മാസ്ക് തയ്ച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചുമിടുക്കന്‍

നേരത്തെ, രോഗിയായ ഒരു കൊച്ചുകു‍ഞ്ഞിന്‍റെ സര്‍ജറിക്കായി പണം സ്വരൂപിക്കാന്‍ അതുലും കൂട്ടുകാരും സി ബി എസ് സി സ്കൂള്‍ കലോത്സവത്തിന് ഉപ്പിലിട്ടതും മറ്റും വില്‍പനയ്ക്ക് വെച്ചിരുന്നു

വീട്ടുമുറ്റത്ത് എന്തോ പണിത്തിരക്കിലായിരുന്നു അതുല്‍ രാജ്. അതിനിടയിലാണ് സംസാരിക്കാനായി ഓടിയെത്തിയത്.

അടിമാലിയിലെ ആ വീട്ടുമുറ്റത്ത് റോസാച്ചെടികളാക്കെ നന്നായി പൂത്തുനില്‍പ്പുണ്ട്. എങ്കിലും പച്ചക്കറിത്തോട്ടമാണ് മുറ്റം കയ്യേറിയിരിക്കുന്നത്– കോവല്‍, വെണ്ട, മുളക്, തക്കാളി, പയര്‍… ഒക്കെയുണ്ട്.

എന്തായിരുന്നു പണിയെന്ന് ചോദിച്ചപ്പോള്‍ എട്ടാംക്ലാസ്സുകാരന്‍ അതുലിന്‍റെ മറുപടി: “ജൈവ വളം ഉണ്ടാക്കുകയായിരുന്നു. എസ് പി സി-യിലെ ഇന്നത്തെ ടാസ്‌ക്കായിരുന്നു. മുരിങ്ങയിലയും ആര്യവേപ്പിലയും അരച്ച് കഞ്ഞിവെള്ളത്തില്‍ കലക്കി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികള്‍ക്കൊഴിക്കാന്‍.”

അതുല്‍ രാജ് കൃഷിപ്പണിയിലാണ്

സ്റ്റുഡെന്‍റ് പോലീസ് കേഡറ്റായ (എസ് പി സി) അതുല്‍ വളര്‍ത്തിയെടുത്ത പച്ചക്കറികളാണ് തോട്ടത്തില്‍. അതിനാവശ്യമായ ജൈവവളങ്ങളുണ്ടാകുന്നതും അവന്‍ തന്നെ. ചെടികളുടെ പരിപാലനത്തിനും മറ്റും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എസ് പി സി തന്നെ നല്‍കും.

ലോക്ക് ഡൗണ്‍ ആയതോടെ പലരുടെയും കഴിവുകളും പാചകത്തിലേയും കലാരംഗത്തേയും മികവുകളും പുറത്തേക്ക് വന്നുവല്ലോ. എന്നാല്‍ അടിമാലി എസ് എന്‍ ഡി പി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്‍ രാജ് സമയം നേരമ്പോക്കുകള്‍ക്കായി മാറ്റിവെച്ചില്ല.

സ്വന്തമായി നിര്‍മ്മിച്ച മാസ്‌ക് വിറ്റുകിട്ടിയ തുക കൊണ്ട് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയായിരുന്നു. മാത്രമല്ല അധികമായി ഉണ്ടായിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്തു ഈ പതിമൂന്നുകാരന്‍.


ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
 നിങ്ങള്‍ക്കും സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

“ചെറുപ്പം മുതലേ അവന്‍ കൈയില്‍ കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കുടുക്കയിലിട്ടു വെയ്ക്കും,” അതുലിനെ കുറിച്ച് അമ്മ പറയുന്നു. ‘വിഷുക്കൈനീട്ടം കിട്ടിയാലും അച്ഛന്‍ മുട്ടായി വാങ്ങാന്‍ കൈയില്‍ കൊടുത്താലുമൊക്കെ അവന്‍ നേരെ ഓടുന്നത് കുടുക്കയിലിടാനാകും. അനാവശ്യമായി ഒന്നും വാങ്ങുകയോ വാശിപിടിക്കുകയോ ഇല്ല. കുടുക്ക പൊട്ടിച്ചു കിട്ടുന്ന തുക എത്രയായാലും മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കാനാണ് ഉപയോഗിക്കുക, അതാണ് മോന്‍റെ സന്തോഷം.”

കോവിഡ്-19 കേരളത്തില്‍ പടര്‍ന്നപ്പോഴാണ് മുന്‍കരുതലെന്ന നിലയില്‍ മാസ്‌കുകള്‍ ഉണ്ടാക്കി നല്‍കുന്നതിനെക്കുറിച്ചു അതുല്‍ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതുല്‍ മാസ്‌ക് ഉണ്ടാക്കുന്നതെങ്ങനെയെന്ന് അമ്മയോട് ചോദിച്ചറിഞ്ഞു.

അതുല്‍ മാസ്ക് നിര്‍മ്മാണത്തിനിടയില്‍.

“ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മോന്‍ എന്നോട് ചോദിച്ചു, ‘അമ്മെ, ഇനി മാസ്‌ക്കൊക്കെ ഏറെ ആവശ്യം വരില്ലേ, അത് ഉണ്ടാക്കാന്‍ എനിക്ക് പഠിപ്പിച്ചു തരാമോ’ എന്ന്.” കുടുംബശ്രീയില്‍ അംഗമായ അതുലിന്‍റെ അമ്മക്ക് അല്ലറ ചില്ലറ തയ്യല്‍ പണികളൊക്കെ വശമുണ്ട്.

“അങ്ങനെ മാസ്‌ക് ഉണ്ടാക്കാന്‍ ഞാന്‍ അവനെ പഠിപ്പിച്ചു കൊടുത്തു. കൂട്ടത്തില്‍ ഞാനും സഹായിച്ചു. ഏകദേശം രണ്ടായിരം മാസ്‌കുകള്‍ മോന്‍ തയ്ച്ചുണ്ടാക്കി. അത് പത്തു മുതല്‍ പതിനഞ്ചു രൂപ വരെ വിലയ്ക്ക് വിറ്റു. കുറെ മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും സൗജന്യമായി നല്‍കി. ഓരോ ദിവസവും മാസ്‌ക് വിറ്റു കിട്ടിയ തുകയില്‍ ഒരു രൂപ പോലുമെടുക്കാതെ അവനെന്നെ ഏല്പിക്കും.

“ഒരു ദിവസം അവന്‍ പറഞ്ഞു ‘നമുക്ക് ഈ തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം അമ്മെ, നമുക്ക് കുറച്ചു പേര്‍ക്ക് ആവശ്യമുള്ള സഹായമെത്തിച്ചിട്ട് ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാം’. മോന്‍ അത് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി. അവന്‍റെ ഈ കുഞ്ഞു പ്രായത്തില്‍ തന്നെ സമൂഹത്തോട് തനിക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്നുള്ള ബോധം അവനുണ്ടല്ലോ. അവനു എല്ലാത്തിനും കൂട്ടായി അച്ഛനും ഒപ്പം നിന്നു.”

സ്വയം നിര്‍മ്മിച്ചെടുത്ത മാസ്‌കുകള്‍ വിറ്റു കിട്ടിയ തുക ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി  അവശ്യസാധനങ്ങളെത്തിക്കുന്നതിനായി അതുല്‍ മാറ്റിവെച്ചു. കുറച്ച് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി അടിമാലി സ്റ്റേഷനിലെ എസ് ഐ അനില്‍ ജോര്‍ജ്ജിന് കൈമാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക അതുൽ രാജ് അടിമാലി എസ് ഐ അനിൽ ജോർജിനെ ഏല്പിക്കുന്നു.

അതുല്‍ ഇത് ആദ്യമായല്ല ഇതുപോലുളള കാര്യങ്ങള്‍ ചെയ്യുന്നത്. അടിമാലിയ്ക്കടുത്ത് ഇരുന്നൂറേക്കര്‍ എന്ന സ്ഥലത്തെ കാന്‍സര്‍ ബാധിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിനും തന്നാല്‍ കഴിയുന്ന സഹായം അതുല്‍ എത്തിച്ചിരുന്നു. ആ പണവും സ്വന്തം അധ്വാനം കൊണ്ട് കണ്ടെത്തണമെന്ന് അവനു നിര്‍ബന്ധമായിരുന്നു.

‘അതെങ്ങനെയായിരുന്നെന്ന് ഒന്ന് പറയാമോ?’ അത്രയും നേരം കേള്‍വിക്കാരനായിരുന്ന അതുലിനോട് ഞാന്‍ ചോദിച്ചു.

“നമ്മുടെ ഇവിടെ ഉള്ള ഓട്ടോച്ചേട്ടന്മാര്‍ക്ക് ഒരു സംഘടനയുണ്ട്. ത്രീ സ്റ്റാര്‍ ഓട്ടോ ചാരിറ്റി എന്നാ പേര്,” അതുല്‍ പറഞ്ഞു. “അവര്‍ എപ്പോഴും രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി പിരിവ് നടത്താറുണ്ട്. ഞാന്‍ സ്‌കൂളില്‍ പോകുന്നത് അതിലൊരു ഇക്കയുടെ ഓട്ടോയിലാണ്. അങ്ങനെ ഒരു ദിവസം അവര്‍ ഒരു കുഞ്ഞുവാവക്ക് വേണ്ടി പിരിവ് നടത്തുന്നത് അറിഞ്ഞു.

“ആ സമയത്താണ് സി ബി എസ് ഇ സ്‌കൂള്‍ കലോത്സവം വരുന്നത്. അങ്ങനെ കലോത്സവ മൈതാനത്തു ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും ഫ്രൂട്ട് സലാഡും ഉണ്ടാക്കിക്കൊണ്ടുപോയി വിറ്റു,” അതുല്‍ ഒന്ന് നിര്‍ത്തി.

സഹായിച്ചവരെയും കൂടെ നിന്ന സുഹൃത്തുക്കളെയും അതുല്‍ മറന്നില്ല. അവന്‍ തുടര്‍ന്നു, “ഞാന്‍ മാത്രമല്ലാട്ടോ… ഉപ്പിലിട്ടതും മറ്റും ഉണ്ടാക്കിത്തരാന്‍ അമ്മയും കുറച്ചു ആന്റിമാരും ഉണ്ടായിരുന്നു. പിന്നെ വില്‍പനയ്ക്ക് എന്‍റെ കൂട്ടുകാരും. കാര്‍ത്തിക്, ശ്രീഹരി, പ്രാര്‍ത്ഥന, ശ്രീലക്ഷ്മി ഇവരൊക്കെ ആണ് കൂടെ ഉണ്ടായത്. എല്ലാവരും കൂടിയപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. അങ്ങനെ എല്ലാം വിറ്റു കിട്ടിയ തുക മുഴുവനും ത്രീ സ്റ്റാര്‍ ഓട്ടോ ചേട്ടന്മാരെ ഏല്പിച്ചു.”

പച്ചക്കറിത്തോട്ടത്തില്‍

“ഒരു മുട്ടായി വാങ്ങാന്‍ പോലും അവര്‍ ആ തുക ഉപയോഗിക്കാതെ കൈമാറുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് ഇത്രയേറെ പക്വതയോ എന്ന്. അതുലിന്‍റെ കുടെയുണ്ടായിരുന്ന കുട്ടികളും ഒരേ പോലെ ചിന്തിച്ചു എല്ലാത്തിനും പിന്തുണയായി കൂടെയുണ്ടായിരുന്നു,” അതുലിന്‍റെ അമ്മ പറഞ്ഞു.

“അവര്‍ എന്നെ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണക്കുന്നുണ്ടല്ലോ, അതാണ് എനിക്ക് സന്തോഷം,” അച്ഛനേയും അമ്മയേയും കുറിച്ച് അതുല്‍ വാചാലനായി. “പിന്നെ, അച്ഛനും അമ്മയും ഒക്കെ സഹായിക്കാറുമുണ്ട്. അവരുടെ കൈയില്‍ നിന്നും പണം വാങ്ങാതെ നമ്മള്‍ സ്വയം കണ്ടെത്തി ചെയ്യുന്നതിലാണ് ഒരു തൃപ്തിയുള്ളൂ. നമ്മളെക്കൊണ്ട് ഇതിനൊക്കെ പറ്റുമെന്ന് മനസിലാകുന്നത് അത് ചെയ്തുനോക്കുമ്പോഴല്ലേ?” ആ മിടുക്കന്‍ പയ്യന്‍ അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോള്‍ എനിക്കും മനസ്സുനിറഞ്ഞു.

“എന്‍റേത് ഒരു സാധാരണ കുടുംബമാണ്. എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ആകരുത് എന്ന് നിര്‍ബന്ധമുണ്ട്. അച്ഛന്‍ ഓരോ തുട്ട് നാണയം കൈയില്‍ തരുമ്പോഴും അതിന്‍റെ വില അമ്മ പറഞ്ഞു തരും. അതുകൊണ്ടു ഒന്നും വെറുതെ ചെലവാക്കിക്കളയാന്‍ തോന്നാറില്ല.”

കുറച്ച് പുളിഞ്ചിക്കാ പറിക്കാന്‍ കയറിയതാ.

2018-ലെ പ്രളയകാലത്തും പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അതുല്‍ എത്തി. അവിടെയുള്ളവരുമായി സംസാരിക്കുകയും കുറച്ച് സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും അവശ്യസാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു.

ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതുലിന്‍റെ അച്ഛന്‍ തെല്ലു മടിയോടെ പറഞ്ഞു, “ഇതൊന്നും ആരും അറിയാതെയാണ് ചെയ്തിട്ടുള്ളത്. കാരണം നമ്മള്‍ ചെയ്യുന്ന സഹായം പാടിനടക്കാന്‍ ഞങ്ങള്‍ക്കും അതുലിനും താത്പര്യമുണ്ടായിരുന്നില്ല. അതും വലിയ സഹായങ്ങളൊന്നുമല്ല, ഞങ്ങളെക്കൊണ്ട് ആകുന്ന പോലെ ക്യാമ്പിലേക്ക് കുറച്ചു കമ്പിളിയും പായയും മറ്റു അവശ്യസാധനങ്ങളും എത്തിച്ചു കൊടുത്തു. ക്യാമ്പ് സന്ദര്‍ശിച്ചു വരുമ്പോള്‍ മോനാണ് പറഞ്ഞത് ‘അച്ഛാ നമുക്ക് പറ്റുന്ന എന്തെങ്കിലും സഹായം ക്യാമ്പിലുള്ളവര്‍ക്ക് വേണ്ടി ചെയ്തു കൂടെ’ എന്ന്. അത് ഞങ്ങള്‍ക്കും ഒരു ഉള്‍വിളിയായി. പരിമിതികളില്‍ നിന്നും സഹായിക്കാനുള്ള അവന്‍റെ മനസ്സ് കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായത് കൊണ്ടാകണം ആരുമറിയാതെ ചെയ്ത കാര്യങ്ങള്‍ ഒടുവില്‍ എല്ലാവരും അറിഞ്ഞത്,” അതുലിന്‍റെ അച്ഛന്‍ പുഞ്ചിരിച്ചു.


പ്രളയത്തില്‍ തോടുകളിലും മറ്റും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി വൃത്തിയാക്കാനും അതുല്‍ മുന്‍പിലുണ്ടായിരുന്നു.


അതുലും രണ്ടു സുഹൃത്തുക്കളും അടിമാലി ദേവിയാര്‍ പുഴ കനാലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റിനൊപ്പം ചേരുകയായിരുന്നു.

“പ്രളയകാലത്തു സ്‌കൂളില്‍ ഒന്നും പോകാനില്ലാത്തതു കൊണ്ട് ഞങ്ങള്‍ ഫ്രീ ആയിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാനാണ് ഇഷ്ടം. അപ്പോഴാണ് കുടുംബശ്രീയിലെ ചേച്ചിമാര്‍ പ്രളയത്തിന് ശേഷം അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കുന്നതറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ അവരെ സഹായിക്കണമെന്ന് തോന്നി. കൂട്ടിനു എന്‍റെ രണ്ടു കൂട്ടുകാരും വന്നപ്പോള്‍ നല്ല രസമായിരുന്നു. അങ്ങനെ ഞങ്ങള്‍ ചാക്കുമായി നടന്നു കാനലിലെയും മറ്റും പ്ലാസ്റ്റിക് ഒക്കെ പെറുക്കിക്കൂട്ടി വൃത്തിയാക്കി.”

കഴിഞ്ഞ വര്‍ഷമാണ് അതുല്‍ അടിമാലി എസ് എന്‍ ഡി പി സ്‌കൂളില്‍ ചേരുന്നതും തുടര്‍ന്ന് സ്റ്റുഡെന്‍റ് പോലീസ് കേഡറ്റ്‌സില്‍ അംഗമാവുന്നതും. എസ് പി സി യിലെ പരിശീലകനായ വിനു സര്‍ ആണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും അതുല്‍ പറയുന്നു.

“എനിക്ക് കുറച്ചു കൂടി കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും വന്നത് സ്റ്റുഡെന്‍റ് പോലീസ് കേഡറ്റ് ആയതിനു ശേഷമാണെന്ന് അമ്മ പറയാറുണ്ട്. എനിക്ക് ഒരുപാട് നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ടത്രെ!’ അതുല്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു, “എന്നെക്കൊണ്ട് ആകുന്നപോലെ എല്ലാവരെയും സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ എന്‍റെ ആ മനോഭാവത്തിന് ഒരു സ്ട്രക്ച്ചര്‍ വന്നത് എസ് പി സിയില്‍ ചേര്‍ന്നതിനു ശേഷമാണെന്ന് തോന്നിയിട്ടുണ്ട്. സമൂഹത്തിനോടുള്ള നീതിയും ന്യായവും നിറവേറ്റണമെന്ന് വിനു സര്‍ എപ്പോഴും പറയും.”

അതുലിന്‍റെ കുഞ്ഞിപ്പുരയുടെ പാലുകാച്ചല്‍… കൂട്ടുകാര്‍ക്കെല്ലാം കപ്പ പുഴുങ്ങിയതും ചമ്മന്തിയും വിളമ്പിയാണ് സല്‍ക്കരിച്ചത്.

ലോക്ക് ഡൗണ്‍ കാലത്തും എസ് പി സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കമില്ല. പക്ഷേ, അവ വീട്ടിലിരുന്നു കൊണ്ടാണെന്ന് മാത്രം.

“എസ് പി സിയില്‍ നമുക്ക് ചെയ്യാനായി ഓരോ ടാസ്‌കുകള്‍ തരും. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആയതുകൊണ്ട് ദിവസവും ചെയ്യേണ്ട ടാസ്‌കുകള്‍ എസ് പി സിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വിശദമായി അയച്ചു തരും. അതനുസരിച്ചു നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്തു ഗ്രൂപ്പില്‍ ഫോട്ടോയോ വീഡിയോയോ അയച്ചു കൊടുക്കണം. പച്ചക്കറിത്തോട്ടം നിര്‍മ്മാണവും ജൈവ കീടനാശിനിയും വളവും ഉണ്ടാക്കലും മറ്റുമായി ഓരോ ടാസ്‌കുകള്‍ ഉണ്ടാകും. പഴയകാല കുടില്‍ നിര്‍മ്മാണം എന്ന ടാസ്‌കില്‍ ചെയ്തതാണ് ആ ഓലപ്പുര,” വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് നിര്‍മിച്ച ഒരു കൊച്ചു ഓലക്കുടിലിനെപ്പറ്റി അതുല്‍ പറഞ്ഞു.

ഓലയും മടലുമുപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള കുടിലിന് കോവല്‍ പടര്‍പ്പുകളാണ് മേല്‍ക്കൂര.

“ഇത് ഉണ്ടാക്കിക്കഴിഞ്ഞിട്ട് ഇവിടെ അടുത്തുള്ള എന്‍റെ കൂട്ടുകാരെ ഒക്കെ വിളിച്ചുകൂട്ടി പാല് കാച്ചി ആണ് പ്രവേശിച്ചത്. ക്ഷണം സ്വീകരിച്ചു വന്നവര്‍ക്ക് നല്ല മണ്‍പാത്രത്തിലുണ്ടാക്കിയ കപ്പയും മുളകും ഉള്ളിയും പൊട്ടിച്ച ചമ്മന്തിയും കൊടുത്താണ് സല്‍ക്കരിച്ചത്. എല്ലാവര്‍ക്കും വലിയ സന്തോഷമായി.” അതുലിന്‍റെ നിഷ്‌കളങ്കമായ ചിരി.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം