ലോക്ക്ഡൗണില്‍ ഒരു ഹരിത ദൗത്യം: പേപ്പര്‍ ബാഗ് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയും അമ്മാവനും

ഒരു ദിവസം 25 മുതല്‍ 50 ബാഗ് വരെയുണ്ടാക്കുന്നുണ്ട്. അതെല്ലാം അടുത്തുള്ള കടയിലും അയല്‍ക്കാര്‍ക്കും കൊടുക്കും.

പാട്ടു പാടിയും ചിത്രം വരച്ചും നൃത്തം ചെയ്തും പൂന്തോട്ടമൊരുക്കിയും പുസ്തകങ്ങള്‍ വായിച്ചും മാത്രമല്ല വീട്ടുമുറ്റത്ത് പുതിയൊരു കിണര്‍ കുത്തിയും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജപ്പെടുത്തുന്നവരുണ്ട്.

കൊറോണ വൈറസ് പടരാതിരിക്കാന്‍ മാസ്കുകളും ഹാന്‍റ് സാനിറ്റൈസറുകളുമൊക്കെ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്തവരുമുണ്ട്.

അവര്‍ക്കൊപ്പം ഇതാ ഒരു അമ്മാവനും മരുമകനും. ലോക്ക്ഡൗണ്‍ ദിനങ്ങളെ കടലാസ് കവറുകളിലാക്കുകയാണ് പത്തനംത്തിട്ട കൊടുമണ്‍തട്ട സ്വദേശിയായ ശ്രീജിത്തും സഹോദരീപുത്രന്‍ ഏഴാം ക്ലാസുകാരന്‍ ധനുഷും


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

പഴയ പത്രക്കടലാസുകള്‍ക്ക് കൊണ്ട് ഒരു ദിവസം 50 പേപ്പര്‍ബാഗുകള്‍ വരെയുണ്ടാക്കുന്നുണ്ട് ഇവര്‍. ഈ കടലാസ് ബാഗുകള്‍ അടുത്തുള്ള കടകളിലും ആവശ്യക്കാര്‍ക്കും സൗജന്യമായി നല്‍കുന്നു.

പേപ്പര്‍ ബാഗ് നിര്‍മാണത്തിനിടെ ശ്രീജിത്തും ധനുഷും

“കടലാസ് ബാഗ് നിര്‍മ്മിക്കണമെന്നു കുറേക്കാലമായി ആഗ്രഹിക്കുന്നതാണ്,”  ശ്രീജിത്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “കൊറോണക്കാലത്ത് വെറുതേ വീട്ടിലിരുന്നപ്പോ പെട്ടെന്നൊരു തോന്നലില്‍ തുടങ്ങിയതല്ല. കേരളത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചില്ലേ, അന്ന് തൊട്ടേ കടലാസ് ബാഗ് നിര്‍മാണം മനസിലുണ്ട്.

“പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പറ്റില്ല, അപ്പോ കടലാസ് ബാഗുകളുണ്ടാക്കി ആളുകളിലേക്കെത്തിക്കണമെന്നാണ് തോന്നിയത്. പക്ഷേ ആഗ്രഹമൊന്നും നടന്നില്ല.

“ജോലിയും തിരക്കുമൊക്കെയായിരുന്നല്ലോ. ലോക്ക് ഡൗണ്‍ വന്നതോടെ സമയമൊക്കെ കിട്ടിയെന്നു പറയാം. സമയം കളയാന്‍ പേപ്പര്‍ ബാഗുണ്ടാക്കിയാലെന്താ എന്നു തോന്നി. പഴയ ആഗ്രഹം നടക്കുകയും ചെയ്യുമല്ലോ,” അദ്ദേഹം പറഞ്ഞു.  ലോക്ക്ഡൗണ്‍ തുടങ്ങി രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ ആരംഭിച്ച കടലാസ് ബാഗ് നിര്‍മ്മാണം ഇപ്പോഴും തുടരുന്നു. വീട്ടിലുണ്ടായിരുന്ന പഴയ പത്രക്കടലാസുകള്‍ കൊണ്ടാണ് ബാഗ് നിര്‍മ്മാണം.

“യുട്യൂബില്‍ നോക്കിയാണ് കടലാസ് ബാഗുണ്ടാക്കാന്‍ പഠിച്ചത്. ചേച്ചിയുടെ മോന്‍ ധനുഷാണ് കടലാസുകൊണ്ട് കവറുണ്ടാക്കുന്ന വിഡിയോ യുട്യൂബില്‍ എനിക്ക് കാണിച്ചു തരുന്നത്,”  ശ്രീജിത്ത് തുടരുന്നു.

“പ്രത്യേക സമയമൊന്നും ഇല്ല. ഞങ്ങള്‍ രണ്ടാളിന്‍റെയും സൗകര്യം നോക്കി കടലാസുമായി ഞങ്ങളിരിക്കും. മിക്കവാറും രാവിലെയൊരു പത്ത് മണിയൊക്കെയാകുമ്പോ ആരംഭിക്കും. ചിലപ്പോ രാത്രി വരെ നീളും.

“ഒരു ദിവസം 25 മുതല്‍ 50 ബാഗ് വരെയുണ്ടാക്കുന്നുണ്ട്. എണ്ണമൊന്നും നോക്കിയല്ല ബാഗുണ്ടാക്കുന്നത്. ഉണ്ടാക്കാന്‍ തോന്നുന്ന അത്രയും ഇരുന്നുണ്ടാക്കും,” ശ്രീജിത്ത് പറഞ്ഞു.

ഫോട്ടോ: source; pixabay,com

വീടിന് അടുത്ത് തന്നെയുള്ള പലചരക്ക് കടയിലേക്കാണ് ഈ പേപ്പര്‍ ബാഗുകളൊക്കെ നല്‍കിയത്.

“ഞങ്ങള്‍ സ്ഥിരം സാധനങ്ങളൊക്കെ വാങ്ങുന്ന കടയാണത്. അതിനൊപ്പം ചിലരൊക്കെ നേരിട്ട് വീട്ടില്‍ വന്നും പേപ്പര്‍ കവര്‍ വാങ്ങിക്കുന്നുണ്ട്,”  ഇതുവരെ ആരോടും കാശൊന്നും വാങ്ങിയിട്ടില്ല എന്ന് ശ്രീജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

“ഞാനും ധനുഷും കൂടിയിരുന്നു പേപ്പര്‍ കവറുണ്ടാക്കുന്നതിനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതൊക്കെ കണ്ടിട്ട് പലരും വിളിച്ചു. പേപ്പര്‍ ബാഗുണ്ടാക്കുന്ന മെഷീനുകളുടെ കമ്പനിയില്‍ നിന്നും വിളിച്ചിരുന്നു.


പേപ്പര്‍ കവറുണ്ടാക്കുന്ന ചെറുകിട ബിസിനസ് ആരംഭിച്ചു കൂടേ, അതിന് താത്പ്പര്യമുണ്ടോയെന്നൊക്കെ ചോദിച്ചാണ് പലരും വിളിക്കുന്നത്.


“തത്ക്കാലം ആരോടും താത്പ്പര്യമുണ്ടെന്നു പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ ആഗ്രഹങ്ങളുണ്ട്. ലോക്ക് ഡൗണും കൊറോണ പ്രതിസന്ധികളുമൊക്കെ കഴിയട്ടെ… എന്നിട്ട് അതേക്കുറിച്ചൊക്കെ ആലോചിക്കാമെന്ന തീരുമാനത്തിലാണ്.

“വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയുമൊക്കെയുണ്ട്. ഞങ്ങള്‍ കാര്‍ഷിക കുടുംബമാണ്. (പശുവും റബറും പച്ചക്കറിയുമൊക്കെയുണ്ട്.) അതിന്‍റെ തിരക്കുകളൊക്കെയുണ്ട്. ആ പണികള്‍ക്കിടയില്‍ പേപ്പര്‍ കവറുണ്ടാക്കാന്‍ സഹായിക്കാന്‍ ഇവര്‍ക്കൊന്നും പറ്റിയെന്നു വരില്ല,” അദ്ദേഹം പറഞ്ഞു.

“പേപ്പര്‍ ബാഗ് കൊള്ളാം… നല്ലതാണ്… എന്നൊക്കെ പലരും പറയുന്നുണ്ട്. പിന്നെയൊരു പ്രശ്നം പറയുന്നത്, കടലാസ് ബാഗുകള്‍ക്ക് പ്ലാസ്റ്റിക് കവര്‍ പോലെ ഭാരം താങ്ങാന്‍ പറ്റില്ല, കൊണ്ടുനടക്കാനുള്ള ചില പ്രശ്നങ്ങള്‍, പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കാനാകുന്നില്ല എന്നൊക്കെയാണ്. പക്ഷേ എല്ലാവരും ഈ പേപ്പര്‍ ബാഗുകള്‍ സ്വീകരിച്ചു കഴിഞ്ഞു.

“ഇപ്പോ പത്രം ഉപയോഗിച്ചല്ലേ കവറുണ്ടാക്കുന്നത്. കുറച്ചു കട്ടിയുള്ള പേപ്പറില്‍ കവറുണ്ടാക്കണമെന്നുണ്ട്. അതിനൊക്കെയുള്ള സാധനങ്ങളൊക്കെ വാങ്ങണം. ലോക്ഡൗണ്‍ കഴിയാന്‍ കാത്തിരിക്കുകയാണ്,” ശ്രീജിത്ത് ആവേശത്തിലാണ്.


ഇതുകൂടി വായിക്കാം:5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം