വിദ്യാധരന്‍ നാരായണന്‍

വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന്‍ നേടുന്നത് മാസം 80,000 രൂപ! 

വിദ്യാധരനും ഭാര്യ ജയറാണിയുമാണ് എല്ലാം ചെയ്യുന്നത്. വീട്ടിലെ പത്തടി വീതിയും പത്തടി നീളവുമുള്ള ഒരു മുറിയിലാണ് വിത്തുകള്‍ ട്രേകളില്‍ മുളപ്പിച്ചെടുക്കുന്നത്.

ലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ടിരിക്കുമ്പോഴാണ് വിദ്യാധരന്‍ നാരായണന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ എന്തെങ്കിലുമൊരു ചെറിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്.

നമ്മളിലധികം പേരും ആലോചിക്കുന്നതുപോലെ കുറഞ്ഞ മുടക്കുമുതല്‍, തെറ്റില്ലാത്ത വരുമാനം…അതൊക്കെ ഒത്തുവരുന്ന ഒരു സംരംഭം തേടിയായിരുന്നു അന്വേഷണങ്ങള്‍.


ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കിറ്റുകള്‍ വാങ്ങാം. Karnival.com

അങ്ങനെയിരിക്കുമ്പോഴാണ് മൈക്രോഗ്രീന്‍സ് വളര്‍ത്തി വിറ്റാലോ എന്നൊരു ഐഡിയ തോന്നുന്നത്.

15,000 രൂപ ചെലവിട്ടാണ് വിദ്യാധരന്‍ തുടങ്ങിയത്, 2014-ല്‍.

മൈക്രോഗ്രീന്‍സ് വളര്‍ത്താന്‍ തുടങ്ങിയതോടെ അതിന്‍റെ സാധ്യതകള്‍ വലുതാണെന്ന് മനസ്സിലായി. 2018 ഒക്ടോബറിലാണ് ശരിക്കുമൊരു കച്ചവടമായി തുടങ്ങുന്നതും ശക്തി മൈക്രോ ഗ്രീന്‍സ് എന്ന് പേരിടുന്നതുമൊക്കെ.

ഇപ്പോള്‍ മാസത്തില്‍ 45 കിലോ ചെന്നൈയിലെ ഹോട്ടലുകള്‍ക്കും സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കും സപ്ലൈ ചെയ്യുന്നു.

സൈദാപേട്ടിലെ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാധരന്‍റെ  സ്‌കൂള്‍ കാലം. അതിന് ശേഷം പത്തും പതിനഞ്ചും വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്കായുള്ള സമാന്തര പാഠശാലയില്‍ അധ്യാപകനായി.

അവിടെ രണ്ട് വര്‍ഷം പഠിപ്പിച്ച ശേഷം തമിഴ്‌നാട് പ്രൈമറി സ്‌കൂള്‍ ഇംപ്രൂവ്‌മെന്‍റ് കാംപെയ്ന്‍ എന്ന എന്‍ ജി ഒ-യില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. ശേഷം തമിഴ്‌നാട് അലയന്‍സ് ഫോര്‍ റൈറ്റ് റ്റു എജ്യുകേഷന്‍ എന്ന സംഘടനയില്‍ നാലു വര്‍ഷം.

പിന്നീടെങ്ങനെ കൃഷിയിലേക്കെത്തി?

വിദ്യാധരന്‍ നാരായണന്‍

“എനിക്ക് കൃഷിയില്‍ പരിചയമൊന്നുമില്ലായിരുന്നു. പാരമ്പര്യവുമില്ല. അച്ഛന്‍ ആര്‍മിയിലായിരുന്നു. എന്നാല്‍ എനിക്ക് കൃഷിയോട് എപ്പോഴും താല്‍പര്യമുണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി കൂട്ടിവെച്ച മൂന്ന് ലക്ഷം രൂപ കൊടുത്ത് ഒന്നരയേക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ഉതിരംപേരൂര്‍ എന്ന സ്ഥലത്താണ് അത്,” വിദ്യാധരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ജോലി ഉപേക്ഷിച്ച് 2003-ല്‍ ഗ്രാസ്‌റൂട്ട്‌സ് ഫൗണ്ടേഷന്‍ എന്ന ഒരു എന്‍ ജി ഒ സ്വന്തമായി തുടങ്ങിയിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു അത്.

ഒഴിവുദിനങ്ങളില്‍ വിദ്യാധരന്‍ ഉദിരംപേരൂരില്‍ പോയി കൃഷിയൊക്കെ നോക്കുമായിരുന്നു. പ്രദേശത്തെ ചില കര്‍ഷകരെ അവിടെ കൃഷി നോക്കാന്‍ ഏല്‍പിച്ചിരുന്നു. അവിടെ നെല്ലും നിലക്കടലയും കൃഷിയിറക്കി.

എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം വിചാരിച്ചതുപോലെയല്ല മുന്നോട്ടുപോയത്. വര്‍ഷത്തില്‍ നെല്ലില്‍ നിന്ന് 3,000 രൂപയും നിലക്കടലയില്‍ നിന്ന് 20,000 രൂപയും കിട്ടും.

വിദ്യാധരന്‍ നാരായണന്‍

“അതില്‍ നിന്നുള്ള ലാഭം വെറും 10,000 രൂപ മാത്രമായിരുന്നു. അതുകൊണ്ട് 2011 ആയപ്പോഴേക്കും ഞാന്‍ കൃഷി പൂര്‍ണ്ണമായും ഉപേക്ഷിച്ചു.”

സാമ്പത്തിക പ്രയാസങ്ങളും കൂടിവന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്‍ ജി ഒ-യും അടച്ചുപൂട്ടി. കുറച്ചുകാറുകള്‍ വാങ്ങി ഒരു ചെറിയ ട്രാവെല്‍സ് ബിസിനസ് തുടങ്ങി. അതും പച്ചപിടിച്ചില്ല.


മൂന്ന് കാറുകള്‍ വാങ്ങിയതില്‍ രണ്ടെണ്ണം വില്‍ക്കേണ്ടി വന്നു. ഒരെണ്ണം അദ്ദേഹം തന്നെ ഓടിച്ചുകൊണ്ടു നടന്നു.


“കൃഷിയൊക്കെ നിര്‍ത്തിയെങ്കിലും എന്തെങ്കിലുമൊക്കെ വളര്‍ത്തണമെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്നും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് 2014-ല്‍ മൈക്രോഗ്രീന്‍സിനെക്കുറിച്ച് കേള്‍ക്കുന്നത്,” അദ്ദേഹം പറയുന്നു.

ട്രേകളും ചകിരിച്ചോറും മണ്ണിര കംപോസ്റ്റും വിത്തുകളും പല സ്റ്റോറുകളില്‍ നിന്നുമായി വാങ്ങിക്കൊണ്ടുവന്നു. ഒരു പഴയ ഫ്രിഡ്ജും വാങ്ങി.

ജയറാണിയും വിദ്യാധരനും ചേര്‍ന്നാണ് എല്ലാ ജോലികളും ചെയ്യുന്നത്

വിദ്യാധരനും ഭാര്യ ജയറാണിയുമാണ് എല്ലാം ചെയ്യുന്നത്. വീട്ടിലെ പത്തടി വീതിയും പത്തടി നീളവുമുള്ള ഒരു മുറിയിലാണ് വിത്തുകള്‍ ട്രേകളില്‍ മുളപ്പിച്ചെടുക്കുന്നത്.

“ആദ്യമുളപ്പ് വരാന്‍ പത്തുമുതല്‍ പതിനഞ്ച് വരെ ദിവസമെടുക്കും. അതുകഴിഞ്ഞാല്‍ അത് പറിച്ച് നൂറ് ഗ്രാം വീതമുള്ള ചെറിയ ബോക്‌സുകളിലേക്ക് മാറ്റും,” വിദ്യാധരന്‍ പറഞ്ഞുതന്നു.


മൈക്രോഗ്രീന്‍സ്

പണ്ട് വീടുകളില്‍ ചെറുപയറൊക്കെ മുളപ്പിച്ച് കഴിക്കാറില്ലേ, അതിന്‍റെ മറ്റൊരു രൂപമാണിത് എന്ന് വേണമെങ്കില്‍ പറയാം.
സൂര്യകാന്തി, ബീറ്റ്‌റൂട്ട്, മുള്ളങ്കി, കടുക് തുടങ്ങിയവയുടെ വിത്തുകള്‍ മുളപ്പിച്ച് അധികം താമസിയാതെ സാലഡിലും മറ്റും ചേര്‍ത്താണ് കഴിക്കുന്നത്. ഈ മുളപ്പുകള്‍ ശരീരത്തിന് വേണ്ട ഇരുമ്പ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മധാതുക്കളുടെയും പോഷകങ്ങളുടേയും കലവറയാണ്.

എട്ട് തരത്തിലുള്ള വിത്തുകളാണ് അദ്ദേഹം ഇപ്പോള്‍ മുളപ്പിച്ചുനല്‍കുന്നത്. അതൊക്കെ ഓര്‍ഡര്‍ കിട്ടുന്നതിനനുസരിച്ചാണ്. സൂര്യകാന്തി, ബീറ്റ്‌റൂട്ട്, ചീര, ബ്രോകോളി, കാബേജ്, മുള്ളങ്കി, കടുക് എന്നിവയടക്കം ഇതുവരെ പതിനെട്ട് തരം വിത്തുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

നിങ്ങള്‍ക്കും വളര്‍ത്താം

ഓരോ ആഴ്ചയിലും 12 കിലോ മൈക്രോഗ്രീന്‍സ് വിദ്യാധരനും ഭാര്യയും തയ്യാറാക്കി വില്‍ക്കുന്നു
  • വിത്തുകള്‍ മൂന്ന് ദിവസം വരെ വെള്ളത്തില്‍ നനച്ചുവെയ്ക്കുക. ഇരുട്ടുള്ള മുറിയില്‍ വെക്കണം.
  • വിത്തുകള്‍ മുളച്ചുവരുമ്പോള്‍ അത് മണ്ണുനിറച്ച ട്രേയിലേക്ക് മാറ്റുക. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് ട്രേ വെയ്ക്കാം.
  • കുറച്ചുദിവസം വെള്ളം സ്പ്രേ ചെയ്തുകൊടുക്കാം, ആറോ ഏഴോ ദിവസം വരെ മാത്രം.
  • ഏഴാം ദിവസം വെള്ളമുള്ള കുറച്ചു വലിയ ട്രേയിലേക്ക് മൈക്രോഗ്രീന്‍സ് മാറ്റണം.
  • ഒരാഴ്ച കൂടി കഴിഞ്ഞാല്‍ മൈക്രോഗ്രീന്‍സ് ഉപയോഗിക്കാം/ വില്‍ക്കാം.

ചെന്നൈയില്‍ മൈക്രോഗ്രീന്‍സിന് ആവശ്യക്കാരുണ്ടെന്ന് വിദ്യാധരന്‍ മനസ്സിലാക്കി.

ഷെഫ് രവിചന്ദ്രന്‍ 2017-ലാണ് ആദ്യമായി മൈക്രോഗ്രീന്‍സ് ഉപയോഗിച്ചുതുടങ്ങുന്നത്. “സ്ഥിരമായി സപ്ലൈ ചെയ്യാനാളില്ലാത്തതുകൊണ്ട് എന്‍റെ മെനുവില്‍ മൈക്രോഗ്രീന്‍സ് ഉള്‍പ്പെടുത്താന്‍ കഴിയാറില്ല,” മദ്രാസ് സ്‌ക്വയറിലെ ഈസ്റ്റ് കോസ്റ്റ് എന്ന റെസ്‌റ്റോറന്‍റിലെ 33-കാരനായ ഷെഫ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം വിദ്യാധരനില്‍ നിന്ന് സ്ഥിരമായി മൈക്രോഗ്രീന്‍സ് വാങ്ങുന്നു. “ഇപ്പോള്‍ ഞങ്ങളുടെ പോപ്പുലറായ മിക്കവാറും എല്ലാ സാലഡുകളിലും മൈക്രോഗ്രീന്‍സ് ഉപയോഗിക്കുന്നു. ഞങ്ങള്‍ 15 കിലോ മൈക്രോഗ്രീന്‍സ് മാസം ഉപയോഗിക്കുന്നുണ്ട്. രുചിയും ഗുണവുമുള്ള മൈക്രോഗ്രീന്‍ അടങ്ങിയ സാലഡുകളുകള്‍ കസ്റ്റമേഴ്സിനും വളരെ ഇഷ്ടമാണ്,” രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

റെസ്റ്റോറന്‍റുകളില്‍ മാത്രമല്ല, പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിദ്യാധരന്‍ മൈക്രഗ്രീന്‍സ് സപ്ലൈ ചെയ്യുന്നുണ്ട്. മൈക്രോഗ്രീന്‍സ് സ്ഥിരവരുമാനം ഉറപ്പാക്കിയതോടെ ആ ഒന്നര ഏക്കറിലെ കൃഷി വീണ്ടും തുടങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇപ്പോള്‍ മാസം 80,000 രൂപ വരെ മൈക്രോഗ്രീന്‍സില്‍ നിന്ന് നേടാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ഇതുവരെയുള്ള യാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല. തുടങ്ങി ആദ്യത്തെ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് അത് നിര്‍ത്തേണ്ടി വന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാണ് വീണ്ടും തുടങ്ങുന്നത്.

വിദ്യാധരന്‍റെ വീട്ടില്‍ ട്രേയില്‍ മൈക്രോഗ്രീന്‍സ് തയ്യാറാക്കി വെച്ചിരിക്കുന്നു

“2016- ല്‍ എനിക്ക് സ്‌ട്രോക്ക് വന്നു. അത് സുഖപ്പെടാന്‍ ഒരുപാട് കാലമെടുത്തു. ആ രണ്ട് വര്‍ഷക്കാലം കൊണ്ട് എന്‍റെ ബിസിനസ് ഒന്നേന്ന് വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു,” വിദ്യാധരന്‍ പറഞ്ഞു.

ഇതുകൂടാതെ മറ്റുചില പ്രശ്‌നങ്ങളും ബിസിനസ് നേരിടുന്നുണ്ട്. “പല സ്ഥാപനങ്ങള്‍ക്കും മൈക്രോഗ്രീന്‍സ് സ്ഥിരമായി ആവശ്യമുണ്ടാകില്ല. അതുകൊണ്ട് ഞങ്ങള്‍ മിക്കപ്പോഴും ഓഡര്‍ കിട്ടുന്നതിന് അനുസരിച്ച് മാത്രമേ വിത്തിടാറുള്ളൂ. മാത്രമല്ല, ഇത് കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കുകയുമില്ല,” അദ്ദേഹം വിശദമാക്കി.

വെല്ലുവിളികളേറെ ഉണ്ടെങ്കിലും പ്രതീക്ഷയും ആത്മവിശ്വാസവും കൈവിടാതെ വിദ്യാധരന്‍ മുന്നോട്ടുപോകുന്നു.

മൈക്രോഗ്രീന്‍സില്‍ നിന്ന് സ്ഥിരമായി വരുമാനം കിട്ടിത്തുടങ്ങിയതോടെ നിര്‍ത്തിവെച്ചിരുന്ന കൃഷി അദ്ദേഹം വീണ്ടും തുടങ്ങി

മൈക്രോഗ്രീന്‍സ് വളര്‍ത്തുന്നതിനെയും അതിന്‍റെ പോഷകമൂല്യങ്ങളേയും കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവു നല്‍കാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഒപ്പം എക്‌സിബിഷനുകളിലും മറ്റും പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കണമെന്നും വിചാരിക്കുന്നു.

വരുന്ന മാസങ്ങളില്‍ മനുഷ്യര്‍ക്ക് കഴിക്കാവുന്ന പൂക്കളും കൃഷി ചെയ്യാന്‍ അദ്ദേഹം ആലോചിക്കുന്നു.

“ഇപ്പോള്‍ ഞാന്‍ ആഴ്ചയില്‍ 120 ബോക്‌സ് (ഏകദേശം 12 കിലോ) വരുന്ന മൈക്രോഗ്രീന്‍സ് വിതരണം ചെയ്യുന്നുണ്ട്. ഇത് ആഴ്ചയില്‍ 50 കിലോ ആക്കി വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. ചെന്നൈയ്ക്ക് പുറത്തേക്കും വില്‍പന വ്യാപിപ്പിക്കണമെന്നും ആഗ്രഹമുണ്ട്,” അദ്ദേഹം പറഞ്ഞു.

വിദ്യാധരനെ ഈ നമ്പറില്‍ വിളിക്കാം. 9514044663. ഇ-മെയില്‍. vidhya3bags@gmail.com

ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം