ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍

ഈ ശുശ്രൂഷകൾക്കിടയിലായിരിക്കും പലരും അവരുടെ കഥകൾ പങ്കു വെയ്ക്കുന്നത്. മിക്ക കഥകളും ഒരു നെടുവീർപ്പോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പീറ്റർ ചേട്ടന്‍

റണാകുളം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ഇപ്പോൾ ശൂന്യമാണ്. അത്  പുതുക്കി പണിയുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

ആ കൊച്ചു മുറിയുടെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്.
അതിനാൽ, അവിടെയുള്ള രോഗികളെയെല്ലാം പലയിടങ്ങളിലേക്കായി മാറ്റിയിരിക്കുന്നു.

‘പീറ്റർ ചേട്ടൻ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അറുപതുകാരനായ  കെ ജെ പീറ്ററിന്‍റെ  ചുമതലകള്‍ ഇത് കുറച്ചൊന്നുമല്ല കൂട്ടിയിരിക്കുന്നത്.


ഭിന്നശേഷിക്കാരുടെ അതിജീവന സമരത്തില്‍ കൈത്താങ്ങാകാം, അവര്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം. karnival.com

വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചവരും, ആരോരുമില്ലാത്തവരുമാണ് ഐസൊലേഷൻ വാർഡിൽ ഉണ്ടായിരുന്നത്. അതിൽ സ്ത്രീകളും പുരുഷന്മാരും വരും. പതിനേഴ് വർഷത്തോളമായി അവരുടെ ശുശ്രൂഷകൾക്കായി പീറ്ററും കൂട്ടുകാരും ഉണ്ട്.

“കുറച്ചു യാത്ര കൂടിയിട്ടുണ്ട്  എന്നല്ലാതെ മറ്റൊരു ബുദ്ധിമുട്ടും എനിക്കില്ല. പലരെയും പലയിടങ്ങളിലായിട്ടല്ലേ പാർപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലായിടത്തും ഒന്ന് കണ്ണെത്തിയാൽ മാത്രമേ സമാധാനമുള്ളൂ,”  പീറ്റർ ചേട്ടന്‍ ദ് ബെറ്റർ ഇന്‍ഡ്യയോട് ‘പറഞ്ഞു.

ഐസൊലേഷനില്‍ കിടക്കുന്ന ആരുമില്ലാത്ത രോഗികളെ സഹായിക്കുന്ന പീറ്റര്‍ ചേട്ടന്‍

ഇത് ഒരു താൽക്കാലിക നടപടിയല്ലേ എന്നതാണ് ചേട്ടന്‍റെ ആശ്വാസം. “എല്ലാം നല്ലതിന് വേണ്ടി തന്നെ. ഇപ്പോഴുള്ളതിനേക്കാൾ മികച്ച സൗകര്യങ്ങളോടു കൂടിയല്ലേ ഈ വാർഡ്  വരാൻ പോകുന്നത്,”  എന്ന് ചേട്ടന്‍ പ്രതീക്ഷയോടെ പറയുന്നു.

ഐസൊലേഷൻ വാർഡിലെ രോഗികളുടെ ശുശ്രൂഷയും, ആശുപത്രിയിലെ മറ്റു രോഗികൾക്കുമുള്ള ഭക്ഷണത്തിന്‍റെ വിതരണവും  പീറ്റർ ചേട്ടന്‍ ഏറ്റെടുത്തിട്ട്  തുടങ്ങിയിട്ട് പതിനേഴ് വർഷങ്ങളായിരിക്കുന്നു.

സുഹൃത്തുക്കളായ വിജയാനോസ്, ലില്ലി, ഗ്രേസി, ഐസക് എന്നിവരും കൂട്ടിനുണ്ട്.  വെറും അഞ്ഞൂറ് രൂപ കൊണ്ട് തുടങ്ങിയതാണ്. ഇന്ന് ദിവസേന മുന്നൂറു മുതൽ അഞ്ഞൂറ് വരെ രോഗികൾക്കും നാല് നേരം ഭക്ഷണവും, അവരുടെ കൂടെ വരുന്നവർക്കുള്ള ഉച്ച ഭക്ഷണവും  കൊടുക്കുന്നു പീറ്റര്‍ ചേട്ടനും സംഘവും.


കൊറോണ ഭീതിയൊന്നും ചേട്ടനെ ഒട്ടും അലട്ടുന്നില്ല. എല്ലാ ദിവസങ്ങളിലും വൈകീട്ട് ആറുമണി വരെ എറണാകുളം ജനറൽ ആശുപത്രിയിൽ കാണും.


ഐസൊലേഷൻ വാർഡിന്‍റെ പണികൾ  ആരംഭിക്കുന്നതിനു മുൻപ്, പീറ്റര്‍  ചേട്ടന്‍റെ ഒരു സാധാരണ ദിവസം അതിരാവിലെ തുടങ്ങുമായിരുന്നു. വൈപ്പിന്‍ കരയിലെ ഓച്ചൻത്തുരുത്തിൽ നിന്നും എറണാകുളത്തേക്ക് ആറേമുക്കാലോടു കൂടി ബസില്‍  കയറും. ഏഴരയോടെ ജനറല്‍ ആശുപത്രിയിലെത്തും.

അന്നേരം ചേട്ടന്‍റെ ഭാര്യ ലീമ ഓച്ചൻത്തുരുത്തിലുള്ള വീട്ടിൽ  രോഗികളുടെ കൂടെ നിൽക്കുന്നവർക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരിക്കും. സഹായിക്കാൻ അയൽപക്കത്തെ  സന്മനസ്സുള്ള കുറച്ചു പേരും കൂടും.

കൂട്ടിരുപ്പുകാര്‍ക്കുള്ള ഭക്ഷണം ഓച്ചന്‍തുരുത്തിലെ വീ‍ട്ടിലുണ്ടാക്കി പീറ്റര്‍ ചേട്ടന്‍റെ ഓമ്നി കാറിലാണ് ആശുപത്രിയില്‍ എത്തിക്കുന്നത്

ആശുപത്രിയിലെത്തിയാൽ, ഒട്ടും വൈകാതെ തന്നെ പീറ്റർ ചേട്ടന്‍ ഐസൊലേഷൻ വാർഡിലേയ്ക്ക് പോകും.
പിന്നെ അവിടെ കൂട്ടിനാരുമില്ലാത്ത അന്തേവാസികളെ കുളിപ്പിക്കുക, ഷേവ് ചെയ്യിപ്പിക്കുക തുടങ്ങിയ പരിപാടിയിലേയ്ക്ക് കടക്കും. ഇതിൽ അദ്ദേഹത്തെ സഹായിക്കാനായി കുറച്ചു ആളുകളുമുണ്ട്..

ആശുപത്രി ഒന്നുണർന്നു കഴിയുമ്പോഴേക്കും അവർക്കുള്ള മരുന്നുമായി നഴ്സുമാരെത്തും.

ഈ ശുശ്രൂഷകൾക്കിടയിലായിരിക്കും പലരും അവരുടെ കഥകൾ പങ്കു വെയ്ക്കുന്നത്. മിക്ക കഥകളും ഒരു നെടുവീർപ്പോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പീറ്റർ ചേട്ടന്‍ പറയുന്നു.

“അതെല്ലാം പലപ്പോഴും സമ്പത്തിന്‍റെ വ്യർത്ഥത മനസിലാക്കി തരുന്നവയുമായിരുന്നു. അതില്‍ മിക്ക കഥകളിലും  മാതാപിതാക്കളെ നോക്കാത്ത മക്കളും, ഭാര്യമാരെ ആവുന്ന കാലത്ത് നോക്കാത്ത ഭർത്താക്കന്മാരുമൊക്കെ ഉണ്ട്. ചിലരെങ്കിലും വിശ്വസിക്കുന്നു, തങ്ങളുടെ ചെയ്തികൾ തന്നെയാണ് അവരെ ഇങ്ങനെ ഒരവസ്ഥയിൽ കൊണ്ടെത്തിച്ചതെന്ന്,” പീറ്റര്‍ ചേട്ടന്‍ പറഞ്ഞുതുടങ്ങുന്നു.

“ഇവിടെ ഒരു ജോസ് ചേട്ടനുണ്ടായിരുന്നു. ഏതാനും സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു, ഒരുകാലത്ത്. എന്തൊക്കെയോ  കുടുംബ പ്രശ്നങ്ങൾ…ഭാര്യയും ഭർത്താവും വഴി പിരിഞ്ഞു.  പ്രേമേഹം കൂടിയിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നത്. കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടതായി വന്നു. ഇവിടേക്ക് വരുമ്പോൾ ആരുമില്ല കൂടെ. ഐസൊലേഷൻ വാർഡിൽ മറ്റു അന്തേവാസികളോടൊപ്പം  കുറച്ചു നാൾ… പിന്നെ മരിച്ചു,” കണ്ടുമുട്ടിയ പല മുഖങ്ങളേയും ഓര്‍ത്ത് ചേട്ടന്‍ കുറച്ചുനേരം നിശ്ശബ്ദനായി.

ഒരു നെടുവീര്‍പ്പോടെയല്ലാതെ അവരുടെ കഥകള്‍ കേള്‍ക്കാനാവില്ല

“ഞങ്ങളാരും അവരുടെ പൂർവ്വകാലങ്ങളെ കുറിച്ച് ചോദിക്കുന്ന പതിവില്ല. എന്നാലും മിക്കവരും മനസ്സ് തുറക്കും. ചിലപ്പോൾ അതവര്‍ക്കൊരു അതൊരാശ്വാസമായിരിക്കും,” എന്നാണ് ചേട്ടന്‍ വിചാരിക്കുന്നത്.

“അതുപോലെ തന്നെ ഇവിടെ ഒരമ്മയും മകളുമുണ്ടായിരുന്നു. ധാരാളം സമ്പത്തുള്ള വീട്ടിലെയായിരുന്നു. അമ്മയ്ക്ക് വാർദ്ധക്യസഹജമായ രോഗമായിരുന്നെങ്കിൽ മകൾക്കു ചെറുതായി മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നു. പൈസയൊക്കെ കൈക്കലാക്കിയതിനു ശേഷം രണ്ടു പേരെയും ബന്ധുക്കൾ ഇവിടെ കൊണ്ടുവന്നു വിട്ടു. ഇവിടെ കിടന്ന് അമ്മ മരിച്ചു. പിന്നെ മകളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.”

വർഷങ്ങൾക്കു മുൻപ് ഐസൊലേഷൻ വാർഡിലെ അന്തേവാസികളെ കുറിച്ച് ഒരു ലേഖനം എഴുതാൻ പോയപ്പോൾ കർണാടകക്കാരനായ  ഒരു ഹസ്സനെ  ഞാന്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. അമ്പത് വയസ്സിനോടടുത്ത് പ്രായം കാണും. ഒരപകടത്തെ തുടർന്ന് ശരീരം തളർന്ന അയാൾ സ്ഥലപരിമിതികൾ മൂലം ആ കൊച്ചു വാർഡിന്‍റെ ഒത്ത നടുവിൽ, തറയിലാണ് അന്ന് കിടന്നിരുന്നത്.

അയാളെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ പീറ്റർ ചേട്ടന്‍ പറഞ്ഞു

“ഓർമ്മയുണ്ട്, അയാൾ ഒരു ലോട്ടറി വില്പനക്കാരനായിരുന്നു. ഭാര്യയും മകനും ഉപേക്ഷിച്ചു. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും അവരുടെ അടുത്തേക്കു പോകുവാൻ അയാൾ തയ്യാറായില്ല. കാരണം, അച്ഛൻ നിത്യരോഗിയായിരുന്നു. അമ്മ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും അച്ഛനെ നോക്കുന്നതിനായി ചെലവിട്ടു. ആ അമ്മയ്ക്ക് ഒരു ഭാരമാവാൻ ഹസ്സൻ ആഗ്രഹിച്ചില്ല. പക്ഷെ ഒരുപാട് നാളൊന്നും അയാളെ ദൈവം ആ കിടപ്പ് കിടത്തിയില്ല…നേരത്തെ തന്നെയങ്ങ് വിളിച്ചു.”

നേരത്തേ പീറ്റര്‍ ചേട്ടന്‍ പറഞ്ഞത് എത്ര ശരി… നെടുവീര്‍പ്പോടെയല്ലാതെ ആ കഥകള്‍ കേട്ടിരിക്കാന്‍ കഴിയില്ല.

ഒറ്റപ്പെട്ടുപോയവരുടെ വേദനകള്‍ക്ക് കാതുകൊടുക്കാനും പീറ്റര്‍ സമയം കണ്ടെത്തുന്നു

“ഇവിടെ എത്തുന്ന പലരും അവശരാണ്. അവര്‍ക്ക് നല്ല ശുശ്രൂഷ… ഒരു നല്ല മരണം… അത്രയേ  ആഗ്രഹിക്കുന്നുള്ളൂ.”

പീറ്റർ ചേട്ടന്‍ തുടരുന്നു. ” ചിലപ്പോഴൊക്കെ തോന്നാറുണ്ട് ജീവിതത്തിലെ പിഴവുകൾ കൊണ്ടാണ് മിക്കവർക്കും അങ്ങനെയൊരവസ്ഥ ഉണ്ടാകുന്നതെന്ന്. എല്ലാവരും അങ്ങനെയെന്നല്ല. സ്വന്തം കുറ്റത്താലല്ലാതെ വരുന്നവരും ഉണ്ട്.”

പക്ഷെ, ഒരിക്കൽ പോലും വിചാരണകൾക്കൊണ്ടും വിമർശനങ്ങൾ കൊണ്ടൊന്നും  അവരെ വേട്ടയാടിയിട്ടില്ല. കാരണം, ചുവടൊന്നു മാറ്റാതെയിരുന്നെങ്കിൽ സ്വന്തം  ജീവിതവും ഒരുപക്ഷെ നരകതുല്യമാക്കുന്നതിനുള്ള സാഹചര്യങ്ങൾ തനിക്കുമുണ്ടായിരുന്നെന്ന് പീറ്റര്‍ ചേട്ടന്‍.

” മാതാപിതാക്കൾക്ക് ഞാൻ ഒറ്റപ്പുത്രനായിരുന്നു. കോൺട്രാക്ട് ജോലികളായിരുന്നു ചെയ്തു കൊണ്ടിരുന്നത്.ആരെയും കൂസാതെയുള്ള ജീവിതം. അത് പെട്ടെന്ന് തന്നെ എന്നെ തകർച്ചയുടെ വക്കിലെത്തിച്ചു. അങ്ങനെയിരിക്കെ കോഴിക്കോട് ഞാനൊരു ധ്യാനത്തിന് പോയി. പ്രാർത്ഥനയ്ക്കിടയിൽ  ഒരു വചനം മനസ്സിൽ ഇങ്ങനെ തങ്ങി നിന്നു.

“അതിന്‍റെ സാരാംശം ഇതായിരുന്നു – നാമെല്ലാം ഈ ഭൂമിയിൽ തങ്കത്തിന്‍റെ മാറ്റോടും പരിശുദ്ധിയോടും കൂടി തന്നെയാണ് പിറന്നു വീഴുന്നത്. എന്നാൽ ആ തങ്കത്തിന്‍റെ മേന്മ നിലനിർത്താതെ കുശവന്‍റെ കയ്യിലിരിക്കുന്ന മൺപാത്രമായി നമ്മൾ മങ്ങിയിട്ടുണ്ടെങ്കിൽ  അതിന്  പഴിക്കേണ്ടത് നമ്മൾ ജീവിക്കുന്ന ഈ ജീവിതത്തെയല്ലേ?

“ഇത് മനസിനെ വല്ലാതെ അലട്ടി. ജീവിതത്തിനു ഒരു മാറ്റം വരണമെന്ന് അന്ന് മുതൽ കലശലായി  ആഗ്രഹിക്കുവാൻ തുടങ്ങി.

“എങ്ങനെ തുടങ്ങണമെന്നാലോചിച്ചിരിക്കുമ്പോഴാണ് ജനറൽ ആശുപത്രിയിൽ വരാൻ ഇടയായതും അവിടെ   എല്ലാ ദിവസങ്ങളിലും രോഗികൾക്ക് ഭക്ഷണമില്ല എന്നറിഞ്ഞതും. കൂടാതെ, ഐസൊലേഷൻ വാർഡിലെ അവസ്ഥയും കണ്ടു . അങ്ങനെയാണ്, 2003-ൽ  ഈ എളിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്,” പീറ്റർ വ്യക്തമാക്കി.

“ഇങ്ങനെയൊരാശയം മനസ്സിൽ വന്നപ്പോൾ സുഹൃത്തുക്കളായ വിജയാനോസ്, ഗ്രേസി, ലില്ലി, ഐസക്  എന്നിവരോട് കൂടിയാലോചിച്ചു. അവർക്കും സമ്മതം. അങ്ങനെ അഞ്ചു കിലോ അരി വാങ്ങിച്ചു പാകം ചെയ്തു ആദ്യമായി രോഗികൾക്ക് വിതരണം ചെയ്തു. ഇതിനായി പൈസ ചോദിച്ച് ആരുടെ അടുത്തേയ്ക്കും പോകില്ലെന്നും, ദൈവം ഒരു വഴി കാണിച്ചു തരുമെന്നും ഉറപ്പായിരുന്നു. മനസ്സാഗ്രഹിച്ച പോലെ തന്നെ ഞങ്ങളുടെ ഈ ഉദ്യമത്തെ കുറിച്ച് കേട്ടറിഞ്ഞു തുക സ്പോൺസർ ചെയ്യുന്നതിനായി ഒട്ടനവധി പേർ  മുന്നോട്ടു വരാൻ തുടങ്ങി.

പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം.

“ആദ്യത്തെ സഹായഹസ്തം  അയ്യപ്പൻകാവിലുള്ള ജോസഫ് ചേട്ടന്‍റേതായിരുന്നു. അഞ്ഞൂറ് രൂപയാണ് അദ്ദേഹം തന്നത്. ആദ്യമൊക്കെ  ഐസൊലേഷൻ വാർഡിലെ രോഗികൾക്കായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. പിന്നീട് ജനറൽ ആശുപത്രിയിലുള്ള മറ്റു രോഗികൾക്കും ഭക്ഷണം വിതരണം ചെയ്യാനുള്ള തുക കിട്ടി തുടങ്ങി.

“പിന്നീട്  ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള ഗവൺമെന്‍റ് ആശുപത്രികളിലെ രോഗികൾക്കും  കൂടി ഭക്ഷണം കൊടുക്കാൻ കഴിഞ്ഞതിലൂടെ ഞങ്ങളുടെ ഈ ചെറിയ പ്രസ്ഥാനം പതുക്കെ വളരുകയായിരുന്നു.”

സ്പോൺസർമാരുടെ എണ്ണവും കൂടി വന്നപ്പോൾ, കണക്കുകൾ വെയ്ക്കേണ്ടതിനു നിയമപരമായി കാര്യങ്ങൾ കൊണ്ട് പോകുന്നതിനും ഒരു ട്രസ്റ്റ് ആവശ്യമായി വന്നു. അങ്ങനെയാണ് പീറ്റർ ചെയർമാനായ റോസറി ചാരിറ്റബിൾ ട്രസ്റ്റ് 2006 -ൽ രൂപീകരിക്കുന്നത്.

തുടക്കത്തിൽ പീറ്ററിനൊപ്പം ഉണ്ടായിരുന്ന വിജയനോസ്, ഗ്രേസി, ലില്ലി എന്നിവരൊക്കെ തന്നെയായിരുന്നു ട്രസ്റ്റിന്‍റെ മറ്റു ഭാരവാഹികൾ.

“ആദ്യമൊക്കെ ഞങ്ങൾ കരുവേലിപ്പടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഗവണ്മെന്‍റ് ആശുപത്രികളിലും  മാലിപ്പുറം ഹെൽത്ത് സെന്‍ററിലും  ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ചിലർ  അവിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മുന്നോട്ടു വന്നപ്പോൾ, ഞങ്ങൾ അത് വിട്ടുകൊടുക്കുകയും പൂർണ്ണ  ശ്രദ്ധ ജനറൽ ആശുപത്രിയിൽ  കേന്ദ്രികരിക്കുകയും ചെയ്തു.”

അന്നത്തെ ആശുപത്രി സൂപ്രണ്ടായ ഡോ ജുനൈദ് റഹ്മാന്‍റെ സഹായമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രയൊക്കെ മുന്നോട്ടു പോകുവാൻ സാധിക്കുമായിരുന്നില്ലെന്നു പീറ്റർ പറയുന്നു.


ഇതുകൂടി വായിക്കാം: ‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ


“ആദ്യമൊക്കെ ബൈസ്റ്റാൻഡര്‍ വരുമ്പോൾ രോഗിക്കും അയാൾക്കുമുള്ള ഭക്ഷണം കൊടുത്തു വിടുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പത്തു വർഷങ്ങൾക്കു മുൻപ് ജുനൈദ് റഹ്മാൻ പങ്കുവെച്ച ഒരാശയത്തെ മുൻ നിറുത്തി, ആശുപത്രിയിൽ തന്നെ ഒരു ‘ കിച്ചൻ ‘ ആരംഭിച്ചു. അതിനു ശേഷം രോഗികൾക്കുള്ള ഭക്ഷണം അവരുടെ മുറികളിലേയ്ക്ക്, ശരിക്കു പറഞ്ഞാൽ അവരുടെ ‘ബെഡ് സൈഡിലേയ്ക്ക്’ തന്നെ നമ്മൾ കൊണ്ടെത്തിക്കുന്നു.”

ആശുപത്രിയിലെ ഡയറ്റിഷന്‍റെ നിർദ്ദേശ പ്രകാരമാണ് ഭക്ഷണം തയ്യാറാക്കുന്നത്.

“രോഗികൾക്കും കൂടെ നിൽക്കുന്നവർക്കുമായി ഏകദേശം രണ്ടായിരത്തിനു  മുകളിൽ ആളുകൾക്ക് ദിവസവും ഭക്ഷണം ഇവിടെ കൊടുക്കുന്നുണ്ട്. രോഗികളുടെ കൂടെ നിൽക്കുന്നവർക്കായുള്ള ഉച്ച ഭക്ഷണം പാകം ചെയ്യുന്നത് ഓച്ചൻത്തുരുത്തിലുള്ള  എന്‍റെ വീട്ടിലാണ്. ആദ്യം ഒരു വാടക കെട്ടിടത്തിലായിരുന്നു ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്നത്. പിന്നീടാണ് വീട്ടിലേയ്ക്കു മാറ്റിയത്. അതിന്‍റെ  മുഴുവൻ ചിലവും വഹിക്കുന്നത് റോസറി ചാരിറ്റബിൾ ട്രസ്റ്റ് തന്നെയാണ്. സമയമാകുമ്പോൾ ഒരു ഒമിനിയിൽ  ഭക്ഷണം ഞങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നു.

പതിനേഴ് വര്‍ഷമായി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട് പീറ്റര്‍ ചേട്ടനും കൂട്ടരും.

“രോഗികൾക്കുള്ള ഭക്ഷണച്ചെലവ് ഞങ്ങളും ആശുപത്രി അധികൃതരും ചേർന്നാണ് വഹിക്കുന്നത്.”

ഐസൊലേഷൻ വാർഡ് പുതുക്കിപ്പണിയുന്നതുകൊണ്ട്  അവിടെ നിന്ന് കുറച്ചു രോഗികളെ മാറ്റിയത്  ഓച്ചൻത്തുരുത്തിൽ ഉള്ള പീറ്റർ തന്നെ ചെയർമാനായ ജെറെമിയ പാലിയേറ്റീവ് കെയർ സെന്‍ററിലേയ്ക്കാണ്.

“തുടക്കത്തിൽ ഐസൊലേഷൻ വാർഡിലെ സൗകര്യങ്ങൾ വളരെ കുറവായിരുന്നു. ഒരേ കട്ടിലിൽ  രണ്ടോ മൂന്നോ രോഗികൾ ഒരുമിച്ചു കിടക്കുന്ന അവസ്ഥ. അതിൽ എയ്ഡ്സും, ക്യാൻസറും ഹെപ്പറ്റൈറ്റിസും  വരെ ബാധിച്ചവർ ഉണ്ടായിരുന്നു. അത് മനസ്സിന് ഏറെ പ്രയാസമുണ്ടാക്കി. അപ്പോഴാണ് കിടപ്പു രോഗികൾക്കായി ഒരു സ്ഥാപനം വേണമെന്ന ചിന്ത വരുന്നത്,” എന്ന് പീറ്റര്‍ ചേട്ടന്‍.

“അങ്ങനെയിരിക്കെ എറണാകുളം – അങ്കമാലി അതിരൂപതയുടെ അന്നത്തെ അസിസ്റ്റന്‍റ്  ബിഷപ്പ് ആയിരുന്ന സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് എന്നെ വിളിപ്പിച്ചു. എന്‍റെ ഈ ട്രസ്റ്റിനെ കുറിച്ചും, ആശുപത്രികളിലെ ഭക്ഷണ വിതരണത്തെ കുറിച്ചൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു.”

ആലുവ – അത്താണി ഭാഗത്തുള്ള പോയ്ക്കാട്ടുശ്ശേരിയിൽ ഒരു രണ്ടു നില കെട്ടിടമുണ്ടെന്നും, അവിടെയുള്ള  ഫാദർ സാജനെ കണ്ടാൽ ഒരുപക്ഷെ ആ കെട്ടിടം കിടപ്പു രോഗികൾക്കായി സൗജന്യമായി  ഉപയോഗിക്കാമെന്നുമായിരുന്നു ബിഷപ്പിന്‍റെ നിർദ്ദേശം

അത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു തുടക്കമായിരുന്നു.

“ഇത് കേട്ടതും ഞാനും ജനറൽ ആശുപത്രിയിൽ അന്ന് ശുശ്രൂഷകൾക്കായി വന്നിരുന്ന സി എം സി കോൺഗ്രിഗേഷനിലെ സിസ്റ്റർ അർപ്പിതയും പൊയ്ക്കാട്ടുശേരിയിൽ എത്തി.

എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡ്

“രണ്ടു നില കെട്ടിടമായിരുന്നുവെങ്കിലും അവിടെ രോഗികളെ കിടത്താനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഒരടുക്കളയും സ്റ്റാഫുകൾക്ക് താമസിക്കാനുള്ള മുറികളും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.  എന്നിരുന്നാലും, ഞങ്ങൾ ആ കെട്ടിടം എടുക്കാൻ  തന്നെ തീരുമാനിച്ചു. അതിനു പുറത്തായി ഏകദേശം 40 രോഗികളെ സൗകര്യപ്രദമായി കിടത്തുന്നതിനുള്ള ഒരു സംവിധാനമുണ്ടാക്കി. അങ്ങനെ 2013 -ൽ  ജെറെമിയ പാലിയേറ്റീവ്  കെയർ സെന്‍ററിന്‍റെ പ്രവർത്തനമാരംഭിച്ചു.”

എന്നാൽ ദൂരക്കൂടുതൽ കൊണ്ട് പീറ്ററിന് ഒന്നര വർഷത്തോളം മാത്രമേ അത് നടത്തിക്കൊണ്ടു പോകുവാൻ കഴിഞ്ഞുള്ളു.

“മനസ്സിന് വല്ലാതെ പ്രയാസം തോന്നിയെങ്കിലും, ഏറെ  അന്വേഷണങ്ങൾക്കൊടുവിൽ വൈപ്പിനിൽ ഒരു വാടക കെട്ടിടം ലഭിച്ചു.” അന്ന് മുതൽ,  ജെറെമിയ പാലിയേറ്റീവ് കെയർ സെന്‍റര്‍  പ്രവർത്തിച്ചു വരുന്നത് അവിടെയാണ്.

അതിനു ശേഷം, വീടുകളിലേയ്ക്ക് പോയി രോഗികളെ ശുശ്രൂഷിക്കുന്ന ജെറെമിയ പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് പീറ്റർ ആരംഭിച്ചു. ഡോക്ടർമാർ എല്ലാം ജനറൽ ആശുപത്രിയിൽ നിന്നുള്ളവരാണ്. ഒരു ട്രാവലർ ആംബുലൻസും, കൊച്ചിൻ ഷിപ്യാർഡ് നൽകിയ ഈക്കോ ഒമിനിയും രോഗികളെ കൊണ്ട് പോകുന്നതിനായി ട്രസ്റ്റിനുണ്ട്.

“പണ്ടത്തെ സൂപ്രണ്ടും, ഇപ്പോൾ പാലിയേറ്റീവ് കെയറിന്‍റെ ചാർജുമുള്ള ഡോ. പി ജെ ആനി ഉൾപ്പെടുന്ന ഡോക്ടർമാരുടെ സഹായത്തോടെയാണ് ഈ ഹോം കെയർ സെന്‍റർ ഞങ്ങൾ  മുന്നോട്ടു കൊണ്ട് പോകുന്നത്.  ഒരു നേഴ്സ് സ്റ്റാഫായിട്ടുണ്ട്.”

കൂടാതെ, കുറെ വൊളണ്ടിയർമാരും സഹായിക്കാനുണ്ട്.

അപ്പോഴും പീറ്ററിന് ഒരു വിഷമം മനസ്സിൽ തങ്ങി നിന്നു. വൈപ്പിനിലുള്ള കെട്ടിടത്തിൽ ആകെ നാലോ അഞ്ചോ രോഗികളെ കിടത്താനുള്ള സൗകര്യമേ ഉള്ളൂ.

“ആയിടയ്ക്കാണ് ഞാൻ ഓച്ചൻ ത്തുരുത്തിൽ ഒരു പതിനഞ്ചു സെന്‍റ്  സ്ഥലം കണ്ടു വെച്ചത്. പക്ഷെ അത് വാങ്ങിക്കുന്നതിനും പൈസ വേണമല്ലോ. അതുകൊണ്ട് ആ സ്വപ്നം നീണ്ടു പോയി. പക്ഷെ, ഈയിടയ്ക്കു  എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇത് കേട്ടറിഞ്ഞു  നോവെൽറ്റി ടെക്സ്റ്റൈൽ ഷോപ്പിന്‍റെ ഉടമയായ ജോർജ്ജ് സർ അഞ്ചു സെന്‍റ് സ്ഥലം വാങ്ങുന്നതിനായി സഹായിക്കാമെന്നേറ്റു. കൂടാതെ, ആൽഫ കൺസ്ട്രക്ഷൻസിന്‍റെ പോൾ സാറും അഞ്ചു സെന്‍റ് സ്ഥലം വാങ്ങിക്കുന്നതിനുള്ള  പൈസ നൽകുവാൻ മുന്നോട്ടു വന്നു.”

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അമ്പതിൽ പരം അവാർഡുകൾ പീറ്ററിനെ തേടിയെത്തിയിട്ടുണ്ട്.

“അപ്പോഴാണ് പോൾ സർ മറ്റൊരു നിർദ്ദേശം തരുന്നത് ,” പീറ്റർ തുടരുന്നു.
കാൻസർ രോഗികൾക്കുള്ള ഒരു സംഘടനയായ എറണാകുളത്തെ കാൻക്യുര്‍ ഫൗണ്ടേഷന്‍ വഴി എന്‍റെ ഈ പദ്ധതി എന്തുകൊണ്ട്  മുന്നോട്ടു കൊണ്ട് പോയിക്കൂടാ എന്നുള്ളതായിരുന്നു അത്. അന്വേഷിച്ചറിഞ്ഞപ്പോൾ അത് സഹായകരമാകുമെന്നെനിക്കും തോന്നി. അങ്ങനെ ഞാനൊരാശയം അവര്‍ക്കു മുന്നിൽ വെച്ചു. അതവർക്കും താല്പര്യമായി.”

ഇന്ന് ആ സംഘടനയുടെ സഹായത്തോടെ ഓച്ചൻത്തുരുത്തിൽ നാൽപതു മുതൽ അമ്പതു രോഗികൾക്ക് വരെ സൗജന്യമായി കിടക്കാവുന്ന ഒരു ഒരു മൂന്നു നില കെട്ടിടം പണി കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഉദ്ഘാടനം ഉടനെ തന്നെയുണ്ടാകുമെന്ന് പറയുമ്പോള്‍ പീറ്റര്‍ ചേട്ടന്‍റെ കണ്ണുകളിൽ വർഷങ്ങളായുള്ള  ഒരു സ്വപ്നം പൂവണിഞ്ഞതിന്‍റെ തിളക്കം.

എറണാകുളത്തെ ജോമോന്‍ സാറും മനീഷ് ഭായിയുമൊക്കെ സാമ്പത്തികമായി ഏറെ സഹായിച്ചിട്ടുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ജെറീമിയ കെയർ സെന്‍റര്‍  ഓച്ചൻത്തുരുത്തിലുള്ള ആറ് സെന്‍റ് സ്ഥലത്ത് സ്ത്രീകളെ മാത്രം കിടക്കുന്നതിനുള്ള ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ പണികൾ ആരംഭിച്ചിരിക്കുകയാണ്.

ഇതൊക്കെ എങ്ങനെ ഇത്ര വർഷം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞു എന്നാലോചിച്ചു  ഇപ്പോഴും അത്ഭുതപ്പെടാറുണ്ടെന്ന് പീറ്റർ ചേട്ടന്‍ പറയുന്നു. അതെല്ലാം സര്‍വ്വശക്തന്‍റെ തീരുമാനങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അമ്പതിൽ പരം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

“ചിലരൊക്കെ അവാർഡിന് വേണ്ടി അപേക്ഷിക്കാൻ പറയും. അതെനിക്ക് ഒട്ടും താല്പര്യമുള്ള കാര്യമല്ല. എന്നെത്തേടിയെത്തുന്നത് സ്വീകരിക്കാൻ എനിക്ക് മടിയില്ല. പക്ഷെ അങ്ങോട്ട് ചെന്ന് അവാർഡ് നൽകാൻ അപേക്ഷിക്കുന്നതിനോട് എനിക്ക്  യാതൊരു താല്പര്യവും ഇല്ല,” പീറ്റർ പറഞ്ഞു നിറുത്തി.


ഇതുകൂടി വായിക്കാം: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം