നടുമുറ്റത്തൊരു തുളസിത്തറ. ചെങ്കല്ലിന്‍റെ നാടന്‍ സൗന്ദര്യം തെളിഞ്ഞു നിൽക്കുന്ന ചുമരുകൾ. പടിഞ്ഞാറോട്ട് നോക്കുന്ന പൂമുഖം.
ഒരറ്റത്ത് കണ്ണാടിച്ചില്ല് പോലെ വലിയ കുളവും കുളപ്പുരയും. വലിയ പറമ്പിൽ തെങ്ങും മാവും പ്ലാവും പുളിയും… നിറയെ മരപ്പച്ച.
വിസ്തൃതമായ നെൽപ്പാടങ്ങൾ… അപൂര്‍വ്വമായ മരങ്ങളേയും വള്ളികളേയും തന്നിഷ്ടത്തിന് പടരാന്‍ വിട്ട് ഒരു കുഞ്ഞുകാടൊരുക്കി അതിനുള്ളില്‍ ഒരു സർപ്പക്കാവ്… സ്വയം സമ്പൂര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥ.
നമ്മുടെ വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
പഴയ തറവാടുവീടുകളെക്കുറിച്ച് പഠിക്കാൻ കുറേ വര്‍ഷങ്ങള്‍ മുന്‍പാണ് മലയാളം അദ്ധ്യാപകനായ ഡോ. കെ എസ് കൃഷ്ണകുമാർ ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ പുറമേയ്ക്ക് കാണുന്നതിലും വലിയ ആശയങ്ങൾ ഈ വീടുകളുടെ പിന്നിലുണ്ട് എന്ന് ഈ യാത്രകളില്‍ നിന്നാണ് മനസ്സിലായത് എന്ന് അദ്ദേഹം തുറന്നുപറയുന്നു.
കേരളത്തിലെ പഴയ മനകളൊക്കെ കാണുമ്പോള്‍ ചെറുപ്പം മുതലേ ഒരു കൗതുകമുണ്ടായിരുന്നു. പിന്നീട് കേരളത്തിന്‍റെ തനതായ വാസ്തുകലയുടെ അവശേഷിക്കുന്ന ഈ നിര്‍മ്മിതികള്‍ നശിച്ചുപോകുമോ എന്ന വേവലാതിയായി… അങ്ങനെയാണ് അദ്ദേഹം കേരളം മുഴുവന്‍ സഞ്ചരിച്ച് പഠനം തുടങ്ങുന്നത്.
ഇവിടെ അവശേഷിക്കുന്ന അഞ്ഞൂറോളം മനകളിൽ നൂറിലധികവും നേരിട്ടുപോയി പഠിച്ചുകഴിഞ്ഞു അദ്ദേഹം.
ഒരുകാലത്ത് ജന്മിത്തസമ്പ്രദായത്തിന്‍റെ അടയാളങ്ങളായിരുന്നല്ലോ ഈ വമ്പന്‍ വീടുകള്‍. എന്നാൽ ഓരോ മനയും സന്ദർശിച്ചു മടങ്ങുമ്പോഴും അവയും ചുറ്റുപാടുകളും ഒരു സമ്പൂര്‍ണ്ണ ആവാസ്ഥ വ്യവസ്ഥയുടെ ചെറുപതിപ്പുകളായിരുന്നുവെന്ന് അദ്ദേഹത്തിന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.
അതുകൊണ്ട് പൊളിച്ചു മാറ്റലിന്‍റെ വക്കോളം എത്തി നിൽക്കുന്ന പല മനകളെയും ഈ പഠനം വഴി സംരക്ഷിക്കുക എന്ന ദൗത്യം കൂടി ഇപ്പോൾ ഈ നാല്പത്തിയെട്ടുകാരന്‍റെ പരിശ്രമങ്ങളുടെ ഭാഗമായി.
പൊളിക്കാനായി വിധിക്കപ്പെട്ടിരുന്ന പത്ത് മനകളെങ്കിലും ഇങ്ങനെയൊരു പഠനം ഏറ്റെടുത്തതുവഴി സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പല കുടുംബങ്ങളേയും ഇത്തരം കെട്ടിടങ്ങളുടെ അമൂല്യമായ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു.
“മനകൾ എന്ന് പറയുമ്പോൾ ഇപ്പോൾ എന്‍റെ മനസ്സിലേയ്ക്ക് കടന്ന് വരുന്നത് ജന്മിത്തത്തിന്‍റെ മുഖമല്ല മറിച്ച്, ഭക്ഷ്യസുരക്ഷയാണ്. ഓരോ മനയുടേയും നിർമ്മിതിയും, കുളവും മനപ്പറമ്പും എല്ലാം നമ്മുടെ ഭൂപ്രകൃതിക്ക് അനുയോജ്യമാണ്. അതിനാൽ ഇത്തരം ആശയങ്ങൾ ഇന്നും പ്രസക്തവും, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്,” കൃഷ്ണകുമാർ ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.
“വളരെ പണ്ട്, ഗുരുവായൂരിൽ മാണിക്കത്ത് എന്ന് പേരുള്ള ഒരു വലിയ മനയുണ്ടായിരുന്നു. വലിയത് എന്ന് പറഞ്ഞാൽ ഇന്നത്തെ വരിക്കാശ്ശേരി മനയൊക്കെ അതിന്‍റെയുള്ളിൽ കയറ്റിവെയ്ക്കാൻ പോന്ന അത്രയും വലിയ മന. അന്നത്തെ ഉടമസ്ഥർക്ക് ഏതോ വലിയ ബ്രാഹ്മണ കുടുംബം കൈമാറിയതാണ് ഈ മന എന്നും പറയപ്പെടുന്നു.
“ഇന്ന് മിക്കവർക്കും അങ്ങനെ ഒരു ഇല്ലം അവിടെ ഉണ്ടായിരുന്നോ എന്ന് പോലും അറിയാൻ തരമില്ല. വലിയ ഭൂമികളും വീടുകളും വാങ്ങി വിൽക്കുന്നതിൽ ഏർപ്പെട്ടിരുന്ന അച്ഛൻ ഒരിക്കൽ, മാണിക്കത്ത് മന പൊളിച്ചപ്പോഴുള്ള വലിയ തൂണുകളും അതിനോട് ഘടിപ്പിച്ചിരുന്ന മരയാനകളെയും ഒക്കെ കൊണ്ടുവന്നിട്ടിരുന്നത് ഞങ്ങളുടെ വീട്ടുമുറ്റത്തായിരുന്നു. എന്തൊക്കെയോ പ്രത്യേകതകൾ ആ തൂണിനും, ആനകൾക്കുമൊക്കെ ഉണ്ടെന്ന് തോന്നിയിരുന്നു,” ചെറുപ്പത്തിലേ തന്നെ മനകളോടുള്ള കൗതുകം വന്നതെങ്ങനെയെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
“പലപ്പോഴും അത് എന്‍റെ കളിപ്പാട്ടങ്ങളുമായിരുന്നു. അന്ന് മനസ്സിൽ കയറിക്കൂടിയതാണ് മനകളോടും, അത് പണിഞ്ഞിരിക്കുന്ന വാസ്തുവിദ്യയോടും ഉള്ള ഭ്രമം. പിൽക്കാലത്തുള്ള മലയാള ഭാഷ പഠനം ആ കമ്പം കൂട്ടിയതേ ഉള്ളൂ.”
2012 -ലാണ് അദ്ദേഹം മനകളെക്കുറിച്ചുള്ള പഠനം തുടങ്ങുന്നത്. “മനകളെ മനപ്പറമ്പ്, ഉപനിർമ്മിതികൾ ( ഇതിൽ പത്തായപ്പുര, പടിപ്പുര, കൂട്ടാലകൾ (സാധനങ്ങൾ കൂട്ടിയിടുന്ന സ്ഥലം) കുളപ്പുര തുടങ്ങിയവ ) മന എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിക്കാം.
“ഇതിൽ ഏറ്റവും പ്രധാനം മനപ്പറമ്പ് തന്നെയാണ്. ഇവിടെയാണ് വിസ്തൃതമായ നെൽപ്പാടങ്ങളും, ഔഷധ സസ്യങ്ങളും, പലതരം മരങ്ങളും ഒക്കെ ഉള്ളത്. ഇത് നമുക്ക് മുന്നിൽ വയ്ക്കുന്നത് ജൈവവൈവിധ്യത്തിന്‍റെയും ഭക്ഷ്യസുരക്ഷയുടെയും ആശയങ്ങൾ തന്നെയാണ്…
“പണ്ട് ഇത്തരം മനപ്പറമ്പുകളിൽ ആവശ്യമുള്ള നെല്ലും, പച്ചക്കറികളും പഴങ്ങളും ഒക്കെ അവിടെ തന്നെ കൃഷി ചെയ്തെടുക്കുമായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഒത്തു വരുമ്പോൾ, അതിനനുസരിച്ചുള്ള ജീവജാലങ്ങളും അവിടെയുണ്ടാകും. അതുവഴി, അവിടെ സമ്പന്നമായ ജൈവവൈവിദ്ധ്യം തന്നെ ഉണ്ടായിരുന്നു.
അതുപോലെത്തന്നെയാണ് സര്‍പ്പക്കാവും. അതിലെ മരങ്ങളും വൃക്ഷങ്ങളും ഒക്കെ വെട്ടിത്തെളിക്കാത്തതു കൊണ്ട് അവിടെ തന്നെ വീഴുന്ന ഇലകൾ ഭൂമിക്കു വളമായി മാറുന്നു. “കാവുകൾക്ക് ചുറ്റുമുള്ള ജലാശയങ്ങളിൽ എല്ലാം ശുദ്ധ ജലമായിരിക്കും, അവിടെ ശ്വസിക്കാൻ സാധിക്കുന്നത് ശുദ്ധ വായുവും.”
മനപ്പറമ്പിനെ കുറിച്ച് വ്യക്മായ ധാരണ വേണമെങ്കിൽ ഒറ്റപ്പാലത്ത് ചെന്നാൽ, അവിടെ പോഴത്തിൽ മന കാണാം എന്ന് കൃഷ്ണകുമാർ പറയുന്നു. അവിടെയിപ്പോഴും ആ വലിയ പൂമുഖം ഉണ്ട്. പലതരം കാര്‍ഷിക ആവശ്യങ്ങള്‍ക്കായാണ് ഇത്രയും വിശാലമായ പൂമുഖം.
“നടുമുറ്റത്തേയ്ക്കു വെയിൽ വീണ് അവിടെ നിന്ന് ആ കെട്ടിന്‍റെ എല്ലാ ഭാഗങ്ങളിലും ചൂട് ക്രമീകരിക്കുന്ന വിധത്തിലാണ് മനകള്‍ പണിഞ്ഞിരിക്കുന്നത്. കൂടാതെ, ചൂട് അടിക്കുംതോറും വായു നാല് ഭാഗത്തേയ്ക്കുമായി കടന്നു പോകുന്നു. സൂര്യ പ്രകാശം വീഴുന്നതു വഴി ഒരു ശുചീകരണ പ്രക്രിയ അഥവാ
‘സാനിറ്റൈസിങ് ‘ നടക്കുന്നു…”
ഇന്ന് പ്രചാരത്തിലുള്ള ഇൻഡോർ പ്ലാന്‍റ്സ് എന്ന ആശയം പുതിയതൊന്നുമല്ല. അതും ഈ മനകളിൽ സുലഭമായി കാണാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
“ഇന്നുള്ള ഇൻഡോർ പ്ലാന്‍റ്സിന്‍റെ ആശയം രൂപം കൊള്ളുന്നതിന് മുൻപ് തന്നെ ഇത്തരം തറവാടുകളിൽ തുളസിത്തറയും മുല്ലത്തറയും ഒക്കെ ഉണ്ടായിരുന്നു. രാത്രിയിൽ മുല്ല പൂക്കുമ്പോൾ ആ മണം വീടിനുളളിലേയ്ക്ക് വരും.”
ഓരോ നടുമുറ്റവും ഓരോ തരത്തിലാണ്. കൂടല്ലൂർ മനയിലെ നടുമുറ്റത്ത് തുളസിക്ക് പകരം പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു ചന്ദ്രക്കാരൻ മാവുണ്ട്. “ഈ തുളസിത്തറയും മുല്ലത്തറയുമെല്ലാം വീടുകൾക്കുള്ളിലെ പച്ചപ്പിന്‍റെ ആവശ്യകത അറിയിക്കുന്നതാണ്,” അദ്ദേഹം പറയുന്നു.
ഇതുകൂടി വായിക്കാം: 20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്
ഭൂമിയുടെ കറക്കത്തിന്‍റെ സ്വഭാവം അനുസരിച്ചാണ് തെക്കിനിയും പടിഞ്ഞാറ്റിനിയും പൊക്കിയും വടക്കിനിയും കിഴക്കിനിയും താഴ്ത്തിയും പണിയുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. നടുമുറ്റത്തിന്‍റെ നാല് ദിശകളിലായാണ് കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി ഒക്കെ വരുന്നത്.
മനകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ജൈവവ്യൂഹത്തെക്കുറിച്ചു മാത്രമല്ല, ‘കേരളത്തിലെ കുളപ്പുരകൾ’ എന്ന വിഷയത്തിൽ തന്നെ ആഴമായ ഒരു ഗവേഷണത്തിന് സാധ്യതയുണ്ടെന്നും ഈ മലയാള ഭാഷ അധ്യാപകൻ പറയുന്നു.
“ഒരു ആയുർവേദ റിട്രീറ്റ് സെന്‍റര്‍ ആയി മാറി കഴിഞ്ഞ പൂമുള്ളി മനയുടെ പഴയ നിർമ്മിതി 16 കെട്ടായിരുന്നു. അവിടെയുള്ള വലിയ പത്തായപ്പുരകൾ ഇപ്പോഴും വളരെ ഭംഗിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിന്‍റെ കുളപ്പുരയുടെ പടവുകൾ ഒന്നു കാണേണ്ടതു തന്നെയാണ്,” എന്ന് കൃഷ്ണകുമാര്‍.
ഒരുപാട് പണം ചെലവാക്കി പുതിയ വീടുകള്‍ വെയ്ക്കാന്‍ പോകുന്ന സുഹൃത്തുക്കളോട് കൃഷ്ണകുമാര്‍ മനകളുടെ ശൈലിയില്‍ വീടുവെയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.
“ഇന്ന് നിർമ്മിക്കുന്ന പല വലിയ വീടുകളും നമ്മുടെ ഭൂപ്രകൃതിക്ക് ഇണങ്ങുന്നതല്ല. അത് കൊണ്ട് , അത്രയ്ക്കും ചെലവില്ലാതെ തന്നെ കേരളത്തിന്റെ തനത് ഭൂമിശാസ്ത്രവും വാസ്തുവിദ്യയും ഒരുപോലെ കൈകോർക്കുന്ന മനകളുടെ ചെറിയ രൂപങ്ങൾ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ.”
മനകളില്‍ താമസിക്കുന്നവരില്‍ പലര്‍ക്കും അവയുടെ വാസ്തുവിദ്യയുടെ പ്രത്യേകതകളെപ്പറ്റിയോ ഒന്നും അറിവുള്ളവരല്ല. അതുകൊണ്ടാണ് അവയില്‍ പലതും പൊളിച്ചുമാറ്റപ്പെടുന്നതും എന്ന് കൃഷ്ണകുമാര്‍.
” ‘ഇവിടെ ഇപ്പൊ….ന്താ ഇത്ര പഠിക്കാനുള്ളത്’ എന്ന ചോദ്യം ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്…”
അതുമാത്രമല്ല. കാലവും സമൂഹവും പുരോഗമിച്ചു. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. കുടുംബങ്ങള്‍ കൂടുതല്‍ ചെറുതായി. സ്വാഭാവികമായും ഇത്രയും വലിയ നിര്‍മ്മിതികള്‍ സംരക്ഷിക്കുക ആ കുടുംബങ്ങള്‍ക്കും എളുപ്പമല്ലാതായി.
എന്നാല്‍ പല മനകളും നല്ല രീതിയില്‍ സംരക്ഷിക്കുന്നവരുമുണ്ട്.
“പട്ടാമ്പിക്കും കൂറ്റനാടിനും ഇടയിലുള്ള കൂടല്ലൂർ മനയ്ക്ക് നൂറ്റാണ്ടുകളുടെ പഴകക്കമുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന ഇല്ലങ്ങളിൽ ഏറ്റവും വലിയ നടുമുറ്റം ഉള്ളത് കൂടല്ലൂർ മനയ്ക്ക് തന്നെയാണ്. ആ നടുമുറ്റത്ത് ഒരു വലിയ മാവ് പടർന്ന് നിൽക്കുന്നുണ്ട്. വിജ്ഞാനത്തിനും പണ്ഡിത സദസ്സുകൾക്കും കേൾവി കേട്ട ഈ മന നല്ല നിലയിൽ തന്നെയാണ് സംരക്ഷിക്കപ്പെടുന്നുത്.”
എന്നാൽ കൃഷ്ണകുമാറിനെ അതിശയിപ്പിച്ചത് അവിടെ കണ്ട ഒരു ക്രിസ്തീയ ആചാരപ്രകാരം ഉണ്ടാക്കിയ ഒരു ശവകുടീരമായിരുന്നു.
“കൂടല്ലൂർ മനയ്ക്കലെ ഡോ കെ നാരായണൻ നമ്പൂതിരിപ്പാട് പ്രസിദ്ധനായ ഒരു ന്യൂറോളജിസ്റ് ആയിരുന്നു, കൂടാതെ ഒരു ക്രിസ്തുമത വിശ്വാസിയും. അദ്ദേഹത്തിന്‍റെ ശവക്കല്ലറയാണ് അത്. അദ്ദേഹത്തിന് മന ഭ്രഷ്ട് കൽപ്പിച്ചില്ലെന്ന് മാത്രമല്ല, ക്രിസ്തീയ ആചാരപ്രകാരം തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തിരിക്കുന്നു.”
” മുൻ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ ഏലംകുളം മന പുരോഗമനാശയങ്ങൾക്ക് പ്രസിദ്ധമാണല്ലോ. ഗുരുവായൂരിൽ ഉള്ള കടലായിൽ മനയിൽ ഇരുന്ന് കൊണ്ടാണ് കെ ദാമോദരൻ ജന്മിത്വത്തിനെതിരായ ‘ പാട്ടബാക്കി’ എന്ന നാടകം എഴുതി തീർത്തത്.”
ഇനി മറ്റൊരു മനയായ കോടനാട് മനയിലുള്ളവർ എല്ലാവർക്കും സാമൂഹ്യ പരിഗണന കൊടുക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു.
“വെള്ളിനേഴിയിൽ ഉള്ള ഒളപ്പമണ്ണ മനയെ പോലുള്ള ചില മനകൾ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്നു കൂടാതെ, കണ്ണെത്താത്ത ദൂരത്തോളം ഉള്ള പറമ്പ്, അവിടെ ഇപ്പോൾ കാണാൻ കിട്ടാത്ത തരത്തിലുള്ള മാവുകളൊക്കെ ഉണ്ട്. കൂടാതെ, നാലമ്പലങ്ങളും,” അപ്പോൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ, ആ പറമ്പിന്‍റെ വ്യാപ്തി.”
മനകളെക്കുറിച്ചുള്ള പഠനങ്ങളിൽ ‘കേരളത്തിലെ തറവാടുകൾ’ എന്ന കൂട്ടായ്മയുടെ പൂർണ്ണ പിന്തുണയും ഉണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. മനകൾ ഉൾപ്പെടെ കേരളത്തിലെ പൈതൃക നിർമ്മിതികൾ സന്ദർശിക്കുകയും പഠിക്കുകയും ചെയ്യുന്ന ആർക്കിടെക്റ്റുകൾ മുതല്‍ കലാകാരന്മാർ വരെയുള്ള സൗഹൃദക്കൂട്ടായ്മയാണു ‘കേരളത്തിലെ തറവാടുകൾ.’
മനകളുടെ പഠനം വഴി ലക്ഷ്യമിടുന്നത് ഭക്ഷ്യസുരക്ഷ, പ്രകൃതിയ്ക്കനുകൂലമായ ആവാസവ്യവസ്ഥ എന്നിവയെ കുറിച്ച് ഒരു പൊതുജനങ്ങളുടെ ഇടയിൽ ഒരു ധാരണ ഉണ്ടാക്കുക മാത്രമല്ല മറിച്ച് തങ്ങളുടെ പൈതൃകം സംരക്ഷിക്കുക വഴി ഇതെല്ലാം നേടിയെടുക്കാൻ സാധിക്കും എന്ന ഒരു സന്ദേശം കൊടുക്കുക എന്നത് കൂടിയാണെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു.
വലിയ തറവാടുവീടുകള്‍ അതേരീതിയില്‍ സംരക്ഷിക്കുക എന്നത് ഏറെ ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായിരിക്കും. ചെറിയ കുടുംബക്കാര്‍ക്ക് സ്വന്തം നിലയ്ക്ക് അത് നിലനിര്‍ത്തുക വലിയ ബാധ്യതയുമായിരിക്കും. എന്നാല്‍ മനപ്പറമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്ത് ഒരു ഗ്രാമത്തില്‍ ഒന്നെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൃഷ്ണകുമാര്‍ ആശിക്കുന്നു.
“വിദേശീയർ പൈതൃകം സംരക്ഷിക്കുന്നതിൽ ഏറെ മുന്നിൽ ആണ്. ഷാർജയിൽ ഒക്കെ ചെന്നാൽ റോഡിനു കുറുകെ തന്നെ പല പൗരാണിക പള്ളികളും സംരക്ഷിച്ചിരിക്കുന്നത് കാണാം. പക്ഷെ, പൈതൃകം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ചിന്ത നമുക്ക് താരത്യമേന കുറവാണ്. അത് കൊണ്ട് എന്‍റെ പഠനം ഈ ഒരു ലക്ഷ്യം കൈ വരിക്കാൻ പാകത്തിലുള്ളതായിരിക്കണം എന്ന ആഗ്രഹവുമുണ്ട്.
“അതിനോടൊപ്പം തന്നെ, മനകളുടെ ലൊക്കേഷൻ മാപ്പും ഒരു ഡയറക്ടറിയും ഉണ്ടാക്കണം. പിന്നീട് ഈ അറിവുകളെല്ലാം കോർത്തിണക്കി ഒരു പുസ്തകവും…..”
മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസ്സർ ആയ കൃഷ്ണകുമാർ ഭാര്യ ഡോ ഷീനയോടും മകളോടുമൊപ്പം തൃശ്ശൂരിലെ ഒരുമനയൂരിൽ താമസിക്കുന്നു.
ഇതുകൂടി വായിക്കാം: ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.