ടെറസില്‍ ബബിള്‍ഗം മരവും കര്‍പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി ഐ എസ് ആര്‍ ഓ എന്‍ജിനീയര്‍

“എന്‍റെ ചെറിയ മരത്തോപ്പില്‍ വിശേഷപ്പെട്ട മറ്റ് ചില മരങ്ങള്‍ കൂടിയുണ്ട് . പലതിന്‍റേയും പേരോ നാടോ എനിക്കറിയില്ല. പലതും ഭൂഖണ്ഡങ്ങള്‍ കടന്നെത്തിയവയാണ്.”

തികച്ചും സാധാരണമെന്ന് തോന്നിപ്പിക്കുന്ന യാത്ര അവിസ്മരണീയമാക്കിത്തീര്‍ക്കുന്നതില്‍ ചിലപ്പോള്‍ പ്രകൃതിയുടെ ഇടപെടലുകളുമുണ്ടാകും. ഈ യാത്രയും അതുപോലൊന്നാണ്.

എന്‍ജിനിയറായ ഷാജുവിന്‍റെ സ്വപ്നങ്ങളില്‍ മുപ്പത് വര്‍ഷം മുന്‍പ് വിരിഞ്ഞ സസ്യോദ്യാനമാണ് തിരുവനന്തപുരം നഗരത്തിനടുത്ത് മരുതൂര്‍കടവില്‍ വെറും നാലു സെന്‍റ്  സ്ഥലത്ത് കനത്തുനില്‍ക്കുന്നത്.  വീടിന്‍റെ 1,000 സ്ക്വയര്‍ഫീറ്റ് മാത്രം വരുന്ന മട്ടുപ്പാവിലാണ് നാനൂറോളം ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍ നട്ടുനനച്ച്  അദ്ദേഹം ഒരു ‘ഓക്‌സിജന്‍ ഹബ്ബ്’ സൃഷ്ടിച്ചിരിക്കുന്നത്.

ജീവിതം എന്‍ജിനിയറിംഗില്‍ ഒതുങ്ങേണ്ടിയിരുന്നയാള്‍ മരക്കാട് സൃഷ്ടിച്ച് അദ്ഭുതം കാട്ടിയതില്‍ പ്രകൃതിയുടെ അദൃശ്യമായ ഒരിടപെടലുണ്ടാവുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

“ഒരു പത്താം ക്ലാസുകാരന്‍റെ ഹൃദയത്തിലാണ് ഈ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത്. കാരണം പതിനഞ്ചാമത്തെ വയസില്‍ എന്‍റെ ഹൃദയത്തില്‍ ചേക്കേറിയ മരങ്ങളെ ഇരുപത്തിയെട്ടാമത്തെ വയസു മുതല്‍ ഞാന്‍ വളര്‍ത്തിത്തുടങ്ങി. അതിനു പിന്നില്‍ ഒരു പ്രകൃതി സ്നേഹിയുടെ അല്ലെങ്കില്‍ മരസ്നേഹിയുടെ നീണ്ട യാത്രകളുണ്ട്,” ഷാജു മട്ടുപ്പാവില്‍ വളര്‍ത്തിയെടുത്ത കാടിനെപ്പറ്റി പറഞ്ഞുതുടങ്ങി.

ടെറസിലെ കാട്ടില്‍ ഷാജു

പതിനഞ്ചാമത്തെ വയസില്‍ ഒരു സുഹൃത്തുമൊത്തു നടത്തിയ വനയാത്രകളാണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ആദ്യമായി ഒരു കാട് വളര്‍ത്തിയെടുത്തത്. അന്ന് ചങ്ങാതി പകര്‍ന്നു കൊടുത്ത പാഠങ്ങള്‍ ഒരു പാഠപുസ്തകത്തിലും ലഭിക്കാത്തതായിരുന്നു.

ഓരോ യാത്ര കഴിഞ്ഞും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൈനിറയെ വിത്തുകളുണ്ടാവും.  രങ്ങള്‍ നടാനും വിത്തുപാകാനും ഷാജു മുത്തശ്ശിയെ ഏല്‍പിക്കും. മുത്തശ്ശിയ്ക്ക് ഇതിനോടൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ഷാജുവിനു വേണ്ടി അവ കിളിര്‍പ്പിച്ചെടുക്കും. ഷാജു ആ മരങ്ങളും ചെടികളും മറ്റെവിടെയെങ്കിലും നട്ടുപിടിപ്പിക്കും.


അന്നേ ആമസോണ്‍ വനാന്തരങ്ങളും ഹിമാലയവുമൊക്കെ ഷാജുവിന്‍റെ ഹൃദയത്തില്‍ കടന്നുകൂടി.


“എന്നാല്‍ ആ മരസ്നേഹവുമായി മുന്നോട്ട് പോകാന്‍ എനിക്ക് അന്ന് കഴിയുമായിരുന്നില്ല; വീട്ടിലെ പ്രാരാബ്ധങ്ങള്‍ തന്നെയായിരുന്നു പ്രശ്നം. അതുകൊണ്ട് പാളിടെക്നിക്കില്‍ നിന്നും പഠിച്ചിറങ്ങി പതിനെട്ടാമത്തെ വയസില്‍ ഞാന്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കാന്‍ തുടങ്ങി. പക്ഷെ, ഓരോ യാത്രയും മരങ്ങളേയും ചെടികളേയും തേടിയായിരുന്നു,” ഷാജു തുടരുന്നു.

അപൂര്‍വ്വമായ നിരവധി മരങ്ങളാണ് ഈ കാട്ടില്‍ ഉള്ളത്.

‘വീടു പുലര്‍ത്താന്‍ പോകുന്നോ അതോ എന്‍റെ സ്വപ്നങ്ങളുടെ പിറകെ യാത്ര ചെയ്യണോ?’ അതായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സിലെ അന്നത്തെ ചോദ്യം.

മൂന്നു വര്‍ഷം പല മേഖലകളിലായി ജോലിയെടുത്തു. ഇരുപത്തിയൊന്നാമത്തെ വയസില്‍ ബാംഗ്ലൂരിലെ നാഷണല്‍ എയറോനോട്കിസില്‍ ജോലി കിട്ടി.  ജീവിത പ്രതിസന്ധികളില്‍ നിന്നും പതിയെപ്പതിയെ കരകയറാന്‍ തുടങ്ങി. പക്ഷെ, ഈ കാലത്തൊന്നും അദ്ദേഹം വനയാത്രകളെ മറന്നില്ല.

ഓരോ യാത്രയിലും ശേഖരിച്ച വിത്തുകളും ചെടികളും പലയിടങ്ങളിലായി വെച്ചുപിടിപ്പിച്ചു. അതില്‍ പലതും വളര്‍ന്നു. ചിലത് പട്ടുപോയി.

അങ്ങനെയിരിക്കെ അദ്ദേഹത്തിന് ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടി.

“അങ്ങനെ ഞാന്‍ നാട്ടിലേക്ക് തിരികെ വന്നു, കൂടെ ഞാന്‍ പാതിവഴിയിലാക്കിയ എന്‍റെ വനസ്വപ്നങ്ങളും. പതിയെപ്പതിയെ ജീവിതം തളിര്‍ത്തു തുടങ്ങി. ഇരുപത്തിയെട്ടാമത്തെ വയസില്‍ ഞാന്‍ മരുതൂര്‍ കടവില്‍ വീടു വെച്ചു. ഒരു നഗരവാസിയുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് സ്ഥലപരിമിതി കാണുമല്ലോ. നാല് സെന്‍റില്‍ വീട് യാഥാര്‍ത്ഥ്യമായി. പിന്നെ കാടൊരുക്കുന്ന തിരക്കിലായിരുന്നു. പരിമിതികള്‍ മാത്രമായിരുന്നു മുന്നില്‍,” ഷാജു ഓര്‍ക്കുന്നു.

മട്ടുപ്പാവില്‍ ആദ്യം നട്ടത് കരനെല്ലാണ്.  അതിനു മറ്റൊരു കാരണം കൂടിയുണ്ടെന്ന് ഷാജു പറയുന്നു. അദ്ദേഹത്തിന്‍റെ മകള്‍ മൂന്നു വയസ്സുള്ളപ്പോള്‍ ചോദിച്ചു: “അച്ഛാ നെല്ലുകായ്ക്കുന്ന മരമൊന്നു കാണിച്ചു തരാമോ?”

മരങ്ങളെയും ചെടികളെയും ഇത്രയധികം സ്നേഹിക്കുന്ന ഒരച്ഛന്‍റെയും പാടങ്ങളും കൃഷിയും യഥേഷ്ടമുള്ള ഒരമ്മയുടെയും മകളാണ് ചോദിക്കുന്നത്! ഷാജുവിന് ശരിക്കും വിഷമം തോന്നി.

അങ്ങനെ മകള്‍ക്കുവേണ്ടി ഒരു പാത്രത്തില്‍ നെല്ലു നട്ടുകൊണ്ടായിരുന്നു തുടക്കം. വൈകാതെ മരങ്ങള്‍ കൂടി നട്ടുതുടങ്ങി. പിന്നെ പഴയ സ്വപ്നത്തിലേക്കുള്ള സഞ്ചാരമായി. വിത്തുകള്‍ തേടിയുള്ള യാത്രകള്‍ പശ്ചിമഘട്ടത്തിലേക്കും ഹിമാലയത്തിലേക്കും നീണ്ടു.

“ആദ്യകാലങ്ങളിലൊക്കെ കാണുന്ന സ്ഥലത്തൊക്കെ മരത്തൈകള്‍ നട്ടെങ്കില്‍ പിന്നീടത് പ്രധാനമായും വീടിന്‍റെ ടെറസിലേക്ക് കൊണ്ടുവന്നു. പക്ഷെ അപ്പോഴാണ് കൂടുതല്‍ പ്രശ്നങ്ങളായത്… പലതും വലിയ മരങ്ങളാകുന്നവയാണ്. ടെറസില്‍ അവ എങ്ങനെ നടും? അങ്ങനെ അവയെ കുറ്റിമരങ്ങളായി വളര്‍ത്തിയെടുക്കുന്നതിന് ശാസ്ത്രീയമായ രീതികള്‍ സ്വീകരിച്ചു.

“ബോണ്‍സായി എന്ന് അവയെ വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം മരങ്ങളുടെ വേരുകള്‍ മുറിച്ച് അവയുടെ വളര്‍ച്ച മുരടിപ്പിക്കുന്ന ജാപ്പനീസ് ശൈലിയാണ് ബോണ്‍സായി. പക്ഷെ, ഞാനൊരു മരത്തിന്‍റെ പോലും വേരുകള്‍ മുറിക്കാറില്ല. ഞാന്‍ നടുന്ന ചെടിച്ചട്ടികളുടെ പരിധിക്കുള്ളില്‍ നിന്ന് അവ സ്വയം സജ്ജമാകുകയാണ് ചെയ്യുന്നത്. അവയ്ക്കു ആവശ്യമായ വെള്ളവും വളവും നല്‍കും. ബോണ്‍സായി മരങ്ങള്‍ എന്നു പറയുന്നതിലും കുറച്ചുകൂടി ഉയരത്തില്‍ ഞാന്‍ മരങ്ങളെ വളര്‍ത്താന്‍ തുടങ്ങി.

ടെറസിലെ വനച്ഛായയില്‍

“അതിനായി ആദ്യം ലാറി ബെക്കര്‍ ശൈലിയില്‍ ടെറസ് രൂപപ്പെടുത്തി. ചെലവു കുറഞ്ഞ ചട്ടികളുണ്ടാക്കി. പോളിടെക്നിക്കിലെ പഠനം ഇതില്‍ എന്നെ ഏറെ സഹായിച്ചു. വീട്ടില്‍ ഉപയോഗശൂന്യമായ പാത്രങ്ങളും പെട്ടികളും ചെടിച്ചട്ടികളായി മാറി,”ഷാജു തുടരുന്നു.

നാനൂറു തരം സസ്യവര്‍ഗ്ഗങ്ങള്‍ ഷാജുവിന്‍റെ മട്ടുപ്പാവിലെ താരങ്ങളാണ്. മാവുകള്‍, പ്ലാവുകള്‍, മരോട്ടി, പേരാല്‍, അരയാല്‍, കരിമരം, ബോധിവൃക്ഷം, കായം, രാമച്ചം, മഹാകൂവളം (മഹാവില്വം) കമണ്ഡലു വൃക്ഷം, വള്ളിത്തിപ്പലി, കച്ചോലം, പഴുതാരവല്ലി, എലിച്ചുഴി, എല്ലൂറ്റി, പൂച്ചപ്പഴം, നീലക്കടമ്പ്, ബബിള്‍ഗം മരം, പ്ളാശ്, വേങ്ങ, ഊദ്, നീലക്കൊടുവേലി, മൃതസഞ്ജീവനി, കര്‍പ്പൂരം, കരിഞ്ചീരകം, വെള്ളത്തിലുള്ള തൊട്ടാവാടി, കായാമ്പൂ, തുളസി(24 തരം), കേശപുഷ്ടി, പനച്ചി, സോമലത, താഴംപൂ, സീതാര്‍മുടി, വെള്ളാല്‍, കൃഷണ ലീഫ് ട്രീ, നീര്‍മാതളം, ജലസ്തംഭിനി, പശിയടക്കി, അങ്ങനെ അപൂര്‍വ്വമായ മരങ്ങളും ചെടികളും വള്ളിച്ചെടികളും കൊണ്ട് സമ്പുഷ്ടമാണ് ഷാജുവിന്‍റെ മനോഹരമായ മട്ടുപ്പാവ്.

ദശമൂലാരിഷ്ടത്തിലെ കൂട്ടും ത്രിഫലക്കൂട്ടുകളുമൊക്കെ ഷാജുവിന്‍റെ വീടിന് മുകളിലുണ്ട്, ഒപ്പം പലതരം ഒറ്റമൂലികളും. എലികളെ ഓടിക്കുന്ന ബ്ലാക്ക് എബണി, കൊതുകുകളെ അകറ്റുന്ന കൊതുകു വിരട്ടി,പൊള്ളലിന് തീവിഴുങ്ങി… ആ ലിസ്റ്റ് നീളുന്നു. ചെറിയൊരു ‘തെങ്ങിന്‍തോപ്പും’ ഷാജു വളര്‍ത്തിയിരിക്കുന്നു. അഞ്ചിനം മാവിന്‍ തൈകള്‍ സംയോജിപ്പിച്ച സങ്കരയിനം മാവും അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നു.

നാടുനീളെ നടന്ന് ഷാജു കണ്ടെത്തിയ വിത്തുകളൊന്നും വളരാതിരുന്നില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും വിത്തുകളും തൈകളുമായി എത്തി. ചില വിത്തുകള്‍ ഷാജു സുഹൃത്തുക്കള്‍ക്കും കൈമാറി. പറഞ്ഞുകേട്ട മരങ്ങളെത്തേടി ഒരുപാട് യാത്ര ചെയ്തു.

“എന്‍റെ ചെറിയ മരത്തോപ്പില്‍ വിശേഷപ്പെട്ട മറ്റ് ചില മരങ്ങള്‍ കൂടിയുണ്ട് . പലതിന്‍റേയും പേരോ നാടോ എനിക്കറിയില്ല. പലതും ഭൂഖണ്ഡങ്ങള്‍ കടന്നെത്തിയവയാണ്.”

വിത്തുകള്‍ വളര്‍ന്ന് മരങ്ങളായതിനൊപ്പം സുഹൃത്തുക്കളുടെ എണ്ണത്തിലും വളര്‍ച്ചയുണ്ടായി. ടെറസില്‍ പച്ചപുതച്ചുനില്‍ക്കുന്ന കാടു കാണാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തി. അപൂര്‍വ്വ ഔഷധങ്ങള്‍ തേടി വൈദ്യന്‍മാരും മരുതൂര്‍ കടവിലെത്തി.

“ഇതൊക്കെയല്ലേ വലിയ സന്തോഷങ്ങള്‍. എന്നെത്തേടിയെത്തുന്ന ആരേയും ഞാന്‍ നിരാശരാക്കി മടക്കാറില്ല. ആവുംവിധം അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങളും അറിവുകളും പകര്‍ന്നു കൊടുക്കും. എനിക്ക് ഇതുപോലൊരു കാടൊരുക്കാമെങ്കില്‍ ആര്‍ക്കും കഴിയും. പക്ഷെ, അതിന് സ്വപ്നങ്ങള്‍ കാണണം. സ്വപ്നത്തിനു പിറകെ യാത്ര ചെയ്യണം. പിന്നെ എനിക്ക് സ്വപ്നങ്ങളുടെ പിന്നാലെ പായാനുള്ള പണവും ഊര്‍ജ്ജവും തന്നത് എന്‍റെ തൊഴിലാണ്,” ഷാജു പറയുന്നു.


ഞാനൊരു ലക്ഷപ്രഭുവല്ല. പക്ഷെ മരപ്രഭുവാണ്. ലക്ഷപ്രഭുക്കന്‍മാര്‍ക്ക് മരപ്രഭുവാകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


അതിനിടയിലാണ് ഷാജുവിനെത്തേടി തിരുവനന്തപുരം ഓള്‍ സെയ്ന്‍റ്സ് കോളേജിലെ അധ്യാപികയായ കൊച്ചുത്രേസ്യ ടീച്ചര്‍ എത്തുന്നത്. മരങ്ങളോടുള്ള ഇഷ്ടമാണ് ടീച്ചറെ അവിടേക്കെത്തിച്ചത്.

(വാഗമണ്ണില്‍ ഒരു വനം തീര്‍ത്ത കൊച്ചുത്രേസ്യടീച്ചറെക്കുറിച്ച് ഇവിടെ വായിക്കാം: വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും വളര്‍ത്തിയ ജോണും കൊച്ചുത്രേസ്യയും : അവരുടെ ഹരിതസ്വര്‍ഗത്തില്‍)

മരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ ടീച്ചര്‍ ഒരിക്കല്‍ ഷാജുവിനോടു ചോദിച്ചു. “ഇത്രയധികം വെറൈറ്റി മരങ്ങള്‍ താങ്കളുടെ ടെറസില്‍ വളരുകയാണ്. ഇവയെ ഒന്നു ഡോക്യുമെന്‍റ് ചെയ്യാന്‍ കഴിയില്ലേയെന്ന്.’

അതിന് ഇവയെക്കുറിച്ച് അറിയാവുന്നവര്‍ വേണം. മാത്രമല്ല, ഡോക്യുമെന്‍റേഷന്‍ വളരെ ചെലവുള്ള കാര്യമാണ്. ഈ മരങ്ങളുടെയെല്ലാം മലയാളം പേരുകള്‍ എഴുതിക്കൊടുക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് രണ്ടു മണിക്കൂര്‍ കൊണ്ട് അവയുടെ പേരുകള്‍ ഷാജു ടീച്ചര്‍ക്ക് കൈമാറി.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ടീച്ചറിന്‍റെ വിളി വന്നു. ടീച്ചറുടെ അടുത്തെത്തിയപ്പോള്‍ നീണ്ട ഒരു ലിസ്റ്റ് ഷാജുവിന് കൈമാറി. ആ ലിസ്റ്റില്‍ അദ്ദേഹത്തിന്‍റെ ടെറസ് വനത്തിലെ മരങ്ങളുടെ ശാസ്ത്രീയനാമവും ബൊട്ടാണിക്കല്‍ നാമവും എല്ലാം ഉണ്ടായിരുന്നു.

ഇങ്ങനെ എത്രയെത്ര പേര്‍ ഷാജുവിന്‍റെ വനയാത്രയില്‍ എത്രയെത്ര പേര്‍ കടന്നു പോയിട്ടുണ്ട്! അവരെയെല്ലാം അദ്ദേഹം സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു.

“ഈ മരങ്ങളെ പരിപാലിക്കാന്‍ ദിവസേന മൂന്നു മണിക്കൂറെങ്കിലും ഞാന്‍ ചിലവഴിക്കും. നിരന്തരമായി പരിചരണം വേണ്ട അനേകം മരങ്ങളും ചെടികളും ഇവിടെ വളരുന്നുണ്ട്. എന്‍റെ മകളെപ്പോലെയാണ് ഇവിടെ വളരുന്ന ഓരോ ചെടിയും. എന്‍റെ നീണ്ട കാലത്തെ സമ്പാദ്യമാണ് ഇവ. ഏറെ സന്തോഷവും ഊര്‍ജ്ജവും എനിക്ക് ഇവിടെ നിന്ന് കിട്ടുന്നു. പലപ്പോഴും ഞാന്‍ യാത്ര പോകുമ്പോള്‍ ഇവയെ പരിചരിക്കുന്നത് എന്‍റെ സുഹൃത്തുക്കളാണ്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ വന്ന് വെള്ളം നനച്ചു കൊടുക്കും,” ഷാജു പറയുന്നു.

ഷാജുവിന്‍റെ നാല് സെന്‍റിലെ കാടണയാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്. ചിലര്‍ കേട്ടറിഞ്ഞ് ഫോണില്‍ വിളിക്കുന്നവരാണ്. അവയില്‍ ചിലര്‍ എന്നെന്നും ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നവരാണെന്ന് ഷാജു.

“തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ തിരുമനസ് ഒരിക്കല്‍ എന്നെ വിളിച്ചു. എന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആരോ പറഞ്ഞുകേട്ടിട്ടുള്ള വിളിയാണ്. അന്ന് അദ്ദേഹത്തിന് ഏകദേശം എണ്‍പത്തിയെട്ടു വയസു വരും. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു. നിരന്തരമായി വിളികള്‍ തുടങ്ങി. അങ്ങനെയിരിക്കെ അദ്ദേഹത്തിന്‍റെ നവതി ആഘോഷമെത്തി. എല്ലാവരും പൊന്നില്‍ തീര്‍ത്ത വിലമതിക്കാനാവാത്ത അനേകം സമ്മാനങ്ങള്‍ നല്‍കി. ഞാന്‍ നല്‍കിയത് ഒരു മുറത്തില്‍ വളര്‍ത്തിയെടുത്ത കണിക്കൊന്നയാണ്.

“അന്ന് അദ്ദേഹം പറഞ്ഞത്. എനിക്ക് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. പക്ഷെ, ഷാജുവിന്‍റെ കണിക്കൊന്ന എന്‍റെ പൂജാമുറിയില്‍ എന്നും നിറയുന്ന കണിയാണ്. ഇതില്‍പരം വിലമതിക്കാനാവുന്നത് മറ്റൊന്നുമില്ലയെന്നാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നിലുണ്ടാക്കിയ ഊര്‍ജ്ജം എത്ര വലുതാണെന്നോ. കേരളത്തില്‍ ഗവര്‍ണ്ണറായിരിക്കെ ആര്‍ എസ് ഗവായിയും അദ്ദേഹത്തിന്‍റെ ഭാര്യയും എന്‍റെ വീട്ടിലെ കാടുകാണാനെത്തിയത് വലിയ ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു.”

കല്ലേന്‍ പൊക്കുടന്‍റെ സമ്മാനം

കണ്ടല്‍ക്കാടുകളുടെ സംരക്ഷകനായിരുന്ന കല്ലേന്‍ പൊക്കുടനും ഷാജുവിന്‍റെ മരബന്ധുക്കളുടെ കൂട്ടത്തിലൊരാളായിരുന്നു. ആ മനോഹര സൗഹൃദം പകര്‍ന്ന അപൂര്‍വ്വ സമ്മാനവും ഈ കാട്ടില്‍ വളരുന്നുണ്ട്. പൊക്കുടന്‍ നല്‍കിയ കണ്ടല്‍ വിത്തുകള്‍ ഇപ്പോള്‍ ചെടിയായി വളര്‍ന്നു നില്‍ക്കുന്നു. ഈ കണ്ടലുകള്‍ അസോള (ശുദ്ധജലത്തില്‍ വളരുന്ന ഒരു ചെറുസസ്യമാണ് അസോള) കുളത്തില്‍ വളര്‍ത്തിയിട്ടുണ്ട്.

കാടു നനയ്ക്കാന്‍ മഴവെള്ള സംഭരണികള്‍ തയ്യാറാക്കിയിട്ടുണ്ട്. മഴവെള്ളക്കൊയ്ത്തിലൂടെ കിണര്‍ റീച്ചാര്‍ജ്ജ് ചെയ്താണ് വെള്ളം ശേഖരിക്കുന്നത്.

ഷാജുവിന്‍റെ ഭാര്യ ജലജ ഏജീസ് ഓഫീസ് ജീവനക്കാരിയാണ്. മകള്‍ മമ്ത പൊല്യൂഷന്‍ കണ്ടട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥയും. മരുമകന്‍ അനില്‍ കാനറാ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. ഒഴിവു സമയങ്ങളില്‍ ഭാര്യയും മകളും അദ്ദേഹത്തിന്‍റെ സഹായികളാകുന്നു.

ഐ എസ് ആര്‍ ഓ-യില്‍ എന്‍ജിനീയറായ ഷാജു അടുത്ത വര്‍ഷം ജോലിയില്‍ നിന്നും വിരമിക്കും.  വിശ്രമജീവിതം ചെലവഴിക്കാന്‍  കിളിമാനൂരില്‍ വാങ്ങിയ ഒന്നര ഏക്കര്‍ സ്ഥലത്ത് അധികം താമസിയാതെ ഒരു കാടൊരുങ്ങും. അവിടെയൊരു വീടും. വിശാലമായ പറമ്പില്‍ മരങ്ങളെ അവയുടെ ഇഷ്ടത്തിന് വളരാന്‍ വിട്ട് കിളികള്‍ക്കും ശലഭങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമൊപ്പമുള്ള വിശ്രമജീവിതമാണ് അദ്ദേഹത്തിന്‍റെ അടുത്ത സ്വപ്‌നം.


ഇതുകൂടി വായിക്കാം: 20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം