കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍

ഒരു ലക്ഷം വരെ രൂപ വില വരുന്ന യന്ത്രമാണ് 10,000 രൂപയ്ക്ക് താഴെ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങളിലാണ് ഇന്‍ഡ്യയും ലോകവും.

ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്‍മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടുനടക്കാവുന്നതുമായ ഓക്‌സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു.

അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുത്ത് വെന്‍റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്.

“ഓക്‌സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഇവിടെ കിട്ടുന്ന വസ്തുക്കള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ വളരെ കുറഞ്ഞ ചെലവില്‍ നമുക്കിത് നിര്‍മ്മിക്കാനാവും,” സംഘത്തിലെ ശാസ്ത്രജ്ഞനായ പ്രൊഫ. പ്രവീണ്‍ രാമമൂര്‍ത്തി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ഡോ. ഭാസ്കറും ഡോ. പ്രവീണ്‍ രാമമൂര്‍ത്തിയും അവര്‍ നിര്‍മ്മിച്ച ഉപകരണത്തിന്‍റെ ആദ്യമാതൃകയുമായി

അവരുണ്ടാക്കിയ ഉപകരണത്തിന് 10,000 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ.

സംഘാംഗങ്ങളായ പ്രൊഫ. പ്രവീണ്‍ രാമമൂര്‍ത്തി, ഡോ. അരുണ്‍ റാവു, ഭാസ്‌കര്‍ കെ എന്നിവര്‍ സെന്‍സറുകളും ഇലക്ട്രോണിക് അപ്ലിക്കേഷനുകളും സംബന്ധിച്ച് പഠനം നടത്തുന്ന മെറ്റീരിയല്‍ സയന്‍റിസ്റ്റുകളാണ്.

കോവിഡ്-19 ലോകം മുഴുവന്‍ പടരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു; ആശുപത്രികളില്‍ കാര്യക്ഷമമായ ഓക്‌സിജന്‍ വിതരണ സംവിധാനം വളരെയേറെ ആവശ്യമായി വരുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന്, പ്രത്യേകിച്ചും ഗ്രാമങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദേശങ്ങളിലും. ഓക്‌സിജന്‍ സിലിണ്ടറുകളെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളോ ഇല്ലാത്ത  സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ഉല്‍പാദനം വളരെ നിര്‍ണ്ണായകമാവും.

ഈ പ്രശ്‌നം കണക്കിലെടുത്തുകൊണ്ടാണ് ഐ ഐ എസ് സി-യിലെ ശാസ്ത്രജ്ഞര്‍ ചെലവുകുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഒരു ഉപകരണം ഉണ്ടാക്കുന്നതിനായി ശ്രമം തുടങ്ങുന്നത്.  അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന ഉപകരണത്തിന്‍റെ മാതൃക ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ തയ്യാറാക്കി.


വളരെ ലളിതമായ ഒരു യുക്തിയിലാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്.


പ്രൊഫ. പ്രവീണ്‍ രാമമൂര്‍ത്തി (മുകളില്‍ ഇടത്), ഡോ. അരുണ്‍ റാവു, (വലത് )
ഡോ. ഭാസ്കര്‍ (താഴെ വലത്), ഓക്സിജന്‍ ഉല്‍പാദന യന്ത്രത്തിന്‍റെ മാതൃക.

അന്തരീക്ഷവായുവില്‍ നൈട്രജന്‍ ആണ് അധികം. കൃത്യമായി പറഞ്ഞാല്‍ അതില്‍ 78% നൈട്രജനാണ്. 21% ഓക്‌സിജനും ബാക്കി മറ്റു വാതകങ്ങളും. ഈ ഉപകരണം അന്തരീക്ഷവായു വലിച്ചെടുത്ത് അത് സിയോലൈറ്റ് (Zeolite) പാളിയിലൂടെ കടത്തിവിടുന്നു. സിയോലൈറ്റ് വ്യാപകമായും കുറഞ്ഞ വിലയ്ക്കും കിട്ടുന്ന വൊള്‍ക്കാനിക് മിനെറല്‍ ആണ്.

“അത് ഒരു സ്‌പോഞ്ച് പോലെ നൈട്രജന്‍ വലിച്ചെടുക്കുകയും ഓക്‌സിജന്‍ കൂടുതലായി അടങ്ങിയ വായു പുറത്തേക്ക് വിടുകയും ചെയ്യുന്നു,” പ്രൊഫ. പ്രവീണ്‍ വിശദമാക്കുന്നു.ഇത് തയ്യാറാക്കിയ ശേഷം ഈ ഉപകരണം കൊണ്ടുനടക്കാവുന്ന രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിനായി അവര്‍ വിപണിയില്‍ കിട്ടുന്ന വാട്ടര്‍ ഫില്‍റ്ററിന്‍റെ കാട്രിഡ്ജുകള്‍ ഉപയോഗിച്ചു.

അവര്‍ ഉണ്ടാക്കിയ ഉപകരണത്തിന്‍റെ ഏറ്റവും പുതിയ മാതൃകയ്ക്ക് വെറും 15 സെന്‍റിമീറ്റര്‍ മാത്രമാണ് നീളം. ഇത് 70% ഓക്‌സിജന്‍ അടങ്ങിയ വായു നല്‍കുന്നു. ഇത് 90 ശതമാനമോ അതില്‍ കൂടുതലോ ഓക്‌സിജന്‍ അടങ്ങിയ വായു ഉല്‍പാദിപ്പിക്കുന്ന ഒന്നാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അവരിപ്പോള്‍. അതില്‍ വിജയിച്ചതിന് ശേഷം ഉപകരണം വിപണിയിലെത്തിക്കാം എന്നാണ് കരുതുന്നത്. ഒരാഴ്ചയ്ക്കകം അതിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ശാസ്ത്രജ്ഞര്‍.

“വിപണിയില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു എന്ന് മാത്രമല്ല, അതിനായുള്ള ഇല്‌ക്ട്രോണിക്‌സ് ഘടകങ്ങള്‍ ആര്‍ഡിനോ ബോര്‍ഡില്‍ (Arduino Board) നിര്‍മ്മിച്ച് ചെലവുകുറയ്ക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു,” പ്രൊഫ. പ്രവീണ്‍ പറഞ്ഞു. മൈക്രോ കണ്‍ട്രോളറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓപണ്‍ സോഴ്‌സ് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ കിറ്റാണ് ആര്‍ഡിനോ ബോര്‍ഡ്.

ഈ ഉപകരണത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ പ്രവര്‍ത്തനത്തിലെ സുതാര്യതയാണ്. ഓക്‌സിജന്‍ ഉല്‍പാദനത്തിന്‍റെ തോത് മെഡിക്കല്‍ സ്റ്റാഫിന് മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും, ഒപ്പം ഓരോ രോഗിക്കും ആവശ്യമുള്ള ഓക്‌സിജന്‍റെ അളവ് നിയന്ത്രിക്കാനും കഴിയും. ഉദാഹരണത്തിന് ഒരു രോഗിക്ക് 60% ഓക്‌സിജന്‍ ആണ് വേണ്ടതെന്ന് ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചാല്‍ അതിനനുസരിച്ച് ഈ ഉപകരണത്തില്‍ എളുപ്പത്തില്‍ സെറ്റ് ചെയ്യാന്‍ കഴിയും.

ആര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ ഈ ഉപകരണത്തിന്‍റെ ഡിസൈന്‍ ബ്ലൂപ്രിന്‍റ് പുറത്തുവിടാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട്, ഭാവിയില്‍ ആര്‍ക്കും ഇത്തരത്തിലുള്ള ഓക്‌സിജന്‍ ഉല്‍പാദന യന്ത്രം നിര്‍മ്മിക്കാന്‍ കഴിയും.


ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’ പദ്ധതി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്ന
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങള്‍ക്കും അവരെ സഹായിക്കാം.
മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം