വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയ്ക്ക് ഊണ്, പട്ടിണിക്കാര്‍ക്ക് ഫ്രീ: എന്നിട്ടും മിച്ചം പിടിക്കുന്ന തുക കൊണ്ട് നിര്‍മ്മലേച്ചി സഹായിക്കുന്നത് നിരവധി കുടുംബങ്ങളെ

ബീഡി തെരുപ്പില്‍ തുടങ്ങിയതാണ് നിര്‍മ്മലേച്ചി. അതുകൊണ്ട് കഷ്ടപ്പാടും ദുരിതവുമൊക്കെ നന്നായി അറിയാം… അസാധാരണമായ ധൈര്യവും കരുതലുമുള്ള ഈ സ്ത്രീയെ പരിചയപ്പെടാം

“പറയാന്‍ കുറെയുണ്ട്…”  എന്ന മുഖവുരയോടെയാണ് നിര്‍മ്മലേച്ചി സംസാരിച്ചു തുടങ്ങിയത്.

നിര്‍മ്മലേച്ചിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്.

മലപ്പുറം വണ്ടൂരിലെ ആ ചെറിയ ഹോട്ടലില്‍ തിരക്കൊന്ന് ഒഴിഞ്ഞ നേരത്താണ് ചേച്ചി സംസാരിക്കാനിരുന്നത്.

ഈ ഹോട്ടലിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആ പ്രദേശത്തെ സാധാരണക്കാരുടെ അത്താണിയാണത്.

“ഭക്ഷണത്തിന്‍റെയും വിശപ്പിന്‍റെയുമൊക്കെ വില അറിഞ്ഞാണ് ഞാന്‍ ജീവിച്ചത്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാകണം ഹോട്ടലെന്നു ഉറപ്പിച്ചിരുന്നു,” എന്ന് ചേച്ചി.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

അങ്ങനെയാണ് 2005-ല്‍ ഹോട്ടല്‍ തുറന്ന നിര്‍മ്മലേച്ചി വണ്ടൂരിലെ കോളെജ് പിള്ളേര്‍ക്കും നാട്ടുകാര്‍ക്കും ടാക്സി സ്റ്റാന്‍റിലെ ഡ്രൈവര്‍ ചേട്ടന്‍മാര്‍ക്കും ഒരുപാട് സ്ത്രീകള്‍ക്കും ആശ്രയമായത്.

ഇവിടെ ഊണിന് 40 രൂപയാണ് വില.  അധികവും പാഴ്സല്‍ ആണ് പോകുന്നത്. ഭൂരിഭാഗവും സ്ഥിരക്കാരാണ്. മാസത്തില്‍ ഒരുമിച്ച് പണം നല്‍കുന്നവരാണധികവും.

നിര്‍മ്മല ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നു

വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് 25 രൂപയേ വാങ്ങൂ.

“ആ കുട്ടികളെ കാണുമ്പോ എനിക്കെന്‍റെ മക്കളെ ഓര്‍മ്മ വരും. അവരും കുറേ പട്ടിണിയൊക്കെ അറിഞ്ഞിട്ടുണ്ട്,” നിര്‍മ്മലേച്ചി

“പഠിക്കുന്ന കുട്ടികളുടെ കൈയില്‍ അധികം പൈസയൊന്നും ഉണ്ടാകില്ലല്ലോ,'” എന്നാണ് ചേച്ചി പറയുന്നത്.


ഇനിയിപ്പോ കയ്യില്‍ പണമില്ലെങ്കിലും ചേച്ചിയുടെ കടയുള്ളതുകൊണ്ട് അവരാരും പട്ടിണി കിടക്കേണ്ടി വരില്ല.


തെരുവിലലയുന്നവര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും നിര്‍മ്മലേച്ചിയുടെ കടയില്‍ ഭക്ഷണമുണ്ടാവും.

എട്ടാം ക്ലാസില്‍ പഠനം നിറുത്തിയ അന്ധനായ ഒരാളെ വിവാഹം കഴിക്കാനാഗ്രഹിച്ച, ബീഡി തെറുത്തും അച്ചാറുണ്ടാക്കി വിറ്റും കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ആ ഒറ്റച്ചുമലിലേറ്റിയതാണ് നിര്‍മ്മലേച്ചി.

ആ ചെറിയ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് കൂടെ നിന്നവര്‍ക്കും തണലൊരുക്കി ഈ സ്ത്രീ.

ബീഡി തെറുത്ത് കിട്ടിയ 25 രൂപയില്‍ തുടങ്ങിയ ആ ജീവിതത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് നിര്‍മ്മല പറയുന്നു.

“പറയാന്‍ കുറേയുണ്ട്. കഷ്ടപ്പാടുകളും സങ്കടവുമൊക്കെ നിറഞ്ഞതായിരുന്നു എന്‍റെ ജീവിതം. മലപ്പുറത്ത് വണ്ടൂരില്‍ തന്നെയാ ജനിച്ചുവളര്‍ന്നത്. അച്ഛനും അമ്മയും പിന്നെ നാലു ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും അടങ്ങുന്നതായിരുന്നു കുടുംബം.

“ഞാന്‍ എട്ടാമത്തെ മോളായിരുന്നു. അച്ഛന്‍റ സ്വര്‍ണപണിക്കാരനായിരുന്നു. കുട്ടന്‍ എന്നാ അച്ഛന്‍റെ പേര്. എട്ടാം ക്ലാസ് വരെയേ ഞാന്‍ പഠിച്ചുള്ളൂ. അന്നൊന്നും വീട്ടില്‍ പഠിപ്പിക്കാന്‍ വിടാനുള്ള സാമ്പത്തികമൊന്നുമില്ല. അതുകൊണ്ടാണ് പാതി വഴിയില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

“സ്കൂള്‍ അവസാനിപ്പിച്ച് വീട്ടില്‍ നില്‍ക്കുന്നൊരു കാലം. അന്നാണ് അയല്‍ വീട്ടിലൊരു കല്യാണം നടക്കുന്നത്.

“അയലത്തെ കാഴ്ച ശക്തിയില്ലാത്ത ചേട്ടന്‍റെയാണ് കല്യാണം. ആ കല്യാണം കൂടാന്‍ അന്ധരായ കുറേ ആള്‍ക്കാരും വന്നിരുന്നു.

“ആ കല്യാണശേഷമാണ് കാഴ്ച ഇല്ലാത്തൊരാളെ കല്യാണം കഴിക്കണമെന്നു തീരുമാനിക്കുന്നത്. അന്നെനിക്ക് 20 വയസ് എന്തോ ആണ്. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോ കല്യാണ ആലോചനകളൊക്കെ വന്നു തുടങ്ങി.

“എന്‍റെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ എല്ലാരോടും പറഞ്ഞു. ആരും സമ്മതിച്ചില്ല. നടക്കില്ല ഇതൊന്നും എന്നൊക്കെ പറഞ്ഞു അവര് കുറേ എതിര്‍ത്തു. അമ്മയ്ക്കും വല്യേട്ടനും വലിയ വിഷമമായിരുന്നു. എല്ലാ മക്കളും നല്ല നിലയിലാണ്. എന്‍റെ ജീവിതം മോശമാകുമെന്നൊക്കെ കരുതിയാണ് എതിര്‍പ്പ്.

“വല്യേട്ടന് അച്ഛന്‍റെ സ്ഥാനമാണ്. ഏട്ടന് എന്‍റെ പ്രായത്തിലുള്ള ഒരു മോളുണ്ട്. അതുകൊണ്ടു തന്നെ വല്യേട്ടന് ഞാന്‍ മോളെ പോലെയാണ്. പക്ഷേ, എന്‍റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു.

“എന്‍റേത് ഉറച്ച തീരുമാനമായിരുന്നു. കാഴ്ച ശക്തിയില്ലാത്ത ഒരാള്‍ക്ക് താങ്ങും തണലുമാകാന്‍ സാധിച്ചാല്‍ വലിയ കാര്യമല്ലേ. എതിര്‍പ്പുകളൊക്കെ പിന്നീട് മാറി. ഒടുവില്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ ആഗ്രഹം പോലെ ഒരാളെ കല്യാണം കഴിക്കാന്‍ സാധിച്ചു.”

കൊണ്ടോട്ടിക്കാരനായ കുട്ടിയപ്പന്‍റെ ജീവിതത്തിലേക്ക് നിര്‍മ്മല കടന്നുചെല്ലുന്നത് അങ്ങനെയാണ്. ഞരമ്പിനുണ്ടായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് കുട്ടിക്കാലത്ത് തന്നെ കാഴ്ച നഷ്ടമായതാണ്. നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്,

“സ്വന്തം കാര്യങ്ങളൊക്കെ ചേട്ടന്‍ തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ അനിയനും അനിയത്തിയ്ക്കും കാഴ്ച ഇല്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. കുട്ടിയപ്പന്‍ ചേട്ടന്‍റെ അനിയന്‍ കൃഷ്ണന്‍ കുട്ടിയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ആള് ജോലിക്ക് പോയിരുന്നു. അങ്ങനെയാണ് കാര്യങ്ങളൊക്കെ നടന്നത്,” കണ്ണ് കാണാത്ത ആളെയാണ് കല്യാണം കഴിച്ചതെന്നോര്‍ത്ത് അന്നും ഇന്നും ഒരു വിഷമവും തോന്നിയിട്ടില്ലെന്ന് നിര്‍മ്മലേച്ചി കൂട്ടിച്ചേര്‍ക്കുന്നു.

കുട്ടിയപ്പന്‍ ലോട്ടറി വില്‍ക്കുമായിരുന്നു. പക്ഷേ, വരുമാനമൊക്കെ വളരെ കുറവായിരുന്നു. അന്ധരായവര്‍ക്ക് വീട് വച്ചു കൊടുക്കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍   കുട്ടിയപ്പനും വീട് അനുവദിച്ചു.  പക്ഷേ, അതിന് സ്വന്തമായി സ്ഥലം വേണമായിരുന്നു.

“ഒടുവില്‍ വണ്ടൂരിലേക്ക് വന്നു. ഇവിടെ എന്‍റെ വീട്ടില്‍ കുറച്ച് സ്ഥലമൊക്കെയുണ്ട്. വല്യേട്ടന്‍ സ്ഥലം തന്നു. ഏട്ടന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാന്‍ കഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. വണ്ടൂരിലാകുമ്പോ എട്ടന്‍റെ അടുത്ത് തന്നെയുണ്ടല്ലോ,” നിര്‍മ്മല തുടരുന്നു.

“അങ്ങനെ സര്‍ക്കാര്‍ സഹായത്തോടെ വീട് വച്ചു. അന്നു മൂത്തമകന്‍ നികേഷ് നാലാം ക്ലാസിലും ഇളയവന്‍ നിധീഷ് മൂന്നിലും പഠിക്കുകയാണ്.

“വീട് സ്വന്തമായെങ്കിലും കഷ്ടപ്പാടുകള്‍ അവസാനിച്ചില്ല. കുഞ്ഞുങ്ങള്‍ക്ക് നല്ല ആഹാരം കൊടുക്കാന്‍ പോലും സാധിച്ചില്ല. അന്നൊക്കെ വല്യേട്ടന്‍ സഹായിക്കും. വീട്ടിലേക്ക് വേണ്ട സാധനങ്ങളും കാശും എല്ലാം വല്യേട്ടന്‍ കൊണ്ടുതരും. പക്ഷേ എക്കാലവും വല്യേട്ടനെ ആശ്രയിക്കാന്‍ പറ്റോ?”

അങ്ങനെ സ്വന്തമായി കുറച്ച് വരുമാനം നേടാനാണ് നിര്‍മ്മല ബീഡി തെറുപ്പിന് പോകുന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ 25 രൂപ കിട്ടും. അതായിരുന്നു വരുമാനം.  ആ തുക ഒന്നിനും തികയില്ല.

“വല്യേട്ടന്‍ മാത്രമല്ല, ഞങ്ങളുടെ വീട്ടിലെ അവസ്ഥ അറിയാവുന്ന അയല്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ട്. കഷ്ടപ്പാടുകളില്‍ നിന്നു രക്ഷപ്പെടുത്തണേയെന്നു ദൈവത്തോട് ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്,” നിര്‍മ്മലയുടെ കണ്ണ് നനയുന്നു.

2001-ല്‍ കുടുംബശ്രീയിലേക്കെത്തിയതോടെയാണ് നിര്‍മ്മലയുടെ ജീവിതത്തില്‍‍ മാറ്റങ്ങളുണ്ടാകുന്നത്. സ്വന്തം വാര്‍ഡില്‍ രണ്ട് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചായിരുന്നു അവര്‍ അതില്‍ സജീവമാകുന്നത്.

അയല്‍ക്കൂട്ടത്തിലൂടെ ആദ്യ ആഴ്ചയില്‍ തന്നെ 275 രൂപ വായ്പ കിട്ടി. ഈ മൂലധനമാണ് നിര്‍മ്മലയുടെ ജീവിതം മാറ്റുന്നത്.

“വീട്ടുമുറ്റത്ത് മാവുണ്ടായിരുന്നു. അതില്‍ നിറയെ മാങ്ങയും.  അച്ചാറുണ്ടാക്കി വിറ്റാലോ എന്നൊരു ആലോചന വന്നു. അച്ചാറിടാന്‍ അറിയാം, ചെയ്യാറുമുണ്ട്.

“പക്ഷേ, പൈസയൊന്നും കൈയില്‍ ഇല്ല. അച്ചാറുണ്ടാക്കാന്‍ മാങ്ങ മാത്രം പോരല്ലോ. അങ്ങനെ അയല്‍ക്കൂട്ടത്തിലുള്ളവര്‍ ആ 275 രൂപ എനിക്ക് വായ്പയായി തന്നു.

“ആ തുക കൊണ്ടാണ് അച്ചാര്‍ ബിസിനസ് ആരംഭിക്കുന്നത്. അച്ചാര്‍ കച്ചവടത്തില്‍ നിന്ന് 500 രൂപ കിട്ടി. അതില്‍ നിന്നു വായ്പ തിരിച്ചടച്ചു, കൈയില്‍ കുറച്ചു കാശും കിട്ടി,” എന്ന് നിര്‍മ്മലേച്ചി ഓര്‍ക്കുന്നു.

പിന്നീട് അച്ചാര്‍ വില്‍പന സജീവമാക്കി. ഒപ്പം മുളകുപൊടി, മഞ്ഞള്‍പ്പൊടി ഒക്കെ വില്‍ക്കാന്‍ തുടങ്ങി. അയല്‍വീടുകളിലും കുടുംബശ്രീയിലുമൊക്കെയായിരുന്നു വില്‍പ്പന. കുടുംബശ്രീയുടെ വിപണനമേളകളിലും മാസച്ചന്തകളിലും ഇടം കിട്ടിത്തുടങ്ങി.

മെല്ലെ മികച്ച വരുമാനവുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ മുളക്, മല്ലി, വെളുത്തുള്ളി, മഞ്ഞള്‍ ഇതൊക്കെ കോയമ്പത്തൂരിലെ ചന്തയില്‍ പോയി മൊത്തമായി എടുത്തുകൊണ്ടുവന്ന് ഉല്‍പന്നങ്ങളുണ്ടാക്കാന്‍ തുടങ്ങി.

“കോയമ്പത്തൂരിലെ മൊത്ത വ്യാപാരികളില്‍ നിന്നാണ് സാധനങ്ങളെടുക്കുന്നത്. വെളുപ്പിന് അഞ്ചരയ്ക്കുള്ള ട്രെയ്നില്‍ കോയമ്പത്തൂര്‍ക്ക് പോകും. ഉച്ചയോടെ അവിടെയെത്തും.


ഇതുകൂടി വായിക്കാം:17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍


“വേണ്ട സാധനങ്ങളൊക്കെ ഓര്‍ഡര്‍ ചെയ്തു മടക്കം. സാധനങ്ങള്‍ വീട്ടില്‍ അവരെത്തിക്കും. കുടുംബശ്രീയുടെ ഓണം, റംസാന്‍ മേളകളിലൊക്കെ ഞാന്‍ സ്ഥിരമായി പങ്കെടുക്കും. നിര്‍മ്മലേച്ചിയുടെ അച്ചാറും കറി പൗഡറുമൊക്കെ ചോദിച്ച് ആള്‍ക്കാര് വരുമായിരുന്നു.

“കുടുംബശ്രീ മേളകളില്‍ നിന്നു കിട്ടിയതൊക്കെ സ്വരുക്കൂട്ടിയാണ് മോന് ലാപ്ടോപ്പ് വാങ്ങിച്ചു കൊടുത്തത്. വീട്ടിലേക്ക് ഒരു കളര്‍ ടിവി വാങ്ങിയതും,” അവര്‍ അഭിമാനത്തോടെ പറയുന്നു.

കുടുംബശ്രീയുടെ ഒരു പരിപാടിയോട് അനുബന്ധിച്ച് ഭക്ഷണമുണ്ടാക്കാനുള്ള ഓര്‍ഡര്‍ കിട്ടിയതോടെ നിര്‍മ്മലയുടെ ജീവിതം മറ്റൊരു വഴിക്ക് തിരി‍ഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍റെ 400-പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തു. അതോടെ കാറ്ററിങ് രംഗത്ത് സജീവമായി. വണ്ടൂരില്‍ സ്വന്തമായി ഹോട്ടല്‍ തുടങ്ങുന്നതും അതിനെത്തുടര്‍ന്നാണ്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വയറുനിറച്ചും ഭക്ഷണം കൊടുക്കുന്നതും അങ്ങനെയാണ്.

ഹോട്ടലില്‍ രാത്രി ബാക്കി ഭക്ഷണം വരുമ്പോ ഇവിടെ അടുത്തുള്ള കോളെജിലെ കുട്ടികളെ വിളിച്ചു പറയും. മലബാര്‍ അക്കാഡമിയിലെ കുട്ടികളെയാണ് വിളിക്കുന്നത്. അവര് വന്നു ആ ഭക്ഷണം കൊണ്ട്പോകും.

“ചോറിനൊപ്പം സാമ്പാറും മീന്‍ കറിയും മോര്, ചമ്മന്തി, തോരന്‍, കൂട്ടുക്കറി, അച്ചാര്‍ പപ്പടം ഇതാണ് കൊടുക്കുന്നത്. ഊണ് മാത്രമല്ല ബിരിയാണിയും ചിക്കനും പലഹാരങ്ങളുമൊക്കെയുണ്ട്.”

ഊണിന് വളരെക്കാലമായി ഒരേ വിലയാണ്. ഊണിന് വില കൂട്ടാനൊന്നും പ്ലാനുമില്ല. ലാഭം നോക്കുന്നില്ല. ‘ഇതില്‍ നിന്നു തന്നെ എനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്. പിന്നെ എന്തിനാ..,”  എന്നാണ് അവര്‍ ചോദിക്കുന്നത്.

ഹോട്ടലില്‍ കൂടെ ജോലി ചെയ്യുന്നവരിലേറെയും സ്ത്രീകളാണ്. അവരുടെ ജീവിത പ്രശ്നങ്ങളില്‍  താങ്ങായി നിര്‍മ്മല എപ്പോഴുമുണ്ട്. അവരുടെ കൂടെ കാറ്ററിങ്ങിനുണ്ടായിരുന്ന പുഷ്പലതയും ഖദീജയും 2014-ല്‍ സ്വന്തമായി ഹോട്ടല്‍ തുടങ്ങി.

ഷൈലജ എന്ന മറ്റൊരു സഹായിയും സ്വന്തം ഹോട്ടല്‍ ആരംഭിച്ചു. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളുമൊക്കെ നിര്‍മ്മല നല്‍കി. കുറേ സ്ത്രീകള്‍ക്ക് ജീവിതമാര്‍ഗ്ഗം തേടാനുള്ള സഹായങ്ങളും നല്‍കി.

“സുഖമില്ലാത്ത ഭര്‍ത്താക്കന്‍മാരും മക്കളുമൊക്കെയുള്ള സ്ത്രീകളില്ലേ.. അവര്‍ക്ക് മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ജോലിക്ക് പോകാനാകില്ലല്ലോ. അത്തരം സ്ത്രീകള്‍ക്കാണ് തയ്യല്‍ മെഷീന്‍ നല്‍കിയത്. ഇതുവരെ 24 പേര്‍ക്ക് മെഷീന്‍ നല്‍കിയിട്ടുണ്ട്. കൂടെ 12 കുടുംബങ്ങള്‍ക്ക് മാസം തോറം വീട്ടുസാധനങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്,” അവര്‍ പറഞ്ഞു.

പലരെയും വീട് വയ്ക്കാനും നിര്‍മ്മല സഹായിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയ്ക്കാണ് വീട് വയ്ക്കാന്‍ സഹായിച്ചത്.  അവരുടെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ചു മരിച്ചു, മൂന്നു മക്കളുണ്ട്.

കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടിയ നിര്‍മ്മലയെ തേടി ഒരുപാട് അംഗീകാരങ്ങളും വന്നിട്ടുണ്ട്. ഇതിനോടകം 82 പുരസ്കാരങ്ങളാണ് ഈ 49-കാരിക്ക് ലഭിച്ചത്.

നിര്‍മ്മലയുടെ മകന്‍ നികേഷ് എന്‍ജിനീയറാണ്. നിധീഷ് കട നടത്തുന്നു. ഭര്‍ത്താവ് ഇപ്പോഴും ലോട്ടറി കച്ചവടം ചെയ്യുന്നുണ്ട്.

“കുട്ടിയപ്പന്‍ ചേട്ടനോട് എന്തിനാ ജോലിക്ക് പോകുന്നതെന്നു  ‍ഞാന്‍ ചോദിക്കും.. ആള്‍ക്ക് ബുദ്ധിമുട്ടാണെങ്കിലോ എന്നു കരുതിയാ ചോദിക്കുന്നത്. പക്ഷേ, മക്കള്‍ പറയും, വെറുതേ അച്ഛന്‍ വീട്ടിലിരിക്കേണ്ട.., എന്തെങ്കിലുമൊക്കെയായി പുറത്തേക്ക് ഇറങ്ങട്ടെയെന്ന്, ” നിര്‍മ്മല പറഞ്ഞു.


ഇതുകൂടി വായിക്കാം:ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ് 


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം