കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ബ്രേക്ക് ഡൗണ്ടായി. ബത്തേരിയിലാണ് സംഭവം.
ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്ക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വഴിയില്‍ അവശ്യസര്‍വ്വീസ് വാഹനങ്ങളല്ലാതെ ഒരു മനുഷ്യന്‍ പോലുമില്ല.
കൂട്ടത്തിലാരോ ഓള്‍ കേരള ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍റെ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു.
“ഞങ്ങള്‍ ഉടനെ അവിടെ എത്തി പകരം വാഹനത്തില്‍ അവരെ പറഞ്ഞയച്ച് വാഹനം നന്നാക്കി കൊടുത്തു,” അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും ട്രെയ്നിങ്ങ് ബോര്‍ഡ് മെമ്പറുമായ ബിജോയ് വി. എ. പറയുന്നു.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
“ഓരോ ദിവസവും ഇങ്ങനെ അടിയന്തര ഘട്ടങ്ങളിലാണ് ആവശ്യക്കാര്‍ വിളിക്കുന്നത്. ഓരോ ഫോണുകളും ആശങ്കയോടെയാണ് അറ്റന്‍റ് ചെയ്യുന്നത്. നിസ്സഹായവരുടെ വിളികള്‍ കേട്ട് ഞങ്ങടെ പ്രവര്‍ത്തകര്‍ പാഞ്ഞെത്തും.”
വര്‍ക്ക് ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുമ്പോഴും (വര്‍ക്ക്‌ഷോപ്പുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാന്‍ തിങ്കളാഴ്ച- ഏപ്രില്‍ 6-തീരുമാനമായിട്ടുണ്ട്) സ്വന്തം കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവര്‍ക്ക് അടിയന്തര സേവനവുമായി എത്തുന്നു ഈ സംഘടനയുടെ പ്രവര്‍ത്തകര്‍.
തികച്ചും സൗജന്യമായാണ് ഇവര്‍ ഈ ദുരിതകാലത്തും സേവനം നടത്തുന്നത്.
“ജില്ലാ ഭരണകൂടവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സമയത്ത് വളരെ നിര്‍ണ്ണായകമാണ്. കിടപ്പ് രോഗികള്‍ക്ക് ഉള്ള സേവനങ്ങള്‍ എത്തിക്കുന്ന് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നന്നാക്കി കഴിയുമ്പോള്‍ ഉള്ള സംതൃപ്തി പറഞ്ഞറിയിക്കാനാകില്ല,” എന്ന് ബിജോയ്.
ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തര വാഹനങ്ങള്‍ കൂടി ലോക്കായാല്‍ സ്ഥിതി ഗുരുതരമാകും.
അതൊഴിവാക്കാനാണ് സംഘടന സന്നദ്ധപ്രവര്‍ത്തനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
“അടിയന്തര സഞ്ചാരത്തിനുള്ള ഒരു വാഹനവും വഴിയില്‍ കിടക്കാന്‍ ഇടവരുത്താതെയുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്,”
ഓള്‍ കേരള ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ജി. ഗോപകുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“പ്രളയ ദുരിതകാലത്തും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സമയത്തും ഞങ്ങള്‍ സന്നദ്ധ സേവനത്തില്‍ സജീവമാണ്.
300-ഓളം വാഹനങ്ങള്‍, ആംബുലന്‍സ്, പൊലീസ്, ആരോഗ്യ വകുപ്പ് വാഹനങ്ങള്‍, പൊലീസ്, ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് ,പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പ് വാഹനങ്ങള്‍, അടിയന്തര സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയാണ് പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരം ഞങ്ങളുടെ പ്രവര്‍ത്തകര്‍
തികച്ചും സൗജന്യമായി നന്നാക്കി കൊടുക്കുന്നത്.
“പ്രളയകാലത്ത് വാഹനങ്ങള്‍ വെള്ളത്തിലും തുരുത്തുകളിലും അകപ്പെട്ട് നാശമായതെങ്കില്‍ ഇന്ന് ലോക്ക് ഡൗണില്‍ അടിയന്തര വാഹനങ്ങള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാവാതെ ഞങ്ങള്‍ നോക്കുന്നു. ഭക്ഷണം, മരുന്ന് എന്നീ അടിയന്തര സേവനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കേടുപറ്റി ലോക്കാകരുത്… അതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്.
“നാട് ദുരിതത്തില്‍ അകപ്പെടുമ്പോള്‍ ഞങ്ങള്‍ക്കെങ്ങിനെ സ്വസ്ഥരായി ‘കംഫര്‍ട്ട് സോണില്‍’ ഇരിക്കാനാകും,” ഗോപകുമാര്‍ ചോദിക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സംഘടന അതിന്‍റെ യൂനിറ്റുകളിലൂടെ ഒരുക്കിയിട്ടുണ്ട്.
“കൊറോണയില്‍ ഞങ്ങളുടെ സ്ഥാപനങ്ങള്‍ തുറക്കാനാകാതെ രണ്ട് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ദുരിതത്തിലാണ്. എങ്കിലും
അവര്‍ അതെല്ലാം മറന്ന് സേവന സന്നദ്ധരായി ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇത് ഈ സേവനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു,” ഗോപകുമാര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വാട്ട്‌സാപ്പും ഈ നെറ്റ് വര്‍ക്കിന്‍റെ സംഘാടനത്തിന് ഉപയോഗിക്കുന്നു.
“ഓരോ ജില്ലകളിലും ജില്ലാകളക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ വാഹന സര്‍വ്വീസ് സുഗമമാക്കാന്‍ ഉള്ള സഹായങ്ങളുമായി സജീവമാണ്. അടിയന്തര സര്‍വീസ് വാഹനങ്ങള്‍ എത്രയും വേഗം ശരിയാക്കിക്കൊടുത്ത് അനേകം പേര്‍ക്ക് ആശ്വാസം നല്‍കിയതെന്നതില്‍ കവിഞ്ഞ ഒരാഹ്‌ളാദം വേറെ എന്തുണ്ട്,” എന്ന് ഗോപകുമാര്‍.
‘കേരളത്തിന് ഒരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ നാല് ജില്ലകളില്‍ ഓരോ വീടുകള്‍ വീതം പ്രളയത്തിന് ശേഷം നിര്‍മ്മിച്ച് നല്‍കാനായി എന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടന നടപ്പിലാക്കി വരുന്നു. 2015 മുതല്‍ ഗവണ്‍മെന്‍റ്
ആട്ടോമോട്ടീവ് സ്‌കില്‍ ഡവലപ്‌മെന്‍റ് കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ എട്ട് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി പരിശീലനങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും ഗോപകുമാര്‍ വിശദീകരിച്ചു.
“അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങള്‍ കേടുവരുമ്പോള്‍ അവ റിപ്പയര്‍ ചെയ്ത് കിട്ടുന്ന സേവനത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല,” മലപ്പുറം
വേങ്ങര പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്‍. മുഹമ്മദ് റഫീഖ് പറഞ്ഞു.
“നിര്‍ണ്ണായക ഘട്ടങ്ങളില്‍ വാഹനങ്ങള്‍ നന്നാക്കി കിട്ടുന്നതുകൊണ്ട് പൊലീസിനും ഫയര്‍ ഫോഴ്‌സിനും ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുന്നു. ഇതില്‍ നിന്നും
ഈ സേവനത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാം,” അദ്ദേഹം വിശദീകരിച്ചു.
മറ്റുപല മേഖലകളെയും പോലെ ഓട്ടോമൊബീല്‍ റിപ്പെയറിങ്ങ് മേഖലയെയും കൊറോണയും ലോക്ക് ഡൗണും ബാധിച്ചു. പതിനായിരങ്ങളുടെ ജീവിതമാണ് ദുരിതത്തിലായത്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും അടിയന്തര സര്‍വ്വീസ് വാഹനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുന്ന ഈ മേഖലയിലെ മനുഷ്യരുടെ ജീവിതം ലോക്ക് ഡൗണാകാതെ നോക്കാന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണിവര്‍.
ഓരോ ജില്ലകളിലും ഇവര്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുണ്ട്.
അടിയന്തര സേവനങ്ങള്‍ക്കായി ബന്ധപ്പെടാം:
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.