വായുവിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ വ്യാപനം തടയുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ 2010-ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ക്ഷയരോഗത്തെ നേരിടാനാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതെങ്കിലും അവ വായുവിലൂടെ പകരുന്ന എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണ്.
കൊറോണ രോഗബാധ രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗവണ്‍മെന്‍റും ലോകാരോഗ്യസംഘടന പോലുള്ള ഏജന്‍സികളും തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനപ്പെട്ടവയാണ് താഴെ.
1. രോഗബാധയ്ക്കുള്ള സാധ്യത വിലയിരുത്തുക
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ല പോലെ വായുസഞ്ചാരമുള്ള ഇടങ്ങളില്‍ ഇരിപ്പിടമൊരുക്കണം. കാത്തിരിപ്പു സ്ഥലങ്ങളില്‍ വേണ്ടപോലെ വെന്‍റിലേഷന്‍ ഇല്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട, വായുസഞ്ചാരമുള്ള സ്ഥലങ്ങളിലേക്ക് മാറ്റണം എന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
2. നല്ല വായുസഞ്ചാരം വായുവിലൂടെ പടരുന്ന രോഗങ്ങളെ തടയുന്നതെങ്ങനെ?
നല്ല വായുസഞ്ചാരമുള്ളപ്പോള്‍ കഫം, തുമ്മുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങള്‍ എന്നിവയുടെ കണങ്ങള്‍ മുറികള്‍ക്കുള്ളില്‍ കെട്ടിനിന്ന് രോഗം പകരുന്നതിനുള്ള സാധ്യത കുറയുന്നു.
ആരോഗ്യകേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട വായുസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
റീ-സര്‍കുലേറ്റിങ്ങ് എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ അതിന്‍റെ നേരെ എതിര്‍ വശത്ത് ഒരു എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതാണ്.
3. ശുചിത്വകേന്ദ്രങ്ങള്‍
സാനിറ്റൈസറുകളും മാസ്‌കുകളും സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. അത് എല്ലാവരും കാണുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
ശുചിത്വശീലങ്ങള്‍ ശ്രദ്ധയോടെ പാലിക്കണം. ശാരീരിക സ്രവങ്ങള്‍, അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള സാധനങ്ങള്‍ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ അറുപത് ശതമാനമെങ്കിലും ആല്‍ക്കഹോള്‍ ചേര്‍ന്ന ഹാന്‍ഡ് റബുകള്‍ ഉപയോഗിച്ചോ അണുമുക്തമാക്കണം. കാഴചയില്‍ തന്നെ അഴുക്കുപുരണ്ട കൈകള്‍ വൃത്തിയാക്കുന്നതിന് സോപ്പും വെള്ളവും തന്നെയാണ് ഏറ്റവും നല്ലത് എന്ന് അമേരിക്കയിലെ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍റ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു.
4. സന്ദര്‍ശകരേയും ജോലിക്കാരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.
സോപ്പ് ഉപയോഗിച്ച് കൈകഴുകേണ്ടത് എങ്ങനെ (20-second handwash rule) എന്നും കൈകഴുകുന്നതിന് മുമ്പ് മൂക്കും വായും കൈയും തൊടരുത് തുടങ്ങിയ മുന്‍കരുതല്‍ നടപടികളും ജനങ്ങളറിയണം.
‘ചുമ, തുമ്മല്‍ എന്നിവയുള്ളവരില്‍ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. രോഗമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കുവരുന്ന കണങ്ങളിലൂടെ വൈറസ് പടരാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ അവരുടെ അടുത്താണ് നില്‍ക്കുന്നതെങ്കില്‍ COVID-19 അടക്കമുള്ള വൈറസുകള്‍ നിങ്ങളിലേക്കും പടരാം,’ WHO മുന്നറിയിപ്പ് നല്‍കുന്നു.
5. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്തുചെയ്യണം?
ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം. ഇത് രോഗം മറ്റ് ജീവനക്കാരിലേക്കും ജോലിസ്ഥലത്തേക്കും പടരുന്നത് തടയും. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഓഫീസ് അധികൃതരെ അറിയിക്കുക. ഓഫീസിലും പരിസരത്തും ജാഗ്രത പുലര്‍ത്താന്‍ ഇതുവഴി കഴിയും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടുക. വായ് മൂടാനുപയോഗിക്കുന്ന ടിഷ്യു പേപ്പറോ തുണിയോ വേണ്ടവിധത്തില്‍ സംസ്‌കരിക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യണം. തുമ്മലോ ചുമയോ ഉള്ളവര്‍ N95 മാസ്‌കുകള്‍ ഉപയോഗിക്കണം.
6. അണുവിമുക്തമാക്കല്‍
വീടും ഓഫീസും അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇടവിട്ട് ഫ്യൂമിഗേഷനും (പുകയ്ക്കല്‍) നടത്തണം. ഫര്‍ണിച്ചറുകല്‍, വാതിലുകള്‍, ജനലുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ജോലിസമയത്തിന് ശേഷം പരിസരങ്ങള്‍ ഫ്യൂമിഗേഷന്‍ നടത്തണം.
ജോലിക്കാരിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൂടെ ജോലി ചെയ്യുന്നവരെ അറിയിക്കണം. അവര്‍ ഓഫീസില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മുറിയും കാബിനും ഫ്യൂമിഗേറ്റ് ചെയ്യണം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.