ആര്‍പ്പുവിളികളും കരഘോഷവുമൊക്കെയായി ഒരു ആഘോഷം പോലെയായിരുന്നു. ജമന്തിപ്പൂക്കള്‍ കൊണ്ടുള്ള ഹാരമൊക്കെ അണിഞ്ഞ്, അരികിലേക്കെത്തിയ കാമറകള്‍ക്കും ചാനല്‍ മൈക്കുകള്‍ക്കുമൊക്കെ ഇടയില്‍, ഒരു സെലിബ്രിറ്റിയായി മനോജ് ചിരിച്ചു നില്‍ക്കുന്നു.
മനോജിനെ ചേര്‍ത്തുപിടിച്ചു സജിയും ഒപ്പമുണ്ട്. പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും സ്നേഹചുംബനങ്ങള്‍ നല്‍കിയുമൊക്കെ അമ്മയും അച്ഛനും സ്കൂളിലെ കൂട്ടുകാരും നീന്തല്‍ ക്ലാസിലുള്ളവരും നാട്ടുകാരുമൊക്കെ മനോജിനെ പൊതിഞ്ഞു.
ആ കാഴ്ചകളുടെ സൗന്ദര്യം മനോജ് (11) കേട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ആലുവ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് പാലക്കാട്ടുകാരനായ മനോജ്. ജന്മനാ കാഴ്ച ശക്തിയില്ല.
പക്ഷേ ഏതാണ്ട് 600 മീറ്റര്‍ നീളവും 30 അടി താഴ്ചയുമുള്ള പെരിയാര്‍ നീന്തിക്കടക്കാന്‍ അവന് അതൊന്നും തടസ്സമായില്ല. മനോജ് മാത്രമല്ല അവന്‍റെ സ്കൂളിലെ ചില കൂട്ടുകാരും പെരിയാര്‍ നീന്തി കടക്കണമെന്ന വാശിയിലാണ്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
ആ കുട്ടികളുടെ ആഗ്രഹത്തിനൊപ്പം തന്നെയുണ്ട് സജി വളാശ്ശേരിയും.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെക്കാലമായി പെരിയാറില്‍ സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കുകയാണ് ആലുവാക്കാരന്‍ സജി. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ പെരിയാര്‍ നീന്തിക്കടക്കാനും അദ്ദേഹം തയ്യാറെടുപ്പിക്കുന്നു.
10 വര്‍ഷം കൊണ്ട് 3,200 ആളുകളെ സജി നീന്തല്‍ പഠിപ്പിച്ചു. കൂട്ടത്തില്‍ 775 പേര്‍ പെരിയാര്‍ നീന്തി കടന്നു. അഞ്ചു വയസുകാരി നിവേദിത മുതല്‍ 65-കാരന്‍ സണ്ണി വരെയുണ്ട് അക്കൂട്ടത്തില്‍. നിരവധി ഭിന്നശേഷിക്കാരും അടങ്ങുന്നതാണ് ആ സംഘം.
മറ്റൊന്നു കൂടിയുണ്ട്, വേമ്പനാട്ട് കായലിന്‍റെ വീതിയേറിയ ഭാഗം നീന്തികടന്ന ആദ്യ വനിതയും സജിയുടെ ശിഷ്യയാണ്.
നീന്തല്‍ പരിശീലനത്തിന്‍റെ തിരക്കുകളൊക്കെ കഴിഞ്ഞ് ഫര്‍ണിച്ചര്‍ ഷോപ്പിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് സജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിച്ചത്.
“മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ ക്ലാസാണ് ആരംഭിച്ചിരിക്കുന്നത്. പക്ഷേ കൂട്ടത്തില്‍ അന്ധവിദ്യാലയത്തിലെ കുട്ടികളുമുണ്ടെന്നു മാത്രം.
“അന്ധ വിദ്യാലയത്തിലെ ടീച്ചര്‍ നീന്തല്‍ പഠിക്കാന്‍ വരുന്നുണ്ട്. ടീച്ചര്‍ മാത്രമല്ല അവരുടെ ഭര്‍ത്താവുമുണ്ട്. അദ്ദേഹവും സ്കൂളിലെ അധ്യാപകനാണ്. ഇവര്‍ക്കൊപ്പം സ്കൂളിലെ നാലു കുട്ടികളും പഠിക്കാനെത്തി.
“ഇക്കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ദിവസം പെരിയാര്‍ നീന്തിക്കടന്ന മനോജ്. ഇതേ വിദ്യാലയത്തിലെ മറ്റൊരു കുട്ടി (ഐഡിന്‍) അധികം വൈകാതെ പെരിയാര്‍ നീന്തിക്കയറാനുള്ള ഒരുക്കത്തിലാണ്. ഈ കുട്ടികളെല്ലാവരും പൂര്‍ണമായും കാഴ്ചയില്ലാത്തവരാണ്.”
2010-ലെ വേനലവധിക്കാലത്താണ് സജി നീന്തല്‍ പരിശീലനത്തിലേക്ക് എത്തുന്നത്. ആലുവയില്‍ വീടിനോട് ചേര്‍ന്നു സ്വന്തമായൊരു സ്റ്റീല്‍ ഫര്‍ണിച്ചര്‍ മാനുഫാക്ച്ചറിങ്ങ് യൂനിറ്റും ഷോപ്പും നടത്തുകയാണ് അദ്ദേഹം.
“എന്‍റെ മക്കള്‍ മെറിനെയും ജെറിനെയും പഠിപ്പിച്ചു കൊണ്ടാണ് തുടക്കം,” സജി പറയുന്നു. “മെറിന് അന്ന് 12 വയസും ജെറിന് എട്ടുവയസുമാണ്.
” ഒപ്പം എന്‍റെയൊരു കൂട്ടുകാരന്‍റെ മക്കളുമുണ്ടായിരുന്നു. പിന്നീട് എന്‍റെ അടുത്ത കൂട്ടുകാരുടെയൊക്കെ മക്കളെ പഠിപ്പിച്ചു തുടങ്ങി. ഞാന്‍ തന്നെയാണ് അവരെ വിളിക്കുന്നത്.”
അധികം വൈകാതെ സൗജന്യ നീന്തല്‍ പരിശീലനം ശ്രദ്ധിക്കപ്പെട്ടു, വാര്‍ത്തകള്‍ വന്നു. പിന്നെപ്പിന്നെ പറഞ്ഞും കേട്ടുമൊക്കെ കൂടുതല്‍ ആളുകള്‍ പഠിക്കാന്‍ എത്തി.
“വരുന്നവരെ ആദ്യം തന്നെ കരയില്‍ വച്ച് പഠിപ്പിക്കും. എന്നിട്ടേ പുഴയിലേക്കിറക്കൂ. ആദ്യ ദിവസം തന്നെ വെള്ളത്തിലേക്ക് ഇറക്കി പഠിപ്പിക്കാനാകില്ലല്ലോ. അതിന് വേണ്ടി ചില സജ്ജീകരണങ്ങളൊക്കെ ഞാനിവിടെ ഒരുക്കിയിട്ടുണ്ട്,” സജി വിശദീകരിക്കുന്നു.
“സ്റ്റീല്‍ കൊണ്ടൊരു ഫ്രെയ്ം ഉണ്ടാക്കി വച്ചിട്ടുണ്ട്, കരയില്‍. അതിനുള്ളില്‍ കിടന്ന്, നീന്തുമ്പോള്‍ എങ്ങനെ കൈയെടുക്കണം, കാലെടുക്കണം എന്നൊക്കെ അവര്‍ക്ക് ഞാന്‍ കാണിച്ചു കൊടുക്കും.
“കാഴ്ചയില്ലാത്ത കുട്ടികളോട് എന്നെ സ്പര്‍ശിക്കാന്‍ പറയും. കൈയും കാലുമൊക്കെ സ്പര്‍ശിച്ച് നോക്കുമ്പോള്‍, അവര്‍ക്ക് എന്‍റെ ചലനങ്ങള്‍ മനസിലാകും. ഇതൊക്കെ പറഞ്ഞു കൊടുത്ത ശേഷം അവരോടും ആ ഫ്രെയ്മിനുള്ളില്‍ കിടക്കാന്‍ പറയും. കാണിച്ചു കൊടുത്തതും പറഞ്ഞു കൊടുത്തതുമൊക്കെ ആ ഫ്രെയ്മില്‍ കിടന്നു അവര് പരിശീലിക്കും.
“മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഈ കുട്ടികള്‍ ഇതൊക്കെ പഠിച്ചെടുക്കും. നീന്തലിന്‍റെ ചലനങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം മാത്രമേ വെള്ളത്തില്‍ ഇറക്കൂ.
കാഴ്ച ഇല്ലാത്തവര് വെള്ളത്തില്‍ നീന്തുമ്പോ നമ്മുടെ ഒരു വിരല്‍ കൊണ്ടു അവരെ ഒന്നു തൊട്ടേക്കും. അല്ലേല്‍ അവര്‍ക്ക് ചിലപ്പോള്‍ പേടിയാകും.
“അവര് മുങ്ങാതെ നീന്തുമെന്ന ഘട്ടമായാല്‍ പിന്നെ അവരെ തൊടില്ല. പകരം അവര്‍ക്കരികിലൂടെ നമ്മള്‍ സംസാരിച്ചു കൊണ്ടു നീന്തും. ആ വര്‍ത്തമാനം കേട്ട് പിന്നാലെ അവരും നീന്തും,” അദ്ദേഹം തുടര്‍ന്നു.
കാഴ്ചശക്തി ഇല്ലെങ്കിലും നീന്താന്‍ ഒരു പ്രശ്നവുമില്ല എന്നാണ് സജി പറയുന്നത്. ആരെയും അങ്ങനെ വേര്‍തിരിക്കേണ്ട ആവശ്യമില്ല, എല്ലാവരെയും നീന്തല്‍ പഠിപ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2015-ല്‍ നൂറുശതമാനം 12 വയസുകാരനായ നവനീതിനെ പഠിപ്പിച്ചുകൊണ്ടാണ് സജി കാഴ്ച ശേഷിയില്ലാത്തവര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങുന്നത്. അന്ന് ആലുവ എസ്എന്‍ഡിപി സ്കൂളിലെ എട്ടാം ക്ലാസുകാരനായിരുന്നു നവനീത്. അവന്‍ പെരിയാര്‍ നീന്തിക്കടക്കുകയും ചെയ്തിരുന്നു.
അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെയെല്ലാം പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് സജി. അധികൃതരുടെയും രക്ഷാകര്‍ത്താക്കളുടെയും അനുവാദത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം.
വര്‍ഷത്തില്‍ ആറുമാസമാണ് സജിയുടെ സൗജന്യ ക്ലാസ്. ഡിസംബര്‍ ഒന്ന് മുതല്‍ മേയ് 31 വരെ. ഡിസംബര്‍ മുതല്‍ മാര്‍ച്ച് 31 വരെ മുതിര്‍ന്നവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് വരെ കുട്ടികള്‍ക്കും.
രാവിലെ ആറു മുതല്‍ ഒമ്പത് വരെയാണ് ക്ലാസ്സ്. വര്‍ഷം കുട്ടികളും മുതിര്‍ന്നവരുമൊക്കെയായി ആയിരത്തിലേറെ പേരെ പഠിപ്പിക്കുന്നുണ്ട്.
ആലുവ പുഴ രണ്ടായി തിരിയുന്ന മണപ്പുറം കടവിലാണ് പരിശീലനം. “മുങ്ങിമരണം എല്ലാ ദിവസവും പത്രത്തിലുണ്ടാകും. രണ്ടു വയസുകാരനും 60-കാരനുമൊക്കെ വെള്ളത്തില്‍ വീണു മരിക്കുന്ന വാര്‍ത്തകള്‍ എന്നും കേള്‍ക്കാറുണ്ട്.”
ആരും മുങ്ങി മരിക്കാന്‍ ഇടവരരുതെന്ന ആഗ്രഹത്തോടെയാണ് സൗജന്യമായി നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങിയതെന്ന് പരിശീലകന്‍.
“ആരോടും ഫീസ് വാങ്ങുന്നില്ല. ഇവിടെ വന്നാല്‍ മതി, ഞാന്‍ പഠിപ്പിച്ചു തരാം. ഒരു പൈസയും തരണ്ട. അപകടത്തില്‍പ്പെട്ടു ജീവന്‍ നഷ്ടപ്പെടുന്നതിലും നല്ലതല്ലേ നീന്തല്‍ പഠിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്.
“ഒരു മാസം ദിവസം ഒരു മണിക്കൂര്‍ വീതം മാത്രം മാറ്റിവെച്ചാല്‍ മതി നീന്തല്‍ പഠിച്ചെടുക്കാം. കുട്ടികള്‍ക്ക് ഒരു മാസം മതിയാകും. മുതിര്‍ന്നവര്‍ക്ക് ചിലപ്പോള്‍ മൂന്നു മാസം വരെ വേണ്ടിവന്നേക്കും.
“കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ക്കാകും പേടി കൂടുതല്‍. എപ്പോഴെങ്കിലും വെള്ളത്തില്‍ മുങ്ങിയിട്ടെങ്ങാനും ഉണ്ടാകും. ആ പേടി ഉള്ളില്‍ കിടക്കുകയും ചെയ്യും. അപ്പോ അവര്‍ക്ക് ഭയമാകും. അതൊക്കെ മാറ്റിയ ശേഷം വേണം അവരെ പഠിപ്പിച്ചെടുക്കാന്‍. പക്ഷേ, ആര്‍ക്കും പഠിക്കാം.”
കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കളും തയാറാകണമെന്നാണ് സജിയുടെ അഭ്യര്‍ത്ഥന. നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അതിനു വേണ്ടി ശ്രമിക്കുന്നുമുണ്ട് എന്ന് സജി.
“2016-ല്‍ നീന്തല്‍ പഠിച്ച അഞ്ചു വയസുകാരി നിവേദിതയാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. എസ്ബിഐയില്‍ നിന്നു വിരമിച്ച സണ്ണിച്ചേട്ടനാണ് (65) ഏറ്റവും പ്രായം കൂടിയ ശിഷ്യന്‍.
ഇതുകൂടി വായിക്കാം: 46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്
“നീന്തല്‍ വശത്താക്കാന്‍ 20-25 ദിവസം മാത്രം മതി. പക്ഷേ പെരിയാര്‍ നീന്തി കടക്കാന്‍ കഠിനപ്രയത്നം തന്നെ വേണം.” അങ്ങനെ കഠിന പ്രയത്നം ചെയ്യാന്‍ തയ്യാറുള്ളവരെ മാത്രമേ അതിന് പ്രേരിപ്പിക്കാറുള്ളൂ എന്ന് സജി പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് നീന്തല്‍ പരിശീലനം മാത്രം.
ജന്മനാ വലതു കൈയ്ക്ക് സ്വാധീനമില്ലാത്ത 51-കാരന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ പലരും സജിയുടെ കീഴില്‍ പരിശീലനം നടത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ചിലര്‍ പെരിയാര്‍ നീന്തിക്കടക്കുകയും ചെയ്തു. ആലുവ താലൂക്ക് ഓഫീസിലെ ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍.
ന്യൂറോ സര്‍ജറിക്ക് വിധേയായ കൃഷ്ണ എന്ന കുട്ടിക്ക് ഇടതുകാല്‍ പാദത്തിന്‍റെ സ്പര്‍ശന ശേഷി നഷ്ടമായിരുന്നു. മുട്ടുക്കുത്തി ഇരിക്കാനുമാകില്ലായിരുന്നു.
രണ്ടുമാസത്തെ പരിശീലനത്തിലൂടെ ആ കുട്ടിക്ക് പാദത്തിന്‍റെ ചലനശേഷി തിരിച്ചു കിട്ടിയെന്നു സജി പറയുന്നു. “2013-ലായിരുന്നു. അന്നവള്‍ക്ക് ഏഴുവയസാണ്.
“ആലുവ നിര്‍മ്മല ഭവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. നീന്തല്‍ ശീലിച്ചതോടെ മുട്ടുകുത്താനുള്ള ബുദ്ധിമുട്ടുകളും മാറി. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ആദിതും പെരിയാര്‍ നീന്തിക്കടന്നിട്ടുണ്ട്.
“പരിമിതികളുള്ള കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നു വലിയ പിന്തുണ നല്‍കുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയുമൊക്കെ ഒരുമിച്ചു വരും. കുട്ടികളെ എങ്ങനെയും നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചവരല്ലേ,” എന്ന് സജി.
നീന്തലില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയൊരു ശിഷ്യയുണ്ട് സജിക്ക്. മാളു ഷെയ്ക. എട്ടു മാസം സജിക്ക് കീഴില്‍ പരിശീലിച്ച മാളു ആദ്യമായി വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന വനിതയാണ്.
“റെക്കോഡ് നേട്ടത്തിലേക്ക് അവള്‍ നീന്തിക്കയറുമ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു. ഞങ്ങളൊരുമിച്ചാണ് അന്നു നീന്തിയത്. വേമ്പനാട്ടുകായലിന്‍റെ ഏറ്റവും വീതി കൂടിയ ഭാഗമായ കോട്ടയം കുമരകം ജെട്ടിയില്‍ നിന്ന് ആലപ്പുഴ മുഹമ്മ ജെട്ടിയിലേക്കാണ് ഞങ്ങള്‍ നീന്തിയത്. അങ്ങനെയാണ് അംഗീകാരം അവള്‍ക്ക് ലഭിച്ചത്.”
പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണെങ്കിലും മറ്റ് ചെലവുകള്‍ എല്ലാവരും കൂടിയാണ് വഹിക്കുന്നത്.
“പരിശീലനം പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍ ഇവര്‍ക്ക് സുരക്ഷാ സൗകര്യങ്ങള്‍ വേണല്ലോ. അതിനൊരു വള്ളം നമുക്ക് സ്പോര്‍ണസര്‍ഷിപ്പില്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അതില്‍ ഇരിക്കാനൊരാള്‍ വേണമല്ലോ.
“പിന്നെയൊരു ആംബുലന്‍സും ഉണ്ടിവിടെ. ആംബുലന്‍സ് ദിവസേന 250 രൂപയാണ് വാടക. … ഇവിടെ പരിശീലനത്തിന് വരുന്ന എല്ലാവരും കൂടി പിരിച്ചാണ് ആംബുലന്‍സിന്‍റെയും വള്ളത്തിലിരിക്കുന്ന ആളിനും പണം കൊടുക്കുന്നത്.” അതല്ലാതെ ആരില്‍ നിന്നും ഫീസ് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് സജി.
ആറുമാസക്കാലത്തെ പരിശീലനത്തിനിടയില്‍ ഒരുദിവസം പോലും അവധിയില്ല.
സജിയുടെ ശിഷ്യരുടെ കൂട്ടത്തില്‍ സിനിമാമേഖലയിലുള്ളവരുമുണ്ട്. നടന്‍ ടിനി ടോം സജിക്കുകീഴില്‍ പഠിക്കുകയും പെരിയാര്‍ നീന്തിക്കടക്കുകയും ചെയ്തിട്ടുണ്ട്.
സജി പരിശീലനം നല്‍കിയ ആലുവ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയിംസ് പറയുന്നു: “ഒരിക്കലും നിങ്ങളെക്കൊണ്ട് നീന്തല്‍ പഠിച്ചെടുക്കാന്‍ സാധിക്കില്ലെന്നൊന്നും (എത്രതവണ പിഴച്ചാലും) സജി പറയില്ല. നിരുത്സാഹപ്പെടുത്തകയേ ഇല്ല.
“കഥകളും വിശേഷങ്ങളും വര്‍ത്തമാനങ്ങളുമൊക്കെയായാണ് പരിശീലനം. ഇത്തവണത്തെ രണ്ടാമത്തെ ബാച്ചില്‍ ഞാനും പെരിയാര്‍ നീന്തിക്കടന്നു,” അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
പഠനം ആരംഭിച്ച് 38 ദിവസം കൊണ്ടു പെരിയാര്‍ കുറുകെ നീന്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമായിരുന്നു.
“വെള്ളത്തിലൊക്കെ ഇറങ്ങുമെങ്കിലും നീന്തല്‍ വശമില്ലായിരുന്നു.”
“വലിയൊരു റിസ്ക് തന്നെയാണ് അദ്ദേഹമെടുക്കുന്നത്. ഇത്രയും വലിയ പുഴയില്‍ അല്ലേ എല്ലാരെയും പഠിപ്പിക്കുന്നത്. രക്ഷാക്രമീകരണങ്ങളൊക്കെയുണ്ട്. പക്ഷേ വല്ലതും സംഭവിച്ചാല്‍ ആള് തന്നെ അതിനു മറുപടി പറയണ്ടേ,” ജയിംസ് തുടരുന്നു.
“തഹസില്‍ദാര്‍ ജഗ്ഗി പോളാണ് സജിയെ നിര്‍ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഇവിടെ നിന്നു നീന്തല്‍ പഠിച്ചിരുന്നു. ആള് മാത്രമല്ല മറ്റൊരു സഹപ്രവര്‍ത്തകനായ രാധാകൃഷ്ണനും സജിയുടെ ശിഷ്യനാണ്. അങ്ങനെയാണ് ഞാനും സജിയുടെ അടുക്കലേക്ക് എത്തിയത്.”
സൗജന്യമായി നീന്തല്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നു സജി. “മിക്കപ്പോഴും ഈ ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. വീട്ടുകാരുടെ പിന്തുണയുണ്ട് പിന്നെന്താ..? ഇത്രയും വര്‍ഷമായി ഇത് തുടരാന്‍ സാധിക്കുന്നതും അവരുടെ പിന്തുണ കൂടെയുള്ളത് കൊണ്ടാണ്.”
ജിജിയാണ് സജിയുടെ ഭാര്യ. മകള്‍ മെറിന്‍ ഫിസിയോതെറാപ്പി കോഴ്സ് കഴിഞ്ഞു. മകന്‍ ജെറിന്‍ പ്ലസ് ടുവിനു പഠിക്കുന്നു.
“പത്താമത്തെ വയസിലൊക്കെ ഞാന്‍ നീന്തുമായിരുന്നു. പെരിയാറില്‍ തന്നെയാണ് നീന്തല്‍ പഠിച്ചതും. അച്ഛനാണ് പഠിപ്പിച്ചത്. അദ്ദേഹം മിലിട്ടറിയിലായിരുന്നു. മദ്രാസ് റെജിമെന്‍റില്‍. അദ്ദേഹമൊരു നീന്തല്‍ വിദഗ്ധനായിരുന്നു.
“തോമസ് മാണിയെന്നാണ് അച്ഛന്‍റെ പേര്. അമ്മ മറിയാമ്മ തോമസും. അച്ഛനില്ല ഇപ്പോ. അമ്മ സ്കൂള്‍ ടീച്ചറായിരുന്നു,” സജി പറഞ്ഞു.
ഇതുകൂടി വായിക്കാം:വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.