Sooraj Appu Kerala's youngest natural farmer

ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍

പതിനഞ്ച് ഏക്കറില്‍ ജൈവ പച്ചക്കറി, വിവിധയിനം പഴങ്ങള്‍, നിരവധി നെല്ലിനങ്ങള്‍, സൂരജ് എന്ന 21-കാരന്‍ കര്‍ഷകന്‍റെ കഥ. കൃഷി 70 ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്

ഞ്ച് വര്‍ഷം മുമ്പ് കേരളത്തിലെ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കുമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ വയനാടുകാരന്‍ സൂരജ് പുരുഷോത്തമന്‍ ഒരു പൊടിമീശക്കാരന്‍ പയ്യനായിരുന്നു. കൃഷിയില്‍ സ്വന്തം അനുഭവം വിവരിക്കുകയായിരുന്നു ആ കുട്ടിക്കര്‍ഷകന്‍.

ആ കുഞ്ഞ് ജൈവകര്‍ഷകന്റെ അനുഭവങ്ങള്‍ എം എല്‍ എമാര്‍ കൗതുകത്തോടെ കേട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചാണ് സൂരജ് മടങ്ങിയത്.

സൂരജ് പുരുഷോത്തമന്‍

നന്നേ ചെറുപ്പത്തില്‍ തന്നെ അപ്പു എന്ന് കൂട്ടുകാരും വീട്ടുകാരുമൊക്കെ വിളിക്കുന്ന സൂരജ് കൃഷിപ്പണി തുടങ്ങിയിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരൊക്കെ കളിക്കാനോടുമ്പോള്‍ മത്തന് പൂവന്നോ, വെണ്ടയ്ക്കായ് പറിക്കാറായോ, പാവയ്ക്കയില്‍ കീടങ്ങളുണ്ടോ എന്നൊക്കെ നോക്കാന്‍ അപ്പു അമ്മ ഉഷയുടെ അടുക്കളത്തോട്ടത്തിലേക്കാണ് ഓടിച്ചെന്നിരുന്നത്. കുറച്ചുകൂടി വലുതായപ്പോള്‍ അമ്മയുടെ തോട്ടത്തിലെ ചീരയും, പാവലും മറ്റു പച്ചക്കറികളുമെല്ലാം വളര്‍ത്തിയെടുക്കുന്ന ചുമതല കക്ഷി സ്വയം അങ്ങേറ്റെടുത്തു.


കൃഷിയിലുള്ള ആ സ്‌കൂള്‍ കുട്ടിയുടെ താല്‍പര്യം ലവലേശം കുറഞ്ഞില്ലെന്ന് മാത്രമല്ല, കൃഷിക്കമ്പം ഓരോ ദിവസവും കൂടിക്കൂടി വന്നതേയുള്ളൂ.


വീട്ടിലെ കൃഷിയുടെ ചുമതല സ്വയം ഏറ്റെടുത്തതോടെ പതിയെ പതിയെ അത് വ്യാപിപ്പിക്കാന്‍ തുടങ്ങി. കൃഷിപ്പണിയില്‍ മുഴുകുന്ന സമയം കൂടിക്കൂടി വന്നു.
മണ്ണില്‍ കിളച്ചു വിത്ത് പാകി, വരമ്പ് കോരി ഗോമൂത്രവും ചാണകവും വളമാക്കിയിട്ട് രാസവളപ്രയോഗങ്ങള്‍ തൊടാതെ സൂരജ് അന്ന് വിളയിച്ചിരുന്ന പച്ചക്കറികള്‍ക്ക് ഒരു പ്രത്യേക രുചിയുണ്ടായിരുന്നുവെന്ന് അച്ഛന്‍ മാതമംഗലം ചിറമ്പകത്ത് സുരേഷും അമ്മ ഉഷയും പറയുന്നു. അതുകൊണ്ട് അവര്‍ അവനെ പിന്തിരിപ്പിക്കാനൊന്നും പോയില്ല.


ഇതുകൂടി വായിക്കാം: നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ


കൃഷിയിലുള്ള ആ സ്‌കൂള്‍ കുട്ടിയുടെ താല്‍പര്യം ലവലേശം കുറഞ്ഞില്ലെന്ന് മാത്രമല്ല, കൃഷിക്കമ്പം ഓരോ ദിവസവും കൂടിക്കൂടി വന്നതേയുള്ളൂ. നാട്ടിലുള്ള കര്‍ഷകരുടെ അടുത്തുചെന്ന് അവര്‍ ചെയ്യുന്നത് കണ്ടും ചോദിച്ചും പഠിച്ചായിരുന്നു സൂരജ് കളത്തിലിറങ്ങിയത്.


മകന്‍റെ ഇഷ്ടം അതാണെന്ന് കണ്ടപ്പോള്‍ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സൂരജ് വി എച്ച് എസ് സി യില്‍ കൃഷി ഇഷ്ടവിഷയമായി എടുത്തു. അപ്പോഴേക്കും ആ പയ്യന്‍ വയനാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനായിക്കഴിഞ്ഞിരുന്നു.


ഒരു പാട്‌പേര്‍ക്ക് ജൈവകൃഷിയിലേക്കിറങ്ങാന്‍ പ്രചോദനമായിട്ടുണ്ട് ഈ യുവാവ്.


സൂരജിനിപ്പോള്‍ 21 വയസ്സ്. കേരള കാര്‍ഷിക സര്‍വ്വകാലശാലയില്‍ ബി എസ് എസി പഠനം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരു പാട്‌പേര്‍ക്ക് ജൈവകൃഷിയിലേക്കിറങ്ങാന്‍ പ്രചോദനമായിട്ടുണ്ട് ഈ യുവാവ്. 2017 നവംബറില്‍ ഡെല്‍ഹിയില്‍ നടന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചു. കുഞ്ഞുപ്രായത്തിലേ തന്നെ സംസ്ഥാന യുവകര്‍ഷക പ്രതിഭാ പുരസ്‌കാരം നേടി. സംസ്ഥാന സര്‍ക്കാറിന്‍റെ ജൈവകേരളം പദ്ധതിയുടെ അംബാസിഡറുമായി. നിരവധി അവാര്‍ഡുകള്‍ വേറെ.


ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍


അവാര്‍ഡുകളും അഭിനന്ദനങ്ങളുമൊന്നും ആ തലയ്ക്ക് പിടിച്ചിട്ടില്ല. കൃഷിയുടെ ആനന്ദം, സ്വന്തമായി വിളയിച്ചെടുക്കുന്ന നല്ല ഭക്ഷണം കഴിക്കുന്നതിന്‍റെ തൃപ്തി. കര്‍ഷകര്‍ക്ക് സ്വന്തം അനുഭവങ്ങള്‍ പകര്‍ന്ന്, അവരില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് മുന്നോട്ടുതന്നെ പോകുന്നതിന്‍റെ സന്തോഷം. അതൊക്കെയാണ് സൂരജിന്‍റെ ഫേസ്ബുക്ക് കൂട്ടത്തിലും ചര്‍ച്ചകളിലും നിറഞ്ഞുനില്‍ക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ കീടനാശിനികളുടെ ദോഷവശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഈ യുവകര്‍ഷകന്‍ ഇടുന്ന പോസ്റ്റുകള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ സൂരജ് അപ്പു എന്ന പേരില്‍ ആരംഭിച്ച ആ ഫേസ്ബുക്ക് പേജിന്‍റെ ഉടമയെ സൈബര്‍ ലോകം ഏറ്റെടുത്തു. കൃഷി സംബന്ധമായ എല്ലാപ്രശ്‌നങ്ങള്‍ക്കും തന്നാല്‍ ആവും വിധം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു ഈ കര്‍ഷന്‍. നിരവധിളുകള്‍ ജൈവകൃഷിയിലേക്ക് എത്തുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് സൂരജ് പറയുന്നു.

വഴിത്തിരിവായത് പാലേക്കര്‍

കുട്ടിക്കാലം മുതല്‍ക്ക് കൃഷിയും കൃഷി രീതികളും ഏറെ ഇഷ്ടമായിരുന്നുവെങ്കിലും ഒരു കര്‍ഷകനായി ജീവിക്കണം എന്നും വരുമാനം കണ്ടെത്തണം എന്നുമുള്ള ആഗ്രഹം സൂരജിന്റെ മനസിലേക്ക് വരുന്നത് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഒരു സെമിനാറാണ്. അതൊരു വേനലവധിക്കാലമായിരുന്നു. സുഭാഷ് പാലേക്കറുടെ ചെലവില്ലാകൃഷി (സീറോ ബഡ്ജറ്റ് ഫാമിങ്ങ്)യെക്കുറിച്ചുള്ള ശില്‍പശാലയായിരുന്നു അത്. ചെലവില്ലാകൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തന്നെയാണ് ക്ലാസ്സുകള്‍ എടുത്തത്.

ആ സെമിനാറില്‍ നിന്ന് കിട്ടിയ അറിവുകളും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. കൃഷി നഷ്ടത്തിലാണ് എന്ന് പറഞ്ഞു കര്‍ഷകര്‍ കളമൊഴിയുന്ന ആ കാലഘട്ടത്തില്‍ മണ്ണില്‍ നിന്നും മികച്ച വരുമാനം കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിക്കണമെന്ന ആഗ്രഹവുമായാണ് സൂരജ് വീട്ടിലെത്തിയത്.

വീട്ടില്‍ തിരിച്ചെത്തിയ സൂരജ് പലേക്കര്‍ പറഞ്ഞ കൃഷി രീതികളെപ്പറ്റി കൂടുതല്‍ പഠിച്ചു. അങ്ങനെ പതിനഞ്ചാം വയസ്സില്‍ തന്നെ സൂരജ് തന്നിലെ കര്‍ഷകനെ കണ്ടെത്തുകയായിരുന്നു. തന്‍റെ കൃഷിയിടത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കില്ലെന്നും ദൃഢനിശ്ചയമെടുത്തുകൊണ്ടാണ് സൂരജ് തന്‍റെ കൃഷിയിടത്തില്‍ ആദ്യത്തെ വിത്ത് വിതച്ചത്.


ആദ്യ വിളവെടുപ്പില്‍ തന്നെ നൂറുമേനി വിളവുണ്ടാക്കാനായതോടെ ഈ കുട്ടിക്കര്‍ഷകന്‍ ശ്രദ്ധിക്കപ്പെട്ടു.


നിലവില്‍ ഉണ്ടായിരുന്ന കൃഷിയിടത്തെ കൂടുതല്‍ ഭൂമിയിലേക്ക് വ്യാപിപ്പിച്ചു. തുടക്കത്തില്‍ പരസഹായമില്ലാതെ തന്നെയാണ് തന്‍റെ കൃഷിയിടം സൂരജ് വികസിപ്പിച്ചിരുന്നത്. പിന്നീട് മകന് കൃഷിയിലുള്ള താല്പര്യം മനസിലാക്കി മാതാപിതാക്കളും കൃഷിയുടെ ഭാഗമായി.

ഇവിടെയില്ലാത്ത പച്ചക്കറികളില്ല

കാബേജ്, പാവയ്ക്ക, ചേന, തക്കാളി, കാപ്സിക്കം, ബീന്‍സ്, പച്ചമുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, നേന്ത്രക്കായ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് നാല് ഏക്കറോളം വരുന്ന സൂരജിന്‍റെ കൃഷിയിടത്തില്‍ ആദ്യം സ്ഥാനം പിടിച്ചത്. ആദ്യ വിളവെടുപ്പില്‍ തന്നെ നൂറുമേനി വിളവുണ്ടാക്കാനായതോടെ ഈ കുട്ടിക്കര്‍ഷകന്‍ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഓരോ വര്ഷം കഴിയുംതോറും സൂരജ് തന്‍റെ കൃഷിയിടത്തില്‍ വലുപ്പം വര്‍ധിപ്പിച്ചു വന്നു. പ്ലസ് ടുവിന് ശേഷം ബി എസ് സി അഗ്രിക്കള്‍ച്ചര്‍ പഠനത്തിനായി തൃശ്ശൂരിലേക്ക് പോയെങ്കിലും അവധി ദിവസങ്ങളില്‍ ഓടിയെത്തി തന്‍റെ കൃഷി മുന്നോട്ട് കൊണ്ട് പോകാന്‍ ഈ യുവ കര്‍ഷകന്‍ ശ്രദ്ധിക്കുന്നു.


ഇതുകൂടി വായിക്കാം: കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍


ആദ്യം നാലേക്കറില്‍ ഉണ്ടായിരുന്ന കൃഷി പിന്നീട് ഏഴു ഏക്കറിലേക്കും തുടര്‍ന്ന് പത്തേക്കറിലേക്കും വികസിപ്പിച്ചു. ഇപ്പോള്‍ 15 ഏക്കര്‍ സ്ഥലത്താണ് ഈ യുവകര്‍ഷകന്‍ ജൈവകൃഷി ചെയ്യുന്നത്. പച്ചക്കറികള്‍ക്ക് പുറമെ ഇപ്പോള്‍ നിരവധി പഴവര്‍ഗങ്ങളും സൂരജ് കൃഷി ചെയ്യുന്നു.


ആ ഒരു ഉറപ്പിലാണ് ഞാന്‍ പച്ചക്കറിക്ക് പുറമെ ലിച്ചി, മാംഗോസ്റ്റിന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും കൃഷി ചെയ്യാന്‍ തുടങ്ങിയത്.


”വിഷമടിക്കാത്ത, ശുദ്ധമായ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും എന്നും വിപണിയുണ്ട്. ആ ഒരു ഉറപ്പിലാണ് ഞാന്‍ പച്ചക്കറിക്ക് പുറമെ ലിച്ചി, മാംഗോസ്റ്റിന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും കൃഷി ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ തവണ ലിച്ചി വിളവെടുത്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനാല്‍ ഇത്തവണ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയാണ്,” സൂരജ് നിറഞ്ഞ ആത്മവിശ്വാസത്തിലാണ്.

പച്ചക്കറികള്‍ക്കും ഫലവര്ഗങ്ങള്‍ക്കും പുറമെ പലതരം നാടന്‍ നെല്ലിനങ്ങളും സൂരജ് കൃഷി ചെയ്യുന്നുണ്ട്. തവിട് കൂടിയ ബ്ലാക്ക് റൈസ്, മുള്ളന്‍ കയമ, എന്നീ പോഷകഗുണം ഏറെയുള്ള നെല്ലിനങ്ങളാണ് സൂരജ് തന്‍റെ കൃഷിയിടത്തില്‍ ഒരുക്കിയിരിക്കുന്നത്. നെല്ല് പുഴുങ്ങി അരിയാക്കി എടുക്കുന്നതും ഇവിടെ നിന്ന് തന്നെയാണ്. ഇപ്പോള്‍ നെല്ലിനൊപ്പം ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവിളകളുമുണ്ട്.

ബസുപിടിച്ചുവരുന്ന ജൈവപച്ചക്കറി

ജൈവപച്ചക്കറികളും പഴവര്‍ഗങ്ങളും സൂരജ് കേരളത്തിലുടനീളം വിതരണം ചെയ്യുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജൈവ പച്ചക്കറി ഷോപ്പുകള്‍ തുടങ്ങിയവ വഴിയാണ് വിതരണം. പാഴ്സലാക്കി ബസുകളില്‍ കയറ്റി അയക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നെല്ലാം ഇത്തരത്തില്‍ എത്തുന്ന പച്ചക്കറിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സൂരജ് പറയുന്നു.


ഇതുകൂടി വായിക്കാം: അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ


”ജൈവരീതിയില്‍ ഉള്ള ഉല്‍പ്പാദനം ആയതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില അല്പം കൂടുതലാണ്. വിപണി പിടിക്കുന്നതിനു ഈ വിലക്കൂടുതല്‍ ഒരു പ്രശ്‌നമാകുമോ എന്ന് ഞാന്‍ ആദ്യം ഭയന്നിരുന്നു. എന്നാല്‍ മികച്ച ഗുണനിലവാരമുള്ള ഉല്പന്നമായതിനാല്‍ ആളുകള്‍ക്ക് വില ഒരു പ്രശ്‌നമായി തോന്നിയില്ല.

വൈകിട്ട് തോട്ടത്തില്‍ നിന്നും പറിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കടകളിലേക്ക് ഉടനെ എത്തിക്കുന്നു. പച്ചക്കറി വില്‍ക്കാതെ ബാക്കി വന്ന ചര്ധിത്രം ഉണ്ടായിട്ടില്ല. പഴവര്ഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ സ്ഥലത്തേക്ക് ഓരോ വര്‍ഷവും കൃഷി വികസിപ്പിക്കുന്നതും. യഥാര്‍ത്ഥത്തില്‍ മായമില്ലാതെ നല്ല ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് എങ്കില്‍ എന്നും മികച്ച വരുമാനം നല്‍കുന്ന ഒന്നാണ് കൃഷി എന്നതില്‍ സംശയം വേണ്ട,” സൂരജ് ഉറപ്പിച്ച് പറയുന്നു.

പ്രോജക്റ്റ് എര്‍ത്ത് വേം

കൃഷിയെയും ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങളേയും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതിയുടെ പണിപ്പുരയിലാണ് സൂരജ് ഇപ്പോള്‍.

ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒരു ബ്രാന്‍ഡ് നെയിമില്‍ ജനങ്ങളിലേക്ക് എത്തുന്നതിനായാണ് പ്രോജക്റ്റ് എര്‍ത്ത് വേം രൂപീകരിച്ചത് എന്ന് യുവകര്‍ഷകന്‍ പറയുന്നു. ഇതേ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഒരു കൂട്ടായ്മയാണ് ഇത്. വിഷം ചേര്‍ക്കാത്ത അരി, ധാന്യങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനാ. താമസിയാതെ പ്രോജക്റ്റ് എര്‍ത്ത് വേം പ്രവര്‍ത്തനമാരംഭിക്കും.

തന്‍റെ കൃഷിയിടത്തില്‍ സൂരജ് പരീക്ഷിക്കുന്ന പുതിയ ആശയമാണ് ആനന്ദ ഫാര്‍മിംഗ്. കൃഷിയിലൂടെ ആളുകളെ ഒന്നിപ്പിക്കുകയെന്നതാണ് ആനന്ദ ഫാര്‍മിംഗിന്‍റെ ലക്ഷ്യം. വിത്ത് പാകുന്നതിനു വിളവ് എടുക്കുന്നതിനും എല്ലാം സമീപവാസികളെയും യാത്രികരെയും സഞ്ചാരികളെയുമെല്ലാം ഉള്‍പ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കൃഷി എല്ലാവര്‍ക്കും ആനന്ദം പകരട്ടെ എന്ന ആശയമാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്.


ഇതുകൂടി വായിക്കാം: “അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍


അടുത്ത വര്‍ഷം ബി എസ് സി പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തും. പിന്നെ, നെല്‍കൃഷി 70 ഏക്കറിലേക്ക് വികസിപ്പിക്കണം, സൂരജ് തന്‍റെ ആഗ്രഹങ്ങള്‍ പങ്കുവെച്ചു.

നാട്ടിലില്ലാത്തതിനാല്‍ ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സൂരജ് വീട്ടിലെ കൃഷി നടത്തുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പം അനിയത്തി സൂര്യ പാര്‍വതി കൂടി കൃഷിക്കമ്പക്കാരായി മാറിയതിനാല്‍ സൂരജിന് അല്ലലില്ലാതെ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് ആത്മവിശ്വാസമുണ്ട്.

സൂരജിനെ ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം: 8547570865

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം