അറുപതൊക്കെ ഒരു പ്രായമാണോ!? ‘വെറുതെ വീട്ടിലിരുന്ന് തുരുമ്പിക്കാതെ’ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കാന്‍ തുടങ്ങിയ 29 അമ്മമാര്‍

“കൂട്ടത്തില്‍ എന്‍റെ അമ്മയെക്കാള്‍ പ്രായമുള്ളവരുണ്ട്. ഉന്നത ഉദ്യോഗങ്ങളില്‍ നിന്നൊക്കെ വിരമിച്ചവരുമുണ്ട്. എന്നാല്‍ ക്ലാസിലേക്കെത്തിയാല്‍ ഇവരൊക്കെ കൊച്ചു കുട്ടികളാണ്,” മിഥുന ടീച്ചര്‍ പറയുന്നു

പ്രായം 55 കഴിഞ്ഞാല്‍ പിന്നെ വിശ്രമജീവിതം. ഇതാണല്ലോ നാട്ടുനടപ്പ്. കൊച്ചുമക്കള്‍ക്ക് കഥ പറഞ്ഞു കൊടുത്തും പ്രാര്‍ത്ഥനാമുറികളില്‍ മാത്രമായും എത്രയോ അമ്മാരാണ് ജീവിക്കുന്നത്.

ഇതിലെന്ത് ത്രില്ലാണ് ഉള്ളത്? പ്രായമൊക്കെ വെറും അക്കങ്ങള്‍ മാത്രമല്ലേ… എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ട്.

ചങ്ങാതിമാര്‍ക്കൊപ്പം നാടുചുറ്റുന്നവരും ഇതുവരെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയാത്തതൊക്കെ ചെയ്യുന്നവരും അവര്‍ക്കിടയിലുണ്ട്.

ഇതൊക്കെ കണ്ട് അസൂയപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് കൂടുതല്‍ അസൂയയോടെ നോക്കാനിതാ കുറച്ചു സ്ത്രീകള്‍. ജോലിയില്‍ നിന്നൊക്കെ വിരമിച്ചവരോ 50 വയസ്സ് കഴിഞ്ഞവരോ ആണിവര്‍.

പണ്ട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ നൃത്തം ആവേശത്തോടെ പഠിക്കുകയാണ് അവര്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ പഠിച്ച് അരങ്ങില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സ്ത്രീകള്‍.

നൃത്താധ്യാപിക മിഥുനയ്ക്കൊപ്പം (മധ്യത്തില്‍) ശിഷ്യര്‍

ഈ പ്രായത്തില്‍ ഭരതനാട്യമൊക്കെ കളിക്കാന്‍ പറ്റുമോ എന്ന് ഇി സംശയിക്കുന്നവര്‍ക്കായി… വരുന്ന മെയ് മാസം വരെ കാത്തിരിക്കൂ. അന്നാണ് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ വേദിയില്‍ അവരുടെ അരങ്ങേറ്റം.

ആഴ്ചയില്‍ രണ്ടു ദിവസത്തെ ഡാന്‍സ് ക്ലാസും വീട്ടിലെ ഡാന്‍സ് പ്രാക്റ്റീസുമൊക്കെയായി തിരക്കിലാണ് ഈ സ്ത്രീകള്‍. 50-നും 75-നും ഇടയില്‍ പ്രായമുള്ളവരാണെല്ലാവരും.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ നൃത്താസ്വാദക സദസ്സാണ് മുതിര്‍ന്നവര്‍ക്കായി ഡാന്‍സ് ക്ലാസ് ആരംഭിച്ചത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാര്‍ക്കില്‍ തന്നെയാണ് പരിശീലനം.

“നൃത്തം പഠിക്കണമെന്നു സ്കൂളില്‍ പഠിക്കണ കാലം തൊട്ടേ ആഗ്രഹിച്ചിരുന്നു,” ഡാന്‍സ് പഠിക്കാനെത്തിയ ഡോ. പ്രഭ നമ്പൂതിരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അന്നത്തെ സാഹചര്യത്തില്‍ അതിനൊന്നും സാധിച്ചില്ലെന്നതാണ് നേര്. പക്ഷേ എനിക്കൊപ്പം ആ സ്വപ്നവും കൂടെ വളര്‍ന്നു കൊണ്ടേയിരുന്നു. ഏതാനും നാള്‍ മുന്‍പാണ് ചങ്ങമ്പുഴ നൃത്താസ്വാദക സദസ്സ് മുതിര്‍ന്നവര്‍ക്കായി നൃത്തം പഠിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് കേള്‍ക്കുന്നത്.

“പ്രായമുള്ളവരെ നൃത്തം പഠിപ്പിക്കുന്നുവെന്നറിഞ്ഞതോടെ വലിയ സന്തോഷമായി. പഴയ സ്വപ്നം സഫലമാക്കാല്ലോ, ഡാന്‍സ് പഠിക്കാലോ എന്നൊക്കെയാണ് തോന്നിയത്. അങ്ങനെ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്നു.

“വീട്ടിലുള്ളവരും പച്ച സിഗ്നല്‍ കാണിച്ചതോടെ ആത്മവിശ്വാസമായി,” പ്രഭ ചിരിക്കുന്നു. 29 വര്‍ഷം കൊച്ചിന്‍ കോളെജിലെ സുവോളജി വിഭാഗം മേധാവിയായിരുന്നു ഡോ. പ്രഭ നമ്പൂതിരി. ഇഗ്നോയുടെ സ്റ്റഡി സെന്‍റര്‍ കോ ഓഡിനേറ്ററും കൂടിയാണിപ്പോള്‍.

നൃത്തപഠനത്തിന് തുടക്കം

പ്രഭയ്ക്ക് പിന്നാലെ പ്രേമ ടീച്ചര്‍ തുടരുന്നു: “പ്രഭയെപ്പോലെ, ഇവിടുള്ള പലരെയും പോലെ എന്‍റെയും ആഗ്രഹമായിരുന്നു നൃത്തം പഠിക്കണമെന്നത്. അത്ര ഇഷ്ടമായിരുന്നു.

“പക്ഷേ അന്ന് അതിനൊന്നും സാധിച്ചില്ല. പക്ഷേ ഞാന്‍ തിരുവാതിരക്കളിയുടെ ആളായിരുന്നു. തിരുവാതിര സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. ഇവിടെ ഡാന്‍സ് പഠിക്കാന്‍ വന്നപ്പോ അതൊരു സഹായവുമായി.


നൃത്തക്ലാസില്‍ വന്നതില്‍ പിന്നെ കുറേ മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. മനസിന് മാത്രമല്ല ശരീത്തിനും. കാലിന്‍റെയും കൈകളുടെയും പേശികള്‍ക്ക് നല്ല ആയാസം കിട്ടുന്നുണ്ട്.


“ഡാന്‍സ് പഠിക്കാന്‍ പോകുകയാണെന്നു പറഞ്ഞതു കേട്ടപ്പോ വീട്ടുകാര്‍ക്ക് ഒരു എതിര്‍പ്പും ഇല്ലായിരുന്നു. …

“ഈ പ്രായത്തില്‍ ഡാന്‍സ് പഠിക്കാന്‍ പോകുന്നുവെന്നു കേട്ടു കൂട്ടുകാരൊക്കെ കളിയാക്കാറുണ്ട്. പക്ഷേ അവരുടേത് സ്നേഹത്തോടെയുള്ള കളിയാക്കലുകളാണ്. അതൊക്കെ തമാശയാണെന്നു എനിക്കുമറിയാം.

“അവര് അങ്ങനെയൊക്കെ പറയുമ്പോഴും, അതിനൊപ്പം അഭിനന്ദിക്കാറുമുണ്ട്. ഈ പ്രായത്തിലും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നൊക്കെയാണ് അവരെല്ലാം പറയുന്നത്,”  പ്രേമ പറഞ്ഞു.

നൃത്തപരിശീലനത്തിനിടയില്‍

ഈ അമ്മമാരെ നൃത്തം പഠിപ്പിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് പരിശീലക ആര്‍ എല്‍ വി മിഥുന അതീഷ് പറയുന്നത്. “മുതിര്‍ന്നവര്‍ക്ക് ക്ലാസ് ആരംഭിക്കുന്നുവെന്ന കാര്യവുമായി ഉഷ മാഡവും മല്ലിക മാഡവും ചന്ദ്രിക മാഡവുമാണ് എന്നെ കാണാന്‍ വന്നത്.

(നൃത്താസ്വാദക സദസ്സിന്‍റെ പ്രസിഡന്‍റാണ് മല്ലിക വര്‍മ, സെക്രട്ടറിയാണ് ചന്ദ്രിക സുന്ദരേശന്‍. ഉഷ വേണുഗോപാല്‍ ട്രഷററുമാണ്.)

” ‘ആദ്യമായിട്ടാണ്…  ഇതെങ്ങനെയാണ്, ശരിയാകുമോ എന്നൊന്നും അറിയില്ല. പക്ഷേ ഇങ്ങനെയൊരു ക്ലാസ് ആരംഭിക്കണമെന്നതു ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. അവരെ പഠിപ്പിക്കാന്‍ ടീച്ചര്‍ വരണം.’

“ഇങ്ങനെയൊക്കെ അവരെന്നോട് പറയുമ്പോള്‍, എനിക്കാദ്യം ആശങ്കയായിരുന്നു. വേറൊന്നും കൊണ്ടല്ല, ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ ഇത്രേം പ്രായമുള്ളവരെ കൊണ്ടു പഠിപ്പിക്കാന്‍ പറ്റോ എന്നാണ് തോന്നിയത്.

“പക്ഷേ മുതിര്‍ന്നവര്‍ക്കും നൃത്തം ചെയ്യാനാഗ്രഹമുണ്ടാകുമല്ലോ. അങ്ങനെ അവരോട് വരാമെന്നു പറഞ്ഞു. 29 പേരുണ്ട് പഠിക്കാന്‍.  ഇവരാരും നേരത്തെ ഭരതനാട്യമോ മോഹിനിയാട്ടമോ പഠിച്ചിട്ടുള്ളവരുമല്ല. അതുകൊണ്ടു തന്നെ ആദ്യപാഠം മുതല്‍ പറഞ്ഞു കൊടുക്കണമായിരുന്നു.

“പിന്നീട് ക്ലാസ് ആരംഭിച്ച ശേഷം, ഇവരുടെ നൃത്തം പഠിക്കാനുള്ള ആവേശമൊക്കെ കാണുമ്പോള്‍ അത്ഭുതം തോന്നും. അതൊക്കെ കാണുമ്പോ അവരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ തോന്നൂ.

“കൂട്ടത്തില്‍ എന്‍റെ അമ്മയെക്കാള്‍ പ്രായമുള്ളവരുണ്ട്. ഉന്നത ഉദ്യോഗങ്ങളില്‍ നിന്നൊക്കെ വിരമിച്ചവരുമുണ്ട്. എന്നാല്‍ ക്ലാസിലേക്കെത്തിയാല്‍ ഇവരൊക്കെ കൊച്ചു കുട്ടികളാണ്. ആദ്യമായി നൃത്തം പഠിക്കുന്ന കുഞ്ഞുങ്ങളെ പോലെ, അവരെന്നോട് ചിലനേരം ചിണുങ്ങും.

‘ടീച്ചറേ ഞങ്ങള് ഇങ്ങനെ ചെയ്യട്ടേ, അങ്ങനെ ചെയ്യട്ടേ’ എന്നൊക്കെ ചോദിക്കുന്ന കേട്ടാല്‍ ഇവരൊക്കെ 50-ഉം 60-ഉം പ്രായമുള്ള അമ്മമാരാണെന്നു തോന്നുകയേയില്ല,” മിഥുന ചിരിച്ചുകൊണ്ട് തുടരുന്നു.

ബാങ്കില്‍ നിന്നും കോളെജില്‍ നിന്നുമൊക്കെ വിരമിച്ചവര്‍ മാത്രമല്ല ജോലിക്ക് പോകാതിരുന്നവരുമെല്ലാം ഡാന്‍സ് പഠിക്കാനുണ്ട്. പക്ഷേ ഇവിടെ അവരെല്ലാവരും ഒരുപോലെയാണ്. ആര്‍ക്കും ഒരു ഈഗോയും ഇല്ല.

“അവരുടെ നൃത്തം പഠിക്കാനുള്ള ആത്മാര്‍ഥതയും ആര്‍ജവവുമൊക്കെ കണ്ടപ്പോ, അത്ഭുതം തോന്നിയിട്ടുണ്ട്. സാധാരണ ചെറുപ്പക്കാര്‍ പോലും വിശ്രമിക്കാനിഷ്ടപ്പെടുന്നവരാണ്.”

അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ അമ്മമാരെല്ലാം (Image for representation only)

ചിലരൊക്കെ കോളെജിലൊക്കെ തിരുവാതിരയൊക്കെ കളിച്ചിട്ടുള്ളവരാണെങ്കിലും അതൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൂടുതല്‍ പേരും ക്ലാസ്സിക്കല്‍ നൃത്തമൊന്നും മുന്‍പ് പഠിച്ചിട്ടേയില്ലാത്തവരാണ്. ക്ലാസ്സില്‍ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെങ്കിലും കുട്ടികളെ പഠിപ്പിക്കുന്ന പോലെ ‘അത്ര എളുപ്പമല്ല എന്നാല്‍ അത്ര ബുദ്ധിമുട്ടുമല്ല’ എന്നാണ് മിഥുന പറയുന്നത്.

“ഡാന്‍സ് ക്ലാസില്‍ ഇവരെല്ലാവരും കുട്ടികളെപ്പോലെയാണ്. അതെനിക്കും സൗകര്യമാണ്. അന്നേരം അവരെ പഠിപ്പിക്കാന്‍ വളരെ എളുപ്പമാണ്.

“60 വയസൊക്കെയുള്ളവരല്ലേ. കാലുവേദനയും നടുവേദനയും മുട്ടുതേയ്മാനവുമൊക്കെയുണ്ട്. ഡാന്‍സ് കളിച്ചു തുടങ്ങിയതോടെ അതൊക്കെ കുറഞ്ഞുവെന്നാ ഈ അമ്മമാര് പറയുന്നത്.


പ്രായമൊന്നും കാര്യമല്ലന്നേ.. ഇവര് അത്ര എനര്‍ജറ്റിക്കാണ്. ഭരതനാട്യവും മോഹിനിയാട്ടവുമാണ് പഠിപ്പിക്കുന്നത്. രണ്ടു ടീമുകളായാണിവര്‍ വേദിയിലെത്തുക.


“ഭരതനാട്യത്തില്‍ ഗണപതി സ്തുതിയും ശിവസ്തുതിയുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഭരതനാട്യത്തിലെ തില്ലാനയുമുണ്ട്. മോഹിനിയാട്ടത്തില്‍ പ്രിയതമനെ കാണാതെയുള്ള വിരഹമാണ് അരങ്ങിലെത്തിക്കുന്നത്. സ്വാതി തിരുനാളിന്‍റെ കൃതിയായ പൂന്തേന്‍നേര്‍മൊഴിയാണ് പഠിപ്പിക്കുന്നത്,” മിഥുന വിശദമാക്കി.

വളരെ എനര്‍ജെറ്റിക്കായാണ് ഈ അമ്മമാര്‍ ഡാന്‍സ് ക്ലാസ്സില്‍ എത്തുന്നതെന്ന് ടീച്ചര്‍. (Image for representation only. Photo- www.pixabay.com)

“ടീച്ചര്‍ പറഞ്ഞത് ശരിയാട്ടോ… എന്‍റെ കാലുവേദനയ്ക്കൊക്കെ ഇപ്പോ കുറവുണ്ട്.” ഡാന്‍സ് ക്ലാസിലെ ഗീത പറയുന്നു.  “നൃത്തം പരിശീലിക്കുന്നതിലൂടെ പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്നുണ്ട്. അതുതന്നെ വലിയ കാര്യമല്ലേ.

“ശരീരത്തിന്‍റെ ആകൃതിക്കും ഭാരത്തിനും കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെന്നു കൂട്ടുകാരൊക്കെ പറഞ്ഞു. ഇതിനെല്ലാം ഉപരി മാനസികമായ സന്തോഷമുണ്ട്. അതൊരു വലിയ കാര്യമല്ലേ. പ്രഭ പറഞ്ഞ പോലെ ഞാനും നൃത്തം പഠിക്കണമെന്നു അത്രയേറെ ആഗ്രഹിച്ചിരുന്ന ആളാണ്.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


“വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് ഇഷ്ടമായിരുന്നു. അന്ന് അതിനുള്ള സാഹചര്യമില്ലായിരുന്നു. പക്ഷേ ഞാനെന്‍റെ മകളെയും പേരക്കുട്ടിയെയും ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്.

“ഇപ്പോ ജോലിയില്‍ നിന്നൊക്കെ വിരമിച്ചു. ആ നേരത്ത് തന്നെ ഡാന്‍സ് പഠിക്കാന്‍ അവസരവും കിട്ടി. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

“റിട്ടയര്‍മെന്‍റ് കഴിഞ്ഞു വെറുതേയിരിക്കുകയായിരുന്നു. ഡാന്‍സ് ക്ലാസില്‍ പോയിത്തുടങ്ങിയതോടെ വീട്ടില്‍ വെറുതേ ഇരിക്കാന്‍ നേരമില്ല. ഡാന്‍സ് ക്ലാസിന് പോകാം, അതുകഴി‍ഞ്ഞു വീട്ടിലെത്തിയാല്‍ പിന്നെ ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാം.

“ശരീരത്തിനു മാത്രമല്ല മനസിനുമുള്ള വ്യായാമമാണ് നൃത്തം” (Image for representation only- Photo: www.pixabay.com)

“എന്നാല്‍ ആദ്യം ഞാനിക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നതാണ് നേര്. ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്ന ശേഷം എന്താകും എങ്ങനെയാകും, പഠിക്കാന്‍ സാധിക്കാതെ പരാജയപ്പെടോ എന്നൊക്കെയുള്ള തോന്നലുകളായിരുന്നു.

“പക്ഷേ ഒരുമാസത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ മനസിലായി, ഡാന്‍സ് പഠിച്ചെടുക്കാം. ഇപ്പോ അരങ്ങിലെത്താനുള്ള ശ്രമത്തിലാണ്. അതിന്‍റെ ത്രില്ലുമുണ്ട്. നന്നായി പരിശ്രമിക്കുന്നുമുണ്ട്.

“അമ്പതും അറുപതുമൊക്കെ പ്രായമുള്ള ആളുകള്‍ വെറുതേ വീട്ടിലിരുന്നു തുരുമ്പിക്കാതെ മുന്നോട്ടു വരട്ടെ. ശരീരത്തിനു മാത്രമല്ല മനസിനുമുള്ള വ്യായാമമാണിത്.” ഇതൊക്കെ എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്നും അവര്‍ പറഞ്ഞു.

കൂട്ടത്തില്‍ ലീനയ്ക്ക് ഡാന്‍സ് ടീച്ചറെക്കുറിച്ചാണ് പറയാനുള്ളത്. “എന്‍റെ മകളുടെയൊക്കെ പ്രായമുള്ള ടീച്ചറാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. ആ കുട്ടിയ്ക്ക് ഞങ്ങളില്‍ പലരും അമ്മൂമ്മാരാണ്,” ലീന നാരായണന്‍ പറയുന്നു.

“അങ്ങനെയാണെങ്കിലും ഞങ്ങളുടെ പരിമിതികളൊക്കെ മനസിലാക്കി ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്. കാനറ ബാങ്കില്‍ നിന്നു വിരമിച്ചയാളാണ് ഞാന്‍. റിട്ടയര്‍മെന്‍റ് കഴിഞ്ഞു ഇനിയെന്ത് ചെയ്യും എന്നാലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നതാ നേര്.

“നൃത്താസ്വാദക സദസ്സില്‍ അംഗത്വവുമെടുത്തു. മുതിര്‍ന്നവര്‍ക്കുള്ള നൃത്ത ക്ലാസില്‍ ചേരുകയും ചെയ്തു. എല്ലാം പെട്ടെന്നായിരുന്നു. ജോലിയില്‍ നിന്നൊക്കെ വിരമിച്ചുവെന്നു പറഞ്ഞു വെറുതേ ഇരുന്നാ അങ്ങനെ ഇരുന്നു പോകുകയുള്ളൂ.


ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചെടുക്കാന്‍ കുറേ കഷ്ടപ്പെടുന്നുണ്ട്. ഒപ്പം ഞങ്ങളും പഠിക്കാന്‍ നന്നായി ശ്രമിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും നൃത്തം ഉത്തേജകമാണ്.


“വീട്ടിലുള്ളവരും മക്കളുമൊക്കെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാവരും പോസിറ്റീവായി തന്നെയാണ് പറയുന്നത്. അരങ്ങേറ്റം കഴിഞ്ഞാലും നൃത്തം തുടരാനാണ് താത്പ്പര്യം,” ലീന പറഞ്ഞു.

ലീന പറഞ്ഞ പോലെ തന്നെ കൂട്ടത്തില്‍ എല്ലാവര്‍ക്കും നൃത്തം അത്രയേറെ ഇഷ്ടമാണ്. അരങ്ങേറ്റം കഴിഞ്ഞാലും നൃത്ത പഠനം തുടരുമെന്നാണ് അവര്‍ പറയുന്നത്.

“എനിക്കു ഇനിയും പഠിക്കണം, സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നതോടെ നൃത്തം പഠിക്കാന്‍ ചേരുകയായിരുന്നു. വീട്ടുകാര്‍ക്കും ഇതൊക്കെ ഇഷ്ടമാണ്,” മറ്റൊരു നൃത്ത വിദ്യാര്‍ഥിയായ അജിത കൃഷ്ണ കുമാര്‍.

“വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരുമൊക്കെയുണ്ട്. എന്നാല്‍ ആരും എന്നെ നേരിട്ട് വിമര്‍ശിച്ചിട്ടില്ല,” പ്രഭ തുടരുന്നു. നല്ലതു പറയുകയോ വിമര്‍ശിക്കുകയോ എന്തുമാകട്ടെ. എന്തെങ്കിലുമൊക്കെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്നമൊന്നും ഇല്ല. നമ്മുടെ സന്തോഷമല്ലേ വലുത്,”  ചിരിയോടെ പ്രഭ പറഞ്ഞു.

പ്രഭ പറഞ്ഞതാ ശരിയെന്നു കൂട്ടുകാരും സമ്മതിക്കുന്നു.

(Image for representation only- Photo: www.pixabay.com)

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന് കീഴിലുള്ള നൃത്താസ്വാദക സദസ് 2013-ലാണ് ആരംഭിച്ചതെന്നു സദസ്സിലെ ഉഷ വേണുഗോപാല്‍ പറയുന്നു.

“ചങ്ങമ്പുഴ പാര്‍ക്കില്‍ സീനിയര്‍ സിറ്റിസിണ്‍ കൂട്ടായ്മയൊക്കെയുണ്ട്. പക്ഷേ മുതിര്‍ന്നവര്‍ക്കുള്ള ഡാന്‍സ് ക്ലാസ് ഇതുവരെ ഇല്ലായിരുന്നു. 50-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് ഡാന്‍സ് ക്ലാസ് ആരംഭിക്കുന്നത്. കൂട്ടത്തില്‍ ഇപ്പോള്‍‍ 75 വയസിന് മുകളിലുള്ളവരുമുണ്ട്.

“കഴിഞ്ഞ ഒക്റ്റോബറിലാണ് ക്ലാസ് ആരംഭിച്ചത്. ഇവരുടെയൊക്കെ പ്രായം കൂടി പരിഗണിച്ചു വളരെ ലളിതമായ നൃത്തച്ചുവടുകളാണ് പരിശീലിപ്പിക്കുന്നത്.

“ചെറുപ്പത്തിലൊക്കെ പലരും നൃത്തം പഠിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ സാധിച്ചു കാണില്ല. ഇടയ്ക്ക് വച്ച് നൃത്തപഠനമൊക്കെ അവസാനിപ്പിച്ചവരുമുണ്ടാകും.

“അങ്ങനെയുള്ളവരുടെ ആഗ്രഹം സഫലമാക്കുകയാണ് ലക്ഷ്യം. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്‍റെ പിന്തുണയുമുണ്ട്. നൃത്താസ്വാദക സദസ്സിന്‍റെ വാര്‍ഷികദിനത്തിലാണ് അമ്മമാരുടെ നൃത്തം അരങ്ങിലെത്തുന്നത്.” ഉഷ വ്യക്തമാക്കി.

കേരളത്തില്‍ തന്നെ 50- ന് മുകളില്‍ പ്രായമുള്ളവരെ മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ പഠിപ്പിച്ച് അരങ്ങിലെത്തിക്കുന്നതും ആദ്യമാണെന്നു തോന്നുന്നുവെന്നു ഡാന്‍സ് ടീച്ചറും കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍ നിന്നു എംഎ മോഹിനിയാട്ടം പൂര്‍ത്തിയാക്കിയ ആര്‍എല്‍വി മിഥുന ഇടപ്പള്ളി കൂനംതൈ സ്വദേശിയാണ്. കെ.അതീഷാണ് ഭര്‍ത്താവ്. മഹാദേവും പാര്‍ഥിവുമാണ് മക്കള്‍. ഭവന്‍സ് വരുണ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മഹാദേവ്.


ഇതുകൂടി വായിക്കാം: 10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം