കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്‍പന്നങ്ങള്‍… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം 

കേരളത്തിലെ മറ്റ് ജയിലുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ 230 രൂപയാണ് ദിവസക്കൂലി നല്‍കുന്നത്. ഇത് തടവുകാരുടെ അക്കൗണ്ടിലെത്തും.

യിലാണെങ്കിലും നെട്ടുകാല്‍ത്തേരി വേറെ ലെവലാണ്. തടവറയില്ലാത്ത ജയില്‍ ജീവിതമാണിവിടെ. തുറന്ന ജയിലാണ്. പക്ഷെ ജയില്‍പ്പുള്ളികളൊക്കെ വളരെ ചിട്ടയുള്ളവര്‍. സദാസമയവും ജോലി ചെയ്യുന്നവര്‍.

അതിനൊരു കാരണമുണ്ട്.

മറ്റ് ജയിലുകളില്‍ നിന്നുള്ള നല്ലനടപ്പുകാരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൃഷിയാണ് അവരുടെ പ്രധാന ജോലി. അതും ഒന്നൊന്നര കൃഷി.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

തിരുവനന്തപുരം നഗരത്തിനു കിഴക്ക് 35 കിലോമീറ്ററോളം മാറി  അഗസ്ത്യാര്‍കൂട വനത്തിന്‍റെ താഴ്‌വരയില്‍ വ്യാപിച്ചു കിടക്കുന്ന 474 ഏക്കറോളം വരുന്ന പ്രദേശത്താണ് നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍. നെയ്യാര്‍ വന്യജീവി സങ്കേതവും തുറന്ന ജയിലിനോട് ചേര്‍ന്നുതന്നെ. സഹ്യന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ ഇത്രയും തടവുകാരുണ്ടെങ്കിലും മതിലുകളോ ലോക്കപ്പോ സായുധ പോലീസേ ഇല്ലാതെയാണ് ഇവിടെ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത്.

ജയില്‍ വളപ്പൊരു ഹരിതഗ്രാമം തന്നെ

ജെയില്‍ ഡി ജി പി ഋഷിരാജ് സിങ്ങ് നെട്ടുകാല്‍ത്തേരി തുറന്ന ജെയിലിലെ തോട്ടം സന്ദര്‍ശിച്ചപ്പോള്‍

“കേരളത്തിന്‍റെ കാലാവസ്ഥയില്‍ എന്തൊക്കെ വളരുമോ അതെല്ലാം ഇവിടെയുണ്ട്. പച്ചക്കറി കൃഷിയ്ക്കു പുറമെ റബ്ബര്‍, റബ്ബര്‍ നഴ്സറി, മീന്‍ കൃഷി, ഫല വൃക്ഷങ്ങള്‍, കോഴി, ആട്, എരുമ, തേനീച്ച വളര്‍ത്തല്‍ എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാമോ അതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്,” ജയിലിലെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്ന കൃഷി ഓഫീസര്‍ അജിത് സിംഗ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

1962-ലാണ് ഓപ്പണ്‍ ജയില്‍ സ്ഥാപിച്ചത്. നെട്ടുകാല്‍ത്തേരിയിലും എട്ടുകിലോമീറ്റര്‍ മാറി തേവന്‍കോടിലുമായി 474 ഏക്കര്‍ വനഭൂമിയാണ് ജയിലിനായി അനുവദിച്ചത്. (നെട്ടുകാല്‍ത്തേരിയില്‍ 274 ഏക്കറും തേവന്‍കോട് 200 ഏക്കറും.) രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ജയില്‍ വളപ്പില്‍ കൃഷി ആരംഭിച്ചു. റബ്ബറാണ് ആദ്യം കൃഷി ചെയ്തു തുടങ്ങിയത്. ആദ്യകാലങ്ങളില്‍ ഇവിടേക്ക് മാറ്റിയ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ് റബ്ബര്‍ കൃഷിയ്ക്കു തുടക്കം കുറിക്കുന്നത്.

പിന്നീട് പലതരത്തിലുള്ള കൃഷി ജയിലില്‍ വ്യാപിപ്പിച്ചു. റബ്ബര്‍ തോട്ടത്തിനു പുറമെ പച്ചക്കറികളും പലതരം വാഴകളും പഴമരങ്ങളും മത്സ്യകൃഷിയും ഉള്‍പ്പെടുന്ന ഒരു സമ്മിശ്ര കൃഷി രീതിയാണിപ്പോള്‍ ഇവിടെ. ജൈവകൃഷിയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഓപ്പണ്‍ ജയിലിലെ രണ്ട് സെക്ഷനുകളിലും മേല്‍നോട്ടം നടത്തി വരുന്നത് ഒരേ ഉദ്യോഗസ്ഥരാണ്.

തുറന്ന ജെയിലില്‍ വിളഞ്ഞ പടവലം

ഇപ്പോള്‍ 387 തടവുകാരാണ് ജയിലിലുള്ളത്. (കോവിഡ് കാലത്ത് ഇവര്‍ പരോളിലാണ്. പകരം കൃഷി പരിപാലിക്കാന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.)

”ഇരുനൂറ് ഏക്കറിലായി മുപ്പതിനായിരം റബ്ബര്‍ മരങ്ങളാണുള്ളത്. ഇടവിട്ട ദിവസങ്ങളില്‍ പകുതി മരം വീതം ടാപ്പു ചെയ്യുന്നു. ടാപ്പിംഗ് അറിയാവുന്ന അന്തേവാസികളെയാണ് അതിനായി നിയോഗിച്ചിരിക്കുന്നത്. നൂറോളം ജയില്‍ പുള്ളികളാണ് ടാപ്പിംഗ് ജോലികള്‍ ചെയ്യുന്നത്,”കൃഷി ഓഫീസര്‍ തുടരുന്നു.

ജയിലിലെ അന്തേവാസികള്‍ തന്നെയാണ് കൃഷിയുടെ പ്രധാന മേല്‍നോട്ടം. കൃഷി. ജയില്‍ സൂപ്രണ്ട്, കൃഷി ഓഫീസര്‍ തുടങ്ങിയവരുള്‍പ്പെടുന്ന എഴുപതോളം ജയില്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

കൃഷി ഓഫീസര്‍ അജിത്ത് സിംഗ് നെട്ടുകാല്‍ത്തേരിയിലെ തോട്ടത്തില്‍

ജയില്‍ പുള്ളികളുടെ സ്വയം നവീകരണത്തോടൊപ്പം ഭക്ഷ്യസുരക്ഷയുമാണ് കൃഷിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജയിലില്‍ നിന്നു മോചിതരാകുമ്പോള്‍ അവരുടെ ഉപജീവനം കഴിവുറ്റതാക്കുക എന്നിവ കൂടി ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു.


ഇതുകൂടി വായിക്കാം: ടെറസില്‍ ബബിള്‍ഗം മരവും കര്‍പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി എന്‍ജിനീയര്‍


“ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ അദ്ധ്വാനത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ജീവിക്കാനാകുമെന്ന് അവര്‍ക്ക് ഇതിലൂടെ ബോധ്യം വരികയും ചെയ്യുന്നു. മാത്രമല്ല, മറ്റ് എന്ത് തൊഴിലിനേക്കാളും കൃഷി നല്‍കുന്ന ഒരു ആത്മസന്തോഷം അവരെ നല്ലനാളെ സ്വപ്നം കാണാന്‍ സഹായിക്കുന്നു,” അജിത് സിംഗ് തുടരുന്നു.

കേരളത്തിലെ മറ്റ് ജയിലുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ജോലികള്‍ക്ക് 230 രൂപയാണ് ദിവസ വേതനമായി നല്‍കുന്നത്. ഇത് തടവുകാരുടെ അക്കൗണ്ടിലെത്തും. ജയിലില്‍ നിന്ന് മോചിതരാകുമ്പോള്‍ തല്‍ക്കാലം ജീവിതം കരുപ്പിടിപ്പിക്കാനുള്ള പണം അവരുടെ അക്കൗണ്ടുകളിലുണ്ടാകും.

അതുകൊണ്ട് തടവുകാര്‍ ഹാപ്പിയാണ്. മറ്റിടങ്ങളില്‍ നിന്നും ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ തീവിലയാണ്. അതുകൊണ്ട് തുറന്ന ജയിലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നാട്ടുകാര്‍ക്കും വലിയ സന്തോഷം. വര്‍ഷം നല്ലൊരു തുക ഖജനാവിലേക്ക് എത്തുകയും ചെയ്യുന്നു. അങ്ങനെ എല്ലാവരും ഹാപ്പി.

“5.45 ഓടെയാണ് ജയിലിലെ ദിവസം ആരംഭിക്കുന്നതെങ്കിലും റബ്ബര്‍ ടാപ്പിംഗിനുള്ള തടവുകാര്‍ രാവിലെ അഞ്ചു മണിക്കു തന്നെ ടാപ്പിംഗിനായി പോകും. രണ്ടു ബാച്ചുകളായി ഇടവിട്ട ദിവസങ്ങളില്‍ 150 തടവുകാരേയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ദിവസേന ആയിരത്തോളം റബ്ബര്‍ ഷീറ്റുകളാണ് ജയിലില്‍ ഉല്‍പാദിപ്പിക്കുന്നത്. ജയിലിലെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് റബ്ബര്‍. ഏകദേശം ഒരു കോടി രൂപയാണ് റബ്ബര്‍ ഉല്‍പാദനത്തില്‍ നിന്നും ലഭിക്കുന്നത്.”

“ഇതു കൂടാതെ ഒരു റബ്ബര്‍ നഴ്സറി കൂടി ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ ഉയര്‍ന്ന ഗുണനിലവാരമുള്ള റബ്ബര്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്,”അജിത് സിംഗ് വിശദമാക്കുന്നു

പശുവിനെ നോക്കുന്നവര്‍ ആറു മണിക്കു മുന്‍പു തന്നെ അവരുടെ ജോലി ആരംഭിക്കും. ജയിലില്‍ ആവശ്യമായ പാലെടുത്ത ശേഷം ബാക്കി അടുത്തുള്ള ക്ഷീര സഹകരണ സംഘത്തിലേക്കു നല്‍കും. ബാക്കി വരുന്ന പാല് തൈരാക്കി മാറ്റും.

മീന്‍ കൊയ്ത്ത്

അവിടെയുള്ള 48 പശുക്കള്‍ക്കും മറ്റ് മാടുകള്‍ക്കും വേണ്ട തീറ്റപ്പുല്ല് ജയില്‍ വളപ്പില്‍ തന്നെ കൃഷി ചെയ്യുന്നു. എരുമകളെയും പശുക്കളെയും ആടുകളെയും വര്‍ഷാവര്‍ഷം ലേലത്തിലൂടെ വില്പന നടത്തുന്നുമുണ്ട്. മൃഗങ്ങളെ വളര്‍ത്തുന്നതിലൂടെ വലിയൊരു വരുമാന മാര്‍ഗ്ഗമാണ് ജയില്‍ നേടുന്നത്. ഓരോവര്‍ഷവും ആറ് ലക്ഷം രൂപയിലധികം ഇതിലൂടെ മാത്രം വരുമാനം കിട്ടുന്നു.

ഇരുപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പച്ചക്കറി കൃഷിയില്‍ എല്ലാ തരം വിളകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെണ്ട, വഴുതന, ചീര, പയറ് ,തക്കാളി, പച്ചമുളക്, കോളിഫ്ലവര്‍, കാബേജ്,കറിവേപ്പില,സ്ട്രോബറി എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. 50 തടവുകാരാണ് പച്ചക്കറി കൃഷി നോക്കുന്നത്.


കേരളത്തിലെ പ്രമാദമായ പല കേസുകളിലും ശിക്ഷയനുഭവിക്കുന്നവര്‍ അവരുടെ പഴയ ചരിത്രം മറന്ന് പച്ചക്കറി തോട്ടത്തില്‍ മികച്ച വിളവിനായി കഠിനമായി പരിശ്രമിക്കുന്നു.


ഇരുപതു വര്‍ഷത്തിലേറെയായി തടവറയില്‍ കഴിയുന്നവര്‍ വരെയുണ്ട് ഇവരില്‍.

ജൈവവളവും ജൈവകീടനാശിനിയും മാത്രം ഉപയോഗിച്ചുള്ള ഒരു ജൈവകൃഷി രീതിയാണ് ഇവിടെ പിന്തുടരുന്നത്. ജയിലിലേക്ക് ആവശ്യമായ പച്ചക്കറി എടുത്ത ശേഷം ബാക്കി വരുന്നത് മറ്റ് ജയിലുകളിലേക്ക് നല്‍കും. ആഴ്ചയില്‍ മൂന്നു ദിവസം ജയിലിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന കൗണ്ടറിലൂടെ പൊതു ജനങ്ങള്‍ക്കായി പച്ചക്കറി വില്‍ക്കുന്നു. കൂടാതെ മൂന്നു ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിനു പുറത്തും ഇവിടെ നിന്നുള്ള പച്ചക്കറി വില്‍ക്കുന്നുണ്ട്. പച്ചക്കറി വില്പനയിലൂടെ 2018-ല്‍ മാത്രം പത്തുലക്ഷം രൂപയിലധികം വരുമാനമുണ്ടാക്കി. “മുന്തിയ ഇനം വിത്തുകള്‍ ഓരോ തവണയും വികസിപ്പിച്ചെടുത്താണ് ഞങ്ങള്‍ കൃഷി ചെയ്യുന്നത്. ഇതിലൂടെ കൂടുതല്‍ വിളവ് കിട്ടുന്നു. കൂടാതെ ഹരിതഗൃഹങ്ങളും, തുള്ളി നനയും കൃഷിയ്ക്കായി ഉപയോഗിക്കുന്നു. സാധാരണ പല ഏജന്‍സികളില്‍ നിന്നും തൈകളും മറ്റും ശേഖരിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന് പുറത്ത് വില്‍ക്കാന്‍ ആവശ്യമായ തൈകളും വിത്തുകളും വിതരണം ചെയ്യാനുള്ള പദ്ധതിയും ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ ജയിലുകളില്‍ മാത്രമല്ല പൊതുസമൂഹത്തിലും ഒരു ഹരിതവിപ്ലവമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” അജിത് സിംഗ് വ്യക്തമാക്കുന്നു.

ഇരുപതേക്കറില്‍ വിളയുന്ന മരച്ചീനി, കാച്ചില്‍, ചെറുകിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളും ജയിലിലെ അടുക്കളയിലേക്കും മറ്റു ജയിലിലേക്കും പോകുന്നതിനൊപ്പം പൊതുവായും വില്‍ക്കുന്നുണ്ട്. അഞ്ഞൂറിലധികം മാവുകള്‍ പ്ലാവ്, നെല്ലി, പാഷന്‍ഫ്രൂട്ട്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ മുപ്പതേക്കറിലായി വളര്‍ന്നു നില്‍ക്കുന്നു.

ഇറച്ചിക്കോഴി ഫാമില്‍ നിന്നും ജയിലേക്കുള്ളത് മാറ്റിവെച്ച് ബാക്കി  പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം കഫേയിലേക്ക് നല്‍കുന്നു.

കിഴങ്ങുവിളകള്‍

“57 ലക്ഷം രൂപ കോഴികൃഷിയില്‍ നിന്നും ഞങ്ങള്‍ക്കു വരുമാനം ലഭിക്കുന്നു. ഇറച്ചിക്കോഴികളെ കൂടാതെ മുട്ടക്കോഴികളെയും ഇവിടെ വളര്‍ത്തിയിരുന്നു. ആറ് ലക്ഷം രൂപയുടെ മുട്ടയാണ് വില്പന നടത്തിയത്. ഇനി അടുത്ത സീസണില്‍ പുതിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങണം. ഇവയ്ക്കൊപ്പം താറാവുകളെയും ഇറച്ചിക്കായും മുട്ടയ്ക്കായും വളര്‍ത്തുന്നു. ഈ കോവിഡ് കാലത്ത് തിരുവനന്തപുരത്തെ എട്ടു ജയിലുകളിലേക്കും ആവശ്യമായ ഇറച്ചിക്കോഴികളെ ഞങ്ങളാണ് വിതരണം ചെയ്യുന്നത്,” അജിത് സിംഗ് പറയുന്നു.

പച്ചക്കറി കൃഷിയ്ക്കും മൃഗപരിപാലനത്തിനും പുറമെ അഞ്ചേക്കര്‍ സ്ഥലത്ത് മത്സ്യകൃഷിയും ജയിലില്‍ നടത്തിവരുന്നു. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ വളര്‍ത്തുന്നത്. കുറച്ചു നാള്‍ മുന്‍പ് ഏതാണ്ട് ഒരു ലക്ഷം രൂപയാണ് മത്സ്യവില്പനയിലൂടെ ലഭിച്ചത്. ജലസേചന ആവശ്യങ്ങള്‍ക്കായി ഒരു ചെക്ക് ഡാം ജയില്‍ വളപ്പില്‍ നിര്‍മ്മിച്ചിട്ടുണ്ട്. റബ്ബര്‍ തോട്ടത്തിനുള്ളിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 60 കോളനി തേനീച്ചയുണ്ട്. .

“ജയില്‍ വളപ്പിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാന്‍റില്‍ നിന്നാണ് ഇവിടുത്തെ ആവശ്യത്തിനുള്ള 75 ശതമാനവും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കൃഷിയ്ക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന 60 എച്ച് പി പമ്പ് സോളാര്‍ പവര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മാത്രമല്ല പകല്‍ ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇതിലൂടെ ലഭിക്കുന്നു. സൗരോര്‍ജ്ജ ഉപയോഗം തന്നെ വലിയ ലാഭമാണ് ജയിലിന് നല്‍കുന്നത് ”

ജയിലാണെങ്കിലും പൊലീസ് കാവലൊക്കെ ഉണ്ടെങ്കിലും ഇവിടത്തെ കൃഷിയ്ക്കു ഭീഷണിയുമായി ചിലരുണ്ട്. തങ്ങള്‍ക്ക് സ്വൈരമായി വിഹരിക്കേണ്ട വനഭൂമിയില്‍ ജയിലും കൃഷിയും നടത്തുന്നതില്‍ പരിഭവിച്ചാണോ എന്തോ, മാന്, മ്ലാവ്, പന്നി, മുള്ളന്‍ പന്നി എന്നു വേണ്ട അഗസ്ത്യാര്‍കൂടത്തിന്‍റെ അവകാശികളോരോരുത്തരും വിളകള്‍ ആക്രമിക്കാനെത്തും. ഈ അടുത്ത കാലത്ത് വെച്ചുപിടിപ്പിച്ച റെഡ് ലേഡി വിഭാഗത്തില്‍ പെട്ട പപ്പായ കുരുന്നായപ്പോള്‍ തന്നെ പന്നി കേറി തിന്നു നശിപ്പിച്ചു കളഞ്ഞു. കിഴങ്ങു കൃഷിയാണ് വന്യമൃഗങ്ങള്‍ ഏറ്റവും അധികം ആക്രമിക്കുന്നത്. അതുകൊണ്ട് ഇരുപതേക്കറിലെ കിഴങ്ങു വര്‍ഗ്ഗങ്ങളെ ഒരു പ്രത്യേക മതില്‍ക്കെട്ടിനുള്ളില്‍ ആക്കിയിരിക്കുകയാണ് ഇപ്പോള്‍.

”മുപ്പതേക്കറില്‍ വ്യാപിച്ചു കിടക്കുന്നു തെങ്ങു കൃഷി. ആദ്യകാലത്തു വെച്ചുപിടിപ്പിച്ച തെങ്ങുകളില്‍ നിന്ന് നല്ല വിളവ് ലഭിക്കുന്നുണ്ട്. തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് വലിയൊരു പദ്ധതി ഞങ്ങള്‍ നടപ്പിലാക്കുകയാണ്. മികച്ചയിനം കുള്ളന്‍ തെങ്ങു വിത്തുകള്‍ വികസിപ്പിക്കുന്നതാണ് പദ്ധതി. കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ ആവശ്യത്തിനുവേണ്ട തെങ്ങിന്‍ തൈകള്‍ക്ക് ക്ഷാമമുണ്ട്. നഴ്സറികളും തോട്ടവിള ഗേവഷണ കേന്ദ്രങ്ങളും പരമാവധി ശ്രമിച്ചിട്ടും ഈ ക്ഷാമത്തിന് പരിഹാരമാകുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ഈ പദ്ധതി കൂടി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ കുള്ളന്‍ തെങ്ങിന്‍ തൈകള്‍ വികസിപ്പിച്ചാല്‍ ആവശ്യക്കാരേറെയുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍,” അജിത് സിംഗ് പറഞ്ഞു.

സംയോജിത കൃഷി മാര്‍ഗ്ഗങ്ങളിലൂടെ ഏതാണ്ട് രണ്ട് കോടി രൂപയാണ് വര്‍ഷവും നെട്ടുകാല്‍ത്തേരി ജയില്‍ വരുമാനം നേടുന്നത്. (2018-19-ല്‍ 1.91 കോടി രൂപയിലധികവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.5 കോടി രൂപയിലധികവും കൃഷിയില്‍ നിന്ന് നേടി. 50 ലക്ഷത്തോളം രൂപയുടെ റബര്‍ വില്‍ക്കാനുണ്ട്. കൊറോണയും ലോക്ക് ഡൗണും വന്നതോടുകൂടി അതിന്‍റെ വില്‍പന നീണ്ടുപോകുന്നു. അതുൂടി ചേര്‍ത്താല്‍ രണ്ട് കോടി രൂപയോളം ആവുമെന്ന് അധികൃതര്‍ പറയുന്നു)

ജയില്‍ ഡിജിപി ഋജിരാജ് സിംഗ് നേതൃത്വത്തില്‍, മാറി മാറി വരുന്ന ജയില്‍ സൂപ്രണ്ടുമാര്‍, ജോയിന്‍റ് സൂപ്രണ്ടുമാര്‍, കൃഷി ഓഫീസര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ അസിസ്റ്റന്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, എന്നിവരുടെ കൂട്ടായ പരിശ്രമവും തടവുകാരുടെ കഠിനാധ്വാനവും അതാണ് നെട്ടുകാല്‍ത്തേരിയുടെ കൃഷി വിജയത്തിന് പിന്നില്‍.

കൃഷി കൂടാതെ നിരവധി പ്രവര്‍ത്തനങ്ങള്‍ ജയില്‍ വളപ്പിനുള്ളില്‍ നടന്നു വരുന്നു. ഇവിടെയുള്ള തടവുകാരുടെ നൈപുണ്യം ഉപയോഗപ്പെടുത്തിയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. എല്ലാ തടവുകാരും തന്നെ ഏതങ്കിലും പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും വ്യാപൃതരാണ്. മരപ്പണി, വയറിംഗ്, ഏ സി /ഫ്രിഡ്ജ് റിപ്പയറിംഗ്,കമ്പ്യൂട്ടര്‍ ആനിമേഷന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

മരപ്പണി അറിയാവുന്ന തടവുകാര്‍ നിരവധി സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ബഞ്ചുകളും ഡസ്‌ക്കുകളുമൊക്കെ നിര്‍മ്മിക്കുന്നുണ്ട്. മിക്ക തടവുകാരും പലതരത്തിലുള്ള കഴിവുള്ളവരാണ്. അവരുടെ കഴിവുകള്‍ വളരെ സൂക്ഷ്മായി ഉപയോഗപ്പെടുത്തുന്നുണ്ട് .

അരനൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച നെട്ടുകാല്‍ത്തേരിയില്‍ തടവുകാര്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ട്. പത്രങ്ങള്‍ വായിക്കാനും ടി വി കാണാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേക ഹാള്‍ ഉണ്ട്. ഇരുപതിനായിരത്തോളം പുസ്തകങ്ങള്‍ അടങ്ങുന്ന വലിയൊരു ലൈബ്രറി തന്നെയുണ്ട്. കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല, പുസ്തകശേഖരത്തിലും നെട്ടുകാല്‍ത്തേരി മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജയില്‍ ലൈബ്രറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


ഇതുകൂടി വായിക്കാം: വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്‍റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം