200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! യുറീക്കാ മാമന്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു

പല തലമുറകള്‍ക്ക് കഥകളിലൂടെ ശാസ്ത്രം പറഞ്ഞുതന്ന പ്രൊഫ. എസ് ശിവദാസ് ജീവിത കഥ പറയുന്നു.

“ഒരുനാള്‍ എന്‍റെ വീടിനു മുന്നിലെ തോടു വെട്ടുകയായിരുന്നു ഒരു അപ്പൂപ്പന്‍. എഴുപതോളം വയസുള്ള കാരിരുമ്പുപോലെ ഒറച്ച ശരീരമുള്ള ഒരു കര്‍ഷകത്തൊഴിലാളി. ചേറ് കരയിലേക്ക് തേകിയൊഴിച്ചപ്പോള്‍ അതിലൊരു പാമ്പ്. അതു കിടന്നു പിടച്ചു.

“ഞാനുടന്‍ വടിയെടുത്തു പാമ്പിനെ അടിക്കാനൊരുങ്ങി. പക്ഷെ അടിക്കും മുന്‍പ് തോട്ടില്‍ നിന്നും അപ്പൂപ്പന്‍റെ ശബ്ദമുയര്‍ന്നു: ‘കൊല്ലരുത് മോനേ, കൊല്ലരുത്’.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

“അപ്പൂപ്പന്‍ കരയ്ക്കു കയറി. പാമ്പിനെ തോട്ടിലേക്ക് തിരികെയിട്ടു,” ആദ്യത്തെ പ്രകൃതിപാഠം പഠിപ്പിച്ച നിരക്ഷരനായ തൊഴിലാളിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത് പ്രൊഫ. എസ് ശിവദാസ്. കേരളത്തിലെ പല തലമുറകളിലേക്ക് ശാസ്ത്രാവബോധവും പ്രകൃതിഅറിവുകളും സരസമായ ഭാഷയില്‍ പകര്‍ന്നുനല്‍കിയ പണ്ടത്തെ ‘യുറീക്കാ മാമന്‍’ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി ജീവിത കഥ പങ്കുവെയ്ക്കുന്നു.

പ്രൊഫ എസ് ശിവദാസ് എന്ന യുറീക്കാ മാമന്‍

“എന്നിട്ട് (ആ തൊഴിലാളി) എന്നോട് പറഞ്ഞു. ‘കൈയ്യും കാലുമൊന്നുമില്ലാത്ത ഒരു പാവം പാമ്പാണത്. അതും ദൈവത്തിന്‍റെ സൃഷ്ടി. ഒന്നിനെയും വെറുതെ കൊല്ലരുത്. എനിക്ക് ലഭിച്ച് ആദ്യ പ്രകൃതി വിദ്യാഭ്യാസമായിരുന്നു നിരക്ഷരരനായ ആ കര്‍ഷകത്തൊഴിലാളി നല്‍കിയത്. പില്ക്കാലത്ത് ശാസ്ത്ര (പ്രകൃതി) അവബോധ കഥകളില്‍  ഇങ്ങനെ ബാല്യത്തില്‍ ഞാന്‍ കണ്ടറിഞ്ഞ നിരവധി കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കും ഞാന്‍ നേടിയ ഏറ്റവും വലിയ വിദ്യാഭ്യാസവും ഞാന്‍ പകര്‍ന്നു നല്‍കിയ ഏറ്റവും നല്ല പാഠങ്ങളും.”

(മലയാളിയുടെ തനത് രുചികള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പാചകപുസ്തകങ്ങള്‍ എഴുതിയ സുമ ടീച്ചറിന്‍റെ പാചകരീതികളെ കുറിച്ചറിയാനായി വിളിച്ചപ്പോഴാണ്  ഞാന്‍ അവരുടെ ഭര്‍ത്താവ് പ്രൊഫ.ശിവദാസിനെക്കുറിച്ച് വീണ്ടും ഓര്‍മ്മിക്കാനിടയായത്.

പണ്ട് കോട്ടയത്തെ പ്രമുഖ പെണ്‍പള്ളിക്കുടത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് യുറീക്കയെക്കുറിച്ച് അറിയുന്നതിനും യുറീക്കാ പരീക്ഷയെഴുതുന്നതിനും സ്ഥിരമായി പോകുമായിരുന്നു. അതുകൊണ്ട് ശിവദാസ് സാറിനെ കുറിച്ചും അദ്ദേഹം കുട്ടികളുടെ ഇടയില്‍ സൃഷ്ടിച്ച ശാസ്ത്രാവബോധത്തെക്കുറിച്ചും പുതിയ തലമുറ കൂടി അറിയണമെന്ന് കരുതി.)

ശാസ്ത്ര സാഹിത്യ മേഖലയില്‍ ഇരുനൂറോളം പുസ്തകങ്ങള്‍ പ്രൊഫ ശിവദാസിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ നിരന്തരമായി പ്രകൃതി-ശാസ്ത്രപ്രചാരണം നടത്തുന്നതിന് പ്രൊഫ. ശിവദാസ് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിശ്രമജീവിതത്തിലും വളരെയേറെ പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

യുറീക്കാ മാമന്‍ എഴുത്തിലാണ്.

യുറീക്കാ മാമന്‍ പറഞ്ഞു തന്ന ശാസ്ത്രത്തിന്‍റെ അല്‍ഭുത കഥകള്‍ കേട്ടുവളര്‍ന്ന തലമുറകളുണ്ട് കേരളത്തില്‍. കടുകട്ടിയായ ശാസ്ത്രത്തെ വളരെ ലളിതമായ രീതിയില്‍ ആവിഷ്‌ക്കരിച്ച് കുട്ടികള്‍ക്ക് അതിനോടുള്ള ഇഷ്ടം വളര്‍ത്തിയെടുക്കാന്‍ ശിവദാസ് സര്‍ നെയ്തെടുത്ത മനോഹരമായ കഥകള്‍ ഒരു തലമുറയുടെ ആവേശമായിരുന്നു.

ശിവദാസ് സര്‍ എങ്ങനെ യൂറിക്കാ മാമനായി ?

“വൈക്കം ഉല്ലലയില്‍ ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അച്ഛന്‍റെ മകനായാണ് എന്‍റെ ജനനം. അമ്മ ഒരു പാവം വീട്ടമ്മ. അവരുടെ എട്ടുമക്കളില്‍ രണ്ടാമനായാണ് ഞാന്‍ ജനിച്ചത്. ശരിക്കും പ്രകൃതിയുടെ ഒരു പാഠശാലയിലാണ് ഞാന്‍ ജനിച്ചത് എന്നു പറയുന്നതാകും ശരി. കാരണം പില്ക്കാലത്ത് എന്‍റെ എഴുത്തിനെ, ശാസ്ത്രബോധത്തിനെ ഒക്കെ ആ ജീവിതം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,” പ്രൊഫ. ശിവദാസ് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു.

“ജീവിതരീതി കൊണ്ട് പ്രകൃതി ബോധവും മൂല്യബോധവും സാമൂഹ്യബോധവും വളര്‍ന്നു വന്നു. അതിന് ചില കാരണങ്ങളുണ്ട്. വീട്ടിലെ പശുക്കള്‍ക്ക് മക്കളുടെ അതേ സ്ഥാനം നല്കിയിരുന്ന അമ്മ പകര്‍ന്നു തന്ന സഹജീവികളോടുള്ള കരുണ. പശുവിന്‍റെ പാല് വീട്ടുമുറ്റത്തെ കൂവളത്തിനും തുളസിയ്ക്കും ഒഴിച്ചുകൊടുത്തിരുന്ന പ്രകൃതിസ്നേഹം. കൃഷിയില്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന ജൈവരീതി. (പാടങ്ങളില്‍ നെല്ലിന് വളമാകാന്‍ ഇലച്ചവറുകളാണ് ഉപയോഗിച്ചിരുന്നത്. ഈ ചവറിട്ട് വെള്ളം കെട്ടി നിര്‍ത്തുകയും പിന്നീട് അത് വളമാകുകയും ചെയ്യും. ചാരവും ചാണകവും കൂടി ചേര്‍ക്കും).

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ (ഇടത്) , പ്രൊഫ. എസ് ശിവദാസ് (നടുവില്‍), മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ (വലത്)

“ഓണത്തിന് ഉറമ്പുകള്‍ക്ക് പോലും ആഹാരം പങ്കിട്ടിരുന്ന അമ്മയുടെ പ്രകൃതി സ്നേഹം (ഓണദിവസം ഉറുമ്പുകള്‍ക്ക് പരിപ്പും പപ്പടവും നെയ്യും ചേര്‍ത്ത് ചോറു നല്കുന്ന പതിവുണ്ട്. ഒരു ജീവിയും തിരുവോണ നാളില്‍ പട്ടിണിയാകരുതെന്ന പ്രകൃതിബോധം. വീടിനു ചുറ്റും ഇലക്കീറുകളിലാണ് ഉറമ്പിനെ ഊട്ടുന്നത് ). ഇതൊക്കെ എന്‍റെ വീക്ഷണത്തെ വളരെ സ്വാധീനിച്ചു,”പ്രൊഫ .ശിവദാസ് തുടരുന്നു.

ഈ കാലത്താണ് ആ വൃദ്ധനായ കര്‍ഷകത്തൊഴിലാളി ആ ബാലനിലേക്ക് പ്രകൃതിയുടെ വലിയ ബാലപാഠം പകര്‍ന്നതും.

“അങ്ങനെ എന്‍റെ സുവര്‍ണ്ണ ബാല്യകാലം ഏതാണ്ട് അവസാനിച്ചു. കൗമാരകാലത്തൊക്കെ തൊടിയിലും വീട്ടിലും സദാ പ്രവൃത്തി ചെയ്യുന്ന ഒരാളായി ഞാന്‍ മാറി. കാരണം എന്‍റെ ജ്യേഷ്ടന്‍ പഠനത്തിനും മറ്റുമായി അപ്പോഴേക്കും കല്ക്കത്തയിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വീട്ടുചുമതലകള്‍ എന്‍റെ തലയില്‍ വന്നു.

“അങ്ങനെയങ്ങ് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് എന്‍റെ ഡിഗ്രി അവസാന വര്‍ഷത്തില്‍ അച്ഛന്‍ ഞങ്ങളെ വിട്ടുപിരിയുന്നത്. അന്ന് എന്‍റെ അമ്മ ഇളയ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നു. അച്ഛന്‍റെ വേര്‍പാടിനു ശേഷം കുടുംബത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും എന്നിലേക്ക് എത്തിച്ചേര്‍ന്നു. എങ്കിലും പഠനത്തില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. കെമിസിട്രിയില്‍ എം എസ്എസി പൂര്‍ത്തിയാക്കിയ ശേഷം കോട്ടയം സി എം എസ് കോളെജില്‍ അധ്യാപകനായി ചേര്‍ന്നു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ പുരസ്കാരം സ്വീകരിക്കുന്നു

“അങ്ങനെ വീട്ടുകാര്യവും അധ്യാപനവൃത്തിയുമായി കഴിഞ്ഞുപോകുന്നതിനിടയിലാണ് എന്‍റെയൊരു ശിഷ്യന്‍ വിശ്വവിജ്ഞാന കോശത്തിന്‍റെ എഡിറ്ററായിരുന്ന പി റ്റി ഭാസ്‌ക്കര പണിക്കരോട് എന്നെക്കുറിച്ച് പറയുന്നത്. തന്‍റെ അധ്യാപകനാണെന്നും വളരെ സരസമായി കെമിസ്ട്രി പഠിപ്പിക്കുമെന്നുമൊക്കെയാണ് അദ്ദേഹം പി റ്റി ബിയോട് പറഞ്ഞത്. എഴുപതുകളിലാണിത് സംഭവിക്കുന്നത്. വിശ്വവിജ്ഞാന കോശത്തിലേക്ക് ശാസ്ത്ര ലേഖനം ആവശ്യപ്പെട്ടു കൊണ്ട് പി റ്റി ബി ഒരു പോസ്റ്റ് കാര്‍ഡില്‍ കത്തയച്ചു.

“എന്നാല്‍ എന്‍റെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം എനിക്കിതിനൊന്നും സാധിക്കില്ലായെന്ന് മറുപടി അയച്ചു. പക്ഷെ, വീണ്ടും അദ്ദേഹത്തിന്‍റെ കത്തു വന്നു.


അങ്ങനെ ഒരുപാട് നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ലേഖനങ്ങളെഴുതിത്തുടങ്ങി.


“അക്കാലത്ത് കോട്ടയം പബ്ലിക് ലൈബ്രറിയുമായും എനിക്ക് നല്ല ബന്ധമായിരുന്നു, ലൈബ്രറി കമ്മിറ്റിയില്‍ ഞാന്‍ അംഗമായിരുന്നു.

“ലേഖനങ്ങളൊക്കെ എഴുതി അങ്ങനെ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പ്രവര്‍ത്തനം കോട്ടയത്തും തുടങ്ങണമെന്ന് പി റ്റി ബി എന്നോട് ആവശ്യപ്പെടുന്നത്. ആ ആവശ്യം നിരസിക്കാന്‍ കഴിയാതിരുന്ന ഞാന്‍ ലൈബ്രറി കമ്മിറ്റിയിലെ സുഹൃത്തുക്കളോട് കൂടിച്ചേര്‍ന്ന് പരിഷത്തിന്‍റെ പ്രവര്‍ത്തനം കോട്ടയത്ത് ആരംഭിച്ചു. പരിഷത് പ്രസിദ്ധീകരണങ്ങളായ ‘ശാസ്ത്ര ഗതി’യും ‘ശാസ്ത്ര കേരള’വുമൊക്കെ പ്രചരിപ്പിക്കുന്നതിനും ഞാന്‍ സഹായിച്ചു.

ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കേശവദേവില്‍ നിന്ന് സ്വീകരിക്കുന്നു

“മാത്രമല്ല കോട്ടയത്തെ സ്‌കൂളുകളില്‍ ശാസ്ത്ര ക്ലബ്ബുകള്‍ തുടങ്ങുന്നതിനും നിരന്തരമായി സ്‌കൂളുകളില്‍ കയറിയിറങ്ങേണ്ടി വന്നു. പല സ്‌കൂള്‍ ഹെഡ്മിസ്ട്രസുമാരും വിചാരിച്ചിരുന്നത് എന്‍റെ ജോലി ഇതാണെന്നാണ്. ഒരു പക്ഷെ ഞാന്‍ അവരേ തിരുത്താനേ പോയിട്ടില്ല എന്നതാണ് ശരി. ശരിക്കും പറഞ്ഞാല്‍ ശാസ്ത്രലോകത്തേക്ക് എനിക്ക് എന്തെങ്കിലും സംഭാവന നല്‍കാനായിട്ടുണ്ടെങ്കില്‍ അത് പി റ്റി ഭാസ്‌ക്കര പണിക്കര്‍ക്ക് അവകാശപ്പെട്ടതാണ്.

“അക്കാലത്താണ് ശാസ്ത്ര സാഹിത്യ പരിഷത് യുറീക്കാ മാഗസിന്‍ തുടങ്ങുന്നത്. അങ്ങനെ യുറീക്കയിലേക്ക് ഞാന്‍ എത്തി. ശാസ്ത്രത്തെ കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ കഥാ രീതിയില്‍ അവതരിപ്പിക്കാനും തുടങ്ങി,”പ്രൊഫ ശിവദാസ് തുടരുന്നു.

ആദ്യം യുറീക്കയില്‍ എഴുത്തുകാരനായി. പിന്നീട് എണ്‍പതുകളുടെ തുടക്കത്തില്‍ യുറീക്കയുടെ എഡിറ്ററായി.

പത്തുവര്‍ഷത്തിലധികം അദ്ദേഹം ആ പദവിയിലുണ്ടായിരുന്നു. അങ്ങനെ കേരളത്തിലെ കുട്ടികള്‍ക്കായുള്ള ശാസ്ത്രസാഹിത്യം ഒരു വലിയ സാഹിത്യ ശാഖയായി വികസിക്കുന്നതിന് വലിയ പങ്കുവഹിക്കാന്‍ പ്രൊഫ. ശിവദാസിന് കഴിഞ്ഞു. കൊച്ചുകൊച്ചു ശാസ്ത്രാവബോധ കഥകളിലൂടെ പ്രൊഫ ശിവദാസ് കുട്ടികളുടെ യുറീക്കാ മാമനായി അറിയപ്പെടാന്‍ തുടങ്ങി.


ഇതുകൂടി വായിക്കാം: 9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്


“1973-ല്‍ എന്‍റെ ആദ്യഗ്രന്ഥമായ ‘രസതന്ത്രകഥകള്‍’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അത് ബാലസാഹിത്യരംഗത്ത് സജീവമാകാന്‍ പ്രേരണയായി.

(ഇടത്തുനിന്നും) പക്ഷിനിരീക്ഷകന്‍ പ്രൊഫ. കെ കെ നീലണ്ഠന്‍ (ഇന്ദുചൂഡന്‍), പ്രൊഫ. അടിയോടി എന്നിവരോടൊപ്പം പ്രൊഫ. ശിവദാസ്

“അക്കാലത്താണ് എന്‍റെ ഗുരുസ്ഥാനീയരായ പ്രൊഫ എം കെ പ്രസാദും ഡോ. എം പി പരമേശ്വരനും കാവുമ്പായി ബാലകൃഷ്ണനും ചേര്ന്ന് ഒരു ജോലി എന്നെ ഏല്പിക്കുന്നത്. കുട്ടികളില്‍ പ്രകൃതി ബോധം വളര്‍ത്തുന്നതിന് ഒരു പുസ്തകം തയ്യാറാക്കുക.

‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ അങ്ങനെയാണ് ഉണ്ടാവുന്നത്. കുട്ടികള്‍ക്കിഷ്ടപ്പെട്ട കഥാകഥന രീതിയിലാണ് അത് എഴുതിയത്.

ഒരു കഴുതക്കഥ

പ്രകൃതി ബോധന പുസ്തകത്തിനും കഴുതക്കഥയ്ക്കും തമ്മിലെന്ത് ബന്ധം? പക്ഷെ ഇവിടെ യുറീക്കാ മാമന്‍റെ ‘കഴുതക്കഥ’ പ്രകൃതിബോധവും ശാസ്ത്രസാഹിത്യമെന്ന ശാഖയും വളര്‍ന്നുവരുന്നതിന് ഏറെ സഹായിച്ചു.

മുന്‍ പ്രസിഡന്‍റ് എ പി ജെ അബ്ദദുല്‍ കലാമില്‍ നിന്നും ആദരം

“ആ കഥ പറയാം. ഒരു നാട്ടില്‍ ഒരാളുടെ കഴുതയെ ഒരിക്കല്‍ കാണാതായി. അയാളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്ന കഴുതയായിരുന്നു അത്. അയാള്‍ സകലയിടങ്ങളിലും അതിനെ അന്വേഷിച്ചു. പക്ഷെ, കണ്ടെത്താനായില്ല. അപ്പോഴാണ് ഒരു വഴിപ്പോക്കന്‍ അതുവഴി വരുന്നത്. അയാള്‍ വിവരമന്വേഷിച്ചു. കഴുതയെ കാണ്മാനില്ലെന്ന വിവരം നാട്ടുകാരന്‍ വഴിപോക്കനോട് പറഞ്ഞു.

“അയാള്‍ കഴുതയുടെ അടയാളങ്ങളെല്ലാം വ്യക്തമായി വിശദീകരിച്ചു. അതോടെ കഴുതയുടെ ഉടമ വിചാരിച്ചു ആ വഴിപോക്കനാകും കഴുതയെ മോഷ്ടിച്ചതെന്ന്. സംഗതി പ്രശ്‌നമായി. ഒടുവില്‍ ഇരുവരും രാജാവിന്‍റെ അരികിലെത്തി. കഴുതയുടെ ഉടമ അവിടെ നടന്നതു മുഴുവന്‍ വിശദീകരിച്ചു. വഴിപോക്കനോട് രാജാവ് കാര്യങ്ങള്‍ ചോദിച്ചു. അയാള്‍ പറഞ്ഞു. ‘രാജാവേ ആ കഴുത ഒരു മുടന്തനാണെന്നും ഒരു വശത്ത് പല്ലുകളില്ലെന്നും പറയാന്‍ കാരണങ്ങളുണ്ട്. ഞാന്‍ ചുറ്റുപാടും  എല്ലായ്‌പ്പോഴും നിരീക്ഷിക്കാറുണ്ട്. വഴിയരികിലെ കാഴ്ചകളാണ് ആ നിഗമനങ്ങളിലേക്ക് എത്തിച്ചത്.  കാര്യങ്ങള്‍ വിശദീകരിച്ചതോടെ രാജാവ് അയാളെ ആ രാജ്യത്തിന്‍റെ മന്ത്രിയാക്കാന്‍ തീരുമാനിച്ചു.

“ഇങ്ങനെയൊരു കഥയ്ക്ക് പ്രകൃതിബോധത്തില്‍ എന്തു പ്രസക്തി എന്നു ചോദിച്ചാല്‍ നാം പ്രകൃതിയെ അറിയാന്‍ അവയേ എപ്പോഴും സൂക്ഷമ്മായി നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് കുട്ടികളോട് വളരെ ലളിതമായ കഥയിലൂടെ പറയുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് ബോറടിക്കരുത് പക്ഷെ പ്രകൃതിബോധമുണ്ടാകയും വേണം,” യുറീക്കാ മാമന്‍ കഥ തുടരുന്നു.

ഈ പുസ്തകത്തിന്‍റെ അവസാനം ഒരു കഥയുണ്ട്. പ്രകൃതി നിരീക്ഷണ ക്ലബില്‍  ഒരു കുട്ടി വരാതിരുന്നതുമായി ബന്ധപ്പെട്ടാണ് കഥ. അവനെ നീര്‍ക്കോലിപ്പാമ്പ് കടിച്ചതുകൊണ്ടാണ് വരാതിരുന്നതെന്ന്  മറ്റുള്ളവര്‍ പറഞ്ഞു.

മാഷ് കുട്ടികളുമായി അവനെക്കാണാന്‍ പോയി. അവന്‍റെ തുടയില്‍ നീര്‍ക്കോലി കടിച്ച സ്ഥലം കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. രസകരമായാണ് ഈ ഭാഗത്തിന്‍റെ അവതരണം.

“ഈ കഥ വായിച്ച പലരും എന്നോടു ചോദിച്ചു, സര്‍ ഇതൊക്കെ സത്യത്തില്‍ നടക്കുന്നതാണോ, ഞാന്‍ പറഞ്ഞു. ‘പാമ്പു കടിച്ച കിടന്ന ആ പയ്യന്‍ ഞാന്‍ തന്നെയാണെന്ന്.’ പ്രകൃതിയുമായി അത്രയ്ക്ക് ഇടപഴകി ജീവിച്ചതുകൊണ്ട് എന്‍റെ പ്രകൃതി കഥകള്‍ക്ക് സാങ്കല്പികമായതൊന്നും കൊണ്ടുവരേണ്ടി വന്നിരുന്നില്ല,” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

‘പ്രകൃതിയെ അറക്കരുത്, കറക്കാം. അത് കാമധേനുവാണ്, പ്രകൃതി ഒരു പുസ്തകമാണ്. അതങ്ങനെ തുറന്നു കിടക്കുകയാണ്’ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിന്‍റെ അവസാനം അദ്ദേഹം കുറിച്ചു. ആ പുസ്തകത്തിന്‍റെ ഒരു ലക്ഷത്തില്‍ പരം കോപ്പികളാണ് കുട്ടികള്‍ക്കിടയില്‍ പരിഷത്ത് വിറ്റത്.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിന്‍റെ കവര്‍ (Image source: Wikisource.org)

അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്

‘അണ്ണാന്കുന്നിലെ കഥയാണ് ഇനി. അണ്ണാന്കുന്ന് എന്നാല് (കോട്ടയം) സി.എം.എസ് കോളെജിരിക്കുന്ന കുന്ന്. പണ്ട് അവിടെ അണ്ണാന്മാര് മാത്രമായിരുന്നോ താമസം? അങ്ങനെയാണോ ഈ നല്ല പേരു കിട്ടിയത്? അറിയില്ല. ഇന്നും അവിടെ അനേകം അണ്ണാന്മാര് ഉണ്ട്. നാനാതരം പക്ഷികളുണ്ട്. കാലന്‍ കോഴിയുടെ സംഗീതം വരെ മിക്ക ദിവസവും കേള്‍ക്കാം. പാമ്പുകളും വേണ്ടത്രയുണ്ട്. ഉടുമ്പ് ധാരാളം. കീരികളും അനേകം. പെരുമ്പാമ്പ് വരെ പണ്ടുണ്ടായിരുന്നു.

‘കോളെജിന്‍റെ കെട്ടിടങ്ങള്‍ക്കിടയിലും ചുറ്റുപാടും അകന്നും മാറിയും മരങ്ങള് കാവലുണ്ട്. എങ്ങും പച്ചപ്പ്. അണ്ണാന്കുന്നിന്‍റെ കിഴക്കേ വശത്താണ് ഞങ്ങളുടെ വീട്. വീടിനു ചുറ്റും കോളെജ് കുന്നിലെ മരങ്ങളാണ്. സായ്പ്പന്മാര് വന്നു കോളെജ് കെട്ടും മുന്പേ ഞങ്ങള് ഇവിടെ ഉണ്ടായിരുന്നു എന്ന മട്ടാണ് മരങ്ങള്ക്ക്. വലിയ തണല് മരങ്ങള്. ഉറക്കം തൂങ്ങികള് എന്നാണ് സുമടീച്ചര്‍ ഓമനിച്ചു വിളിക്കുന്നത്.

‘അവ അങ്ങ് ആകാശത്തേക്കു വളര്ന്നുയര്ന്നു നില്ക്കുന്നു. ഇരുട്ടു പരക്കുന്പോള് അവയ്ക്കൊരു ഗംഭീരമായ ഭാവം വരും. ആകാശത്തേക്ക് ഉയര്ത്തിപ്പിടിച്ച കൈകളുമായിട്ടുള്ള ആ നില്പുകണ്ടാല് ആരും നോക്കി നിന്നുപോകും. ആകാശത്തിന്‍റെ ആത്മാവിനെ ആലിംഗനം ചെയ്യാനെന്ന വണ്ണം ഗംഭീരമായിട്ടാണ് അവരുടെ നില്പ്. എന്നും നേരം വെളുക്കും മുന്പ് തുടങ്ങും ഒരു സംഗീതസദസ്സ്. അനേകം പക്ഷികള് ഒന്നിച്ചു പാടുന്പോഴുള്ള അനുപമസുന്ദരമായ ഒരു സിംഫണി. അതു കേട്ടാണ് ഞങ്ങള് ഉണരുക. ഇതൊക്കെനുഭവിച്ച് ആനന്ദിച്ചാണ് ഞങ്ങളുടെ അണ്ണാന്കുന്നിലെ താമസം.

‘അണ്ണാന്കുന്നിന്‍റെ ഈ ഭംഗിയും ശാന്തതയും ആസ്വദിച്ചു ജീവിക്കാന് കിട്ടിയ അവസരത്തെ ഭാഗ്യം എന്നാണ് എന്‍റെ പല സുഹൃത്തുക്കളും വിശേഷിപ്പിക്കാറ്. ഒരു സുഹൃത്ത് കണ്ടിട്ടു പറഞ്ഞു. ‘ഓ വെറുതെയല്ല സാര്, കീയോ കീയോ എഴുതിയത് ഇവിടെ താമസിച്ചാല് ആരും പ്രകൃതിയെ അറിയും പ്രകൃതിയെപ്പറ്റി എഴുതും.”

‘കിയോ കിയോ’ പിറന്നതിനെപ്പറ്റി

കുട്ടികളുടെ പ്രിയപ്പെട്ട യുറീക്കാ മാമനായും പ്രൊഫസറായും ജീവിതം മുന്നോട്ട് പോകുന്ന കാലം

“ഞങ്ങളുടെ മക്കള്‍ രണ്ടും ഉപരിപഠനവുമായി ദൂരേയ്ക്കു പോയിക്കഴിഞ്ഞിരുന്നു. അക്കാലത്ത് ഞാന്‍ കെമിസ്ട്രി വിഭാഗത്തിന്‍റെ തലവനായി .

ചെറുപ്പത്തില്‍ വീട്ടില്‍ നിന്നുകിട്ടിയ പ്രകൃതിപാഠങ്ങള്‍ പിന്നീടുള്ള എഴുത്തില്‍ വലിയ സ്വാധീനമായെന്ന് പ്രൊഫ. ശിവദാസ്”ഡിപ്പാര്‍ട്ട്‌മെന്‍റ് തലവനായി ജോലി തുടങ്ങിയ എനിക്ക് എന്‍റെ എഴുത്തില്‍ ശ്രദ്ധ ചെലുത്താനേ കഴിഞ്ഞില്ല. വീട്ടുകാരോടും സുഹൃത്തുക്കളോടും ഞാനത് പറയുകയും ചെയ്തു.

“അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് എഴുതാനിരുന്ന ഞാന്‍ കാണുന്നത് എന്‍റെ ജനാലയ്ക്കരുകില്‍ മുല്ലവള്ളിയ്ക്കിടയില്‍ എന്നെ നോക്കിയിരിക്കുന്ന ഒരു പക്ഷിയേയാണ്. ഞാന്‍ ഇറങ്ങി ചെന്നു നോക്കി. ഒരു ‘പച്ചിലക്കുടുക്ക’ (കിളി)അവിടെ കൂടു കൂട്ടിയിരിക്കുന്നു. അത്രയും ദിവസമായി ഞാനതിനേ കണ്ടിട്ടേ ഇല്ലായിരുന്നു.

“കൂട്ടിനകത്ത് നോക്കിയപ്പോള്‍ രണ്ടു കുഞ്ഞുകിളികള്‍. എനിക്കദ്ഭുതമായി എന്‍റെ ഇത്രയും അടുത്ത് ഒരു കിളി കൂടു കൂട്ടിയിട്ട് ഞാനറിഞ്ഞില്ല.


അന്നെനിക്ക് കോളെജില്‍ പോകാന്‍ തോന്നിയില്ല. ഈ കിളികളെ പൂച്ച പിടിച്ചാലോ എന്ന ഭയം.


കോളെജില്‍ അത്യാവശ്യത്തിനു പോയ ഞാന്‍ എന്‍റെ ഉത്തരവാദിത്വങ്ങള്‍ മറ്റൊരാളെ ഏല്പിച്ച് തിരികെ വന്ന് പക്ഷിനിരീക്ഷണം തുടങ്ങി. അങ്ങനെ ദിവസേനയുള്ള അവയുടെ രീതികളും മറ്റും ഞാന്‍ നിരന്തരമായി നിരീക്ഷിച്ചു തുടങ്ങി.

“ആ കുഞ്ഞിക്കിളികളുടെ അച്ഛന്‍ കിളിയും അമ്മക്കിളിയും കൂടി അവയ്ക്കു വേണ്ട ഭക്ഷണം എത്തിക്കുന്നതും, അവയെ കാഷ്ഠമിടാന്‍ പഠിപ്പിക്കുന്നതും, പറക്കാന്‍ പഠിപ്പിക്കുന്നതുമൊക്കെ ഞാന്‍ വളരെ അടുത്തു നിന്നു കണ്ടു. പറക്കാന്‍ പഠിപ്പിക്കുന്ന പക്ഷി കുഞ്ഞിനെ പാമ്പ് പിടിക്കാന്‍ വന്നപ്പോള്‍ അവര്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും പറക്കാന്‍ പഠിച്ച കുഞ്ഞുകിളി പറന്നു പോകുന്നതും ഞാന്‍ കണ്ടു.

പ്രൊഫ. എസ് ശിവദാസ്

“ഈ പ്രക്രിയകളെല്ലാം നടക്കുമ്പോള്‍ ഇതെല്ലാം ഞാന്‍ കുറിച്ചുവെക്കുമായിരുന്നു. പക്ഷെ, പുസ്തകം എഴുതണമെന്ന് ഞാന്‍ കരുതിയില്ല. അതിനിടയിലാണ് പ്രമുഖ പുസ്തകപ്രസാധകര്‍  കുട്ടികള്‍ക്കായുള്ള ഒരു പുസ്തകത്തിനായി സമീപിക്കുന്നത്. ഞാന്‍ നല്കാമെന്നു പറഞ്ഞു. അങ്ങനെ രണ്ടാഴ്ച കൊണ്ട് ‘കിയോ കിയോ ‘എഴുതി നല്കി. പുസ്തകം പ്രകൃതിയോടുള്ള ഒരു പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ അവസാനിപ്പിച്ചത്. യുറീക്കാ മാമന്‍റെ കുഞ്ഞുങ്ങള്‍ ഈ കാഴ്ചകള്‍ കണ്ടും അറിഞ്ഞും വളരണമെന്നായിരുന്നു ഞാന്‍ ആ പുസ്തകത്തിലൂടെ ആഗ്രഹിച്ചത്,” പ്രൊഫ ശിവദാസ് വിശദമാക്കി.

മാത്തന്‍ മണ്ണിരക്കേസ്

പ്രൊഫ ശിവദാസ് യുറീക്കാ മാമനായിരിക്കുന്ന കാലം (യുറീക്കയുടെ എഡിറ്ററായിരുന്ന കാലത്ത്) കുട്ടികളുടെ നിരവധി കത്തുകള്‍ വരുമായിരുന്നു. എല്ലാ കത്തിനും അദ്ദേഹം മറുപടി അയക്കും. കത്തുകളൊക്കെ യുറീക്കയില്‍ പ്രസിദ്ധീകരിക്കും. മാത്രമല്ല, കത്തുകളിലൂടെയും ക്ലാസുകളിലൂടെയും കിട്ടുന്ന ചില സുന്ദരന്‍ ആശയങ്ങളും പ്രസിദ്ധീകരിക്കും.

മാത്തന്‍ മണ്ണിരക്കേസ് എന്ന പുസ്തകത്തിന്‍റെ കവര്‍

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുട്ടിയുടെ കത്തു കിട്ടി. പോസ്റ്റുകാര്‍ഡിലാണ് കത്ത്. ഒരു മണ്ണിര കത്ത് എഴുതിയിരിക്കുന്നതായാണ്. പിന്നീട് ഈ മണ്ണിര യുറീക്കയുടെ നിരവധി ലക്കങ്ങളില്‍ വലിയ സ്റ്റാറാകുകയും ചെയ്തു.  ഈ മണ്ണിരയെ മുഖ്യ കഥാപാത്രമാക്കി ഒരു പുസ്തകം കൂടി പിറന്നു, അതാണ് ‘മാത്തന്‍ മണ്ണിരക്കേസ്.’

അധ്യാപികയായി വിരമിച്ച സുമംഗലിയമ്മ ടീച്ചറും മക്കളായ ദീപുവും അപുവും മരുമക്കളായ ദീപയും സരിതയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

“ഞങ്ങളുടെ മക്കള് കൊച്ചു കുട്ടികളായിരുന്നപ്പോള് ഈ അണ്ണാന്കുന്നായിരുന്നു അവരുടെ കളിസ്ഥലം. കാട്ടിലിറങ്ങാനും കാഴ്ചകള് കാണാനും അവര‍് നേരം കണ്ടു. അല്‍പം വളര്‍ന്നപ്പോള്‍ അവര്‍ക്ക് കാടൊരു പാഠശാലയുമായി. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ പക്ഷിനിരീക്ഷനുമായിരുന്ന ശ്രീകുമാറുമൊത്ത് അവര്‍ക്ക് അണ്ണാന്കുന്നിലെ പക്ഷികളെ കാണാനും പഠിക്കാനും ഭാഗ്യം ലഭിച്ചു.

“പില്‍ക്കാലത്ത് ശ്രീകുമാര്‍ ഡോക്റ്ററായി. ഞങ്ങളുടെ മക്കള്‍ എഞ്ചിനീയര്‍മാരുമായി. പക്ഷേ, അവരുടെയെല്ലാം പ്രകൃതി സ്നേഹം തളര്‍ന്നില്ല. ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതാണ് അണ്ണാന്‍കുന്നിന്‍റെ സ്വാധീനം,” പ്രൊഫ. ശിവദാസ് പറഞ്ഞു.

അണ്ണാന്‍കുന്നിലെ ഉടുമ്പുകുട്ടന്‍

“മക്കള്‍ വിവാഹിതരായി. അവര്‍ക്കും മക്കളുണ്ടായി. ഞങ്ങളുടെ ആ രണ്ടുകൊച്ചുമക്കള്‍ക്കും അണ്ണാന്‍കുന്ന് രഹസ്യങ്ങള്‍ നിറഞ്ഞ ഒരു മാന്ത്രിക വനമായി. പാറുവും വാവക്കുട്ടിയും ഉടുമ്പുകളുടെ പുറകെ നടന്നാണ് വളര്‍ന്നത്. ഒരു വലിയ വെക്കേഷന് അണ്ണാന്‍കുന്നിലെ താമസം കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂരില്‍ ചെന്ന് വാവക്കുട്ടി അച്ഛനോടു പറഞ്ഞു. ‘അച്ഛാ, അണ്ണാന്കുന്ന് ഒരു റിസോര്ട്ടാണ്. ഒറ്റക്കുറവേ ഉള്ളൂ. അവിടെയൊരു സ്വിമ്മിങ് പൂള് ഇല്ല’.

“വാസ്തവത്തില് അണ്ണാന്കുന്നിലെ കാട്ടിരുലൊരു ‘പൂള്’ ഉണ്ട്. കോളെജിനു മുഴുവന് ജലം ദാനം ചെയ്യുന്ന വലിയൊരു പൂള്. കാടിന്‍റെ മദ്ധ്യത്തില്. അതില് സ്വിമ്മിങ് പറ്റില്ല എന്നത് സത്യം.

“ഞങ്ങളുടെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്തെ അണ്ണാന്കുന്നിന്‍റെ വശത്തൊരു വിള്ളലില് ഒരു ഉടുമ്പുണ്ട്. അവന് (അവള്) വലുതാകുന്നതിനനുസരിച്ച് കുന്നിന്‍റെ വശത്തെ വിള്ളല് കക്ഷി തന്നെ വലുതാക്കുന്നുമുണ്ട്. അതിനെ അവിടെ നിന്നും ഓടിച്ചിട്ട് വിള്ളല് കല്ലുകൊണ്ട് അടക്കാന് ഒരാള് ഉപദേശിച്ചു. ഞങ്ങള് സമ്മതിച്ചില്ല. എന്നും മുറ്റത്ത് കുന്നുകൂടുന്ന കല്ലും മണ്ണും വാരിക്കളഞ്ഞു ജീവിക്കുകയാണ്. വിള്ളല് അടച്ചാല് ഉടുമ്പുകുട്ടന് എവിടെപ്പോകും? അവന്‍റെയും കൂടിയാണല്ലോ ഈ അണ്ണാന്‍കുന്ന്? രാവിലെ അദ്ദേഹം തലകുത്തിക്കിടന്ന് വെയില്‍ കൊള്ളുന്നത് നല്ലൊരു കാഴ്ചയാണ്.

“എന്നാല് ലോകം ഭിന്നരുചിക്കാരുടെയാണല്ലോ.’അയ്യോ, സാറേ ഈ കാട്ടിലെങ്ങനെയാണ് കഴിയുന്നത്? പേടിയാവുകയില്ലേ? ‘ അങ്ങനെയായിരുന്നു ഞങ്ങളെ സന്ദര്ശിക്കാന് വന്ന ഒരു നഗരവാസിച്ചേച്ചിയുടെ കമന്‍റ്.

“ഈ കോളെജുകാര്ക്ക് ഈ കാടൊക്കെ ഒന്നു വെട്ടി വൃത്തിയാക്കി ഇവിടെ റബ്ബര് വക്കാന് വയ്യേ’? എന്നായിരുന്നു ഒരു ചേട്ടന്‍റെ അത്ഭുതപ്രകടനം. കാടെന്നു പറഞ്ഞാല് ശരിക്കും കാടാണേ. വലിയ മരങ്ങള്. താഴെ ചെറിയ മരങ്ങള്. എല്ലാറ്റിലും കയറിപ്പടര്‍ന്നു  വളര്‍ന്നിരിക്കുന്ന ഇഞ്ച. നാനാതരം വള്ളികള് വേറെ. എല്ലാം കൂടിയൊരു അചുംബിത നിത്യഹരിത വനം. ഞങ്ങളുടെ തെക്കേയതിരിലാണ് ഈ കാട്. അതിന്‍റെ വിലയറിയാവുന്ന സിഎസ്ഐ സഭ അത് വെട്ടാതെ നിലനിര്ത്തിയിരിക്കുന്നത് ഞങ്ങളുടെ ഭാഗ്യം.

ഭാര്യ സുമ ടീച്ചര്‍ക്കൊപ്പം

“കോട്ടയം നഗരത്തിന് ഓക്സിജന് നല്കുകയും നഗരവായുവിലെ മാലിന്യമായ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുകയും ചെയ്യുന്ന ഈ കാട് നിലനിര്‍ന്നതിന് ഒരു ഭരണാധികാരിയും ഇതുവരെ ഒരു രൂപാ പോലും പ്രതിഫലം നല്കാനുള്ള വിവേകം പ്രദര്‍ശിപ്പിച്ചിട്ടുമില്ല.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ വീട്ടീല് ജോലിക്കു  നില്ക്കാ‍ന്‍ ഒരു സ്ത്രീ വന്നു. വീട്ടിനുള്ളിലെ വൃത്തിയൊക്കെ അവര്‍ക്കു ബോധിച്ചു. പിന്നെയവര് പുറത്തിറങ്ങി. പരിസരം ചുറ്റി നടന്നു കണ്ടു. പഴയതരം വീടാണല്ലോ. ചുറ്റും മുറ്റം. മുറ്റത്തേക്ക് കൈകള് നീട്ടി നില്ക്കുകയാണ് അണ്ണാന്കുന്നിലെ മരങ്ങള്. അവര്‍ നിരന്തരമായ സ്നേഹപ്രകടനം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്നത് അവര്‍ കണ്ടു. രാപ്പകല്‍ അവ താഴേക്ക് ഇലകള് വീഴ്ത്തിയാണ് സ്നേഹപ്രകടനം. ഇടയ്ക്ക് ഉണക്കക്കമ്പുകളും താഴേക്ക് ഇടും. നല്ല കാറ്റു വന്നാല് കുറെ തരികളും പൊടികളും പ്രത്യേകമായി താഴേക്ക് ഇട്ടുതരും. അതു സ്പെഷ്യല് ആണ്. എപ്പോഴും ഇല്ല. ഈ കാടിന്‍റെ സ്നേഹപ്രകടനം തനിക്ക് തലവേദനയാകുമെന്ന് കണ്ട് ജോലിക്കാരി സ്ഥലം വിട്ടു… കാടിന്‍റെ കഥ ഇനിയുമുണ്ട്.

“ഉറക്കം തൂങ്ങികള് പൂക്കുന്ന കാലം താഴെ ഞങ്ങളുടെ മുറ്റത്ത് പൂക്കളുടെ പരവതാനി വിരിച്ചും മരങ്ങള് ഞങ്ങളെ അനുഗ്രഹിക്കും. പിന്നെ ഉറക്കം തൂങ്ങികളില് നിറയെ കായകളുണ്ടാകും. അവ പഴുത്താല് പക്ഷികള്ക്ക് സദ്യ. ഞങ്ങളുടെ മുറ്റത്തേക്കാണ് മിച്ചമുള്ളതൊക്കെ ഇട്ടു തരുന്നത്. പഴങ്ങള്. പൊട്ടിയവയും പൊട്ടാത്തവയുമൊക്കെ.

“കാട്ടില് മരങ്ങളെ ചുറ്റിപ്പിടിച്ചു സ്നേഹിച്ചു കൊല്ലുന്ന ഇഞ്ചകള് അനേകം ഉണ്ട്. അവ പൂക്കുന്ന കാലമായാലോ ഞങ്ങളുടെ മുറ്റം ഇഞ്ചപ്പൂക്കളമാകും. ഇഞ്ചപ്പൂക്കളെത്തേടി നൂറു കണക്കിനു ചിത്രശലഭങ്ങളുമെത്തും. മനോഹരമായ കാഴ്ച!

ഇങ്ങനെ പലവിധമാണ് ഞങ്ങള്‍ക്കു കാടു നല്കുന്ന അനുഗ്രഹങ്ങള്. അക്കൂട്ടത്തില് തണലും തണുപ്പും തരുന്നതാണ് ഞങ്ങളുടെ ജീവിതത്തെ സുഖകരമായി നില്നിര്‍ത്തുന്നത്.”പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമായി ശിവദാസ് സര്‍ ആ പ്രകൃതിയില്‍ അലിഞ്ഞങ്ങനെ ഇരുന്നു. അണ്ണാന്‍കുന്നിന്‍റെ കുളിരില്‍  സ്വപ്നങ്ങള്‍ കണ്ടിരുന്നു.


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം