1.5 ഏക്കറിലെ വിഷരഹിത പച്ചക്കറി മുഴുവന്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി യുവകര്‍ഷകന്‍

യദുവിന്‍റെ കൃഷിയിടത്തില്‍ നിന്ന് ആദ്യത്തെ തവണ ശേഖരിച്ച പച്ചക്കറി 40 വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു. 

കൊറോണപ്പേടിയില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ പച്ചക്കറിക്കും മറ്റും അയല്‍ സംസ്ഥാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തില്‍ നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യം ഏറി. ചോദിക്കുന്ന വില കൊടുത്താണ് വ്യാപാരികള്‍ പച്ചക്കറി എടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഇടുക്കി അണപ്പാറയിലെ യദു എസ് ബാബു എന്ന ചെറുപ്പക്കാരന്‍റെ തോട്ടത്തിലെ വിളകള്‍ക്കും നല്ല വില വാഗ്ദാനം ചെയ്ത് മൊത്തവ്യാപാരികള്‍ സമീപിച്ചു.

എന്നാല്‍ യദുവിന്‍റെ മനസ്സില്‍ മറ്റൊന്നായിരുന്നു. പുറത്തിറങ്ങാനാവാതെ, കൂലിപ്പണിക്ക് പോലും പോകാനാവാതെ വീടുകളില്‍ ദുരിതത്തിലായവര്‍ നാട്ടില്‍ തന്നെ ഏറെയുണ്ട്. അവര്‍ക്ക് ആവുന്ന പോലെ സഹായമെത്തിക്കണമെന്ന് ആ ചെറുപ്പക്കാരന്‍റെ മനസ്സു പറ‍ഞ്ഞു.

യദു എസ് ബാബു പച്ചക്കറിത്തോട്ടത്തില്‍

“ഞാന്‍ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറിക്ക് നല്ല വില
നല്കാമെന്ന് മൊത്തക്കച്ചവടക്കാര്‍ പറഞ്ഞു,” യദു എസ് ബാബു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “അമ്മക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ വഴി എല്ലാ പച്ചക്കറികളും സൗജന്യമായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.”

പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കാന്‍ നാട്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ.

“അച്ഛന്‍ ശശിധര ബാബൂ വിനോട് ഈ ആശയം പങ്കുവെച്ചപ്പോള്‍ പൂര്‍ണ്ണപിന്തുണ നല്കി,” യദു പറ‍ഞ്ഞു.

അമ്മയ്ക്കൊരുമ്മ പ്രവര്‍ത്തകര്‍ യദുവിന്‍റെ തോട്ടത്തില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നു. ഫോട്ടോ: സാബു കുറ്റിപ്പാല/FACEBOOK

റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനായ ശശിധര ബാബു കര്‍ഷകനുമാണ്, ഒപ്പം അമ്മയ്‌ക്കൊരുമ്മയിലെ പ്രവര്‍ത്തകനും.

“അമ്മക്കൊരു സ്‌നേഹക്കൂട്ടായ്മയിലെ സാബു കുറ്റിപ്പാലയെ ഞാന്‍ ബന്ധപ്പെട്ടു. യാതൊരു ലാഭേച്ഛയുമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുയാണിവര്‍,” യദു തുടരുന്നു.

“ഈ കൂട്ടായ്മയിലെ പ്രവര്‍ത്തകരോടൊപ്പം വന്ന് സാബു ചേട്ടന്‍ വിളകള്‍ പറിച്ച് കിറ്റുകളാക്കി നിര്‍ധനരുടെ വീടുകളില്‍ വിതരണം ചെയ്തു.
ഈ ദുരിത കാലം മുഴുവന്‍ നിങ്ങള്‍ എന്‍റെ വിളവെല്ലാം ആവശ്യക്കാര്‍ക്ക് കൊടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞു.”

ഫോട്ടോ: സാബു കുറ്റിപ്പാല/FACEBOOK

ഏലവും കുരുമുളകും ആണ് യദുവിന്‍റെ പറമ്പിലെ പ്രധാന വിളകള്‍. ഒന്നര ഏക്കറില്‍ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നു. പയര്‍, പാവല്‍, ബീന്‍സ്, ചീര, വഴുതന തുടങ്ങിയവയാണ് പച്ചക്കറിത്തോട്ടത്തില്‍.

“ആഴ്ചയില്‍ 100 കിലോ വരെ പച്ചക്കറി കിട്ടും. കിലോക്ക് ശരാശരി 25 രൂപ വില തരും,” യദു പറയുന്നു.

പച്ചക്കറി വരവ് കുറഞ്ഞപ്പോള്‍ വിളകള്‍ ഇരട്ടി വിലയ്ക്ക് എടുക്കാന്‍ ആളുണ്ടായിട്ടും അതെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തയ്യാറായ യദുവിന് അകമഴിഞ്ഞ് നന്ദി പറയുകയാണ് അമ്മയ്ക്കൊരുമ്മ പ്രവര്‍ത്തകര്‍.

യദുവിന്‍റെ കൃഷിയിടത്തില്‍ നിന്ന് ആദ്യത്തെ തവണ ശേഖരിച്ച പച്ചക്കറി 40 വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

അമ്മയ്ക്കൊരുമ്മ കൂട്ടായ്മ പച്ചക്കറികള്‍ വേര്‍തിരിച്ച് കിറ്റിലാക്കുന്നു (ഫോട്ടോ: സാബു കുറ്റിപ്പാല/FACEBOOK)
യദുവിന്‍റെ തോട്ടത്തില്‍ നിന്നും ശേഖരിച്ച പച്ചക്കറി (ഫോട്ടോ: സാബു കുറ്റിപ്പാല/FACEBOOK)

“ഇങ്ങിനെയുള്ള സുമനസ്സുകളിലാണ് ഞങ്ങള്‍ പ്രവര്‍ത്തനങ്ങളുടെ ജീവന്‍ നിലനില്ക്കുന്നത്,” അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മയുടെ ചെയര്‍മാന്‍ സാബു കുറ്റിപ്പാല പറയുന്നു.


യദുവിനെപ്പോലെ തന്നെ വിവിധ മേഖലകളില്‍ ഉള്ള ചെറുപ്പക്കാര്‍ അവരവരുടെ കഴിവനുസരിച്ചുള്ള പ്രവര്‍ത്തിച്ചാല്‍ ഏത് മാരിയും നമുക്ക് നേരിടാമെന്ന് സാബു .


“കഴിഞ്ഞ 12 വര്‍ഷത്തോളമായി നിര്‍ധനരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് അമ്മയ്ക്കൊരുമ്മ. വീട്, വസ്ത്രം, ഭക്ഷണം, മരുന്ന് എ ന്നീ അടിസ്ഥാന ആവശ്യങ്ങളെല്ലാം സുമനസ്സുകളുടെ സഹായത്തോടെ ചെയ്ത് വരുന്നു. കുട്ടികളുടെയും വ്യദ്ധരുടേയും കായിക-മാനസിക ഉല്ലാസത്തിനായും ഉള്ള പരിപാടികളും നടപ്പാക്കുന്നുണ്ട്,” അമരക്കാരന്‍ സാബു പറഞ്ഞു.

പച്ചക്കറികളും അവശ്യസാധനങ്ങളുമടക്കമുള്ള കിറ്റ് നല്‍കി നൂറുകുടുംബങ്ങളെ സഹായിക്കാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞു (ഫോട്ടോ: സാബു കുറ്റിപ്പാല/FACEBOOK)

ലോക്ക് ഡൗണ്‍ ആരംഭിച്ച് ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം കുടുംബങ്ങളില്‍ അവശ്യസാധനങ്ങളും പച്ചക്കറികളും സൗജന്യമായി എത്തിക്കാന്‍ സാധിച്ചുവെന്ന് അമ്മയ്ക്കൊരുമ്മ കൂട്ടായ്മ അറിയിക്കുന്നു.

കൃഷിയുടെ സന്തോഷത്തിലേക്ക്

ചെന്നൈയില്‍ നിന്നും മറൈന്‍ സയന്‍സില്‍ ബിരുദം നേടിയ യദു അച്ഛന്‍റെ വഴിയേ കൃഷിയിലേക്കെത്തിയതാണ്.

കൃഷിയോടുള്ള സ്നേഹം കൊണ്ട് നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചുവെന്ന്  യദു പറയുന്നു.

വലിയ ശമ്പളമുള്ള റിസ്‌ക്കില്ലാതെയുള്ള ജോലി തരപ്പെടുമായിരുന്നിട്ടും ഞാന്‍ റിസ്‌ക്ക് ഉള്ള കൃഷിയിലേക്ക് തന്നെയാണ് എത്തിപ്പെട്ടത്,” എന്ന് യദു. “വിഷ രഹിത പച്ചക്കറികള്‍ വിളയിച്ച് വിപണിയൊരുക്കുകയെന്നത് അതിലും വലിയ ഉത്തരവാദിത്തമാണെന്നറിയാം.” എങ്കിലും കൃഷിയില്‍ നിന്നു കിട്ടുന്ന മനസ്സുഖം ഓര്‍ക്കുമ്പോള്‍ അതൊന്നും മറ്റൊന്നിനും തരാനാകില്ല എന്നാണ് ആ ചെറുപ്പക്കാരന്‍റെ അനുഭവം.

യദു എസ് ബാബു പച്ചക്കറിത്തോട്ടത്തില്‍

“ജൈവവളങ്ങള്‍ ഇട്ട്, രാസകീടനാശിനികള്‍ തളിക്കാതെ വളര്‍ത്തി വിപണിയില്‍ എത്തുമ്പോ രാസകൃഷിയിലൂടെ വളര്‍ത്തിയെടുത്തവയുടെ വിലയേ മൊത്തക്കച്ചവടക്കാര്‍ പലപ്പോഴും കാണു. എങ്കിലും ഞാന്‍ വിഷ രഹിത പച്ചക്കറി തന്നെ ചെയ്യാന്‍ തീരുമാനിച്ചു,” യദു കൂട്ടിച്ചേര്‍ത്തു.

ഈ സമയത്ത് പച്ചക്കറി വില ഇരട്ടിയാകുമായിരുന്നു. നാട് ദുരിതത്തിലാകുമ്പോ അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് ചെയ്യാവുന്ന സഹായം ചെയ്യുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ചെയ്യേണ്ടതെന്ന് യദുവിന് തോന്നി.

“എന്‍റെ നാട്ടുക്കാര്‍ ഭക്ഷണമില്ലാതെ കഴിയുമ്പോള്‍ എനിക്കാ ചൂഷണത്തെ പിന്തുണക്കാനാകില്ല,” ആ ചെറുപ്പക്കാരന്‍റെ ഉറച്ച വാക്കുകള്‍.

ഫോട്ടോകള്‍ക്ക് കടപ്പാട്: യദു എസ് ബാബു/ സാബു കുറ്റിപ്പാല/ ഫേസ്ബുക്ക്


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം