കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.
ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുന്നത് നല്ലതാണ്. എന്നാല്‍ അത് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് പകരമാവില്ല. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.
കൈകള്‍ കഴുകുമ്പോള്‍ നന്നായി സോപ്പിട്ട് വിരലുകള്‍ക്കിടയിലും മുകളിലും അകത്തുമൊക്കെ കുറഞ്ഞത് 20 സെക്കന്‍ഡ് എടുത്ത് നന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം മാത്രം കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
ഈ രീതിയില്‍ കൈകഴുകുന്നത് വൈറസ്-ബാക്റ്റീരിയ ബാധകളെ വലിയൊരു പരിധിവരെ തടഞ്ഞുനിര്‍ത്തും.
എന്നാല്‍ കൈകഴുകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍–അതായത്, യാത്ര ചെയ്യുമ്പോഴും ജോലിചെയ്യുമ്പോഴും പൊതുസ്ഥലങ്ങള്‍, ബാങ്കുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവടങ്ങളിലും–ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും, പല ആളുകള്‍ ഉപയോഗിക്കുന്ന എന്തെങ്കിലും പ്രതലത്തിലോ വസ്തുക്കളിലോ നിങ്ങള്‍ തൊട്ടിട്ടുണ്ടെങ്കില്‍.
പക്ഷേ, ഹാന്‍ഡ് സാനിറ്റൈസറുകള്‍ വളരെ വേഗം കടകളില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
പേടിക്കേണ്ട, നിങ്ങള്‍ക്കും അത് വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം.
അളവുകള്‍ ശ്രദ്ധിക്കണമെന്നുമാത്രം. പക്ഷേ, അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
ഹാന്‍ഡ് സാനിറ്റൈസറിന്‍റെ 60 ശതമാനം ആല്‍കഹോള്‍ ആയിരിക്കണം. അതിനായി മെഡിക്കല്‍ സ്‌റ്റോറുകളില്‍ കിട്ടുന്ന ഐസോപ്രോപനോള്‍ (Isopropanol/റബ്ബിങ് ആല്‍കഹോള്‍) ഉപയോഗിക്കാം. അതല്ലെങ്കില്‍ 60 ശതമാനം ആല്‍കഹോള്‍ ഉള്ള എത്‌നോള്‍ ഉപയോഗിക്കാം.
ആവശ്യമുള്ള വസ്തുക്കള്‍
- 2/3 കപ്പ് 91% ഐസോപ്രോപൈല്‍ ആല്‍കഹോള്‍. റബ്ബിങ് ആല്‍കഹോള്‍ എന്ന് അറിയപ്പെടുന്ന ഇത് ഫാര്‍മസികളില്‍ ലഭിക്കും.
- 1/3 കപ്പ് കറ്റാര്‍ വാഴ ജെല്‍ (Aloe vera gel)
- ടീ ട്രീ ഓയില്‍ (Tea tree oil), പുല്‍ത്തൈലം, യൂക്കാലിപ്റ്റസ് ഓയില്‍- ഇതിലേതെങ്കിലും 15 തുള്ളി.
ഉണ്ടാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് ആല്‍കഹോള്‍ ഒഴിക്കുക.
- അതിലേക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. (പ്രകൃതിദത്തമായ കറ്റാര്‍ വാഴ ജെല്‍ ആണെങ്കില്‍ സാനിറ്റൈസറിന് കട്ടി കൂടുതലായിരിക്കും. കൈകളില്‍ കൂടുതല്‍ തവണ തുടച്ചാല്‍ മാത്രമേ ആഗിരണം ചെയ്യപ്പെടൂ)
- ഓയില്‍ ചേര്‍ക്കാം.
- നല്ലവണ്ണം ഇളക്കിയോ കടഞ്ഞോ നല്ല കുഴമ്പ് പരുവത്തിലാക്കിയെടുക്കുക.
- അണുവിമുക്തമാക്കിയ ഒരു കുപ്പിയെടുത് അതില്‍ ഒഴിച്ചുവെക്കുക.
(അണുവിമുക്തമാക്കാന്‍ കുപ്പിയില്‍ കുറച്ച് ആല്‍കഹോള്‍ സ്പ്രേ ചെയ്ത് കുറച്ചുനേരം തുറന്നുവെക്കുക. ആല്‍കഹോള്‍ പൂര്‍ണ്ണമായും ആവിയായി പോവുന്നതുവരെ തുറന്നുതന്നെയിരിക്കട്ടെ.)
കടകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ തീര്‍ന്നുപോയെന്നുകരുതി ഇനി പേടിക്കേണ്ട, ഈ രീതി പരീക്ഷിച്ചു നോക്കൂ.
ഇനി നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍, ഇവിടെ നിന്നും പ്രകൃതിസൗഹൃദ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങാം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.