കോവിഡ്-19: ഈ സമയത്ത് കുഞ്ഞുങ്ങളെ മുലയൂട്ടാമോ? ഡോക്റ്റര്‍ പറയുന്നതിതാണ്

ഈ കൊറോണക്കാലത്ത് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം? ഡോ. ഇന്ദു തനേജ മറുപടി നല്‍കുന്നു.

കോവിഡ്-19 വ്യാപനത്തോടെ പരസ്പരം അകലം പാലിക്കുന്നതാണ് രോഗബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗം എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അപ്പോള്‍, മുലകുടിക്കുന്ന കുഞ്ഞുങ്ങളുള്ള അമ്മമാര്‍ എന്തുചെയ്യണം?

ഈ സംശയം ദ് ബെറ്റര്‍ ഇന്‍ഡ്യ ഡോ. ഇന്ദു തനേജ (ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഫരീദാബാദ്)യോട് ചോദിച്ചു. ഒപ്പം മുലയൂട്ടുന്ന അമ്മമാരുടെ മറ്റ് ചില പൊതുവായ സംശയങ്ങളും.

“ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും നടത്തിയ കോവിഡ്-19 പഠനങ്ങളില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടവയിലൊന്നും ഈ വൈറസിന്‍റെ സാന്നിദ്ധ്യം ഗര്‍ഭപാത്രത്തിലെ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിലോ മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് നേരിട്ട് ഗര്‍ഭസ്ഥശിശുവിലേക്ക് കോവിഡ് 19 പകരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല,” ഡോ. ഇന്ദു തനേജ പറയുന്നു.

ഡോ. ഇന്ദു തനേജ

എങ്കില്‍ തന്നെയും പ്രസവസമയത്ത് കോവിഡ്-19 ബാധയുള്ള അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. അതേസമയം, ഇതുവരെയുള്ള പഠനങ്ങളില്‍ മുലപ്പാലിലൂടെ രോഗം പകരുന്നതായി തെളിവുകളില്ല.

അതുകൊണ്ട് മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് തുടരണം എന്നാണ് ഡോക്റ്റര്‍ പറയുന്നത്.

മുലയൂട്ടുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  • കൈകള്‍ ഇടയ്ക്കിടെ (സോപ്പും വെള്ളവും ഉപയോഗിച്ച്) കഴുകുക, പ്രത്യേകിച്ചും മുലയൂട്ടുന്നതിന് മുന്‍പ്.
  • നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  • മൂക്കും വായയും നന്നായി മൂടുന്ന മാസ്‌ക് ഉപയോഗിക്കുക.
  • അണുമുക്തമാക്കിയ തുണിയില്‍ വേണം മുലയൂട്ടുന്ന സമയത്ത് കുഞ്ഞിനെ കിടത്താന്‍.
  • സാമൂഹ്യഅകലം കര്‍ശനമായി പാലിക്കുക. പുറത്തുനിന്നുള്ളവരെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഉപയോഗത്തിന് മുമ്പും ശേഷവും അത് അണുവിമുക്തമാക്കണം.

ഞാന്‍ കോവിഡ്-19 പോസിറ്റിവാണെങ്കില്‍ മുലയൂട്ടാമോ?

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിങ്ങള്‍ കോവിഡ് 19 പോസിറ്റീവ് ആണെങ്കിലും നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ മുലയൂട്ടല്‍ തുടരാം. എന്നാല്‍ ശുചിത്വം പാലിക്കണം മുലയൂട്ടുന്ന സമയത്ത് മാസ്‌ക് ധരിക്കണം. മാത്രമല്ല, അവര്‍ സ്പര്‍ശിക്കുന്ന എല്ലാ പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.

മുലപ്പാലിന്‍റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ പറയുന്നത് ഇതാണ്: മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് അവശ്യം വേണ്ട പ്രൊട്ടീന്‍ നല്‍കുന്നതോടൊപ്പം പല രോഗങ്ങളേയും തടയുന്നതിനുള്ള പോഷകങ്ങളും നല്‍കുന്നു. ഇതുവരെ നടന്ന പഠനങ്ങളില്‍ മുലപ്പാലില്‍ കോവിഡ്-19 സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. എങ്കിലും കോവിഡ്-19 പോസിറ്റീവ് ആയ അ്മ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിലേക്ക് വൈറസ് പകരില്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല.

മുലയൂട്ടുന്ന അമ്മമാര്‍ വൈറ്റമിന്‍ സി-യും സിങ്കും കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുകയും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും വേണം. “മുലയൂട്ടുന്ന അമ്മമാര്‍ നിരന്തരമായി വിയര്‍ക്കും. അതുകൊണ്ട് വെള്ളം മറക്കാതെ കുടിക്കേണ്ടത് അത്യാവശ്യമാണ്,” ഡോ. തനേജ ഓര്‍മ്മിപ്പിക്കുന്നു.

വീട്ടില്‍ തന്നെ കഴിയുക, ശുചിത്വം പാലിക്കുക, ജാഗ്രതയില്‍ വിട്ടുവീഴ്ച അരുത്, ഡോ. തനേജ എല്ലാവരോടുമായി ആവര്‍ത്തിച്ച് പറയുന്നു.

Feature image: Ravina Sodhi Photography.


സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം