നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും

മൂന്ന് വര്‍ഷം മുമ്പാണ് സന്ധ്യ ജോലി രാജിവെച്ച് മാഹിയില്‍ നിന്നും തൃശ്ശൂരിലെ തറവാട്ടിലെത്തുന്നത്. വന്ന് ആദ്യം ചെയ്തത് തന്‍റെ വീടിനു ചുറ്റുമുള്ള ഒരേക്കറോളം വരുന്ന ഭൂമി കൃഷിക്കായി ഒരുക്കുക എന്നതായിരുന്നു.

തൃശ്ശൂരിലെ പൂച്ചട്ടിക്കാർ എൻ ബി സന്ധ്യയെ സന്ധ്യട്ടീച്ചർ എന്നേ വിളിക്കൂ. ഇരുപത്തിമൂന്ന് വർഷമാണ് സന്ധ്യ നവോദയ വിദ്യാലയത്തിൽ പഠിപ്പിച്ചത്–ടീച്ചറേന്നല്ലാതെ പിന്നെന്തുവിളിക്കും!?

പക്ഷേ, കൃഷിയോടുള്ള താൽപര്യം അസ്ഥിക്ക് പിടിച്ചപ്പോൾ ജോലി രാജിവെച്ച് സന്ധ്യ നാട്ടിലേക്ക് മടങ്ങി.

സന്ധ്യ ടീച്ചര്‍

കൃഷിയോടുള്ള പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചെറുപ്പം മുതല്‍ നാട്ടിന്‍ പുറവും പച്ചപ്പും കൃഷിയും ഒക്കെത്തന്നെയായിരുന്നു സന്ധ്യയുടെ മനസ്സില്‍. ആ പ്രേമം കൂടിയതേയുളളൂ. എന്നാൽ അധ്യാപികയായി നിയമനം കിട്ടിയപ്പോള്‍ ആ ജോലി സ്വീകരിച്ചു എന്നുമാത്രം. അപ്പോഴും ബാല്യകാല പ്രണയം മറന്നില്ല.


മൂന്ന് വര്‍ഷം മുമ്പാണ് സന്ധ്യ ജോലി രാജിവെച്ച് മാഹിയില്‍ നിന്നും തൃശ്ശൂരിലെ തറവാട്ടിലെത്തുന്നത്.


ഇരുപത്തിമൂന്ന് വർഷക്കാലവും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു സന്ധ്യ. കുട്ടികൾ വളർന്നു, തനിക്ക് ഇനി സ്ഥിരം ചിട്ടയിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരണം എന്ന ആഗ്രഹം കലശലായപ്പോഴാണ് സന്ധ്യ ഏറെക്കാലം മനസ്സിലൊളിപ്പിച്ച ഇഷ്ടം പൊടിതട്ടിയെടുത്തത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ജോലി രാജിവെച്ച് പൂച്ചട്ടിയിലെ തറവാട്ടിലേക്ക് തിരിച്ചുവന്നു. വീടിനോടു ചേര്‍ന്ന് ധാരാളം സ്ഥലം ഉണ്ടായിരുന്നു. ആ ഭൂമി കൃഷിയിടമാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.


ഇതുകൂടി വായിക്കാം: 40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!


സന്ധ്യ ടീച്ചറുടെ കൃഷിയിടത്തുനിന്നും

ജോലി രാജി വച്ച് വീട്ടിലെത്തിയപ്പോൾ പലരും ആശങ്ക പ്രകടിപ്പിച്ചു. തീരെ പരിചയമില്ലാത്ത മേഖലയിലേക്കാണ് കാലെടുത്തുവെക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ടീച്ചറെ സ്നേഹപൂർവ്വം എതിർത്തവർ നിരവധി. ജോലിയുടെ ഭാഗമായി മാറി മാറി നിന്ന കോർട്ടേഴ്‌സുകളിലും വീടുകളിലും ചില്ലറ ചില കാർഷിക പരീക്ഷണങ്ങൾ നടത്തിയിരുന്നു എന്നതൊഴിച്ചാല്‍ കൃഷിയിലേക്ക് പൂര്‍ണമായി ഇറങ്ങിയിരുന്നില്ല.

വിഷം കലരാത്ത നല്ല പച്ചക്കറികളും പഴവർഗങ്ങളും വിളയിക്കണം, അത് ചുറ്റുമുള്ളവര്‍ക്ക് നല്‍കണം എന്നത് ടീച്ചറുടെ വാശിയായിരുന്നു. വെറുതെ ഇരുന്നു താന്‍ ഭൂമിക്ക് ഭാരമാകാന്‍ പോകുന്നില്ല, കൃഷിയിൽ പച്ചപിടിക്കും എന്ന് ടീച്ചർ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ആ വാക്കുകളോട് മൂന്ന് മക്കള്‍ക്കും വലിയ മതിപ്പായിരുന്നു. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണ. അങ്ങനെ സന്ധ്യടീച്ചർ കാര്‍ഷിക യാത്ര ആരംഭിച്ചു.


വിചാരിച്ച കാര്യം നടത്താന്‍ ഏതറ്റം വരെയും പോകാൻ സന്ധ്യ ടീച്ചർ തീരുമാനിച്ചിരുന്നു.


മൂന്ന് വര്‍ഷം മുമ്പാണ് സന്ധ്യ ജോലി രാജിവെച്ച് മാഹിയില്‍ നിന്നും തൃശ്ശൂരിലെ തറവാട്ടിലെത്തുന്നത്. വന്ന് ആദ്യം ചെയ്തത് തന്‍റെ വീടിനു ചുറ്റുമുള്ള ഒരേക്കറോളം വരുന്ന ഭൂമി കൃഷിക്കായി ഒരുക്കുക എന്നതായിരുന്നു. പുല്ലുമാറ്റി, മണ്ണ് ഉഴുതുമറിച്ച് , നനവെള്ളം എല്ലായിടത്തും എത്തിക്കുന്നതിനുള്ള വഴിയൊരുക്കി… ആ ഭൂമിയിൽ ആദ്യത്തെ വിളയിറക്കുക എന്നത് അൽപം ശ്രമകരമായ കാര്യമായിരുന്നു.


ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു


എന്നാൽ വിചാരിച്ച കാര്യം നടത്താന്‍ ഏതറ്റം വരെയും പോകാൻ സന്ധ്യ ടീച്ചർ തീരുമാനിച്ചിരുന്നു. കൃഷിയിൽ മുൻപരിചയമുള്ള ആളുകളിൽ നിന്നും കൃഷി രീതികൾ മനസിലാക്കുകയായിരുന്നു ആദ്യപടി. ഉയർന്ന മേന്മയുള്ള പച്ചക്കറി വിത്തുകൾ കണ്ടെത്തുന്നതിനും ജൈവ വളങ്ങൾ ശേഖരിക്കുന്നതിനുമായി സമയം കുറേ ചെലവഴിച്ചു.

ടീച്ചറോടുള്ള വിശ്വാസം

സന്ധ്യ ടീച്ചര്‍

നൂറു ശതമാനം ജൈവ കൃഷി രീതി അവലംബിച്ചാകണം കൃഷി എന്ന് സന്ധ്യ ടീച്ചര്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് മണ്ണൊരുക്കിയതും വിത്ത് പാകിയതുമെല്ലാം. പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം മോട്ടർ വച്ച് കൃഷിയിടത്തിലേക്ക് എത്തിച്ചു. പച്ചക്കറികളായിരുന്നു ആദ്യമായി നട്ടത്. വേണ്ട, കോവൽ, പാവൽ, തക്കാളി, പയർ, വഴുതിന, ചീര തുടങ്ങി വിപണിയിൽ ഏറ്റവും കൂടുതൽ വിഷമടിച്ച് എത്തുന്ന ഉൽപ്പന്നങ്ങൾ ടീച്ചർ ജൈവ കൃഷി രീതിയിൽ കൃഷി ചെയ്തു.


നൂറു ശതമാനം ജൈവ കൃഷി രീതി അവലംബിച്ചാകണം കൃഷി എന്ന് സന്ധ്യ ടീച്ചര്‍ ആദ്യമേ തീരുമാനിച്ചിരുന്നു.


മണ്ണ് ചതിച്ചില്ല, ആദ്യതവണ വിളവെടുപ്പ് തന്നെ കെങ്കേമമായിരുന്നു. എല്ലാ ഇനം പച്ചക്കറികളിൽ നിന്നും മികച്ച വിളവ് തന്നെ ലഭിച്ചു. വീട്ടിലെ ആവശ്യങ്ങൾക്കും അടുത്തുള്ള വീടുകളിലും അത്യാവശ്യം വില്പന കഴിഞ്ഞും പച്ചക്കറികൾ ബാക്കിയായതോടെയാണ് പ്രാദേശിക മാർക്കറ്റിൽ വിൽക്കാൻ തീരുമാനിച്ചത്.


ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍


ജോലി ഉപേക്ഷിച്ചു കൃഷിയിലേക്കെത്തിയ ടീച്ചർ എന്ന സ്നേഹവും വിശ്വാസ്യതയും ജൈവ പച്ചക്കറികളുടെ ഗുണമേന്മയും എല്ലാം കൂടിയായപ്പോള്‍ നാട്ടുചന്തയില്‍ ആവശ്യക്കാർ വര്‍ദ്ധിച്ചു. ഉണ്ടാക്കിയ പച്ചക്കറികൾ എല്ലാം വിറ്റുപോകാൻ തുടങ്ങിയതോടെ കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിച്ചു.

ഫേസ്ബുക്കില്‍ ഒരു മാര്‍ക്കറ്റ്

സന്ധ്യ ടീച്ചര്‍

ന്യൂജെൻ കർഷക എന്ന് വേണമെങ്കിൽ സന്ധ്യ ടീച്ചറെ വിളിക്കാം. സോഷ്യല്‍ മീഡിയ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തിയാണ് ചുരുങ്ങിയ സമയം കൊണ്ട് ടീച്ചർ ശ്രദ്ധ നേടിയത്. തന്‍റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള പച്ചക്കറികള്‍ എന്ത് ചെയ്യും എന്ന ചിന്തയാണ് ഫേസ്ബുക്കിനെ പച്ചക്കറിയുടെ വിപണിയാക്കി മാറ്റം എന്ന ആശയത്തില്‍ എത്തിച്ചത്. തോട്ടത്തില്‍ വിളയുന്ന പച്ചക്കറികളുടെ ചിത്രങ്ങളും വിലയും സഹിതം ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ജൈവ ഉല്‍പ്പന്നങ്ങള്‍ എന്ന് കേട്ടതും ആവശ്യക്കാര്‍ നിരവധിയെത്തി.

ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജൈവ കൃഷി ചെയ്യുന്നവരും ഉപഭോക്താക്കളും ഒന്നിച്ചു. ഇപ്പോള്‍ ഏകദേശം 80,000 പേര്‍ ഈ കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമാണ്. കൃഷിയെപ്പറ്റി വലിയ അറിവൊന്നും ഇല്ലാതെ ആഗ്രഹത്തിന്‍റെ പുറത്ത് കാർഷിക വൃത്തിയിലേക്ക് ഇറങ്ങിയ തന്നെ മികച്ച ഒരു കര്‍ഷകയാക്കി മാറ്റുന്നതിൽ ഈ ഫേസ്ബുക് കൂട്ടായ്മ സഹായിച്ചുവെന്ന് സന്ധ്യ പറയുന്നു.


കൃഷിയിൽ തനിക്കൊരു ഭാവിയുണ്ടെന്നു മനസിലാക്കിയ സന്ധ്യ, വിത്ത് വിതക്കൽ, നന, വിളവെടുപ്പ് എല്ലാം കഴിഞ്ഞു ബാക്കി വരുന്ന സമയം ഫലപ്രദമായി വിനിയോഗിക്കാൻ തീരുമാനിച്ചു.


പൂച്ചട്ടിയിലെ കൃഷിയിടത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവിലയും ലാഭവും ലഭ്യമാക്കിയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് ഈ ഗ്രൂപ്പ് വഴി വില്പന നടത്താവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് കൃഷിയില്‍ തിളങ്ങാനുള്ള മാര്‍ഗനിര്‍ദേശവും കൃഷി രീതികളും സന്ധ്യ ടീച്ചർ സ്വന്തം  അനുഭവത്തിൽ നിന്നും പങ്കുവച്ചു നൽകുന്നു

നല്ല കൈപ്പുണ്യമുള്ള കര്‍ഷക

വളരെ ചുരുങ്ങിയ സമയം കൊണ്ട് കൃഷിയിൽ തനിക്കൊരു ഭാവിയുണ്ടെന്നു മനസിലാക്കിയ സന്ധ്യ, വിത്ത് വിതക്കൽ, നന, വിളവെടുപ്പ് എല്ലാം കഴിഞ്ഞു ബാക്കി വരുന്ന സമയം ഫലപ്രദമായി വിനിയോഗിക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഫലമായാണ് സംയോജിത കൃഷിയില്‍ ഒരു കൈ നോക്കാൻ ടീച്ചർ തീരുമാനിച്ചത്.15 കോഴികള്‍, രണ്ട് ആട് , ഒരു പശു എന്ന കണക്കില്‍ ഏറ്റവും ലളിതമായ രീതിയില്‍ തുടങ്ങി. ഇപ്പോള്‍ 200-ല്‍ പരം കോഴികള്‍ , 15 ആടുകള്‍, 3 പശുക്കള്‍ എന്നിവയുണ്ട്.

കണ്ടുനിൽക്കുന്നവർ പറയും നല്ല കൈപുണ്യമുള്ള കര്‍ഷകയാണ് ടീച്ചർ എന്ന്. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാലും മുട്ടയും എല്ലാം പ്രാദേശിക വിപണിയിലും ഫേസ്‌ബുക്ക് കൂട്ടായ്മകളിലും വിറ്റാണ് ടീച്ചർ വരുമാനം കണ്ടെത്തുന്നത്.


അധ്യാപനം ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടോ അതുപോലെ തന്നെ ഞാൻ കൃഷിയും ആസ്വദിക്കുന്നു.


”ഞാൻ ഏറെ ആഗ്രഹിച്ചു തെരെഞ്ഞെടുത്ത ഒരു പ്രൊഫഷനാണ് കൃഷി. അധ്യാപനം ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടോ അതുപോലെ തന്നെ ഞാൻ കൃഷിയും ആസ്വദിക്കുന്നു. പച്ചക്കറികളിലും ഭക്ഷ്യവസ്തുക്കളിലും ചേർക്കുന്ന വിഷവും മായവും എല്ലാം കഴിച്ചു മടുത്തിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. ഇപ്പോൾ ജൈവ പച്ചക്കറികൾ മറ്റുള്ളവർക്ക് വിതരണം ചെയ്യുമ്പോൾ മനസിന് നല്ല സന്തോഷവും സമാധാനവുമുണ്ട്

“അതുകൊണ്ട് തന്നെ എന്‍റെ തീരുമാനം തെറ്റിപ്പോയി എന്ന ചിന്തയെനിക്കില്ല. ഞാൻ വളരെ സന്തോഷവതിയാണ്. ഇനി വരുമാനത്തിന്‍റെ കാര്യം നോക്കുകയാണെങ്കിൽ ഞാൻ വാങ്ങിയിരുന്ന ശമ്പളത്തേക്കാൾ ഉയർന്ന തുക കൃഷിയിടത്തിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്,” സന്ധ്യ ടീച്ചർ പറയുന്നു.

നോക്കാൻ ബുദ്ധിമുട്ടായതിനാൽ ഫാമിൽ നിന്നും 200 ൽ പരം താറാവുകളെ ടീച്ചർ ഒഴിവാക്കി. സഹായത്തിനു ആൾക്കാർ വരുന്നുണ്ടെങ്കിലും ഒരുവിധത്തിൽപറഞ്ഞാൽ സന്ധ്യ ടീച്ചറുടെ ഒറ്റയാൾ പോരാട്ടമാണ് ഈ ഫാം.


ഞാൻ വാങ്ങിയിരുന്ന ശമ്പളത്തേക്കാൾ ഉയർന്ന തുക കൃഷിയിടത്തിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്.


നാടന്‍ മുട്ടകയ്ക്കും ആട്ടിന്‍പാലിനും പശുവിന്‍ പാലിനും ആവശ്യക്കാര്‍ ഏറെ. ഓര്‍ഡര്‍ അനുസരിച്ച് പാലും മുട്ടയും നല്‍കാനില്ല എന്നതിനാല്‍ ഫാം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. അപ്പോൾ കൂടുതൽ താറാവുകളെയും ഉൾപ്പെടുത്തും, ടീച്ചര്‍ പറ‍ഞ്ഞു.

വെന്ത വെളിച്ചെണ്ണയും അച്ചാറുകളും

സമയം ഒട്ടും വെറുതെ കളയുന്നത് ടീച്ചർക്ക് ഇഷ്ടമുള്ള കാര്യമല്ല. അതിനാലാണ് അൽപം പാചക പരീക്ഷണങ്ങളിലേക്കും ടീച്ചർ കടന്നത്. വീടിന് ചുറ്റുമുള്ള പറമ്പില്‍ നാളികേരം ആവശ്യത്തില്‍ കൂടുതല്‍ കിട്ടും. ഒരിക്കല്‍ വെളിച്ചെണ്ണ ആട്ടിയ ശേഷം, വീണ്ടും തേങ്ങ ബാക്കി. കൂടുതല്‍ വെളിച്ചെണ്ണ കുറഞ്ഞ വിലക്ക് വിറ്റൊഴിക്കുന്നതിനേക്കാൾ നല്ലത് വെന്ത വെളിച്ചെണ്ണ നിർമിക്കുന്നതല്ലേ എന്ന ഐഡിയ ഉദിച്ചു.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


അങ്ങനെയാണ് വെന്ത വെളിച്ചെണ്ണ (വിർജിൻ കോക്കനട്ട് ഓയിൽ) നിർമാണം ആരംഭിക്കുന്നത്. ആരോഗ്യത്തിനും ചര്‍മ്മത്തിനും നല്ലതെന്ന അറിയപ്പെടുന്ന വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കുന്നത് ഏറെ സമയമെടുക്കുന്ന പരിപാടിയാണ്. കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നതുകൊണ്ടുതന്നെ ഇതിന് വിലയും കൂടുതലാണ്. വില അല്‍പം കൂടിയാലും ആവശ്യക്കാര്‍ ഏറെയുണ്ടായി. ഫേസ്ബുക്കില്‍ നിന്നും നിരവധി പേര്‍ അന്വേഷിച്ചെത്തി. കേരളത്തിനകത്തും പുറത്തും നിന്നും ആവശ്യക്കാര്‍ ഒരുപാടുണ്ട്.

വെളിച്ചെണ്ണ നിർമാണം പൊടിപൊടിച്ചപ്പോഴാണ് അച്ചാറുകളെപ്പറ്റിയും മസാലക്കൂട്ടുകളെ പറ്റിയും ടീച്ചർ ചിന്തിക്കുന്നത്. സാമ്പാര്‍ പൊടി നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പല തരം മസാലപ്പൊടികള്‍ , മീന്‍ ഉള്‍പ്പെടയുള്ള അച്ചാറുകൾ ,ജാതിക്ക സ്‌ക്വാഷ്, ജാം , തുടങ്ങി അനേകം ഉല്‍പ്പന്നങ്ങള്‍ ടീച്ചറുടെ കൈപുണ്യത്തില്‍ വിപണിയിലെത്തി. കാൽ കിലോ അരകിലോ പാക്കറ്റുകളായാണ് വില്പന. ഫേസ്‌ബുക്ക് വഴി ഓർഡർ നൽകുന്നവർക്ക് ടീച്ചർ ഉൽപ്പന്നങ്ങൾ കൊറിയർ അയച്ചു നൽകും. വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി ബാക്കി വരുന്ന പീര ഉപയോഗിച്ച് രുചികരമായ തേങ്ങാ ഉണ്ട എന്ന വിഭവവും ടീച്ചർ പരീക്ഷിച്ചു വിജയിപ്പിച്ചു.


വെളിച്ചെണ്ണ നിർമാണം പൊടിപൊടിച്ചപ്പോഴാണ് അച്ചാറുകളെപ്പറ്റിയും മസാലക്കൂട്ടുകളെ പറ്റിയും ടീച്ചർ ചിന്തിക്കുന്നത്.


പ്രാദേശിക വിപണിയിൽ സന്ധ്യ ടീച്ചറും ഉൽപ്പന്നങ്ങളും സജീവമായതോടെ ഒരു നാട്ടുചന്തക്ക് തുടക്കമായി. നാട്ടുചന്തയിൽ ടീച്ചർ ഉൾപ്പെടെ നിരവധി കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽപനക്കായി എത്തിക്കുന്നു. നമുക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യണം എന്നതാണ് തന്‍റെ രീതിയെന്ന് ടീച്ചർ പറയുന്നു. സാധ്യതകൾ നമ്മെ തേടി വരില്ല. നാം സാധ്യതകളെ തേടിച്ചെല്ലണമെന്ന് തന്‍റെ അനുഭവത്തിൽ നിന്നും ടീച്ചർ വ്യക്തമാക്കുന്നു.

സന്ധ്യ ടീച്ചര്‍ നിര്‍മ്മിക്കുന്ന വെന്ത വെളിച്ചണ്ണ

ടീച്ചറുടെ കൃഷി രീതികൾ കണ്ടു അയൽവാസികളില്‍ പലരും കൃഷിയിലേക്കും പാചകത്തിലേക്കുമെല്ലാം ഇറങ്ങി. എല്ലാവരെയും പിശുക്കില്ലാതെ പ്രോത്സാഹിപ്പിച്ചു. വീടിന് അടുത്തുള്ള വനിതകളെ തന്‍റെ പാചകത്തില്‍ പങ്കാളികളാക്കി. ലാഭത്തിന്‍റെ ഒരു വിഹിതം ഇവര്‍ക്ക് നല്‍കുന്നുണ്ട് സന്ധ്യ ടീച്ചർ. പെൺകൂട്ടായ്മയിൽ ഒരു ചെറിയ കാറ്ററിംഗ് യൂണിറ്റും ഇപ്പോള്‍ നന്നായി പോകുന്നു.

സന്ധ്യാസ്‌ എന്ന ബ്രാൻഡിൽ തന്‍റെ അച്ചാറുകളും മസാലക്കൂട്ടും വെന്ത വെളിച്ചെണ്ണയും മറ്റും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ടീച്ചർ.

സ്നേഹത്തിന്‍റെ രുചി

ഭക്ഷ്യ സ്വരാജ് എന്നതാണ് സന്ധ്യ ടീച്ചറുടെ ലക്ഷ്യം. കുറഞ്ഞപക്ഷം അവരവർക്കായുള്ള പച്ചക്കറികൾ എങ്കിലും സ്വയം ഉൽപ്പാദിപ്പിക്കണം.


വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി ബാക്കി വരുന്ന പീര ഉപയോഗിച്ച് രുചികരമായ തേങ്ങാ ഉണ്ട എന്ന വിഭവവും ടീച്ചർ പരീക്ഷിച്ചു വിജയിപ്പിച്ചു.


ആ ലക്ഷ്യം വെച്ച് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ടീച്ചർ. പുലര്‍ച്ചെ നാലര മണിക്ക് ആരംഭിക്കും ദിനചര്യകൾ. പച്ചക്കറിത്തോട്ടത്തിൽ നന്നാക്കലും വിളവെടുപ്പും കഴിഞ്ഞു കന്നുകാലിഫാമിലെത്തി കറവയും കഴിഞ്ഞാണ് വേറെന്തും ടീച്ചർ ചെയ്യൂ. ശേഷം വീട്ടുജോലികൾ ഒതുക്കി മസാലപ്പൊടികളുടെയും അച്ചാറിന്‍റെയും നിർമാണത്തിലേക്ക് കടക്കും.

ചെയ്യുന്ന ഓരോ കാര്യവും അങ്ങേയറ്റം ആസ്വദിച്ചു ചെയ്യണം, അത് ടീച്ചര്‍ക്ക് നിര്‍ബന്ധമാണ്. സന്തോഷത്തോടെയും സ്നേഹത്തോടെയും ഉണ്ടാക്കുന്ന എന്തിനും രുചി ഒന്നു വേറെത്തന്നെയാണ് എന്നല്ലേ…

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം