നട്ടുച്ച നേരം, നല്ല വേനല്‍ക്കാലമാണ്. ദൂരെ യാത്ര കഴിഞ്ഞ് ബസിറങ്ങിയ കുടുംബം നേരേ പോയത് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും ഒരു ജൂസ് കുടിയ്ക്കാന്‍. കുടിച്ചു കഴിഞ്ഞശേഷം പ്ലാസ്റ്റിക് സ്ട്രോകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു.
ഇങ്ങനെ ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും സ്ട്രോകള്‍ പൊതുവഴികളിലേക്ക് അശ്രദ്ധമായി വലിച്ചെറിയുന്നത് ഒരു പൊതുശീലമാണല്ലോ. (കേരളത്തില്‍ സമ്പൂര്‍ണ പാലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും പ്ലാസ്റ്റിക് നിര്‍മ്മിത സ്ട്രോകളും മറ്റ് ഉല്‍പന്നങ്ങളും പല പ്രദേശങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ).
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
പക്ഷെ നിമിഷങ്ങള്‍ മാത്രം ഉപയോഗിച്ച് വളരെ നിസാരമായി വലിച്ചെറിയുന്ന ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അത്ര നിസാരക്കാരനാണോ?
പ്ലാസ്റ്റിക്ക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇപ്പോഴും നാം വലിയ ഗൗരവത്തിലെടുത്തിട്ടില്ല എന്നതിന് തെളിവല്ലേ അത്. റോഡിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോ എത്രമാത്രം അപകടകാരിയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നാം പുറംതള്ളുന്ന ഖരമാലിന്യങ്ങളിലെ മാലിന്യത്തിലെ പ്രധാന വില്ലനാണ്. പ്ലാസ്റ്റിക് സ്ട്രോകള്‍ കടലിലും ജലാശയങ്ങളിലും ചെന്നെത്തി ജലജീവികളെയും കടലാമകളെയുമൊക്കെ നേരിട്ടും അല്ലാതെയും ബാധിക്കുന്നു.
“പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. വീണ്ടും ഉപയോഗിക്കുക, റീസൈക്കിള്‍ ചെയ്യുക…” ഇതൊക്ക പ്ലാസ്റ്റിക് വര്‍ജ്ജന സെമിനാറുകളിലും സ്‌കൂളുകളിലെ പ്രസംഗ മല്‍സരങ്ങളിലും നിരന്തരമായി കേട്ട് ഉപേക്ഷിക്കുന്ന വാചക കസര്‍ത്തുകള്‍ മാത്രമായി തീരുകയല്ല വേണ്ടത്. നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സുസ്ഥിരമായ ഒരു പരിഹാരമുണ്ടാകണം. അത്തരത്തിലുള്ള പ്രതിരോധത്തിന് നിരവധി പരിസ്ഥിതി സൗഹൃദ ബദലുകള്‍ ഉണ്ടാകുകയും ഇവയൊക്കെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നുള്ള ബാല്യകാല സുഹൃത്തുക്കളായ രണ്ട് യുവ ടെക്കികള്‍ ഫരീഖ് നൗഷാദും പ്രവീണ്‍ ജേക്കബും അത്തരമൊരു ബദല്‍ ശ്രമമാണ് നടത്തുന്നത്. പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ക്കു പകരം പപ്പായത്തണ്ടുമായാണ് ഈ യുവസംരംഭകര്‍ രംഗത്തെത്തിയിരിക്കുന്നത്.
പപ്പായത്തണ്ട് ഉപയോഗിച്ച് ആറുമാസം വരെ ആയുസ്സുള്ള പ്രകൃതി സൗഹൃദ സ്‌ട്രോയാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.
“സാധാരണഗതിയില്‍ വെറുതെ പാഴാകുന്ന പപ്പായത്തണ്ടുകള്‍ ഉപയോഗിച്ചാണ് പ്രകൃതിദത്തമായ സുന്ദരന്‍ സ്‌ട്രോകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തിലുള്ള സ്‌ട്രോകളുണ്ടാക്കാനുള്ള തണ്ട് ശേഖരിക്കാനായി തിരുവനന്തപുരത്തുള്ള 40 കര്‍ഷകരെയാണ് ആശ്രയിക്കുന്നത്. അവരെല്ലാം കൂടി 30 ഏക്കറില്‍ പപ്പായ കൃഷി നടത്തുന്നുണ്ട്,” ഫരീഖ് നൗഷാദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഓട്ടോമേഷന്‍ എന്‍ജിനിയര്‍മാരായിരുന്ന ഫരീഖും പ്രവീണും നാട്ടിലെത്തിയത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. രണ്ടരവര്‍ഷക്കാലത്തെ പ്രവാസത്തിനു ശേഷമാണ് അവര്‍ തിരിച്ചെത്തുന്നത്.
പ്രവാസ ജീവിതത്തിനിടയില്‍ തന്നെ മാലിന്യ പ്രശ്നങ്ങളെ കുറിച്ചും ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചും അവര്‍ ചിന്തിച്ചിരുന്നു. അങ്ങനെ കുറേ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയുമാണ് പാസ്റ്റിക് സ്‌ട്രോകള്‍ക്ക് ബദല്‍ മാര്‍ഗ്ഗമായി പപ്പായത്തണ്ട് പരീക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് പപ്പായ തണ്ടിനെ സ്ട്രോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയെപ്പറ്റി ആലോചിച്ചു.
“കേരള സര്‍വ്വകലാശാലയിലെ ബി.ടെക് പഠനത്തിനുശേഷം സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കാലത്ത് വിപണിയെക്കുറിച്ച് ഞങ്ങള്‍ ഇരുവരും പഠിക്കുകയും മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ സാധ്യതയുള്ള ഒരു മേഖലയാണെന്ന് തിരിച്ചറിയുകയും ചെയ്തു. പപ്പായ ഇന്‍ഡ്യയിലുടെ നീളം വ്യാപകമായി വളരുന്നുണ്ടെങ്കിലും അതിന്‍റെ തണ്ടുകൊണ്ട് യാതൊരു ഉപയോഗവുമില്ല. അതുകൊണ്ട് ഞങ്ങളുടെ പദ്ധതിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വളരെ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും ലഭ്യമാകുമെന്ന് മനസ്സിലായി,”ഫരീഖ് പറയുന്നു.
സ്‌ട്രോകള്‍ നിര്‍മ്മിക്കുന്നതിനായി ‘ഗ്രീനിക് സസ്‌റ്റൈയ്‌നബിള്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ‘എന്ന പേരില്‍ കൊച്ചു വേളി വ്യാവസായിക മേഖലയില്‍ ഒരു കേന്ദ്രം സ്ഥാപിച്ചു.
പപ്പായ കര്‍ഷകര്‍ക്കു കൂടി സംരംഭകരാകാനുള്ള അവസരമൊരുക്കിയാണ് ഗ്രീനിക്ക് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ മാസത്തില്‍ മൂന്നു രൂപനിരക്കില്‍ 2,500 പപ്പായത്തണ്ട് സ്‌ട്രോ നഗരത്തിലെ വിവിധ ജ്യൂസ് കടകളില്‍ വിതരണം ചെയ്യുന്നുണ്ട്.
പരീക്ഷണങ്ങള്‍, പരാജയങ്ങള്‍
സ്‌ട്രോ നിര്‍മ്മാണത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത, ഇന്‍ഡ്യന്‍ വിപണി ഈ വ്യവസായവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് യാതൊരു ധാരണയുമില്ലാതിരുന്ന ഇരുവരും ഒരു വര്‍ഷം മുന്‍പാണ് ഇത്തരമൊരു ഉദ്യമം തുടങ്ങുന്നത്. സ്‌ട്രോ നിര്‍മ്മാണത്തിന് ഉപദേശകരെ കണ്ടെത്തുന്നതു മുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതു വരെയുള്ള കാലത്ത് ഫരീഖും പ്രവീണും അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവനും ചെലവിട്ടു. നെയ്യാറ്റിന്‍കരയിലെ ഒരു ഫാമിലാണ് പപ്പായ സ്‌ട്രോയും നിര്‍മ്മാണവും ടെസ്റ്റിങ്ങും ആരംഭിച്ചത്.
“ആദ്യം ഞങ്ങള്‍ പപ്പായത്തണ്ട് അഴുക്ക് നീക്കം ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകി വെയിലില്‍ ഉണക്കാന്‍ ശ്രമിച്ചു. പക്ഷെ, തണ്ട് ചുരുങ്ങിപ്പോയി. അതിന് കയ്പ്പ് രുചിയുമുണ്ടായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ വൃത്തിയാക്കിയ തണ്ടുകള്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത ചൂടുവെള്ളത്തില്‍ കഴുകിയെടുത്ത് അധികം വെയിലില്ലാത്ത സ്ഥലത്തുവെച്ച് ഉണക്കിയെടുത്തു,”ഫരീഖ് പരീക്ഷണ ഘട്ടത്തെ കുറിച്ച് വിവരിക്കുന്നു.
പിന്നീട് നിയന്ത്രിത ഉണക്കല്‍ പ്രക്രിയ മൂന്ന് ഘട്ടങ്ങളായി വികസിപ്പിച്ചു. ഇതിനായി ചൂടുവെള്ളം ഉപയോഗിച്ചുള്ള ഒരു വാട്ടര്‍ ബാത്ത് ഉപകരണവും ഒരു ഓവനും വാങ്ങി. കൂടാതെ സ്വന്തമായി ഒരു ഡ്രയര്‍ മെഷീന്‍ തയ്യാറാക്കി.
മെഷീനുകള്‍ എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗത കൂടി. അവരുടെ ഉല്‍പന്നം വില്‍ക്കാന്‍ യോഗ്യമാണോ എന്ന് പരിശോധിക്കാന്‍ പല കടമ്പകളും കടക്കേണ്ടി വന്നു.
ഇന്‍ഡ്യയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ പങ്കെടുക്കുന്ന കൊല്‍ക്കത്ത ഐഐഎം-ല്‍ നടന്ന ടാറ്റാ സോഷ്യല്‍ എന്റര്‍പ്രൈസസില്‍ പങ്കെടുത്ത് ഈ പുതിയ ഉല്‍പന്നം അവതരിപ്പിച്ചു. അവിടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ചലഞ്ചില്‍ ഇവര്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ആ പരിപാടിയില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഇവരുടെ പപ്പായ സ്ട്രോ എന്ന ആശയം മാത്രമാണ്.
തുടര്‍ന്ന് സ്‌ട്രോ നിര്‍മ്മാണ പ്രക്രിയകള്‍ക്കായും മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായും ഫരീഖും പ്രവീണും പത്ത് തൊളിലാളികളെ നിയമിച്ചു.
കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിക്കുന്ന പപ്പായത്തണ്ടുകള്‍ വെയര്‍ഹൗസുകളിലെത്തിച്ച് രണ്ടായി മുറിച്ച് ശുദ്ധമായ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയെടുക്കുന്നു. അതിനു ശേഷം തണ്ട് ഉണക്കി പ്രോട്ടീനുകള്‍ നീക്കം ചെയ്യുന്ന ഒരു ലായനിയില്‍ കഴുകിയെടുക്കുന്നു. തുടര്‍ന്ന് അവ പാക്കറ്റുകളിലാക്കുന്നു. ദിവസേന 4,000 പപ്പായത്തണ്ട് സ്‌ട്രോകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്നു.
മാസത്തില്‍ ഒരു ലക്ഷത്തോളം നിര്‍മ്മിക്കുന്നു. ലാഭം കര്‍ഷകരും ഉല്‍പാദകരും തുല്യമായി വീതിച്ചെടുക്കുന്നു. അങ്ങനെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കുന്നു. പപ്പായത്തണ്ടുകള്‍ ഉണക്കിയെടുത്ത് സ്ട്രോ ആക്കി മാറ്റുന്നത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതുകൂടി വായിക്കാം: 10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.