുമില്ല. അങ്ങനെ രാത്രിയാണേലും നടന്നു പോയി കേസുകള്‍ അറ്റന്‍റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. രാത്രി ഒമ്പത് മണിക്ക് പോയാല്‍ പിന്നെ പ്രസവമുറിയില്‍ നിന്നു വെളുപ്പിന് മൂന്നോ നാലോ മണിയൊക്കെ ആകുമ്പോഴേ പുറത്തേക്ക് വരാന്‍ പോലും സാധിക്കൂ.

“ഒരു നഴ്സ് മാത്രമേ എനിക്ക് സഹായത്തിനുണ്ടാകൂ. രാത്രി പ്രസവക്കേസിനൊക്കെ ഈ നഴ്സ് എനിക്കൊപ്പം വരും. പകല്‍ ആശുപത്രി കാര്യങ്ങള്‍ക്കു സഹായിക്കാനും അവരുണ്ടാകും.”

സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ഡോ.ഗോവിന്ദിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. മന്ത്രി കെ.ടി. ജലീല്‍ സമീപം

ബുദ്ധിമുട്ടുള്ള കേസാണെന്നും ഒറ്റയ്ക്ക് നോക്കാന്‍ പറ്റില്ലെന്നും തോന്നിയാല്‍ അദ്ദേഹം പെരിന്തല്‍മണ്ണയിലെ ഡോ.ബാലഗോപാലിന്‍റെ സഹായം തേടുമായിരുന്നു. അദ്ദേഹം ഇന്നില്ല.

“പ്രസവക്കേസിന് കൊണ്ടുപോകുമ്പോ ആരാ വന്നു വിളിച്ചതെന്നു പോലും അറിയുകയുണ്ടാകില്ല. ആ വന്ന ആള് കൈയില്‍ ചൂട്ട് കത്തിച്ച് പിടിച്ചു എനിക്ക് മുന്നേ നടക്കും.

” എന്‍റെ കൈയിലൊരു പെട്ടിയുമുണ്ടാകും. പോകുന്ന വഴിക്ക് എന്‍റെ പേഷ്യന്‍റ്സിനെ കാണും. അപ്പോ അവര് ചോദിക്കും,


സാര്‍ എങ്ങോട്ടാണ് പോകുന്നേന്ന്. പ്രസവക്കേസിന് പോകുകയാണെന്നു കേള്‍ക്കുമ്പോ അവര് പറയും, ഞങ്ങളും പോരാം കൂടെ.


“എന്തിനാ നിങ്ങള് വരുന്നേന്ന് ചോദിച്ചാ പറയും, സാറിന് സഹായത്തിനാണെന്ന്. അങ്ങനെ വഴിയില്‍ കാണുന്നവരൊക്കെ എനിക്ക് പിന്നാലെയുണ്ടാകും. ആ പ്രസവകേസ് കഴിയുന്ന വരെ ആ വീടിന്‍റെ മുന്നില്‍ അവരുമുണ്ടാകും.” ഒരുപാട് കാലം പഴക്കമുള്ളതാണെങ്കിലും അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് നല്ല തെളിച്ചമുണ്ട്.

മന്ത്രി കെ ടി ജലീലിനൊപ്പം

“ഒരിക്കല്‍, കോരിച്ചൊരിയുന്ന മഴയുള്ള ദിവസം. അന്ന് ഒരു പ്രസവക്കേസിന് പോയി. അപ്പോ ആ വീട്ടില്‍ ചിമ്മിനി വിളക്ക് മാത്രമേയുള്ളൂ. വൈദ്യുതിയൊന്നും ആ പരിസരത്ത് എത്തിയിട്ടില്ല.

“വീട്ടു പടിക്കല് കുറേ ആള്‍ക്കാര് കൂടി നില്‍ക്കണുണ്ട്. എന്താ എല്ലാരും കൂടി നിക്കുന്നേന്ന് ചോദിച്ചപ്പോ പറഞ്ഞു, ‘മൂന്നു ദിവസമായി കുട്ടിക്ക് പ്രസവവേദന തുടങ്ങിയിട്ട്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിവൃത്തിയില്ല.’

“നോക്കിയപ്പോ പ്രസവിക്കണ മട്ട് കാണുന്നില്ല. വീട്ടുകാരോട് പറഞ്ഞു നോക്കട്ടേന്ന്. രാത്രി ഒമ്പത് മണി നേരത്താണ് ആ വീട്ടിലേക്ക് വരുന്നത്. എനിക്ക് അറിയുന്ന പോലെയൊക്കെ ചെയ്തു, എല്ലാ ദൈവങ്ങളെയും മനസില്‍ വിളിച്ചാണ് ആ പ്രസവംഎടുക്കുന്നത്. അങ്ങനെ ആ വീട്ടുകാര് ഹാപ്പി.

“എനിക്കവര് കട്ടന്‍ കാപ്പിയൊക്കെ തന്നു. വെളുപ്പിന് മൂന്നു മണിയായി ആ വീട്ടില്‍ നിന്നു തിരിച്ചിറങ്ങുമ്പോ. ഇറങ്ങാന്‍ നേരം, കാശ് ഒന്നുമില്ല തരാനെന്നു പറഞ്ഞു വീട്ടുകാര് അടുത്തേക്ക് വന്നു. മോന്‍ ഇന്നലെ പണിക്ക് പോയില്ല. അതുകൊണ്ടാ കാശില്ലാത്തത്. കാശൊന്നും വേണ്ടാന്നും പറഞ്ഞ് ഞാനിറങ്ങി നടന്നു.

“പിറ്റേ ദിവസം ആശുപത്രിയിലിരിക്കവെ തലേന്ന് പ്രസവം എടുത്ത വീട്ടിലെ വല്യമ്മ വരുന്നത് കണ്ടു. അവര്ടെ ചിരിച്ചുകൊണ്ടുള്ള വരവ് കണ്ടപ്പോ ഞാനോര്‍ത്തു, പ്രശ്നമൊന്നുണ്ടാകില്ല, ആ കുട്ടിക്കും സ്ത്രീക്കും കുഴപ്പമൊന്നുമില്ലെന്നു ആ ചിരി കണ്ടാല്‍ അറിയാം.

ഡോക്റ്റര്‍ പഠിച്ച സ്കൂളിന്‍റെ ചിത്രം

“കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് കയറി വന്ന വല്യമ്മയോട് ചോദിച്ചു, എന്താ വല്യമ്മേ… വല്ല വിശേഷോം ഉണ്ടോ. ആ സ്ത്രീ ചിരിയോടെ പറഞ്ഞു, എന്‍റെ മോനെ ഒന്നും പറ്റിയിട്ടില്ല.

“പക്ഷേ, എന്താണെന്നു വച്ചാല്‍, മോന് തരാന്‍ ഒന്നും ‍ഞങ്ങളുടെ കൈയില്‍ ഇല്ലായിരുന്നു. അതുകേട്ടപ്പോ ഞാന്‍ പറഞ്ഞു, എനിക്കൊന്നും വേണ്ട വല്യമ്മേ.. നിങ്ങക്ക് ദാ കുറച്ച് മരുന്നൊക്കെ തരാം. അതൊക്കെ ആ അമ്മയ്ക്ക് കൊണ്ടുകൊടുക്കൂന്ന്.

“അതല്ല, മോനൊരു സാധനം കൂട്ടാന്‍ വയ്ക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. എന്നാപ്പിന്നെ ആ സാധാനം വീട്ടില്‍ കൊടുത്തോളൂവെന്നു പറഞ്ഞപ്പോ വല്യമ്മ പറഞ്ഞ്, കുട്ടി കാണണം എന്നാലേ കൊടുക്കൂന്ന്.

“കാണാംന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു. ഒരു സഞ്ചിയുമായി അവര്‍ അരികിലേക്ക് വന്നു. നോക്കിയപ്പോ സഞ്ചിക്കത്ത് എന്തോ കിടന്ന് അനങ്ങുന്നുണ്ട്. എന്തോ ഈ സഞ്ചിയില് കിടന്ന് ആടുന്നുണ്ടല്ലോന്ന് ചോദിച്ചപ്പോ വല്യമ്മ പറഞ്ഞത്,


എന്‍റെ മോനെ ഇതൊരു കോഴിയാ… മോന് ഇതു കൂട്ടാന്‍ വച്ച് കഴിക്കാനാണ്.


“ചിരി വന്നുവെനിക്ക്… ‘എന്‍റെ അമ്മാ, ഞാന്‍ മാംസം ഒന്നും കഴിക്കില്ല. നിങ്ങളിത് തിരിച്ചു കൊണ്ട്പോയ്ക്കോളൂ’ന്ന് പറഞ്ഞു. പിന്നെ കുറേ മരുന്നൊക്കെ കൊടുത്തു അവരെ തിരിച്ച് പറഞ്ഞയച്ചു.” ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്.

രാത്രികാലങ്ങളില്‍ രോഗികളെ ചികിത്സിക്കാന്‍ അവരുടെ വീടുകളില്‍ പോയ കുറേ സംഭവങ്ങളുണ്ട്. ചിലതൊക്കെ ഇന്നും ഓര്‍മ്മയിലുണ്ട്. മഴക്കാലത്ത് വഴിയില്‍പ്പെട്ടു പോയൊരു സംഭവമുണ്ട്.

“രാത്രി ഒമ്പത് മണി വരെയൊക്കെ ആശുപത്രീലുണ്ടാകും. അന്നേരം നാട്ടിലെ ഒരു പ്രധാനി എന്നെ കാണാന്‍ വന്നു. ഉമ്മ വീണിട്ട് കൈ ഒടിഞ്ഞിരിക്കുന്നു. ഡോക്റ്റര്‍ വന്നേ പറ്റുള്ളൂ എന്ന്. കൂടെ പോയി ആ ഉമ്മയ്ക്ക് പ്ലാസ്റ്ററിട്ടു കൊടുത്തു മടങ്ങി. ആശുപത്രിയില്‍ നിന്നു ഏഴു മൈല്‍ അകലെയാണിത്.

“തിരികെ ഞങ്ങള്‍ ആശുപത്രിയിലേക്ക് മടങ്ങുന്ന നേരം മഴ പെയ്തു തുടങ്ങി. നല്ല പെരുമഴ. കുറേ എത്തിയപ്പോഴേക്കും കാറോടിച്ചിരുന്ന ആള് പറഞ്ഞു, ഇനി പോകാന്‍ പറ്റില്ല, വഴിയിലൊക്കെ വെള്ളം പൊങ്ങിയെന്ന്.


ഇതുകൂടി വായിക്കാം:16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍


“പിന്നെ നടന്നു. പക്ഷേ പുഴയിലൊക്കെ വെള്ളം പെങ്ങിയതോടെ നടന്നു പോകാനും പറ്റാതെയായി. വെളുപ്പിന് അതുവഴി വന്നൊരു ലോറിയിലാണ് തിരിച്ചു പോകുന്നത്.

“നാലു മണിക്കാ വീടെത്തുന്നത്. ആ നേരത്താ പിന്നെ അത്താഴം കഴിക്കാനിരിക്കുന്നത്. പക്ഷേ കഴിക്കാന്‍ പറ്റിയില്ല. കുറേ നേരമായി ഒരാളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആളുടെ മോള് പ്രസവവേദനയുമായി ആശുപത്രീലുണ്ട്.

“അങ്ങനെ ഭക്ഷണം കഴിക്കാതെ ആശുപത്രിയിലേക്ക്. ആ രാത്രി അങ്ങനെ ശിവരാത്രിയായി. പിറ്റേ ദിവസം രാവിലെയാണ് മടങ്ങി വരുന്നത്. കുറച്ചുനേരം കിടന്നു വിശ്രമിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക്.

“അക്കാലത്ത് ഞാന്‍ എന്‍റെ വീടിന്‍റെ ഗേറ്റ് അടക്കാറില്ല. രോഗികള്‍ രാവും പകലുമൊക്കെ എപ്പോ വേണമെങ്കിലും വരാം. അന്നെനിക്ക് കിട്ടുന്ന സര്‍ക്കാര്‍ ശമ്പളം എത്രയാണെന്ന് അറിയോ… 430 ഉറുപ്പ്യ.

പക്ഷേ ഒടുവില്‍ എനിക്ക് ജോലി രാജി വെയ്ക്കേണ്ടി വന്നു.”

മുന്‍മന്ത്രി പി.കെ.ശ്രീമതി ഡോക്റ്ററെ ആദരിക്കുന്നു

ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് ഗോവിന്ദന്‍ ഡോക്റ്ററിന് ജോലി ഉപേക്ഷിയ്ക്കേണ്ടി വന്നത്.  ഭാര്യയുടെ ആരോഗ്യവും പ്രശ്നമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“വളാഞ്ചേരിയിലാണ്. ആ സമയത്ത്, ഇവിടെത്തെ ഒരു രാഷ്ട്രീയക്കാരന്‍ രാഷ്ട്രീയ കേസ് കൊണ്ടുവന്നു. ആളെ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ബന്ധം. അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. മുറിവുകളൊന്നും ഇല്ല പിന്നെന്താ.

“ആള് നിര്‍ബന്ധിച്ചു. ചെയ്യില്ലെന്നു തന്നെ പറഞ്ഞു. ആ ആള് ശുണ്ഠിയെടുത്ത്, അന്നത്തെ ആരോഗ്യമന്ത്രിക്ക് കത്ത് കൊടുത്തു, എന്നെ സ്ഥലം മാറ്റുന്നതിന്. അങ്ങനെ എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടി.

“കൊല്ലം കൊട്ടിയത്തേക്ക്. കൊല്ലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് കൊട്ടിയം. അന്നത്തെ ആരോഗ്യമന്ത്രിയോട് ഞാന്‍ ചെന്നു പറഞ്ഞു, സാര്‍ എനിക്ക് പോകാന്‍ സാധ്യമല്ല. എന്‍റെ ഭാര്യയ്ക്ക് ഹൃദ്രോഗമുണ്ട്.

ദയവ് ചെയ്തു സ്ഥലംമാറ്റം ക്യാന്‍സല്‍ ചെയ്യണമെന്ന്. പക്ഷേ അങ്ങേര് ശുണ്ഠിയെടുത്ത് പറഞ്ഞു, യു ഫസ്റ്റ് ഒബേ ദെന്‍ കംപ്ലൈന്‍റ്.”

ട്രാന്‍സഫര്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം ലീവെടുത്തു. ആദ്യത്തെ രണ്ട് മൂന്നു മാസം ലീവ് അനുവദിച്ചു. പിന്നെ എടുത്ത ലീവുകളൊന്നും അനുവദിച്ചില്ല.

“എന്നോട് പറഞ്ഞു, പോയി ജോയിന്‍ ചെയ്യാന്‍. ആ സമയം എന്‍റെ ഭാര്യ മദ്രാസില്‍ കെ.എം ചെറിയാന്‍റെ ചികിത്സയിലാണ്. അവര്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ട സമയമായിരുന്നു. അതൊക്കെ കാണിച്ച് വീണ്ടും ആരോഗ്യമന്ത്രിക്ക് എഴുതി. പക്ഷേ ട്രാന്‍സ്ഫര്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ല, ജോയിന്‍ ചെയ്യണമെന്നു പറഞ്ഞു.

ഡോക്റ്ററുടെ അമ്മാവന്‍ രാമന്‍ നായര്‍

“ഇനിയും ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ ഡിസ്മിസ് ചെയ്യേണ്ടി വരുമെന്നാ പറഞ്ഞത്. പക്ഷേ ഡിസ്മിസ് ചെയ്തില്ല. ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ ഭാര്യയ്ക്ക് വിശ്രമം വേണ്ട നാളുകളാണ്. അവളെ നോക്കാതിരിക്കാന്‍ പറ്റോ. ഒടുവില്‍ ജോലി രാജിവച്ചു.

“അങ്ങനെ 18 കൊല്ലം എട്ട് മാസവും ഒമ്പത് ദിവസവും സര്‍ക്കാരിനെ സേവിച്ചു. ഒന്നര കൊല്ലം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് പെന്‍ഷന്‍ കിട്ടുമായിരുന്നു. പക്ഷേ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

അവള്‍ക്ക് അസുഖം കാരണം നടക്കാനും വയ്യ, ഇരിക്കാനും വയ്യ. ആരും നോക്കാനും ഇല്ല.


അങ്ങനെയുള്ള അവസ്ഥയില്‍ എങ്ങനെ ഞാന്‍ കൊട്ടിയത്തേക്ക് കൊണ്ടുപോകും?


1985 മാര്‍ച്ച് 1ന് ആണ് അദ്ദേഹം ജോലി രാജിവെക്കുന്നത്. പിന്നീട് വളാഞ്ചേരിയില്‍ സ്വകാര്യ പ്രാക്റ്റീസ് ആരംഭിച്ചു. അക്കാലത്ത് എല്ലാ ബുധനാഴ്ചയും പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കാന്‍ വേണ്ടി മാറ്റിവച്ചു. 60-ന് മുകളിലുള്ള എല്ലാ പാവപ്പെട്ട രോഗികള്‍ക്കും സൗജന്യ പരിശോധനയും മരുന്നും കൊടുത്തു. സൗജന്യമായി ലാബ് ടെസ്റ്റും സായി ഗ്രൂപ്പിന്‍റെ സഹായത്തോടെ അവര്‍ക്ക് ഭക്ഷണവും കൊടുത്തിരുന്നു.

“സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍ധനരായ രോഗികളെ അല്ലേ നോക്കിയിരുന്നത്. അതുകൊണ്ടാണ് സ്വകാര്യ പ്രാക്റ്റീസ് ആരംഭിച്ചപ്പോഴും പാവങ്ങളെ പരിഗണിച്ചത്. അവര് അത്രയും എന്നെ സ്നേഹിച്ചവരാണ്. ഇപ്പോഴും അവര്‍ക്ക് ആ സ്നേഹമുണ്ട്. ഞാന്‍ ചികിത്സിച്ച ഒരു നാലു തലമുറ ഈ വളാഞ്ചേരിയിലുണ്ട്.”

ഭാര്യ ശസ്ത്രക്രിയയ്ക്കായി മദ്രായിലായിരുന്ന കാലത്ത് വളാഞ്ചേരിക്കാര്‍ അവരുടെ സ്നേഹം എന്താണെന്നു കാണിച്ചു തന്നിട്ടുണ്ടെന്നു ഡോ. ഗോവിന്ദന്‍.

“ജന്മനാ ഹൃദ്രോഗം ആയിരുന്നു. പക്ഷേ അറിഞ്ഞിരുന്നില്ല. കല്യാണ ശേഷമാണ് തിരിച്ചറിയുന്നത്. ഞാനും അവളും കൂടി ബസില്‍ (അന്ന് കാറൊന്നും ഇല്ല,) ഗുരുവായൂര്‍ തൊഴാന്‍ പോയതാണ്. തിരികെ വരുന്ന വഴിക്ക് നെഞ്ച് വേദനിക്കുന്നുവെന്ന് പറഞ്ഞ് അവള്‍ ബോധം കെട്ടുവീണു.

“വഴിയില്‍ ഇറങ്ങി അവളെ ഒരു ഡോക്റ്ററെ കാണിച്ചു. ഡോക്റ്ററ് പറഞ്ഞു, കുട്ടിക്ക് ഹാര്‍ട്ടിന് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. എന്താണെന്ന് പറയാനാകുന്നില്ല. ഒരു വിദഗ്ധനെ കാണിക്കൂവെന്ന്.

“അങ്ങനെ പിറ്റേദിവസം, എന്‍റെ പ്രൊഫസറായിരുന്ന സി.കെ. രാമചന്ദ്രന്‍ സാറിനെ കാണിക്കാന്‍ കൊണ്ടു പോയി. ആളെ കാണിച്ചു, ജന്മനാലുള്ള ഹൃദയപ്രശ്നമുണ്ടെന്നു പറഞ്ഞു. പരിഹാരം ശസ്ത്രക്രിയ മാത്രമേയുള്ളൂവെന്നും.

“അക്കാലത്ത് ഹാര്‍ട്ട് സര്‍ജറി ഇന്നത്തെ പോലെ കോമണ്‍ അല്ലല്ലോ. അതുകൊണ്ടു തന്നെ കേട്ടപ്പോ പേടിയായിരുന്നു. സാര്‍ പറഞ്ഞു, മദ്രാസിലോ മറ്റോ പോയി ചെയ്യൂവെന്ന്.

“അങ്ങനെ മദ്രാസില്‍ ഹാര്‍ട്ട് സര്‍ജന്‍ ഡോ.കെ.എം ചെറിയാനെ കാണാന്‍ പോയി. മദ്രാസിലെ വിജയ ആശുപത്രിയിലായിരുന്നു സര്‍ജറി. തനിച്ചല്ല പോകുന്നത് ഡോക്റ്റര്‍മാരായ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

“പക്ഷേ അതല്ല രസം. ഞാനിവിടെ പരിശോധിക്കുന്ന രോഗികളില്ലേ. ആ പാവങ്ങളും മദ്രാസിലേക്ക് വന്നു. അവര്‍ക്കൊക്കെ താമസിക്കാന്‍ അവിടുത്തെ ഒരു സ്കൂള്‍ ഓഡിറ്റോറിയമാണ് ശരിയാക്കി കൊടുത്തത്. അത്രേയേറെ ആളുണ്ടായിരുന്നു.” അതോര്‍ക്കുമ്പോള്‍ ഡോക്റ്റര്‍ക്കിന്നും എന്തെന്നില്ലാത്ത ഒരു വികാരമാണ്.

1986 മുതല്‍ എല്ലാ ബുധനാഴ്ചയും പാവപ്പെട്ടവരെയും വയസായവരെയും അദ്ദേഹം സൗജന്യമായി നോക്കുന്നുണ്ട്. ഓണം, പെരുന്നാള്‍, ക്രിസ്മസ് ഒക്കെയാകുമ്പോ സമ്മാനങ്ങള്‍ കൊടുക്കും. വസ്ത്രങ്ങള്‍, പുതപ്പുകള്‍, ബ്ലാങ്കറ്റുകളൊക്കെ കൊടുക്കും.

ഇതൊക്കെ അദ്ദേഹം സ്വന്തം നിലയ്ക്കാണ് കൊടുക്കുന്നത്. ആരില്‍ നിന്നും ഇതിനായി ധനസഹായം തേടാറില്ല. ആദ്യമൊക്കെ ബുധനാഴ്ച മാത്രമായിരുന്ന സൗജന്യ ചികിത്സ കുറേക്കാലമായി എല്ലാ ദിവസവും ആക്കി.

“ഫീസ് തരാനുള്ള കാശ് ഒന്നും ഇവിടെ വരുന്നവരുടെ കൈയില്‍ ഇല്ല. അപ്പോ അവര് എന്ത് ചെയ്യൂന്ന് അറിയോ. പത്ത് കോഴിമുട്ട തരും. അല്ലേല്‍ പത്തോ ഇരുപതോ കുമ്പളങ്ങ തരും. അല്ലെങ്കില്‍ മത്തങ്ങ കൊണ്ട് തരും. അവര്ടെ ഒരു സന്തോഷത്തിന്.”

“മെഡിക്കല്‍ റപ്രസെന്‍ന്‍റേറ്റീവുകളില്ലേ, അവരുമായി നല്ല സൗഹ‍ൃദമുണ്ടെനിക്ക്. അവര്‍ കുറേ സാംപിള്‍ മരുന്ന് തരും. അതൊക്കെയാണ്  ഈ പാവങ്ങള്‍ക്ക് കൊടുക്കുന്നത്.

“81 വയസുണ്ടെനിക്ക്. സാധിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ ജീവിക്കണമെന്നാണ് ആഗ്രഹം,” ഗോവിന്ദന്‍ ഡോക്റ്റര്‍ പറഞ്ഞു.

പാവങ്ങളുടെ ഈ ഡോക്റ്റര്‍ക്ക് 2003-ല്‍ സംസ്ഥാന എല്‍ഡര്‍ലി അവാര്‍ഡും 2009-ല്‍ എല്‍ഡര്‍ലി ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: 79 വയസ്സായി, എന്നിട്ടും പാവപ്പെട്ടവര്‍ക്കായി ദിവസം മുഴുവന്‍ നീക്കിവെക്കുന്ന പത്തുരൂപാ ഡോക്റ്റര്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം