അഡ്മിഷന്‍ നിഷേധിച്ച സ്‌കൂള്‍ ഇന്ന് ജോബിയെക്കുറിച്ച് പഠിപ്പിക്കുന്നു: പഞ്ചഗുസ്തിയില്‍ ലോകചാമ്പ്യന്‍, 24 രാജ്യാന്തര മെഡലുകള്‍, ഇനി ലക്ഷ്യം എവറസ്റ്റ്!

“ഒടുവില്‍ പാലായ്ക്കടുത്ത് സിസ്റ്റര്‍മാര്‍ നടത്തുന്ന ഒരു സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി. എന്നും എന്നെയുമെടുത്തുകൊണ്ട് അമ്മ സ്‌കൂളിലെത്തിക്കും. സ്‌കൂള്‍ വിടുമ്പോള്‍ ചുമലിലേറ്റി തിരികെ കൊണ്ടുപോകും.”

“മോനെ നമ്മുടെ രക്ഷ നമ്മുടെ കൈകളില്‍ തന്നെയാണെന്ന് ഓര്‍ക്കണം!” ഏലിക്കുട്ടി ടീച്ചര്‍ പത്താം ക്ലാസുകാരന്‍ ജോബി മാത്യുവിന്‍റെ ഓട്ടോഗ്രാഫില്‍ എഴുതി.

ടീച്ചര്‍ പറയും മുമ്പുതന്നെ കൈകളിലാണ് തന്‍റെ ജീവിതമെന്ന് തിരിച്ചറിഞ്ഞിരുന്നു ജോബി. ആ വാക്കുകള്‍ കൂടിയായപ്പോള്‍ അതൊന്നുകൂടി മനസ്സിലുറപ്പിച്ചു.

പാലായ്ക്കടുത്ത് അടുക്കം എന്ന മലയോരഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജോബി ജനിച്ചത്. അവന്‍ മറ്റ് കുട്ടികളെപ്പോലെയായിരുന്നില്ല.

പിറന്നു വീണ കുഞ്ഞിനെ അമ്മയെ കാണിക്കുമ്പോള്‍ സിസ്റ്റര്‍മാര്‍ക്ക് വാക്കുകളില്ലായിരുന്നു. ആദ്യമായി തന്നെ കണ്ടപ്പോള്‍ അമ്മ വാവിട്ടുനിലവിളിച്ചെന്നും ജോബി പറയുന്നു. പാലാക്കാര്‍ പെരുന്നാള്‍ ആഘോഷിച്ച ദിവസമായിരുന്നു അത്. എന്നാല്‍ ജോബിയുടെ കുടുംബത്തിന് അത് കടുത്ത വേദനയുടേതായിരുന്നു.

ഈ കുഞ്ഞ് എഴുന്നേറ്റ് നില്‍ക്കുമെന്നോ നടക്കുമെന്നോ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് കടുത്ത വേദനയോടെയാണ് അപ്പനും അമ്മയും കേട്ടത്. പ്രോക്‌സിമല്‍ ഫീമറല്‍ ഫോക്കല്‍ ഡെഫിഷ്യന്‍സി (Proximal femoral focal deficiency) എന്നാണ് ജോബിയുടെ കാലുകളുടെ വളര്‍ച്ചയെ മുരടിപ്പിച്ച അവസ്ഥക്ക് വൈദ്യശാസ്ത്രം നല്‍കുന്ന പേര്.

ജോബി മാത്യു

“അഞ്ച് വയസുള്ളപ്പോള്‍ അപ്പച്ചന്‍ മരിച്ചു. നിഴല്‍ പോലും കൂട്ടിനില്ലാതെ, പറക്കമുറ്റാത്ത അനിയത്തിയുമായി ജീവിതം വീണ്ടും തുടങ്ങുമ്പോള്‍ എന്നെ പഠിപ്പിക്കണമെന്ന് അമ്മ അതിയായി ആഗ്രഹിച്ചു,” ജോബി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ജീവിതം പറഞ്ഞുതുടങ്ങുന്നു.

“കുന്നും മലയും കയറിയിറങ്ങി കിലോമീറ്റര്‍ നടക്കണം ബസ് സൗകര്യമുള്ള റോഡിലെത്താന്‍. അഞ്ചോ ആറോ തോടുകള്‍ മുറിച്ചുകടക്കുകയും വേണം.


തെങ്ങിന്‍ത്തടി കൂട്ടിയിട്ട പാലത്തില്‍ കയറാന്‍ പേടിയായതിനാല്‍ മുന്നോട്ടോ പിന്നോട്ടോ നടന്ന് ആഴം കുറഞ്ഞിടത്ത് ഇറങ്ങി തോടുകള്‍ മുറിച്ചുകടന്നാണ് അമ്മ എന്നെ സ്‌കൂളിലെത്തിച്ചിരുന്നത്.


“ആദ്യം അഡ്മിഷനുവേണ്ടി ചെന്നപ്പോള്‍ ഇത്രയും വൈകല്യമുള്ള കുട്ടിയെ എങ്ങനെ ചേര്‍ക്കുമെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ ചോദ്യം. ഒടുവില്‍ പാലായ്ക്കടുത്ത് സിസ്റ്റര്‍മാര്‍ നടത്തുന്ന ഒരു സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി. എന്നും എന്നെയുമെടുത്തുകൊണ്ട് അമ്മ സ്‌കൂളിലെത്തിക്കും. സ്‌കൂള്‍ വിടുമ്പോള്‍ ചുമലിലേറ്റി തിരികെ കൊണ്ടുപോകും.

“പക്ഷേ അന്ന് അഡ്മിഷന്‍ നിഷേധിച്ച മാനേജ്മേന്‍റ് സ്‌കൂളില്‍ ഇപ്പോള്‍ അഞ്ചിലും ഏഴിലും ഒമ്പതിലും കുട്ടികള്‍ പഠിക്കുന്ന ഒരധ്യായം എന്നെക്കുറിച്ചുള്ളതാണ്,” ജോബി നിറഞ്ഞ ചിരിയോടെ പറയുന്നു.

അമ്മ, പഠിപ്പിച്ച സിസ്റ്റര്‍മാര്‍, അങ്ങനെ ഒരുപാട് പേര്‍ ജോബിക്ക് പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിന്നു. മറ്റ് കുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍ അവന്‍ വിഷമത്തോടെ കണ്ടുകൊണ്ടുനില്‍ക്കും. അതുകണ്ട് കുഞ്ഞുജോബിയോട് അമ്മ പറഞ്ഞുകൊടുത്തു: “മോനേ നിനക്ക് കാലുകള്‍ മാത്രമേ ഇല്ലാതുള്ളു, നീയും മറ്റു കുട്ടികളെപ്പോലെ തന്നെയാണ്. എന്തും ചെയ്യാന്‍ നിനക്കും കഴിയും.”

നടക്കാനാകില്ലല്ലോ എന്ന സങ്കടം മാറ്റി വച്ച് ജോബി കൈകള്‍ കൊണ്ട് എല്ലാം ചെയ്യാന്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി. കാലുകളുടെ കരുത്ത് കൈകള്‍ക്ക് മനസുകൊണ്ട് പകര്‍ന്നുനല്‍കി. കൈകള്‍ കൊണ്ട് സഞ്ചരിക്കാന്‍ തുടങ്ങി.

മലമ്പ്രദേശങ്ങളിലൂടെ ആറേഴ് കിലോമീറ്റര്‍ കൈകുത്തി ചാടി നടന്ന് ഒരു ക്ലാസും മുടങ്ങാതെ ജോബി പഠനം തുടര്‍ന്നു.

നൂറുകണക്കിന് പേര്‍ക്ക് പ്രചോദനമാണിന്ന് ജോബിയുടെ വാക്കുകള്‍

കൂട്ടുകാരൊക്കെ ഓടിക്കളിക്കുമ്പോള്‍ ജോബി തന്‍റെ കൈക്കരുത്തിനോട് മത്സരിക്കാന്‍ അവരെ വെല്ലുവിളിച്ചു. ഒരു തമാശ പോലെ ആ വെല്ലുവിളി ഏറ്റെടുത്തവര്‍ പക്ഷേ ജോബിയുടെ കൈക്കരുത്തിന് മുന്നില്‍ അമ്പേ പരാജയപ്പെട്ടു.

“ഫ്രീ പീരിഡിലും ഡ്രില്ലിന്‍റെ സമയത്തും ഞാനും എന്നെപ്പോലുള്ള കുറെ കുട്ടികളും എന്നും മാറി നില്‍ക്കുന്നവരായിരുന്നു. കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ കഴിയില്ല. എല്ലാവരും ഫുട്ബോള്‍ കളിക്കുമ്പോള്‍ എന്നും കാഴ്ച്ചക്കാര്‍. ഒരു ഗോളിയായി പോലും അതിന്‍റെ ഭാഗമാകാന്‍ കഴിയാത്ത അവസ്ഥ. അന്ന് അനുഭവിച്ച സങ്കടം വിവരിക്കാന്‍ പറ്റുന്നതല്ല,” ജോബി പറയുന്നു.


എന്നിട്ടും ജോബിക്ക് ഏറ്റവും ഇഷ്ടം സ്പോര്‍ട്സ് തന്നെയായിരുന്നു. കൈകള്‍ കൊണ്ട് കളിക്കാന്‍ പറ്റുന്ന കളികള്‍ തെരഞ്ഞപ്പോള്‍ പഞ്ചഗുസ്തിയിലെത്തി.


കൈകളുടെ ശക്തിയില്‍ ജോബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു കായിക ഇനമെന്ന നിലയില്‍ അതിനുള്ള സാധ്യതയൊന്നും അന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. കഠിനമായ പരിശീലനത്തിലൂടെ കൈകളുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് ജോബി അത്ഭുതങ്ങള്‍ കാണിക്കാന്‍ തുടങ്ങി. തന്നേക്കാള്‍ ഇരട്ടിവലിപ്പമുള്ളവരെയും ജോബി പരാജയപ്പെടുത്താന്‍ തുടങ്ങി. അപ്പോഴാണ് ഇതൊരു തമാശക്കളിയല്ലെന്ന് അധ്യാപകര്‍ക്കും വീട്ടുകാര്‍ക്കും തോന്നിത്തുടങ്ങിയത്.

പഠനവും പഞ്ചഗുസ്തിയുമായി ഉയരങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു 60 ശതമാനം ശാരീരിക വൈകല്യമുള്ള ആ കുട്ടി. എം എ, എല്‍ എല്‍ ബി ബിരുദങ്ങള്‍ നേടി. ഒപ്പം, അഭിമാനകരമായ കായികനേട്ടങ്ങളും ജോബി സ്വന്തമാക്കി. കലാരംഗത്തും മികവ് പ്രകടിപ്പിച്ചു.

1988-ല്‍ ദേശീയ കലാമേളയില്‍ മൂന്ന് നൃത്ത ഇനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് അന്നത്തെ രാഷ്ട്രപതി ആര്‍.വെങ്കിട്ടരാമന്‍റെ ഭാര്യ ജാനകി വെങ്കിട്ടരാമനില്‍നിന്നും കലാപ്രതിഭാ പട്ടം ഏറ്റുവാങ്ങി.

ജോബി മാത്യുവിനെക്കുറിച്ച് 2005-ല്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ച് തമിഴ്നടന്‍ ശരത് കുമാര്‍ നേരിട്ട് വിളിച്ചു. ജോബിയുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതൊരു വഴിത്തിരിവായി.

ദേശീയ തലത്തില്‍ പഞ്ചഗുസ്തിയില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയിട്ടും ജോബിക്ക് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഒരു സ്പോണ്‍സറെ ലഭിച്ചിരുന്നില്ല. ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ശരത്കുമാര്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ തയ്യാറായി. ആ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വേള്‍ഡ് മെഡലുകളുമായാണ് ജോബി തിരിച്ചെത്തിയത്. അതൊരു തുടക്കമായിരുന്നു.

രാജ്യാന്തര തലത്തില്‍ 24 മെഡലുകല്‍ പ്രാദേശിക-ദേശീയ തലത്തില്‍ ഡസന്‍ കണക്കിന് മെഡലുകള്‍…

പിന്നീട് 24 വേള്‍ഡ് മെഡലുകള്‍ നേടി ജോബി ജൈത്രയാത്ര നടത്തി. 24 വര്‍ഷത്തെ ജീവിതമാണ് പഞ്ചഗുസ്തിയിലെ തന്‍റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. മത്സരത്തില്‍ പങ്കെടുക്കാനും മറ്റുമായി ഇരുപത്തിരണ്ട് രാജ്യങ്ങളിലാണ് ജോബി സന്ദര്‍ശനം നടത്തിയത്.

“കാലുകളില്ലാത്ത ഞാന്‍ പഞ്ചഗുസ്തിയില്‍ മത്സരിക്കുന്നത് സാധാരണ ആളുകളോടാണ്. അവര്‍ക്ക് മുട്ട് വളച്ച് കാലുകള്‍ മാറ്റി ശക്തി നിലനിര്‍ത്താം. പക്ഷേ ഇതൊന്നും ചെയ്യാന്‍ കഴിയാത്ത ഞാന്‍ എന്‍റെ കൈകള്‍ ശക്തമാക്കാന്‍ പരിശീലിച്ചു,” പഞ്ചഗുസ്തിയില്‍ ലോകചാമ്പ്യനായതിനെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ.

2005-ല്‍ ജപ്പാനില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ മൂന്ന് വെങ്കലമെഡലുകള്‍, 2008-ല്‍ സ്പെയിനില്‍ നിന്ന് ജനറല്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍, വികലാംഗവിഭാഗത്തില്‍ വെള്ളി, 2009-ല്‍ ഈജിപ്റ്റില്‍ നിന്ന് രണ്ട് മെഡലുകള്‍, 2010-ല്‍ ഇസ്രയേലില്‍ നിന്ന് ഒരു വെള്ളി, 2012-ല്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍, 2013-ല്‍ അമേരിക്കയില്‍ നടന്ന ഹ്രസ്വകായര്‍ക്കായുള്ള (ഡ്വാര്‍ഫ്) ഒളിമ്പിക്സില്‍ അഞ്ച് സ്വര്‍ണമെഡല്‍ നേടി ചാമ്പ്യന്‍, 2014 ഒക്ടോബറില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കായി പോളണ്ടിലെ പക്കില്‍ നടന്ന പ്രഥമ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കലം, 2017-ല്‍ കാനഡയില്‍ നിന്ന് 6 സ്വര്‍ണ്ണ മെഡലുകള്‍ തുടങ്ങി നേട്ടങ്ങളുടെ നീണ്ട പട്ടികയുണ്ട് ജോബിയുടെ വിജയചരിത്രത്തില്‍.

ശാരീരിക വെകല്യമുണ്ടായിട്ടും ജനറല്‍ കാറ്റഗറിയില്‍ മത്സരിച്ച് വേള്‍ഡ് മെഡല്‍ നേടിയ ജോബി മാത്യു പൊതുവേ അറിയപ്പെടുന്നത് വേള്‍ഡ് ആം റെസ്ലിങ് ചാമ്പ്യന്‍ എന്നാണ്. പക്ഷേ ഇതുകൂടാതെ ഒമ്പത് കായിക ഇനങ്ങളില്‍ നാഷണല്‍ ചാമ്പ്യനാണ് ജോബി മാത്യു.


ഇതുകൂടി വായിക്കാം: മനസ്സിനേറ്റ മുറിവുകളുണക്കാന്‍ ഹവീന തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ ഭൂമിയ്ക്കായുള്ള കരുതലും കൂടിയാണ്


വീല്‍ചെയറിലിരുന്നുള്ള വാള്‍പയറ്റ്, പാരാലിമ്പിംഗ് ബാഡ്മിന്‍റണ്‍, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നിവയിലാണ് ചാമ്പ്യനായത്. കൂടാതെ കയ്യും കാലും കുത്തിയോടുന്ന ക്രോളിംഗ് എന്ന മത്സരത്തില്‍ 25 തവണ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഇത് കൂടാതെ നീന്തല്‍ മത്സരത്തിലും നാഷണല്‍ ചാമ്പ്യനായി.

തുഴയാന്‍ കാലും കയ്യും വേണ്ടുന്ന നീന്തല്‍ ഒരു കാലത്ത് സ്വപ്നം മാത്രമായിരുന്നെന്ന് ജോബി പറയുന്നു. വിലക്ക് മറികടന്ന് ആഴമില്ലാത്ത വെള്ളത്തില്‍ പതുക്കെയിറങ്ങി കൈകള്‍ തുഴഞ്ഞ് തുഴഞ്ഞ് നീന്താന്‍ പരിശീലിച്ച ജോബി പിന്നെ നല്ല ഒഴുക്കുള്ള മീനച്ചിലാറില്‍ അക്കരെയിക്കരെ നീന്തിക്കയറിത്തുടങ്ങി.

ജോബി മാത്യു

“എല്ലാവരും ആറ്റിലും തോട്ടിലുമൊക്കെ നീന്തിത്തിമര്‍ക്കുമ്പോള്‍ മാറിയിരുന്ന് കാണാനേ കുട്ടിക്കാലത്ത് എനിക്ക് അനുവാദമുണ്ടായിരുന്നുള്ളു. കാലുകളില്ലാത്തതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് വിലക്കിയിരുന്നു. ആ ഞാന്‍ നീന്തല്‍ മത്സരത്തില്‍ ചാമ്പ്യനായി. കടലില്‍ അഞ്ച് കിലോമീറ്റര്‍ നീന്തി,” അതിരറ്റ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ജോബി പറഞ്ഞു.

“അറുപത് ശതമാനവും വികാലംഗനാണെന്ന സര്‍ട്ടിഫിക്കറ്റാണ് ജീവിതം എനിക്ക് തന്നത്. പക്ഷേ ബാക്കിയുള്ള നാല്‍പ്പത് ശതമാനം ശാരിരികക്ഷമത കൊണ്ട് കരുത്തരായ ചെറുപ്പക്കാരെ തോല്‍പ്പിച്ച് രാജ്യത്തിന് അഭിമാനം നല്‍കുന്ന നേട്ടം സമ്മാനിക്കാനായെങ്കില്‍ 100 ശതമാനവും ഓകെ ആയ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇതിലും എത്രയോ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. അത് കുടുംബത്തിനു വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ ആകാം.”

ശാരിരികമായ പോരായ്കളല്ല മാനസികമായ പോരായ്മയാണ് ഏറ്റവും വലിയ വൈകല്യമെന്നും എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് പരിധിയുണ്ടെന്ന് വിശ്വസിക്കരുതെന്നും ജോബി ലോകത്തിനോട് വിളിച്ചു പറയുന്നു.

“കൈകള്‍ കുത്തിച്ചാടി നടക്കുന്ന എന്നെ നോക്കി ‘അയ്യോ കഷ്ടം’ എന്ന് പറയുന്നവരാണ് അധികം. എന്നാല്‍ എന്നെ സംബന്ധിച്ച് എന്തെങ്കിലും ഒരു കുറവുള്ള ആളാണ് ഞാന്‍ എന്ന ബോധം അല്‍പ്പം പോലും ഇല്ല.” ആത്മവിശ്വാസത്തോടെ പല വേദികളിലും ജോബി മാത്യു പറയുന്ന വാക്കുകളാണിത്.

ആദ്യമായി ജിമ്മില്‍ പോയപ്പോള്‍ അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നിട്ടും മനസ് മാറാതെ മറ്റുള്ളവര്‍ വ്യായാമം ചെയ്യുന്നത് നോക്കി നിന്നു ജോബി. ഇരുന്നു കൊണ്ട് ചെയ്യാവുന്ന ചെറിയ വ്യായമങ്ങളെങ്കിലും ചെയ്യാന്‍ അനുവദിക്കണമെന്ന ജോബിയുടെ ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ജോബി എല്ലാ പരിശീലനങ്ങളും ചെയ്തുതുടങ്ങി.

ചെറുപ്പത്തില്‍ കായികമത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ ഭാഗത്ത് നിന്നും തണുത്ത പ്രതികരണമായിരുന്നുവെന്ന് ജോബി ഓര്‍ക്കുന്നു. ഈ വൈകല്യവും കൊണ്ട് സ്പോര്‍ട്സില്‍ എന്ത് ചെയ്യാനാണ് പഠിച്ച് ഒരു ജോലി നേടാന്‍ ശ്രമിക്കെന്നായിരുന്നു കിട്ടിയ ഉപദേശം. പക്ഷേ പിന്തിരിയാന്‍ കൂട്ടാക്കാതെ ജോബി മാത്യു മുന്നോട്ടുപോയി.


രാജ്യാന്തരതലത്തില്‍ 24 മെഡല്‍ അറുനൂറിലധികം പ്രാദേശിക മെഡലുകള്‍… ഇതായിരുന്നു ജോബിയുടെ മധുരപ്രതികാരം.


ഭിന്നശേഷിക്കാരെ നിരുത്സാഹപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്നാണ് അധികൃതരോടും മറ്റുമുള്ള ജോബിയുടെ അഭ്യര്‍ത്ഥന. അവരും ഇതേ രാജ്യത്തെ പൗരന്‍മാരാണ് അവര്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

കേരളം മാത്രമാണ് ഭിന്നശേഷിക്കാര്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാത്തത് എന്ന് ജോബി പരാതിപ്പെടുന്നു. ഇതിനായി ഇനിയും നിയമനിര്‍മാണം നടത്തിയിട്ടില്ല. ഇതിനൊക്കെ മാറ്റം വരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ജോബിയുടെ വാക്കുകള്‍ വലിയ പ്രചോദനമാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലും പൊതുപരിപാടികളിലും സ്ഥിരം ക്ഷണിതാവാണ് ഈ ചെറുപ്പക്കാരന്‍.

എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്നുണ്ട് ജോബി. അതിനായി മനസിനെയും ശരീരത്തെയും തയ്യാറെടുപ്പിക്കുന്ന പരിശീലനവും നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ പാഠപുസ്തകത്തില്‍ നിന്നാണ് ജോബിയുടെ എവറസറ്റ് പ്രേമം തുടങ്ങിയത്. 110 സെമി മാത്രം ഉയരമുള്ള താന്‍ ഇനി ഒരു സെന്‍റിമീറ്റര്‍ പോലും വളരില്ലെന്നും പക്ഷേ തന്നെ മോഹിപ്പിച്ചുകൊണ്ട് എവറസ്റ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ജോബി പറയുന്നത്.

മലയുടെ മുകളിലായിരുന്നു വീട് എന്നതിനാല്‍ തന്നെ മലകയറ്റം ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പക്ഷേ എവറസ്റ്റ് എന്ന ലക്ഷ്യത്തിന് മുന്നില്‍ അതൊന്നുമല്ലെന്ന് അറിയാം. നല്ല കായികക്ഷമതയും പരിശീലനവും ആരോഗ്യവുമൊക്കെ വേണ്ടുന്ന അതിസാഹസികമായ കാര്യമാണത്, ജോബി സ്വയം ഓര്‍മ്മിപ്പിക്കുന്നു.

“എന്നാലും ആ മോഹം വിടാന്‍ തയ്യാറല്ല. ഇപ്പോള്‍ വയസ് 43 ആയി. എന്നാലും പ്രായം ഒരു പ്രശ്നമായി കരുതുന്നില്ല. അടുത്ത ആറോ ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ എവറസ്റ്റ് കീഴടക്കുക തന്നെ ചെയ്യും,” ജോബി ഉറപ്പിച്ച് പറയുന്നു.

ഇതിനായി രണ്ട് ട്രെയിനിംഗ് ഇതിനകം കഴിഞ്ഞു. ഇനി ന്യൂസിലാന്‍ഡില്‍ ഒരു ട്രെയിനിങ്ങിന് പങ്കെടുക്കണം. സാമ്പത്തിക ചെലവ് ഔദ്യോഗികമായ കടമ്പകള്‍ ഇവയൊക്കെ കടക്കണം ജോബിക്ക് ആഗ്രഹം സഫലമാക്കുവാന്‍..

ദിവസവും ഒരു മണിക്കൂര്‍ ജിമ്മില്‍ പരിശീലനം, പിന്നീട് കൈകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ കയര്‍ മുകളിലേക്ക് വലിച്ചുകെട്ടിയുള്ള റോപ് ക്ലൈമ്പിങ്ങ്, അര മണിക്കൂര്‍ പെരിയാറില്‍ നീന്തല്‍…ഇങ്ങനെയൊക്കെയാണ് ജോബിയുടെ പ്രഭാതം തുടങ്ങുന്നത്.

ജോബി മാത്യു കുടുംബത്തോടൊപ്പം

“ചരിത്രനേട്ടമെന്ന ഖ്യാതിക്കല്ല ഞാന്‍ എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിക്കുന്നത്. ഇത്രയും കുറവുണ്ടെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ ഒന്നും ഒരു കുറവുമല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന വാശിയാണ് പ്രധാനമായും ആ ആഗ്രഹത്തിന് പിന്നില്‍,” ജോബി തുടരുന്നു. “ഒറ്റ വിരല്‍ കുത്തി ചാടാനേ പറ്റൂ എങ്കില്‍ അത് മാത്രം കുത്തി ചാടിക്കൊണ്ടേയിരിക്കുക, വിജയം ഈശ്വരന്‍ നല്‍കും.”

വ്യായാമം, ഓഫീസ് ജോലി, കായിക ഇനങ്ങളിലേക്കുള്ള പരിശീലനം, പൊതുപരിപാടികള്‍, കുടുംബം… എല്ലാം കൂടിയാകുമ്പോള്‍ തിരക്കിന്‍റെ ലോകത്താണ് എപ്പോഴും ജോബി.

ഒരു പാട് പേര്‍ക്ക് പ്രചോദനമായ ജോബി മാത്യുവിന് ശരിക്കും പ്രചോദനം ആരാണെന്ന ചോദ്യത്തിന് അമ്മ, അനുജത്തി, ഭാര്യ എന്നിവരുടെ പേരാണ് ജോബി ആദ്യം പറയുന്നത്. പിന്നീട് പഠിപ്പിച്ച സിസ്റ്റര്‍മാര്‍, കൂട്ടുകാര്‍ അങ്ങനെ ഒരുപാട് പേരെ എടുത്തുപറയും. പിന്തുണ നല്‍കിയവര്‍ക്ക് സ്നേഹത്തോടെ നന്ദി പറയുമ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കും അതേ നന്ദി അറിയിക്കുന്നു അദ്ദേഹം. സ്നേഹത്തോടെ കൂടെ നില്‍ക്കുന്നവര്‍ക്കുള്ള സമ്മാനവും വിമര്‍ശന ബുദ്ധിയോടെ നിരുത്സാഹപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയുമാണ് എല്ലാ നേട്ടങ്ങളുമെന്ന് ഈ വേള്‍ഡ് ചാമ്പ്യന്‍ വിനയപൂര്‍വ്വം പറയുന്നു.

താരതമ്യസാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള മേഘ എസ്. പിള്ളയാണ് ഭാര്യ. ജ്യോതിസ്, വിദ്യുത് എന്നിവരാണ് മക്കള്‍. കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ജോബി. പക്ഷേ നിരന്തരമായ യാത്രയും മറ്റും കുടുംബത്തിനൊപ്പമുള്ള സമയം കുറയ്ക്കുന്നുണ്ട്.

ജോബിയിലെ കുറവുകളല്ല യോഗ്യതക്കൂടുതലുകള്‍ കണ്ടാണ് മേഘ ജോബിയുടെ ഭാര്യയായത്. കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തുന്നതിനൊപ്പം ഭര്‍ത്താവിന്‍റെ ചിട്ടകള്‍ക്കൊപ്പം നില്‍ക്കാനും മേഘക്ക് കഴിയുന്നു. ഇതിനിടയില്‍ സ്വന്തം നിലയില്‍ പഠനവും സമൂഹസേവനവുമൊക്കെയായി ജ്യോതിസിന്‍റെയും വിദ്യുതിന്‍റെയും നല്ല പപ്പയും അമ്മയുമാകാനും ഇരുവര്‍ക്കു കഴിയുന്നുണ്ട്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്യം കൈവെടിയരുതെന്ന് ജോബി എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു. സന്തോഷവും സങ്കടവുമൊക്കെ അതിന്‍റെ പാരമ്യത്തിലെത്തി ക്രമേണ കുറയുന്ന വികാരങ്ങളാണെന്നും അത് തിരിച്ചറിഞ്ഞാല്‍ സമചിത്തത വരും, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സുഹൃത്തുക്കളുണ്ടായിരിക്കണമെന്നാണ് ജോബിയുടെ അനുഭവം. കഠിനപ്രയ്തനങ്ങള്‍ക്കൊടുവില്‍ തേടിവരുന്ന വിജയങ്ങളെല്ലാം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ജോബിക്കിഷ്ടം. “എനിക്ക് എന്ത് കിട്ടുമെന്നല്ല, എന്ത് കൊടുക്കാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്,” ജോബി പറയുന്നു.


ഇതുകൂടി വായിക്കാം: ഒഴിവുസമയത്തെ കൃഷി: പോളിഹൗസില്‍ നിന്ന് വിജയ കല നേടുന്നത് മാസം 20,000 രൂപ, വിഷമില്ലാത്ത പച്ചക്കറികളും


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം