ലോക്ക് ഡൗണിന് മുന്‍പ്. മഞ്ചേരി-തിരൂര്‍ റൂട്ടിലെ സ്ഥിരം യാത്രക്കാര്‍ക്ക് ലാവര്‍ണയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല.
ലാവര്‍ണ വന്നോ, പോയോ, വൈ ഫൈ കിട്ടുന്നുണ്ടോ, തണുത്ത വെള്ളം കുടിച്ചാ, ടിക്കറ്റിന് കാശ് കൊടുത്താ, അതോ എടിഎം കാര്‍ഡ് കൊടുത്താ…
മഞ്ചേരിക്കാര്ക്ക്. ലാവര്‍ണ… ‘മ്മ്ടെ ഷാഫിക്കാന്‍റെ ബസ്’ ആണ്.
മഞ്ചേരി – തിരൂര്‍ റൂട്ടിലോടുന്ന ഈ സ്വകാര്യബസ് ശരിക്കും ഒരു ലക്ഷ്വറി ആണ്. ഫ്രീ വൈ ഫൈ, ക്യാമറകള്‍, 32 ഇഞ്ചിന്‍റെ എല്‍ഇഡി സ്ക്രീന്‍, അത്യാധുനിക വാട്ടര്‍ കൂളര്‍, യാത്രക്കാര്‍ക്കായി ഫാന്‍ ഇങ്ങനെ… നീളുന്നു ബസിലെ സൗകര്യങ്ങള്‍.
ഹൈടെക്ക് സൗകര്യങ്ങളോടു കൂടിയ ലാവര്‍ണ ടീനസ ലാവര്‍ണ ഡാലിയ എന്നീ രണ്ട് ബസുകളുണ്ട്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
ഈ സൗകര്യങ്ങളൊക്കെയുള്ള ഒരു ഏസി ബസ് കൂടി വരുന്നുണ്ടെന്നറിഞ്ഞതിന്‍റെ ത്രില്ലിലാണ് നാട്ടുകാര്‍. “ഏസിയാണെന്നു കരുതി ടിക്കറ്റ് നിരക്കിലൊന്നും മാറ്റമില്ല. മറ്റു സ്വകാര്യബസുകളുടെ നിരക്ക് തന്നെയാകും ഈ ബസിനും,” ബസ് ഉടമ മുഹമ്മദ് ഷാഫി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഞാന്‍ ഗള്‍ഫിലായിരുന്നു. 22 വര്‍ഷത്തോളം സൗദി അറേബ്യയിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയിലാണ് പ്രവര്‍ത്തിച്ചത്. ആ പരിചയത്തിലാണ് നാട്ടിലെത്തിയപ്പോ ബസ് സര്‍വീസ് രംഗത്തേക്ക് കടക്കുന്നത്.
“കുറേനാളുകളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, ബസ് സര്‍വീസ് ബിസിനസ് അല്ല. റിയല്‍ എസ്റ്റേറ്റും മറ്റുമൊക്കെയായി ബിസിനസുകള്‍ വേറെ കുറേയുണ്ട്. ഇതെന്നെ സംബന്ധിച്ച് സമൂഹത്തോടുള്ള കടപ്പാടിന്‍റെ ഭാഗമാണ്,” അദ്ദേഹം പറയുന്നു.
പല സ്വകാര്യ ബസുകളും വിദ്യാര്‍ത്ഥികളെ അത്ര സന്തോഷത്തോടെയല്ല സ്വീകരിക്കാറുള്ളത്. കയറാന്‍ പ്രത്യേക ക്യൂ നില്‍ക്കണം. ബസ്സെടുക്കുന്ന അവസാന നിമഷത്തിലേ കയറാന്‍ പാടുള്ളൂ. കയറിയാല്‍ സീറ്റുണ്ടെങ്കിലും ഇരിക്കാന്‍ കഴിയില്ല…അങ്ങനെ പല നിയന്ത്രണങ്ങള്‍. എന്നാല്‍ ലാവെര്‍ണ അങ്ങനെയല്ല.
“എന്നാല്‍ ലാവര്‍ണ ബസ് അക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. ലാവര്‍ണ വിദ്യാര്‍ത്ഥി സൗഹൃദബസ് ആണ്.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാവര്‍ണയില്‍ കാശ് വേണ്ട, പൂര്‍ണമായും സൗജന്യയാത്ര.
“കുട്ടികള്‍ക്ക് സീറ്റിലിരുന്ന് യാത്ര ചെയ്താല്‍ എഴുന്നേല്‍ക്കെന്നു ആരും പറയില്ല. കുട്ടികളോട് മോശമായി പെരുമാറരുതെന്നു ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്,” മുഹമ്മദ് ഷാഫി പറയുന്നു. കുട്ടികളോട് മാത്രമല്ല എല്ലാ യാത്രക്കാരോടും നന്നായി പെരുമാറണമെന്ന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“ഡ്രൈവറും കണ്ടക്റ്ററും രണ്ട് പാസഞ്ചേഴ്സ് സര്‍വീസ് ക്രൂവുമാണ് ബസിലെ ജീവനക്കാര്‍. ഡോര്‍ അറ്റന്‍ഡര്‍ എന്നൊക്കെ പറയുന്നതിനെക്കാള്‍ നല്ലതല്ലേ പാസഞ്ചേഴ്സ് സര്‍വീസ് ക്രൂവെന്നു പറയുന്നത്.
“ഇവരുടെ പേരും വിവരങ്ങളുമൊക്കെയെഴുതിയ ഐഡി കാര്‍ഡ് നല്‍കിയിട്ടുണ്ട്. ബസിനെക്കുറിച്ച് ബസ് ജീവനക്കാരെക്കുറിച്ചോ എന്തെങ്കിലും പരാതിയോ നിര്‍ദേശങ്ങളോ അറിയിക്കാനുള്ള സൗകര്യവുമുണ്ട്,” അദ്ദേഹം പറഞ്ഞു.
ബസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാട്ട്സ്ആപ്പ് നമ്പറിലേക്ക് പരാതിയും പ്രശ്നങ്ങളും നിര്‍ദേശങ്ങളുമൊക്കെ അറിയിക്കാം. അടുത്ത സ്റ്റോപ്പ് ഏതെന്ന് 32-ഇഞ്ച് എല്‍ ഇ ഡി സ്ക്രീനില്‍ തെളിയും. ഒപ്പം മലയളാത്തിലും ഇംഗ്ലീഷിലും അനൗണ്‍സ്മെന്‍റുമുണ്ട്.
“പ്രധാന സ്റ്റോപ്പുകളിലെത്തുമ്പോള്‍ കോഴിക്കോട്ടുള്ള ബസിന് എവിടെ കാത്തുനില്‍ക്കണം, തൃശൂര്‍ക്കുള്ള ബസ് നിറുത്തുന്നത് എവിടെയാണ് എന്നൊക്കെയുള്ള കാര്യങ്ങളും അനൗണ്‍സ് ചെയ്യുന്നുണ്ട്,” ഷാഫി പറഞ്ഞു.
സുഗമമായ യാത്ര മാത്രമല്ല ഗതാഗത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഈ ബസ് സര്‍വ്വീസിന്‍റെ ഭാഗമായുണ്ട്.
“റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സിഗ്നലുകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ബസിലെ സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുന്നത്” എന്ന് ഷാഫിയുടെ സഹോദരന്‍ മുഹമ്മദ് ഇക്ബാല്‍ പറയുന്നു.
“വിഷ്വലും ഓഡിയോയുമുള്ളതു കൊണ്ടു ആളുകള്‍ ശ്രദ്ധിക്കുകയും ചെയ്യും. റോഡ് സുരക്ഷയെക്കുറിച്ച് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകന്‍ സിദ്ധീഖാണ് ഈ വിഡിയോയില്‍ സന്ദേശം നല്‍കുന്നത്.
“ജി പി എസ് സൗകര്യമുണ്ടല്ലോ. അതുകൊണ്ട് റൂട്ടും യാത്രക്കാര്‍ക്ക് അറിയാനാകും. ഇതിനൊപ്പം അന്തരീക്ഷതാപനിലയും ആളുകളെ അറിയിക്കുന്നുണ്ട്.”
മഞ്ചേരിയില്‍ നിന്ന് ഏതാണ്ട് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് തിരൂരിലേക്ക്. ഈ സമയത്തിനിടയില്‍ യാത്രക്കാര്‍ക്ക് ബോറടിക്കരുതല്ലോ, അതുകൊണ്ടാണ് അണ്‍ലിമിറ്റഡ് വൈ ഫൈ സൗകര്യം നല്‍കുന്നത് എന്ന് ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
ബസ് ടിക്കറ്റിന് പുറകില്‍ വൈ ഫൈയുടെ പാസ്‍വേഡ് കുറിച്ചിട്ടുണ്ട്.
“ഇതിനൊപ്പം ടിക്കറ്റ് എടുക്കാന്‍ കാശ് തന്നെ വേണമെന്നില്ല, കാര്‍ഡ് നല്കിയാലും മതിയാകും. മിനിമം തുകയായ എട്ടു രൂപയ്ക്കാണെങ്കില്‍ പോലും കാര്‍ഡ് സ്വവൈപ്പ് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ബസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്,” ഇക്ബാല്‍ തുടരുന്നു.
“ബസിനുള്ളിലും പുറത്തുമായി എട്ട് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബസിന്‍റെ പുറംഭാഗത്ത് രണ്ട് ഡോറും കാണത്തക്ക വിധത്തിലും ബസിന്‍റെ മുന്‍ഭാഗവും പിറകുവശവും കാണുന്നതിനും ഓരോ ക്യാമറകളുണ്ട്.
“ബസ് ഡോറിന്‍റെ ദൃശ്യങ്ങള്‍ ഡ്രൈവര്‍ക്ക് അറിയാനാകും. വാഹനമോടിക്കുന്നയാള്‍ക്ക് കാണുന്ന തരത്തിലുള്ള സ്ക്രീനിലാണ് ഈ ദൃശ്യങ്ങളുടെ ഡിസ്പ്ലേ. ബസിനകത്ത് നാലു ക്യാമറകളാണുള്ളത്.
“ബസിന്‍റെ ഉദ്ഘാടനദിവസം എല്ലാവര്‍ക്കും സൗജന്യയാത്രയായിരുന്നു. കുട്ടികള്‍ക്ക് സമ്മാനമായി പേനകളും വിതരണം ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞു.
ഇതുകൂടി വായിക്കാം:പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു
ഗള്‍ഫിലായിരുന്നു ഇക്ബാല്‍. വിദേശവാസമൊക്കെ അവസാനിപ്പിച്ച് സംവിധായകന്‍ സിദ്ധീഖിന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.
ലാവര്‍ണയിലെ യാത്ര അടിപൊളിയാണെന്ന് ബസില്‍ ഒന്നിലേറെ തവണ യാത്ര ചെയ്തിട്ടുള്ള അശ്വതി ഗിരീഷ്. ” ഓരോ ബസ് സ്റ്റോപ്പ് എത്തുമ്പോഴും സ്ഥലപ്പേരുകള്‍ അനൗണ്‍സ് ചെയ്യുന്നത് പ്രായമായവര്‍ക്കൊക്കെ ഉപകാരപ്പെടുന്നുണ്ട്.
“ജീവനക്കാരൊക്കെ വിദ്യാര്‍ത്ഥികളോടൊക്കെ മാന്യമായി പെരുമാറുന്നുണ്ട്. സാധാരണ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകര യാത്ര ലഭിക്കാറില്ല.
“കുടിവെള്ളം ബസിലുണ്ടെന്നത് വലിയ ആശ്വാസമാണ്. ചൂടല്ലേ.., ചിലനേരം കുടിക്കാന്‍ വെള്ളം കൈയിലുണ്ടാകാറില്ല. തണുത്ത വെള്ളം കുടിക്കണമെങ്കിലും അതും കിട്ടും. (ബസിന്‍റെ മുന്‍വശത്തെ ഡോറിന് പിന്നിലായാണ് കുടിവെള്ളത്തിന് സംവിധാനം ഒരുക്കിയിട്ടുള്ളത് വച്ചിട്ടുള്ളത്. സീറ്റുകള്‍ക്ക് പിന്നില്‍ ചെറിയ ഫാനും ഘടിപ്പിച്ചിട്ടുണ്ട്.)
“ഓവര്‍ സ്പീഡില്‍ ബസ് ഇവര് ഓടിക്കാറില്ല. സമാധാനത്തോടെ ആശ്വാസത്തോടെ ലാവര്‍ണയില്‍ യാത്ര ചെയ്യാനാകുന്നുണ്ട്,” മഞ്ചേരി പയ്യനാട് സ്വദേശിയാണ് അശ്വതി.
അത്യാധുനിക സൗകര്യങ്ങളോടെ 38 ലക്ഷം രൂപ ചെലവിലാണ് ഹൈടെക്ക് ബസ് നിരത്തിലിറക്കിയത്. “രണ്ടാമത്തെ ബസ് ഏസിയാക്കണമെന്നാണ് തീരുമാനിച്ചിരുന്നത്,” ഷാഫി തുടരുന്നു. “സോളാര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതാകണമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി കിട്ടിയില്ല.
ചൈനയില്‍ നിന്നാണ് ഈ ബാറ്ററി വാങ്ങേണ്ടിയിരുന്നത്. സമയമായപ്പോഴേക്കും കോവിഡ് 19 വന്നു.
“കൊറോണയൊക്കെ മാറുന്നത് വരെ കാത്തിരിക്കാനാകില്ല. ബസിന്‍റെ രജിസ്ട്രേഷന്‍ വൈകരുത്. അങ്ങനെ രണ്ടാമത്തെ ഹൈടെക്ക് ബസ് നിരത്തിലിറക്കി.
“ഇനിയിപ്പോ പ്രശ്നങ്ങളൊക്കെ അവസാനിച്ചിട്ടേയുള്ളൂ ഏസി ബസ്. ശീതികരിച്ച ബസ് ആണെങ്കിലും സാധാരണ സ്വകാര്യ ബസിന്‍റെ ചാര്‍ജ് മാത്രമേ ഈടാക്കൂ. റൂട്ടിനും മാറ്റമുണ്ടാകില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിലെ അല്‍ തയ്യാര്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ സെയില്‍സ് ഡയറക്റ്റര്‍ ആയിരുന്നു ഷാഫി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതൊക്ക അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ടിപ്പോള്‍ എട്ട് മാസമായിട്ടുള്ളൂ.
2015-ലാണ് ലാവര്‍ണ ട്രാവല്‍സ് ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കാരവന്‍ സര്‍വീസും ആരംഭിച്ചു. ലാവര്‍ണ ആന്‍ഡ് എസ് ട്രാവല്‍സ് എന്ന പേരിലാണ് കാരവന്‍ സര്‍വീസ് തുടങ്ങിയത്. സംവിധായകന്‍ സിദ്ധീഖ് കാരവന്‍ സര്‍വീസിന്‍റെ പാര്‍ട്ണറാണ്.
ഫെബിനയാണ് ഷാഫിയുടെ ഭാര്യ. പ്ലസ് ടുവിന് പഠിക്കുന്ന ടീന, നാലാം ക്ലാസുകാരി ഡാലിയ എന്നിവരാണ് മക്കള്‍.
ഇതുകൂടി വായിക്കാം:10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.