കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്‍, അബിയു, ആപ്പിള്‍ ചാമ്പ

കടലാസ് പൂക്കള്‍ മാത്രമല്ല വഴിയാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഗ്രോബാഗില്‍ കായ്ച്ച് നില്‍ക്കുന്നുണ്ട് മാവും പ്ലാവും ആപ്പിള്‍ ചാമ്പയും…

ഞ്ഞയും വെള്ളയും മജന്തയും നിറങ്ങളില്‍ കടലാസ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ചന്തമല്ലേ…? ബിന്ദു ടീച്ചറിന്‍റെ വീടിന്‍റെ സൗന്ദര്യവും ഈ പൂക്കളാണ് (ബൊഗൈയ്ന്‍ വില്ല). വീടിന്‍റെ മുറ്റത്തും മട്ടുപ്പാവിലുമൊക്കെ നിറയെ ഉണ്ട്.

വഴിയേപ്പോകുമ്പോള്‍ ആ വീടിന്‍റെ ഭംഗി കണ്ട് നോക്കി നിന്നവരില്‍ സിനിമാതാരം വരെയുണ്ട്. (ആ കഥ വഴിയെ പറയാം). കടലാസു പൂക്കളില്‍ നിന്ന് നല്ല വരുമാനവുമുണ്ടാക്കുന്നുണ്ട് ബിന്ദു ജോസഫ് എന്ന സാമ്പത്തിക ശാസ്ത്രം അധ്യാപിക.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

പൂക്കള്‍ മാത്രമല്ല, പഴങ്ങളും തെങ്ങും കുരുമുളകും ഇഞ്ചിയും മഞ്ഞളും ജാതിയുമൊക്കെയുണ്ട് ഈ 36 സെന്‍റ് ഭൂമിയില്‍.

ബിന്ദു ജോസഫ്

12 ഏക്കറില്‍ പച്ചക്കറിയും പന്നി ഫാമും അലങ്കാര പക്ഷികളുമൊക്കെ ഉണ്ടായിരുന്ന കര്‍ഷക കുടംബത്തിലേക്കാണ് ബിന്ദു ജോസഫ്ര് കല്യാണം കഴിഞ്ഞെത്തുന്നത്.

“സ്വന്തം നാട് വയനാട് കല്‍പ്പറ്റയാണ്. ഞാനും കര്‍ഷകന്‍റെ മകളാണ്. പക്ഷേ, കൃഷിയുമായി എനിക്കൊരു ബന്ധവും ഇല്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ഹോസ്റ്റല്‍ ജീവിതമായിരുന്നു,” ബിന്ദു ജോസഫ് ദ് ബെറ്റര്‍ ഇന്‍‍ഡ്യയോട് പറയുന്നു.

പഠനശേഷം ബെംഗളുരുവില്‍ ജോലി. പിന്നെ, വിവാഹശേഷം ജോജോയ്ക്കൊപ്പം കോഴിക്കോട്ടേക്ക്.

“ഭര്‍ത്താവിന് 11 സഹോദരങ്ങളുണ്ട്. അവര്‍ക്ക് വിപുലമായ കൃഷിയും. അമ്മച്ചിയാണ് അവരുടെ നേതാവ്. എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് അമ്മച്ചിയാണ്. ത്രേസ്യ എന്നാണ് അമ്മച്ചിയുടെ പേര്. അമ്മച്ചിയ്ക്കിപ്പോ 85 വയസുണ്ട്.

“ഏതാണ്ട് ഒരുമാസം മുന്‍പ് വരെ അമ്മച്ചി സജീവമായിരുന്നു. ഇപ്പോ കിടപ്പിലാണ്. അമ്മച്ചിയുടെ ചുറുചുറുക്കും സ്പിരിറ്റുമൊക്കെ കണ്ട് ഞാനും കൃഷിയിലേക്കെത്തി. ജോജോയും മരിച്ചുപണിയെടുക്കുന്ന ആളാണ്. കൃഷിയില്‍ ഇവര് രണ്ടാളുമാണ്.”

ആ വലിയ കൂട്ടുകുടുംബത്തില്‍ സഹോദരങ്ങളും മറ്റും ഒരുമിച്ചാണ് കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്നത്. കുറച്ചുവര്‍ഷം മുന്‍പ്  ജോജോയും ബിന്ദുവും തറവാട്ടുവീട്ടില്‍ നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ മാറി പന്തീരാങ്കാവില്‍ 36 സെന്‍റ് സ്ഥലം വാങ്ങി താമസം തുടങ്ങി.

പൂന്തോട്ടത്തില്‍ ബിന്ദു ടീച്ചര്‍

മക്കളൊക്കെ വലുതായി സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ബിന്ദു പേരാമ്പ്രയിലെ സെന്‍റ് മീരാസ് പബ്ലിക് സ്കൂളില്‍ ജോലിക്ക് കയറി. ഒമ്പത് വര്‍ഷമായി ഇവിടെ പഠിപ്പിക്കുന്നു.

“സ്കൂളില്‍ നിന്നെത്തിയ ശേഷമാണ് ഞാന്‍ തോട്ടത്തിലേക്കെത്തുന്നത്.  ജോലിക്കാരൊന്നും ഇല്ല, ഞാനും ഭര്‍ത്താവും മക്കളും തന്നെയാണ് കൃഷിക്കാര്യങ്ങളൊക്കെ നോക്കുന്നത്.

“വൈകുന്നേരങ്ങളിലും പിന്നെ, ശനിയും ഞായറും മുഴുവന്‍ സമയവും കൃഷി പണിയായിരിക്കും. രാത്രി പത്ത് മണി വരെയൊക്കെ തോട്ടത്തിലായിരിക്കും.

ബിന്ദുവും ജോജോയും

“തെങ്ങും കവുങ്ങും ജാതിയും ചെടികളും ഫലവ‍ൃക്ഷങ്ങളുമൊക്കെയായി 36സെന്‍റിലാണ് എല്ലാം കൃഷിയും. ഇതിനൊപ്പം തന്നെയാണ് രണ്ടുപ്ലാക്കല്‍ കാര്‍ഷിക നഴ്സറിയും. ഇത്രയും ചെറിയൊരു സ്ഥലത്ത് നിന്നാണ് തൈയുണ്ടാക്കി വിറ്റുമൊക്കെ വരുമാനമുണ്ടാക്കുന്നത്. ഓരോ ഇഞ്ച് സ്ഥലവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മുറ്റം മാത്രമല്ല, ടെറസും എല്ലാം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നുണ്ട്.

“ടെറസിന്‍റെ മുകളില്‍ വര്‍ഷത്തില്‍ മൂന്നു കൃഷിയാണ് ചെയ്യുന്നത്. ഗ്രോബാഗില്‍ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യും. ഇതു താഴേക്ക് ഇറക്കുമ്പോ കടലാസ് പൂച്ചെടികള്‍ ടെറസിലേക്ക് മാറ്റും.

“പിന്നെ ആറു മാസം വീടിന് മുകളില്‍ ബൊഗെയ്ന്‍ വില്ല കൃഷിയായിരിക്കും. ബൊഗെയ്ന്‍വില്ല തൈകള്‍ വിറ്റ് വര്‍ഷം രണ്ട് ലക്ഷം രൂപ വരുമാനം നേടുന്നുണ്ട്,” ബിന്ദു ടീച്ചര്‍ പറയുന്നു. മികച്ച കര്‍ഷകനുള്ള ദേശീയ പുരസ്കാരം നേടിയ ജോജോ മുഴുവന്‍ സമയവും കൃഷിയിലാണ്.

“ബൊഗെയ്ന്‍വില്ലയുടെ തണ്ട് മുറിച്ച് നട്ടാല്‍ ചെറിയ തൈയാണ് കിട്ടുന്നത്. എന്നാല്‍ ലെയറിങ്ങ് ചെയ്താല്‍ വലിയ തൈ കിട്ടും. പൂക്കളൊക്കെ മുറിച്ച് കളഞ്ഞ ശേഷമാണ് ലെയര്‍ ചെയ്ത് തൈയുണ്ടാക്കുന്നത്. ഞങ്ങള്‍ ഈ രീതിയിലാണ് തെയുണ്ടാക്കുന്നത്.


ലെയറിങ്ങിലൂടെ വേര് പിടിപ്പിച്ചുണ്ടാക്കുന്ന വലിയ തൈകള്‍ക്ക് 600 രൂപ വരെ കിട്ടും.


“മഴക്കാലം കഴിഞ്ഞാല്‍ പിന്നെ ടെറസ് നിറയെ കടലാസ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുകയാകും. റോഡരുകിലാണ് വീട്. വഴിയേ പോകുന്നവര്‍ക്കുമൊക്കെ ഈ ചെടികളും പൂക്കളും കാണാം.

“വീടിനും നഴ്സറിക്കുമൊക്കെ അലങ്കാരമാകട്ടെയെന്നു കരുതിയാണ് കടലാസ് പൂക്കളുടെ ചെടി നട്ടത്. 40 തരം കളര്‍ പൂക്കളുണ്ടായിരുന്നു. അതൊക്കെ നാടന്‍ ബൊഗൈന്‍വില്ലകളായിരുന്നു.

“നാടന്‍ ചെടികള്‍ വര്‍ഷത്തില്‍ ഓന്നോ രണ്ടോ തവണ മാത്രമേ പൂക്കുകയുള്ളൂ. പിന്നെ ആ ചെടി പാഴ്ചെടി പോല ഇല മാത്രമായി നില്‍ക്കും. അവയെ പരിചരിക്കുന്നത് സമയനഷ്ടമാണ്.

“അങ്ങനെ ‍നാടന്‍ ബൊഗെയ്ന്‍വില്ലയെ ഒഴിവാക്കി. ഇപ്പോ പൂര്‍ണമായും ഹൈബ്രിഡ് പൂനെ വെറൈറ്റിയാണ് നട്ടിരിക്കുന്നത്. മഴ തുടങ്ങും വരെ ഇത് നിറയെ പൂക്കളുണ്ടാകും. ആറു മാസം പൂര്‍ണമായും ഈ ചെടികളില്‍ പൂക്കളുണ്ടാകും.

“ഒന്നര ആള്‍പ്പൊക്കത്തില്‍ ഉയരത്തില്‍ വളര്‍ന്ന ബൊഗെയ്ന്‍വില്ലകളുണ്ട്. ഇതൊക്കെ പല ആകൃതിയില്‍ വെട്ടിനിറുത്തിയിരിക്കുകയാണ്. ഈ ചെടികളും അതിലെ പൂക്കളുമൊക്കെ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.

“ദൂരേ നിന്നൊക്കെ ആള്‍ക്കാര് കാണാനും തൈ വാങ്ങാനും വരാറുണ്ട്. അങ്ങനെയാണ് നടന്‍ സൗബിനും വന്നത്. വൈറസ് സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ സൗബിന്‍ വീടും തോട്ടമൊക്കെ കണ്ടു, ബൊഗെയ്ന്‍വില്ലയുടെ തൈയും വാങ്ങിയാണ് മടങ്ങിയത്,” എന്ന് ബിന്ദു.

ബിന്ദുവിന്‍റെ തോട്ടത്തില്‍ വിളഞ്ഞ റംബുട്ടാന്‍

മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് ബൊഗെയ്ന്‍ വില്ലയ്ക്ക് കീടബാധയൊക്കെ കുറവാണ്.  റോസിനും ആന്തൂറിയത്തിനുമൊക്കെ നല്ല പരിചരണവും ശ്രദ്ധയുമൊക്കെ വേണ്ടി വരും. എന്നാല്‍ അത്ര പരിചരണം ഈ ചെടിക്ക് ആവശ്യമില്ലെന്ന് ബിന്ദു പറയുന്നു.

മറ്റ് കൃഷികളും ജോലിയും ഒക്കെയുള്ളതുകൊണ്ട് പരിചരണം കുറച്ചുമാത്രം വേണ്ടുന്ന ബൊഗെയ്ന്‍ വില്ല അവര്‍ക്ക് സൗകര്യപ്രദമാണ്.

“ഈ ചെടികള്‍ക്ക് മാത്രമായി സമയം ചെലവഴിക്കാനില്ല. കുറച്ചു സമയം മാത്രം മതിയെന്നതിനൊപ്പം  പ്രതീക്ഷിക്കുന്നതിലും ഇരട്ടി വരുമാനവും കിട്ടുന്നുണ്ട്,” ബിന്ദു പറഞ്ഞു.

ഗ്രോബാഗിലെ കുള്ളന്‍ പ്ലാവ്

ബൊഗെയ്ന്‍വില്ല മാത്രമല്ല, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പഴങ്ങള്‍, കുറ്റിക്കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, അലങ്കാരപ്പന, അലങ്കാരപ്പൂച്ചെടികള്‍ എന്നിവയിലൂടെയും ബിന്ദുവും ജോജോയും വരുമാനം നേടുന്നുണ്ട്.

ഇവരുടെ തോട്ടം മികച്ച മാതൃക കൃഷിയിടമായി  പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം (കെ വി കെ) തെരഞ്ഞെടുത്തിട്ടുണ്ട്. കെ വി കെ-യില്‍ പരിശീലനത്തിനെത്തുന്ന കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഇവരുടെ തോട്ടവും ഹോര്‍ട്ടിക്കള്‍ച്ചറല്‍ നഴ്സറിയും ഉപയോഗിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം:അഞ്ച് സെന്‍റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും


“മാസത്തില്‍ നൂറിലേറെ പേര്‍ പരിശീലനത്തിനും തോട്ടം കാണാനുമൊക്കെയായി കെവികെ കൊണ്ടുവരാറുണ്ട്,” ടീച്ചര്‍ തുടരുന്നു. “തോട്ടം കാണാന്‍ വരുന്നവര്‍ക്കൊക്കെ ബഡ്ഡിങ്ങ്, ലെയറിങ്ങ്, വളമുണ്ടാക്കല്‍, ഇവിടുത്തെ കൃഷി രീതികള്‍ ഇതൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. എല്ലാവര്‍ക്കും അതൊക്കെ പ്രയോജനപ്പെടുമല്ലോ.

“അങ്ങനെയാണ് കൃഷിയെക്കുറിച്ചും തൈയുണ്ടാക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുക്കുന്നതിന് യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ടെക് ഫ്ലോറ എന്നാണ് ചാനലിന്‍റെ പേര്.

“ചാനലില്‍ കണ്ടും കുറേ പേര് തോട്ടം കാണാന്‍ വന്നിട്ടുണ്ട്. ഇവിടെ തന്നെ തെങ്ങിന്‍ തോട്ടത്തില്‍ നിന്നെടുക്കുന്ന തേങ്ങയില്‍ നിന്നാണ് തൈയുണ്ടാക്കുന്നത്. കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വര്‍ഷം പതിനായിരം എണ്ണം ഉണ്ടാക്കുന്നുണ്ട്.

“കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്‍റെ മാതൃകാതോട്ടമായതു കൊണ്ടു തന്നെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നല്ല തൈകളാണ് ഇവിടെയുണ്ടാക്കി വില്‍ക്കുന്നത്.” വര്‍ഷം പതിനായിരം എണ്ണത്തോളം കുറ്റിക്കുരുമുളക് തൈകളും ഇവിടെ തയ്യാറാക്കുന്നു.

“കുറ്റിക്കുരുമുളക് മത്രമല്ല മരത്തില്‍ കയറുന്ന കുരുമുളക് കൊടിയും ഇവിടുണ്ട്. മുകള്‍ഭാഗത്തെ തണ്ട് മുറിച്ചെടുത്തുണ്ടാക്കുന്ന തൈ നട്ടാല്‍ മൂന്നു നാലും വര്‍ഷം കാത്തിരിക്കേണ്ട, ആദ്യ വര്‍ഷം തന്നെ വിള കിട്ടി തുടങ്ങും.

“മരമില്ലെങ്കില്‍ മുറ്റത്ത് തന്നെ ഗ്രോ ബാഗിലോ ചട്ടിയിലോ പിവിസി പൈപ്പിലോ ഇത് നടാം. അഞ്ചെട്ട് വര്‍ഷമൊക്കെ പിവിസി പൈപ്പില്‍ മുറ്റത്ത് കൃഷി ചെയ്യാം. വേഗത്തില്‍ വിളവെടുക്കാന്‍ സാധിക്കുന്ന പ്രഗതി മഞ്ഞളും (ആറ് മാസം കൊണ്ട് വിളവെടുക്കാം) വരദ ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ട്.


30 ഗ്രാം ചാക്കില്‍ നട്ടാല്‍ ഏകദേശം മൂന്നര കിലോ വരെ മഞ്ഞള്‍ കിട്ടും. വരദ ഇഞ്ചിയും നല്ല വിളവ് കിട്ടുന്നതാണ്.


ബോള്‍അരേളിയ പോലുള്ള അലങ്കാരച്ചെടികളും തൈയുണ്ടാക്കി വില്‍ക്കുന്നുണ്ട്. റംബുട്ടാന്‍, തായ്വാന്‍ ആപ്പിള്‍ ചാമ്പ, സപ്പോട്ട, പ്ലാവ്, മാവ് ഇതൊക്കെയുണ്ട്. എല്ലാം ഗ്രോബാഗിലാണ് നട്ടിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് റംമ്പൂട്ടാനില്‍ നിന്ന് 125 കിലോ പഴം കിട്ടിയെന്ന് ടീച്ചര്‍ പറയുന്നു.

സ്ഥലമില്ലെന്നു പറഞ്ഞു സങ്കടപ്പെട്ടിരിക്കേണ്ട, കൃഷി ചെയ്യാനൊരു മനസുണ്ടായാല്‍ മാത്രം മതിയെന്നാണ് ബിന്ദു പറയുന്നത്. “സ്ഥലം എവിടേയും കണ്ടെത്താം. ഗ്രോബാഗില്‍ നട്ടാലും നല്ല വിളവ് കിട്ടും.

“നല്ല കഷ്ടപ്പാടുണ്ട്, പക്ഷേ, കൃഷി തരുന്ന മാനസിക ഉല്ലാസം വലുതാണ്. ഒരുപാട് പേര്‍ക്ക് പ്രചോദനം കൂടിയാണ്. പൂര്‍ണമായും ജൈവളമാണ് ഉപയോഗിക്കുന്നത്.

മണ്ണിര കംപോസ്റ്റ് വീട്ടില്‍ തന്നെയുണ്ടാക്കുന്നുണ്ട്. പിന്നെ പശുവുണ്ട്. അതിന്‍റെ ചാണകവും വളമായി ഉപയോഗിക്കുന്നുണ്ട്.”

എന്നാല്‍ കൃഷിയും അധ്യാപനവും യുട്യൂബ് ചാനലും മാത്രമല്ല കൗണ്‍സിലിങ്ങും മോട്ടിവേഷണല്‍ ക്ലാസുമൊക്കെയെടുക്കുന്നുണ്ട് ബിന്ദു ടീച്ചര്‍.

2008-ല്‍ മികച്ച കര്‍ഷകനുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ദേശീയ പ്രൊഗ്രസീവ് ഫാര്‍മര്‍ അവാര്‍ഡ്, 2002-ല്‍ മികച്ച യുവകര്‍ഷകനുള്ള പുരസ്കാരവും ജോജോയ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥി ഇഷാന്‍, ഒമ്പതാം ക്ലാസുകാരന്‍ എമിലിയോ എന്നിവരാണ് മക്കള്‍.

***
ബിന്ദു ജോസഫിന്‍റെ യു‍ട്യൂബ് ചാനല്‍ ഇവിടെ കാണാം.


ഇതുകൂടി വായിക്കാം:10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം