ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്‍ഷകന്‍!

16 വര്‍ഷം മുന്‍പ് ഗള്‍ഫിലെ ജോലിയൊക്കെ വേണ്ടെന്നു വച്ചു കൃഷിപ്പണിയ്ക്ക് ഇറങ്ങിയ കര്‍ഷകനാണിത്. കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി.

ത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ ഗള്‍ഫുകാരന്‍ പലിശയ്ക്ക് പണമെടുത്ത് കൃഷിക്കാരനായ കഥയാണിത്.

കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി1994 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ഓട്ടോമാറ്റിക് ഡോര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ സൗദിയില്‍ നഴ്സായിരുന്ന ഭാര്യയും ജോലിയുപേക്ഷിച്ച് കൂടെപ്പോന്നു. 

ജോയി വാക്കയില്‍ കൃഷിത്തോട്ടത്തില്‍ഇനി നാട്ടില്‍ കൃഷിയൊക്കെയായി കൂടാനാണ് പരിപാടി എന്ന് നാട്ടുകാരോടൊക്കെ ജോയി പറഞ്ഞു. പറമ്പിലെ റബര്‍ മരങ്ങള്‍ അധികവും വെട്ടി കൈതച്ചക്ക കൃഷി തുടങ്ങിയ ജോയി നാട്ടുകാരെ ശരിക്കും ഞെട്ടിച്ചത് അപ്പോഴല്ല.

പക്ഷേ ഗള്‍ഫിലെ ജോലിയും കളഞ്ഞ്, റബറും വെട്ടിക്കളഞ്ഞ് കൃഷിപ്പണിക്ക് ഇറങ്ങിയ ജോയി ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും കിഴങ്ങും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണിന്ന്.

വാക്കയില്‍ നഴ്സറിയില്‍

നാട്ടിക പോളിടെക്നിക്ക് കോളെജില്‍ നിന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം കുറച്ചുകാലം ഒരു സിമന്‍റ് കമ്പനിയില്‍ ട്രെയ്നിയായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് ഗള്‍ഫിലേക്ക് പോകുന്നത്.

മൂത്തമകനുണ്ടായ ശേഷമാണ് ജോയിയും ഭാര്യയും പ്രവാസമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. നവീന്‍ ജോയി എന്നാണ് മോന്‍റെ പേര്. അവനിപ്പോ നാട്ടിക പോളിടെക്നിലെ വിദ്യാര്‍ഥിയാണ്. ഇളയമകന്‍ ജീവന്‍ ജോയി എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വീട്ടില്‍ കൃഷിയൊക്കെയുണ്ടായിരുന്നു, പക്ഷേ സൗദിയിലേക്ക് പോകും മുന്‍പ് കൃഷിപ്പണികള്‍ ചെയ്ത ശീലമില്ല ജോയിക്ക്.

കാര്‍ഷിക കുടുംബമായിരുന്നു ജോയിയുടേത്. കുമരകത്ത് നെല്‍കൃഷി ചെയ്തിരുന്നു അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയുമൊക്കെ. അതുകൊണ്ട് കൃഷി അത്ര അപരിചിതവുമല്ല.

“കൃഷി ചെയ്യണമെന്ന ആഗ്രഹത്തോടെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തി.” ജോയി വാക്കയില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി വിശേഷങ്ങള്‍ പങ്കുെവെക്കുന്നു.

“റബര്‍ ഉണ്ടായിരുന്നു വീട്ടില്‍. ഗള്‍ഫില്‍ നിന്നു വന്നതിന്‍റെ ആദ്യനാളുകളില്‍ കുറച്ചുകാലം റബര്‍ കൃഷി തന്നെ ചെയ്തു. പിന്നെയൊരു മാറ്റം വരുത്തണമെന്നു തോന്നി.

“അങ്ങനെയാണ് അതിലൊരു വലിയ ഭാഗം റബര്‍ വെട്ടിക്കളഞ്ഞത്. എന്നിട്ട് കൈതച്ചക്ക നട്ടുപിടിപ്പിച്ചു. പൈന്‍ആപ്പിള്‍ കൃഷിയ്ക്ക് പിന്നാലെ കുറച്ചധികം വാഴയും നട്ടുപിടിപ്പിച്ചു.


റബറിന് നല്ല വിലയുള്ള കാലമായിരുന്നു. അതുകൊണ്ടു തന്നെ റിസ്ക്കുമായിരുന്നു. പക്ഷേ കൃഷി ചെയ്യണമെന്നു തോന്നി.


“ഇലക്ട്രിക്കല്‍ ആണു പഠിച്ചതെന്നു പറഞ്ഞല്ലോ. എനിക്കാണേല്‍ കൃഷിക്കാര്യങ്ങളെക്കുറിച്ച് വല്യ അറിവൊന്നും ഇല്ല. എങ്കിലും കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുണ്ടാക്കിയ പണമൊക്കെ കൃഷിക്കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു,” അന്നെടുത്ത റിസ്കോര്‍ക്കുമ്പോള്‍ ജോയിക്ക് ഇന്ന് ഒട്ടും വിഷമമില്ല.

നാട്ടിലെത്തിയ ശേഷം കൂരോപ്പടയില്‍ വീടും സ്ഥലവും വാങ്ങിച്ചു, ഒപ്പം പലയിടങ്ങളിലായി കുറേ സ്ഥലവും. ഉള്ള സമ്പാദ്യമൊക്കെ ഭൂമി വാങ്ങാനായി ചെലവാക്കി.

“അല്ലാതെ വേറൊന്നിനും ഉപയോഗിച്ചില്ല. രണ്ടും മൂന്നും നിലയുള്ള വലിയ വീട് പണിയണമെന്നും തോന്നിയില്ല. കൂരോപ്പടയില്‍ വീടും സ്ഥലവും കൂടി വാങ്ങിയതു തന്നെ കൃഷി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാലാണ്,” ജോയി പറയുന്നു.

സ്ഥലം വാങ്ങിയതോടെ കയ്യിലെ കാശൊക്കെ തീര്‍ന്നു. പിന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോണ്‍ എടുത്താണ് കൃഷി തുടങ്ങുന്നത്.

“നാലു ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ ലോണ്‍ കിട്ടി.  പിന്നെ കൈയിലുള്ള ചില്ലറയൊക്കെ കൂട്ടിച്ചേര്‍ത്ത് അഞ്ചു ലക്ഷം രൂപയാക്കി.”  ആ അഞ്ചു ലക്ഷം രൂപയാണ് കൃഷിയില്‍ ജോയിയുടെ ആദ്യത്തെ മുതല്‍മുടക്ക്.

ജോയി കൃഷിയിടത്തില്‍

പൈനാപ്പിളില്‍ തുടങ്ങിയ കൃഷി പതിയെ വ്യാപിപ്പിച്ചു. ഇപ്പോള്‍ പൈനാപ്പിള്‍ ഇല്ല. വാഴയും പച്ചക്കറിയും പശുവും ആടും മീനുമൊക്കെയുണ്ട്. ക്ഷീര വകുപ്പില്‍ നിന്നു ലോണെടുത്താണ് പശുക്കളെ വാങ്ങിയത്.

“പക്ഷേ സാമ്പത്തികമായി മോശമല്ല. നല്ല ലാഭവും കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. നഷ്ടമാണെങ്കില്‍ പണ്ടേ ഈ പണി വിട്ടു പോകുമല്ലോ. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു,” ജോയി ആത്മവിശ്വാസത്തോടെ പറയുന്നു.

പച്ചക്കറിത്തോട്ടവും ജോയിയുടെ വീടും തമ്മില്‍ ഒരു കിലോമീറ്റര്‍ അകലമേയുള്ളൂ. ഇതൊരു ഫാമാക്കി മാറ്റിയിരിക്കുകാണ്. ഇവിടെയാണ് പശുവിനെയും ആടിനെയുമൊക്കെ വളര്‍ത്തുന്നത്.

വെണ്ടയും പാവലും പച്ചമുളകുമൊക്കെയായി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികളും കിഴങ്ങുകളുമൊക്കെ അഞ്ചേക്കറിലുണ്ട്.

രണ്ടേക്കര്‍ നെല്ലാണ്. നാലേക്കറില്‍ തെങ്ങും. ആടും പശുവും മീനുമൊക്കെയായി ഫാമും…അങ്ങനെ മൊത്തം 14 ഏക്കറിലാണ് ജോയിയുടെ കൃഷി.

“പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കിഴങ്ങു വര്‍ഗങ്ങള്‍ നട്ടിരിക്കുന്നത്. പച്ചക്കറി എപ്പോഴും നമ്മുടെ കണ്‍നോട്ടം കിട്ടുന്ന സ്ഥലത്തായിരിക്കണം കൃഷി ചെയ്യേണ്ടത്. നട്ടുകഴിഞ്ഞാല്‍ ഇടയ്ക്ക് പോയി നോക്കണം.

“കിഴങ്ങുകളാണെങ്കില്‍ എന്നും പരിചരണം വേണ്ടല്ലോ, ഇടയ്ക്ക് പോയി നോക്കി മണ്ണിളക്കി കൊടുത്താല്‍ മതി. പാട്ടത്തിനെടുത്ത ഭൂമി അഞ്ചാറു കിലോമീറ്റര്‍ അകലെയാണ്.”

ഭൂമിയും കൃഷി  ചെയ്യാന്‍ താല്‍പര്യവുമുള്ളവര്‍ക്ക്  കൃഷി ചെയ്തു കൊടുക്കാറുമുണ്ട് അദ്ദേഹം. അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ ഹരിയാനയുടെ മുന്‍ ചീഫ് സെക്രട്ടറിയുടെ കുറച്ചു സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട് എന്ന് ജോയി പറഞ്ഞു.


ഇതുകൂടി വായിക്കാം:ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍


“ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനാണവര്‍ ഭൂമി വാങ്ങിയിരിക്കുന്നത്. ആ മണ്ണില്‍ അവര്‍ക്ക് വേണ്ടി ഫലവൃക്ഷങ്ങളൊക്കെ നട്ടു പരിചരിക്കുന്നതിനോടൊപ്പം ഇടവിളയായി നമുക്കും കൃഷി ചെയ്യാല്ലോ. ചേനയോ കാച്ചിലോ ഇഞ്ചിയോ മഞ്ഞളോ എന്തെങ്കിലും നട്ടാല്‍ മതിയല്ലോ,” എന്ന് ജോയി.

ജോയിയുടെ പശു ഫാം

പച്ചക്കറികളുടെ വില്‍പ്പനയ്ക്ക് ഇതുവരെ വലിയ പ്രശ്നമൊന്നും ഈ കര്‍ഷകന് നേരിടേണ്ടി വന്നിട്ടില്ല. കൂടുതലും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്.

“പാറയില്‍ എക്സ്പോര്‍ട്സ് എന്നൊരു കമ്പനിയുണ്ട്. കഴിഞ്ഞ ആറു കൊല്ലമായി അവര്‍ക്ക് നമ്മള് പച്ചക്കറി കൊടുക്കുന്നുണ്ട്.” പച്ചക്കറിയും കിഴങ്ങു വര്‍ഗങ്ങളുമാണ് കയറ്റുമതി ചെയ്യുന്നതെന്നു അദ്ദേഹം.

“പാമ്പാടിയിലെയും കൂരോപ്പടയിലെയും കൃഷിചന്തകളിലേക്കും പച്ചക്കറിയും കിഴങ്ങകളുമൊക്കെ കൊടുക്കാറുണ്ട്. പൂര്‍ണമായും ജൈവ കൃഷിയാണിത്. ജൈവ പച്ചക്കറിയായതു കൊണ്ടാണ് യൂറോപ്പിലേക്ക് അയക്കാനും സാധിക്കുന്നത്.

“ടെലിവിഷനില്‍ എന്‍റെ കൃഷിയെക്കുറിച്ചൊരു വാര്‍ത്ത വന്നിരുന്നു.
ആ പരിപാടി കണ്ടിട്ട് പാറയില്‍ എക്സ്പോര്‍ട്ട്സ് അന്വേഷിച്ചെത്തിയതാണ്. അവര്‍ വന്ന് കൃഷിയെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. കൃഷിത്തോട്ടത്തിലെ വിളകളൊക്കെ കൊണ്ടുപോയി പരിശോധിക്കുകയും ചെയ്തു. അങ്ങനെ എനിക്ക് പച്ചക്കറി വിദേശത്തേക്ക് നല്‍കാനുള്ള അനുമതി ലഭിച്ചു.”

ആട് ഫാമില്‍ ജോയി

കഴിഞ്ഞ ആറു വര്‍ഷമായി മുടക്കമില്ലാതെ യൂറോപ്പിലേക്ക് ജോയി വിളയിക്കുന്ന പച്ചക്കറികളും കിഴങ്ങുകളും പോകുന്നു. കര്‍ശനമായ പരിശോധനകളൊക്കെയുണ്ട്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. അതിലൊരു കോംപ്രമൈസിന് ജോയി തയ്യാറല്ല.

“കപ്പ, ചേന, കാച്ചില്‍, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങുകളാണ് കൃഷി ചെയ്യുന്നത്. പച്ചക്കറികളില്‍ കൂടുതല്‍ വെണ്ട കൃഷിയാണ്. എക്സ്പോര്‍ട്ടിങ് കമ്പനിക്കാര്‍ ആവശ്യപ്പെടുന്ന പോലെയാണ് വെണ്ട കൂടുതലും കൊടുക്കേണ്ടി വരുന്നത്. അഞ്ച് ടണ്‍ വെണ്ടയ്ക്ക വരെ അവര്‍ക്ക് മാത്രമായി കൃഷി ചെയ്തു കൊടുത്തിട്ടുണ്ട്.

“എക്സ്പോര്‍ട്ടിങ്ങുകാര്‍ക്ക് മാത്രമല്ല ഇതിനൊപ്പം നമ്മുടെ കൃഷി ഭവനിലേക്കും പച്ചക്കറികള്‍ നല്‍കാറുണ്ട്. ഒരു ഹെക്റ്ററിന്‍റെ 80 ശതമാനവും വെണ്ട കൃഷിയാണ്. ഇതിനൊപ്പം വെള്ളരി കൃഷിയുണ്ട്. വെണ്ടയ്ക്ക് ഇടയിലൂടെയാണിത് കൃഷി ചെയ്യുന്നത്. ഒട്ടും സ്ഥലം കളയാതെ കൃഷി ചെയ്യണമെന്നുള്ളതു കൊണ്ടാണിത്,” ജോയി വിശദമാക്കുന്നു.

പശു ഫാമില്‍ നിന്നും ദിവസവും 90 ലിറ്റര്‍ പാല്‍ കിട്ടാറുണ്ട്. തീറ്റപ്പുല്ല് കൃഷിയും ഇവിടുണ്ട്. 25-ലധികം ആടുകളെ വളര്‍ത്തുന്നുണ്ട്. കുഞ്ഞാടുകളെ വില്‍ക്കുകയും ചെയ്യും. അങ്ങനെ ഫാമില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്.

വളത്തിന് ചാണകവും ആട്ടിന്‍ക്കാട്ടവുമൊക്കെ ആവശ്യം വന്നതോടെയാണ് ആടിനെയും പശുവിനെയുമൊക്കെ വളര്‍ത്താന്‍ തുടങ്ങുന്നതെന്ന് ജോയി.

ഒരു ഹെക്റ്ററിന്‍റെ 80 ശതമാനവും വെണ്ട കൃഷിയാണ്

കൂരോപ്പടയിലെ വെറ്റിനറി സര്‍ജന്‍ ഡോ.കുര്യാക്കോസ് മാത്യൂവായിരുന്നു പശുക്കളെയും ആടിനെയും വളര്‍ത്താന്‍ നിര്‍ദേശിച്ചതെന്നു ജോയി പറയുന്നു. “ഇവിടെ അടുത്ത് തന്നെയാണ് ‍ഡോക്റ്ററുടെയും വീട്. എന്താവശ്യത്തിനും എപ്പോ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാം.

“പശുക്കളുടെ ചാണകം പൂര്‍ണമായും കൃഷിക്കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം ചാണകം പൊടിയാക്കി വില്‍ക്കുന്നുണ്ട്. മണ്ണിര കംപോസ്റ്റും ചെയ്യുന്നുണ്ട്,” ജോയി പറഞ്ഞു.

കൃഷി ഭവനില്‍ നിന്നും കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞാല്‍ മതി, അവരോടിയെത്തും. പിന്നെ ആ പ്രശ്നത്തിന് പരിഹാരം കണ്ടതിനു ശേഷമേ വേറെ പണിയുള്ളൂ. അത്രയേറെ സൗഹൃദത്തോടെയാണ് അവര്‍ പെരുമാറുന്നത്.

“ആ പിന്തുണ എനിക്കൊരു ധൈര്യമാണ്. കൃഷി ചെയ്യാനുള്ള ധൈര്യം അവരുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും കിട്ടുന്നുണ്ട്,” ജോയി നന്ദിയോടെ കൂട്ടിച്ചേര്‍ത്തു.

വീടിനോട് ചേര്‍ന്നു സര്‍ക്കാര്‍ അംഗീകരിച്ച നഴ്സറിയും (വാക്കയില്‍ ഫാംസ്) അദ്ദേഹം നടത്തുന്നുണ്ട്. പച്ചക്കറി തൈകളും കിഴങ്ങു വിത്തുകളുമൊക്കെ ഇവിടെ കിട്ടും.

“കൃഷി ആരംഭിച്ച നാളുകളില്‍ തന്നെ നഴ്സറിയും തുറന്നിരുന്നു.” അതിനൊരു കാരണമുണ്ടെന്നു ജോയി പറയുന്നു. “അന്നൊക്കെ എനിക്ക് ആവശ്യമായ പച്ചക്കറിത്തൈകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോ തോന്നിയതാണ് സ്വന്തമായൊരു നഴ്സറി ആരംഭിച്ചാലോയെന്ന്. അങ്ങനെ അന്നത്തെ കൃഷി ഓഫീസര്‍ അമ്പിളിയെ കാണാന്‍ പോയി, അവരെനിക്ക് പൂര്‍ണ പിന്തുണ നല്‍കി.

“മാത്രമല്ല, അതിനൊപ്പം നഴ്സറിയൊക്കെ ഉണ്ടാക്കുന്നതിന് വേണ്ട ശാസ്ത്രീയ അറിവുകള്‍ കിട്ടാന്‍ മണ്ണുത്തിയില്‍ പോയി പഠിക്കാനുള്ള അവസരവും ഒരുക്കിത്തന്നു.

“കോര സാറും ഇപ്പോഴത്തെ കൃഷി ഓഫീസര്‍ സൂര്യ മാഡവും കുറേ സഹായിച്ചിട്ടുണ്ട്. ഇവരൊക്കെ പൂര്‍ണ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
അമ്പിളി മാഡവും കോര സാറും സ്ഥലം മാറിപ്പോയെങ്കിലും ഇപ്പോഴും ഫോണ്‍ ചെയ്യാറുണ്ട്, കൃഷിക്കാര്യങ്ങളൊക്കെ സംസാരിക്കാറുമുണ്ട്.

“ശാസ്ത്രീയമായി പഠിക്കാന്‍ കുറേയേറെ ശ്രമിച്ചിട്ടുണ്ട്. നാട് ഓടുമ്പോ നടുവേ ഓടിയില്ലെങ്കിലും അരികിലൂടെയെങ്കിലും ഓടണമല്ലോ. നാട്ടിലെ പഴയ അറിവുകള്‍ മാത്രമല്ല, അവയ്ക്കൊപ്പം പുതിയ സാങ്കേതി വിവരങ്ങളുമൊക്കെ പ്രയോജനപ്പെടുത്തിയാണ് എന്‍റെ കൃഷി. ശാസ്ത്രീയമായി ചെയ്യുന്നതാണല്ലോ ബെറ്റര്‍,” ജോയി ചിരിച്ചുകൊണ്ട് പറഞ്ഞു.

കോഴിയും താറാവും ഇവിടെ വളര്‍ത്തുന്നുണ്ട്. മത്സ്യകൃഷി, രണ്ട് പടുതാകുളത്തിലാണ്. നിറയെ മീനുകളുണ്ട്. കട്‍ല, റോഹു ഇതൊക്കെയാണ് വളര്‍ത്തുന്നത്. പടുതാകുളത്തിന്‍റെ എണ്ണം കൂട്ടാനും ജോയി തീരുമാനിച്ചിട്ടുണ്ട്.

മഴമറ കൃഷിയും കൂള്‍ ചേംമ്പറുമൊക്കെ നിര്‍മ്മിച്ചു കൊടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

സീറോ എനര്‍ജി കൂള്‍ ചേംമ്പറാണ് ജോയി നിര്‍മ്മിച്ചു കൊടുക്കുന്നത്. ഇതിന് വൈദ്യുതി ആവശ്യമില്ല, ഒരാഴ്ചയ്ക്കേത്തുള്ള പച്ചക്കറിയൊക്കെ കേടാകാതെ സൂക്ഷിക്കാനാകും.


വിളവെടുക്കുമ്പോ അവധിയൊക്കെ വന്നാല്‍ വിറ്റു തീര്‍ക്കാനാകില്ലല്ലോ. അപ്പോ ഈ കൂള്‍ ചേമ്പര്‍ ഉപകാരപ്പെടുത്തുന്നുണ്ട്.


കൃഷി വകുപ്പില്‍ നിന്നു വിരമിച്ച കോര തോമസിന്‍റെ നേതൃത്വത്തില്‍ ഫാം സ്കൂള്‍ നടത്തുന്നുണ്ട്. ഇതൊരു ഓണ്‍ലൈന്‍ ഫാം സ്കൂളാണ്. ഹരിതലോകം ഫാം സ്കൂള്‍ എന്ന പേരിലാണ് ക്ലാസെടുക്കുന്നത്.

ഒരുപാട് അവാര്‍ഡുകളും ജോയിക്ക് ലഭിച്ചിട്ടുണ്ട്.  കൃഷി വകുപ്പിന്‍റെ പുരസ്കാരങ്ങള്‍ക്ക് ഒപ്പം മുന്‍ മന്ത്രിയും കര്‍ഷകനുമായ പി. ജെ ജോസഫ് ഏര്‍പ്പെടുത്തിയ രണ്ടു ലക്ഷം രൂപയുടെ കര്‍ഷകതിലക്  അവാര്‍ഡും കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം