വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്‍കുന്ന മഞ്ജുവിനെ പരിചയപ്പെടാം

മറ്റു പണികളെല്ലാം മാറ്റിവെച്ച് മാസ്കുകള്‍ തയ്ച്ച് സൗജന്യമായി വിതരണം ചെയ്താണ് ഈ സ്ത്രീ കോവിഡ് 19-നെതിരേ തന്നെക്കൊണ്ടാവുന്ന പോലെ പ്രതിരോധം തീര്‍ക്കുന്നത്.

ഞ്ജു മധു ഒരു സെലിബ്രിറ്റിയൊന്നും അല്ല. കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ യദുമാധവത്തിലെ യദു കൃഷ്ണന്‍റെയും മാധവ് കൃഷ്ണന്‍റെയും അമ്മ. എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണക്കാരി.

അച്ഛനെ നഷ്ടപ്പെട്ട രണ്ടു മക്കളെയും അമ്മയെയും തയ്യല്‍ ജോലി ചെയ്തു പോറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി സ്വന്തം വീട് പോലും വില്‍ക്കേണ്ടി വന്നവള്‍.

അല്ലല്ലും കഷ്ടപ്പാടുകളുമൊക്കെ ഏറെയുണ്ട് മഞ്ജുവിന്. അതുപോലെ നല്ല മനസ്സുമുണ്ട്. ആരോരുമില്ലാതെ റോഡില്‍ അലയുന്നവര്‍ക്ക് സ്വന്തം കടയില്‍ നിന്നു സോപ്പും തോര്‍ത്തും മുണ്ടുമൊക്കെ നല്‍കുന്ന മഞ്ജുവിനെ പക്ഷേ അധികമാര്‍ക്കും ആര്‍ക്കും അറിയില്ല.

ഇതൊന്നും ആരെയും അറിയിച്ചിട്ടുമില്ല. കഷ്ടപ്പാട് കുറേ അറിഞ്ഞു ജീവിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ ഉള്ളുനീറും. അതുകൊണ്ടു ചെയ്തുപോകുന്നതാണ്.

പക്ഷേ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ ഈ കൊറോണക്കാലത്ത് മഞ്ജു വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. മഞ്ജുവിന്‍റെ നല്ല മനസിനെക്കുറിച്ച് കേട്ടും അറിഞ്ഞും ആളുകള്‍ അവരെ അഭിനന്ദിക്കുകയാണ്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

മറ്റു പണികളെല്ലാം മാറ്റിവെച്ച് മാസ്കുകള്‍ തയ്ച്ച് സൗജന്യമായി വിതരണം ചെയ്താണ് ഈ സ്ത്രീ കോവിഡ് 19-നെതിരേ തന്നെക്കൊണ്ടാവുന്ന പോലെ പ്രതിരോധം തീര്‍ക്കുന്നത്.

മഞ്ജു മാസ്ക് തയ്ക്കുന്ന തിരക്കിലാണ്

മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്കുകള്‍ വില കൂട്ടി വിറ്റും കടകളില്‍ പൂഴ്ത്തിവച്ചും കൊറോണക്കാലത്ത് ലാഭം നേടാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ സ്വന്തം വരുമാനം പോലും നഷ്ടപ്പെടുത്തിയാണ് മഞ്ജു മാസ്കുകള്‍ തുന്നിയത്. (ലാഭം നോക്കാതെ രണ്ട് രൂപയ്ക്ക് മാസ്ക് വിറ്റ് നൂറുകണക്കിന് പേരെ സഹായിച്ച മനുഷ്യരുമുണ്ട്. ആ സുഹൃത്തുക്കളെക്കുറിച്ച് ഇവിടെ വായിക്കാം)

സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റ് കൈ കഴുകിയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്ക് ധരിച്ചുമൊക്കെ കോവിഡ് 19-നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ മഞ്ജുവും പങ്കാളിയാകുന്നത് അങ്ങനെയാണ്.

“കഴിഞ്ഞ ഞായറാഴ്ചയാണ് മാസ്കുകള്‍ തയ്ച്ചു തുടങ്ങിയത്.” അമ്പലക്കടവിലെ കല്യാണ്‍ ഗാര്‍മെന്‍റ്സ് ആന്‍ഡ് സ്റ്റിച്ചിങ് സെന്‍റര്‍ എന്ന തയ്യല്‍ക്കടയിലിരുന്ന് മാസ്കുകള്‍ തയ്ക്കുന്ന തിരിക്കിനിടയില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട്  മഞ്ജു പറഞ്ഞു.

“മാസ്കുകള്‍ എങ്ങനെയാണ് തയ്ക്കുന്നതെന്നു പോലും എനിക്കറിയില്ലായിരുന്നു. പക്ഷേ ഒരു ബൈക്ക് യാത്രികനാണ് മാസ്ക് തയ്ച്ചുണ്ടാക്കാന്‍ കാരണക്കാരനായത്. കടയിലിരിക്കുമ്പോഴാണ് ബൈക്കില്‍ ഒരാള്‍ കടയിലേക്ക് വരുന്നത്.

“ആളെ എനിക്ക് പരിചയമൊന്നും ഇല്ല. കടയിലേക്ക് വന്നു ആള് എന്നോട് കര്‍ച്ചീഫ് ഉണ്ടോന്ന് ചോദിച്ചു. ഇവിടെ തയ്യല്‍ മാത്രമല്ല കുറച്ചു സാധനങ്ങളൊക്കെയും വില്‍ക്കുന്നുണ്ട്. സോപ്പ്, തോര്‍ത്ത്, നൈറ്റികള്‍, കുട്ടിയുടുപ്പുകള്‍… ഇങ്ങനെ ചില സാധാനങ്ങള്‍.

“പക്ഷേ ആ നേരം കടയില്‍ കര്‍ച്ചീഫ് ഇല്ലായിരുന്നു. ഏതോ കടയില്‍ മാസ്ക് ചോദിച്ചപ്പോ 30 രൂപ എന്നു പറഞ്ഞപ്പോ ആള് വാങ്ങിയില്ല. അതിനു പകരം കര്‍ച്ചീഫ് വാങ്ങാന്‍ വേണ്ടി വന്നതാ കടയിലേക്ക്.


ആളാണ് മാസ്കിന് തോന്നിയ പോലെ വില കൂട്ടിയെന്നും ഇതൊന്നും കടകളില്‍ കിട്ടാനില്ലെന്നുമൊക്കെ എന്നോട് പറയുന്നത്.


“മൂന്നു രൂപയുടെ മാസ്കിന് 30രൂപയാണ് കടക്കാര് വാങ്ങുന്നതെന്നൊക്കെ പറഞ്ഞു. ആ ആള് പറഞ്ഞതു കേട്ടപ്പോ എനിക്കൊരു ഐഡിയ തോന്നിയതാണ്. പേടിപ്പെടുത്തുന്ന അവസ്ഥയിലാണ് നാട്. എന്നിട്ടു പോലും ആളുകള്‍ മുതലെടുക്കുകയാണല്ലോ.

“അങ്ങനെ അന്നേരത്തെ ഒരു തോന്നലിനാണ് മാസ്കുകള്‍ തയ്ക്കാന്‍ ആരംഭിച്ചത്.

“തയ്യല്‍ കട ആരംഭിച്ചിട്ടിപ്പോ അഞ്ച് വര്‍ഷം കഴിഞ്ഞു. പക്ഷേ ഇതുവരെ മാസ്ക് ഒന്നും തയ്ച്ച് വില്‍ക്കേണ്ട സാഹചര്യമൊന്നുമുണ്ടായിട്ടില്ലല്ലോ. അത്  എങ്ങനെയാ തയ്ക്കുന്നത് എന്നൊന്നും എനിക്കൊരു പിടിയും ഇല്ലായിരുന്നു.

“ഏതാണ്ട് ഒരു ഐഡിയ കിട്ടണമല്ലോ. അങ്ങനെയാണ് യുട്യൂബില്‍ സെര്‍ച്ച് ചെയ്യുന്നത്. യുട്യൂബില്‍ വിഡിയോസ് കണ്ടപ്പോ തയ്ക്കുന്നതിന്‍റെ ഏകദേശ ധാരണയൊക്കെ കിട്ടി. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു മനസിലായി. ആ ധൈര്യത്തിലാ തയ്ക്കാന്‍ തുടങ്ങുന്നത്.

“കടയിലിരുന്ന കുറച്ചു തുണിയെടുത്ത് തയ്ച്ചു നോക്കി. സംഭവം ഓകെയായി. ഇവിടുണ്ടായിരുന്ന ചുരിദാറിന്‍റെ തുണിയാണ് മാസ്കുണ്ടാക്കാന്‍ ഉപയോഗിച്ചത്. ആശുപത്രികളിലെ മുറികളിലും മറ്റും ഉപയോഗിക്കുന്ന പച്ച കളറില്ലേ. ആ നിറത്തിലുള്ള കോട്ടണ്‍ മെറ്റീരിയലാണത്.

കെട്ടുന്ന മാസ്കിനെക്കാള്‍ നല്ലത് ഇലാസ്റ്റിക് പിടിപ്പിച്ചവയാണ്. അതുകൊണ്ടു അത്തരത്തിലുള്ള മാസ്കുകളാണ് തയ്ച്ചത്.

സ്വയം തയ്ച്ചെടുത്ത മാസ്ക് ധരിച്ച് മഞ്ജു

“കര്‍ച്ചീഫ് ചോദിച്ച് അയാള്‍ വന്ന ആ ദിവസം തന്നെയാണ് മാസ്ക് തയ്ക്കാനും ആരംഭിച്ചത്. ആ ഞായറാഴ്ച ദിവസം വേറൊന്നും തയ്ച്ചില്ല. ചുരിദാറും ബ്ലൗസുമൊക്കെ തയ്ക്കാനുണ്ടായിരുന്നു.

“പക്ഷേ ഇപ്പോ നാടിന് വേണ്ടത് മാസ്കുകളാണെന്നു തോന്നി. ഇവിടെ ഞാന്‍ മാത്രമേയുള്ളൂ. സഹായത്തിനോ തയ്ക്കാനോ ഒന്നും വേറെയാരുമില്ല. മാസ്കിനുള്ള തുണി വെട്ടലും തയ്ക്കലുമൊക്കെ ഒറ്റയ്ക്ക് തന്നെയാണ് ചെയ്തത്.

“കുറച്ച് മെനക്കേടുള്ള പണി തന്നെയാണ്. പത്ത് മാസ്ക് തുന്നിയെടുക്കാന്‍ ഒരു ചുരിദാര്‍ തയ്ക്കുന്ന നേരം വേണം. തുണിക്ക് അധികം കട്ടി പാടില്ല. അതുപോലെ കനം കുറഞ്ഞ തുണിയുമാകരുത്.

“100-ലേറെ മാസ്കുകള്‍ തയ്ച്ചു. അതൊക്കെയും ഓരോരുത്തര്‍ക്ക് കൊടുത്ത് തീരുകയും ചെയ്തു.


കടയ്ക്ക് മുന്നിലൂടെ തൊഴിലുറപ്പിന് പോകുന്ന ചേച്ചിമാര്‍ക്കൊക്കെ വിളിച്ച് കൊടുത്തു. മാസ്ക് കിട്ടിയപ്പോ എല്ലാര്‍ക്കും വലിയ സന്തോഷമായി.


“തൊഴിലുറപ്പിന് പോകുന്ന ചേച്ചിമാര് പിറ്റേദിവസം കടയിലേക്ക് ഓടി വന്നിട്ട് പറഞ്ഞു, മക്കളേ ഞാനിത് തൊഴിലുറപ്പിന് പോകുമ്പോ മാത്രമേ ഉപയോഗിക്കൂ. വൈകീട്ട് വീട്ടില്‍ വന്നാല്‍ കഴുകി ഉണക്കി വയ്ക്കും, പിറ്റെ ദിവസം ഉപയോഗിക്കണ്ടേന്ന്. ഇതൊക്കെ കേട്ടപ്പോ വലിയ സന്തോഷമായി.

“പറഞ്ഞും അറിഞ്ഞും പലരും വന്നപ്പോ മാസ്ക് തീര്‍ന്നു. പിന്നെ അവരോടൊക്കെ കുറച്ച് നേരം ഇവിടെ വെയ്റ്റ് ചെയ്യ് എന്നു പറഞ്ഞു, ഞാന്‍ ആ സമയത്തിരുന്ന് മാസ്ക് തയ്ച്ചു കൊടുത്തു,” മഞ്ജു പറയുന്നു.

സൗജന്യമായി മാസ്ക് തയ്ച്ചു വിതരണം ചെയ്ത മഞ്ജുവിന് 50 എണ്ണം മാസ്ക് തയ്ക്കാനുള്ള ഓര്‍ഡറും കിട്ടിയിട്ടുണ്ട്. കെ എസ്ഇ ബിയില്‍ നിന്നാണ് ഓര്‍ഡര്‍ കിട്ടിയത്.

“പുറമേ നിന്നു തുണി വാങ്ങിയാണിപ്പോ മാസ്ക് തയ്ക്കുന്നത്. അതെനിക്ക് കാശ് ചെലവുള്ള കാര്യമല്ലേ. അപ്പോ തത്ക്കാലം സൗജന്യമായി നല്‍കാനുള്ള സാഹചര്യമില്ലെന്നു കെ എസ് ഇ ബി-ക്കാരോട് പറഞ്ഞു.


ഇതുകൂടി വായിക്കാം: കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്


“ഈ തയ്യല്‍ മാത്രമേയുള്ളൂ എനിക്കൊരു വരുമാനം. അതുകൊണ്ടാണ് അവരോട് അങ്ങനെ പറഞ്ഞത്. കടകളിലൊക്കെ വലിയ വില ഈടാക്കുന്ന പോലെയല്ല മിതമായ തുക മാത്രം മതിയെന്നു കെഎസ്ഇബിയില്‍ നിന്നു വന്നവരോട് പറഞ്ഞു. അവരോട് മാസ്ക് തയ്ച്ചു നല്‍കാമെന്നു ഏറ്റിട്ടുണ്ട്.

“കടയിലിരുന്ന ചുരിദാറിന്‍റെ തുണി മാസ്ക് തയ്ച്ചു തീര്‍ന്നതോടെ പുറത്തു നിന്നു കാശു കൊടുത്താണ് തുണി വാങ്ങിയത്. മീറ്ററിന് 49 രൂപ വിലയുള്ള ബ്ലൗസ് പീസ് ആയി ഉപയോഗിക്കുന്ന തുണിയാണ് വാങ്ങിച്ചത്.

തുണിയായതു കൊണ്ട് മാസ്ക് കഴുകിയുണക്കി വീണ്ടും ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്.

മാസ്കുകള്‍ തയ്ച്ച ശേഷം

“മാസ്ക് തയ്ക്കുന്ന തിരക്കില്‍ ചുരിദാറും ബ്ലൗസുമൊക്കെ തയ്ക്കാന്‍ ഏല്‍പ്പിച്ചവര്‍ക്കൊക്കെ തയ്ച്ചു നല്‍കാന്‍ വൈകി. അവരൊക്കെ വന്നു ചോദിക്കുന്നുണ്ട്.

“എല്ലാം കൂടി ചെയ്യാന്‍ പറ്റണ്ടേ. അവരോടൊക്കെ ഞാന്‍ പറഞ്ഞത്, ഇപ്പോ മാസക് അല്ലേ ആവശ്യം. നമ്മള്‍ക്കിപ്പോ യാത്രയൊന്നും പറ്റില്ലല്ലോ. ആവശ്യത്തിന് മാസ്ക് തയ്ക്കട്ടേ എന്നൊക്കെ പറഞ്ഞു അവരെ മനസിലാക്കി.

“സൗജന്യമായി മാസ്ക് തയ്ച്ചു വില്‍ക്കുന്ന കാര്യം വീട്ടിലൊന്നും പറഞ്ഞിരുന്നില്ല.


പത്രങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കൂടപ്പിറപ്പുകളും അമ്മയും മക്കളുമൊക്കെ അറിയുന്നത് തന്നെ. ഇങ്ങനെയൊരു സംഭവമുണ്ടായോന്നാ അവര് ചോദിച്ചത്.


“ചുറ്റുവട്ടത്തെ കടക്കാരും അപ്പോഴാ അറിയുന്നത്. ഇതൊക്കെ എല്ലാരെയും അറിയിച്ച് ചെയ്യണ്ടേതല്ലല്ലോ. എന്നെക്കൊണ്ടു സാധിക്കുന്നത് പോലെ ചെയ്യുന്നു അത്രേയുള്ളൂ.”

തയ്യല്‍ മാത്രമാണ്  മഞ്ജുവിന്‍റെ വരുമാനം. സ്വന്തമായി വീടു പോലും ഇല്ല. ഭര്‍ത്താവ് മധു ക്ഷേത്രത്തിലെ കര്‍മ്മിയായിരുന്നു. മഞ്ഞപ്പിത്തം പിടിപെട്ട് ഒന്നര വര്‍ഷം മുന്‍പാണ് അദ്ദേഹം മരിക്കുന്നത്.

“ആളെ ചികിത്സിക്കാന്‍ കുറേ കാശ് വേണമായിരുന്നു. വീടൊക്കെ വില്‍ക്കേണ്ടി വന്നു. അഞ്ചു വര്‍ഷത്തോളം ചികിത്സ ചെയ്തുവെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

“ഞാനിപ്പോ അനിയത്തിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥിയാണ് മകന്‍ യദു കൃഷ്ണന്‍. രണ്ടാമത്തെ മകന്‍ മാധവ് നാലാം ക്ലാസിലും. അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ട്.

“ചികിത്സ ചെലവുകള്‍ താങ്ങാനാകാതെ വന്നതോടെ വീട് വിറ്റു വാടക വീട്ടിലേക്ക് മാറി. ആ സമയത്താണ് തയ്യല്‍ക്കട ആരംഭിക്കുന്നത്. മക്കളുടെ പഠനവും വീട്ടു വാടകയും ചേട്ടന്‍റെ ചികിത്സയുമൊക്കെ നോക്കണമായിരുന്നല്ലോ,” മഞ്ജു പറ‍ഞ്ഞു.

“മാസ്കുകള്‍ ഇനിയും ഉണ്ടാക്കിക്കൊടുക്കാനാകും. പക്ഷേ മാസ്കുകള്‍ ഇനിയും ചെയ്തു കൊടുക്കാന്‍ ഇടവരല്ലേ.., ഈ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്നു മാറണേയെന്നാണ് പ്രാര്‍ഥന.

“മാസ്കിന്‍റെ ഉപയോഗം കുറയ്ക്കാനാകണം. എത്രയും പെട്ടെന്നു കോറോണ ഭീതിയില്ലാതെ ജീവിക്കാന്‍ സാധിക്കണേയെന്നാണ് ആഗ്രഹിക്കുന്നത്.” മഞ്ജു വീണ്ടും തയ്യല്‍പ്പണിയുടെ തിരക്കിലേക്ക്.


ഇതുകൂടി വായിക്കാം:കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം