കടലിരമ്പം കേട്ടാല്‍ ഭയക്കുന്ന മത്സ്യത്തൊഴിലാളികള്‍, കുളിക്കാന്‍ പോലും പേടിക്കുന്ന കുട്ടികള്‍… ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ  നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം 

ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന തിരിച്ചടികളും പ്രതിസന്ധികളും ചിലപ്പോള്‍ മനസ്സിന്‍റെ താളം തെറ്റിച്ചേക്കാം. ഒന്ന് ഉളളുതുറന്നു സംസാരിക്കാനും കേള്‍ക്കാനും ആരെങ്കിലും ഉണ്ടെങ്കില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ മാറിമറിയും.

2017നവംബര്‍ അവസാനവാരത്തില്‍ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് എങ്ങനെ മറക്കും?

നൂറുകണക്കിന് കുടുംബങ്ങളെയാണ് അത് അനാഥമാക്കിയത്. കേരളത്തില്‍ മാത്രം 140-ലേറെ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. അതില്‍ പകുതിയില്‍ താഴെ പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാനായുള്ളു.

ഉറ്റവര്‍ കടലില്‍ നിന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ, തകര്‍ന്ന മനസ്സോടെ ഒരുപാട് കുടുംബങ്ങള്‍ ആഴ്ചകളോളം ഉറക്കമൊഴി‍ഞ്ഞ് കാത്തിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ തൊഴിലാളികല്‍ കടലില്‍ പോകാന്‍ ഭയന്ന് പകച്ചുനിന്നു. വീടുകള്‍ വറുതിയിലായി.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

”അറുപത് വയസ്സ് പിന്നിട്ട ഒരു മനുഷ്യന്‍. പതിനാറാം വയസ്സുമുതല്‍ കടലില്‍ പോകുന്നയാളാണ്. എന്നാല്‍ ദുരന്തശേഷം കടലിന്‍റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ പോലും അയാള്‍ അസ്വസ്ഥനാവുമായിരുന്നു. നാലുദിവസം മരണത്തെ മുഖാമുഖം കണ്ടതിന്‍റെ ഭീതി അയാളെ വിട്ടുമാറുന്നുണ്ടായിരുന്നില്ല,” ദുരന്തത്തിന് ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം പൂന്തുറയിലെ മത്സ്യബന്ധനഗ്രാമത്തിലെത്തിയ ഡോ. സിസ്റ്റര്‍ ട്രീസ പാലയ്ക്കല്‍ ഓര്‍ക്കുന്നു.

ആഴ്ചകളോളം തീരം മൂകമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ ഭയന്നു Photo: Flickr/KR Ranjith

വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ വയ്യാതെ മനസ്സുമരവിച്ചുപോയ സ്ത്രീകള്‍, കടല്‍ കണ്ടാല്‍ ഭയക്കുന്ന കുട്ടികള്‍, തൊഴിലാളികള്‍… അവരത്രയും ഭീതിയോടെ കടലമ്മയെ അതുവരെ കണ്ടിട്ടുണ്ടാവില്ല.

അവിടേയ്ക്കാണ് ഡോ. സിസ്റ്റര്‍ ട്രീസയും 66 സന്നദ്ധ പ്രവര്‍ത്തകരും കൗണ്‍സലേഴ്സും  കടന്നുചെല്ലുന്നത്. കണ്ണൂരിലെ ഹൃദയാരാം എന്ന കൗണ്‍സിങ്ങ് സെന്‍ററിലെ അധ്യാപകരും മുന്‍വിദ്യാര്‍ത്ഥികളും അടങ്ങുന്നതായിരുന്നു സംഘം

“അവിടുത്തെ ഇടവകയിലെ വികാരി ഫാ.ജസ്റ്റിന്‍ ജൂഡിനെ ചെന്നുകണ്ട് കാര്യങ്ങള്‍ സംസാരിച്ചു. ആളൊഴിഞ്ഞു തീര്‍ത്തും മൂകമായ കടപ്പുറം, നെഞ്ചത്തടിച്ചു വിലപിക്കുന്ന സ്ത്രീകള്‍, നിരാശരായ ചെറുപ്പക്കാര്‍, നിസ്സഹായരായ കുട്ടികള്‍, പ്രതീക്ഷയറ്റ പ്രായമായവര്‍…

“ഓഖി ദുരന്തശേഷം പൂന്തുറയുടെ അവസ്ഥ ഇതായിരുന്നു. ഇനിയും തിരിച്ചെത്താത്തവരും ഒരുപാടുണ്ടായിരുന്നു. മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവരെല്ലാം മുന്നോട്ടുളള വഴിയറിയാതെ നില്‍ക്കുന്നു,”  ‘ഞങ്ങളുണ്ട് കൂടെ’ എന്ന ഉറപ്പുമായി സിസ്റ്ററും സംഘവും അവിടെയെത്തിയപ്പോള്‍ സ്ഥിതി ഇതായിരുന്നു.


ഒറ്റപ്പെട്ടുപോയ ഇവരെയെല്ലാം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരികയെന്നത് വലിയ വെല്ലുവിളിയായിരുന്നു.


“മകനെ നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ ദിവസങ്ങളായി ആഹാരം കഴിക്കാതെ കിടന്നിരുന്ന ഒരമ്മ. ഇവരുടെ മൂത്തമകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. ആകെയുളളത് കാഴ്ചശേഷിയില്ലാത്ത ഇളയ മകന്‍ മാത്രമായിരുന്നു. ഇവരെയൊക്കെ ആശ്വസിപ്പിക്കാന്‍ പഠിച്ച തെറപ്പികളൊന്നും പോരെന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്,” സിസ്റ്റര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍

പക്ഷേ, രണ്ടുമണിക്കൂര്‍ നീണ്ട കൗണ്‍സലിങ്ങിനും ഹീലിങ്ങിനും ശേഷം കടലില്‍ പോകാന്‍ ഭയന്നിരുന്ന ആ അറുപതുകാരന്‍ പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരുപാട് സ്ത്രീകളെയും കുട്ടികളെയും പതിയെ ആണെങ്കിലും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മനക്കരുത്തുള്ളവരാക്കാന്‍ ഹൃദയാരാം സംഘത്തിന് കഴിഞ്ഞു.

“കൗണ്‍സലിങ്ങിലൂടെയും സൈക്കോതെറാപ്പിയിലൂടെയും ഹീലിങ്ങിലൂടെയുമുണ്ടായ അദ്ഭുതകരമായ മാറ്റം തിരിച്ചറിഞ്ഞ ഫാദര്‍ ജസ്റ്റിന്‍ ജൂഡിന്‍ മനഃശാസ്ത്രം പഠിക്കാനായി കണ്ണൂരിലെത്തി ഹൃദയാരാമില്‍ കോഴ്സിന് ചേര്‍ന്നു,” ഹൃദയാരാം കമ്യൂണിറ്റി കോളെജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ജ്യോതിസ് പാലക്കല്‍ പറഞ്ഞു.

സിസ്റ്റര്‍ ട്രീസ പാലക്കല്‍ കൗണ്‍സിലിങ്ങിലേക്കും മനഃശ്ശാസ്ത്രത്തിലേക്കും എത്തിയതിന് പിന്നില്‍ ഒരു പഴയ സ്‌കൂള്‍ കഥയുണ്ട്.

പൊതുവെ സ്‌കൂളില്‍ പിന്‍ബെഞ്ചിലിരിക്കുന്നവര്‍ക്ക് അത്ര നല്ലൊരു പേരല്ലല്ലോ ഉണ്ടാവാറ്. ടീച്ചര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നവരെയാണല്ലോ സാധാരണ പുറകിലെ ബെഞ്ചുകളിലേക്ക് തള്ളിവിടുന്നത്.

എന്നാല്‍ ഈ പിന്‍ബെഞ്ചുകാരാണ് സിസ്റ്റര്‍ ട്രീസ പാലക്കലിനെ മനഃശ്ശാസ്ത്രം ‘പഠിപ്പിച്ച’തെന്ന് പറയാം.

ക്ലാസ്സിലെ വികൃതിക്കൂട്ടത്തെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ സിസ്റ്റര്‍ ട്രീസ തയ്യാറായിരുന്നില്ല. സ്നേഹവും വാത്സല്യവും കൂടുതല്‍ കൊടുത്തപ്പോള്‍ കുട്ടികള്‍ പതിയെ മിടുക്കരായി. എങ്കില്‍ അല്പം മന:ശ്ശാസ്ത്രം കൂടി പഠിച്ചാലോയെന്നായി ചിന്ത.

കടലിനെ ഭയന്നിരുന്ന ആ 60-കാരന്‍ആഴ്ചകള്‍ നീണ്ട  കൗണ്‍സലിങ്ങിനും തെറാപ്പിയ്ക്കും ശേഷം പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു.Photo: Flickr/KR Ranjith

അങ്ങനെ പത്തുവര്‍ഷത്തെ അധ്യാപനജീവിതത്തില്‍ നിന്ന് താത്ക്കാലിക അവധിയെടുത്ത് നേരെ ഫിലിപ്പീന്‍സിലേക്ക് പറന്നു.

”പത്തുവര്‍ഷം കണ്ണൂര്‍ പെരുമ്പടവ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു ഞാന്‍,” സിസ്റ്റര്‍ ട്രീസ പാലക്കല്‍ പറയുന്നു. “കുട്ടികളുടെ മനഃശാസ്ത്രം അല്പം അറിഞ്ഞുപെരുമാറിയാല്‍ അവരെ കൈയ്യിലെടുക്കാന്‍ എളുപ്പമാണ്. അങ്ങനെയാണ് മനഃശാസ്ത്രം ശാസ്ത്രീയമായി പഠിക്കണമെന്ന തീരുമാനത്തില്‍ ഫിലിപ്പീന്‍സിലെത്തുന്നത്.”

അവിടെ ലെസാല്‍ സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ കൗണ്‍സലിങ് സൈക്കോളജിയില്‍ എം. എസ്.സി പൂര്‍ത്തിയാക്കി. പിന്നീട് ഗവേഷണവും നടത്തി. ഇതിനിടയില്‍ ഫാമിലി കൗണ്‍സലിങ്ങില്‍ ഒരു വര്‍ഷത്തെ നോണ്‍-ഡിഗ്രി ഡിപ്ലോമയും സിസ്റ്റര്‍ ട്രീസ പൂര്‍ത്തിയാക്കി.

“തിരിച്ച് നാട്ടിലെത്തുമ്പോള്‍ മറ്റുളളവരെ ഏറെ സഹായിക്കാനാകുമെന്ന ചിന്തയായിരുന്നു മനസ്സില്‍. എനിക്ക് കിട്ടിയ അറിവുകള്‍ അധ്യാപകര്‍ക്ക് പകര്‍ന്നുനല്‍കണം. അവരിലൂടെ കുട്ടികളിലേക്കെത്തും. അങ്ങനെ ഏറെ കൊതിച്ചുകിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു കൗണ്‍സലിങ്ങിലേക്ക് വഴിമാറി. 2000-ല്‍ കണ്ണൂര്‍ തളാപ്പില്‍ ‘ഹൃദയാരാം ‘ എന്ന പേരില്‍ കൗണ്‍സലിങ്, സൈക്കോതെറാപ്പി സെന്‍റര്‍ തുടങ്ങി.”

ഹൃദയാരാമിന്‍റെ തുടക്കത്തില്‍ കൗണ്‍സലിങ്ങിനെക്കുറിച്ച് സമൂഹത്തില്‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല എന്ന് സിസ്റ്റര്‍ പറയുന്നു.

ഹൃദയാരാം

“മാനസികരോഗമുളളവര്‍ക്കാണ് കൗണ്‍സലിങ് എന്ന ധാരണയായിരുന്നു പലര്‍ക്കും. അതുകൊണ്ടുതന്നെ ഒരുപാട് ചോദ്യങ്ങളും നേരിട്ടിരുന്നു. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സെന്‍റര്‍ തുടങ്ങിയതിന്‍റെ അടുത്തദിവസം എട്ടാംക്ലാസില്‍ പഠിക്കുന്ന മകനുമായി ഒരച്ഛനെത്തി. എന്‍റെ തീരുമാനം തെറ്റിയിട്ടില്ലെന്നും സമൂഹത്തില്‍ കൗണ്‍സലിങ് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞു.

“എന്തുവന്നാലും ഇനി പിറകോട്ടേക്കില്ലെന്ന് അതോടെ മനസ്സിലുറപ്പിച്ചു. അന്നുമുതലിന്നോളം പലതരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മനസ്സിനേറ്റ മുറിവുകളുമായി ഒരുപാടുപേര്‍ ഹൃദയാരാമിലേക്ക് എത്തിത്തുടങ്ങി. കൗണ്‍സലിങ്ങില്‍ നിന്നുമുളള വരുമാനത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടേയില്ല.

”കൗണ്‍സലിങ്ങില്‍ നിന്നുളള വരുമാനം ഒരിക്കലും ജീവിതച്ചെലവിന് പൂര്‍ണമായും തികയാറില്ല. ഞാനുള്‍പ്പെടുന്ന കോണ്‍ഗ്രിഗേഷനായ തിരുഹൃദയ സന്ന്യാസിനീ സമൂഹം ലാഭനഷ്ടങ്ങള്‍ നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രിഗേഷന്‍റെ സഹായത്തോടുകൂടിയാണ് ഹൃദയാരാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്,” സിസ്റ്റര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: ചേരിയിലെ 250 കുട്ടികള്‍ക്ക് ഫ്ലൈ ഓവര്‍ സ്ലാബിന് താഴെ സ്കൂള്‍! ഒരു തലമുറയെ മാറ്റിയെടുക്കാന്‍ 25-കാരനായ വിദ്യാര്‍ത്ഥിയുടെ ശ്രമങ്ങള്‍


അധ്യാപകരെ ഉദ്ദേശിച്ചുളള കൗണ്‍സലിങ് ക്ലാസ്സുകളായിരുന്നു ആദ്യകാലങ്ങളില്‍ ഹൃദയാരാമില്‍ കൂടുതല്‍. കൂട്ടത്തില്‍ കൗണ്‍സലിങ്ങും. ഇതിനിടയില്‍ ഹൃദയാരാമിലെ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കി. കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തി നല്‍കി.

കണ്ണൂര്‍ യൂണിവേഴ്സിറ്റി 2006-ല്‍ ഹൃദയാരാമിനെ കമ്യൂണിറ്റി കോളെജായി അംഗീകരിച്ചു. സമൂഹനന്മയ്ക്ക് ഉപകരിക്കുന്ന തൊഴിലധിഷ്ഠിതമായ കോഴ്സുകള്‍ കാലഘട്ടത്തിനനുസരിച്ച് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഉപകരിക്കുന്ന പഠനസംവിധാനമാണ് കമ്യൂണിറ്റി കോളെജ്. ഇന്ത്യയില്‍ വളരെ ചുരുക്കം യൂണിവേഴ്സിറ്റികള്‍ മാത്രമാണ് അന്ന് ഈ ആശയം സ്വീകരിച്ചിരുന്നത്.

അങ്ങനെ കേരളത്തില്‍ യൂണിവേഴ്സിറ്റി അംഗീകാരത്തോടെ കൗണ്‍സലിങ്ങിനുളള ആദ്യ കമ്യൂണിറ്റി കോളെജായി ഹൃദയാരാം മാറി. പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് ആന്‍റ് സൈക്കോതെറാപ്പി എന്ന കോഴ്സാണ് ഇവിടെയുളളത്. അധ്യാപകരെ മുന്‍നിര്‍ത്തിയാണ് കോഴ്സ് തുടങ്ങിയതെങ്കിലും വിവിധ മേഖലകളിലുളളവര്‍ വിദ്യാര്‍ത്ഥികളായുണ്ട്. പൊലീസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, രാഷ്ട്രീയക്കാര്‍, ബിസ്സിനസ്സുകാര്‍, വീട്ടമ്മമാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഒക്കെ ഇക്കൂട്ടത്തിലുണ്ട്.

“ആരും കോഴ്സ് പൂര്‍ത്തിയാക്കി വെറുതെ പഠിച്ചിറങ്ങുന്നവരല്ല. സ്വയം തിരിച്ചറിയുന്നതിനൊപ്പം മറ്റുളളവരെ അറിയാന്‍ പഠിച്ചും വേദനിക്കുന്നവര്‍ക്ക് ആശ്വാസമാകണമെന്നുളള ചിന്തയിലുമാണ് ഇവര്‍ പുറത്തിറങ്ങുന്നത്,” സിസ്റ്റര്‍ ട്രീസ അഭിമാനത്തോടെ തുടരുന്നു. “ഇവിടെ പഠിച്ചിറങ്ങുന്നവരുടെ കൂട്ടായ്മ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. പലരും ജോലിയില്‍ നിന്ന് അവധിയെടുത്താണ് സേവനസന്നദ്ധരായി ഓടിയെത്താറുളളത്.

”സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹൃദയാരാമിന്‍റെ നന്മക്കൂട്ടത്തിലെ അംഗങ്ങള്‍ ഓടിയെത്തും. എന്തെങ്കിലും ചെയ്താലോ സിസ്റ്ററേയെന്ന ചോദ്യവുമായി.”

അങ്ങനെയുളള ഒരു അന്വേഷണത്തിന്‍റെ ഭാഗമായാണ് പൂന്തുറയിലെ ഓഖി ദുരന്തബാധിതമേഖലയില്‍ ആ സംഘം എത്തുന്നത്.

പ്രളയബാധിത പ്രദേശങ്ങളിലുളളവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ ഹൃദയാരാമിന്‍റെ സഹായം തേടിയിരുന്നു. പ്രളയശേഷം എല്ലാം നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തില്‍ വിഷം കഴിക്കാന്‍ തീരുമാനിച്ച കുടുംബം, വെളളം കാണുമ്പോള്‍ പേടിച്ച് കുളിക്കാത്തവര്‍, ഏക്കറുകണക്കിന് വാഴക്കൃഷി നശിച്ചതില്‍ മനസ്സു വിഷമിച്ച് സംസാരശേഷി നഷ്ടമായവര്‍ ഇങ്ങനെ പലതരത്തിലുളള ആളുകളെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന്‍റെ നിരവധി അനുഭവങ്ങളുണ്ട് സിസ്റ്റര്‍ ട്രീസയ്ക്കും സംഘത്തിനും പറയാന്‍.

ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍

പ്രളയത്തിന് ശേഷം എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ‘ഹൃദയഹസ്തം’ എന്ന പേരിലാണ് മാനസിക ശാക്തീകരണ കൗണ്‍സലിങ് നടത്തിയത്.

“പ്രളയം തകര്‍ത്തെറിഞ്ഞത് പലരുടെയും മാനസികഭദ്രത കൂടിയായിരുന്നു. ദേഷ്യം, സങ്കടം, ഭയം, നിരാശ, ആത്മഹത്യാപ്രവണത, സംസാരശേഷി നഷ്ടമാകല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇവിടെയുളളവരെ അലട്ടിയിരുന്നു. ഒന്നാംഘട്ടത്തില്‍ പ്രളയത്തിനിരയായവര്‍ക്ക് ഉണ്ടായിരുന്ന ദേഷ്യം, നിസ്സംഗത, ഉറക്കമില്ലായ്മ, പേടി, ആത്മഹത്യാപ്രവണത എന്നിവ കൗണ്‍സലിങ്ങിലൂടെയും സൈക്കോ തെറാപ്പിയിലൂടെയും പരിഹരിച്ചു. രണ്ടാംഘട്ടത്തില്‍ ഈ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വ്യക്തിഗത കൗണ്‍സലിങ്ങും ഗ്രൂപ്പ് കൗണ്‍സലിങ്ങും നല്‍കി. നാഷനല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍,” സിസ്റ്റര്‍ ട്രീസ വിശദമാക്കി.

പ്രളയവും ഉരുള്‍പൊട്ടലും മനസ്സിനേല്‍പ്പിച്ച മുറിവുകളില്‍ സാന്ത്വനവുമായി ഹൃദയാരാം സംഘം വയനാട്ടിലുമെത്തിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ കൗണ്‍സിലിങ്ങും ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ സ്ഥലങ്ങളില്‍ വ്യക്തിഗത കൗണ്‍സിലിങ്ങും നടത്തി. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രത്യേക സൈക്കോ തെറാപ്പിയും കൗണ്‍സിലിങ്ങും നടത്തി.

കണ്ണൂര്‍ പെരുമണ്ണില്‍ വാഹനാപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ സാന്ത്വനവുമായി ഹൃദയാരാം സംഘം പോയിരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ടു വന്ന ജീപ്പ് പാഞ്ഞുകയറി പത്ത് കുഞ്ഞുങ്ങളാണ് മരിച്ചത്. മനസ്സിനെ നടുക്കിയ ദുരന്തം.

“അപകടം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നാടാകെ അപകടത്തിന്‍റെ ആഘാതത്തില്‍ നിന്ന് വിട്ടുമാറിയിരുന്നില്ല. സംഭവത്തെത്തുടര്‍ന്ന് മരിച്ചതും അപകടത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ച്ചയായ കൗണ്‍സലിങ്ങിലൂടെയും പ്ലേ തെറാപ്പിയിലൂടെയുമാണ് സ്‌കൂളിലെ പേടിപെടുത്തുന്ന അന്തരീക്ഷം പഴയ സ്ഥിതിയിലേക്ക് മാറിയത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട ഒരു കുട്ടിയുടെ വീട്ടുമുറ്റത്ത് ഹൃദയാരാമിന്‍റെ നേതൃത്വത്തില്‍ സ്നേഹസംഗമം ഒരുക്കിയിരുന്നു,” സിസ്റ്റര്‍ ഓര്‍ക്കുന്നു.

കൗണ്‍സലിങ്ങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഹൃദയാരാമിന്‍റെ ആദ്യ ശാഖ കണ്ണൂര്‍ കൂടാളിയില്‍ 2008 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇരിട്ടിയിലും പുതിയ സെന്‍റര്‍ തുടങ്ങിയിട്ടുണ്ട്. വിവിധ വിഭാഗക്കാര്‍ക്കുളള കൗണ്‍സലിങ് സൗകര്യങ്ങള്‍ ഹൃദയാരാമിലുണ്ട്.

കൗമാരക്കാര്‍ക്കായി കൗമാരശ്രേയസ്സ്, ദമ്പതികള്‍ക്കായി ദാമ്പത്യശ്രേയസ്സ്, കുടുംബശ്രേയസ്സ് , വിനിമയവിസ്മയം എന്നിവ അവയില്‍ച്ചിലതാണ്. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ വേദിയൊരുക്കുന്ന ‘ഞങ്ങളുടെ ലോകം ‘ പദ്ധതിയുമുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി കൗണ്‍സലിങ് ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.

”വര്‍ഷങ്ങള്‍ക്ക് മുമ്പ് കൗണ്‍സലിങ് നല്‍കിയവരില്‍ ഇപ്പോഴും വിളിക്കുന്നവരുണ്ട്. കാലങ്ങള്‍ക്കുശേഷം വരുന്ന ചില ഫോണ്‍കോളുകള്‍. അതാണ് ഞങ്ങളുടെ സന്തോഷവും.” അത്തരമൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു.

“ചെയ്യുന്ന തൊഴിലിലൊന്നും യാതൊരു സംതൃപ്തിയും കിട്ടാതെ എന്നും പുതിയ തൊഴില്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ ഏറെ വിഷമിച്ചാണ് ഹൃദയാരാമില്‍ കൗണ്‍സലിങ്ങിനായെത്തിയത്. പല സ്ഥലങ്ങളില്‍ ജോലി ചെയ്തെങ്കിലും അയാള്‍ സന്തോഷവാനായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും അയാളെ വല്ലാതെ അലട്ടിയിരുന്നു.

“കുറെ നേരം സംസാരിച്ചു.  സൈക്കോതെറാപ്പിയ്ക്ക് ശേഷമാണ് അവന്‍റെ സാമ്പത്തികപ്രതിസന്ധി ഞാന്‍ മനസ്സിലാക്കിയത്. അതിനാല്‍  കൗണ്ടറിലെത്തി  അവന്‍ അടച്ച രജിസ്‌ട്രേഷന്‍ ഫീസ് തിരിച്ചുനല്‍കി.

“കുറച്ചുനാള്‍ മുമ്പ് നമ്പര്‍ തപ്പിപ്പിടിപ്പ് അയാള്‍ ഹൃദയാരാമിലേക്ക് വിളിച്ചു. അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുമ്പോള്‍ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“ചെന്നൈയില്‍ ഉന്നത ഉദ്യോഗസ്ഥനാണ് അയാളിപ്പോള്‍. അന്ന് തിരിച്ചുനല്‍കിയ പണം ചെന്നൈയിലെ  ഓഫീസ് മേശയുടെ ചില്ലിന് താഴെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് അവനറിയിച്ചപ്പോള്‍ ശരിക്കും എന്‍റെ കണ്ണുനിറഞ്ഞുപോയി,” സിസ്റ്റര്‍ പറയുന്നു.

ഹൃദയാരാമിന്‍റെ പ്രവര്‍ത്തകരില്‍ ചിലര്‍

കൂട്ടായ്മയുടെ കരുത്താണ് ഹൃദയാരാമിന്‍റെ വിജയം. മനസ്സിലെ നന്മ സ്വയം തിരിച്ചറിയുന്ന നിമിഷം മുതല്‍ ഇവിടെയെത്തുന്ന ഓരോരുത്തരും ഈ നന്മക്കൂട്ടത്തിന്‍റെ ഭാഗമാകും. പത്തുപേരടങ്ങുന്ന കൗണ്‍സലിങ്, സൈക്കോതെറാപ്പി സംഘവും ഹൃദയാരാം കമ്മ്യൂണിറ്റി കോളെജില്‍ നിന്ന് വര്‍ഷം തോറും പഠിച്ചിറങ്ങിയവരും പൂര്‍ണപിന്തുണയുമായി സിസ്റ്റര്‍ ട്രീസയ്ക്കൊപ്പമുണ്ട്.

” ഹൃദയാരാമിന്‍റെ ഭാഗമായിട്ടുളള സിസ്റ്റേഴ്‌സ് എല്ലാവരും തന്നെ കാലഘട്ടത്തിന്‍റെ ആവശ്യം മനസ്സിലാക്കി ജനനന്മയ്ക്കായി എന്നും ഒപ്പമുണ്ട്. എന്നെപ്പോലെ തന്നെ കൗണ്‍സലിങ് മേഖലയിലുളള മറ്റ് സിസ്‌റ്റേഴ്‌സിനെയും  ഉന്നതവിദ്യാഭ്യാസം നല്‍കിയശേഷം കൗണ്‍സലിങ്ങിനായി നിയോഗിക്കുകയായിരുന്നു. ആത്മാര്‍ത്ഥതയോടെ ഈ മേഖലയില്‍ കൈകോര്‍ക്കുന്ന ഇവരുടെ കൂട്ടായ്മയാണ് ഹൃദയാരാം.

” ഇവരെക്കൂടാതെ ഓരോ വര്‍ഷവും കമ്യൂണിറ്റി കോളെജില്‍ നിന്ന് കൗണ്‍സലിങ്ങും സൈക്കോതെറാപ്പിയും പഠിച്ചിറങ്ങുന്ന പ്രൊഫഷണല്‍സും ഹൃദയാരാമിന്‍റെ ഭാഗമാണ്.  അവരില്‍ ഭൂരിഭാഗവും നന്മയ്ക്കായി ഏതു സാഹചര്യത്തിലും ഹൃദയാരാമിനോട് കൈകോര്‍ത്തുനില്‍ക്കുന്നവരാണ്. ജനനന്മയ്ക്കുളള ഇടപെടലിന്‍റെ ആവശ്യം വന്നാല്‍ ഒരു വിളിപ്പുറത്ത് അവരുണ്ട്,”

“ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരാണവരെല്ലാം. ഓഖി, പ്രളയം എന്നിങ്ങനെയുളള ദുരന്തങ്ങളില്‍  അബ്ദള്‍ ഗഫൂര്‍, വി.വി. റിനേഷ് തുടങ്ങിവരെല്ലാം  പണവും സമയവും അവധിയും നഷ്ടപ്പെടുത്തി ഞങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്,” ഒപ്പം നിന്ന ആ മുഖങ്ങളെല്ലാം നന്ദിയോടെ ഓര്‍ത്തുകൊണ്ട് സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇരുപത് വര്‍ഷത്തിനുളളില്‍ നിരവധി പുരസ്‌ക്കാരങ്ങളാണ് ഹൃദയാരാമിനെയും ഡോ. സിസ്റ്റര്‍ ട്രീസയെയും തേടിയെത്തിയിട്ടുളളത്.


ഇതുകൂടി വായിക്കാം: കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം