മിനി ട്രാക്റ്റര്‍, നാച്വറല്‍ എയര്‍ കണ്ടീഷനര്‍, മിനി ലിഫ്റ്റ്: 5-ാംക്ലാസ്സില്‍ പഠനം നിര്‍ത്തിയിട്ടും പ്രകൃതിയില്‍ നിന്നും ശാസ്ത്രം പഠിച്ച അഷ്റഫിനെ അടുത്തറിയാം

കൗതുകം നിറയ്ക്കുന്ന കളിപ്പാട്ടങ്ങളും നാച്വറല്‍ എയര്‍ കണ്ടിഷനറും മാത്രമല്ല, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന ഒരുപിടി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

ഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച തൃശ്ശൂര്‍ക്കാരന്‍ അഷ്റഫ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോജിയില്‍ (എം ഐ ടി) ക്ലാസെടുക്കാന്‍ പോയി.

രാത്രി തുടങ്ങിയ ക്ലാസ് അവസാനിക്കുന്നത് വെളുപ്പാന്‍ കാലത്ത്.

എം ഐ ടിയിലെ ആളുകള്‍ രസിച്ച്  കേട്ടിരുന്ന ആ ക്ലാസ്സില്‍  വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും കുട്ടിക്കാലത്തെ ഓര്‍മ്മകളുമൊക്കെയാണ് ആ ഗ്രാമീണ ശാസ്ത്രജ്ഞന്‍ പങ്കുവച്ചത്. പക്ഷേ, അതെല്ലാം ഗഹനമായ ശാസ്ത്രതത്വങ്ങള്‍ നിറയുന്ന കൊച്ചു കൊച്ചു കഥകളുമായിരുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

കളിപ്പാട്ടങ്ങളുണ്ടാക്കിയും ചിത്രംവരച്ചും നാച്ചുറല്‍ എസിയുണ്ടാക്കിയുമൊക്കെ എല്ലാവരെയും വിസ്മയിപ്പിച്ച അഷ്റഫ് ചെമ്മാപ്പിള്ളി ക്ലാസ്സ് മുറിയില്‍ നിന്നല്ല പ്രകൃതിയില്‍ നിന്നാണ് അറിവുകള്‍ നേടിയത്.

അഷ്റഫ് ചെമ്മാപ്പിള്ളി

കൗതുകം നിറയ്ക്കുന്ന കളിപ്പാട്ടങ്ങളും നാച്വറല്‍ എയര്‍ കണ്ടിഷനറും മാത്രമല്ല, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന ഒരുപിടി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

തനിച്ച് തള്ളി നീക്കി ഉപയോഗിക്കാവുന്ന മിനി ട്രാക്റ്റര്‍, കപ്പി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിനി ലിഫ്റ്റ്, വെറ്റിലയും മുരിങ്ങയില പോലുള്ളവ മുകളിലെ കൊമ്പില്‍ നിന്നു പറിച്ചെടുക്കാന്‍ ഉപയോഗിക്കാവുന്ന കത്രികത്തോട്ടി, ബാഗില്‍ കൊണ്ടു നടക്കാവുന്ന മടക്കു കട്ടില്‍… ആ ലിസ്റ്റ് നീണ്ടതാണ്.

“കുട്ടിക്കാലത്ത് വാപ്പയുടെ ഉമ്മയാണ് എനിക്ക് കളിപ്പാട്ടങ്ങളുണ്ടാക്കി തന്നിരുന്നത്.,” അഷ്റഫ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

“ആമിന എന്നാണ് ഉമ്മയുടെ പേര്. എനിക്കവര് കുറേ കളിപ്പാട്ടങ്ങളുണ്ടാക്കി തന്നിട്ടുണ്ട്. വീട്ടിലും മുറ്റത്തുമൊക്കെയുള്ള ഓരോ സാധനങ്ങള്‍ കൊണ്ടാണ് അതൊക്കെയുണ്ടാക്കുന്നത്.”

കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ അഷ്റഫിനും ഇഷ്ടമാണ്. മരകഷ്ണങ്ങള്‍ കൊണ്ട് കളി ട്രാക്റ്ററും വിന്‍ഡ്‍മില്ലും വാട്ടര്‍ ടര്‍ബൈനും കൊച്ചു വിമാനങ്ങളുമൊക്കെയുണ്ടാക്കിയിട്ടുണ്ട്.

“വാപ്പ മരക്കച്ചവടക്കാരനായിരുന്നു. വാപ്പ മാത്രമല്ല അദ്ദേഹത്തിന്‍റെ പിതാവും ആ തൊഴിലാണ് ചെയ്തിരുന്നത്. എന്‍റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമാണ് എന്‍റെ വാപ്പ. മുഹമ്മദ് എന്നാണ് പേര്. ഉമ്മ ഐഷുവും.


വാപ്പ വീട്ടില്‍ കൊണ്ടുവന്നു മുറിച്ചിട്ടിരിക്കുന്ന മരകഷ്ണം കൊണ്ടു ഞാനെന്തുണ്ടാക്കിയാലും വാപ്പ ഒന്നും പറയില്ല.


“മരകഷ്ണം കൊണ്ട് ലോറിയോ വിമാനമോ കപ്പലോ എന്തുണ്ടാക്കിയാലും ആള്‍ക്ക് ഒരു കുഴപ്പവുമില്ല. ഒരു കാര്യം ചെയ്യരുതെന്ന് അവര് പറയാതിരുന്നതാണ് വലിയ കാര്യമെന്നു തോന്നുന്നത്.”

“നമ്മളൊരു കാര്യം ചെയ്യുമ്പോ അതു പാളിപ്പോയാല്‍, വീണ്ടും ചെയ്യും. വീണ്ടും വീണ്ടും ചെയ്തിട്ടു പിന്നെയും പിന്നെയും പാളുമ്പോള്‍ അതു ചെയ്യേണ്ടെന്നു പറയുന്ന രക്ഷിതാവ് ആണെങ്കില്‍ പിന്നെ ആ പരീക്ഷണം ആ കുട്ടി ചെയ്യില്ല.

“ഒരു നാശവും അതിന്‍റെ ഉണര്‍വുമാണ് പരീക്ഷണം. ആദ്യമായി പരീക്ഷണം നടത്തുമ്പോള്‍ പൂര്‍ണമായും പരാജയപ്പെട്ടേക്കും. എന്നാല്‍ പിന്നീട് 90 ശതമാനമായി മാറും. പിന്നെയത് 80 ശതമാനമാകും. അങ്ങനെ ദിവസങ്ങള്‍ കൊണ്ട് വിജയിക്കാം.

“ഞാനിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നതും അതു വിജയിക്കുന്നതുമൊക്കെ, പണ്ട് എന്നെ എതിര്‍ക്കാതിരുന്ന ഉമ്മയും വാപ്പയും കാരണമാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അന്നൊന്നും അറിയില്ലായിരുന്നു.  അഞ്ചാം ക്ലാസില്‍ പഠനം നിറുത്തിയതും അതു കൊണ്ടൊക്കെയാണ്.”

പാതിവഴിയില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചുവെങ്കിലും വായനയിലൂടെയും നിരീക്ഷണത്തിലൂടെയും സൗഹൃദത്തിലൂടെയുമൊക്കെയാണ് അഷ്റഫ് അറിവ്  നേടിയത്. ചില അയല്‍ക്കാരുമായുള്ള സൗഹൃദം ജീവിതത്തില്‍ വലിയ സ്വാധീനമായിരുന്നുവെന്ന് അഷ്റഫ് ഓര്‍ക്കുന്നു.

പഠനം അവസാനിപ്പിച്ച ശേഷം നാട്ടിലെ ചില വീട്ടുകാരുമായി നല്ല ബന്ധത്തിലായി.

“തറാഫീഖ് കോണ്‍വെന്‍റില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ബാലന്‍ മാഷും അദ്ദേഹത്തിന്‍റെ വീട്ടിലുള്ളവരുമാണ് കൂട്ടത്തിലൊന്ന്. മാഷിന് അഞ്ച് പെണ്‍മക്കളാണ്. അവര്‍ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനൊക്കെ ഞാനാ പോകുന്നത്. എന്നെ മോനെപ്പോലെയാണ് മാഷും വീട്ടുകാരും കാണുന്നത്.

“എന്‍റെ വീട്ടില്‍ നിന്നും സൗഹൃദ പരിസരങ്ങളില്‍ നിന്നും അറിയാനും പഠിക്കാനും സാധിക്കാത്തതൊക്കെയും മാഷില്‍ നിന്നാണ് പഠിക്കുന്നത്. പൊറ്റേക്കാട്ട് ധര്‍മരാജനും ഭാര്യയും… ഇവര് എന്നെ എപ്പോഴും വായിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

“ബാലന്‍ മാഷിനെ പോലെയുള്ള മറ്റൊരു കുടംബമായിരുന്നു ധര്‍മരാജന്‍റേത്. അംബേദ്ക്കറിനെക്കുറിച്ച് ആദ്യമായി വായിക്കുന്നത് ഇവരുടെ വീട്ടില്‍ വച്ചാണ്. ഇങ്ങനെ കുറേ വായിക്കാനും സാധിച്ചു.

“പാതിവഴിയില്‍ വിദ്യാഭ്യാസം അവസാനിച്ചുവെങ്കിലും നഷ്ടമായതൊക്കെ വേറെ പല വഴികളിലൂടെ തിരിച്ചു പിടിക്കാന്‍ സാധിച്ചു.  ഈ വീടുകളുമായുള്ള സൗഹൃദത്തിലൂടെയാണ് അറിവുണ്ടാക്കുന്നത്. ഇന്നെനിക്കുള്ള കഴിവും പ്രാപ്തിയുമൊക്കെ ഈ വീടുകളില്‍ നിന്നാണ് കിട്ടിയത്.

“പഠിക്കുന്ന കാലത്ത് ഒരു വിഷയത്തോടും പ്രത്യേകിച്ച് ആഭിമുഖ്യമുണ്ടായിരുന്നില്ല. അഞ്ച് വരെ പഠിച്ചിട്ടും എഴുതാനും വായിക്കാനുമറിയാത്ത ഒരാളെന്ന് പറയുന്ന അവസ്ഥ ആലോചിച്ച് നോക്കിക്കേ.

“അത്ഭുതമാണ്. ഈ അധ്യാപകരാരും ശ്രദ്ധിക്കാതെ ഞാനെങ്ങനെ സ്കൂളില്‍ കഴിഞ്ഞെന്നത്. എന്തുകൊണ്ടാണ് എന്നെപ്പോലുള്ളവര്‍ അധ്യാപകരുടെ ശ്രദ്ധയില്‍ വരാതെ പോകുന്നതെന്നു കുറേ ആലോചിട്ടുണ്ട്.

“സ്കൂളിന്‍റെ പരിസരം, അല്ലേല്‍ അവിടേക്ക് കയറുന്ന മനോഹരമായ പടികള്‍, ചില കെട്ടിടങ്ങളുടെ കൗതുകം… ഇതൊന്നുമല്ലാതെ എനിക്കൊന്നും സ്കൂളില്‍ നിന്ന് കിട്ടിയിട്ടില്ല.

“പിന്നീട് പ്രകൃതിയില്‍ നിന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ലോകത്തിലെ ഏതൊരറിവും ഏതൊരാളെയും പഠിപ്പിക്കാന്‍ കഴിയുമെന്ന് തോന്നി. അതിന് ഉപയോഗിക്കുന്ന വഴിയാണ് പ്രധാനം,” അഷ്റഫ് പറ‍ഞ്ഞു.

അഷ്റഫിന്‍റെ ഭാര്യയും മക്കളും

സാമ്പത്തികമായി നല്ല നിലയില്‍ ആയിരുന്നില്ല അഷ്റഫ്, അന്നും ഇന്നും. പക്ഷേ സത്യസന്ധനായി ജീവിച്ചയാളുടെ മകനാണെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നു അദ്ദേഹം പറയുന്നു.

“16 വയസുള്ളപ്പോ വാപ്പയുണ്ടാക്കിയ കടം വീട്ടേണ്ട സാഹചര്യമുണ്ടായിരുന്നു. അന്നൊക്കെ ദേഷ്യം തോന്നിയിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോ അതൊക്കെ മാറി.

“മുതിര്‍ന്നപ്പോഴാണ് വാപ്പയെ തിരിച്ചറിഞ്ഞത്. സത്യസന്ധമായി ജീവിച്ചയാളാണെന്നും ഒന്നും സാമ്പത്തികമായി നേടാനായില്ലെന്നും മനസിലായി. 50 കൊല്ലം മരക്കച്ചവടം നടത്തിയ ആളാണ് വാപ്പ, ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്, ലോട്ടറി കച്ചവടമാണ്.

“കച്ചവടം കഴിഞ്ഞു വരുന്ന വാപ്പയുടെ കൈയില്‍ പൂച്ചയ്ക്ക് ഒരു കിലോ ചാള, കോഴിയ്ക്കും കാക്കയ്ക്കും കൊടുക്കാന്‍ അര കിലോ അരി ഇതൊക്കെ വാങ്ങിയിട്ട് വരും. വാപ്പയുടെ ഈ മനസ് എന്‍റെ ജീവിതത്തിനെയും സ്വാധീനിച്ചിട്ടുണ്ട്. അതുപോലെയാകണമെന്ന് ആഗ്രഹം.”

അഷ്റഫ് വരച്ച ചിത്രം

പഠനമൊക്കെ അവസാനിപ്പിച്ച ശേഷം ഒരിക്കല്‍ ഉമ്മവീട്ടില്‍ നിന്നാണ് ആര്‍ക്കിമിഡീസ് തത്വം മനസിലാക്കിയതെന്നു അഷ്റഫ് ഓര്‍ക്കുന്നു. “‍ഉമ്മ വീട്ടില്‍ ആരുമില്ല. എല്ലാവരും എവിടെയോ പോയിരിക്കുകയാണ്.

“വീടിന്‍റെ മുന്നിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. മുറ്റത്ത് കുറച്ചു ചിരട്ടകള്‍ കത്തിക്കാന്‍ കൂട്ടിയിട്ടിട്ടുണ്ട്. ചിരട്ടയെടുത്ത് കുറച്ച് മണ്ണ് അതില്‍ നിറച്ച്, കടലാസ് ഒട്ടിച്ച ഈര്‍ക്കിലി ആ മണ്ണില്‍ കുത്തിനിറുത്തി.

“ഒരു കൊടി പാറുന്ന പോലെ ഇരിക്കും കണ്ടാല്‍. ഇതു വെള്ളത്തിലേക്കിട്ട് ഒഴുക്കാന്‍ തുടങ്ങി. പക്ഷേ ഈര്‍ക്കിലി ഉയരത്തില്‍ വയ്ക്കണമെങ്കില്‍ ചിരട്ടിയില്‍ മണ്ണ് കൂടുതല്‍ വേണ്ടി വരും. മണ്ണ് കൂടിയാല്‍ വെള്ളത്തിലേക്ക് ചിരട്ട വീഴും.

“ചിരട്ട മുങ്ങാതെ ഈര്‍ക്കിലി ഉയരത്തില്‍ വയ്ക്കുകയും വേണം. പ്രത്യേക അനുപാതത്തില്‍ ചിരട്ടയില്‍ മണ്ണിട്ടാല്‍ മതി. ആ അനുപാതം മനസ്സിലായാല്‍ പിന്നെ ആര്‍ക്കിമീഡീസ് തത്വവും പഠിച്ചു. ഈ സംഭവത്തെക്കുറിച്ചൊക്കെ പുസ്തകത്തിലെഴുതിയിട്ടുണ്ട്.”

അറിവിന്‍റെ നാട്ടുപാതകള്‍ എന്ന പുസ്തകത്തെക്കുറിച്ചാണ് അഷ്റഫ് പറയുന്നത്.

പ്രകൃതിയിയില്‍ നിന്നും ഇങ്ങനെ മനസ്സിലാക്കിയ ശാസ്ത്രതത്വങ്ങളും അറിവുകളുമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ പങ്കുവെയ്കുന്നത്.

അഷ്റഫ് എഴുതിയ പുസ്തകത്തിന്‍റെ കവര്‍

“അറിവിന്‍റെ നാട്ടുപാതകള്‍ വലിയ ഗൗരവമായ സംഭവമൊന്നും അല്ല. എന്നെക്കുറിച്ച് എഴുതാനൊരു പത്രപ്രവര്‍ത്തക സുഹൃത്ത് വന്നു. ആള്‍ക്ക് എന്നെക്കുറിച്ച് അറിയേണ്ടതൊക്കെ കുറിപ്പ് പോലെ എഴുതി. ആ ലേഖകന് വേണ്ടി എഴുതിയ കുറിപ്പുകളാണ് പിന്നീട് പുസ്തകമാക്കിയത്.

“ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരാളെയും പോലെ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കാനിഷ്ടമായിരുന്നു. അങ്ങനെ പ്രകൃതിയെ നിരീക്ഷിക്കുമായിരുന്നു. ഒടുവില്‍ പ്രകൃതിയില്‍ നിന്നു തന്നെയാണ് ശാസ്ത്രത്തിലേക്കെത്തുന്നത്.


ഇതുകൂടി വായിക്കാം: അഡ്മിഷന്‍ നിഷേധിച്ച സ്‌കൂള്‍ ഇന്ന് ജോബിയെക്കുറിച്ച് പഠിപ്പിക്കുന്നു


“ഐന്‍സ്റ്റീന്‍റെ  സിദ്ധാന്തം, ന്യൂട്ടന്‍റെ സിദ്ധാന്തം, ആര്‍ക്കിമിഡീസ് തത്വം ഇതൊക്കെ പുസ്തകത്തില്‍ വളരെ ലളിതമായി പറയുന്നുണ്ട്. സാധാരണക്കാര്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ മനസിലാകുന്ന രീതിയിലാണ് പുസ്തകമെഴുതിയിരിക്കുന്നത്,” അഷ്റഫ് കൂട്ടിച്ചേര്‍ത്തു.

വീടുകളില്‍ നാച്ചുറല്‍ എസി പരീക്ഷണ അടിസ്ഥാനത്തിലാണ് ചെയ്തതെന്നു അഷ്റഫ് പറയുന്നു. “ഇപ്പോഴും ചെയ്യുന്നുണ്ട്. കൊമേഴ്സ്യലി ചെയ്യാവുന്നതാണിത്. ഓരോ വീടിനും ഓരോ രീതിയാണിലാണ് നാച്ചുറല്‍ എസി സൗകര്യമൊരുക്കുന്നത്.


മനുഷ്യന്‍ ശ്വസിക്കുന്ന പോലെ വീടിനെയും ശ്വസിപ്പിക്കുകയാണ് നാച്ചുറല്‍ എസിയിലൂടെ.


“സാധാരണ ഗതിയില്‍ മുറിക്കുള്ളില്‍ വായു നിറ‍ഞ്ഞു നില്‍ക്കുകയല്ലേ പതിവ്. അടുക്കളയിലെ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധം, പൊടിയുടെ മണ്ണം ഇതൊക്കെ ഇങ്ങനെ നിറഞ്ഞു നില്‍ക്കും വീട്ടിനുള്ളില്‍. ആ ഗന്ധങ്ങളെ അകറ്റി, കാറ്റ് വീടനകത്തു കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ എപ്പോഴും ഫ്രഷ്നസുണ്ടാകും.

“കാറ്റിനെ വീടിനകത്തേക്ക് കൊണ്ടുവരികയാണ് നാച്ചുറല്‍ എസി സംവിധാനത്തിലൂടെ. ചെറിയ എക്സോസ്റ്റ് ഫാനുകള്‍ ഉപയോഗിച്ചും മറ്റുമാണത് ചെയ്യുന്നത്. നിശ്ചിത സമയത്തിന് ശേഷം ആ കാറ്റ് വീടിന് പുറത്തേക്ക് കളയുകയും ചെയ്യും. അപ്പോ ചൂടും കുറയും, ” അദ്ദേം വിശദമാക്കുന്നു.

നടന്‍ സുനില്‍ സുഖദയ്ക്കൊപ്പം അഷ്റഫ്

ശാസ്ത്രം മാത്രമല്ല നാടകവും സിനിമയും സംഗീതവും ചിത്രംവരയുമൊക്കെ  അഷ്റഫിന്‍റെ ഇഷ്ട മേഖലകളാണ്. “ഒരുപാട് ഗവേഷണവും പഠനവുമൊക്കെ ചെയ്യുമ്പോ ഒരെണ്ണം ശരിയായേക്കും. ആ സംഘര്‍ഷത്തിനിടയില്‍ സന്തോഷം കണ്ടെത്താനാണ് കലയിലേക്ക് വരുന്നത്,” അഷ്റഫ് പറയുന്നു.

” 25 കൊല്ലമായി തുടര്‍ച്ചയായി ചെയ്യുന്ന ചില പരീക്ഷണങ്ങളുണ്ട്. അതില്‍ചിലത് അമ്പത് തവണയെങ്കിലും പരാജയപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെയൊക്കെയുള്ള അവസരങ്ങളില്‍ മടുപ്പൊക്കെ വരുമല്ലോ,” എന്ന് അഷ്റഫ്.

നാടകങ്ങളും സിനിമയുമൊക്കെ യാണ് ഈ മടുപ്പില്‍ നിന്ന് മോചനം കൊടുക്കുന്നത്. ഫിലിം ഫെസ്റ്റിവലുകള്‍ അഷ്റഫ് വിടാറില്ല. വീട്ടില്‍ നിന്നകലെയാണെങ്കിലും നാടകങ്ങള്‍ കാണാന്‍ ഇന്നും പോകും.

കുട്ടിക്കാലം തൊട്ടേ കലയോട് ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ട്  മദ്രാസിലെ ചന്ദിനൂര്‍സ് ചിത്രവിദ്യാലയത്തില്‍ നിന്നു പോസ്റ്റലില്‍ വര പഠിച്ചു. പണ്ടൊക്കെ വരച്ച ചിത്രങ്ങള്‍ അദ്ദേഹം ഇന്നും സൂക്ഷിക്കുന്നുണ്ട്.

“പിന്നീടൊരു അവധിക്കാലത്ത് വരയ്ക്കാനുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അനിയന്‍ അക്ബര്‍ അനിയത്തിമാരെയൊക്കെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചിരുന്നു. സാമ്പത്തികമായി പണ്ടും ഇന്നുമൊക്കെ അത്ര നിലയിലൊന്നും അല്ല. പക്ഷേ ഇങ്ങനെയൊക്കെ ഞങ്ങളെല്ലാവരും ചിലതൊക്കെ ചെയ്തിരുന്നു.” അഷ്റഫ് പറഞ്ഞു.

അഷ്റഫ് നിര്‍മ്മിച്ച കളിപ്പാട്ടങ്ങളിലൊന്ന്.

കുറേയധികം പ്രസംഗങ്ങളുടെ റെക്കോഡുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് അഷ്റഫ്. 69 ആളുകളുടെ 500-ലേറെ അപൂര്‍വ്വ പ്രസംഗങ്ങളുടെ ശേഖരമാണിത്.

കൂട്ടത്തില്‍ സുകുമാര്‍ അഴീക്കോടിന്‍റെ 35 മണിക്കൂര്‍ നീണ്ട പ്രസംഗവും ലോക നാടകത്തെക്കുറിച്ച് വയലാ വാസുദേവന്‍ പിള്ളയുടെ 100 മണിക്കൂര്‍ പ്രസംഗവുമുണ്ട്. പല സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത സമയങ്ങളില്‍ ശേഖരിച്ചതാണിതൊക്കെയും.

“പരിപാടികള്‍ക്ക് പോകുമ്പോ ഞാന്‍ തന്നെ റെക്കോഡ് ചെയ്യുന്നതാണ്. ഇതിനു വേണ്ടി ഗള്‍ഫില്‍ നിന്നു വരുന്ന കൂട്ടുകാര് കാസെറ്റ് കൊണ്ടു തന്നിട്ടുണ്ട്.


അന്നൊന്നും കാസെറ്റുകളൊന്നും അത്ര വ്യാപകമല്ല. സ്വന്തമായിട്ടൊരു ടേപ് റെക്കോഡര്‍ പോലും എനിക്കില്ലായിരുന്നു.


“ഇതൊക്കെ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാന്‍ വഴിയില്ലാതെ വന്നപ്പോ, നടന്‍ സുനില്‍ സുഖദയാണ് സഹായിച്ചത്. അടുത്ത സുഹൃത്താണ് സുനില്‍. നാടകത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള സുനിലും ഞാനും രംഗചേതനയില്‍ ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു.

“ഡിജിറ്റലൈസ് ചെയ്യാനുള്ള പണമൊന്നും എന്‍റെ കൈയില്‍ ഇല്ലല്ലോ. സുനില്‍ സഹായിച്ചു. തൃശ്ശൂര്‍ നിന്ന് കേള്‍വിക്ക് വേണ്ടിയൊരു ലൈബ്രറി വേണമെന്നാണ് ആഗ്രഹിച്ചത്.

“ആ 69-പേരില്‍ ജീവിച്ചിരിക്കുന്നവരെയെല്ലാം ഉള്‍പ്പെടുത്തി ഇതേക്കുറിച്ച് എല്ലാവരെയും അറിയിക്കണം. ഒരു മ്യൂസിയം പോലെയാക്കിയാല്‍ പ്രയോജനപ്പെടുമല്ലോ. ഇതിനു വേണ്ടിയുള്ള ശ്രമത്തിലാണിപ്പോള്‍. കുറേക്കാലം മുന്‍പ് വരെ ഈ റെക്കോഡുകള്‍ കേട്ടുകൊണ്ടേയിരിക്കുന്നതായിരുന്നു എന്‍റെ ശീലം.”

അഷ്റഫിന്‍റെ കുടുംബത്തിനൊപ്പം സുനില്‍ സുഖദ

അഷ്റഫിന്‍റെ വീടിനകം അദ്ദേഹം ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും ശാസ്ത്ര ഉപകരണങ്ങളുമൊക്കെ നിറ‌ഞ്ഞ ഒരു കാട് പോലെയാണ്. നടക്കാനുള്ള ചെറിയ സ്ഥലം മാത്രമേയുള്ളൂ.

“സ്പേസിലേക്ക് പോകുന്ന പേടകങ്ങളില്ലേ, അതൊക്കെ കടലാസ് ചുരുട്ടിയ രൂപത്തിലാണ് ഭൂമിയില്‍ നിന്ന് മുകളിലേക്ക് പോകുന്നത്. ഗ്രഹത്തിലെത്തിയ ശേഷം വിടരുകയാണ് ചെയ്യുന്നത്. പേപ്പര്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍മാരാണ് ഇതിന്‍റെ ഡിസൈന്‍ ചെയ്യുന്നത്.”

ഇങ്ങനെ കടലാസില്‍ ചില പരീക്ഷണങ്ങള്‍ ചെയ്യുന്ന തിരക്കിലാണിപ്പോള്‍ അഷ്റഫ്.

ഷക്കീലയാണ് ഭാര്യ. പ്ലസ് ടു വിദ്യാര്‍ത്ഥി ഐവിന്‍, ഏഴാം ക്ലാസുകാരി തസ്ലീമയുമാണ് മക്കള്‍.


ഇതുകൂടി വായിക്കാം: മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം