വൈകിക്കിട്ടിയ പെന്‍ഷനില്‍ നിന്ന് 1.87 ലക്ഷം രൂപ കൊടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് ടാബ് വാങ്ങി നല്‍കിയ അധ്യാപകന്‍

പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താനാണ് അദ്ദേഹം ടാബുകള്‍ വാങ്ങിക്കൊടുത്തത്.

വിരമിക്കാന്‍ രണ്ടും വര്‍ഷം ബാക്കിനില്‍ക്കെ വിനോദ് മാഷ് വി ആര്‍ എസ് എടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം.

പക്ഷേ, പെന്‍ഷന്‍ തുക കിട്ടാന്‍ പിന്നെയും ഒന്നരവര്‍ഷമെടുത്തു. വൈകിക്കിട്ടിയ ആനുകൂല്യം  ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി കൊടല്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി തന്നെ അദ്ദേഹം ചെലവഴിച്ചു.

ഒന്നിന് പതിനായിരത്തിലേറെ രൂപ വില വരുന്ന 18 ടാബുകളാണ് ഒന്നര ലക്ഷത്തിലധികം രൂപ ചെലവാക്കി ഈ അധ്യാപകന്‍ സമ്മാനിച്ചത്.

ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന അടുത്തുള്ള മറ്റൊരു സ്കൂളിലേയും കുട്ടികള്‍ക്ക് കൂടി അദ്ദേഹം സഹായമെത്തിച്ചു.

പി കെ വിനോദ് കുമാര്‍

“ലളിത ജീവിതം നയിക്കാനിഷ്ടപ്പെടുന്നയാളാണ്. പെന്‍ഷന്‍ കാശ് കൊണ്ട് ഭൂമിയും കാറും സ്വര്‍ണമൊന്നും വാങ്ങണമെന്നു തോന്നിയില്ല.” സയന്‍സ് അധ്യാപകനായിരുന്ന വിനോദ് കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

“തൊണ്ടവേദനയാണ് വിആര്‍എസ് എടുക്കാനുള്ള കാരണം. ശക്തമായ വേദന കാരണം ക്ലാസെടുക്കാനാകില്ല. കുട്ടികളോട് സംസാരിക്കണമല്ലോ. വേണമെങ്കില്‍ രാജിവയ്ക്കാതെ സര്‍വീസില്‍ തുടരാമായിരുന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകാനിഷ്ടമില്ലായിരുന്നു.”

രണ്ടുവര്‍ഷം കൂടി തുടര്‍ന്ന് പെന്‍ഷന്‍ ആയിട്ട് വിരമിച്ചാല്‍ മതിയല്ലോ എന്ന് പലരും നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

“ഈ ജൂണ്‍ മാസത്തിലാണ് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളുമൊക്കെ ഓര്‍ഡര്‍ ആയത്. ഈ തുകയൊക്കെ കിട്ടിയപ്പോ സ്കൂളിലേക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നി.

“ആ സമയത്ത് തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍‍ ആരംഭിക്കുന്നതും. ടിവിയും ടാബും സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറുമൊക്കെ ഇല്ലാത്തവരുണ്ടെന്ന തിരിച്ചറിവിലാണ് ടാബുകള്‍ വാങ്ങികൊടുക്കാന്‍ തീരുമാനിച്ചത്.

“ആധുനിക സാങ്കേതകി വിദ്യയ്ക്കൊപ്പം മുന്നേറാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വേണ്ടി എന്നെക്കൊണ്ടു സാധിക്കുന്ന പോലെ ചെയ്തുകൊടുത്തു. അത്രേയുള്ളൂ.” കൊടല്‍  ഗവണ്‍മെന്‍റ് യു പി സ്കൂളിലും (15 എണ്ണം) അടുത്തുള്ള പാറമ്മല്‍ എ എല്‍ പി ബി സ്കൂളിലേക്കുമാണ് (3 എണ്ണം) ടാബുകള്‍ വാങ്ങി നല്‍കിയത്.

കൊടല്‍ ഗവ.യു പി സ്കൂളിലെ പ്രധാനാധ്യാപകന്‍ യു കെ രാധാകൃഷ്ണന് ടാബുകള്‍ വിനോദ് കുമാര്‍ നല്‍കുന്നു

എല്ലാ കുട്ടികള്‍ക്കും 10,400 രൂപ വില വരുന്ന 7-ഇഞ്ച് സ്ക്രീന്‍ ഉള്ള ലെനോവയുടെ ടാബുകളാണ് നല്‍കിയത്.

“1,87,200 രൂപയാണ് ഇതിനായി ചെലവാക്കിയത്. സ്കൂളിലെ അധ്യാപകരുമായി സംസാരിച്ചതിന് ശേഷമാണ് ടാബ് നല്‍കുന്നത്. അര്‍ഹരെ സ്കൂള്‍ അധികൃതര്‍ തന്നെ കണ്ടെത്തി. ഓണ്‍ലൈന്‍ പഠനത്തിന് യാതൊരു സൗകര്യവുമില്ലാത്ത നിര്‍ധനരായ കുട്ടികളെയാണ് പരിഗണിച്ചത്,” അധ്യാപകന്‍ പറഞ്ഞു.

“ഏതൊക്കെ കുട്ടികള്‍ക്കാണ് നല്‍കിയതെന്നൊന്നും ചോദിച്ചും അന്വേഷിച്ചുമൊന്നുമില്ല. അതൊക്കെ സ്കൂളിന് വിട്ടു കൊടുത്തു. ഇങ്ങനെയൊരു നല്ല കാര്യം ചെയ്തതിനും വിമര്‍ശനങ്ങളൊക്കെയുണ്ടായിരുന്നു. കുറേയാളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

“എതിര്‍പ്പുകളൊക്കെ ഒരു പ്രശ്നമേയല്ല. ഇതെന്‍റ തീരുമാനമായിരുന്നു.” എന്ന് അധ്യാപകന്‍.

പാറമ്മല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് എം രമാദേവിക്ക് ടാബ്‍ലറ്റ് വിനോദ് കുമാര്‍ കൈമാറുന്നു

അധ്യാപകനായിരുന്ന അച്ഛന്‍ പി.വേലായുധന്‍ നായരാണ് മകന്‍ വിനോദിനെയും ഈ പ്രൊഫഷനിലേക്ക് എത്തിച്ചത്.

“ഞാനൊരു അധ്യാപകനാകണമെന്ന് അച്ഛന്‍റെ ആഗ്രഹമായിരുന്നു. ജോലിയിലെത്തിയ ശേഷമാണ് ഈ പ്രൊഫഷന്‍ ഞാനിഷ്ടപ്പെട്ടു തുടങ്ങുന്നത്,” വിനോദ് കുമാര്‍ തുറന്നുപറയുന്നു.


ഇതുകൂടി വായിക്കാം:വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്‍ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ്  കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ


“കൊണ്ടോട്ടി പേങ്ങാടിലെ ബി ടി എം എ എം യു പി സ്കൂൾ 13 വര്‍ഷം അധ്യാപകനായിരുന്നു. അവിടെ നിന്ന് പിഎസ് സി കിട്ടിയാണ് ഒളവണ്ണ ജിഎല്‍പിഎസിലേക്ക് പോകുന്നത്. അവിടെ ഒന്നരവര്‍ഷം.  പിന്നീടാണ് കൊടല്‍ സ്കൂളിലേക്കെത്തിയത്.”  അദ്ദേഹം അധ്യാപന ചരിത്രം വിവരിച്ചു.

തുടര്‍ന്ന് 15 വര്‍ഷവും കൊടല്‍ സ്കൂളില്‍ തന്നെ ആയിരുന്നു. 2004-ല്‍ വിനോദ് കുമാര്‍ അധ്യാപകനായെത്തുമ്പോള്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ വളരെ കുറവായിരുന്നു.

“15 ഡിവിഷനുകളിലായി 420-ഓളം കുട്ടികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 29 ഡിവിഷനുകളിലായി 1,170 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഈ വര്‍ഷം നവതി ആഘോഷിക്കുന്ന സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചതിലും വലിയ സന്തോഷമുണ്ട്.

“പിന്നെ കൊടല്‍ സ്കൂളും കുട്ടികളും അധ്യാപകരുമൊക്കെ സമ്മാനിച്ച എത്രയോ നല്ല ഓര്‍മ്മകളാണുള്ളത്. അതൊന്നും ഒരിക്കലും മറക്കാനുമാകില്ല. സ്കൂളിനോട് യാത്ര പറയുന്നതിനോടനുബന്ധിച്ച് സ്കൂള്‍ മുറ്റത്ത് ആനയുടെയും റോക്കറ്റിന്‍റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.” പന്തീരാങ്കാവിലെ മാധവൻ മാസ്റ്ററാണ് ഈ പ്രതിമകള്‍ തയ്യാറാക്കിയത്.

“മികച്ച സ്കൂളിനുള്ള പിടിഎ സംസ്ഥാന അവാര്‍ഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. 11 തവണയാണ് സബ് ജില്ല ശാസ്ത്രോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്. എട്ട് തവണ മാതൃഭൂമി സീഡ് പുരസ്കാരം കിട്ടിയിട്ടുണ്ട്. ഇക്കാലങ്ങളിലൊക്കെ സ്കൂളിനൊപ്പം ഞാനുമുണ്ടായിരുന്നുവെന്നത് അഭിമാനമാണ്,” അദ്ദേഹം പറഞ്ഞു.

മാതൃഭൂമി സീഡിന്‍റെ മികച്ച ടീച്ചര്‍ കോഡിനേറ്റര്‍, നാഷണല്‍ ബില്‍ഡറിന്‍റെ മികച്ച അധ്യാപകന്‍ തുടങ്ങിയ അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിനോദ് എഴുതിയ പുസ്തകം

ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കുമായിരുന്നു ഈ അധ്യാപകന്‍.

വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലത്തിനടുത്താണ് പാറമ്മലിലാണ് അദ്ദേഹം താമസിക്കുന്നത്.

വാഴയൂര്‍ പാലിയേറ്റീവ് മേഖലയിലും സാമൂഹ്യസേവന പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുട്ടികൾക്ക് വേണ്ടി ശാസ്ത്ര-പരിസ്ഥിതി ലേഖനങ്ങൾ എഴുതാറുണ്ട്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്–പരിസ്ഥിതി ജീവിതം, ശാസ്ത്രത്തെ അറിയുക എന്നിവ.

കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറിയും ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല ട്രഷററുമാണ് വിനോദ് കുമാര്‍.

“അമ്മയുടെ പേര് പി.കെ.പത്മിനിയമ്മ. വീട്ടില്‍ ഞാനും ചേട്ടന്‍ പി കെ രാമകൃഷ്ണനും മാത്രമേയുള്ളൂ. ‍ഞങ്ങള്‍ രണ്ടാളും കല്യാണം കഴിച്ചിട്ടില്ല. ചേട്ടന്‍ രാമനാട്ടുകര കോട്ടക്കൽ ആര്യവൈദ്യശാലയിലെ സെയില്‍സ്മാന്‍ ആണ്. അനുജത്തിയൊരാളുണ്ട്, പി,കെ, സത്യഭാമ, അരക്കിണർ ഗോവിന്ദവിലാസം സ്കൂൾ അധ്യാപികയാണ്,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം:വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്‍! പുസ്തകങ്ങളും പി എസ് സി ചോദ്യോത്തരങ്ങളും വാര്‍ത്തകളും വായിച്ചുകേള്‍പ്പിക്കുന്ന ചാനല്‍, അതിനായി കാതുകൂര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് പേര്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം