100 കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം സഹായം, വീടുകളിലേക്കും സമൂഹ അടുക്കളകളിലേക്കും സൗജന്യക്കിറ്റുകള്‍: ഇത് പച്ചക്കറിക്കടക്കാരന്‍ ജെഫിക്ക് തന്നാലായത്

വര്‍ഷങ്ങളായി ജെഫിയുടെ കടകളില്‍ നിന്നും കാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ സൗജന്യമാണ്. “റോഡില്‍ പച്ചക്കറി വിറ്റിരുന്ന ആളാണ്. കഷ്ടപ്പാടുകളൊക്ക അറിഞ്ഞാണ് ഇവിടെ വരെയെത്തിയത്. അതുകൊണ്ടാണ്…,” എന്ന് ജെഫി

യറിനും വെണ്ടയ്ക്കും തക്കാളിക്കുമൊക്കെ തൊട്ടാല്‍ പൊള്ളുന്ന വില… ചിലപ്പോഴൊക്കെ കിലോയ്ക്ക് നൂറും കടന്ന് പച്ചക്കറി വില കുതിക്കും. പക്ഷേ അതിലൊന്നും കാര്യമില്ല, ജെഫി സേവ്യറിന്‍റെ കടയില്‍ പോയാല്‍ വിലക്കുറവിന് നല്ല പച്ചക്കറി കിട്ടുമെന്നാണ് ആലുവക്കാരൊക്കെ പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ആലുവ പുളിഞ്ചോട് ജംഗ്ഷനില്‍ പച്ചക്കറിക്കച്ചവടം നടത്തുകയാണ് ജെഫി സേവ്യര്‍. അവിടെയൊരു മരച്ചുവട്ടിലെ വഴിയോരക്കടയില്‍  പച്ചക്കറികള്‍ നിറഞ്ഞിരിക്കുന്നതു കണ്ടാല്‍ത്തന്നെ ആരും നോക്കിപ്പോകും.

കൂട്ടത്തില്‍ പച്ചക്കറിയുടെ വില പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് കൂടി കണ്ടാല്‍ ഹൈവേയിലൂടെ പോകുന്നവരൊക്കെ ഒന്നു ബ്രേയ്ക്കിടും. വിപണിയില്‍ എത്ര ഉയര്‍ന്ന വിലയാണെങ്കിലും ജെഫിയുടെ കടയില്‍ മിക്കതിനും കിലോയ്ക്ക് 20 രൂപയായിരിക്കും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

അതുമാത്രമല്ല ജെഫിയെ ജനകീയനാക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് ഈ കടയില്‍ പച്ചക്കറികള്‍ സൗജന്യമാണ്.

ജെഫി സേവ്യര്‍

ഏതാനും വര്‍ഷമായി നിരവധി കാന്‍സര്‍ രോഗികളും അവരുടെ കുടുംബങ്ങളുമാണ് ജെഫിയുടെ കടയില്‍ നിന്നും പതിവായി പച്ചക്കറി വാങ്ങുന്നത്.

ലോക്ക് ഡൗണ്‍ ആയപ്പോള്‍ ജെഫി കൂടുതല്‍ പേരിലേക്ക് സേവനം വ്യാപിപ്പിച്ചു.

പാവപ്പെട്ടവര്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ സൗജന്യമായി നല്‍കി. ഒപ്പം വിവിധ സംഘടനകള്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലേക്കും ജെഫിയുടെ കടയില്‍ നിന്ന് പച്ചക്കറി സൗജന്യമായി നല്‍കുന്നുണ്ട്. ഒപ്പം ലോക്ക് ഡൗണില്‍ ജോലിക്ക് പോകാനാകാതെ വീടുകളിലിരിക്കേണ്ടി വന്ന പാവപ്പെട്ടവര്‍ക്ക് സാമ്പത്തികമായും ജെഫി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

“അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യത്തെ പച്ചക്കറിക്കട തുറക്കുന്നത്. പുളിഞ്ചോടിലാണിത്. ഇവിടെ എല്ലാത്തരം പച്ചക്കറിയും വില്‍ക്കുന്നുണ്ട്. കുറച്ച് വര്‍ഷത്തിന് ശേഷമാണ് സൗജന്യമായി പച്ചക്കറികള്‍ നല്‍കി തുടങ്ങുന്നത്,” ജെഫി സേവ്യര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു

“ആലുവയിലേതു പോലെ തന്നെ അത്താണിയിലും നെടുമ്പാശ്ശേരിയിലും രണ്ട് കടകളുണ്ട്. ഇവിടെ നിന്നെല്ലാം സൗജന്യമായി പച്ചക്കറി നല്‍കുന്നുണ്ട്. എല്ലാത്തരം പച്ചക്കറികളും കൊടുക്കും.”

കടയോട് ചേര്‍ന്ന് ഒരു ബാനര്‍ കെട്ടിയിട്ടുണ്ട്. സൗജന്യ പച്ചക്കറി വിതരണത്തെക്കുറിച്ചുള്ള അറിയിപ്പാണത്. വഴിയിലൂടെ പോകുന്നവര്‍ക്കും പച്ചക്കറി വാങ്ങാന്‍ വരുന്നവര്‍ക്കുമൊക്കെ ഈ ബോര്‍ഡ് കാണാം.

ഇതുകണ്ടാണ് പലരും എത്തുന്നതെന്ന് ജെഫി. പുളിഞ്ചോട് പച്ചക്കറി വില്‍പ്പന ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് സൗജന്യമായി നല്‍കാന്‍ തുടങ്ങിയത്.

“എന്താ ഇങ്ങനെ കൊടുക്കുന്നതെന്നു ചോദിച്ചാല്‍ പറയാന്‍ കുറേ കാര്യങ്ങളൊന്നും ഇല്ല,” ജെഫി മനസ്സുതുറക്കുന്നു. “പിന്നെ, റോഡില്‍ പച്ചക്കറി വിറ്റിരുന്ന ആളാണ്. കഷ്ടപ്പാടുകളൊക്ക അറിഞ്ഞാണ് ഇവിടെ വരെയെത്തിയത്. അതുകൊണ്ടാണ് നിര്‍ധനര്‍ക്ക് പച്ചക്കറി സൗജന്യമായി നല്‍കുന്നത്.”

കാന്‍സര്‍ രോഗികള്‍ക്കായി നല്‍കുന്ന കിറ്റില്‍ പലതരം പച്ചക്കറികള്‍ കാണും. സ്ഥിരമായി വാങ്ങുന്ന കുറേപ്പേര്‍ ഉണ്ടെന്ന് ജെഫി പറയുന്നു.

“ആലുവയിലെ കടയില്‍ നിന്നുമാത്രം പതിവായി 17 കാന്‍സര്‍ രോഗികള്‍ വരുന്നുണ്ട്. രണ്ട് രണ്ടര വര്‍ഷമായി അവര്‍ സ്ഥിരമായി പച്ചക്കറി വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. ഇത്രേം കാലമായില്ലേ, അവരുമായി നല്ല ആത്മബന്ധവുമുണ്ട്.

“ഇവരുടെയൊക്കെ പേരും വിശേഷങ്ങളുമൊക്കെ അറിയാം, വീട് എവിടാണെന്നറിയാം. ഫോണ്‍ നമ്പറും പരസ്പരം നല്‍കിയിട്ടുണ്ട്. ആദ്യമൊക്കെ ഇവര് പച്ചക്കറി വാങ്ങാന്‍ വരുന്നതിന് മുന്‍പ് എന്നെ വിളിക്കും. എന്നിട്ട് വരുന്ന കാര്യമൊക്കെ പറയും.

“പക്ഷേ, ഇപ്പോ കുറേക്കാലമായില്ലേ.. വിളിച്ച് മുന്‍ക്കൂട്ടി പറയുകയൊന്നുമില്ല, അവരിപ്പോ നേരെ ഇവിടേക്ക് വരും. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു അടുപ്പമുണ്ട്,” ജെഫി വിശദമാക്കുന്നു.

രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കട തുറന്നിരിക്കും. എന്നാല്‍ രണ്ട് മുതല്‍ നാലു മണി വരെയാണ് സൗജന്യവിതരണം.

“ആ സമയം തിരക്ക് കുറവായിരിക്കുമെന്നതു കൊണ്ടാണത്. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കുന്നതിനെക്കുറിച്ച് പത്രങ്ങളിലൊക്കെ വാര്‍ത്തകള്‍ വന്നതോടെ കൂടുതല്‍ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം:ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും


“കാന്‍സര്‍ രോഗിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും കാണിക്കണ്ട, പറഞ്ഞാല്‍ മാത്രം മതി. കാന്‍സര്‍ രോഗികളോടൊക്കെ എങ്ങനെയാണ് കാശ് വാങ്ങുന്നത്. അവര്‍ക്ക് രോഗത്തിന്‍റെ ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ കുറേയുണ്ടാകും. പണമൊന്നും നല്‍കാനും ഇവരുടെ കൈയിലുണ്ടാകില്ല,” ജെഫി പറയുന്നു.

ജെഫിയുടെ കടയില്‍ വിലയും വളരെ കുറവാണ്. ചെറിയ മാര്‍ജിനിട്ടാണ് പച്ചക്കറി വില്‍ക്കുന്നതെന്നു ജെഫി.

“എല്ലാ പച്ചക്കറിയും ഒരേ വിലയ്ക്കാണ് വില്‍ക്കുന്നത്- കിലോയ്ക്ക് 20 രൂപ മാത്രം. മിക്കപ്പോഴും ഈ വിലയ്ക്ക് തന്നെ വില്‍ക്കാന്‍ സാധിക്കാറുണ്ട്.

“തമിഴ് നാട്ടില്‍ പോയി പച്ചക്കറിയെടുക്കാറുണ്ട്. ഇപ്പോ ലോക്ക് ഡൗണ്‍ വന്നതില്‍പ്പിന്നെ ആലുവ മാര്‍ക്കറ്റില്‍ നിന്നുതന്നെയാണ് പച്ചക്കറിയെടുക്കുന്നത്. ആലുവയില്‍ മാത്രമല്ല അത്താണിയിലും നെടുമ്പാശ്ശേരിയിലെയും പച്ചക്കറി കടകളില്‍ സൗജന്യ വില്‍പ്പനയുണ്ട്.

“22 പണിക്കാരുണ്ട് സഹായത്തിന്, അതില്‍ ഭായിമാരും മലയാളികളുമുണ്ട്,”  ജെഫി പറയുന്നു. “കൂട്ടത്തില്‍ അഞ്ച് വര്‍ഷമായി ഒപ്പമുള്ള പണിക്കാരുമുണ്ട്.”

ജോഫി സേവ്യര്‍

ഈ ലോക്ക് ഡൗണ്‍ ദുരിതത്തിലായ പാവപ്പെട്ടവര്‍ക്ക് പൊലീസ് സ്റ്റേഷന്‍ വഴിയും ആശ വര്‍ക്കര്‍മാരിലൂടെയുമാണ് സാമ്പത്തിക സഹായമെത്തിക്കാനും ജെഫി മുന്നോട്ടുവന്നു. അങ്ങനെ 100 വീടുകളില്‍ 2,000 രൂപ വീതം എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞുവെന്ന് ജെഫി. “പൊലീസുകാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കുമൊക്കെ ആരൊക്കെയാണ് അര്‍ഹരെന്നു അറിയാമല്ലോ,” എന്ന് ജെഫി.

ലോക്ക് ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ കമ്യൂണിറ്റി കിച്ചനിലേക്കും ജനസേവ ശിശുഭവനിലേക്കും പച്ചക്കറി നല്‍കുന്നുണ്ട്. ജനസേവ ശിശുഭവനില്‍ മുപ്പതോളം കുട്ടികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ട്.

“ലോക്ക് ഡൗണ്‍ ആരംഭിച്ച ദിവസം മുതല്‍ ഇവര്‍ക്ക് സ്ഥിരമായി പച്ചക്കറി നല്‍ക്കുന്നുണ്ടിപ്പോള്‍. ആലുവ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി കൊണ്ടുപോയത്. വീടുകളിലേക്കും പച്ചക്കറിക്കിറ്റുകള്‍ നല്‍കിയിരുന്നു.

“കാന്‍സര്‍ രോഗികള്‍ക്കുള്ള പച്ചക്കറി വിതരണം ഇനിയും തുടരണമെന്നാണ് ആഗ്രഹം. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ ഈ സൗജന്യസേവനം മുതലെടുക്കരുതെന്ന ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ,” എന്ന് ജെഫി.

ആലുവ ചൂണ്ടിയിലാണ് ജെഫിയുടെ വീട്. ഭാര്യ ശോശയും അമ്മ ഷേര്‍ളിയും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഫ്രീനുമടങ്ങുന്നതാണ് കുടുംബം.


ഇതുകൂടി വായിക്കാം:ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം