ഡോക്റ്ററാവാന്‍ കൊതിച്ചു, പക്ഷേ, അച്ഛന്‍ പഠിപ്പിച്ച സ്‌കൂളില്‍ 12 വര്‍ഷം തൂപ്പുകാരിയായി…ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് അധ്യാപിക

“എന്‍റെ ശമ്പളമില്ലാതെ വരുമാനമെന്നു പറയാന്‍ ഒരു സെന്‍റ് സ്ഥലത്തെ കൃഷി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നെ ഞാന്‍ എന്‍റെ ജോലിയെ സ്‌നേഹിച്ചു തുടങ്ങി”

ഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന മകള്‍; ആ മകളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറുള്ള ഒരച്ഛന്‍. ഇതായിരുന്നു ലിന്‍സയും പിതാവ് രാജനും.

അച്ഛന്‍ അധ്യാപകനായിരുന്നു എങ്കിലും ഒരിക്കലും ഒരു അധ്യാപികയാകാന്‍ ലിന്‍സ ആഗ്രഹിച്ചിരുന്നില്ല. ഡോക്റ്ററാകുക എന്നതായിരുന്നു ആഗ്രഹം.

എന്നാല്‍ ഭാഗ്യക്കുറവ് മൂലം അത് നടന്നില്ല. പിന്നീട് സ്‌കൂളില്‍ തൂപ്പുകാരിയായി ജോലിക്ക് കയറിയത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍.

“ഡിഗ്രി കാലഘട്ടത്തില്‍ ഒരു സ്‌കൂളിലെ തൂപ്പുജോലി ചെയ്യേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്,” ഏറെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞു നില്‍ക്കുന്ന ജീവിത കഥ ലിന്‍സ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

”അന്ന് ജോലി വളരെ ആവശ്യമായിരുന്നു. എന്നാല്‍ ഒന്നോര്‍ക്കണം, ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്നേയുള്ളൂ. സഹപാഠികള്‍ എല്ലാവരും കോളെജ് ജീവിതം ആസ്വദിക്കുമ്പോള്‍ ഞാന്‍ നിലനില്‍പ്പിനായി സ്‌കൂളും പരിസരവും അടിച്ചു വാരുകയാണ്,” സങ്കടം സഹിക്കാന്‍ കഴിയാതെ ലിന്‍സ ഒരുപാട് കരഞ്ഞു.

ലിന്‍സ

കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായിരുന്നു രാജന്‍ മാഷ്. അദ്ദേഹത്തിന് രണ്ടു മക്കള്‍. ഒരു പെണ്ണും ഒരാണും. മക്കളില്‍ മൂത്തവളായിരുന്നു ലിന്‍സ. മക്കള്‍ രണ്ടുപേരും പഠിക്കാന്‍ മിടുക്കര്‍. കോഴിക്കോട്ടുകാരനായ രാജന്‍ മാഷ് ജോലിയുടെ ഭാഗമായാണ് കാസര്‍ഗോഡ് എത്തുന്നത്. പിന്നീട് അവിടെ സ്ഥിരതാമസക്കാരനായി.

മക്കളെ അവര്‍ക്ക് ഇഷ്ടമുള്ളത്രയും പഠിപ്പിക്കണം, അവര്‍ നല്ല ജോലി സമ്പാദിക്കുന്നത് കാണണം, ഒരച്ഛന്‍ എന്ന നിലയില്‍ സംതൃപ്തിയോടെ ഇരിക്കണം. ഇത്രയൊക്കെ മാത്രമേ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുള്ളു.

ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടു. അതോടെ ആ കുടുംബം കണ്ടുകൂട്ടിയ സ്വപ്നങ്ങളെല്ലാം മങ്ങി.

2001-ലാണ് രാജന്‍ മരിക്കുന്നത്. പഠനം പൂര്‍ത്തിയാകാത്ത രണ്ടു മക്കളുമായി എന്ത് ചെയ്യണം എന്നറിയാതെ അദ്ദേഹത്തിന്‍റെ ഭാര്യ ധര്‍മ്മസങ്കടത്തിലായി.

സഹോദരന്മാര്‍ കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എങ്കിലും കുടുംബത്തിന് സ്വന്തമായി ഒരു വരുമാനം വേണമെന്ന ചിന്ത ആ സ്ത്രീയെയും മക്കളെയും അലട്ടിക്കൊണ്ടിരുന്നു.

ആ അവസ്ഥയിലാണ് മാഷ് ജോലി ചെയ്തിരുന്ന സ്‌കൂളില്‍ സ്വീപ്പര്‍ പോസ്റ്റില്‍ ഒരു ഒഴിവുണ്ടാകുന്നത്. അന്നത്തെ പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ മാഷിന്‍റെ വീട്ടില്‍ വിവരം അറിയിച്ചു.

രാജന്‍ മാഷ് ജോലിയിലിരിക്കെ മരിച്ചതിനാല്‍ ആശ്രിതനിയമനം എന്ന രീതിയില്‍ മകള്‍ക്ക് ആ ജോലി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. ലിന്‍സ ബി എ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി നിയമനം കിട്ടുകയും ചെയ്തു.


വീഴ്ചകള്‍ക്ക് നടുവില്‍ കിട്ടിയ പിടിവള്ളിയായിരുന്നു ആ ജോലി.


എങ്കിലും പ്രായത്തിന്‍റെ പക്വതക്കുറവ് മൂലം അത് ചെയ്യുന്നതില്‍ തുടക്കത്തില്‍ വലിയ സങ്കടമായിരുന്നുവെന്ന് ലിന്‍സ തുറന്നുപറയുന്നു.

“അമ്മയോട് പരാതി പറഞ്ഞു കരയുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും. പിന്നെ പയ്യെപ്പയ്യെ ഞാനത് മറന്നു. വീടിന്‍റെ നിലനില്‍പ്പാണല്ലോ പ്രധാനം. എന്‍റെ ശമ്പളമില്ലാതെ വരുമാനമെന്നു പറയാന്‍ ഒരു സെന്‍റ് സ്ഥലത്തെ കൃഷി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നെ ഞാന്‍ എന്‍റെ ജോലിയെ സ്‌നേഹിച്ചു തുടങ്ങി,” ലിന്‍സ പറയുന്നു.

വീട്ടു ചെലവുകള്‍, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അനിയന്‍റെ പഠനം… അങ്ങനെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഏത് വിധേനയും ജീവിതത്തില്‍ മുന്നേറണം എന്ന വാശിയായി. സര്‍ക്കാര്‍ പേ സ്‌കെയില്‍ അനുസരിച്ചായിരുന്നു ശമ്പളം. സഹപ്രവര്‍ത്തകന്‍റെ മകള്‍ എന്ന പരിഗണന സ്‌കൂളിലെ മറ്റധ്യാപകര്‍ ലിന്‍സയ്ക്ക് നല്‍കി.

ലിന്‍സ

അത് സത്യത്തില്‍ ഒരു വലിയ പ്രചോദനമായിരുന്നുവെന്ന് ലിന്‍സ. ഏത് ജോലിയ്ക്കും അതിന്റെതായ മഹത്വമുണ്ടെന്നും പഠനം നിര്‍ത്തരുത് തുടരണമെന്നുമെല്ലാം പറഞ്ഞു കൊടുത്തത് അച്ഛന്‍റെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ തന്നെയായിരുന്നു.

സ്‌കൂളിലെ തൂപ്പുജോലിക്കിടയില്‍ ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദം  പൂര്‍ത്തിയാക്കി.

സ്വീപ്പര്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ അവധിക്ക് പോയപ്പോള്‍ ഉണ്ടായ ഒഴിവിലാണ് ലിന്‍സ ജോലിയില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ 2006-ല്‍ അവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതോടെ ലിന്‍സയുടെ ജോലി പോയി. അപ്പോഴേക്കും ലിന്‍സയുടെ വിവാഹവും കഴിഞ്ഞിരുന്നു. വീടിന്‍റെ നടത്തിപ്പ് ഭര്‍ത്താവ് ഏറ്റെടുത്തതോടെ ലിന്‍സ ബി എഡ് പഠനത്തിന് ചേര്‍ന്നു.

ജീവിതഗതി മാറ്റിയ ബിഎഡ് പഠനം

സ്‌കൂളിലെ തൂപ്പുജോലി പോയതോടെ ഉന്നത പഠനം ആരംഭിക്കാന്‍ തീരുമാനിച്ചു. അഞ്ചു വര്‍ഷത്തോളം സ്‌കൂളില്‍ ജോലിക്ക് പോയപ്പോഴെല്ലാം കൂട്ട് അച്ഛന്‍റെ അധ്യാപക സുഹൃത്തുക്കളായിരുന്നു. അവര്‍ കാണിച്ചു തന്ന വഴിയിലൂടെയാണ് നാളത്രയും സഞ്ചരിച്ചത്. അങ്ങനെ സ്വപ്നത്തില്‍ അതുവരെ ഇല്ലാതിരുന്ന അധ്യാപനം എന്ന പ്രൊഫഷനോട് മനസ് കൊണ്ടടടുത്തു.

അങ്ങനെ ബിഎഡിന് ചേര്‍ന്നു. 2006-ല്‍ തൂപ്പുജോലിയും നഷ്ടമായെങ്കിലും 2008-ല്‍ ബിഎഡ് പാസായി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും നേടി .

ബിഎഡ് പാസായിക്കഴിഞ്ഞതോടെ, അണ്ണാമലൈ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ എം എ ഇംഗ്ലീഷിന് ചേര്‍ന്നു. സമാനകാലയളവില്‍ തന്നെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി.

പഠനം പൂര്‍ത്തിയായശേഷം കാസര്‍ഗോട്ടെ ഒരു ലൈബ്രറിയില്‍ ഒന്നരവര്‍ഷക്കാലം ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പിന്നീട് ചില സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി.

കുടുംബത്തോടൊപ്പം

വീണ്ടും തൂപ്പുകാരി

അധ്യാപികയായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് 2012-ല്‍ കഥയിലെ അടുത്ത ട്വിസ്റ്റ് വരുന്നത്. മുന്‍പ് സ്വീപ്പര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രധാനാധ്യാപിക പ്രവീണ വിളിക്കുന്നു. നേരത്തെ ചെയ്തിരുന്ന ഇഖ്ബാല്‍ സ്‌കൂളില്‍ തൂപ്പുകാരിയുടെ സ്ഥിരമായ ഒഴിവുണ്ടായിരിക്കുന്നു. മുന്‍പരിചയമുള്ളതുകൊണ്ട് അവിടെ സ്ഥിരനിയമനം നല്കുന്നതിനായാണ് വിളിച്ചത്.


ഇതുകൂടി വായിക്കാം: ‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു.


ലിന്‍സ ആ ക്ഷണം സ്വീകരിച്ചു. അഞ്ച് വര്‍ഷം അധ്യാപികയായി ജോലിചെയ്തതിന് ശേഷം വീണ്ടും തൂപ്പുജോലിയിലേക്ക്.

ഈ തിരിച്ചു വരവില്‍ ആ ജോലി ലിന്‍സയ്ക്ക് ഒട്ടും ഭാരമായി തോന്നിയില്ല. ഓരോ ജോലിക്കും അതിന്‍റേതായ മഹിമയുണ്ടെന്ന് ലിന്‍സ അതിനോടകം അനുഭവത്തില്‍ നിന്നും മനസിലാക്കിയിരുന്നു.

അധ്യാപികയായി പരിചയസമ്പത്തുള്ളതിനാല്‍ അതിന്‍റെ ഒരു പ്രത്യേക ബഹുമാനവും സ്‌കൂളില്‍ നിന്നും ലഭിച്ചിരുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിലിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. ലിന്‍സ അതനുസരിച്ചു. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസായതോടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഏഴാം ക്ളാസിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി നിയമിച്ചു. അങ്ങനെ 2018-ല്‍ 12 വര്‍ഷത്തോളം തൂപ്പു ജോലി ചെയ്തിരുന്ന അതെ സ്‌കൂളില്‍ അധ്യാപികയുടെ വേഷത്തില്‍ ലിന്‍സയെത്തി.

ലിന്‍സ

ഒരു യുപി സ്‌കൂള്‍ അധ്യാപികയുടെ റോളില്‍ മാത്രമായി ഒതുങ്ങാന്‍ ലിന്‍സ തയ്യാറായിരുന്നില്ല. പഠനം തുടര്‍ന്നു. യുപി,ഹൈസ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള യോഗ്യത നേടിയതിനെത്തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) വിജയിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒടുവില്‍ സെറ്റും ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി.

ഇന്നലെ വരെ സ്‌കൂളിലെ തൂപ്പു ജോലി ചെയ്തിരുന്നയാള്‍ പഠിപ്പിക്കാന്‍ വരുമ്പോള്‍ കുട്ടികള്‍ എങ്ങനെ സ്വീകരിക്കും എന്ന കാര്യത്തില്‍ ലിന്‍സയ്ക്ക് തീരെ ആശങ്കയുണ്ടായിരുന്നില്ല. 2012-ല്‍ രണ്ടാം വട്ടം തൂപ്പുജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ലിന്‍സ ഒരു അധ്യാപിക ആയിരുന്നു എന്ന കാര്യം സ്‌കൂളില്‍ എല്ലാവരും അറിഞ്ഞിരുന്നു.

ജോലി കഴിഞ്ഞുള്ള സമയം കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഗ്രാമര്‍ പറഞ്ഞുകൊടുക്കുന്നതിനും മറ്റും ലിന്‍സ സമയം കണ്ടെത്തിയിരുന്നു. അധ്യാപനത്തോടുള്ള ലിന്‍സയുടെ താല്‍പര്യം തിരിച്ചറിഞ്ഞ പ്രിന്‍സിപ്പല്‍ പ്രവീണ അച്ഛന്‍ പഠിപ്പിച്ച അതേ സ്‌കൂളില്‍ തന്നെ മകള്‍ അധ്യാപികയായി വരണം എന്ന് ആഗ്രഹിച്ചു. എന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇതൊരു അത്ഭുതമായിരുന്നെന്നു ലിന്‍സ.

ലിന്‍സ ടീച്ചര്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം

ആദ്യദിവസം മുതല്‍ക്ക് തന്നെ കുട്ടികള്‍ ലിന്‍സ ടീച്ചറെ സ്‌നേഹത്തോടെ സ്വീകരിച്ചു. ടീച്ചറായി രണ്ടാം ഇന്നിംഗ്സിന് ലിന്‍സ അഭിമാനത്തോടെ തുടക്കം കുറിച്ചു.  ഇപ്പോള്‍ ആറ് മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അവര്‍. ലിന്‍സയ്ക്ക് ഭാവിയില്‍ സ്‌കൂളിന്‍റെ പ്രിന്‍സിപ്പല്‍ വരെ ആകാനുള്ള കഴിവുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ പ്രവീണ പറയുന്നത്.

“ജീവിതത്തില്‍ എനിക്ക് കിട്ടിയതത്രയും ഞാന്‍ ആഗ്രഹിച്ചു നേടിയവല്ല. എന്‍റെ നന്മയാഗ്രഹിക്കുന്നവര്‍ കാണിച്ചു തന്ന വഴിലൂടെ ഞാന്‍ നടന്നു. ഉള്ളിലെ ലക്ഷ്യം നല്ലതാണെങ്കില്‍ വിജയം നമ്മെ തേടി വരും. അത് മാത്രമാണ് എന്‍റെ വിജയത്തിനാധാരം,” ലിന്‍സ ടീച്ചര്‍ പറയുന്നു.

”ആഗ്രഹിച്ചതെല്ലാം നേടാന്‍ പറ്റിയില്ലെങ്കിലും ഉള്ളിലെ ആഗ്രഹം തീവ്രമാണെങ്കില്‍ അതില്‍ നന്മയുടെ അംശമുണ്ടെങ്കില്‍ ഒരിക്കലും വിധി നമ്മെ തോല്‍പ്പിക്കില്ല. അതുകൊണ്ടാണല്ലോ, അച്ഛന്‍റെ മരണശേഷം എവിടെയോ ജീവിതം നിലച്ചു പോകേണ്ട നിലയില്‍ നിന്നും ഒരു അധ്യാപികയുടെ കുപ്പായത്തിലേക്ക് ഞാന്‍ എത്തിയത്,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭര്‍ത്താവിന്‍റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ ലിന്‍സയുടെ വീട്ടിലെത്തിയതോടെയാണ് അതുവരെ സ്‌കൂള്‍ തലത്തില്‍ മാത്രം ഒതുങ്ങി നിന്ന ലിന്‍സ ടീച്ചറുടെ വിജയകഥ പുറത്തറിയുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പം കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് അവര്‍ താമസിക്കുന്നത്.


ഇതുകൂടി വായിക്കാം: വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന്‍ നേടുന്നത് മാസം 80,000 രൂപ!


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം