4 സംസ്ഥാനങ്ങളിലെ പ്രകൃതി കര്‍ഷകരുടെ വിഷമില്ലാത്ത ഉല്‍പന്നങ്ങള്‍ 3,800 വീടുകളിലേക്കെത്തിച്ച്  മുന്‍ അധ്യാപകന്‍

കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് ഇവിടങ്ങളിലെ പ്രകൃതി കര്‍ഷകരെ നേരില്‍ പോയിക്കണ്ട് അവരില്‍ നിന്നു വിളകളെടുത്താണ് മിതമായ നിരക്കില്‍ ഈ കടയില്‍ വില്‍ക്കുന്നത്.

സ്വന്തം വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കാപ്പിയൊക്കെ കൃഷി ചെയ്തു ജീവിച്ചാല്‍ തന്നെ വയനാട് നടുവയല്‍ സ്വദേശി മാത്യൂവിന് നല്ല വരുമാനം നേടാം. ഭാര്യ അധ്യാപികയാണ്, ഏകമകള്‍ ഡോക്റ്ററും.

ഇനിയിപ്പോ കൃഷി ചെയ്യാന്‍ മടിയാണെങ്കില്‍ പെന്‍ഷന്‍ കാശും പോക്കറ്റിലിട്ട് വെറുതേയിരിക്കാം. വിശ്രമജീവിതം ആസ്വദിക്കാം…

പക്ഷേ, നടവയല്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ മുന്‍ മലയാളം മാഷിന് വെറുതേയിരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.

അതുകൊണ്ടാണ് രണ്ട് വര്‍ഷം മുന്‍പ് വിരമിച്ചതിന് ശേഷം മുഴുവന്‍ സമയ കൃഷിക്കാരനാവാന്‍ ചെയ്യാന്‍ കര്‍ണ്ണാടകത്തിലേക്ക് പുറപ്പെട്ടു. അവിടെ ഗുണ്ടല്‍പ്പേട്ടില്‍ എട്ട് ഏക്കര്‍ പണയത്തിനെടുത്താണ് കൃഷി.

പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിക്കുന്ന മാത്യുവിന്‍റെ കൃഷിയും അങ്ങനെയാണ്. സമ്പത്തിനെക്കാള്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലെ ആനന്ദമാണ് തനിക്ക് വിലപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്.

മാത്യു ടി ജെ

ഗുണ്ടല്‍പ്പേട്ടില്‍ കൃഷിയില്‍ വിജയം സ്വന്തമാക്കിയ മാത്യൂ കോഴിക്കോട് ‘തക്കാളി’ എന്ന പേരില്‍ ഒരു ജൈവപച്ചക്കറിക്കടയും നടത്തുന്നുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് ഇവിടങ്ങളിലെ രാസവളവും കീടനാശിനിയൊന്നും ഉപയോഗിക്കാത്ത കര്‍ഷകരെ നേരില്‍ പോയി കണ്ട് അവരില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണ് ഈ കടയില്‍ വില്‍ക്കുന്നത്.

ജോലിയുള്ള കാലത്തുതന്നെ കൃഷിയുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ സമയ കര്‍ഷകനാകുന്നത് സ്കൂളില്‍ നിന്ന് പെന്‍ഷനായതിന് ശേഷമാണെന്ന് മാത്യു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു മാത്യൂ. “ജോലിയുള്ള നാളിലാണ് ഗുണ്ടല്‍പ്പേട്ടിലേക്ക് വരുന്നത്. ഏഴ് വര്‍ഷം മുന്‍പ്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.

മാത്യൂവിന്‍റെ തക്കാളി കട

“പച്ചക്കറികള്‍ക്ക് കൂടുതലും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരല്ലേ നമ്മള്‍. അതിനൊരു മാറ്റം വരുത്തണം, പിന്നെ ഗുണ്ടല്‍പ്പേട്ട് പ്രദേശങ്ങളില്‍ രാസവള കൃഷി അല്ലാതെ വേറൊരു കൃഷിരീതിയും വിജയിക്കില്ലെന്ന ഒരു ധാരണയുണ്ട്. അതും തിരുത്തണമെന്നു തോന്നി.

“വയനാട് നിന്ന് ഏറെ ദൂരമില്ല ഗുണ്ടല്‍പ്പേട്ടിലേക്ക്. സുഭാഷ് പാലേക്കര്‍ കൃഷി രീതി (സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിങ്ങ്) സ്വീകരിച്ചാല്‍ പരാജയപ്പെടുമോ എന്നതായിരുന്നു ആദ്യ അന്വേഷണം. പരാജയപ്പെടില്ലെന്നു മനസിലായി. അതായത് സാമ്പത്തിക വിജയം നേടാമെന്നല്ല, കൃഷി വിജയിപ്പിക്കാമെന്നതാണ്.

“കൃഷി വിജയമായിരുന്നു.  പാലേക്കര്‍ രീതി അനുസരിച്ചുള്ള  പ്രകൃതികൃഷി രീതിയാണ് പിന്തുടരുന്നത്. എല്ലാത്തരം പച്ചക്കറിയും ഇവിടെയുണ്ട്. വാഴ, പപ്പായ, തക്കാളി, കാബേജ്, വഴുതന, വെണ്ടയ്ക്ക, ഇഞ്ചി, പച്ചമുളക്, പയര്‍ ഇങ്ങനെ കുറേയുണ്ട്,

“പാട്ടത്തിനെടുത്ത എട്ടേക്കര്‍ ഭൂമിയും പലയിടങ്ങളിലായിട്ടാണ്. കഴിഞ്ഞ വര്‍ഷം നട്ട 1,000 തക്കാളി തൈകളില്‍ നിന്ന് അഞ്ച് ടണ്‍ തക്കാളിയാണ് കിട്ടിയത്. ഇത്രയും വിളവ് രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് പോലും കിട്ടിയില്ല.

“കൃത്യമായ സീസണിലാണ് കൃഷിയിറക്കിയത്. കാലാവസ്ഥ ഒത്തുവരികയും പരിപാലനം കൃത്യമാകുകയും ചെയ്താല്‍ നല്ല വിളവ് കിട്ടും. എല്ലായ്പ്പോഴും ഇത്രയേറെ അളവില്‍ വിളവ് ലഭിക്കണമെന്നില്ല,” അദ്ദേഹം പറയുന്നു.

“പിന്നെ ഗുണ്ടല്‍പ്പേട്ട മരുഭൂമി പോലുള്ള പ്രദേശമാണ്. പച്ചക്കറി കൃഷിയ്ക്ക് അനുയോജ്യമായ ഇടമല്ല. കാരണം ഇവിടെ മഴയില്ല, മഴയില്ലാത്ത ഭൂമിയില്‍ എങ്ങനെയാണ് പച്ചക്കറിയുണ്ടാകുക. കിണര്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടിയെന്നു വരില്ല,” കുഴല്‍കിണറിനെയാണ് ആശ്രയിക്കുന്നതെന്നു മാത്യു.

മാത്യുവിന്‍റെ കൃഷിത്തോട്ടം

രാസവളങ്ങളൊന്നും ഉപയോഗിക്കാതെയുണ്ടാക്കുന്ന ജൈവവിളകള്‍ക്ക്  വിപണിയില്‍ വന്‍ വിലയാണ് ഈടാക്കുന്നത്. എന്തിനാണ് അധിക വില വാങ്ങുന്നതെന്ന ചിന്തയാണ് മാത്യൂവിനെ ‘തക്കാളി’യിലേക്കെത്തിക്കുന്നത്.

മിതമായ നിരക്കില്‍ വിഷമില്ലാത്ത പച്ചക്കറി വില്‍ക്കുന്ന കടയാണ് തക്കാളി. കോഴിക്കോട് സര്‍ക്കാര്‍ സംരംഭമായ വേങ്ങേരി കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തിലാണ് തക്കാളിയുടെ പ്രവര്‍ത്തനം.

ആളുകള്‍ക്ക് വിഷമില്ലാത്ത ഉത്പന്നങ്ങള്‍ കിട്ടുന്നുവെന്നു മാത്രമല്ല കര്‍ഷകര്‍ക്കും ആശ്വാസമാണ് മാത്യൂവിന്‍റെ സംരംഭം. കര്‍ഷകരില്‍ നിന്നു നേരിട്ട് വാങ്ങുന്നതിലൂടെ അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നു. പാലേക്കര്‍ കൃഷി രീതി പിന്തുടരുന്ന കര്‍ഷകരില്‍ നിന്നാണ്  മാത്യു ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്.

“നഗരങ്ങളില്‍ അല്‍ഫോണ്‍സ് പോലുള്ള മാമ്പഴങ്ങള്‍ക്കൊക്കെ 150-ന് മുകളിലാണ് വില. പക്ഷേ താക്കാളിയില്‍ ഈ മാമ്പഴം 90 രൂപയ്ക്ക് വില്‍ക്കാനാകുന്നുണ്ട്,”  മാത്യൂ പറയുന്നു.

“പക്ഷേ എല്ലായ്പ്പോഴും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ പറ്റിയെന്നും വരില്ല. കൃഷിക്കാര്‍ക്കും ലാഭം വേണമല്ലോ. എന്നാല്‍ ജൈവ ഉത്പന്നങ്ങള്‍ക്ക് പൊതുവിപണിയിലുള്ള വിലയുമായി ഒത്തുനോക്കുമ്പോള്‍ വളരെ മിതമായ നിരക്കില്‍ തക്കാളിയില്‍ വില്‍ക്കാനാകുന്നുണ്ട്.

“വയനാട് ബത്തേരിയിലും മാനന്തവാടിയിലും കടയുണ്ടായിരുന്നു. അതിനു ശേഷമാണ് കോഴിക്കോട്ടേക്ക് വരുന്നത്. എല്ലാ കടകള്‍ക്കും തക്കാളി എന്നു തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്.

“ഒരുപാട് കര്‍ഷകരില്‍ നിന്നു പച്ചക്കറികളെടുക്കുന്നുണ്ട്. കൂട്ടത്തില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തെ കര്‍ഷകരില്‍ നിന്നാണ് കൂടുതലായി വാങ്ങുന്നത്. പുളിയംപെട്ടി എന്ന ഗ്രാമത്തില്‍ കര്‍ഷകരുടെ ഗംഭീര കൂട്ടായ്മയുണ്ട്. അയ്ന്തുണൈ എന്നാണതിന്‍റെ പേര്. നാച്ചുറല്‍ ഫാമിങ് ഗ്രൂപ്പാണിത്.

തക്കാളിയിലേക്ക് ആവശ്യമായ ഒരുവിധം എല്ലാ സാധനങ്ങളും ഇവിടെ കിട്ടും. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാല്‍, ഏതു സമയത്ത് ചെന്നു ചോദിച്ചാലും എല്ലാത്തരം പച്ചക്കറിയും കിട്ടിയെന്നു വരില്ല,” അദ്ദേഹം വിശദമാക്കുന്നു.

ഓരോ സീസണ്‍ അനുസരിച്ച് ഉല്‍പന്നങ്ങള്‍ വ്യത്യാസപ്പെടും. ഊട്ടിയില്‍ നിന്നുള്ള ജൈവകര്‍ഷകരില്‍ നിന്നാണ് അദ്ദേഹം ശീതകാല പച്ചക്കറികള്‍ അധികവും വാങ്ങുന്നത്.

എര്‍ത്ത് ഫാമിങ് എന്ന ജൈവകൃഷി സംഘത്തിലെ മാനെജറായിരുന്ന സതീഷ് കുമാറാണ് ഊട്ടയിലെ കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിക്കാന്‍ മാത്യുവിനെ സഹായിക്കുന്നത്.

ഇതിന് പുറമെ മൈസൂര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കും തക്കാളിയിലൂടെ കേരളത്തില്‍ വിപണി തുറക്കാന്‍ സാധിച്ചു. ഗുണ്ടല്‍പേട്ടിലെ മാത്യുവിന്‍റെ തോട്ടത്തില്‍ നിന്നുള്ളവയും വയനാട്ടിലെ പ്രകൃതികര്‍ഷകരുടെ വിളകളും ഇവിടേയ്ക്കെത്തുന്നു.

“കൊയിലാണ്ടിയില്‍ നിന്നാണ് വെളിച്ചെണ്ണ എടുക്കുന്നത്. രക്തശാലി അരി കോഴിക്കോട് നിന്നു തന്നെ കിട്ടുന്നുണ്ട്. ഉത്പന്നങ്ങളെടുക്കുന്നതിന് ഇവിടങ്ങളിലൊക്കെ നേരില്‍ പോകുകയാണ് പതിവ്.

“സ്വന്തം വണ്ടിയില്‍ നമ്മള്‍ തന്നെ പോയി പച്ചക്കറിയും നെല്ലും എണ്ണയുമൊക്കെ എടുത്തു കൊണ്ടുവരും. കൊറോണ വന്നതോടെയാണ് പാഴ്സല്‍ സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നത്,” എന്ന് മാത്യൂ.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തക്കാളിയിലേക്ക് പച്ചക്കറികളെത്തുന്നത്. പച്ചക്കറികളെത്തിയാല്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഉപഭോക്താക്കളെ വിവരം അറിയിക്കും.

“15 വാട്‍സ്ആപ്പ് ഗ്രൂപ്പുകളിലായി ഏതാണ്ട് 3,800 അംഗങ്ങളുണ്ടാകും. ഏതൊക്കെ പച്ചക്കറികള്‍ തക്കാളിയിലുണ്ടെന്നും അവയുടെ വിലയും ചിത്രവുമൊക്കെ ഗ്രൂപ്പിലിടും. പച്ചക്കറികളുടെ മാത്രമല്ല കടയിലെ എല്ലാ സാധനങ്ങളുടെയും വിവരങ്ങള്‍ ഗ്രൂപ്പിലുണ്ടാകും,” മാത്യു തുടരുന്നു.

“പതിവ് ഉപഭോക്താക്കളാണ് കൂടുതലും. കെമിക്കലുകള്‍ അടങ്ങാത്ത നല്ല ഉത്പന്നമാണ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. അക്കാര്യത്തില്‍ എനിക്ക്  നിര്‍ബന്ധമുണ്ട്,” അദ്ദേഹം പറഞ്ഞു.

“ഇനിയിപ്പോ തക്കാളിയില്‍ നിന്നു വാങ്ങി കൊണ്ടുപോയ മാമ്പഴത്തില്‍ പുഴുവുണ്ടായിരുന്നുവെന്നു പറഞ്ഞാമതി, നമ്മള്‍ തിരിച്ചെടുക്കും, പകരം വേറെ കൊടുക്കുകയും ചെയ്യും.

“പണം നല്‍കി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടമാകരുതല്ലോ. ലാഭം കിട്ടിയേ അടങ്ങൂ എന്നതൊരു ടാര്‍ഗറ്റ് അല്ല. നഷ്ടം വരാതെയിരിക്കണം എന്നത് ഞങ്ങളുടെയൊരു ടാര്‍ഗറ്റ് ആണ്,” അദ്ദേഹം വ്യക്തമാക്കി.

“നേരത്തെ പറഞ്ഞില്ലേ, ഒരു കിലോ മാമ്പഴം 90 രൂപയ്ക്ക് കൊടുക്കാന്‍ സാധിക്കുന്നുവെന്ന്. മാമ്പഴം മാത്രമല്ല തക്കാളിയിലെ ഉത്പന്നങ്ങളൊക്കെയും മിതമായ നിരക്കിലാണ് വില്‍ക്കുന്നത്.

“സാധാരണ ജൈവ അരിക്ക് 90ന് മുകളിലൊക്കെയാണ് വില. പക്ഷേ തക്കാളിയില്‍ മട്ട അരി 70 രൂപയ്ക്കും. ന്യായവിലയ്ക്ക് ആവശ്യക്കാരന് നല്‍കാന്‍ സാധിക്കുന്നു.

“മീഞ്ചന്ത ഗവ:ആര്‍ട്സ് കോളെജിലെ അധ്യാപകന്‍ ഡോ.ജോണി വടക്കേലിന്‍റ പിന്തുണയാണ് തക്കാളിയുമായി മുന്നോട്ടു പോകാനുള്ള എന്‍റെ പിന്‍ബലം. അദ്ദേഹമാണ് വാട്‍സ്ആപ്പ് ഗ്രൂപ്പിന്‍റെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്.

“എന്നാല്‍ ചിലപ്പോഴൊക്കെ നഷ്ടം വരുന്നുമുണ്ട്,” എന്ന് മാത്യു.  പാലക്കാടും വടകരയിലും തക്കാളിയുടെ പുതിയ ശാഖകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് അദ്ദേഹം.


ഇതുകൂടി വായിക്കാം:വൈകിക്കിട്ടിയ പെന്‍ഷനില്‍ നിന്ന് 1.87 ലക്ഷം രൂപ കൊടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് ടാബ് വാങ്ങി നല്‍കിയ അധ്യാപകന്‍


തക്കാളിയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളിൽ ഞാൻ അതീവ സംതൃപ്തനാണ്. മറ്റ് കടകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ന്യായമായ വിലയേ ഉള്ളൂ. നല്ല ഫ്രഷ് ആയ ഉത്പന്നങ്ങളും ഇവിടെ കിട്ടുന്നുണ്ട്,” തക്കാളിയിലെ ഉപഭോക്താവായ കൃഷ്ണകുമാര്‍ പറയുന്നു.

കാപ്പിക്കൃഷിയിലേക്കിറങ്ങാതെ ഗുണ്ടല്‍പ്പേട്ടിലേക്ക് പോയതെന്തിന്? അതിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ട്.

“കാപ്പി കൃഷി ചെയ്യാന്‍ ഞാന്‍ വേണോ,” എന്നാണ് പെട്ടെന്നുള്ള മറുപടി.

പ്രകൃതി കൃഷി വിജയകരമായി ചെയ്യാമെന്നു കാണിച്ചു കൊടുക്കുകയാണു ലക്ഷ്യമെന്നു ആ മുന്‍ അധ്യാപകന്‍. “നാട്ടിലെ കാപ്പി കൃഷിയൊക്കെ നോക്കി വലിയ വരുമാനം നേടിയിട്ട്, ഞാന്‍ പ്രകൃതി കര്‍ഷകനാണെന്നു പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടോ.

“വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയല്ലേ വേണ്ടത്. കൃഷി ചെയ്തു കുറേ സമ്പാദിക്കണം എന്നൊന്നും ആഗ്രഹമില്ല. പണക്കാരനായി ജീവിക്കാനല്ല പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

“524 സ്ക്വയര്‍ ഫീറ്റ് ഉള്ള വീടാണ് എന്‍റേത്. എട്ടൊമ്പത് വര്‍ഷം മുന്‍പ് പണിതതാണ്. ഞാനും ഭാര്യയും അധ്യാപകരല്ലേ. (നാട്ടുനടപ്പനുസരിച്ച്) കുറഞ്ഞത് 3,500 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീടല്ലേ പണിയേണ്ടത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നിയേക്കാം. വലിയ വീട് എന്നൊക്കെയുള്ളത് ഒരു പൊങ്ങച്ചമല്ലേ.

“റിട്ടയര്‍ ചെയ്തിട്ട് ഒരു ഗ്രാം സ്വര്‍ണം ഞാന്‍ എന്‍റെ മോള്‍ക്ക് വേണ്ടി വാങ്ങി വച്ചില്ല. പെണ്ണല്ലേ സ്വര്‍ണമൊക്കെ കൊടുത്ത് കെട്ടിച്ചു വിടണമെന്നതാണല്ലോ പൊതുധാരണകള്‍.


മോളോട് നേരത്തെ പറഞ്ഞിട്ടുണ്ട്, നിനക്ക് പറ്റിയ ആളെ നീ തന്നെ കൂട്ടിക്കൊണ്ടു വന്നോ എന്ന്.


“അല്ലാതെ സ്വര്‍ണത്തില്‍ നിറച്ച് എവിടെയെങ്കിലും അണിയിച്ചു നിറുത്തുമെന്ന മോഹമൊന്നും വേണ്ട, അങ്ങനെ വല്ല ആഗ്രഹോം ഉണ്ടെങ്കില്‍ തന്നെ ചെയ്തോണമെന്ന്.

“മോള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്തോ എന്നാ പറഞ്ഞിരിക്കുന്നത്. പഠിച്ച് അവള്‍ ജോലി നേടി. ഇനി അവളുടെ കാര്യങ്ങളൊക്കെ മോള് തന്നെ നോക്കി കൊള്ളും. സ്വര്‍ണം വാങ്ങിക്കുകയോ സമ്പാദിക്കുകയോ എന്തു വേണമെങ്കിലും ആകാം.

“കുട്ടിക്കാലത്ത് അവളുടെ കാത് കുത്തിയില്ലെന്നു പറഞ്ഞു വലിയ വിപ്ലവമായിരുന്നു. സ്വര്‍ണം ഇട്ടോട്ടേ നല്ലത് തന്നെ, ഓട്ട വച്ച് കുത്തി സ്വര്‍ണം ഇടീക്കണോ.

“പിന്നീട് മെഡിസിന് പഠിക്കുന്ന നാളിലെന്തോ ആണ് കാത് കുത്തിയതെന്നു തോന്നുന്നു. എനിക്ക് അതൊന്നും പ്രശ്നമല്ല. ചെവി നിറയെ കമ്മല്‍ ഇട്ടു നടന്നാലും എന്നെ ബാധിക്കില്ല.

പെന്‍ഷന്‍ തുക ഉപയോഗിച്ച് മോള്‍ക്ക് സ്വര്‍ണം വാങ്ങാതെ ഗുണ്ടല്‍പ്പേട്ടില്‍ ചെലവഴിക്കുമ്പോ എനിക്കൊരു മനസാക്ഷിക്കുത്തുമില്ല. വളര്‍ത്താനുള്ള ഉത്തരവാദിത്വമാണ് എനിക്കുള്ളത്. അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കേണ്ടത് അവള്‍ തന്നെയാണ്.

“മോള്‍ക്കും ഭാര്യയ്ക്കും ഇതൊക്കെ മനസിലാകുന്നത് കൊണ്ടാണ് ഗുണ്ടല്‍പ്പേട്ടില്‍ കൃഷി ചെയ്യാനാകുന്നത്. ഞാനിങ്ങനെയൊക്കെയാണെന്നു കരുതി ആരും ഇതുവരെ കളിയാക്കി എന്‍റെയടുക്കല്‍ വന്നിട്ടുമില്ല.

“എന്നെ പരിഹസിക്കാനുള്ള ചങ്കൂറ്റം എന്‍റെ കൂട്ടത്തിലുള്ള ആര്‍ക്കുമില്ല. പിന്നെ പറഞ്ഞാല്‍ പറഞ്ഞതു പോലെ ജീവിക്കണം. അല്ലാതെ വെറുതേ ആശയങ്ങള്‍ പറഞ്ഞു നടക്കുകയും വേറെ തരത്തില്‍ ജീവിക്കുകയും ചെയ്താല്‍ പരിഹസിച്ചെന്നു വരും,” മാത്യൂ പറഞ്ഞു.

കൊച്ചുറാണിയെന്നാണ് ഭാര്യയുടെ പേര്. മകള്‍ പാര്‍വതി നാച്ചുറോപ്പതി ഡോക്റ്ററാണ്.


ഇതുകൂടി വായിക്കാം:വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്‍റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം