ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്‍കാരന്‍

കര്‍ണ്ണാടകത്തില്‍ നിന്ന് പച്ചക്കറി മൊത്തമായി എത്തിച്ച് കമ്മ്യൂണിറ്റി കിച്ചനിലേക്കും 650 കുടുംബങ്ങള്‍ക്കും നല്‍കി ദേശ് രാജ്

16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്‍കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്.  മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്‍രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം  നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്.

ലോക്ക്ഡൗണ്‍കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്‍ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള്‍ സൗജന്യമായി നല്‍കിയാണ് ആ 33-കാരന്‍  കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്‍രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ തോതില്‍ സ്വന്തമായി ഗ്രാനൈറ്റ് ബിസിനസ് കൂടി ആരംഭിച്ചു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

കുടുംബത്തിനൊപ്പം കേരളത്തില്‍ താമസിക്കുന്ന ഈ രാജസ്ഥാന്‍കാരന്‍ പ്രളയം വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെക്കൊണ്ട് കഴിയുന്നതുപോലെ സംഭാവന നല്‍കിയിരുന്നു.

ദേശ്‍രാജ്

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ നിന്ന്  ജോലി അന്വേഷിച്ചാണ് കേരളത്തിലേക്ക് വരുന്നത്. നാട്ടില്‍ നിന്നുവന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ വന്നാ എന്തെങ്കിലും ജോലി കിട്ടും എന്ന പ്രതീക്ഷയിലാണ് ട്രെയ്ന്‍ കയറുന്നത്,” ദേശ്‍രാജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“രാജസ്ഥാനിലെ കരോളി ജില്ലയിലാണ് എന്‍റെ വീട്. ഒമ്പതാം ക്ലാസ് വരെ പഠിച്ചുള്ളൂ. അതുകഴിഞ്ഞ് അധികം കഴിയും മുന്‍പേ കേരളത്തിലേക്ക് വന്നു.

“തിരുവനന്തപുരത്തേക്ക് പോകണമെന്നു കരുതിയാണ് യാത്ര തുടങ്ങിയതെങ്കിലും പാതിവഴിയില്‍ തീരുമാനം മാറ്റേണ്ടി വന്നു. അതിന് കാരണം ഒരു മലയാളിയാണ്.

“ട്രെയ്നില്‍ സഹയാത്രികനായിരുന്ന ഹമീദ്. അദ്ദേഹം എന്‍റെ കൈയിലുള്ള സാധനങ്ങളൊക്കെ കണ്ടപ്പോ കല്‍പ്പണിക്കാരനാണെന്നു മനസിലാക്കി. അങ്ങനെ ഞങ്ങള്‍ ഓരോന്ന് സംസാരിച്ചു നല്ല സൗഹൃദമായി.

“ഹമീദ് എന്നോട് പറഞ്ഞു, ചേട്ടനൊരാള്‍ എന്‍ജിനീയറുണ്ട്. ആളിന്‍റെയൊപ്പം മേസ്തിരിപ്പണിക്ക് നില്‍ക്കാമെന്ന്. തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഞാനങ്ങനെ കണ്ണൂരില്‍ ഇറങ്ങി. കുറച്ചുകാലത്തിന് ശേഷം കോഴിക്കോട് കായക്കൊടിയില്‍ എത്തി.

“ഹമീദ് എന്ന പേര് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. വേറൊന്നും അറിയില്ല. കുറേ വര്‍ഷമായില്ലേ. അന്ന് പതിനാറു പതിനേഴ് വയസ്സല്ലേ ഉള്ളൂ.

വിതരണത്തിനൊരുക്കിയിരിക്കുന്ന പച്ചക്കറി കിറ്റ്

“കായക്കൊടിയില്‍ ടൈല്‍ പണിയും കല്‍പ്പണിയുമൊക്കെയായി കുറേക്കാലം ജോലി ചെയ്തു. പിന്നീട് കുറേ വര്‍ഷത്തിന് ശേഷമാണ് സ്വന്തമായി ഗ്രാനൈറ്റ് കച്ചവടം ആരംഭിക്കുന്നത്.

“ആലഞ്ചേരിയിലാണ് രാജസ്ഥാന്‍ രോഹിത്ത് എന്നു പേരിട്ടിരിക്കുന്ന ഗ്രാനൈറ്റ് ഷോപ്പ്. ഗ്രാനൈറ്റും ടൈല്‍സും വില്‍ക്കുക മാത്രമല്ല കോണ്‍ട്രാക്റ്റ് എടുത്ത് ഓരോ വീടിന്‍റെ ടൈല്‍സ് പണികള്‍ ചെയ്തും കൊടുക്കുന്നുണ്ട്.”

നാട്ടുകാര്‍ക്ക് നല്‍കാന്‍ കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറികള്‍ മൊത്തമായി എത്തിക്കാന്‍ ദേശ് രാജ് പ്രത്യേക യാത്രാപാസ് സംഘടിപ്പിച്ചിരുന്നു.

“ഗ്രാനൈറ്റ് കടയിലും ടൈല്‍സ് വര്‍ക്കിനുമായി കുറച്ചു തൊഴിലാളികള്‍ എനിക്കൊപ്പമുണ്ട്. അവര് പച്ചക്കറി വാങ്ങാന്‍ പോകാനും വിതരണത്തിനും കവറുകളിലാക്കുന്നതിനുമൊക്കെ എനിക്കൊപ്പമുണ്ടായിരുന്നു,” ദേശ് രാജ് പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചനിലേക്ക് മൂന്നു ദിവസത്തേക്കുള്ള പച്ചക്കറിയാണ് നല്‍കിയത്. ബാക്കിയുള്ള പച്ചക്കറി നാട്ടുകാര്‍ക്കും കായത്തൊടിയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്കുമായി വിതരണം ചെയ്തു.

“അഞ്ച് കിലോയുടെ പച്ചക്കറി കിറ്റ് നാട്ടുകാരായ 550 കുടുംബങ്ങള്‍ക്കും 100-ലേറെ ഇതരസംസ്ഥാന കുടുംബങ്ങള്‍ക്കുമായി നല്‍കാന്‍ കഴിഞ്ഞു,” അദ്ദേഹം സംതൃപ്തിയോടെ പറഞ്ഞു. നാട്ടുകാരുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയുമൊക്കെ സഹായത്തോടെയാണ് പച്ചക്കറിക്കിറ്റുകള്‍ ആവശ്യക്കാരിലേക്കെത്തിച്ചത്.

“ഇവിടുള്ള ആള്‍ക്കാരുമായി നല്ല ബന്ധമാണ്. നാട്ടുകാരുമായുള്ള ആ ബന്ധമാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “കായക്കൊടി എനിക്ക് എന്‍റെ നാട്ടിലെ ഗ്രാമം പോലെയാണ്. ഇവിടുള്ളവരും സ്വന്തക്കാരെ പോലെയാണ്.”

2013-ല്‍ രാജസ്ഥാന്‍കാരി സീമയെ വിവാഹം കഴിച്ചു. ഭാര്യയെയും കൂട്ടി കായക്കൊടിയിലേക്ക് വന്നു. പിന്നീടാണ് ആ ഗ്രാമത്തില്‍ വീട് വയ്ക്കുന്നത്.

“പച്ചക്കറി വാങ്ങിക്കൊടുക്കുന്ന കാര്യം സീമയോട് പറഞ്ഞപ്പോ തന്നെ അവളും സമ്മതിച്ചു. സീമയോട് മാത്രമല്ല നാട്ടിലുള്ള അമ്മയോടും അച്ഛനോടുമൊക്കെ പറഞ്ഞിരുന്നു. എല്ലാവരും പിന്തുണച്ചു,” ദേശ്‍രാജ് പറയുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി കെ.ടി

പച്ചക്കറി കൊടുക്കുന്ന കാര്യം പഞ്ചായത്തില്‍ ദേശ്‍രാജ് പഞ്ചായത്തില്‍ അറിയിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നു പച്ചക്കറി കൊണ്ടുവരുന്നതിന് പ്രത്യേക പാസും അദ്ദേഹത്തിന് നല്‍കിയിരുന്നുവെന്നു കായക്കൊടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. അശ്വതി പറയുന്നു.

“കുറേ വര്‍ഷം മുന്‍പ് ഇവിടെയെത്തി, ജോലി ചെയ്തു, സ്വന്തമായി വീട് വച്ചയാളാണ് ദേശ്‍രാജ്. ഇടയ്ക്കിടെ നാട്ടില്‍ പോകാറുണ്ടെങ്കിലും കായക്കൊടി അദ്ദേഹത്തിന് സ്വന്തം നാട് പോലെയാണ്.

“ടൈല്‍സ് പണികള്‍ പോലുള്ള ചെറിയ ജോലികള്‍ ചെയ്ത് ചെയ്താണ് ഇവിടെ വരെയെത്തിയത്. ഇതരസംസ്ഥാനത്ത് നിന്നു വന്നൊരാളാണെന്നു പറയാന്‍ പറ്റില്ല. ഇപ്പോ ഇവിടുത്തുകാരനായി മാറി ദേശ്‍രാജ്,” എന്ന് അശ്വതി.

ദേശ്‍രാജിനെയും അദ്ദേഹത്തിന്‍റെ വീട്ടുകാരെയും കുറിച്ച് നാട്ടുകാര്‍ക്കും നല്ലത് മാത്രം പറയാനുള്ളൂവെന്നു അയല്‍ക്കാരനും സുഹൃത്തുമൊക്കെയായ കായക്കൊടിക്കാരന്‍ പ്രത്യൂഷ് പറയുന്നു.

“നാലു വര്‍ഷമായി ഇവരെന്‍റെ വീടിന് അടുത്താണ് താമസിക്കുന്നത്. ഞങ്ങളുമായി നല്ല അടുപ്പത്തിലുമാണ്. ടൈല്‍ പണിയൊക്കെ ചെയ്തു കഷ്ടപ്പെട്ടാണ് ദേശ്‍രാജ് ഗ്രാനൈറ്റ് കച്ചവടക്കാരനായത്.

“രാജസ്ഥാനില്‍ നിന്നാണ് ഗ്രൈനൈറ്റ്സ് കടയിലേക്ക് കൊണ്ടുവരുന്നത്. ദേശ്‍രാജ് ആരോടും അമിത വിലയൊന്നും വാങ്ങിക്കില്ല. മിതമായ വിലയാണെന്നതു കൊണ്ടു തന്നെ ആളുകള്‍ ഇവന്‍റെ കടയില്‍ നിന്നു വാങ്ങിക്കുകയും ചെയ്യുന്നുണ്ട്.

“ആദ്യമായിട്ടല്ല ദേശ്‍രാജ് ഇതുപോലുള്ള നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത്. കഴിഞ്ഞ പ്രളയ സമയത്തും ദേശ്‍രാജിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ ഞങ്ങള്‍ കണ്ടതാണ്. പ്രളയത്തിന്‍റെ നാളില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് 50,000 രൂപയാണ് നല്‍കിയത്.

“ഇവനൊപ്പം ബിസിനസില്‍ സഹായികളായുള്ളതു ഇതരനാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. അവര്‍ക്കും വേണ്ട സഹായങ്ങളൊക്കെ ദേശ്‍രാജ് ചെയ്തു കൊടുക്കുന്നുണ്ട്,” പ്രത്യൂഷ് കൂട്ടിച്ചേര്‍ത്തു.

ദേശ്‍രാജിന് രണ്ട് മക്കളാണ്,  എല്‍കെജിയില്‍ പഠിക്കുന്ന രോഹിത്തും ആംഗന്‍വാടിക്കാരന്‍ അമിത്ത് രാജും.

“നാട്ടില്‍ അച്ഛനും അമ്മയുമുണ്ട്. മാസത്തില്‍ ഒരു തവണ വീട്ടില്‍ പോകും. ഇപ്പോ കൊറോണയും ലോക് ഡൗണുമൊക്കെ അല്ലേ. അതുകൊണ്ടിപ്പോ വീട്ടില്‍ പോയിട്ട് രണ്ടര മാസമായി,” ദേശ്‍രാജ് പറഞ്ഞു.


ഇതുകൂടി വായിക്കാം:‘ഒന്ന് പിഴച്ചാൽ ‍ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം