മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്‍റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു

കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി എ ഹിസ്റ്ററിയെടുത്ത ശേഷമാണ് സുമ 2007-ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍ ഭരതനാട്യത്തിന് ബിഎയ്ക്ക് ചേരുന്നത്.

പെരിങ്ങനാടാണ് സുമയുടെ വീട്. പാടവും തോടും പറമ്പുമൊക്കെയായി പത്തനംതിട്ടയിലെ ഒരു ഗ്രാമം. നെല്ലും പച്ചക്കറിയും കശുമാവിന്‍ തോട്ടവും ഒക്കെയുണ്ട് സുമയുടെ വീട്ടില്‍.

സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ, കലാതിലകപ്പട്ടവും നേടിയിട്ടുണ്ട്. നൃത്തം തന്നെ പഠനത്തിനും തെരഞ്ഞെടുത്തു.  ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദം, എംഎയ്ക്കും നൃത്തം തന്നെ.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

ഇപ്പോള്‍ ഭരതനാട്യത്തില്‍ എം ഫില്‍ ചെയ്യുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്വന്തമായൊരു ഡാന്‍സ് സ്കൂളും ആരംഭിച്ച ആളാണിത്.

അങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷം സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സുമ നരേന്ദ്രനും ഒരവാര്‍ഡുണ്ടായിരുന്നു.

സ്കൂള്‍ കലോത്സവവേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ

ഡാന്‍സ് സ്കൂളും നൃത്തപരിപാടികളുമൊക്കെയായി തിരക്കിലാണെങ്കിലും പച്ചക്കറിത്തോട്ടം നോക്കാനും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കാനും  മത്സ്യകൃഷിക്കുമൊക്കെ സുമ സമയം മാറ്റിവെയ്ക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും മികച്ച മട്ടുപ്പാവ് കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട സുമ നരേന്ദ്രന്‍ കൃഷിയും നൃത്തവും നിറയുന്ന ജീവിതത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അച്ഛന്‍ നരേന്ദ്രന്‍ നായര്‍ അധ്യാപകനായിരുന്നു. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍. അതിനൊപ്പം വീട്ടില്‍ കൃഷിയും ചെയ്തിരുന്നു. പച്ചക്കറിയും നെല്‍കൃഷിയും കശുമാവിന്‍ തോട്ടവുമൊക്കെയുണ്ടായിരുന്നു.

സുമ മട്ടുപ്പാവിലെ തോട്ടത്തില്‍

“ഞങ്ങള്‍ നാല് മക്കളാണ്. മൂന്നു ചേട്ടന്‍മാരുണ്ട്.  അവര്‍ക്കും അമ്മ ശ്യാമള കുമാരിയ്ക്കുമെല്ലാം കൃഷി ജീവിതം തന്നെയായിരുന്നു.  പഠിക്കാന്‍ പോകുമ്പോഴും കൃഷി ഇഷ്ടമൊക്കെയായിരുന്നു.

“അടൂരില്‍ നിന്ന് ഏറെ ദൂരമൊന്നുമില്ല പെരിങ്ങനാട്ടേക്ക്. അഞ്ച് കിലോമീറ്റര്‍ മാത്രം. കുട്ടിക്കാലം തൊട്ടേ കൃഷിയൊക്കെ കണ്ട് വളര്‍ന്നതാണ്. നെല്ലും പച്ചക്കറിയും കിഴങ്ങുമൊക്കെ കുറേയുണ്ടായിരുന്നു. അച്ഛനൊപ്പം ഞങ്ങളും കൃഷിക്കാര്യങ്ങളില്‍ കൂടുമായിരുന്നു. ചേട്ടന്‍മാര്‍ കൃഷി ചെയ്യുന്നുണ്ട്.”

2005-ല്‍ സുമയും ഭര്‍ത്താവും അടൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിനടുത്ത്  കണ്ണംകോട് എന്ന സ്ഥലത്തേക്ക്  താമസം മാറി.  ഇലക്ട്രിക്- പ്ലംബിങ് കോണ്‍ട്രാക്റ്ററാണ് ഭര്‍ത്താവ് സുരേഷ് കുമാര്‍.   

“സ്ഥലും വീടും കൂടി വാങ്ങുകയായിരുന്നു. … പത്ത് സെന്‍റില്‍ രണ്ട് വീടായിരുന്നു.  ഡാന്‍സ് സ്കൂള്‍ കുറച്ചു കൂടി ഗംഭീരമാക്കാലോ എന്നൊക്കെയുള്ള പ്ലാനിലാണ് ഈ വീടെടുക്കുന്നത്, ” സുമ തുടരുന്നു.

“ഇവിടേക്ക് താമസം മാറിയതോടെ ഇനി കൃഷിയൊന്നും ചെയ്യാനാകില്ലെന്നാണ് കരുതിയത്. ടൗണല്ലേ… തിരക്കും ബഹളവും. സ്ഥലവും ഇല്ല. പാടത്തും പറമ്പിലുമൊക്കെയായി ജീവിച്ചതല്ലേ. കൃഷിയൊന്നും ഇല്ലാതെയുള്ള ജീവിതം ബുദ്ധിമുട്ടായി തോന്നി.

“അങ്ങനെയാണ് സ്ഥലമില്ലെങ്കിലും ഉള്ള ഇടത്തൊക്കെയായി എന്തെങ്കിലുമൊക്കെ കൃഷി ചെയ്യാന്‍ തീരുമാനിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്തെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു.”

വീട്ടുമുറ്റത്തും പലതും നട്ടുപിടിപ്പിച്ചിട്ടുണ്ട്

വീടുള്‍പ്പടെ ആകെ പത്ത് സെന്‍റ്. ഈ സ്ഥലത്ത് എന്ത് കൃഷി ചെയ്യാനാണ് എന്ന ചോദ്യമുയര്‍ന്നു. പൈപ്പും മറ്റും കടന്നുപോകുന്ന സ്ഥലത്ത് കൊത്തിക്കിളയ്ക്കാനൊക്കെ പാടല്ലേ. അതുകൊണ്ട് ഉള്ള സ്ഥലത്തൊക്കെ ചെറുതായി ഓരോന്നൊക്കെ നട്ടുവെച്ചു.

വീടിന് ചുറ്റും ചാക്കിലും പഴയ സഞ്ചികളിലുമൊക്കെയായി തൈകള്‍ നട്ടു. ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്  അടൂര്‍ കൃഷി ഭവനില്‍ നിന്ന് 500 രൂപയ്ക്ക് 25 ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് വാര്‍ത്ത കണ്ടത്.

“വളവും മണ്ണും നിറച്ച ഗ്രോബാഗുകളില്‍ തൈ മുളപ്പിച്ചാണ് നല്‍കുന്നത്. 500 രൂപയ്ക്ക് തൈ നട്ട ഗ്രോബാഗ് കൊള്ളാമല്ലോയെന്നു തോന്നി. അങ്ങനെ ഞങ്ങളും കൃഷി ഭവനില്‍ പോയി. 25 ഗ്രോബാഗുകളുമായി വീട്ടിലേക്ക് പോന്നു.

“ആ ഗ്രോബാഗുകളില്‍ നട്ടതൊക്കെ പിടിച്ചു. അതോടെ ഈ പരിപാടി അടിപൊളിയാണല്ലോയെന്നു തോന്നി. വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ കൂടുതല്‍ ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടു തുടങ്ങി. ഗ്രോബാഗുകളിലേറെയും വീടിന് മുകളിലാണ് വച്ചത്,” സുമ പറയുന്നു.

ആദ്യശ്രമം വിജയമായപ്പോള്‍ മട്ടുപ്പാവ് കൃഷിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. ഗ്രോബാഗ് കൃഷിയില്‍ നല്ല വിളവു കിട്ടി. ആ സമയം തന്നെ മുറ്റത്ത് നട്ട കോവലില്‍ നിന്നും കുറേ വിളവെടുക്കാനും സാധിച്ചു.

“വീട്ടാവശ്യത്തിനുള്ളത് മാത്രമല്ല അതില്‍ കൂടുതല്‍ പച്ചക്കറി കിട്ടി. അയല്‍പ്പക്കത്തെ വീടുകളിലും ബന്ധുക്കള്‍ക്കുമൊക്കെ നല്‍കി,” മെല്ലെയാണ് ടെറസ് കൃഷിയില്‍ സജീവമായതെന്നു സുമ പറയുന്നു.

 ഇപ്പോള്‍ വീട്ടുമുറ്റത്തും മട്ടുപ്പാവിലും ഒരുപോലെ കൃഷിയുണ്ട്.

പയറും വെണ്ടയും തക്കാളിയും പച്ചമുളകും വഴുതനയുമൊക്കെ ഒന്നിലേറെ ഇനങ്ങളുണ്ട്. ഇതിനൊപ്പം ക്യാപ്സിക്കവും ക്വാളിഫ്ലവറും ബീറ്റ്റൂട്ടും മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട്.

വാഴ, കുരുമുളക്, കവുങ്ങ്, മാവ്, പനീര്‍ചാമ്പ, മുള്ളാത്ത, നെല്ലിപ്പുളി, ഇരുമ്പന്‍പുളി ഇതൊക്കെയും മുറ്റത്താണ് നട്ടിരിക്കുന്നത്. ഔഷധസസ്യതോട്ടവും ഇവിടുണ്ട്. ഗ്രോബാഗില്‍ മാത്രമല്ല മണ്ണിലും ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചിയും മഞ്ഞളുമുണ്ട്.

“കരിനൊച്ചി, ആവണക്ക്, കറ്റാര്‍വാഴ, ദശപുഷ്പങ്ങള്‍, ഇലമുളച്ചി, ശംഖുപുഷ്പം, ബ്രഹ്മി ഇതൊക്കെ ഒരു ഭാഗത്തായി നട്ടിട്ടുണ്ട്. ആടലോടകവും ഛായാമന്‍സ, സര്‍വസുഗന്ധി, വിഷഹാരിപ്പച്ചയൊക്കെ മണ്ണിലും ബാക്കി ഔഷധസസ്യങ്ങള്‍ ഗ്രോബാഗിലുമാണ് കൃഷി ചെയ്യുന്നത്,” സുമ വിവരിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നു

മൂന്നു അറകളോടു കൂടിയ സിമന്‍റിന്‍റെ മത്സ്യക്കുളവും സുമയുടെ വീട്ടിലുണ്ട്. കൃഷിഭവനില്‍ നിന്ന് അനുവദിച്ചതാണ് മഴമറ. യുവി ഷീറ്റ് കൊണ്ടുണ്ടാക്കിയ മഴമറയുടെ നാലു വശങ്ങളും യുവി നെറ്റ് കൊണ്ട് മറച്ചിട്ടുമുണ്ട്.

ഗ്രോബാഗുകള്‍ നേരിട്ട് ടെറസില്‍ വയ്ക്കുന്നതുമൂലം കെട്ടിടത്തിന്  കേടുവരാതിരിക്കാന്‍ ഇപ്പോള്‍ ജി ഐ പൈപ്പ് കൊണ്ട് സ്റ്റാന്‍ഡുണ്ടാക്കി അതിന് മുകളിലാണിപ്പോള്‍ ഗ്രോബാഗുകള്‍ വെച്ചിരിക്കുന്നത്.

“കൃഷി വിപുലമായതോടെ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയായിരുന്നു. തുള്ളിനനയ്ക്കും മഞ്ഞുനനയ്ക്കുമുള്ള സൗകര്യവമുണ്ട്. ഭര്‍ത്താവാണിതൊക്കെ സജ്ജീകരിച്ചു നല്‍കിയത്.” തോട്ടത്തില്‍ തിരിനനയൊരുക്കി നല്‍കിയത് ജലവിഭവ വിനിയോഗ കേന്ദ്രം (സിഡ്ബ്ല്യൂആര്‍ഡിഎം) ആണെന്നു സുമ.

സുമയുടെ തോട്ടത്തിലെ 110 ഗ്രോ ബാഗുകളിലാണ്  അവര്‍ തിരിനന സംവിധാനം  ഒരുക്കി കൊടുത്തത്. ഒരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന ഒരാളുടെ തോട്ടമാണ് സി ഡബ്ല്യുആര്‍ ഡി എം തിരിനന പ്രദര്‍ശനത്തോട്ടമായി മാറ്റുന്നത്.

മത്സ്യക്കുളത്തില്‍ രണ്ടെണ്ണത്തില്‍ അലങ്കാരമത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. മറ്റൊന്നില്‍ തിലാപ്പിയയൊക്കെയാണ്. മീന്‍ കുളത്തിലെ അവിശിഷ്ടങ്ങള്‍ അടങ്ങിയ വെള്ളമാണ് മുറ്റത്തെ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്കും.

ഇതിനൊപ്പം അടുക്കള മാലിന്യം കംപോസ്റ്റാക്കിയും തൈകള്‍ക്ക് നല്‍കുന്നുണ്ട് ഇവര്‍.

കൃഷിത്തിരക്കുകള്‍ക്കിടയിലും സുമ ഡാന്‍സ് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്

അടുക്കള മാലിന്യം ശേഖരിക്കുന്നതിന് മൂടിയോട് കൂടിയ രണ്ട് റിങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും മാലിന്യം ഇതിലൊരു റിങ്ങിലേക്കിടും.
ഇടയ്ക്കിടെ ചകിരിച്ചോറും വാഴപ്പിണ്ടിയുമൊക്കെ ഇട്ടു കൊടുക്കും.


ഇതുകൂടി വായിക്കാം: പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും


ഒരു റിങ്ങില്‍ മാലിന്യം നിറഞ്ഞു കഴിഞ്ഞാല്‍ മറ്റേ റിങ്ങില്‍ ശേഖരിക്കും. ഇതൊരു നല്ല കംപോസ്റ്റാണ്.

ടെറസില്‍ മാത്രമല്ല വീടിന്‍റെ പുറകിലും മഴമറ കൃഷി ചെയ്യുന്നുണ്ടെന്നു സുമ പറയുന്നു. “മുറ്റത്തെ മഴമറയില്‍ നാടന്‍ കാന്താരിയാണ് നട്ടിരിക്കുന്നത്.

“കൃഷിയിലൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറി മാത്രമല്ല വിപണനത്തിനുള്ളതും കിട്ടുന്നുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ നല്‍കാറുണ്ട്. ഡാന്‍സ് പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടുകാരും പച്ചക്കറി വാങ്ങാന്‍ വരാറുണ്ട്.

“അടൂര്‍ കൃഷിഭവന് ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന ഇടമുണ്ട്. അവിടെയാണ് കൂടുതലും വിപണനം ചെയ്യുന്നത്. നല്ല വിലയും കിട്ടാറുണ്ട്. പച്ചക്കറികള്‍ വില്‍ക്കാന്‍ ഇടമില്ലാതെ വരുന്ന അവസ്ഥയൊന്നും ഇല്ല.

“പലരും ജൈവകൃഷി ഉത്പന്നങ്ങള്‍ക്ക് വിപണിയില്ലെന്നു പറയാറുണ്ട്, എന്നാല്‍ അങ്ങനെയൊരു പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല,” സുമ ആവര്‍ത്തിക്കുന്നു.

“കൃഷിയെനിക്ക് നല്ല വരുമാന മാര്‍ഗം തന്നെയാണ്.”

“അവര് എന്നോട് പറയുന്നത്, ഇഞ്ചിയോ മഞ്ഞളോ എന്തു വേണമെങ്കില്‍ തന്നോളൂ.. വാങ്ങാന്‍ ആളുണ്ടെന്നാണ്. അങ്ങനെയുള്ളപ്പോള്‍ കൃഷി ഒരിക്കലും നഷ്ടമാകുന്നില്ല.

“പച്ചക്കറി തൈകളും വില്‍ക്കാറുണ്ട്. ആവശ്യപ്പെടുന്നവര്‍ക്ക് തൈകള്‍ ട്രേയിലാക്കി കൊടുക്കാറുണ്ട്.” വരുമാനം മാത്രമല്ല കൃഷിയുടെ സന്തോഷവും ഒന്ന് വേറെത്തന്നെയാണെന്ന് സുമ.

“നമ്മള് നട്ട ചെടി നന്നായി വളരുന്നത് കണ്ടാല്‍ ആര്‍ക്കാ സന്തോഷമാകാത്തത്,” അവര്‍ ചോദിക്കുന്നു.

പ്രതിഭകളെ ആദരിക്കുന്നതിന്‍റെ ഭാഗമായി വീട്ടിലെത്തിയ സ്കൂള്‍ കുട്ടികള്‍

വീടിനോട് ചേര്‍ന്നു തന്നെയാണ് സുമയുടെ തപസ്യ കലാക്ഷേത്ര ഡാന്‍സ് സ്കൂളും. “നാലു വയസു മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ് തൊട്ടേ കലാമത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു.


സ്കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം അടൂര്‍ സബ് ജില്ല കലാതിലകമായിരുന്നു. 90-91-ല്‍ പത്തനംതിട്ട ജില്ല കലാതിലകവുമായിരുന്നു.


“ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയും നാടോടിനൃത്തവും ഇതൊക്കെയായിരുന്നു അന്നത്തെ എന്‍റെ പ്രധാന ഇനങ്ങള്‍. പിന്നീട് ഭരതനാട്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു,” സുമ പറയുന്നു.

കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി എ ഹിസ്റ്ററിയെടുത്ത ശേഷം 2007-ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളെജില്‍ ഭരതനാട്യം ബി എയ്ക്ക് ചേര്‍ന്നു.

സുമയുടെ മകള്‍ രഞ്ജിനി കൃഷ്ണ

“ഇപ്പോ എംഫില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. എം എയും എംഫില്ലും തഞ്ചാവൂരിലെ തമിഴ് യൂനിവേഴ്സിറ്റിയില്‍ നിന്നാണെടുത്തത്.

കൃഷിയും നൃത്തവും എനിക്ക് ഒരുപോലെയാണ്. രണ്ടും എക്കാലവും കൂടെയുണ്ടാകും. നൃത്തത്തിനോടും കൃഷിയോടും മക്കള്‍ക്കും താത്പ്പര്യമുണ്ട്. ഇതാണെന്‍റെ വലിയ സന്തോഷം,” സുമ പറഞ്ഞു.

ആറാം ക്ലാസ് വിദ്യാര്‍ഥി ഗൗതം കൃഷ്ണയും നാലാം ക്ലാസുകാരി രഞ്ജിനി കൃഷ്ണയുമാണ് മക്കള്‍.

അടൂര്‍ ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനറാണ് സുമ. ആത്മയുടെ ഫാം സ്കൂളായും ഇവരുടെ കൃഷി സ്ഥലം തെരഞ്ഞെടുത്തിരുന്നു.  അതുകൊണ്ട് പല ജില്ലകളില്‍ നിന്നുള്ളവര്‍ കൃഷിയിടം കാണാനെത്താറുണ്ട്.

മട്ടുപ്പാവ് കൃഷിക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടും മുന്‍പേ 2015-ല്‍  മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അടൂര്‍ നഗരസഭയുടെ അവാര്‍ഡ് സുമ നേടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം:നഷ്ടം വന്ന് അച്ഛന്‍ കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന്‍ വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു പ്രദീപിന്‍റെ കാര്‍ഷിക സംരംഭം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം