‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു. 

“കുട്ടിക്കാലത്ത് അടികൊള്ളാതെ, കരയാതെ ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ പറ്റണേയെന്നായിരുന്നു എന്‍റെ ആഗ്രഹം.”

സ്ഥലപ്പേരുകളില്‍ ഒതുങ്ങിപ്പോയ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം പോലെ ആയിപ്പോകുമായിരുന്നു അവളുടെയും ചരിത്രം.

എന്നാല്‍, മുഖം മറയ്ക്കാതെ, തല കുനിക്കാതെ സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടു തന്നെ രഹ്നാസ് ലോകത്തിന് മുന്നിലെത്തി.

മകളെ ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിച്ച ഉപ്പ. അയാള്‍ക്കൊപ്പം ചേര്‍ന്ന് ആ 15-കാരിയെ പീഢിപ്പിച്ച പിതാവിന്‍റെ സുഹൃത്തുക്കള്‍… നിരന്തരമായ മര്‍ദ്ദനവും ഭീഷണിയും…

ഇതില്‍ നിന്നെല്ലാം കരകയറാനാണ് രഹ്നാസ് നാടും വീടും ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സര്‍ക്കാരിന്‍റെ നിര്‍ഭയ കേന്ദ്രത്തിലേക്കെത്തുന്നത്.

സങ്കടങ്ങളില്‍ രഹ്നാസിന് കൂട്ടായി ഉമ്മയുണ്ടായിരുന്നു. ഉമ്മയുടെ സഹോദരങ്ങളുമൊക്കെ അവള്‍ക്കൊപ്പം നിന്നു. നിയപ്പോരാട്ടത്തില്‍ അവള്‍ ഉറച്ചുനിന്നു. ഉപ്പയടക്കം 11 പേര്‍ക്ക് ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.comk

തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലിരുന്ന് അഡ്വ. രഹ്നാസ് പുതിയ വിശേഷങ്ങളും പഴയ ഓര്‍മ്മകളും ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ്. മാജിക് പ്ലാനെറ്റില്‍ ലീഗല്‍ അഡ്വൈസറാണ് രഹ്നാസ് ഇപ്പോള്‍.

അഡ്വ.രഹ്നാസ്

“ഉപ്പയും ഉമ്മയും രണ്ട് അനുജത്തിമാരും ഒരു അനുജനും–ഇതായിരുന്നു കുടുംബം. കണ്ണൂരിലായിരുന്നു വീട്. ഞാന്‍ ഹൈസ്കൂളിലേക്കെത്തിയ നാളുകളില്‍ ഉപ്പയുടെ എന്നോടുള്ള പെരുമാറ്റത്തില്‍ ചില മാറ്റങ്ങളുണ്ടായി. ഇതേക്കുറിച്ച് ഉമ്മയ്ക്ക് ഒരു സൂചന കൊടുത്തു.

“ഉമ്മയോട് എല്ലാം പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. പക്ഷേ ഒരിക്കല്‍ ഉമ്മയ്ക്ക് നല്‍കിയ ആ സൂചനയെക്കുറിച്ച് അവര് വാപ്പയോട് ചോദിക്കുകയും ചെയ്തു. പക്ഷേ ഉമ്മായ്ക്ക് കുറേ തല്ലു കിട്ടിയെന്നു മാത്രം. ഉമ്മയും ഉപ്പയും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച് ഒരുപാട് വഴക്ക് കൂടിയുണ്ട്.


കുട്ടിക്കാലത്ത് അടികൊള്ളാതെ, കരയാതെ ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ പറ്റണേയെന്നായിരുന്നു എന്‍റെ ആഗ്രഹം.


“ഒമ്പതാം ക്ലാസിന്‍റെ തുടക്കത്തില്‍ തന്നെ പഠനം അവസാനിപ്പിച്ച് ജോലിക്ക് പോകേണ്ടി വന്നിരുന്നു. വീട്ടില്‍ കഷ്ടപ്പാടാണെന്നു പറഞ്ഞാണ് ഉപ്പ എന്നെ ജോലിക്ക് വിടുന്നത്.

“അനിയനെയും ഉപ്പ ഉപദ്രവിക്കുമായിരുന്നു. അതോടെ ഒറ്റയ്ക്ക് രക്ഷപ്പെടാനുള്ള ചിന്തയൊക്കെ അവസാനിപ്പിച്ചു. വീട്ടിലെ പ്രശ്നങ്ങളും ബഹളങ്ങളുമൊക്കെ കണ്ടിട്ട് അയല്‍ക്കാര്‍ ഇടപെടുമായിരുന്നു.

“പക്ഷേ, അവരെയൊക്കെ ഉപ്പ ചീത്ത പറയും. ഒരിക്കല്‍ അവരുടെ ഇടപെടലുകളിലൂടെയാണ് ആ ദുരിതജീവിതത്തില്‍ നിന്നു രക്ഷ കിട്ടിയത്,” രഹ്നാസ് പറഞ്ഞു.

അച്ഛനില്‍ നിന്ന് 15-ാമത്തെ വയസിലാണ് രഹ്നാസിന് ദുരനുഭവങ്ങളുണ്ടാകുന്നത്. രഹ്നാസിന്‍റെ ഉപ്പ മാത്രമല്ല അയാളുടെ സുഹൃത്തുക്കളും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.

എതിർത്തപ്പോഴെല്ലാം ഉമ്മയെയും സഹോദരങ്ങളെയും മർദ്ദിച്ചു. ല‌ൈംഗികത്തൊഴിലാളിയാകാനും ഉപ്പ നിർബന്ധിച്ചിരുന്നു. സാമൂഹ്യപ്രവർത്തകരായ ചിലർ സംശയം തോന്നി കാര്യം അന്വേഷിച്ചതോടെയാണ് അവളുടെ ജീവിതം എല്ലാവരും അറിയുന്നത്.

2008-ലാണ് കേസ് നടക്കുന്നത്. വീട്ടില്‍ പൊലീസ് വരുന്നു, പോകുന്നു. നാട്ടില്‍ എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നു. അതൊക്കെ വലിയ സങ്കടമായിരുന്നു. അങ്ങനെ ആ സാഹചര്യത്തില്‍ നിന്ന്  രഹ്നാസിനെ മാറ്റി.

രഹ്നാസിനെ തിരുവനന്തപുരത്തെ മഹിളാ സമഖ്യയുടെ ഹോമിലേക്കാണ് മാറ്റിയത്. രഹ്നാസിനൊപ്പം ഉമ്മയെയും സഹോദരങ്ങളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നിരുന്നു.

ഉമ്മയും അനുജനും ഒരിടത്തും സഹോദരിമാര്‍ മറ്റൊരിടത്തുമായിരുന്നു താമസം.

ആരോഗ്യമന്ത്രി ഷൈലജയ്ക്കൊപ്പം രഹ്നാസ്

“എന്‍റെ ജീവിതത്തിന്‍റെ നല്ല കാലം തിരുവനന്തപുരത്താണ്,” രഹ്നാസ് ഓര്‍ക്കുന്നു. “ഇവിടെ ഞാന്‍ കണ്ടവരും പരിചയപ്പെട്ടവരും സ്നേഹിച്ചവരുമൊക്കെ എന്നെ ഞാനായിട്ട് തന്നെ അംഗീകരിച്ചു.

“പ്രശ്നങ്ങളില്‍, സങ്കടങ്ങളില്‍പ്പെട്ടു പോയവളാണെന്ന തരത്തില്‍ അല്ല, സാധാരണ പെണ്‍കുട്ടികളെ പോലെ എല്ലാരും എന്നെ കണ്ടു, അവരൊക്കെ എന്നെ അംഗീകരിച്ചതാണ് എന്‍റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ പ്രേരണയായത്. …

“ഞാന്‍ എന്‍റെ കുടുംബത്തിനൊപ്പമാണ് ഇവിടേക്ക് വരുന്നത്. മാത്രമല്ല ഇവിടെ ആരും എന്നെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല. വന്നതിന്‍റെ തൊട്ടുപിറ്റേ ദിവസം തന്നെ സ്കൂളില്‍ ചേര്‍ത്തു, എല്ലാവരുമായും വേഗത്തില്‍ ഇടപഴകാനും സാധിച്ചു.

“പിറ്റേ മാസം തന്നെ ടീച്ചേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ഒരു ക്യാംപ് നടത്തി. അതിന്‍റെ അവതാരക ഞാനായിരുന്നു. വന്നപ്പോ തന്നെ എല്ലാവരും അവരുടെ കൂട്ടത്തിലേക്ക് എന്നെയും കൂട്ടി. മാറ്റിനിറുത്തുകയോ ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുകയോ ഒന്നുമുണ്ടായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാരത്നം പുരസ്കാരം സമ്മാനിക്കുന്നു

“ഉപ്പക്കെതിരേ പരാതി നല്‍കിയതില്‍ എനിക്ക് നേരെ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രഷറുണ്ടായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

“എന്നാല്‍ പരാതിയില്‍ നിന്നു പിന്‍മാറണമെന്നു പറഞ്ഞു ബന്ധുക്കളൊക്കെ എന്നെ സമീപിച്ചിരുന്നു. പക്ഷേ അവരുടെ ആ പ്രഷര്‍ ശക്തമാകും മുന്‍പേ തിരുവനന്തപുരത്തേക്ക് മാറിയിരുന്നു.

“കേസില്‍ 12 പ്രതികളുണ്ടായിരുന്നു, ഉപ്പയടക്കം. കൂട്ടത്തിലൊരാള്‍ ഒളിവിലായിരുന്നതു കൊണ്ട് ശിക്ഷ കിട്ടിയില്ല. ബാക്കിയുള്ള 11 പേരെയും ശിക്ഷിച്ചു. അവരൊക്കെ ശിക്ഷയൊക്കെ കഴിഞ്ഞു പുറത്തിറങ്ങുകയും ചെയ്തു.


കൂട്ടത്തില്‍ ഒന്നാം പ്രതിയായ ഉപ്പ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു.


“കേസുമായി മുന്നോട്ട് പോകാനും കേസില്‍ പ്രതികളെ ശിക്ഷിക്കാനുമൊക്കെ ഇടയാക്കിയത് പൊലീസിന്‍റെ ഇടപെടല്‍ തന്നെയാണ്. അന്വേഷണ സംഘത്തിലെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ വളരെ പിന്തുണച്ചിട്ടുണ്ട്. ആ ഉദ്യോഗസ്ഥന്‍മാരില്‍ ചിലരൊക്കെയായി ഇന്നും കോണ്‍ടാക്റ്റ് ഉണ്ട്.

ഫോട്ടോ ഫേസ്ബുക്ക്

“അഭിഭാഷകയാകാനും കാരണം പൊലീസാണ്. നിയമം പഠിക്കണമെന്നു ആദ്യം എന്നോട് പറഞ്ഞത്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി എന്‍.പി. ബാലകൃഷ്ണന്‍ സാര്‍ ആയിരുന്നു.

“ആദ്യമൊന്നും അദ്ദേഹം പറഞ്ഞതിനോട് വല്യ താത്പ്പര്യമൊന്നും കാണിച്ചില്ല. പ്ലസ് ടു കഴിഞ്ഞപ്പോ സാര്‍ വീണ്ടും ലോ പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞു. മഹിള സമഖ്യയിലുള്ളവരോടും സാര്‍ ഇക്കാര്യം പറഞ്ഞു. അന്നേരം എനിക്കും തോന്നി. അങ്ങനെ നിയമം പഠിക്കാന്‍ തീരുമാനിച്ചു.

“സിവില്‍ സര്‍വീസ് ലക്ഷ്യമാണ്. എന്‍റെ ആഗ്രഹവുമാണ്. പക്ഷേ അഭിഭാഷകയായി പേരെടുക്കണമെന്നാണിപ്പോ ആഗ്രഹിക്കുന്നത്. തത്ക്കാലം സിവില്‍ സര്‍വീസ് നോക്കുന്നില്ല.

“സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം വേണമല്ലോ. പിന്നെ വക്കീല്‍ ആയി സനദ് എടുത്താല്‍ പോരല്ലോ കുറച്ചുകാലം ജോലി ചെയ്യണ്ടേ. അങ്ങനെയൊരു ആഗ്രഹമാണിപ്പോഴുള്ളത്.


ഇതുകൂടി വായിക്കാം: 2 വിവാഹങ്ങള്‍, നിരന്തര ബലാല്‍സംഗങ്ങള്‍, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്‍റെ ജീവിതയാത്ര


“എറണാകുളത്ത് ശ്രീനാരായണഗുരു ലോ കോളെജിലാണ് എല്‍എല്‍ബി പഠിച്ചത്. കൂട്ടുകാരും അധ്യാപകരുമൊക്കെ നല്ല കമ്പനിയായിരുന്നു. നല്ല ലൈഫ് ആയിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോ ചെറിയ ഇഷ്യൂസ് ഉണ്ടായിരുന്നു. അപ്പോ കുറച്ചു പഠനത്തില്‍ പിന്നിലായി.

ഫോട്ടോ ഫേസ്ബുക്ക്

“പിന്നെ, ഹോമില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്രയും നാളേക്ക് മാറി നില്‍ക്കുന്നത്. അതിന്‍റെയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു, അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി.

“ക്ലാസ് തുടങ്ങി ഒരുമാസത്തിന് ശേഷമാണ് ഞാനവിടെ ജോയ്ന്‍ ചെയ്യുന്നത്. പുതിയൊരു സ്ഥലത്തേക്ക് പോകുമ്പോ ഒരു ബുദ്ധിമുട്ട്, അതായിരുന്നു പ്രശ്നം. പിന്നെ പഠിച്ച് തുടങ്ങി, കൂട്ടുകാരൊക്കെയായി കമ്പനിയായതോടെ ആ സങ്കടമൊക്കെ മാറി.

“പോക്സോ കേസുകളില്‍ അതിജീവിതകള്‍ക്കൊപ്പം നില്‍ക്കണം. എന്‍റെ പ്രൊഫഷനിലൂടെ അവര്‍ക്ക് പിന്തുണയേകണം. അതിനൊരു അവസരം കിട്ടിയാല്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാനുണ്ടാകും.” ഇതാണ് ആഗ്രഹമെന്ന് രഹ്നാസ്.

“എന്‍റെ പോരാട്ടനാളുകളില്‍ എനിക്കൊപ്പം താങ്ങും തണലുമായി നിന്ന ഒരുപാട് പേരുണ്ട്.” ഒരിക്കലും തളര്‍ന്നു പോകാതെ സ്നേഹത്തോടെ ചേര്‍ത്തുനിറുത്തിയവരെക്കുറിച്ച് രഹ്നാസ് പറയുന്നു.

“ഔദ്യോഗികമായും അല്ലാതെയും പിന്തുണച്ചവരുമുണ്ട്. അവരുടെ പേരു പറഞ്ഞാല്‍ തീരില്ല. അത്രയേറെ ആളുകള്‍ എന്നെ സ്നേഹത്തോടെ പിന്തുണച്ചിട്ടുണ്ട്. എനിക്ക് ധൈര്യം നല്‍കിയിട്ടുണ്ട്.

“അക്കൂട്ടത്തില്‍ മഹിള സമഖ്യയിലുള്ളവരുടെ കാര്യം എടുത്തു പറയേണ്ടതാണ്. നാട്ടിലായിരുന്നപ്പോള്‍ ജീവിതത്തെക്കുറിച്ച് എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ ആ സാഹചര്യങ്ങളൊക്കെ മാറി.


നല്ല ജീവിതം എനിക്കുണ്ടാകുമെന്ന്, നന്നായി ജീവിക്കാനാകുമെന്നു വിശ്വാസവും പ്രതീക്ഷയും ഇന്നെനിക്കുണ്ട്.


“എന്‍റേതു പോലെ പല സംഭവങ്ങളൊക്കെ ജീവിതത്തിലുണ്ടായിട്ടുള്ള കുട്ടികളില്ലേ. അക്കൂട്ടത്തില്‍ കുടുംബത്തിന്‍റെ പിന്തുണയില്ലാത്ത കുറേ കുട്ടികളെ കണ്ടിട്ടുണ്ട്. അവര്‍ക്ക് കുടുംബത്തിന്‍റെ പിന്തുണ കൂടി കിട്ടിയിരുന്നുവെങ്കില്‍ അവരുടെ ആത്മവിശ്വാസവും ധൈര്യവും കൂടിയേനെ എന്നു തോന്നിയിട്ടുണ്ട്.”

മാജിക് പ്ലാനറ്റില്‍ ഡിഫ്രന്‍റ് ആര്‍ട്സ് സെന്‍റര്‍ എന്നൊരു പ്രൊജക്റ്റുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കലയില്‍ പരിശീലനം കൊടുക്കുന്നതാണിത്. ഇവിടെയാണ് രഹ്നാസ് ഇപ്പോള്‍ ലീഗല്‍ അഡ്വൈസറായി ജോലി ചെയ്യുന്നത്.

“കുറച്ചുനാള്‍ മുന്‍പ് ഗീത ആന്റിക്കൊപ്പം (ഡോ.ഗീത ഗോപാല്‍) ഞാനിവിടെ വന്നിരുന്നു.  സാമൂഹിക ക്ഷേമവകുപ്പിനെ പ്രതിനിധീകരിച്ചാണ് ആന്‍റി വരുന്നത്. അവര്‍ക്ക് റിപ്പോര്‍ട്ട് എഴുതാന്‍ വേണ്ടിയാണ് ഞാനും കൂടെ വന്നത്. ഒരുമാസത്തേക്ക് വന്നതാണ്. പിന്നീട് ഇവിടെ ജോലിക്ക് കയറുകയായിരുന്നു.

“പണ്ട്, ആ സംഭവങ്ങളൊക്കെ നടന്ന നാളില്‍ എന്‍റെ സുഹൃത്തുക്കള്‍ ആരും എന്നെ മനസിലാക്കിയില്ല. എന്‍റെയൊരു കൂട്ടുകാരിയോട് സൂചന കൊടുത്തിരുന്നു. അവളെനിക്കൊപ്പമായിരുന്നു.

“പക്ഷേ കോടതിയില്‍ വരാനും മൊഴി കൊടുക്കാനുമൊന്നും സാധിക്കുന്ന സാഹചര്യമായിരുന്നില്ല. അവള്‍ക്കും പരിമിതികളുണ്ടായിരുന്നു. പക്ഷേ ഉമ്മയും എന്‍റെ സഹോദരങ്ങളും എനിക്കൊപ്പം തന്നെയുണ്ടായിരുന്നു.

“ഇനിയുള്ള നാളുകളില്‍ ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി മാത്രമല്ല എന്നെ പ്പോലെ ദുരിതങ്ങളനുഭവിച്ചവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനം,” രഹ്നാസ് ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാരത്നം പുരസ്കാരവും ഈ വക്കീലിനെ തേടിയെത്തിയിരുന്നു.

“വനിതാരത്നം അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെയൊരു പുരസ്കാരം കിട്ടുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെയൊരു അംഗീകാരത്തിലൂടെ എന്‍റെ ഉത്തരവാദിത്വങ്ങളും കമ്മിറ്റ്മെന്‍റും കൂടിയെന്നാണ് തോന്നുന്നത്,” രഹ്നാസ് അഭിമാനച്ചിരിയോടെ പറഞ്ഞു.


ഇതുകൂടി വായിക്കാം:“അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം