എന്‍ജിനിയറിങ്ങും ആര്‍ട്സ് വിഷയങ്ങളില്‍ ഡിഗ്രിയും ഒരുമിച്ച് ചെയ്യണോ? ഇനിയതും സാധിക്കും

 ഇതുവരെ ഒരാള്‍ക്ക് റെഗുലര്‍ ഡിഗ്രി കോഴ്സിനൊപ്പം ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ മാത്രമേ ഒരേസമയം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇനിയങ്ങനെയല്ല… വിശദാംശങ്ങള്‍. 

 

നി മുതല്‍ ഇന്‍ഡ‍്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ടു ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുങ്ങുകയാണ്.

രാജ്യത്ത് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍റെ  (യു ജി സി)പുതുക്കിയ മാനദണ്ഡപ്രകാരം കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരാന്‍ കഴിയും. ഒരു റെഗുലര്‍ ഡിഗ്രി കോഴ്‌സും മറ്റൊന്ന് ഓണ്‍ലൈന്‍ വിദൂര പഠന കോഴ്‌സും (online distance learning) എന്ന രീതിയിലാണ് പുതിയ ക്രമീകരണം.

ലക്ഷ്യം തൊഴില്‍ നൈപുണ്യ വികസനം

പൊതുജനാഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നിര്‍ദ്ദേശം യു ജി സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുജിസി വൈസ് ചെയര്‍മാന്‍ ഡോ ഭൂഷണ്‍ പട് വര്‍ദ്ധന്‍ ചെയര്‍മാനായി 2019-ല്‍ രൂപീകരിച്ച സമിതിയാണ് പുതിയ നിര്‍ദ്ദേശം ശിപാര്‍ശ ചെയ്തിരിക്കുന്നത്. തൊഴില്‍ സാധ്യതകള്‍ വിപുലപ്പെടുത്തുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഇരട്ട പ്രോഗ്രാമുകള്‍  അവതരിപ്പിച്ചിരിക്കുന്നത്.

ഈ നിര്‍ദ്ദേശപ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സ്ഥാപനത്തില്‍ നിന്നോ (സ്ഥാപനം റെഗുലര്‍ കോഴ്സിനൊപ്പം ഡിസ്റ്റന്‍സ് ലേണിങ്ങ് കോഴ്സുകളും നല്‍കുന്നുണ്ടെങ്കില്‍) വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നോ ഒരേ സമയം രണ്ട് ഡിഗ്രി നേടാനാകും.

അതേ സമയം റെഗുലര്‍ ഡിഗ്രി കോഴ്‌സിന് ഓരോ സ്ഥാപനവും നിര്‍ദ്ദേശിച്ചിട്ടുള്ള മിനിമം ഹാജര്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ വിദൂര പഠനത്തിന് ഹാജര്‍ നില എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിശദാംശങ്ങള്‍ ഉടന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ട ഡിഗ്രി പഠനം അനുവദിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം  തത്വത്തില്‍ യുജിസി അംഗീകാരം നല്‍കിയെങ്കിലും   ഇതുമായി ബന്ധപ്പെട്ട് യു ജി സി സെക്രട്ടറി രജനീഷ് ജയിനിന്‍റെ പ്രഖ്യാപനം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഔദ്യോഗിക അറിയിപ്പുകള്‍ ഉടനുണ്ടായേക്കുമെന്നാണ് സൂചന.

”രണ്ട് ഡിഗ്രികളില്‍ ഒന്ന് വിദൂര പഠനം വഴി ആയിരിക്കണം,” രജനീഷ് ജെയിന്‍ പിറ്റിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇരട്ട ഡിഗ്രി കോഴുസുകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2012-ല്‍ യുജിസി ഒരു സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ചില ആയക്കുഴപ്പം മൂലം അന്നത് നടപ്പാകാനായില്ല.

ഇപ്പോഴത്തെ യുജിസി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.


ഇതുകൂടി വായിക്കാം: എന്തുകൊണ്ടാണ് വെട്ടുകിളികള്‍ മുന്‍പൊന്നുമില്ലാത്ത വിധം ഇന്‍ഡ്യയെ ആക്രമിക്കുന്നത്? 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം