‘ഇതാണ് ഞങ്ങളുടെ കുടുംബം’: 200-ലധികം കു‌ഞ്ഞുങ്ങള്‍ക്ക് ‘ചില്ല’യൊരുക്കി അനിലും റോജയും

ചില്ല ചേക്കേറാന്‍ താല്‍ക്കാലിക ഒരിടം മാത്രമാണ്. ചേക്കേറുന്ന കിളികള്‍ പറക്കമുറ്റുമ്പോള്‍ പറന്നുപോകണമെന്നാണ് അലിഖിത നിയമം. അതുകൊണ്ടാണ് അതൊരു ചില്ല മാത്രമാകുന്നതും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഒരു ഉപവാസം നടക്കുകയാണ്. നഴ്‌സും സര്‍ക്കാരിന്‍റെ എച്ച് ഐ വി എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകയുമായ റോജ അതില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിലൂടെ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് പോകുന്നത്. പെട്ടെന്ന് അവര്‍ സമരപ്പന്തലിലേക്ക് കടന്നു വന്നു. ആ സ്ത്രീ അപ്പോഴും കരയുന്നുണ്ടായിരുന്നു.

ജീവിതം മടുത്ത് ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനായിരുന്നു അവരുടെ പാച്ചില്‍. അതു മനസിലാക്കിയ റോജ ആ കുഞ്ഞുങ്ങളെ അവരുടെ കൈയ്യില്‍ നിന്നു പിടിച്ചു വാങ്ങി. ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം. കുഞ്ഞുങ്ങളെ ഞാന്‍ നോക്കു’മെന്ന് റോജ ഉറച്ച സ്വരത്തില്‍ പറഞ്ഞു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

ജീവിതത്തില്‍ പ്രതീക്ഷയില്ലാതെ മരിക്കാന്‍ തീരുമാനിച്ച ആ സ്ത്രീ ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു.

റോജ ആ കുഞ്ഞുങ്ങളേയും കൊണ്ട് സുഹൃത്തായ ഇന്ദിരയുടെ കൂടെ താമസം തുടങ്ങി. റോജ വിവാഹിതയായിരുന്നുവെങ്കിലും അന്ന് അനിലിനൊപ്പം താമസം തുടങ്ങിയിരുന്നില്ല.

റോജ (ഫോട്ടോ: Roja Sindhu/Facebook)

അനിലിനെ വിശദമായി പിന്നീട് പരിചയപ്പെടാം.

നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ റോജ യാദൃച്ഛികമായാണ് എച്ച് ഐ വി എയ്ഡ്‌സ് ബോധവല്ക്കരണ പരിപാടിയില്‍ വോളന്‍റിയര്‍ ആയെത്തുന്നത്. 1990-കളുടെ അവസാനത്തിലാണ് അത്.

റോജയും അനിലും പരിചയപ്പെടുന്നതും അങ്ങനെയാണ്. ലൈംഗിക തൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.  തിരുവനന്തപുരം നഗരത്തില്‍ മാത്രം ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെ 189 കുട്ടികളേയാണ് അവര്‍ കണ്ടെത്തിയത്.

ശരിയായ വിദ്യാഭ്യാസവും ജീവിത സാഹചര്യവുമില്ലാതെ ആ കുട്ടികള്‍ക്കു വേണ്ടിയായി പിന്നീട് ഇരുവരുടേയും ശ്രദ്ധ. ആ കുട്ടികളെ പല അഭയ കേന്ദ്രങ്ങളിലായി താമസിപ്പിച്ചു.

ആ യാത്രയ്ക്കിടയിലാണ് റോജയും അനിലും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.


അങ്ങനെയിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്യാനിറങ്ങിയ ആ സ്ത്രീയുടെ കുട്ടികളെ റോജ ഏറ്റെടുക്കുന്നത്.


മൂന്നാലു ദിവസം സുഹൃത്ത് ഇന്ദിരയുവീട്ടില്‍ താമസിപ്പിച്ച ശേഷം അനിലും റോജയും ആ കുഞ്ഞുങ്ങളേയും കൊണ്ട് മറ്റൊരു വീടെടുത്ത് താമസം തുടങ്ങി. അവിടം പിന്നീട് ഇത്തരം കുഞ്ഞുങ്ങളുടെ ഒരിടമായി. അവര്‍ ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി.

റോജയും അനിലും കുട്ടികള്‍ക്കൊപ്പം (Photo: Chillla India/Facebook- Nithya Rajkumar Photography)

അവരുടെ വീടിന് ചില്ല എന്ന് പേരിട്ടു. ഇതിനിടയില്‍ അനിലിനും റോജയ്ക്കും ഒരു മകന്‍ പിറന്നു. അവനും മറ്റ് കുഞ്ഞുങ്ങള്‍ക്കൊപ്പം വളര്‍ന്നു.

എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം കൊടുത്തു. നല്ല ജീവിതം കൊടുത്തു. പഠിപ്പിച്ച് ഈ ചില്ലയില്‍ നിന്ന് പറന്നുയരാന്‍ കൈത്താങ്ങായി.

റോജയും അനിലും ഇതുവരെ ഇരുനൂറിലേറെ മക്കളുടെ അച്ഛനും അമ്മയുമായി.

“വളരെ സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എങ്ങനെയെങ്കിലും പഠിച്ചൊരു ജോലി വാങ്ങണമെന്നതായിരുന്നു ലക്ഷ്യം. അതിനു വേണ്ടിയാണ് പ്ലസ്ടു പഠനത്തിനു ശേഷം ഞാന്‍ നഴ്‌സിംഗ് തിരഞ്ഞെടുത്തത്,” റോജ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അക്കാലത്തൊന്നും മുഴുവന്‍ സമയ സാമൂഹ്യ പ്രവര്‍ത്തനത്തെപ്പറ്റിയൊന്നും ആലോചിച്ചിരുന്നില്ല. പക്ഷെ, ആളുകള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇതിലേക്ക് എത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്.”

റോജ നഴ്‌സിംഗ് പഠനം കഴിഞ്ഞിരിക്കുന്ന കാലത്താണ് എച്ച് ഐ വി/എയ്ഡ്സ് ബാധിതര്‍ക്കായുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായ ഡോക്റ്റര്‍ ജയശ്രീയും മറ്റും തുടങ്ങിയ പ്രൊജക്ടില്‍ അവരും പങ്കാളിയായി.

“1998-99 കാലത്തായിരുന്നു അത്. ഡോ. ജയശ്രീയ്ക്കും മൈത്രേയനും ഒപ്പം നിരവധി ആളുകളും പദ്ധതിയുടെ ഭാഗമായി. ആ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ലൈംഗിക തൊഴിലാളികളെ കണ്ടെത്തുകയും അവര്‍ക്ക് എച്ച് ഐ വി/എയ്ഡ്സുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കുകയും ചെയ്യുകയെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചില്ലയിലെത്തുന്നവര്‍ തനിയെ പറക്കാറാവുമ്പോള്‍ പറന്നുപോവണം.

“പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഞാന്‍ അനിലിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നതിനും മുന്‍പ,് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നതിനും എത്രയോ മുന്‍പ് സമൂഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്,” റോജ കൂട്ടിച്ചേര്‍ത്തു.

ഇനി അനിലിലേക്ക്.

സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛന്‍റെ മകനാണ് ഞാന്‍,” അനില്‍ സ്വയം പരിചയപ്പെടുത്തുന്നു. “അതുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനമൊക്കെ ഒരു കുടുംബസ്വത്താണെന്ന് പറയാം.പക്ഷെ ഞങ്ങള്‍ക്കു ഹോട്ടല്‍ ബിസിനസായിരുന്നു. പഠനമൊക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് സഹോദരങ്ങളോടൊപ്പം ഞാനും ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയായി. അന്ന് തിരുവനന്തപുരത്ത് ഞങ്ങള്‍ക്ക് കടയുണ്ട്.”

അങ്ങനെ അനിലും തിരുവനന്തപുരത്തേക്ക് വരുന്നു.

“കൊല്ലത്ത് ഗ്രാമാന്തരീക്ഷത്തില്‍ ധാരാളം കൂട്ടുകാരൊക്കെയായി കഴിഞ്ഞിരുന്ന എന്‍റെ നഗരത്തിലേക്കുള്ള പറിച്ചുനടല്‍ ശരിക്കും പറഞ്ഞാല്‍ ഭയങ്കര ബോറായിരുന്നു. വെളുപ്പിനെ നാലു മണി മുതല്‍ രാത്രിയ പതിനൊന്നര വരെ നീളുന്ന ജോലി. ഹോട്ടല്‍ ജോലിയുടെ ഒരു മടുപ്പ് അറിയാമല്ലോ. നാട്ടില്‍ കുറച്ച് സാമൂഹ്യപ്രവര്‍ത്തനമൊക്കെയായി നടന്ന ഞാനാണ് ഇവിടെ വന്ന് ഈ ജോലിയെടുക്കുന്നത്. എനിക്ക് തന്നെ ചിലപ്പോള്‍ വലിയ വിഷമം വരും. കാരണം ഞാന്‍ ഈ തൊഴിലിന് ഒട്ടും സ്യൂട്ട് ആയിട്ടുള്ള ഒരാളല്ല.

“ഈ മടുപ്പ് ഒഴിവാക്കാന്‍ എന്നും വൈകുന്നേരും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ഞാന്‍ ചെന്നു നില്‍ക്കും. സുഹൃത്തുക്കളൊന്നുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പൊലീസുകാര്‍ കുറച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ് അടിച്ചോടിക്കുന്നതു കണ്ടു. കാര്യമെന്താണെന്ന് മനസിലായില്ല.

“നാട്ടിലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടേനെ. ഇവിടെ എനിക്ക് സുഹൃത്തുക്കളൊന്നുമില്ല. ഞാനാകെ വിയര്‍ത്തുപോയി. വിഷമം ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. പിന്നീട് മനസിലായി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെയാണ് പൊലീസ് ഇങ്ങനെ തല്ലുന്നത്. അവരാണ് ഈ ഓടുന്നത്.

അനില്‍ (ഇടത്ത്)

“നിങ്ങള്‍ക്കറിയാമല്ലോ, ഇരുപതു വര്‍ഷം മുന്‍പുള്ള നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് യാതൊരു നിയമപരിരക്ഷയുമില്ലായിരുന്നു. പലപ്പോഴും പിടിക്കപ്പെടുന്നതും ജയിലിലാക്കപ്പെടുന്നതും അവരാണ്. നിയമത്തിനു മുന്നില്‍ പോലും അവര്‍ പാപികളാണ്. അവര്‍ ശിക്ഷിക്കപ്പെടും,” അനില്‍ അക്കാലം ഓര്‍ക്കുന്നു.

അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അനിലിന് തോന്നി. അങ്ങനെയാണ് അദ്ദേഹം മുന്‍പേ സുഹൃത്തുക്കളായിരുന്ന മൈത്രേയനുമായും കെ രഘുവുമൊക്കെയായി ബന്ധപ്പെടുന്നത്. ആയിടെ സര്‍ക്കാര്‍ ആരംഭിച്ച എച്ച് ഐ വി /എയ്ഡ്സ് ബോധവല്‍ക്കരണ പദ്ധതിയില്‍ വോളന്‍റിയറായി സഹകരിക്കാന്‍ തീരുമാനിക്കുന്നതിലാണ് ആ ചിന്തകള്‍ എത്തി നിന്നത്. ആ പദ്ധതിയുടെ ഓഫീസിലായിരുന്നു അന്ന് റോജ ജോലി ചെയ്തിരുന്നത്.


ഇതുകൂടി വായിക്കാം: ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം


“എച്ച് ഐ വി/എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി നടന്ന പഠനത്തോടനുബന്ധിച്ച് ഇവിടുത്തെ ലൈംഗിക തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വേണ്ടി ഒരു സംഘടന രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. അതിനു വേണ്ടി 1999 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ഇവരുടെ ഒരു മഹാ സംഗമം സംഘടിപ്പിച്ചു.

“ആത്യന്തികമായി ഇവരുടെയും ഇവരുടെ കുഞ്ഞുങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയായിരുന്നു ഈ സംഗമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകരുടെ ലക്ഷ്യം,” അനില്‍ വിശദമാക്കി.

ആ സംഗമത്തില്‍ നിരവധി ലൈംഗിക തൊഴിലാളികള്‍ പങ്കെടുത്തു. പ്രമുഖ സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പവനന്‍, സക്കറിയ, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങീ സമൂഹത്തിലെ പ്രമുഖരായ ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ചില്ലയിലെ കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസപരവും മാനസികവുമായ വളര്‍ച്ചയ്ക്ക് എല്ലാ പരിശീലനവും നല്‍കുന്നു.

“സമ്മേളനം വലിയ വിജയമായിരുന്നു. അന്ന് ആ സമ്മേളനത്തില്‍ ലൈംഗിക തൊഴിലാളികള്‍ തന്നെ അവര്‍ ആ സാഹചര്യത്തില്‍ എത്തിച്ചേരാനുള്ള സാഹചര്യം വിവരിച്ചു. മാത്രമല്ല, കൈക്കുഞ്ഞുങ്ങളുമായി വന്നായിരുന്നു ഇവര്‍ സംസാരിച്ചത്. അതൊരു ഹൃദയമലയിക്കുന്ന കാഴ്ചയായി.

“എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സമൂഹത്തിന്‍റെ വെറുപ്പിന് മാത്രം ഇരയായി രാത്രികളില്‍ ഇവരുടെ അരികില്‍ എത്തുന്നവര്‍ പോലും പകല്‍ ഇവരെ ആക്ഷേപിച്ച് കടന്നു പോകുന്ന കഥകള്‍ പലതും അവര്‍ ആ മീറ്റിംഗില്‍ പങ്കുവെച്ചു,” അനില്‍ തുടരുന്നു.

“ഇതോടെ ഒരു പൊതുജനശ്രദ്ധയും സര്‍ക്കാരിന്‍റെ ഇടപെടലും ഇവരുടെ കാര്യത്തില്‍ ഉണ്ടായി എന്നു പറയാം. മാത്രമല്ല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരള എന്ന സംഘടനയും അന്നുണ്ടായി. പിന്നീട് സര്‍ക്കാരിന്‍റെ എച്ച് ഐ വി /എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികള്‍ കുറഞ്ഞെങ്കിലും എസ്ഡബ്ല്യൂഎഫ്കെ അവര്‍ക്കു വേണ്ടി നിലകൊണ്ടു.”

നിയമ സഹായം, ആരോഗ്യരക്ഷ, മാധ്യമ വിഭാഗം തുടങ്ങി പത്തു പ്രധാന വിഭാഗങ്ങളുണ്ടാക്കി സംഘടന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി.
ഇവരുടെ കുട്ടികളുടെ ക്ഷേമത്തിനായി ചൈല്‍ഡ് ഗ്രൂപ്പും ഉണ്ടായിരുന്നു.

“സമൂഹത്തില്‍ പ്രമുഖരായ പലരും ഇതിന്‍റെയൊക്കെ നേതൃത്വത്തിലും വോളന്‍ററി ജോലികളിലും ഭാഗമായി. അന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനമൊന്നുമില്ലാത്ത കാലമാണെന്ന് പ്രത്യേകം ഓര്‍ക്കണം. ഈ ഗ്രൂപ്പിലെ ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗത്തിലാണ് ഞാനും റോജയും വോളന്‍റിയേഴ്സ് ആയത്,” അനില്‍ പറയുന്നു.

ദേശത്തുനിന്നും വിദേശത്തുനിന്നും വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ചില്ലയിലെ കുട്ടികളുമായി അറിവുകള്‍ പങ്കുവെയ്ക്കാനെത്തും

തിരുവനന്തപുരം നഗരത്തിലെ എച്ചഐവി/എയ്ഡ്സ് ബാധിതരുടെ മക്കളുടെ എണ്ണം എടുക്കലായിരുന്നു അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം.

“എച്ച് ഐ വി /എയ്ഡ്സ് ബാധിതരെ കണ്ടെത്തല്‍ തന്നെ അതീവ ദുഷ്‌ക്കരമായിരുന്നു. കാരണം ഇവരെ അങ്ങനെ പകല്‍ സമയത്തൊന്നും പുറത്തു കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ രാത്രികാലങ്ങളില്‍ ഇവരെ തേടിയെത്തി ഒരാളെ കണ്ടുപിടിച്ച് അവരിലൂടെ മറ്റുള്ളവരെ തെരഞ്ഞു പിടിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.


റോജയും അനിലും ചേര്‍ന്ന് 180-ലധികം കുഞ്ഞുങ്ങളെ കണ്ടുപിടിച്ചു.


ആ പ്രവര്‍ത്തനങ്ങള്‍ അവിടെ അവസാനിച്ചില്ല.

“പലപ്പോഴും ഈ സ്ത്രീകള്‍ കുട്ടികളെ ബന്ധുവീടുകളിലും മറ്റുമാക്കി തൊഴിലിനായി പോകുകയായിരുന്നു പതിവ്. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിദ്യാഭ്യാസമോ ആരോഗ്യപരിപാലനമോ ഭക്ഷണമോ പോലും ലഭിച്ചിരുന്നില്ല. അമ്മ തിരികെ വരുമ്പോള്‍ കിട്ടുന്ന സന്തോഷമല്ലാതെ ഒന്നുമില്ലായിരുന്നു. ആ കുട്ടികളേയാണ് നമ്മള്‍ ഏറ്റെടുക്കുന്നത്.”

ആദ്യ ഘട്ടത്തില്‍ കുട്ടികളെ ബന്ധുവീടുകളില്‍ തന്നെ നിര്‍ത്തി അവര്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഇതില്‍ പല പ്രായോഗിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് പല സംഘടനകളുടെ സഹായത്തോടെ പല ഷെല്‍റ്ററുകളില്‍ അവരെ പാര്‍പ്പിക്കാന്‍ തുടങ്ങിയത്. അതിന് തയ്യാറുള്ള സംഘടനകളെ കണ്ടെത്താനും മറ്റുമായി അനിലും റോജയും നിരന്തരം സഞ്ചരിച്ചു.

“പലപ്പോഴും മറ്റുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ട് ഒഴിഞ്ഞ് മാറുമ്പോഴും ഞാനും റോജയുമാണ് ഒരുമിച്ചുണ്ടായിരുന്നത്,” അനില്‍ പറയുന്നു. “അതിനിടയില്‍ ഞങ്ങളുടെ സൗഹൃദം ദൃഢമാകുകയായിരുന്നു. … പറഞ്ഞുവരുന്നത് ഈ കുട്ടികളെ ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് പല സംഘടനകളുമായി അവരുടെ ഷെല്‍റ്റര്‍ ഹോമുകളിലാക്കി. ഇതിനായി ഞങ്ങള്‍ക്ക് ഈ സ്ത്രീകളുടെ വിശ്വാസം വളരെയധികം ആര്‍ജ്ജിച്ചെടുക്കേണ്ടിയിരുന്നു.”

ചില്ലയില്‍

ഇത്തരത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ വിവിധയിടങ്ങളിലായി 36 കുട്ടികളെ പല ഷെല്‍റ്ററുകളിലായി നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

“ഷെല്‍റ്റര്‍ ഹോമുകളിലാക്കിയ കുട്ടികള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങള്‍ എത്തിച്ചിരുന്നു. പിന്നെ ഇവരുടെ അമ്മമാരില്‍ നിന്ന് ഇവരെ അകറ്റുകയായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കുട്ടികളെ കാണാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കിയിരുന്നു.”

പക്ഷെ അവിടെ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തു.

“ആ ഇടയ്ക്കാണ് ഞങ്ങളുടെ വിവാഹം കഴിയുന്നത്. ആരുമില്ലാത്ത കുട്ടികളുടെ അച്ഛനും അമ്മയുമാകണം എന്നായിരുന്നു ഞങ്ങളുടെ വിവാഹ ഉടമ്പടി. പക്ഷെ ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസം തുടങ്ങിയിരുന്നില്ല. ആ സമയത്താണ് റോജയ്ക്ക് രണ്ടു കുട്ടികളെ ഒരു സുപ്രഭാതത്തില്‍ ഏറ്റെടുക്കേണ്ടി വന്നത്. … അവിടെ ഞങ്ങളുടെ ചില്ല തുടങ്ങുകയാണ്,” എന്ന് അനില്‍.

”ഈ രണ്ടു കുഞ്ഞുങ്ങളും ഞാനും റോജയുമായി  മങ്കാട്ടുകടവില്‍ ഒരു വീട്ടില്‍ ചില്ലയൊരുക്കി. ഞാന്‍ നേരത്തേ പറഞ്ഞല്ലോ ലൈംഗിക തൊഴിലാളികള്‍ക്ക് അവരുടെ മക്കളെ അങ്ങനെ എല്ലായിടത്തും വിടാന്‍ താല്പര്യമില്ലായിരുന്നു. പക്ഷെ, ഞങ്ങള്‍ അവരില്‍ ആര്‍ജ്ജിച്ചെടുത്ത വിശ്വാസം കൊണ്ട് ഞങ്ങളുടെ കൂടെയാണെങ്കില്‍ കുട്ടികളെ വിടാമെന്നായി,” അനില്‍ പറഞ്ഞു.

അങ്ങനെ രണ്ടു കുട്ടികളെയും കൊണ്ട് 2000-ത്തില്‍ തുടങ്ങിയ ചില്ലയിലേക്ക് നിരവധി കുട്ടികളെത്തി തുടങ്ങി. ഇരുപതു കുട്ടികള്‍ക്ക് വരെ ചില്ലയില്‍ കൂടൊരുക്കി.

ചില്ലയുടെ ലോഗോ

“ചില്ല പക്ഷെ എന്‍റെയും റോജയുടെയും മാത്രം പ്രവര്‍ത്തനഫലമായി ഉണ്ടായതല്ല കേട്ടോ. ഞങ്ങളുടെ നിരവധി സുഹൃത്തുക്കളുടെ സ്നേഹമാണ്, അധ്വാനമാണ് ചില്ല,” അനില്‍ തുടരുന്നു.

ചില്ലയെ ഒരു സ്ഥാപനം മാത്രമല്ല അത് തങ്ങളുടെ കുടുംബമാണെന്ന് റോജയും അനിലും ആവര്‍ത്തിച്ചു പറയുന്നു. “ആദ്യമൊരു വാടക വീട്ടിലായിരുന്നു. പിന്നീട് കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തി കുറച്ചു പേര്‍ ഒരുമിച്ച് ചേര്‍ന്ന് തിരുവനന്തപുരത്ത് കരകുളത്ത് വീടുള്‍പ്പടെയുള്ള ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടേക്ക് പ്രവര്‍ത്തനം മാറ്റി.”

ഇതാണ് ഞങ്ങളുടെ കുടുംബം

“ചില്ലയിലെത്തുന്ന കുട്ടികള്‍ക്ക് ഞാനും റോജയും അച്ഛനമ്മമാരാണ്. അവരുടെ ബയോളജിക്കല്‍ മദറിന് എപ്പോള്‍ വേണമെങ്കിലും അവരെ കാണാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഞങ്ങള്‍ക്കു പിറന്ന കുട്ടിയെപ്പോലെ തന്നെയാണ് അവരെല്ലാവരും. മാത്രമല്ല, ഞങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു,” അനില്‍ വിശദമായി പറയുന്നു.

“സ്‌കൂളുകളിലെ അഡ്മിഷന്‍ സമയത്ത് അവരുടെ സ്വന്തം അമ്മമാരേ കൂടി സ്‌കൂളില്‍ എത്തിക്കുന്നു. അവരെല്ലാം അറിഞ്ഞു വളരണം. അവര്‍ക്ക് ഒരു മാനസിക പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. ഞാന്‍ നേരത്തേ പറഞ്ഞല്ലോ ചില്ലയില്‍ എല്ലാക്കാലത്തും 20 കുട്ടികളെയാണ് നോക്കുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് അവര്‍ ജനിച്ച ചുറ്റുപാടിലും വളര്‍ന്ന സാഹചര്യത്തിലുമുണ്ടായ ചില്ലറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനസിക പിന്തുണയോടൊപ്പം അവരേ സന്തുഷ്ടരും സ്വതന്ത്രരുമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് ചില്ല സ്വീകരിച്ചിരിക്കുന്നത്.

“ചില്ലയിലെ പൊതുവായ കാര്യങ്ങള്‍ ഞാനും റോജയും കൂടി ചെയ്യും. അടുക്കള ജോലികള്‍ക്കായും അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ക്കായും അവിടെ ഒന്നു രണ്ടാളുകളുണ്ട്.”

സുഹൃത്തുക്കള്‍, പല സംഘടനകള്‍ എന്നിവയിലൂടെയുള്ള സഹായമാണ് ചില്ലയുടെ നിലനില്‍പിന് പിന്നില്‍. അമേരിക്ക ആസ്ഥാനമായ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ആശാ ഫോര്‍ എഡ്യൂക്കേഷന്‍ ചില്ലയ്ക്ക് ആവശ്യമായ സംഭാവനകള്‍ എല്ലാക്കാലത്തും നല്‍കി വരുന്നുണ്ട്.

പിന്നെ ചില്ലയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു സംഘം തന്നെയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം,ആരോഗ്യം, നിയമപരമായ കാര്യങ്ങള്‍ എല്ലാം നോക്കാന്‍ ആളുകളുണ്ട്. എല്ലാവരും തന്നെ സന്നദ്ധസേവകരാണ്. അവിടെയുള്ള കുട്ടികള്‍ക്കായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, വിവിധ കോളെജുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഇവിടെയുള്ള കുട്ടികള്‍ക്കായി പ്രോഗ്രാം ചെയ്യുകയും ചില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

എം എസ് ഡബ്ല്യൂ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളും അവരുടെ പഠനത്തിന്‍റെ ഭാഗമായി ചില്ലയിലെത്തുന്നു.

“ചില്ലയിലൂടെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു മാത്രമല്ല അവര്‍ക്കും സമൂഹത്തിലെ ഒറ്റപ്പെടലുകളില്‍ നിന്നും അവഗണനയില്‍ നിന്നും രക്ഷനേടാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിലൊക്കെ ഒരു തരത്തിലുമുള്ള തിരിച്ചറിയല്‍ രേഖകളുമില്ലാതിരുന്ന ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കുന്നതിനും സര്‍ക്കാരിന്‍റെ ആനുകൂല്യത്തോടെ സ്വന്തം വീടുകള്‍ നിര്‍മ്മിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

“കൂടാതെ ചില്ലയില്‍ വളരുന്ന കുട്ടികള്‍ക്ക് അവരുടെ അമ്മമാര്‍ ജീവിതത്തില്‍ സുരക്ഷിതരാണെന്ന് കരുതിയാല്‍ അവര്‍ക്കൊപ്പം പോവാനും അനുവാദമുണ്ട്. ഈ തരത്തില്‍ ചില്ലയില്‍ നിന്ന് ഇരുനൂറോളം കുഞ്ഞുങ്ങളാണ് പറന്ന് പോയത്. ചിലരെങ്കിലുമൊക്കെ ചില്ലയിലേക്ക് സന്തോഷത്തോടെ തിരിച്ചുവരാറുമുണ്ട്,” അനില്‍ പറയുന്നു

പറക്കമുറ്റുമ്പോള്‍…

ചില്ല ചേക്കേറാന്‍ താല്‍ക്കാലിക ഒരിടം മാത്രമാണ്. ചേക്കേറുന്ന കിളികള്‍ പറക്കമുറ്റുമ്പോള്‍ പറന്നുപോകണമെന്നാണ് അലിഖിത നിയമം. അതുകൊണ്ടാണ് അതൊരു ചില്ല മാത്രമാകുന്നതും. അവിടെയെത്തുന്ന കുട്ടികള്‍ക്ക് ആദ്യം ആവശ്യത്തിന് സ്നേഹവും പരിചരണവും നല്‍കുന്നു. അവരുടെ ജീവിതത്തിലും സ്നേഹിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് അവര്‍ ആദ്യം മനസിലാക്കട്ടെ. അവരുടെ ജീവിതം സുന്ദരമാകാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഇവിടെയെത്തുന്ന കുട്ടികള്‍ക്കു വേണ്ടി ആദ്യമേ ചെയ്യുന്നത്. അവരില്‍ കോണ്‍ഫിഡന്‍സ് വളര്‍ത്തുന്നതോടൊപ്പം മികച്ച വ്യക്തികളാകാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. അവരത് വരെ അനുഭവിച്ചു വന്ന അവഗണനയില്‍ നിന്നും അവഹേളനങ്ങളില്‍ നിന്നും ഒരു മോചനമാണ് ചില്ലയിലൂടെ ലഭിക്കുന്നത്, റോജയും അനിലും ചില്ലയുടെ മനസ്സ് തുറന്നുവെച്ചു.

ട്രാന്‍സ്ജെന്‍ഡേഴ്സ് ജസ്റ്റിസ് ബോര്‍ഡില്‍ അംഗമാണ് അനില്‍. അവരെ സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

“ചില്ല എന്നില്‍ നിന്നും വേര്‍തിരിച്ചു കാണേണ്ടതില്ല. അതെനിക്കെന്‍റെ കുടുംബമാണ്. നിങ്ങള്‍ക്കൊക്കെ എന്താണോ കുടുംബം അതുപോലെ തന്നെ. എന്‍റെ സാമൂഹ്യപ്രവര്‍ത്തനം ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ നീതിയ്ക്കു വേണ്ടിയാണ്. അതിലേക്ക് ഞാനെത്തുന്നതിനു പിന്നിലും കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഇത്രയധികം സാമൂഹ്യസ്വീകരണം കിട്ടുന്നതിനു പിന്നിലും നീണ്ടയൊരു പ്രയത്നമുണ്ട്. അതു പറയാം,” അനില്‍ വിശദമാക്കുന്നു.

“ചില്ലയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാംഗ്ലൂരിലുള്ള സംഗമാ എന്ന എന്‍ ജി ഒയുമായി സഹകരിക്കുന്നത്. അവര്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെ ചില്ലയുടെ പ്രവര്‍ത്തനങ്ങളില്‍ അവരും ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളും പങ്കാളികളായി. കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ആരംഭിച്ചു.

“അക്കാലത്താണ് ഗ്ലോബല്‍ ഫണ്ടെന്ന രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സി ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ക്ഷേമത്തിനായി ഒരു പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ അതിന്‍റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു. അന്ന് സംഗമയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ ഞാന്‍ ആ സ്ഥാനം ഒഴിഞ്ഞ് ഇവിടെ സര്‍വ്വേ കോര്‍ഡിനേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളിലും ഓഫീസ് പ്രവര്‍ത്തിച്ചു. ഇവരെ ഐഡന്‍റിഫൈ ചെയ്തു.

“അങ്ങനെയിരിക്കെയാണ് 2014-ല്‍ എം കെ മുനീര്‍ സാമൂഹ്യക്ഷേമ മന്ത്രിയായപ്പോള്‍ അദ്ദേഹത്തോട് ട്രാന്‍സ്ജെന്‍ഡേഴ്സിനെ പറ്റി സംസാരിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നതും. അങ്ങനെ കേരളത്തില്‍ ഇവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സംഗമ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.”

പിന്നീട് ഇന്‍ഡ്യയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനായി പ്രത്യേക നിയമം വന്നു. തുടര്‍ന്ന് കേരള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്.

“ആദ്യം തൊട്ട് സഹകരിച്ച ആളെന്ന നിലയിലും എന്‍ജിഒ-യുടെ പ്രതിനിധിയെന്ന നിലയിലും ഞാന്‍ ബോര്‍ഡില്‍ ഒരംഗമായി. അങ്ങനെ അവരുടെ ക്ഷേമത്തിനു വേണ്ടിയും നിലനില്പിനും വേണ്ടിയും പരിശ്രമിക്കുകയും അതിനുള്ള റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു,” അനില്‍ വിശദീകരിച്ചു.

ഫോട്ടോകള്‍ക്ക് കടപ്പാട്: റോജ സിന്ധു, ചില്ല അനില്‍, Chilla India/ Facebook


ഇതുകൂടി വായിക്കാം: ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ  നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം