ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം

അങ്ങനെയാണ് അവര്‍ രണ്ടുപേരും ഒരുമിക്കുന്നത്. ആ കൂട്ടുകെട്ടാണ് ഇപ്പോള്‍ തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ശൂലഗിരിയില്‍ 40 ഏക്കര്‍ തരിശുഭൂമിയില്‍ പച്ചവിരിച്ച് നില്‍ക്കുന്നത്.

ശാന്തമായ ഒരു സ്ഥലം. മരങ്ങളും ചെടികളും നിറഞ്ഞ തൊടി.
മനസ്സിനിണങ്ങിയ ഒരു വീട്. അതിന്‍റെ മുറ്റത്തിങ്ങനെ കാറ്റും കൊണ്ട് ഇരിക്കണം.
“അവിടെ കണ്ണടച്ചിങ്ങനെയിരുന്നാല്‍ ഈ ഭൂമി നമുക്ക് വേണ്ടി ചലിക്കുന്നതായി തോന്നിപ്പോകും,” എന്ന് ബെംഗളുരുവില്‍ സിസ്‌കോയില്‍ മാനേജരായ തിരൂര്‍ക്കാരന്‍ ബൈജു.
അതുകേട്ടിരുന്ന സുഹൃത്ത് ശിഹാബ് ചോദിച്ചു: “സംഭവം ശരി തന്നെ. അതുകൊണ്ടല്ലേ ബൈജു ചേട്ടാ ഇങ്ങള് അങ്ങനൊരു സ്ഥലത്തു തന്നെ പോയി താമസിക്കുന്നത്?”

പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

എന്നിട്ട് ശിഹാബ് എന്നോടായി പറഞ്ഞു: “ഈ ബൈജു ചേട്ടന്‍റെ വീട് ഇരിക്കുന്ന സ്ഥലം കണ്ടാല്‍ തിരിച്ചുപോരാന്‍ തോന്നില്ല. ഈ പറഞ്ഞ കാര്യങ്ങളെല്ലാം വച്ച് അവിടെ നല്ല കളറാക്കിട്ടുണ്ട്.”

അതുകേട്ട് ബൈജു ചിരിച്ചതേയുള്ളൂ.
തരിശുകിടന്ന ഈ പ്രദേശമാണ് ഒരു ഭക്ഷ്യവനമായി മാറിക്കൊണ്ടിരിക്കുന്നത്

എടപ്പാള്‍ ചങ്ങരംകുളംകാരന്‍ ശിഹാബും ബെംഗളുരുവില്‍ ഐ ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഉള്ളില്‍ ഒരു കൃഷിക്കാരനെ എപ്പോഴും നനച്ചും വളമിട്ടും വളര്‍ത്തിക്കൊണ്ടിരുന്നുണ്ടായിരുന്നു ആ ചെറുപ്പക്കാരന്‍.

നാട്ടില്‍ അല്ലറ ചില്ലറ കൃഷിയൊക്കെ ഉണ്ടായിരുന്നു. എന്‍ജിനീയറിങ്ങ് കഴിഞ്ഞതും ജോലി കിട്ടി നേരെ ബെംഗളുരുവിലേക്ക്. അവിടെ കൂടെ താമസിച്ചിരുന്നത് വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെയായിരുന്നു.

അധികം വൈകാതെ തന്നെ ഉള്ള സൗകര്യത്തില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ ടെറസില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി.

“ചെടികളുടെ പരിപാലനവും ജലസേചനവും മറ്റും കൂടെ താമസിക്കുന്നവര്‍ക്കെല്ലാം തുല്യമായി ഡ്യൂട്ടി ഇട്ടു കൊടുത്തു. എല്ലാവരും കൃത്യമായി നോക്കിനടത്തി. അങ്ങനെ വിളവെടുത്തു കിട്ടിയ പച്ചക്കറികള്‍ അവിടെ തന്നെ വില്‍ക്കുകയും ചെയ്തു,” ശിഹാബ് ഓര്‍ക്കുന്നു.

ബൈജു കുതിരകള്‍ക്കൊപ്പം

“പിന്നീട് കെട്ടിട മുതലാളി കൃഷി ചെയ്യുന്നതില്‍ നിന്നും വിലക്കിയപ്പോള്‍ എല്ലാവര്‍ക്കും നിരാശയായി. കൃഷിയെപ്പറ്റി ഒന്നുമറിയാത്തവര്‍ പോലും ഏറെ ആവേശത്തോടെയാണ് എല്ലാം ചെയ്തിരുന്നത്. കൃഷിക്ക് അങ്ങനെയൊരിതുണ്ട്; അറിയാത്തവര്‍ അറിഞ്ഞു പോയാല്‍ പിന്നെ വിട്ടു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ,” ശിഹാബ് ചിരിക്കുന്നു.

അന്നത്തെ അനുഭവങ്ങള്‍ ശിഹാബിനെ എത്തിച്ചത് കൃഷിയെക്കുറിച്ച് ഒരു മൊബൈല്‍ ആപ്പിലേക്കാണ്, അതുവഴി ബൈജുവിലേക്കും. ഇന്‍റെര്‍നെറ്റില്‍ ചിതറിക്കിടക്കുന്ന കൃഷിയറിവുകളെല്ലാം എളുപ്പത്തില്‍ കണ്ടെത്താവുന്ന വിധം ‘കൃഷി ആപ്’ എന്ന പേരില്‍ ആണ് ശിഹാബ് തയ്യാറാക്കിയത്.

“കൃഷി ചെയ്യുന്ന സാധാരണക്കാര്‍ക്കും മറ്റും മനസിലാക്കാനായി മലയാളത്തിലായിരുന്നു ആപ്പ്. എന്‍റെ കുറെ സുഹൃത്തുക്കളും എല്ലാത്തിനും പിന്തുണയായി നിന്നു. ആപ്പിന്‍റെ ഡിസൈനിങ്ങും മറ്റും പൂര്‍ത്തിയാക്കിയത് മുനീര്‍, റബീക്, റയീസ് എന്നീ സുഹൃത്തുക്കളാണ്. വലിയൊരു വിജയമായിരുന്നു അത്,” ശിഹാബ് അഭിമാനത്തോടെ പറഞ്ഞു. (ഈ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കാനുള്ള ആലോചനയിലാണ് ശിഹാബ്)

ഫാമില്‍ വിളഞ്ഞ മുള്ളാത്തകളുമായി ശിഹാബ്

“ഈ കൃഷി ആപ്പ് തന്നെയാണ് എന്നെ ശിഹാബിലേക്കെത്തിച്ചത്,” ബൈജു പറയുന്നു. “എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന റയീസ് എന്ന ചെറുപ്പക്കാരനാണ് ശിഹാബിനെ എനിക്ക് പരിചയപ്പെടുത്തുന്നത്.”


ആ കൃഷി ആപ്പ് കണ്ട് ബൈജുവിന് ശിഹാബിനെ നേരിട്ട് കാണമെന്നായി.


“പ്രകൃതിയെ ടെക്‌നോളജിയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ മനുഷ്യനെ പ്രകൃതിയിലേക്ക് ലയിപ്പിക്കാനുള്ള കഴിവും അവനുണ്ടാകുമെന്ന് എനിക്ക് തോന്നി,” ശിഹാബിന്‍റെ തോളില്‍ കൈയിട്ടുകൊണ്ട് ബൈജു തുടര്‍ന്നു.

പിന്നീടൊരിക്കല്‍ ശിഹാബ് ബെംഗളുരുവില്‍ സര്‍ജാപുരയിലുള്ള ബൈജുവിന്‍റെ വീട്ടില്‍ ചെന്നു. ഗ്രാമീണത നിറഞ്ഞ പ്രദേശത്തെ രണ്ടേക്കറിനകത്ത് സ്ഥിതി ചെയ്യുന്ന ആ വീടിനെപ്പറ്റിയാണ് ശിഹാബ് തുടക്കത്തില്‍ പറഞ്ഞത്.

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി ഗ്രാമീണത നശിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ട് സാന്‍സിറ്റിക്ക്

“എന്‍റെ വീടിരിക്കുന്നത് നല്ല ശാന്തമായ പ്രദേശത്താണ്. ജോലി കഴിഞ്ഞെത്തുമ്പോള്‍ സ്വസ്ഥമായി ചിലവിടാനായി ഒരു ഗ്രാമത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടു തന്നെ ആ രണ്ടേക്കര്‍ ഭൂമി മാറ്റിയെടുക്കാന്‍ ശിഹാബിനോട് ഞാന്‍ ആവശ്യപ്പെട്ടു. ആ ഭൂമി ശിഹാബിനെ ഏല്പിക്കുമ്പോള്‍ എനിക്കുറപ്പായിരുന്നു അവനതിനു കഴിയുമെന്ന്,” ബൈജുവിന്‍റെ വാക്കുകളില്‍ ശിഹാബിലുള്ള വിശ്വാസം നിറഞ്ഞിരുന്നു.

“ബൈജു ചേട്ടന്‍ ആ ടാസ്‌ക് എന്നെ ഏല്‍പ്പിക്കുമ്പോഴും അത് എത്രത്തോളം ഭംഗി ആകാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമായിരുന്നു. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിലും മറ്റും ചേട്ടന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു.

തൈനടാന്‍ ഞാനും കൂടാം: ശിഹാബും മകള്‍ ഹൗവ്വയും

“ഞാന്‍ താമസിക്കുന്നിടത്തു നിന്നും 36 കിലോമീറ്റര്‍ സഞ്ചരിക്കണം സര്‍ജാപുരയിലേക്ക്. എന്നാല്‍ അവധി കിട്ടുമ്പോള്‍ വന്നു എല്ലാ കാര്യങ്ങളും നോക്കി നടത്തിയാല്‍ മതിയെന്നുകൂടി അദ്ദേഹം പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. നമ്മളെ ഒരാള്‍ ഇത്രയേറെ വിശ്വസിക്കുന്നുവെങ്കില്‍ അത് തട്ടാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍റെ പാഷന്‍ തുടരാനുള്ള അവസരം കൂടിയായിരുന്നു എനിക്കത്,” ശിഹാബ് വിശദമാക്കുന്നു.

അങ്ങനെയാണ് അവര്‍ രണ്ടുപേരും ഒരുമിക്കുന്നത്. ആ കൂട്ടുകെട്ടാണ് ഇപ്പോള്‍ തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ശൂലഗിരിയില്‍ 40 ഏക്കര്‍ തരിശുഭൂമിയില്‍ പച്ചവിരിച്ച് നില്‍ക്കുന്നത്.

ബൈജു ഫാമില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു

സന്‍സിറ്റി എന്ന ആശയം സാക്ഷാത്കരിക്കുന്നതിനു മുമ്പ് ഒരു ഡെമോ പ്രൊജക്റ്റ് എന്ന നിലയിലാണ് സര്‍ജാപുരയിലെ വീടിനോട് ചേര്‍ന്ന രണ്ടേക്കര്‍ സ്ഥലം ശിഹാബിനെ ഏല്‍പ്പിക്കുന്നത് എന്ന് ബൈജു പറഞ്ഞു. സര്‍ജാപുരയിലെ പുരയിടത്തില്‍ നിന്നും 50 കിലോമീറ്ററുണ്ട് ശൂലഗിരിയിലെ ഫാമിലേക്ക്. തരിശുഭൂമി. നിറയെ കാലികള്‍ മേഞ്ഞുനടക്കുന്ന ഗ്രാമപ്രദേശം.

“ആദ്യം അഞ്ചേക്കറും പിന്നീട് പത്തും പതിനേഴും ഇരുപത്തേഴും മുപ്പതും ഏക്കര്‍ ആയി, ഇന്നിതാ നാല്പതു ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് ഫാം,” ബൈജു അഭിമാനത്തോടെ പറഞ്ഞു .

“ഈ നാല്‍പതേക്കറില്‍ ഇരുപതിലധികം ഇനത്തിലുള്ള മാവ്, പത്തു തരം പ്ലാവ്, അവകാഡോ (ബട്ടര്‍ ഫ്രൂട്ട്), മിറക്കിള്‍ ഫ്രൂട്ട്, സ്‌ട്രോബെറി എന്നിങ്ങനെ ഒട്ടേറെ പഴച്ചെടികളും വൃക്ഷങ്ങളുമുണ്ട്. 150-ല്‍ അധികം തരം പഴങ്ങള്‍ ഇവിടെ വിളയുന്നു. ഇടക്കൃഷിയായി റാഡിഷും, തക്കാളിയും മുളകും ഒക്കെയായി പച്ചക്കറിയുമുണ്ട്. ഫാമിലെ പാഴ്‌വസ്തുക്കള്‍ കൊണ്ടും കളിമണ്ണ് കൊണ്ടും തീര്‍ത്ത ഫാം ഹൗസുണ്ട്, നാടന്‍ പശുക്കളുണ്ട്, ആടുണ്ട്, താറാവ്, മുയല്‍, നാടന്‍ കോഴി, കരിങ്കോഴി, നായ, പ്രാവുകള്‍ ഒക്കെയുണ്ട്,” ബൈജു വിശദീകരിച്ചു.

മകള്‍ക്ക് വിഷമടിക്കാത്ത പഴങ്ങളും പച്ചക്കറികളും നല്‍കാനാവുന്നു എന്നത് ശിഹാബിന് വലിയ സന്തോഷമാണ്. ചിത്രത്തില്‍: ഹൗവ്വ തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങളുമായി
സാന്‍സിറ്റിയില്‍ വിളഞ്ഞ സ്ട്രോബെറി

പശുക്കളെ കെട്ടിയിട്ടിട്ടില്ല.  അവ വേലി കൊണ്ട് തിരിച്ച സ്ഥലത്തു സ്വതന്ത്രമായി മേഞ്ഞു നടക്കും. എന്നാല്‍ ബൈജു പറഞ്ഞ ലിസ്റ്റില്‍ പെടാത്ത ഒരാള്‍ ദൂരെ ഫാം ഹൌസിന്‍റെ ഭാഗത്തായി കാണാം. കുതിരയാണ് കക്ഷി. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബൈജു പ്രതികരിച്ചതിങ്ങനെ, “പറയാന്‍ വിട്ടു പോയതാണ്. രണ്ടു കുതിരകള്‍ ഉണ്ട്. ഫാം മുഴുവന്‍ കറങ്ങിയടിച്ചു കാണേണ്ടവര്‍ക്ക് അവന്മാര്‍ എല്ലായിടത്തും എത്തിക്കും,” ബൈജു ദൂരേക്ക് നോക്കി ചിരിച്ചു.

സര്‍ജാപുരയിലെ രണ്ടേക്കര്‍ ഒരു ഭക്ഷ്യവനമാക്കി മാറ്റിയെടുത്തതിന് ശേഷമാണ് ശിഹാബ് ശൂലഗിരിയിലേക്ക് വരുന്നത്.

“ബൈജു ചേട്ടന്‍റെ വീട്ടില്‍ ആദ്യമായ് ചെന്നപ്പോള്‍ ഒരു ജീപ്പ് ശ്രദ്ധയില്‍പെട്ടിരുന്നു. ഒരു ഓഫ് റോഡ് മോഡല്‍ ജീപ്പ്. ഒരിക്കല്‍ അതെടുത്തു ഞാന്‍ നേരെ നാട്ടിലേക്ക് വിട്ടു,” ആ കഥ ശിഹാബ് ഓര്‍ക്കുന്നു.

നിലാവറിഞ്ഞ് ഇവിടെ രാപ്പാര്‍ക്കാം

“എന്‍റെ നാട്ടില്‍ (ചങ്ങരംകുളത്ത്) എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. എന്‍റെ കൂടെ കളിച്ചു വളര്‍ന്നവരില്‍ മിക്കവരും കൃഷി ചെയ്തും മറ്റു നാടന്‍ പണികള്‍ ചെയ്തും ജീവിക്കുന്നവരാണ്. അവരില്‍ പ്രധാനിയാണ് ലത്തീഫ്. ലത്തീഫ് തെങ്ങിന് തടമെടുക്കും, കോണ്‍ക്രീറ്റ് കെട്ടാത്ത കിണര്‍ ഉണ്ടാക്കും, കൃഷി… എല്ലാ പണിയും ചെയ്യും. ബൈജു ചേട്ടന്‍ എന്നെ ഏല്പിച്ച ദൗത്യം ഏറ്റവും നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ലത്തീഫ് കൂടെയുണ്ടെങ്കില്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: ‘ഈ കൊച്ചെന്താണീ തുരുത്തില്‍’ ചെയ്തത്!?


“ലത്തീഫിനെയും ആള്‍ടെ പരിചയത്തിലുള്ള ആറു പണിക്കാരും നാട്ടില്‍ നിന്നും ശേഖരിച്ച കുറെയധികം ഫലവൃക്ഷത്തൈകളുമായി ഞങ്ങള്‍ ജീപ്പില്‍ തന്നെ സര്‍ജാപുരയിലേക്ക് തിരിച്ചു.” പത്തു ദിവസത്തേക്ക് എന്ന് പറഞ്ഞാണ് എല്ലാവരെയും കൊണ്ടുവന്നത് എന്ന് ശിഹാബ്.

“ശിഹാബിനെപോലെ തന്നെ ലത്തീഫും കൃത്യമായി മനസിലാക്കി പണി തുടങ്ങി. രാവിലെ ആറരക്ക് പറമ്പിലേക്കിറങ്ങിയാല്‍ നേരം ഇരുട്ടുംവരെ അവര്‍ പണിയെടുത്തു,” ബൈജു സന്‍സിറ്റിയിലേക്ക് നടന്നടുത്ത ദിനങ്ങളെപ്പറ്റി ഓര്‍ത്തു.

“പത്തു ദിവസം കൊണ്ട് ലത്തീഫും പിള്ളേരും ചേര്‍ന്ന് പറമ്പ് ഒരുക്കി തന്നു. ആദ്യം മുള കൊണ്ട് ചുറ്റും വേലി കെട്ടി. ശേഷം പറമ്പിനെ പത്തു തുണ്ടുകളായി അവര്‍ തരം തിരിച്ചു. ഉഴുതു മറിച്ചു കുമ്മായം വിതറി അടിവളം നല്‍കി തൈകള്‍ നട്ടു ഉണക്കയിലകള്‍കൊണ്ട് പുതയിട്ടു.

“പത്തു ദിവസം കഴിഞ്ഞു തിരിച്ചു പോകാന്‍ ആയപ്പോള്‍ ഞാന്‍ ലത്തീഫിനെ ഫാമില്‍ ഒരു സ്ഥിരജോലിക്കായി ക്ഷണിച്ചു. തുടര്‍ന്ന് ശൂലഗിരിയില്‍ സ്ഥലം വാങ്ങി ഇന്ന് ഈ കാണുന്ന നിലയിലേക്ക് ഫാം പടുത്തുയര്‍ത്താന്‍ ലത്തീഫിന്‍റെ കഠിനാധ്വാനം ഞങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു.”

അന്ന് പത്തുദിവസത്തെ പണിക്കായി സര്‍ജാപ്പുരയിലെത്തിയ ലത്തീഫ് ആണ് ഇപ്പോള്‍ ശൂലഗിരിയിലെ സന്‍സിറ്റി ഫാമിലെ കൃഷിക്കാര്യങ്ങളെല്ലാം നോക്കുന്നത്. .

സാന്‍സിറ്റിയെ ഒരുക്കിയെടുത്തവര്‍ സന്ദര്‍ശകര്‍ക്കൊപ്പം. (ഇടത്തുനിന്നും) ഗോപന്‍ (മൃഗപരിപാലനം) റാഫി (കുക്ക്) ഹസീം (ഹോസ്പിറ്റാലിറ്റി), അസര്‍ (സന്ദര്‍ശകന്‍) ബൈജു (സാന്‍സിറ്റി ഫെര്‍മെ ഡയറക്റ്റര്‍) പ്രദീപ് (ബൈജുവിന്‍റെ സുഹൃത്ത്), ലത്തീഫ് (അഗ്രികള്‍ച്ചറിസ്റ്റ്), ഷിഹാബ്, വിഷ്ണു (ലീഗല്‍)

ദൂരെയുള്ള ഫാമിന്‍റെ മേല്‍നോട്ടവും ഐ ടി ജോലിയും ഒക്കെ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയുന്നു? ഞാന്‍ ശിഹാബിനോട് ചോദിച്ചു. അതിനൊരു ചിരിയായിരുന്നു ശിഹാബിന്‍റെ മറുപടി.

“ആദ്യത്തെ മൂന്ന് കൊല്ലം കാര്യങ്ങള്‍ കുറച്ചു ബുദ്ധിമുട്ട് തന്നെയായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി കഴിഞ്ഞു വെള്ളിയാഴ്ച രാത്രി ശൂലഗിരിയിലേക്ക് പുറപ്പെടും. ഭാര്യ റമീഷയും മോളുമുണ്ടാവും കൂടെ. പിന്നെ ശനിയും ഞായറും ഫാമിലെ കാര്യങ്ങള്‍ ക്രമീകരിക്കലാണ്. തിങ്കളാഴ്ച വെളുപ്പിന് തിരിച്ചെത്തി ജോലിയില്‍ കയറും.

സന്ദര്‍ശകര്‍ക്ക് തൈനടാനും കൂടാം.

“ആദ്യ നാളുകളില്‍ ഞാനും ഭാര്യയും വീക്കെന്‍ഡ് മാളുകളില്‍ പോയോ ഡിന്നര്‍പാര്‍ട്ടികള്‍ക്ക് പോയോ ആഘോഷിച്ചിട്ടില്ല. ഫാം ആയിരുന്നു ഞങ്ങളുടെ പറുദീസ. റമീഷ ഫുള്‍ ഹാപ്പിയും. പിന്നെന്ത് വേണം?”

റമീഷയാണ് ഇപ്പോള്‍ സന്‍സിറ്റിയിലെ അക്കൗണ്ട്‌സ് കൈകാര്യം ചെയുന്നത്. മകള്‍ അഞ്ചു വയസ്സുകാരി ഹവ്വ ഉപ്പയോടൊപ്പം ഫാമില്‍ പാറിപ്പറന്നു നടക്കും.

മകള്‍ക്ക് ജൈവരീതിയില്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നല്കാന്‍ കഴിയുന്നതില്‍ താന്‍ ഭാഗ്യം ചെയ്ത പിതാവാണെന്ന് ശിഹാബ് പറയുന്നു. വാരാന്ത്യത്തില്‍ പൈക്കളോട് കുറുമ്പ് കൂടാനും അച്ഛന്‍റെ ഫാമിലെ സ്‌ട്രോബെറി നുണയാനും ഹവ്വക്കും ഏറെ ഇഷ്ടമാണ്.

തികച്ചും ജൈവരീതിയിലാണ് ശൂലഗിരിയിലെ തരിശുഭൂമി അവര്‍ ഒരു ഭക്ഷ്യവനമായി മാറ്റിക്കൊണ്ടിരിക്കുന്നത്.

“ഫാമിലെ ചാണകവും ഗോമൂത്രവും വളത്തിനായി ഉപയോഗിക്കും. തികയാത്തത് പുറത്തു നിന്നും വാങ്ങും. ഇവിടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും ബയോവേസ്റ്റ് എടുത്ത് താറാവിന്‍റെ കാഷ്ഠവും ചേര്‍ത്ത് ബയോ കമ്പോസ്റ്റ് ആക്കി അത് പച്ചക്കറിങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഇട്ടുകൊടുക്കാറുണ്ട്. മണ്ണില്‍ നൈട്രേറ്റിന്‍റെ അംശം നിലനിര്‍ത്താന്‍ ശീമക്കൊന്നയും മെക്‌സിക്കന്‍ സണ്‍ഫ്ളവറും വെട്ടി കടക്ക് ഇട്ടുകൊടുത്താല്‍ മതിയാകും.

“പിന്നെ മുരിങ്ങയിലയും വേപ്പിന്‍ പിണ്ണാക്കും ചാണകവും ചേര്‍ത്തുള്ള ഒരു പ്രയോഗം ഉണ്ട്. അത് നല്ല ഫലം തരുന്നുണ്ട്. പിന്നെ ഇവിടെയുള്ള ആട്ടിന്‍കാട്ടവും മുയലിന്‍റെ മാലിന്യവും തന്നെ ധാരാളം. മിത്രകീടങ്ങളെ ആകര്‍ഷിക്കുന്നതിനും ശത്രുകീടങ്ങളെ അകറ്റാനും ജമന്തിയും വളര്‍ത്തുന്നുണ്ട്, ഈ രീതി ഈ തവണത്തെ സ്‌ട്രോബെറി കൃഷിയില്‍ ഏറെ ഗുണം ചെയ്തു,’

സാന്‍സിറ്റിയിലെ സന്ദര്‍ശകര്‍

ശൂലഗിരിയില്‍ നാട്ടുകാരുടെ പിന്തുണ നല്ലപോലെ ഉണ്ടായിരുന്നുവെന്ന് ബൈജു പറഞ്ഞു. “പ്രദേശവാസികളായ പതിനാറു പേര്‍ക്ക് ഫാമില്‍ ജോലി കൊടുത്തിട്ടുണ്ട്. ഇനിയും നൂറു ഏക്കറിലേക്ക് ഫാം വ്യാപിപ്പിച്ചുകൊണ്ട് കൂടുതല്‍ പേരിലേക്ക് ജോലി അവസരങ്ങള്‍ എത്തിക്കാനാണ് തീരുമാനം. ഫാമിലേക്ക് എന്ത് ആവശ്യമുണ്ടായാലും എത്താന്‍ നാട്ടുകാരുണ്ട്. അത് വലിയ പിന്‍ബലം തന്നെയാണ്.”

പൊതുജനങ്ങള്‍ക്കും സന്‍സിറ്റി ഫാമില്‍ ഒരു ഭാഗമാകാന്‍ അവസരമൊരുക്കുന്നുണ്ടിവര്‍. ഫാമിലെ സ്ഥലം വിലക്കെടുക്കുന്നവര്‍ക്ക് മനസ്സിനിണങ്ങുന്ന രീതിക്ക് വികസിപ്പിച്ചെടുക്കാന്‍ ശിഹാബും ബൈജുവും അടങ്ങുന്ന സംഘം ഉണ്ടാകും. വിശ്രമജീവിതം പ്രകൃതിയോട് ചേര്‍ന്ന് ആസ്വാദ്യകരമാക്കാന്‍ മുപ്പത് പേരോളം സന്‍സിറ്റിയുമായി സഹകരിക്കുന്നു.

എല്ലാത്തിനും ഒറ്റ നിബന്ധന മാത്രം: കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി ഗ്രാമത്തിന്‍റെ സ്വാഭാവികത നഷ്ടപെടുത്താന്‍ അനുവദിക്കില്ല. മാത്രമല്ല പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നും തന്നെ ഫാമില്‍ അനുവദിക്കില്ല.

“നഗരത്തിലെ തിരക്കുകളില്‍ നിന്നും ഇടവേള വേണ്ടവര്‍ക്കായി സന്‍സിറ്റി പ്രകൃതിയെ ചമച്ചൊരുക്കി കാത്തിരിക്കുകയാണ്. ഇവിടെ വന്നു രണ്ടു ദിവസം അടിച്ചു പൊളിച്ചു മനസ്സ് തണുപ്പിച്ചു മടങ്ങാം.

“ഗ്രാമക്കാഴ്ചകളും കൃഷിയും മതിയാവോളം കാണാം, ആസ്വദിക്കാം. കുതിര സവാരി നടത്താം, ടെന്‍റുകളിലും മണ്‍വീടുകളിലുമായി രാപ്പാര്‍ക്കാം. അഥിതികളായെത്തുന്നവര്‍ക്ക് ഫാമില്‍ വിളയുന്ന പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ പാനീയം നല്‍കിയാണ് സ്വീകരിക്കുക. പറമ്പിലെ പച്ചക്കറികള്‍ കൊണ്ട് പതിനഞ്ചു കൂട്ടം കറികളുമായി സദ്യയും ഒരുക്കും. ചായയും കാപ്പിയും ഫാമിലെ പശുക്കളുടെയും ആടുകളുടെയും പാല്‍ കൊണ്ട് തന്നെ,” സന്‍സിറ്റിയിലെ ചിട്ടകളെ കുറിച്ച് ഫാമിന്‍റെ കണ്‍സള്‍ട്ടന്‍റും ഡിസൈനറുമായ ശിഹാബ് വിശദമായി പറഞ്ഞു.

***
കൂടുതല്‍ വിവരങ്ങള്‍ക്ക്: 095555 11611 www.sanctityferme.com

ഇതുകൂടി വായിക്കാം: ഇതാണ് ഈ ഐ ടി വിദഗ്ധന്‍റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം