പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും

ഷാജിയുടെ വിജയരഹസ്യം ഇതാണ്–ചെലവുകുറച്ചാല്‍ ലാഭം കൂടും. അതിന് അദ്ദേഹത്തിന് സ്മാര്‍ട്ടായ ചില തന്ത്രങ്ങളൊക്കെയുണ്ട്.

പാലക്കാട് നെന്മാറയിലെ എലവഞ്ചേരിയിലെ ഷാജി ഏലിയാസിന് പത്തേക്കര്‍ പുരയിടമുണ്ട്. അതിലില്ലാത്തതൊന്നുമില്ല.

കൃഷിയാണ് ഏക ജീവിതമാര്‍ഗ്ഗം. പച്ചക്കറികൃഷിക്കൊപ്പം പശുവും ആടും കോഴിയും താറാവും മുതല്‍ പന്നിയെയും മുയലുമൊക്കെയുണ്ട്. പക്ഷേ, കഴിഞ്ഞ പ്രളയത്തില്‍ കൃഷിയും വളര്‍ത്തുമൃഗങ്ങളുടെ കൂടുകളെല്ലാം നശിച്ചു. കൃഷിയിലും ഒരുപാട് നഷ്ടം വന്നു.

കൃഷിച്ചെലവും പണിക്കൂലിയും പ്രളയം അടക്കമുള്ള പ്രശ്‌നങ്ങളും നോക്കൂമ്പോള്‍ ഈ കഷ്ടപ്പാടൊക്കെ സഹിച്ചാലും ലാഭമൊന്നുമില്ല എന്ന് പറയാന്‍ വരട്ടെ. ഷാജിയുടെ വിജയരഹസ്യം ഇതാണ്–ചെലവുകുറച്ചാല്‍ ലാഭം കൂടും. അതിന് അദ്ദേഹത്തിന് സ്മാര്‍ട്ടായ ചില തന്ത്രങ്ങളൊക്കെയുണ്ട്.

എങ്കിലും മുമ്പത്തേക്കാള്‍ നന്നായി കൃഷി വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് ഷാജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നത്.

നാല്‍പത് പശുക്കളുണ്ട് തൊഴുത്തില്‍.

“എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തിരുന്നു. തക്കാളി, വെണ്ട, കപ്പ, മത്തന്‍, പയര്‍, ചേമ്പ് അങ്ങനെ എല്ലാം വിളയുന്ന മണ്ണായിരുന്നു ഇത്. വീട്ടിലെ ആവശ്യത്തിനും പുറത്തു വില്‍ക്കാനും പച്ചക്കറികള്‍ ഇഷ്ടംപോലെ കിട്ടുമായിരുന്നു. എന്നാല്‍ താഴ്ന്ന പ്രദേശമായതിനാല്‍ പ്രളയം വന്നപ്പോള്‍ കാര്യമായ നാശനഷ്ടം ഉണ്ടായി,” ഷാജി പറഞ്ഞു.

”ചാലുകളും കെട്ടിപ്പൊക്കിയ സ്ഥലവും എല്ലാം മണ്ണിടിഞ്ഞു പോയി. ഇപ്പോള്‍ അതെല്ലാം വീണ്ടും കെട്ടി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന തിരക്കാണ്. ഞാന്‍ തന്നെയാണ് കൂടുതലും പണിതുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പണിക്കൂലി ഏറെക്കുറെ കുറക്കാം.”


അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com

ഒരു കര്‍ഷകകുടുംബമായത് കൊണ്ട് ഷാജിക്ക് കുഞ്ഞുനാള്‍ മുതലേ കൃഷിയില്‍ നല്ല താല്പര്യമായിരുന്നു. അച്ഛന്‍ വര്‍ഗീസിന് നെല്‍കൃഷിയും വാഴക്കൃഷിയുമായിരുന്നു. അച്ഛന്‍റെ കൃഷിയിടങ്ങളിലൂടെയായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. വാഴയ്ക്ക് കുലവന്നോ എന്നു നോക്കിയും വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിരുകളെ താലോലിച്ചുമൊക്കെയായിരുന്നു ആ യാത്രകള്‍.

“അപ്പന്‍ ഏക്കറു കണക്കിന് സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഞങ്ങളുടെ വരുമാനമാര്‍ഗം കൃഷി ആയിരുന്നു. അമ്മച്ചി ത്രേസ്യമ്മ എല്ലാ പിന്തുണയോടു കൂടി അപ്പനൊപ്പം ഉണ്ടായിരുന്നു. ഇന്ന് എന്‍റെ കൃഷി കാര്യങ്ങളിലും പൈക്കളേം കോഴികളേം വളര്‍ത്തുന്നതില്‍ എന്‍റെ ഭാര്യ നിഷ സഹായമായി കൂടെ തന്നെയുണ്ട്. മക്കള്‍ ഷൈനും അന്നയും ഒഴിവുസമയങ്ങളിലെല്ലാം സഹായിക്കും.

ഷാജി ഏലിയാസ്. (Photo courtesy: Nattupacha. Manorama News– video grab)

കുടുംബത്തിന് ആവശ്യമായവ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ കൃഷി ആരംഭിച്ചത്. പിന്നീട് അത് കൂടുതല്‍ വ്യാപിപ്പിച്ചു. ഇപ്പോള്‍ 10 ഏക്കര്‍ സ്ഥലത്താണ് കൃഷിയും പശു വളര്‍ത്തലും ആടും കോഴിയും താറാവും ഒക്കെ ഒരുമിച്ച് കൊണ്ടുപോകുന്നത്. ആദ്യമൊക്കെ എന്‍റെ കുടുംബത്തിലേക്കുള്ള പച്ചക്കറികള്‍ ആയിരുന്നു…”

ഷാജിയും ഭാര്യ നിഷയും നല്ല പോലെ അധ്വാനിച്ചു. പച്ചക്കറികള്‍ വീട്ടാവശ്യത്തിനുള്ളതിലും കൂടുതലായി കിട്ടിത്തുടങ്ങിയപ്പോള്‍ കടകളിലേക്കും കൊടുത്തു തുടങ്ങി.

ലാഭം മാത്രമല്ല കൃഷി നല്‍കുന്ന നല്‍കുന്ന സുഖവും സന്തോഷവും വേറെതന്നെയാണെന്നും ഷാജി കൂട്ടിച്ചേര്‍ക്കുന്നു. “ബസ് കണ്ടക്ടറായാണ് ഞാന്‍ നേരത്തേ ജോലി ചെയ്തിരുന്നത്. അപ്പോള്‍ എവിടെയാ കിടന്നുറങ്ങുക എന്ന് പോലും പറയാന്‍ പറ്റില്ലായിരുന്നു. തിരക്ക് പിടിച്ച ജീവിതമായിരുന്നു. ഇന്ന് ഈ ജീവികളോടൊപ്പം ചിലവിട്ടുള്ള നിമിഷങ്ങളാണ് ജീവിതത്തിന് യഥാര്‍ത്ഥ തുടിപ്പ് നല്‍കിയത്. ഇതില്‍ നിന്ന് ലഭിക്കുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാനാവാത്തതാണ്…”

”ഭാര്യ നിഷയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍പിലുണ്ടാകും. എന്നോട് മെരുങ്ങാത്ത പശുക്കളെപ്പോലും  അവള്‍ നിമിഷങ്ങള്‍ക്കകം മെരുക്കും. പാല്‍ കറക്കുന്നതും ഞാനും നിഷയും കൂടിയാണ്. അതിനു പണിക്കാരെ വച്ചിട്ടില്ല. നമുക്ക് കഴിയുന്ന ജോലികള്‍ നമ്മള്‍ തന്നെ ചെയ്യുക. ഇപ്പോള്‍ ഇവിടെ പത്തു പണിക്കാരുണ്ട്. എങ്കിലും എല്ലാ പണികളും അവരെ മാത്രം ഏല്‍പ്പിക്കാതെ ഞങ്ങളും കൂടെ നിന്ന് ചെയ്യും. പെട്ടെന്ന് ഒരു ദിവസം അവര്‍ ലീവില്‍ പോയാലും ഇവിടുത്തെ കാര്യങ്ങളെ അത് ബാധിക്കരുത്. ഭാര്യക്കും മക്കള്‍ക്കും അതിനുള്ള വൈഭവവും താല്‍പര്യവുമുണ്ട് എന്നതാണ് അനുഗ്രഹം,” ഷാജി വിശേഷങ്ങള്‍ തുടരുന്നു.

ഷാജി ഏലിയാസിന്‍റെ ആട്ടിന്‍പറ്റം.

പ്ലാവില പെറുക്കാറായാല്‍ അത് ചെയ്യണം എന്ന് പണ്ടത്തെ ആള്‍ക്കാരൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ… അതുപോലെയാണ് ഷാജിയും നിഷയും മക്കളെ വളര്‍ത്തുന്നത്. അവരെക്കൊണ്ടാവുന്ന പോലെ മക്കളും കൃഷിയില്‍ സഹായിക്കും.

“മക്കളെ ചെറുപ്പം മുതലേ കൃഷിയിടത്തിലും തൊഴുത്തിലുമൊക്കെ നടത്തി കാര്യങ്ങള്‍ ഒക്കെ കാണിച്ചുകൊടുക്കുമായിരുന്നു. കോഴിക്കൂട് അടക്കലും കോഴികളുടെ എണ്ണം എടുക്കലും ഒക്കെ അവരുടെ ജോലി ആയിരുന്നു,” ഷാജി പറയുന്നു. “പ്രായം കൂടുന്നതിന് അനുസരിച്ച് അവര്‍ ഓരോ ജോലികള്‍ ഏറ്റെടുത്തു തുടങ്ങി. അതുകൊണ്ട് അവര്‍ക്കും ഇതൊക്കെ വലിയ കാര്യം തന്നെ. മകന്‍ ഷൈന്‍ ഇപ്പോള്‍ എന്‍റെ കൂടെയുണ്ട് എല്ലാത്തിനും. മകള്‍ അന്ന പഠിക്കുകയാണ്. ഒഴിവ് സമയങ്ങളില്‍ അവളും ഉണ്ടാകും.”

കൃഷിയില്‍ ഏറ്റവും ചെലവ് വരുന്ന ഒരു കാര്യം വളം ആണ് എന്ന് ഷാജി. ആ ചെലവ് അദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ തീരെയില്ല.

“പൈക്കള്‍ ഉള്ളതിനാല്‍ വളത്തിനു പുറത്തേക്ക് ആശ്രയിക്കേണ്ടി വരാറില്ല എന്നത് വലിയ മെച്ചമാണ്. … നമ്മള്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഒരു പശുവിനെ എങ്കിലും വീട്ടില്‍ വളര്‍ത്തിയാല്‍ വളത്തിന്‍റെ ചിലവ് ഏറെ കുറക്കാം. എനിക്കിപ്പോള്‍ നാല്‍പതു പശുക്കള്‍ ഉണ്ട്. അവയുടെ ചാണകം ഞാന്‍ ഇവിടുത്തെ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് ഉപയോഗിക്കാറുള്ളത്.”

പശുക്കള്‍ക്ക് കൊടുക്കുന്ന തീറ്റയിലും ഷാജിക്ക് കൃത്യമായ വിറ്റാമിന്‍-പ്രോട്ടീന്‍ കണക്കുകളുണ്ട്. എന്ത് നല്‍കണം എന്ത് നല്‍കണ്ട എന്നുള്ളതിനെ കുറിച്ച് വര്‍ഷങ്ങളുടെ പരിചയത്തിലൂടെ നേടിയെടുത്ത കൃത്യമായ അറിവുണ്ട് ഷാജിക്ക്.

“പശുക്കള്‍ക്ക് ഉള്ള തീറ്റയില്‍ കായത്തൊണ്ട്, ധാന്യപ്പൊടി, കാടി എല്ലാം ഉള്‍പ്പെടുത്തും. … കായത്തൊണ്ട് പോലുള്ള വിലക്കുറവുള്ള തീറ്റ സാധനങ്ങള്‍ ഞാന്‍ പിക്കപ്പ് വണ്ടിയില്‍ പോയി ചന്തയിലെ കടയില്‍ നിന്നും വാങ്ങും. കായത്തൊണ്ടിനു പണച്ചെലവ് ഇല്ല.

“തീറ്റപ്പുല്ല് പറമ്പില്‍ കുറച്ചു വളര്‍ത്തുന്നുണ്ട്… പുല്ലില്‍ നിന്നും ആവശ്യമായ വിറ്റാമിനുകള്‍ കിട്ടും. പിന്നെ ആറു മുതല്‍ പത്തു രൂപ വരെയുള്ള വിലകുറഞ്ഞ പൊടിഅരി വാങ്ങി കഞ്ഞിയാക്കി കൊടുക്കും. ആവശ്യത്തിന് കാടിവെള്ളവും ചോളപ്പൊടിയും തവിടും കൊടുത്താല്‍ നല്ല പാല്‍ കിട്ടും. ഇത്രയേ ഒരു പശുവിനു ആവശ്യമുള്ളു,” ഷാജി പശുവളര്‍ത്തല്‍ രീതികള്‍ പങ്കുവച്ചു.

പശുക്കളെ കെട്ടിയിരിക്കുന്ന തൊഴുത്തിനും ഉണ്ട് പ്രത്യേകതകള്‍. ഓല മേഞ്ഞ മേല്‍ക്കൂര, ഉയരം സാധാരണയിലും കൂടുതല്‍. താങ്ങി നിര്‍ത്തിയിരിക്കുന്ന തൂണുകളായി നില്‍ക്കുന്നത് പഴയ ടെലിഫോണ്‍ പോസ്റ്റുകള്‍.

ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഷാജി പറഞ്ഞത് ഇങ്ങനെ: “സാധാരണഗതിയില്‍ നാല്‍പതു പശുക്കള്‍ക്കായി ഉള്ള തൊഴുത് പണിയാന്‍ നല്ല ചെലവ് വരും. ഒരു തൂണിനു തന്നെ രണ്ടായിരത്തോളം രൂപയാകും. എന്നാല്‍ ഞാന്‍ തൂണായി ഉപയോഗിച്ചിരിക്കുന്നത് പഴയ ടെലിഫോണ്‍ പോസ്റ്റുകളാണ്. സര്‍ക്കാരില്‍ നിന്നും ലേലം വിളിച്ചു കിട്ടുമ്പോള്‍ വളരെ ചെറിയ പൈസയ്ക്ക് കിട്ടും. അതില്‍ കോണ്‍ക്രീറ്റ് നിറച്ചു പാകിയാല്‍ നല്ല ബലവും കിട്ടും. മണ്ണിട്ട് പൊക്കി തറ രണ്ടിഞ്ചു ചെരിവില്‍ കണ്‍ക്രീറ്റ് ചെയ്യണം.”

കോഴിക്കു‍ഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്നതിലൂടെ നല്ല വരുമാനമുണ്ട്.

ദിവസവും രണ്ടു നേരം തൊഴുത്ത് കഴുകി പശുക്കളെ കുളിപ്പിക്കും. രോഗപ്രതിരോധത്തിനായി കൃത്യമായി കുത്തിവെപ്പും എടുക്കാനും മറക്കാറില്ല.

“വെള്ളപ്പൊക്കത്തില്‍ നശിച്ച പന്നിയുടെയും മുയലുകളുടെയും കൂടുകള്‍ പണിതുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍,” ഷാജി തുടരുന്നു. ”മുയലിന്‍റെ കൂട് ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്. ഞാന്‍ പലയിടങ്ങളില്‍ നിന്നും കണ്ടു പഠിച്ചെടുത്താണ് കൂട് നിര്‍മിച്ചത്. ഈ കൂടിന്‍റെ പ്രത്യേകത എന്തെന്നാല്‍ അതിന്‍റെ മുകളില്‍ നമുക്ക് തീറ്റ ഇട്ട് കൊടുക്കാം. അപ്പോള്‍ മുയലുകള്‍ ആവശ്യമുള്ളത് കൂട്ടില്‍ നിന്ന് തന്നെ വലിച്ചെടുത്തു കഴിച്ചോളും. തീറ്റ തീരുന്നതിനനുസരിച്ചു ഇട്ടു കൊടുത്താല്‍ മതി. മാത്രമല്ല അവ കൂട്ടില്‍ വിസര്‍ജിച്ചാലും മിച്ചം വരുന്ന പുല്ലിന്‍മേല്‍ ആയി പാഴായി പോകുകയുമില്ല,” മുയലുകള്‍ ഇണ ചേരുന്ന സമയത്തും പ്രസവ സമയത്തും കുറച്ചു ശ്രദ്ധിക്കണം എന്നതൊഴിച്ചാല്‍ മുയലുകളെ വളര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ഷാജി പറയുന്നത്.


ഇതുകൂടി വായിക്കാം: ഒന്നര സെന്‍റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും


കോഴി വളര്‍ത്തുന്നതിനും ഷാജിക്ക് പ്രത്യേക രീതിയുണ്ട്. കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തിയാല്‍ നല്ല വിലക്ക് വില്‍ക്കാം എന്നുള്ളതിനാല്‍ ഇത് ലാഭമുള്ള ബിസിനസാണെന്ന് ഷാജി പറയുന്നു.

“വിരിഞ്ഞു അധികമാകാത്ത കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഫാമില്‍ നിന്നും വാങ്ങും. തീറ്റ കൊടുത്തു വളര്‍ത്തി രണ്ടു കിലോഗ്രാമോളം തൂക്കമായാല്‍ വില്‍ക്കും. നികുതി ഉള്‍പ്പടെ കുഞ്ഞു ഒന്നിന് ഒന്‍പതു രൂപ വിലയില്‍ ആയിരം എണ്ണത്തിന്‍റെ ബാച്ച് ആണ് വാങ്ങാറുള്ളത്. തുറന്നു വിട്ടു വളര്‍ത്തുന്ന കോഴികള്‍ക്ക് പ്രത്യേക തീറ്റയ്ക്കായി അധികം ചിലവ് വരില്ല. അവ പച്ചക്കറിത്തോട്ടത്തിലൊക്കെ കൊത്തിപെറുക്കി കഴിക്കും. നാല്പത്തഞ്ചു ദിവസം തീറ്റ കൊടുത്തു വളര്‍ത്തി പുറത്തേക്ക് വിടും. ഒരു 60-80 രൂപയുടെ തീറ്റ ഒരു കുഞ്ഞിന് കൊടുത്താലും വില്‍ക്കുമ്പോള്‍ രണ്ടു കിലോ കോഴിക്ക് 350 രൂപ വരെ കിട്ടും.

പന്നിയും മുയലും ആടുമെല്ലാമുള്ള വലിയൊരു സമ്മിശ്ര കൃഷിത്തോട്ടമാണിത്

“കോഴിമുട്ടയ്ക്കും നല്ല ഡിമാന്‍ഡ് ആണ്. നാടന്‍ മുട്ട ആയതുകൊണ്ട് കടയില്‍ പെട്ടെന്നു വിറ്റുപോകും. ദിവസവും അന്‍പതോളം മുട്ട കിട്ടും. താറാവുകള്‍ക്കും ആവശ്യക്കാരേറെ ആണ്. ഇറച്ചിക്കായാണ് താറാവിനെ വില്‍ക്കുന്നത്.” അധ്വാനിക്കാനുള്ള മനസ്സും കൃത്യമായ അറിവുകളുമുണ്ടെങ്കില്‍ കൃഷിയും പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതുമൊക്കെ ലാഭമുള്ള ബിസിനസാക്കാമെന്ന് ഷാജിയുടെ അനുഭവം.

ഷാജിയുടെ വീടിനും ചില പ്രത്യേകതകളുണ്ട്. തൊഴുത്തിന് ഉപയോഗിച്ച ടെലിഫോണ്‍ പോസ്റ്റുകള്‍ വീട്ടിലും പരീക്ഷിച്ചു. ആഡംബരത്തേക്കാള്‍ ആവശ്യമാണ് പ്രധാനമെന്നും ലാളിത്യം ഇഷ്ടപ്പെടുന്ന ഈ കര്‍ഷകന്‍ പറയുന്നു. “എനിക്ക് വലിയ വീട് ഒന്നും ആവശ്യമായി തോന്നിയിട്ടില്ല. നമുക്ക് ജീവിക്കാന്‍ ഒരിടം. ഉറങ്ങണം, മറ്റു കാര്യങ്ങളെല്ലാം നടക്കണം. അതിനു ഈ വീട് തന്നെ ധാരാളം. തൊഴുത്തിലെ പോലെ തന്നെ ടെലിഫോണ്‍ പോസ്റ്റുകള്‍ കൊണ്ട് പൊക്കി താങ്ങു കൊടുത്താണ് പണിതിരിക്കുന്നത്. എന്‍റെ വീട്ടുകാരിക്കും വലിയ ആഗ്രഹങ്ങളൊന്നുമില്ല. അതുകൊണ്ട് സന്തോഷത്തോടെ തന്നെ കഴിഞ്ഞുപോകുന്നു,” ഷാജി ചിരിക്കുന്നു.

കൃഷി തന്നെയാണ് തന്‍റെയും സന്തോഷമെന്ന് ഷാജിയുടെ ‘വീട്ടുകാരി’ നിഷയും പറയുന്നു. ” കൃഷിയില്‍ ഞങ്ങള്‍ ഒരു വ്യത്യാസവുമില്ലാതെ ഒരുമിച്ച് നിന്ന് പണിയെടുക്കും. അതൊക്കെയാണ് ഞങ്ങളുടെ ജീവിതവും.”


ഇതുകൂടി വായിക്കാം: ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത: പ്രചോദനമായത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്


***

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഷാജി ഏലിയാസ്.  ഷാജിയുടെ ഫോണ്‍: 94472 51875

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം