കുഞ്ഞുവര്‍ക്കി

നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍

വൈദ്യുതി എത്താത്ത ഒരു നാട്, നാട്ടുകാര്‍ക്ക് സിനിമ കാണിച്ചുകൊടുക്കാനും പാട്ടുകേള്‍പ്പിക്കാനും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച ഒരു കുടിയേറ്റ കര്‍ഷകന്‍. എന്നാല്‍ അത് മാത്രമല്ല കുഞ്ഞുവര്‍ക്കി

കുഞ്ഞുവര്‍ക്കിച്ചേട്ടന്‍. സിനിമയെന്ന് കേട്ടാല്‍ പണിയുപേക്ഷിച്ച് പോവുന്ന പിരാന്തന്‍. എട്ടേക്കര്‍ പുരയിടത്തില്‍ പക്ഷികളെ ഊട്ടാന്‍ തിനയും ധാന്യങ്ങളും വളര്‍ത്തുന്നു.

പക്ഷികളുടെ ശബ്ദം റെക്കോഡ് ചെയ്തുവെച്ച് ഇടക്കിടെ കേള്‍ക്കലാണ് മറ്റൊരു പിരാന്ത്.

കുഞ്ഞുവര്‍ക്കി തന്‍റെ കുളത്തിനരികില്‍
കുഞ്ഞിവര്‍ക്കി ചെറുപ്പത്തിലേ സിനിമാക്കമ്പക്കാരനായിരുന്നു. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കി. പാറയും കാടും നിറഞ്ഞ ഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്തു. ഇത്തിരി കാശ് മിച്ചം വന്നപ്പോള്‍ ടെലിവിഷന്‍ സെറ്റ് വാങ്ങിക്കാമെന്ന് വിചാരിച്ചു. നാട്ടുകാര്‍ക്കും സിനിമ കാണിക്കണമെന്ന മോഹവുമുണ്ടായിരുന്നു ഉള്ളില്‍. 1990കളുടെ തുടക്കത്തിലാണിത്.

ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?


പക്ഷേ, ഒരു പ്രശ്നം മാത്രം. ആ പ്രദേശത്തൊന്നും വൈദ്യുതി എത്തിയിട്ടില്ല. കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ പക്ഷേ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. സ്വന്തം പുരയിടത്തിലൂടെ ഒഴുകുന്ന അരുവിയില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ തീരുമാനിച്ചു.

പറയാന്‍ ഏറെയുണ്ട്. കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ ഒരു വ്യക്തിയല്ല. ഒരു പ്രസ്ഥാനമാണ്.

കുഞ്ഞുവര്‍ക്കി

തിരുവിതാംകൂറിലെ തൊടുപുഴയില്‍ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയും പിന്നീട് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരു കുടിയേറ്റ കുടുംബത്തിലെ അംഗം. തെയ്യത്തുംപാറ നെല്ലിയോട്ട് കുഞ്ഞുവര്‍ക്കി എന്ന മനുഷ്യന്‍ ജൈവ കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ്. കൃഷി എങ്ങനെ ആദായകരമാക്കാമെന്ന് തന്‍റെ പാറ മൂടിയ കൃഷിയിടത്തില്‍ നിന്നും പഠിപ്പിച്ചുകൊടുക്കുകയാണ് കുഞ്ഞുവര്‍ക്കി.

പക്ഷികളുടെ ശബ്ദം റെക്കോഡ് ചെയ്തുവെച്ച് ഇടക്കിടെ കേള്‍ക്കലാണ് മറ്റൊരു പിരാന്ത്.

നാട്ടിലും പരിസരങ്ങളിലുമെത്തുന്ന എല്ലാ പക്ഷികളെയും നിരീക്ഷിക്കുന്ന ഒരു പക്ഷിനിരീക്ഷകന്‍. ജലം എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മനസ്സിലാക്കി കൊടുക്കുന്ന ജലസംരക്ഷകന്‍.. പഴയപാട്ടുകളെ താലോലിക്കുന്ന സംഗീതപ്രേമി. ഇതിലുപരി സിനിമയെന്നു കേട്ടാല്‍ പണിപോലും ഉപേക്ഷിക്കുന്ന ഒരു സിനിമാപിരാന്തന്‍…


ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്


വൈദ്യുതി സ്വപ്‌നം കാണാന്‍ പോലും ആകാത്ത എടക്കാനം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് നാട്ടുകാരെ സിനിമ കാണിച്ച കുഞ്ഞുവര്‍ക്കിക്ക് പറയാനുള്ളത് അധ്വാനത്തിന്‍റെ കഥകളാണ്.

തൊടുപുഴയില്‍ നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയ കുഞ്ഞുവര്‍ക്കിയും കുടുംബവും  കക്കയം ഡാം നിര്‍മ്മാണത്തിന്‍റെ പേരില്‍  അവിടെ നിന്നും കുടിയിറക്കപ്പെടുന്നു.

കുഞ്ഞുവര്‍ക്കി തന്‍റെ ജനറേറ്ററിനരികില്‍
പിന്നീട് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ താമസമാരംഭിക്കുമ്പോള്‍ ദാരിദ്ര്യം മാത്രമായിരുന്ന കുടുംബത്തിന്‍റെ മൂലധനം.

അച്ഛനും അമ്മയും പത്തുമക്കളുമടങ്ങുന്ന കുടുംബത്തിന് ആകെയുണ്ടായത് 90 സെന്‍റ് സ്ഥലം മാത്രം–കാടും പടലും പാറയും നിറഞ്ഞ സ്ഥലം.


ഇതുകൂടി വായിക്കാം:ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


കക്കയത്തെ ജീവിത സാഹചര്യത്തില്‍ കുഞ്ഞുവര്‍ക്കി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതു തന്നെ പതിനൊന്നാംവയസ്സില്‍. സ്‌കൂള്‍ രജിസ്റ്ററില്‍ ആറുവയസുകാരനായി രേഖപ്പെടുത്തിയ കുഞ്ഞുവര്‍ക്കിക്ക് അന്നു നഷ്ടമായത് ജീവിതത്തിലെ അഞ്ചുവര്‍ഷങ്ങള്‍. 74 കാരനായ കുഞ്ഞുവര്‍ക്കി സര്‍ക്കാര്‍ രജിസ്റ്ററില്‍ 69കാരനാണ്.

എന്നാല്‍ ഇന്നും ഇരുപത്തിയഞ്ചിന്‍റെ ചുറുചുറുക്ക്,  നല്ല തെളിച്ചത്തില്‍ പഴയകാര്യങ്ങള്‍ ഓര്‍മ്മിക്കുന്ന കുഞ്ഞുവര്‍ക്കി പറയുന്നു:

ദേവഗിരി കോളേജില്‍ (കോഴിക്കോട്) പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നല്ല കര്‍ഷകനാകണമെന്ന മോഹമുദിക്കുന്നത്.

കുഞ്ഞുവര്‍ക്കി തന്‍റെ ജനറേറ്ററിനരികില്‍
വെള്ളരിക്കുണ്ടിലെ വീട്ടിനു സമീപമുള്ള ജന്മിയുടെ പറമ്പില്‍ പാട്ടത്തിന് സ്ഥലമെടുത്ത് വാഴയും ചേനയും ഇഞ്ചിയും കപ്പയുമെല്ലാം കൃഷി ചെയ്തു.

ഈ പണം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും പഠിച്ച് കാര്‍ഷിക ഡിപ്ലോമ നേടി. പിന്നീട് കൃഷി തന്നെ ജീവിതമാര്‍ഗമാക്കി. പാട്ടകൃഷി ലാഭകരമാണെന്ന് മനസ്സിലാക്കിയതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് ആദ്യം മാലോത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി.

ഈ ഭൂമി എടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു റബര്‍ വെയ്ക്കാന്‍. എനിക്ക് റബറിനോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല.

പിന്നീട് കൃഷിക്ക് കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെന്നു കണ്ടതിനാല്‍ റാണിപുരം മലയുടെ അടിവാരത്തില്‍ എടക്കാനത്ത് എട്ടേക്കര്‍ ഭൂമി വാങ്ങുകയായിരുന്നു. ചെങ്കുത്തായ കയറ്റവും എപ്പോഴും ഇടിഞ്ഞുവീഴാന്‍ പാകത്തിലുള്ള പാറകളും മഴക്കാലത്ത് തിമര്‍ത്തു പായുന്ന കാട്ടരുവിയുമുള്ള എട്ടേക്കര്‍ സ്ഥലമാണ് വാങ്ങിയത്.

മനസ്സില്‍ സിനിമാക്കമ്പമുള്ളതിനാല്‍ വീട്ടില്‍ ഒരു ടി വി വാങ്ങണമെന്നായിരുന്നു ആദ്യ ആഗ്രഹം.

കുഞ്ഞുവര്‍ക്കിയുടെ പുരയിടത്തിലൂടെ ഒഴുകുന്ന അരുവി

വൈദ്യുതി ഇല്ലാതെ ടിവി കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിച്ചു. അടുത്ത പ്രദേശങ്ങളിലൊന്നും അന്നു വൈദ്യുതി എത്തിയിരുന്നില്ല.

അതുകൊണ്ടു തന്നെ സ്വന്തമായി വൈദ്യുതി ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. കക്കയം ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്‍റെ പ്രവര്‍ത്തനം മനസ്സിലുണ്ടായിരുന്നു.

ചെങ്കുത്തായ കയറ്റവും എപ്പോഴും ഇടിഞ്ഞുവീഴാന്‍ പാകത്തിലുള്ള പാറകളും മഴക്കാലത്ത് തിമര്‍ത്തു പായുന്ന കാട്ടരുവിയുമുള്ള എട്ടേക്കര്‍ സ്ഥലമാണ് വാങ്ങിയത്.

വലിയ ശക്തിയിലെത്തുന്ന വെള്ളം ചെറിയ സുഷിരത്തിലൂടെ കടത്തി വിട്ടാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന് മനസ്സിലാക്കി. പുരയിടത്തിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നും പൈപ്പുവഴി വെള്ളം 11000 ലിറ്റര്‍ കൊള്ളുന്ന കുളത്തില്‍ സംഭരിക്കുകയും അവിടെ നിന്നും രണ്ടര ഇഞ്ച് പൈപ്പിലൂടെ 250 മീറ്റര്‍ അകലെ എത്തിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുകയാണ് കുഞ്ഞുവര്‍ക്കി ചെയ്തത്. രണ്ട് ഇലക്‌ട്രോ മാഗ്നെറ്റും ഒരു ആര്‍മെച്ചറും ഒരു റോട്ടര്‍, നാല് ഡയോഡ്, ചെമ്പ് കമ്പികളും ചേര്‍ത്താണ് ജലവൈദ്യുത പദ്ധതി ഉണ്ടാക്കിയത്.


ഇതുകൂടി വായിക്കാം: തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്


 ഇതില്‍നിന്നും 290 വോള്‍ട്ടിന്‍റെ വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 900 വാട്‌സിന്‍റെ മോട്ടോര്‍ വൈദ്യുതി ഉല്‍പ്പിപ്പിക്കാന്‍ ഒരു മിനിറ്റില്‍ 3500 തവണ ചക്രം കറങ്ങണം.  ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുപകരണങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  1991 ല്‍ സൈക്കിള്‍ ഡൈനാമോ ഉപയോഗിച്ചാണ് പരീക്ഷണം തുടങ്ങിയത് പിന്നീട് ലോറിയുടെ ഡൈനാമോ ഉപയോഗിച്ചു. 1993 ല്‍ തുടങ്ങിയ പദ്ധതി 96 ലാണ് പൂര്‍ത്തിയാക്കിയത്. ഇതിനായി 63,000 രൂപയോളം ചിലവഴിച്ചിരുന്നു.

വര്‍ക്കിച്ചേട്ടന്‍റെ വൈദ്യുതപദ്ധതി മലയോര നിവാസികള്‍ക്ക് ഇന്നും അത്ഭുതമാണ്.

WATCH: കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ സ്വന്തം കഥ പറയുന്നു:

രണ്ടു വര്‍ഷം മുമ്പ് സമീപത്തെ എല്ലാ ദാരിദ്ര്യരേഖക്കു താഴെയുള്ള വീടുകളിലും വൈദ്യുതി എത്തി.

എന്നാല്‍ എട്ടേക്കര്‍ ഭൂമിയുടെ ഉടമസ്ഥനായ കുഞ്ഞുവര്‍ക്കിയോട് വൈദ്യുതി ബോര്‍ഡ് പറഞ്ഞത് 53,000  രൂപ അടക്കാനാണ്. എന്നാല്‍ അങ്ങനെ വൈദ്യുതി വേണ്ടെന്ന് ശാഠ്യം പിടിച്ച കുഞ്ഞുവര്‍ക്കി ഇപ്പോഴും സ്വയം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സംതൃപ്തനാണ്. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കുഞ്ഞുവര്‍ക്കി നടത്തിയ കഷ്ടപ്പാടുകള്‍ ഏറെ വലുതാണ്.

കുഞ്ഞുവര്‍ക്കിയുടെ കൃഷി ഒരു ജൈവ കര്‍ഷകന്‍റെ വിജയത്തിന്‍റെ കഥകൂടിയാണ്.

ഇന്ന് ഈ വൈദ്യുതി കൊണ്ട് സിനിമ കാണുന്നതിന് പുറമേ വീട്ടിലെ ഇന്‍ഡക്ഷന്‍ സ്റ്റൗവും മിക്‌സിയുമെല്ലാം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കാര്യമായി യാതൊരു അറ്റകുറ്റപണിയും വേണ്ടിവന്നിട്ടില്ലെന്ന്  വര്‍ക്കിച്ചേട്ടന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ലിറ്ററിന് 6 പൈസക്ക് വായുവില്‍ നിന്ന് കുടിവെള്ളം, വിറകടുപ്പില്‍ നിന്ന് വൈദ്യുതി: ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണങ്ങള്‍


കുഞ്ഞുവര്‍ക്കിയുടെ കൃഷി ഒരു ജൈവ കര്‍ഷകന്‍റെ വിജയത്തിന്‍റെ കഥകൂടിയാണ്. സുഭാഷ് പാലേക്കറുടെ കൃഷിരീതി അവലംബിക്കുന്ന കുഞ്ഞുവര്‍ക്കിക്ക് ജൈവ സര്‍ട്ടിഫിക്കറ്റുണ്ട്. കുരുമുളക്, തെങ്ങ്, കവുങ്ങ്, കശുമാവ്, കൊക്കോ, ഗ്രാമ്പു, ഏലം, കാപ്പി എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ടെങ്കിലും വര്‍ക്കിക്ക് താത്പര്യം കുരുമുളകിനോടാണ്.

ഈ ഭൂമി എടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു റബര്‍ വെയ്ക്കാന്‍. എനിക്ക് റബറിനോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല,വര്‍ക്കിച്ചേട്ടന്‍ പറയുന്നു.

കുഞ്ഞുവര്‍ക്കി
അതിന് ചേട്ടന്‍ പറയുന്ന കാരണം രസകരമാണ്. കാഴ്ചയ്ക്ക് ഒരു സൗന്ദര്യവുമില്ലാത്ത മരമാണത് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
രാത്രിയായാല്‍ വീടിന്‍റെ ടെറസിനുമുകളില്‍ അക്കരെയുള്ള വനത്തിലേക്ക് നോക്കിയിരിക്കും. മണിക്കൂറുകളോളം നീളും ആ ഇരുത്തം.
കുരുമുളക് നോക്കൂ, എന്തൊരഴകാണതിന്, എന്ന് ചേട്ടന്‍ പറയും. കുരുമുളകിങ്ങനെ പറിച്ച് കൂട്ടിയിട്ടിരിക്കുന്നത് കാണാന്‍ തന്നെ എന്ത് ഭംഗിയാണെന്നോ എന്ന് വര്‍ക്കിച്ചേട്ടന്‍.  കുരുമുളകിന്‍റെ ഫോട്ടോയെടുത്ത് ഇടക്കിടെ നോക്കിക്കൊണ്ടിരിക്കും.

ഇതുകൂടി വായിക്കാം: ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍


ഇന്ന് അപൂര്‍വ്വമായ പല കുരുമുളക് ചെടികളും ഈ തോട്ടത്തിലുണ്ട്. ഒന്നു മുതല്‍ഏഴു വരെ പന്നിയൂര്‍, തേവം, വിജയി, കരിമുണ്ട, നാരായണകൊടി, നീലമുണ്ടി, കരിമുണ്ടി, അര്‍ക്കുളോംമുണ്ടി തുടങ്ങിയവ അക്കൂട്ടത്തില്‍പെടും. കിഴങ്ങുവര്‍ഗ കൃഷിയിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. എട്ടിനം കാച്ചിലുകളും ചെറുകിഴങ്ങും മുള്ളംകിഴങ്ങ്, ഉരുളക്കിഴങ്ങ് തുടങ്ങി 20 ഇനത്തോളം കിഴങ്ങുകളും കൃഷി ചെയ്യുന്നുണ്ട്.

വായ്പയെടുത്ത് കൃഷി നടത്തിയാല്‍ കടം മാത്രമായിരിക്കും മിച്ചമെന്ന് കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുഞ്ഞുവര്‍ക്കി

അതുപറയുമ്പോള്‍ തന്നെ ചേട്ടന് ലാഭത്തിന്‍റെ കഥ മാത്രമേ പറയാനുള്ളു. ഒരു വര്‍ഷം പതിനൊന്നര ലക്ഷം രൂപയോളം വരുമാനം ലഭിക്കും. രണ്ടേകാല്‍ ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ കൂലിച്ചെലവ് വരും. ഏതാണ്ട് 70,000 രൂപ ജൈവ വളത്തിനും കീടനാശിനിക്കുമായി വിനിയോഗിക്കും.

വര്‍ഷം പതിനൊന്നര ലക്ഷം രൂപയോളം വരുമാനം ലഭിക്കും. രണ്ടേകാല്‍ ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ കൂലിച്ചെലവ് വരും.

ബാക്കി തുക തന്‍റെ യാത്രകള്‍ക്കായി ചെലവഴിക്കും. അതാണ് വര്‍ക്കിച്ചേട്ടന്‍റെ ഏറ്റവും ഇഷ്ടവിനോദം.  ഇതിനെല്ലാം പുറമേ കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. റഫിസാബിന്‍റെ എല്ലാപാട്ടുകളും കുഞ്ഞുവര്‍ക്കി സൂക്ഷിച്ചുവച്ചിട്ടുണ്ട് .പഴയ മലയാളം സിനിമകളുടെ വലിയൊരു ശേഖരവുമുണ്ട്.

74-ാം വയസ്സിലും വര്‍ക്കിച്ചേട്ടന്‍ ‘ഹാപ്പിലി അണ്‍മാരീഡ്’ ആയി തുടരുന്നു.  എന്താണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാല്‍ പണമുണ്ടാക്കാനുള്ള തിരക്കില്‍ അന്ന് സമയം കിട്ടിയില്ലെന്ന് ചിരിച്ചുകൊണ്ടു പറയും.


ഇതുകൂടി വായിക്കാം: ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍


 എന്നാല്‍ കെട്ടിയോളും കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമൊന്നുമില്ലാതെ ആകാശത്ത് പാറി പറന്ന് നടക്കുന്ന പക്ഷികളെപ്പോലെ ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ കൂട്ടിച്ചേര്‍ക്കും.

പക്ഷികളെ കാണാന്‍ അന്ധ്രയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ പോവും വര്‍ക്കിച്ചേട്ടന്‍. തട്ടേക്കാട്ടിലും കുമരകത്തും നിരവധി തവണ പോയിട്ടുണ്ട്. 83 ഇനം പക്ഷികളെ കുറിച്ച് വിശദമായി കുഞ്ഞുവര്‍ക്കിക്ക് അറിയാം.

വീട്ടില്‍ പക്ഷികള്‍ക്ക് വേണ്ടി നെല്ലും തിനയും കൃഷി ചെയ്യുന്നുണ്ട്. കൊയ്‌തെടുക്കാറില്ല.

ഇന്ത്യന്‍പിറ്റ എന്ന പക്ഷിക്ക് തിരുവിതാംകുറില്‍ ചെമ്മുട്ടാന്‍ എന്നും എറണാകുളത്ത് കാവി എന്നും കോഴിക്കോട് കുണ്ണന്‍ എന്നും കണ്ണൂരില്‍ കീക്കുട്ടനെയും പേരുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ പക്ഷിയെ 12 വര്‍ഷമായി ഇവിടെയൊന്നും കാണാനില്ലെന്ന് വര്‍ക്കിച്ചേട്ടന്‍ പരിഭവം പറഞ്ഞു. കാവിയെ ഇപ്പോഴും അന്വേഷിച്ച് നടക്കുകയാണെന്നും. മലപ്രാവ്, കാടപ്ര, ആറ്റകുരുവി തുടങ്ങിയ പക്ഷികളെയും യാത്രകളില്‍ കണ്ടുമിട്ടിയതായി അദ്ദേഹം പറഞ്ഞു.

വീട്ടില്‍ പക്ഷികള്‍ക്ക് വേണ്ടി നെല്ലും തിനയും കൃഷി ചെയ്യുന്നുണ്ട്. കൊയ്‌തെടുക്കാറില്ല. ഇത് പക്ഷികള്‍ക്കുള്ളതാണ്.

കുഞ്ഞുവര്‍ക്കിച്ചേട്ടന്‍

പക്ഷികളുടെ ശബദം റെക്കോര്‍ഡ് ചെയ്തു വീണ്ടും കേള്‍ക്കുന്നത് കുഞ്ഞുവര്‍ക്കിയുടെ തമാശകളില്‍ പെടും.

രാത്രിയായാല്‍ വീടിന്‍റെ ടെറസിനുമുകളില്‍ അക്കരെയുള്ള വനത്തിലേക്ക് നോക്കിയിരിക്കും. മണിക്കൂറുകളോളം നീളും ആ ഇരുത്തം.

പ്രകൃതിയോളം സുന്ദരമായിട്ട് ഈ ലോകത്ത് മറ്റൊന്നുമില്ല, മരച്ചാര്‍ത്തുകളിലേക്ക് കണ്ണെറിഞ്ഞ് വര്‍ക്കിച്ചേട്ടന്‍ പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം